Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ട്രാഫിക് പിഴ ഈടാക്കുന്നതിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ചുമത്തുന്ന പിഴയിൽ 53 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ആണ് തലസ്ഥാനത്തെ പാതകളിലെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് മേൽ നോട്ടം വഹിക്കുന്നത്.


2023 – 24 സാമ്പത്തിക വർഷത്തിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് 89.3 മില്യൺ ആണ് പിഴയായി ഈടാക്കിയത് . എന്നാൽ 2018 – 19 -ൽ ഇത് 56.8 മില്യൺ മാത്രമായിരുന്നു എന്ന് കണക്കുകൾ കാണിക്കുന്നു. കൂടുതൽ ഫലവത്തായ സിസിടിവി ക്യാമറകൾ ഉപയോഗിക്കുന്നത് ചെറിയ നിയമലംഘനങ്ങൾ പോലും കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് പിഴ തുക ഉയരാൻ ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ 138 മില്യൺ പൗണ്ട് ലാഭം ഉണ്ടാക്കിയതായാണ് വാർഷിക റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്.


കർശനമായ ഗതാഗത നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യുകെ. എന്നാൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ഡ്രൈവർമാരിൽ നിന്ന് അനാവശ്യമായി പിഴ ഈടാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. 2022 – ൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ പെനാൽറ്റി ചാർജ് 130 പൗണ്ടിൽ നിന്ന് 160 പൗണ്ട് ആയി വർധിപ്പിച്ചിരുന്നു. റോഡ് നിയമങ്ങൾ നടപ്പിലാക്കുന്നതിലുപരി ട്രാൻസ്പോർട്ട് ഫോർ ലണ്ടന് വരുമാനം ഉണ്ടാക്കാൻ ഡ്രൈവർമാരെ ആവശ്യമാണെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടീഷ് മോട്ടറിങ്ങ് അസോസിയേഷൻ പ്രതികരിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നിലവിൽ സമ്പന്നരായ നാല് ശതമാനം കുടുംബങ്ങൾ മാത്രമാണ് യു കെയിൽ അനന്തരാവകാശ നികുതി അടക്കുന്നത്. എന്നാൽ ലേബർ സർക്കാരിന്റെ ഒക്ടോബർ മാസം അവതരിപ്പിക്കുവാനിരിക്കുന്ന ബഡ്ജറ്റിനെ സംബന്ധിച്ച ആശങ്കകൾ ശക്തമായിരിക്കുകയാണ്. ബഡ്ജറ്റിൽ കനത്ത മാറ്റങ്ങൾ ഉണ്ടായാൽ കൂടുതൽ പേർക്ക് അനന്തരാവകാശ നികുതി അടയ്ക്കേണ്ടി വരുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനന്തരാവകാശ നികുതി ഭൂരിഭാഗം എസ്റ്റേറ്റുകളെയും ബാധിക്കുന്നില്ലെങ്കിലും, ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട നികുതിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഏറ്റവും പുതിയ എച്ച് എം ആർ സി കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ എസ്റ്റേറ്റുകൾ 3.5 ബില്യൺ പൗണ്ട് നികുതിയായി നൽകിയിട്ടുണ്ട്. ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.3 ബില്യൺ പൗണ്ട് കൂടുതലാണ്. സാധാരണയായി ഒരാളുടെ മരണശേഷം, അയാളുടെ നികുതിരഹിത പരിധിക്ക് മുകളിലുള്ള ആസ്തികൾക്കാണ് 40 ശതമാനം അനന്തരാവകാശ നികുതി ചുമത്തപ്പെടുന്നത്. ഒരു എസ്റ്റേറ്റിൻ്റെ വലുപ്പം കണക്കാക്കാനായി നിങ്ങൾ ഏതെങ്കിലും വസ്തുവിന്റെ മോർട്ട്ഗേജുകൾ ഒഴിവാക്കിയുള്ള വില, നിക്ഷേപങ്ങൾ, സമ്പാദ്യം, മറ്റ് ആസ്തികൾ എന്നിവയുടെ മൂല്യം കൂട്ടിച്ചേർക്കേണ്ടതുണ്ട്. അവിവാഹിതനായ ഒരാൾക്ക് 325,000 പൗണ്ട് മൂല്യവും, വിവാഹബന്ധത്തിൽ അല്ലെങ്കിൽ സിവിൽ പങ്കാളിത്തത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് 650,000 പൗണ്ടും വരെ അനന്തരാവകാശ നികുതിക്ക് ബാധകമാവുകയില്ല. ഇതിനെ നിൽ റേറ്റ് ബാൻഡ് എന്നാണ് നിയമങ്ങളിൽ പ്രതിപാദിക്കുന്നത്. എന്നാൽ ഒരാൾക്ക് ഇതിലും കൂടുതൽ മൂല്യമുള്ളവരാണെങ്കിൽ പോലും, സ്വന്തം വീട് തങ്ങളുടെ നേരിട്ടുള്ള പിൻഗാമികൾക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ 175,000 പൗണ്ട് വ്യക്തിഗത അലവൻസ് കൂടി ലഭിക്കും.

