Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ അകാലത്തിൽ മരണമടഞ്ഞ പ്രദീപ് നായർക്ക് സെപ്റ്റംബർ 20-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ വിട നൽകും. വെള്ളിയാഴ്ച രാവിലെ 10 .45 മുതൽ 11 .45 വരെ M23 1LX സെൻ്റ് മാർട്ടിൻസ് ചർച്ച് ഹാളിൽ ആണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ആൾട്രിഞ്ചം ക്രിമിറ്റോറിയത്തിൽ മൃതസംസ്കാരം നടക്കും. ആദരാഞ്ജലികൾ അർപ്പിക്കാൻ പൂക്കൾ കൊണ്ടു വരുന്നതിന് പകരം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിലേയ്ക്ക് ഉദാരമായി സംഭാവനകൾ നൽകാൻ പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചിട്ടുണ്ട്.

കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവേ കാൽ തെറ്റി വീണാണ് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു പ്രായം.കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് ഇൻക്വയറിയിൽ പകർച്ചവ്യാധിയുടെ സമയത്ത് നേഴ്‌സുമാർ നേരിട്ട വെല്ലുവിളികൾ എടുത്തുകാണിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ മുൻ ചീഫ് നേഴ്‌സ് ഡാം റൂത്ത് മെയ്. വിദ്യാർത്ഥി നേഴ്‌സുമാർക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനുള്ള 2015-ലെ തീരുമാനത്തിന് പിന്നാലെ ഉണ്ടായ നേഴ്‌സുമാരുടെ എണ്ണത്തിലുള്ള കുറവ് ബുദ്ധിമുട്ടുകൾ ഇരട്ടിയാക്കിയതായും അവർ കൂട്ടിച്ചേർത്തു. കോവിഡ് കാലയളവിൽ ജീവനക്കാരുടെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് ഗൗണുകളുടെ കുറവ് ഉൾപ്പെടെയുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ലഭിക്കുന്നതിലും പ്രശ്നങ്ങൾ നേരിട്ടിരുന്നൂ. ഇത് 2020 മാർച്ചിൽ പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ നേഴ്‌സുമാർ നേരിട്ട വെല്ലുവിളികളെ ഇരട്ടിയാക്കി.

2019 മുതൽ 2024 ജൂലൈ വരെ ഇംഗ്ലണ്ടിലെ ചീഫ് നേഴ്‌സായിരുന്നു ഡാം റൂത്ത് മെയ്. പകർച്ചവ്യാധിയുടെ സമയങ്ങളിലുള്ള ഡൗണിങ് സ്ട്രീറ്റിലെ പത്രസമ്മേളനങ്ങളിൽ അവർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇംഗ്ലണ്ടിൽ ഏകദേശം 40,000 നേഴ്‌സിംഗ്, മിഡ്‌വൈഫറി ഒഴിവുകളുമായാണ് എൻഎച്ച്എസ് കോവിഡിനെ അഭിമുഖീകരിച്ചത്. പലപ്പോഴും തിരക്കുള്ള തീവ്രപരിചരണ വിഭാഗങ്ങളിൽ ക്രിട്ടിക്കൽ കെയർ നേഴ്‌സുമാർക്ക് സാധാരണ ഒരു രോഗിയെ പരിചരിക്കുന്ന സ്‌ഥാനത്ത്‌ ആറ് രോഗികളെ വരെയാണ് പരിചരിക്കേണ്ടി വന്നത്.

കോവിഡ് കാലയളവിൽ സ്കാനിംഗ് സമയത്തും പ്രസവസമയത്തും ഗർഭിണികൾ പങ്കാളികളെ കൊണ്ടുവരുന്നത് തടയുന്ന ആശുപത്രികളുടെ തെറ്റായിരുന്നു എന്നും ഡാം റൂത്ത് മെയ് അഭിപ്രായപ്പെട്ടു. കൂടാതെ വേഗതയിലുള്ള പരിശോധനകൾ മെച്ചപ്പെട്ട സുരക്ഷ നൽകാനും കഴിയുമായിരുന്നുവെന്നും മുൻ ചീഫ് നേഴ്‌സ് അഭിപ്രായപ്പെട്ടു. നിലവിൽ യുകെയിലുടനീളമുള്ള എൻഎച്ച്എസിലും ഹെൽത്ത് കെയർ സിസ്റ്റങ്ങളിലുമാണ് കോവിഡ് ഇൻക്വയറി ശ്രദ്ധ കേന്ദ്രികരിക്കുന്നത്. നവംബർ അവസാനം വരെ നീണ്ടു നിൽക്കുന്ന ഇൻക്വയറിയിൽ 50 ഓളം പേരാണ് പങ്കെടുക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വ്യക്തികളിലും സമൂഹത്തിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് അമിതമായ മദ്യപാനം. മദ്യത്തിന് ഒരു വ്യക്തി അടിമയാകുന്നത് മൂലം പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനൊപ്പം കരൾ സംബന്ധമായും ഹൃദയസംബന്ധമായ ഗുരുതരമായ രോഗങ്ങൾക്ക് ഇരയായി തീരുകയും ചെയ്യും . ശാരീരികമായി മാത്രമല്ല മാനസികമായ പ്രശ്നങ്ങളിലേയ്ക്കും മദ്യപാനശീലം വ്യക്തികളെ നയിക്കും. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് പ്രതിവർഷം 3.5 ബില്യൺ പൗണ്ട് എൻഎച്ച്എസിന് ചിലവാകുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. 2021- 2022 -ൽ 1.6 മില്യൺ ഹോസ്പിറ്റൽ അഡ്മിഷൻ മദ്യപാനത്തിനോട് അനുബന്ധിച്ചുള്ളവയായിരുന്നു.

മധ്യവയസ്കരും ജോലിയിൽ നിന്ന് വിരമിച്ചവരും അമിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നത് ഗുരുതരമായ പല രോഗങ്ങൾക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ എൻഎച്ച്എസ് കണക്കുകൾ പ്രകാരം 55 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 23 ശതമാനവും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കുന്നു. ഇത് ക്യാൻസർ വരാനുള്ള സാധ്യതയെ വളരെ അധികം കൂട്ടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ മദ്യപാനാസക്തിയെ പലരും ഡോക്ടർമാരിൽ നിന്ന് ഒളിപ്പിച്ച് വയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഡോക്ടർമാർ തയ്യാറാക്കിയിരിക്കുന്ന നാല് ചോദ്യാവലി 76 മുതൽ 93 ശതമാനം വരെ കൃത്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ മദ്യപാനം കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ മദ്യപാനത്തെ വിമർശിച്ച് ആളുകൾ നിങ്ങളെ ശല്യപ്പെടുത്തിയിട്ടുണ്ടോ? മദ്യപാനത്തെ കുറിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ഞരമ്പുകളെ സ്ഥിരപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഒരു ഹാംഗ് ഓവർ കുറയ്ക്കുന്നതിനോ നിങ്ങൾ രാവിലെ ആദ്യം മദ്യം കുടിക്കേണ്ടതുണ്ടോ? ഇവയിൽ രണ്ടോ അതിലധികമോ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ മദ്യപാനശീലമുള്ളവരാണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കും. പഠനങ്ങൾ പറയുന്നത് അനുസരിച്ച് ആഴ്ചയിൽ നാലോ അതിലധികമോ പ്രാവശ്യം അമിത അളവിൽ കുടിക്കുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2022 ഡിസംബറിൽ ആണ് മദ്യപാനം മൂലമുള്ള മരണങ്ങൾ എക്കാലത്തേതിലും ഉയർന്ന നിരക്കിൽ എത്തിയത്. മൊത്തത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുരുഷന്മാരിൽ കൂടുതലാണെങ്കിലും 50- 54 വയസ് പ്രായമുള്ളവരിലെ മദ്യപാനവുമായി ബന്ധപ്പെട്ട മരണനിരക്ക് കുതിച്ച് കയറിയതും ആശങ്കപ്പെടുത്തുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28) മരണമടഞ്ഞു. കോട്ടയം പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി – ലിസ ദമ്പതികളുടെ മകളാണ് അന്നു. 2023-ലാണ് അന്നു നാട്ടിൽ നിന്ന് യുകെയിൽ എത്തിയത്. നാട്ടിൽ അന്നു നേഴ്‌സ് ആയിരുന്നു. കെയറര്‍ വിസയിലാണ് അന്നു യുകെയിൽ എത്തിയത്. ഭര്‍ത്താവ് രെഞ്ചു തോമസ് 2024 ജനുവരിയില്‍ യുകെയിൽ എത്തിയിരുന്നു.

മൂന്നു മാസം ഗര്‍ഭിണി ആയിരിക്കെ ഉണ്ടായ രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് ക്യാന്‍സര്‍ കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നും ക്യാന്‍സര്‍ ബാധിച്ചു. മരിക്കുന്നതിന് മുൻപ് പാലിയേറ്റീവ് കെയറിലേക്ക് അന്നുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു.

അന്നു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കോവിഡ് വീണ്ടും ലോകത്തിന് ഭീക്ഷണിയായേക്കാമെന്ന സൂചന നൽകി ആരോഗ്യ വിദഗ്ധർ രംഗത്ത് വന്നു. പുതിയതും ശക്തവുമായ കോവിഡിന്റെ ജനിതക വക ഭേദങ്ങൾ യൂറോപ്പിലും ലോകമെമ്പാടും വ്യാപിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡിന്റെ പുതിയ വകഭേദങ്ങൾ പടർന്നു പിടിക്കുകയാണെങ്കിൽ അത് എന്തൊക്കെ ആരോഗ്യകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കും എന്ന ആശങ്ക ശക്തമാകുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

ജൂണിൽ ജർമ്മനിയിലാണ് കോവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയത്. XEC എന്ന പേരിലാണ് ഈ പുതിയ ജനിതക വകഭേദം അറിയപ്പെടുന്നത്. നിലവിൽ മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ ഉടലെടുക്കുന്നതിനനുസരിച്ച് കടുത്ത പ്രഹര ശേഷിയുള്ളതായി പുതിയ ജനത വകഭേദങ്ങൾ മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.XEC ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോർണിയയിലെ സ്‌ക്രിപ്‌സ് റിസർച്ച് ട്രാൻസ്‌ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എറിക് ടോപോൾ പറഞ്ഞു. ആരോഗ്യ വിദഗ്ധർ വരും ആഴ്ചകളിൽ വേരിയൻ്റ് നിരീക്ഷിക്കുന്നത് തുടരുമെന്ന് കൈസർ പെർമനൻ്റെ സതേൺ കാലിഫോർണിയയിലെ സാംക്രമിക രോഗങ്ങളുടെ റീജിയണൽ ചീഫ് ഡോ. എലിസബത്ത് ഹഡ്‌സൺ പറഞ്ഞു.

ജർമ്മനി, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ പടിഞ്ഞാറൻ യൂറോപ്പിൽ XEC റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അതിവേഗം പടരുകയാണെന്നും ഡോ.ഹഡ്സൺ പറഞ്ഞു. ഉയർന്ന തോതിൽ ശരീരോഷ്മാവ് കൂടുന്നതും, തുടർച്ചയായ ചുമ , രുചിയോ മണമോ അറിയാനാകാത്ത അവസ്ഥ, ശ്വാസ തടസ്സം, ക്ഷീണം എന്നിവയാണ് X EC ബാധിച്ചവരുടെ രോഗലക്ഷണങ്ങൾ. കൂടാതെ തലവേദന, തൊണ്ടവേദന , മൂക്കടപ്പ് തുടങ്ങിയ സാധാരണ ജലദോഷത്തിന്റെ രോഗലക്ഷണങ്ങളും ഇവർക്ക് വരാം. യുകെയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് ഓരോ ആഴ്ചയിലും 4.3 ശതമാനം വർദ്ധനവ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ ഒരു സ്ത്രീ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ഇവരെ സഹായിച്ചതിന് മറ്റൊരാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് ടവർ ഹാംലെറ്റിലെ ഡക്കറ്റ് സ്ട്രീറ്റിലെ ഒരു വിലാസത്തിൽ ഒരു സ്ത്രീക്ക് കുത്തേറ്റതായി പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടൻതന്നെ സംഭവസ്ഥലത്ത് ലണ്ടൻ ആംബുലൻസ് സർവീസ് എത്തിയിരുന്നെങ്കിലും ഇര സംഭവസ്ഥലത്തു തന്നെ മരണം അടങ്ങിയിരുന്നു.

സംഭവത്തെ തുടർന്ന് കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന 32 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൽ 37 വയസ്സുകാരനായ ഒരു പുരുഷനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും അറസ്റ്റിലായവരും ഒരേ വിലാസത്തിൽ താമസിച്ചിരുന്നവരും പരസ്പരം അറിയാവുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും പോലീസിന്റെ പെട്ടെന്നുള്ള ഇടപെടലുകൾ മൂലം അന്വേഷണത്തിൽ കൃത്യമായ പുരോഗതി കൈവരിച്ചതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെറ്റ്സ് സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡിലെ ആക്ടിംഗ് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ബെൻ ഡാലോവേ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെയർ സ്റ്റാർമർ പാർലമെൻ്ററി നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപണം. ജൂലൈയിൽ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോർഡ് അല്ലി സ്റ്റാർമറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാർമറിന് വിലകൂടിയ വസ്ത്രങ്ങളും ഒരു സ്വകാര്യ ഷോപ്പറിനെ ഏർപ്പാട് ചെയ്യുകയും ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ അത്ര കാര്യമായി എടുക്കണ്ട പ്രശ്‌നമില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നു.

ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകൾക്കായി യുകെ സർക്കാർ പ്രത്യേകമായി ഫണ്ട് നൽകുന്നില്ല. ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ നേതാക്കൾക്ക് ഗണ്യമായ വസ്ത്ര അലവൻസ് ഉള്ള യുഎസ് പോലുള്ള മറ്റ് രാജ്യങ്ങളുമായി ഡേവിഡ് ലാമി ഇതിനെ താരതമ്യം ചെയ്തു. സർ കെയറിനും ലേഡി സ്റ്റാർമറിനും സമ്മാനങ്ങൾ നൽകിയ ലേബർ ദാതാവായ ലോർഡ് അല്ലിയെ ഡേവിഡ് ലാമി ന്യായീകരിച്ചു. ലേബർ പാർട്ടിയുടെ ദീർഘകാല പിന്തുണക്കാരനും ദാതാവും ആയ അദ്ദേഹം വർഷങ്ങളായി വിവിധ നേതാക്കൾക്കും പ്രധാനമന്ത്രിമാർക്കും സംഭാവന നൽകുന്നുണ്ട്.

ദി ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് അസോസിൻ്റെ മുൻ ചെയർമാനായിരുന്ന ലോർഡ് അല്ലി ഇതിനോടകം തന്നെ 19,000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങളും ഗ്ലാസുകളും സർ കെയർ സ്റ്റാർമറിന് നൽകിയിട്ടുണ്ട്. 200 മില്യൺ പൗണ്ട് ആസ്തിയുള്ള ലോർഡ് അല്ലി തെരഞ്ഞെടുപ്പിൽ സ്റ്റാർമറിനായി 20,000 പൗണ്ട് ചിലവഴിച്ചതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിൽ നിന്ന് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ എട്ട് പേർക്ക് ദാരുണാന്ത്യം. വടക്കൻ ഫ്രാൻസിലെ ബൊലോൺ-സുർ-മെറിന് സമീപം രാത്രിയാണ് സംഭവം നടന്നത്. എറിത്രിയ, സുഡാൻ, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 60 ഓളം കുടിയേറ്റക്കാരുമായി വന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. രണ്ടാഴ്ച മുൻപ് സമാന സാഹചര്യത്തിൽ ആറ് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ 12 പേർക്ക് ചാനലിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ആംബ്ലെറ്റ്യൂസ് ബീച്ചിലേക്ക് പോകുകയായിരുന്ന കുടിയേറ്റക്കാരെ കൊണ്ടുള്ള ബോട്ട് തിരയിൽപ്പെട്ട് പാറകളിൽ ഇടിക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന റിപ്പോർട്ട് ചെയ്തു. കടൽ തീരത്ത് അതിജീവിച്ച 53 പേർക്ക് എമർജൻസി സർവീസുകൾ ഉടൻ തന്നെ ചികിത്സ നൽകി. എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു. ