Main News

കൊച്ചിയിൽ നടന്ന വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിൽ സദാചാര സംഘത്തിന്റെ ആക്രമണം. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിനായി വെച്ചിരുന്ന ലിനോ കട്ടുകൾ കീറിയെറിഞ്ഞു. ചിത്രത്തിൽ ഉപയോഗിച്ചിരുന്ന വാക്കുകളിൽ അശ്ലീല പദമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.

നോർവീജിയൻ കലാകാരിയായ ഹനാനിന്റെ സൃഷ്ടികളാണ് ആക്രമണത്തിന് ഇരയായത്. അവരുടെ ഭാഷയിൽ തയ്യാറാക്കിയ ലിനോ കട്ടുകൾ ഗൂഗിൾ ട്രാൻസലേറ്റ് വഴി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നും, അതിലുണ്ടായ പദം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആണ് അറിയാൻ കഴിഞ്ഞത്. രാത്രി ഏഴുമണിയോടെയാണ് രണ്ട് പേർ ഗാലറിയിൽ കയറി കൃതികൾ കീറിയെറിയുകയും സമൂഹമാധ്യമങ്ങളിൽ ലൈവായി പ്രക്ഷേപണം നടത്തുകയും ചെയ്തത്.

എറണാകുളം സ്വദേശി ഹോച്ചിമിൻ എന്ന കലാകാരനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ലളിതകലാ അക്കാദമി പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. കലാ ലോകം ഈ സംഭവത്തെ വ്യാപകമായി അപലപിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെറിഫോർഡ് ∙ യുകെയിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ സനൽ ആന്റണി (41) കുഴഞ്ഞുവീണ് മരണമടഞ്ഞു . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ കുടുംബാംഗമാണ് സനൽ ആന്റണി. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ വീട്ടിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ സനലിനെ ആംബുലൻസിൽ ഹെറിഫോർഡ് കൗണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് സനൽ കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്. 12 വയസ്സുകാരിയായ സോനയും എട്ടുവയസ്സുകാരിയായ സേരയുമാണ് മക്കൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് .

ഹെറിഫോർഡിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം സനലിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രാദേശിക സമൂഹം കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് . സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. മൃത സംസ്‍കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സനൽ ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികൾക്ക് അവരുടെ കുറ്റവാളി പിതാക്കന്മാർക്ക് ഇനി മാതാപിതൃ അവകാശം ലഭിക്കില്ലെന്നത് ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ബ്രിട്ടനിൽ അവതരിപ്പിച്ചു. പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്ന വിക്ടിംസ് ആൻ്റ് കോർട്ട്സ് ബില്ലിലേയ്ക്കുള്ള സർക്കാർ അനുകൂല ഭേദഗതിയിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റവാളിയായ പിതാവിന് ഇനി കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായം പറയാനോ ഇടപെടാനോ അധികാരമുണ്ടാകില്ല.

ലേബർ പാർട്ടി എംപി നറ്റാലി ഫ്ലീറ്റ് ആണ് ഈ നിയമ പരിഷ്കാരത്തിനായി ഏറെ ശ്രമിച്ചത്. 15-ാം വയസിൽ തന്നെ ഒരു മുതിർന്ന പുരുഷൻ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും അതിൽ നിന്നാണ് കുട്ടി ജനിച്ചതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഈ നിയമം ബലാത്സംഗം നേരിട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുൻനിർത്തുന്നതാണ് എന്ന് ഫ്ലീറ്റ് പറഞ്ഞു. ബലാത്സംഗം വഴി ജനിച്ച കുട്ടികളോടുള്ള പിതൃത്വാവകാശം കുറ്റവാളികൾ ഉപയോഗിച്ച് സ്ത്രീകളെ മിണ്ടാതാക്കാനുള്ള ഒരു ആയുധമായിട്ടാണ് പലരും വിനിയോഗിക്കുന്നതെന്നും അവൾ ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ ഡേവിഡ് ലാമി ഈ നിയമം നീതി സംവിധാനത്തിൻ മേൽ ജനവിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള നിർണായക നടപടിയാണെന്ന് പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ഈ നീക്കം എടുത്തതെന്നും, ഭാവിയിൽ ഇത്തരം കുറ്റവാളികൾക്ക് വീണ്ടും തങ്ങളുടെ ഇരകളെ വേദനിപ്പിക്കാൻ അവസരം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് വിക്ടിംസ് ആൻ്റ് വയലൻസ് എഗൈൻസ്റ്റ് വിമൺ മന്ത്രിയായ അലക്സ് ഡേവിസ്-ജോൺസും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ഗർഭിണിയാണെന്ന് നടിച്ച് കാമുകനെയും കുടുംബത്തെയും വഞ്ചിച്ച 23 കാരിയായ കിറ കസിൻസ് നടത്തിയ തട്ടിപ്പ് ബ്രിട്ടനിൽ വലിയ വാർത്താ പ്രധാന്യം നേടി . മാസങ്ങളോളം വ്യാജ ഗർഭധാരണ നാടകം കളിച്ച്, അതിന്റെ ഭാഗമായി ‘ജെൻഡർ റിവീൽ പാർട്ടി’യും ബേബി ഷവറും സംഘടിപ്പിച്ച് എല്ലാവരെയും വിശ്വസിപ്പിക്കുന്നതിൽ യുവതി വിജയിച്ചു. ഈ മാസം ആദ്യം ‘ബോണി ലീ’ എന്ന കുഞ്ഞിന് ജന്മം നൽകിയെന്ന് അവൾ കാമുകനായ ജാമി ഗാർഡ്‌നറിനെയും കുടുംബാംഗങ്ങളെയും അറിയിക്കുകയും ചെയ്തു.

പ്രസവത്തിനു ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നാടകം കൂടുതൽ വിശ്വസനീയമാക്കി. എന്നാൽ, ആരെയും കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതോടെ കുടുംബത്തിനും സുഹൃത്തുകൾക്കും സംശയം തോന്നി. ഒടുവിൽ കിറയുടെ മുറിയിൽ നിന്നും ജീവനുള്ളതുപോലെയുള്ള ഒരു പാവ അവളുടെ അമ്മ കണ്ടെത്തിയതോടെ ആണ് സത്യം പുറത്ത് വന്നത് . യഥാർത്ഥ കുഞ്ഞല്ല പാവയാണെന്ന് മനസ്സിലായപ്പോൾ കുടുംബം നടുങ്ങി. ഈ പാവയ്ക്കായി കിറ വലിയ തുക ചെലവഴിക്കുകയായിരുന്നുവെന്നും, അമ്മയും മുത്തശ്ശിയും കുഞ്ഞിനായി പ്രാം, കാർ സീറ്റ് മുതലായ സാധനങ്ങൾ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.

സംഭവം പുറത്തായതിനെ തുടർന്ന് കിറ സമൂഹമാധ്യമങ്ങളിലൂടെ തെറ്റ് സമ്മതിക്കുകയും കുടുംബത്തിന് സംഭവത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും വ്യക്തമാക്കി. “ഞാൻ ചെയ്ത പ്രവൃത്തിയെ ഞാൻ ന്യായീകരിക്കുന്നില്ല, പക്ഷേ ശരിയായ സഹായം ലഭിച്ചതിന് ശേഷം എന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അവൾ പോസ്റ്റ് ചെയ്തു . കാമുകന്റെ കുടുംബത്തെ ആരും കുറ്റപ്പെടുത്തരുതെന്നും കിറ അഭ്യർത്ഥിച്ചു. ഇതുവരെ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടണിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വർഷത്തിനകം പരിപാലന ചെലവുകളുടെ പേരിൽ അടച്ചുപൂട്ടേണ്ടി വരാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടണിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളിൽ പലതും ചരിത്രപ്രധാനമായ നിർമ്മിതികളാണ് . മതസ്ഥാപനങ്ങൾ മാത്രമായല്ല , പള്ളികൾ സമൂഹ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും പ്രധാന കേന്ദ്രമായും പ്രവർത്തിക്കുന്നുണ്ട് .

നാഷണൽ ചർച്ചസ് ട്രസ്റ്റ് നടത്തിയ സർവേ പ്രകാരം, അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം 900 പള്ളികൾ അടച്ചു പൂട്ടപ്പെടാൻ സാധ്യതയുണ്ട്. സർവേയിൽ പങ്കെടുത്ത 3,600-ലധികം പള്ളികളിൽ ഏകദേശം 20% കെട്ടിടങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തകർന്നുവെന്ന് അറിയിക്കുകയും, 40% പള്ളികളുടെ മേൽക്കൂരകൾ അടിയന്തിരമായി പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല പള്ളികളും അടിസ്ഥാന ചെലവുകൾക്കായി ഫണ്ടുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

സർക്കാർ അഞ്ച് വർഷം മുമ്പ് ആരാധനാലയ പരിചരണത്തിന് 25,000 പൗണ്ടിൽ മുകളിലുള്ള ചെലവിൽ വാറ്റ് ഏർപ്പെടുത്തിയിരുന്നു. ഇത് ഫണ്ട് സ്രോതസ്സുകളിൽ ആശ്രയിച്ചിരുന്ന പള്ളികൾക്ക് അധിക ഭാരം ആയി തീർന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പള്ളികൾ സമൂഹത്തിനും സാമൂഹിക സേവനങ്ങൾക്കും കേന്ദ്രമാണെന്നും ഇവ സംരക്ഷിക്കാതെ വിട്ടാൽ ബ്രിട്ടണിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്നുള്ള അഭിപ്രായം ശക്തമാണ്. പള്ളികൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ബ്രിട്ടണിന്റെ ചരിത്ര സംസ്‌കാരത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യ സേവന മേഖലയിൽ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗ, ഏഷ്യൻ, ന്യൂനപക്ഷ വിഭാഗ (BAME) നേതാക്കളുടെ പട്ടികയിൽ ഇടം നേടി മലയാളിയായ നഴ്സ് സജൻ സത്യൻ. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച ഈ പട്ടികയിൽ ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ തുടങ്ങിയ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്. എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്‌സും ‘അലയൻസ് ഓഫ് സീനിയർ കേരള നേഴ്‌സസ്’ (ASKeN) സ്ഥാപകനുമാണ് സജൻ സത്യൻ. യുകെയിലേക്ക് പുതുതായി എത്തുന്ന മലയാളി നേഴ്സുമാർക്ക് പിന്തുണയും മാർഗ്ഗനിർദേശവും നൽകാനാണ് ASKeN രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നത തസ്തികകളിലെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം.

2009ൽ എൻഎച്ച്എസിൽ ചാർജ് നേഴ്സായി സേവനം ആരംഭിച്ച സജൻ സത്യൻ, നോർത്ത്, മിഡ്‌ലാൻഡ്‌സ് മേഖലകളിലെ നിരവധി ട്രസ്റ്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽസിൽ ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായും, ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് 2023ൽ അദ്ദേഹം എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്സായി ചുമതലയേറ്റത്. കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം അധ്യാപകനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം. ഇംഗ്ലണ്ടിൽ എം.എസ്.സി. നേഴ്സിങ് ബിരുദവും നേടി. അന്താരാഷ്ട്ര നേഴ്സിങ് അസോസിയേഷനുകളുമായി സഹകരിച്ച് വിദേശ നേഴ്സുമാർക്ക് മാർഗ്ഗനിർദേശം നൽകുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് 50 ശതമാനം വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. 2011 മുതൽ 2022 വരെയുള്ള കാലയളവിൽ 15 മുതൽ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകൾ ഈ കാലയളവിൽ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ, 2021-22ൽ 440 പേർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു.

പഠന വർഷത്തിലെ വേനൽപരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുറവായും കാണപ്പെട്ടതായി ഒഎൻഎസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്കിലും മേയ് മാസത്തിന്റെ തുടക്കത്തിൽ സ്ത്രീകളിൽ നിരക്ക് ഏറ്റവും കൂടുതലായിരുന്നപ്പോൾ, പുരുഷന്മാരിൽ ജൂലൈ ആദ്യവാരത്തിലായിരുന്നു ഉയർച്ച. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ എല്ലാ പ്രായ ഗ്രൂപ്പുകളിലുമുള്ള ആത്മഹത്യാ നിരക്ക് 1999നുശേഷം ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇത് ഒരു ഭയാനക അവസ്ഥയാണ് എന്ന് മാനസികാരോഗ്യ ചാരിറ്റി സംഘടനയായ മൈൻഡിന്റെ നയനിർമ്മാണ മാനേജർ ജെമ്മ ബേൺ പ്രതികരിച്ചു. മാനസികാരോഗ്യ ചികിത്സക്ക് ഉണ്ടാകുന്ന കാലതാമസവും പുറത്തുവന്ന വിവരങ്ങളുമായി ബന്ധമുണ്ടന്ന അഭിപ്രായം ശക്തമാണ്. ഒട്ടേറെ കുട്ടികൾ ഇപ്പോൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്; ഇവരിൽ നാലിൽ ഒരാൾക്ക് രണ്ടുവർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു. സർക്കാർ മാനസികാരോഗ്യ പ്രതിസന്ധിയുടെ വലുപ്പം തിരിച്ചറിയുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 മുതൽ ഇംഗ്ലണ്ടിലെ സർവകലാശാലകളിലെ ട്യൂഷൻ ഫീസ് ഓരോ വർഷവും വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇതോടെ ബ്രിട്ടനിലെ പഠന ചെലവ് കുതിച്ചുയരും . അടുത്ത രണ്ട് വർഷത്തേക്കുള്ള വർധനയും ഭാവിയിൽ സ്വയമേവ നടപ്പാക്കാനുള്ള നിയമ നിർമ്മാണവും നടപ്പാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സൺ പാർലമെന്റിൽ പറഞ്ഞു.

ഇപ്പോൾ വർഷം £9,535 ആയിരിക്കുന്ന ഫീസ്, നിലവിലെ വിലക്കയറ്റ നിരക്കിൽ 2026-ൽ ഏകദേശം £400 കൂടി ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഉയർന്ന നിലവാരമുള്ള പഠനം നൽകുന്ന സർവകലാശാലകൾക്കാണ് പരമാവധി ഫീസ് ഈടാക്കാൻ അനുമതി ലഭിക്കുക. നിലവാരമില്ലാത്ത സ്ഥാപനങ്ങൾക്ക് ഫീസ് പരിമിതപ്പെടുത്താനും വിദ്യാർത്ഥി പ്രവേശനം നിയന്ത്രിക്കാനും സാധ്യതയുണ്ടെന്ന സുപ്രധാന നീക്കവും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

സർവകലാശാലകളുടെ പ്രതിനിധി സംഘടനയായ യൂണിവേഴ്സിറ്റീസ് യുകെ ഈ തീരുമാനം “വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമാണെന്നാണ് വിശേഷിപ്പിച്ചത് . എന്നാൽ അധ്യാപക സംഘടനയായ യൂണിവേഴ്സിറ്റി ആൻറ് കോളേജ് യൂണിയൻ ഇതിനെ ശക്തമായി വിമർശിച്ചു. “ഫീസ് വർധനവ് വിദ്യാർത്ഥികളുടെ വായ്പാ ഭാരം വർധിക്കുകയും വിദ്യാഭ്യാസം സമ്പന്നരുടെ അവകാശമായി മാറുകയും ചെയ്യും” എന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത് . കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 12,000-ത്തിലധികം ജോലികൾ സർവകലാശാലകളിൽ നഷ്ടപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോയെന്ന ഭയവും, ഭാവിയിലെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശയക്കുഴപ്പവും വിദ്യാർത്ഥികളിൽ വ്യക്തമായി പ്രകടമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങുന്ന കാലം അടുത്തു വന്നിരിക്കുകയാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ൽ ലണ്ടനിൽ പൂർണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . ഡ്രൈവർ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോൾ, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തൽ. ബ്രിട്ടൻ സർക്കാർ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവർത്തനം വേഗത്തിലാക്കാൻ പദ്ധതികൾ തയ്യാറാക്കുകയാണ്. എന്നാൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.

സാൻഫ്രാൻസിസ്‌കോ പോലെയുള്ള നഗരങ്ങളെ അപേക്ഷിച്ച് ലണ്ടൻ കൂടുതൽ തിരക്കേറിയതും സങ്കീർണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഈ സാഹചര്യങ്ങളിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കും എന്നതിൽ വിദഗ്ധർക്ക് സംശയമുണ്ട്. ലണ്ടനിലെ റോഡുകളിൽ ആളുകൾ നിരന്തരം റോഡ് മുറിച്ചു കടക്കാറുണ്ട്. വേമോയുടെ സെൻസർ കാണുമ്പോൾ ആളുകൾ ഉറപ്പായും വാഹനം നിർത്തുമെന്ന് കരുതി വഴിയിലൂടെ നടക്കും എന്ന് ടാക്സി ഡ്രൈവർ സംഘടനാ നേതാവ് സ്റ്റീവ് മക്‌നമാര അഭിപ്രായപ്പെട്ടു. യുകെയിൽ ആളുകൾക്ക് എവിടെ വേണമെങ്കിലും റോഡ് മുറിച്ചു കടക്കാം എന്നത് ഇത്തരം വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്.

വേമോയുടെ വരവിലൂടെ തൊഴിൽ രംഗത്തും വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത് . ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളുടെ വ്യവസായം 38,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റൊരുവശത്ത്, സ്വകാര്യ ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, ഡെലിവറി ജോലിക്കാർ എന്നിവരുടെ തൊഴിൽ ഭാവിയിൽ അപകടത്തിലാകാമെന്ന ആശങ്കയും നിലനിൽക്കുന്നു. ബ്രിട്ടനിലെ ഏകദേശം 3 ലക്ഷം സ്വകാര്യ ടാക്സി ഡ്രൈവർമാരെയും 1 ലക്ഷം ചരക്ക് വാഹനം ഓടിക്കുന്നവരെയുമാണ് നേരിട്ട് ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. പൊതുജന അഭിപ്രായ സർവേകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും യുകെയിൽ കുറവാണ് . അതേസമയം, കാഴ്ചപ്രശ്നമുള്ളവർ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ ഈ സാങ്കേതികവിദ്യയെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള പുതു വഴിയാകും എന്ന് അഭിപ്രായപെടുന്നവരും ഉണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ‌എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളിൽ ഉണ്ടായ “ആവർത്തിച്ച പിഴവുകളെ” കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് മാതാക്കളുടെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.

ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോർട്ടിൽ ഉൾപ്പെട്ട 70-തിലധികം കുടുംബങ്ങൾ അവരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. ഫിയോണ വിൻസർ-റാം, ഡാൻ റാം എന്നിവർക്ക് 2020-ൽ ജനിച്ച മകൾ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകൾ മൂലമായിരുന്നു. 2024 ജനുവരിയിൽ അമർജിത് കൗർ, മൻദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകൾ അസീസ്, അതേ ആശുപത്രിയിൽ മരിച്ചു. ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.

ലീഡ്സ് അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടൽഫോർഡ് അന്വേഷണങ്ങൾ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കൻഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കഴിഞ്ഞ ജൂണിൽ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ “ഗുഡ്” എന്ന വിലയിരുത്തലിൽ നിന്ന് “ഇൻഅഡിക്വേറ്റ്” ആയി താഴ്ത്തിയിരുന്നു. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ ബ്രൗൺ, ദു:ഖിതരായ കുടുംബങ്ങളോട് ക്ഷമാപണം നടത്തി.

RECENT POSTS
Copyright © . All rights reserved