എന്നാൽ ഒക്ടോബറിൽ അവതരിപ്പിക്കുന്ന ലേബർ പാർട്ടിയുടെ പുതിയ ബഡ്ജറ്റിൽ കനത്ത മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ കൂടുതൽ പേർക്ക് അനന്തരാവകാശ നികുതി അടയ് ക്കേണ്ടി വരും എന്ന ഭീതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിലവിലെ നികുതിപരിധികൾ വെട്ടി കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ആശങ്കകൾക്ക് ഉള്ള ഉത്തരം ബഡ്ജറ്റിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രിയായതിന് ശേഷം കെയർ സ്റ്റാർമറിൻ്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഒബ്സർവറിൻറെ പുതിയ അഭിപ്രായ സർവേ. പ്രധാനമന്ത്രിയെ നേരത്തെ പിന്തുണച്ചിരുന്നവരിൽ 24% വോട്ടർമാർ മാത്രമാണ് ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. 50 % പേർ പ്രധാനമന്ത്രിയുടെ നയങ്ങൾ അംഗീകരിക്കുന്നില്ല. ടോറി നേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ റിഷി സുനകിന്റെ അഭിപ്രായ സർവ്വേ കെയർ സ്റ്റാർമറിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ കെയർ സ്റ്റാർമറിൻ്റെ ആദ്യ ലേബർ പാർട്ടി സമ്മേളനത്തിന് തൊട്ടുമുമ്പാണ് ജനപ്രീതിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.

ജനപ്രീതിയുടെ കാര്യത്തിൽ കാര്യമായ ഇടിവ് നേരിടുന്നത് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മാത്രമല്ല. ജൂലൈ മുതലുള്ള കണക്കനുസരിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് 36 പോയിൻ്റ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ വെട്ടി കുറച്ചതും വരാനിരിക്കുന്ന ബജറ്റിൽ നികുതി വർദ്ധിപ്പിക്കുമെന്നുള്ള സൂചനകളും ഇതിന് കാരണമായിട്ടുണ്ട്.

മുതിർന്ന ക്യാബിനറ്റ് അംഗങ്ങളുടെ അംഗീകാര റേറ്റിംഗുകൾ കുറയുന്നതോടെ പുതിയ സർക്കാരിൻ്റെ “ഹണിമൂൺ” കാലയളവ് അവസാനിച്ചതായാണ് പ്രമുഖ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. നിലവിലെ വെല്ലുവിളികൾക്ക് മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിനെ ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, അവരുടെ കുറവുകൾ നികത്താൻ പുതിയ സർക്കാരിന് സാധിച്ചെന്ന് വിശ്വസിക്കുന്നത് 27% പേരാണ്. അതേസമയം, ലേബർ വോട്ടർമാരിൽ 32% പേരും പുതിയ സർക്കാരിൻെറ നയങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ചു. സർക്കാർ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ജനങ്ങൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെയിൽ കത്തിയാക്രമണത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. 25 വയസ്സുകാരനായ യുവാവാണ് മരണമടഞ്ഞത്. സംഭവത്തിൽ 32 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5.45നാണ് ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെ ഏരിയയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.


കത്തി കുത്തേറ്റ ആളെ അടിയന്തിര ശുശ്രൂഷകൾ നൽകി പാരാമെഡിക്കലുകളുടെ സഹായത്തോടെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. കുറ്റവാളിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന 36 ഉം 47 ഉം വയസ്സ് പ്രായമായ രണ്ട് സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ഇവർ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെയും ലിങ്കൺഷെയറിലെയും ഗ്രാമർ സ്‌കൂളുകളോട് പരീക്ഷാ ഫലങ്ങൾ പുറത്ത് വിടാൻ ആവശ്യപ്പെട്ട് കോടതി. ഗ്രാമർ സ്കൂളുകൾ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കുട്ടികളുടെ “സ്റ്റാൻഡേർഡ്” സ്കോറുകൾ ഉപയോഗിച്ചാണ്. നേരത്തെ ലിങ്കൺഷയർ കൺസോർഷ്യത്തിനു കീഴിലുള്ള ഗ്രാമർ സ്കൂളുകൾ ഫലങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. എന്നാൽ വിവരങ്ങൾ പുറത്ത് വിടണമെന്ന് കോടതി വിധിക്കുകയായിരുന്നു. ഈ വിധി പ്രവേശന പ്രക്രിയയുടെ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് കാരണമാകുമെന്നും ഇത് നിയമപരമായ വെല്ലുവിളികൾക്ക് കാരണമാകുമെന്നും ആളുകൾ വാദിക്കുന്നുണ്ട്.

11-പ്ലസ് പരീക്ഷകളിൽ നിന്നുള്ള ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലണ്ടിലുടനീളം ഈ ടെസ്റ്റുകൾ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. സാറ്റ്സ് അല്ലെങ്കിൽ ജിസിഎസ്ഇകൾ പോലെയുള്ള മറ്റ് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമർ സ്കൂളുകളിലേയ്ക്കുള്ള പരീക്ഷകൾ ഗവൺമെൻ്റോ ഒഫ്ക്വലോ നിയന്ത്രിക്കുന്നില്ല. പ്രതിവർഷം 100,000 കുട്ടികൾ എഴുതുന്ന 11-പ്ലസ് പരീക്ഷകൾ, വിദ്യാഭ്യാസ വകുപ്പിൻ്റെ മാർഗനിർദേശങ്ങളോ പരിശോധനകളോ ഇല്ലാതെ അനിയന്ത്രിതമായാണ് തുടരുന്നതെന്ന് കോംപ്രിഹെൻസീവ് ഫ്യൂച്ചറിൻ്റെ ചെയർ നുവാല ബർഗെസ് പറയുന്നു.

1965-ന് ശേഷം ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സർക്കാർ ധനസഹായത്തോടെയുള്ള സെലക്ടീവ് സെക്കൻഡറി സ്കൂളുകൾ നിർത്തലാക്കിയെങ്കിലും, 163 ഗ്രാമർ സ്കൂളുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അക്കാദമിക് കഴിവിനെ അടിസ്ഥാനമാക്കിയാണ് ഇവിടേക്കുള്ള പ്രവേശനം. ലിങ്കൺഷെയർ ഗ്രാമർ സ്കൂളുകളുടെ 2019 പരീക്ഷാ ഫലങ്ങൾക്കായി 2020 ൽ വിവരാവകാശ അഭ്യർത്ഥന സമർപ്പിച്ച ജെയിംസ് കൂംബ്സിൻ്റെ നാല് വർഷത്തെ പോരാട്ടത്തിൻെറ പിന്നാലെയാണ് കോടതി വിധി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മാനസികാരോഗ്യ പ്രശ്നമുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്യാൻസറും അമിതവണ്ണവും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കാൾ ഗുരുതരമായ രീതിയിൽ മാനസിക പ്രശ്നങ്ങൾ വ്യക്തികളെ ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി, ജീവിത ചിലവ് പ്രതിസന്ധി, സ്ത്രീകൾക്കെതിരായ പുരുഷ അതിക്രമങ്ങൾ എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വഴിവെക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോകമെമ്പാടുമുള്ള 31 രാജ്യങ്ങളിലെ പൊതുജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചും അവർക്ക് ലഭിക്കുന്ന ആരോഗ്യപരിരക്ഷയെ കുറിച്ചും നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. 2018 – ൽ പഠനം ആരംഭിച്ചപ്പോൾ യുകെയിലെ 50 ശതമാനം ആൾക്കാരുടെയും പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ക്യാൻസർ, പൊണ്ണത്തടി എന്നിവയായിരുന്നു. എന്നാൽ നിലവിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ ലൻഡ് എന്നിവിടങ്ങളിലെ 54 ശതമാനം ആൾക്കാരും ആശങ്കാകുലരാകുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ്. ക്യാൻസറിനെ കുറിച്ച് 49 ശതമാനം പേരും പൊണ്ണത്തടിയെ കുറിച്ച് 36 ശതമാനം പേരും ആണ് ആശങ്ക രേഖപ്പെടുത്തിയത്.

2018ൽ ആഗോളതലത്തിൽ 27 ശതമാനം ആളുകൾ മാത്രമാണ് മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നുള്ളൂ. എന്നാൽ നിലവിൽ 45 ശതമാനം പേരാണ് ഈ വിഭാഗത്തിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലോകമെമ്പാടുമുള്ള ക്യാൻസറിനെ പരാമർശിക്കുന്ന ആളുകളുടെ അനുപാതം ഗണ്യമായി കുറഞ്ഞു . 52% ൽ നിന്ന് 38%. ഇതോടൊപ്പം അമിതവണ്ണത്തെ ആരോഗ്യപ്രശ്നമാക്കുന്നവരുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് 26 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം ആളുകളാണ് എൻഎച്ച്എസിൽ മാനസികാരോഗ്യ സംരക്ഷണത്തിനായി കാത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അന്താരാഷ്ട്ര നിർമ്മാണ കമ്പനിയായ ഐ എസ് ജിയുടെ യുകെയിലെ പ്രവർത്തനങ്ങൾ കുഴപ്പത്തിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രശ്നങ്ങൾ കടുത്തതോടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ആളുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. 2200 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. യുഎസ് സ്ഥാപനമായ കാഥെക്സിസിൻ്റെ ഉടമസ്ഥതയിലുള്ള ബിസിനസ് കുറച്ചുകാലമായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു


ഐ എസ് ജി യുടെ ജോയിന്റ് അഡ്മിനിസ്ട്രേറ്റർമാരായ ഇ വൈ ഇന്നലെ നടത്തിയ പ്രസ്താവനയാണ് പ്രശ്നത്തിന്റെ ഗൗരവം പൊതുജന സമക്ഷം കൊണ്ടുവന്നത് . ആപ്പിൾ, ബാർക്ലേയ്‌സ്, ഗൂഗിൾ എന്നിവ ഉൾപ്പെടെയുള്ള വൻ സ്‌ഥാപനങ്ങൾ യുകെയിലെ ഐഎസ്‌ജിയുടെ ക്ലൈൻ്റ്സ് ആണ്. യുകെയിലെ പ്രവർത്തനങ്ങൾ വെട്ടി കുറയ്ക്കാൻ ഐഎസ്ജി പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം എല്ലാ ഐഎസ്ജി സ്റ്റാഫുകൾക്കും ചീഫ് എക്സിക്യൂട്ടീവ് സോ പ്രൈസ് ഈമെയിൽ അയച്ചിരുന്നു . 2018 നും 2020 നും ഇടയിൽ നടന്ന ചില കരാറുകളിലെ നഷ്ടമാണ് കമ്പനിയുടെ തകർച്ചയ്ക്ക് വഴി വെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


യുകെയിലെ ജയിൽ നവീകരണം ഉൾപ്പെടെ 69 സർക്കാർ പദ്ധതികൾ ഐഎസ് ജിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനെല്ലാം കൂടി ഏകദേശം 1 ബില്യൺ പൗണ്ടിലധികം വരുന്ന കരാറാണ് കമ്പനിക്ക് ലഭിച്ചിരുന്നത്. 2012 – ൽ നടന്ന ലണ്ടൻ ഒളിമ്പിക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും കമ്പനി പങ്കാളിയായിരുന്നു. യുകെയിൽ നൂറുകണക്കിന് ചെറുകിട കമ്പനികൾ ആണ് ഐ എസ് ജിയുടെ സബ് കോൺട്രാക്ട് എടുത്തിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക നില പരുങ്ങലിലായത് ഇ എസ് യു യുടെ സബ് കോൺട്രാക്ട് എടുത്ത കമ്പനികളെയും ജീവനക്കാരെയും ബാധിക്കുന്നത് കടുത്ത പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാംഷെയറിലെ ആൽഡർഷോട്ടിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ പലരുടെയും വസ്തുവകകൾക്ക് നാശമുണ്ടാവുകയും മരങ്ങൾ വീഴുകയും ചെയ്‌തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഏകദേശം 1.2 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ ട്രാക്ക് ചെയ്‌തു. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകരമായ കേടുപാടുകൾ സംഭവിച്ച മരങ്ങൾ കണ്ടാൽ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടാൻ പ്രദേശ വാസികളോട് റഷ്മൂർ ബറോ കൗൺസിൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

മരങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ ഉണ്ടായതിന് പിന്നാലെ ഹാംഷെയർ ആൻഡ് ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്ത് എത്തിയതായി റിപ്പോർട്ട് ചെയ്തു. സംഭവ സമയം ഡോർബെൽ ക്യാമറകൾ പകർത്തിയ വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാം. വീഡിയോയിൽ ഓടുകൾ റോഡുകളിലും നടപ്പാതകളിലും ചിതറി കിടക്കുന്നതായി കാണാം.

യുകെയിൽ പ്രതിവർഷം 30 ചുഴലിക്കാറ്റുകൾ എങ്കിലും ഉണ്ടാവുന്നുണ്ട്. ചുഴലിക്കാറ്റിൻെറ സമയം പ്രദേശത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. പിന്നീട് ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ മേധാവി പോൾ നൈറ്റ്ലി ഇത് ഒരു ചുഴലിക്കാറ്റാണെന്ന് സ്‌ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ ദേശീയ കടബാധ്യത വാർഷിക സാമ്പത്തിക ഉത്‌പാദനത്തിന്റെ 100 ശതമാനം എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1960 നു ശേഷം ഈ ഒരു അവസ്ഥ ഉടലെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അടുത്തമാസം ബഡ്ജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ചാൻസിലർ റേച്ചൽ റീവ്സിന് ഇത് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്.


ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകളിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത് . ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഗവൺമെന്റിന്റെ കടബാധ്യത 4.3 ശതമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് . ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അധികാരമേറ്റെടുത്ത കെയർ സ്റ്റാർമർ സർക്കാർ സാമ്പത്തിക പരാജയങ്ങൾക്ക് പ്രധാനമായും കൺസർവേറ്റീവ് പാർട്ടിയുടെ മുൻ സർക്കാരുകളെയാണ് പഴിചാരുന്നത്. മുൻ സർക്കാരുകളുടെ കെടുകാര്യസ്ഥതയും പൊതു ധനകാര്യത്തിന്റെ ശോചനീയമായ അവസ്ഥയുമാണ് കണക്കുകളിൽ കൂടി ദൃശ്യമാകുന്നതെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു.

അടുത്ത പൊതു ബഡ്ജറ്റിൽ സാമ്പത്തിക സ്ഥിതിയുടെ വളർച്ചയ്ക്കായി എന്തൊക്കെ ചാൻസിലർ ഉൾപ്പെടുത്തും എന്നത് രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ വൻ ചർച്ചയായിട്ടുണ്ട്. നികുതി വർദ്ധനവ് ലഘൂകരിക്കാൻ സർക്കാരിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഒക്ടോബർ 30 – ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ വേദനാജനകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്നാണ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ വിഷയത്തിൽ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ 5 ശതമാനത്തിൽ നിലനിർത്തിയതിനു ശേഷം പൗണ്ടിന്റെ നിരക്ക് യുഎസ് ഡോളറിനെതിരെ രണ്ടര വർഷത്തിനിടെയുള്ള അതിൻറെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കുതിച്ചു. പൗണ്ടിന്റെ നിരക്ക് ഒരു ശതമാനം ഉയർന്ന് 1.331 ഡോളറിലെത്തി. ഇത് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.

പൗണ്ടിന്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയ്ക്ക് എതിരെ മെച്ചപ്പെട്ട നില കൈവരിച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമായി. ഇന്നലെ 111.19 വരെയാണ് പൗണ്ടിന്റെ വിനിമയ നിരക്ക് ഉയർന്നത് . 2010-ൽ പൗണ്ടിന്റെ നിരക്ക് 71 രൂപ വരെ എത്തിയിരുന്നു. ഒരു വർഷത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ പൗണ്ടിന്റെ നിരക്ക് 100 രൂപ ആയിരുന്നിടത്താണ് നിലവിലെ നിരക്ക് എത്തിയത്.

അമേരിക്ക പലിശ നിരക്ക് കുറച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളിലും ചലനം സൃഷ്ടിച്ചു. ആർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പലിശ നിരക്ക് അര ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊണ്ടത്. പലിശ നിരക്ക് കുറയുന്നത് നിക്ഷേപകരെ സ്വർണ്ണത്തിലേയ്ക്ക് ആകർഷിക്കുമെങ്കിലും പ്രതീക്ഷിച്ച പ്രതിഫലനം വിപണിയിൽ ഉണ്ടായില്ല.

Copyright © . All rights reserved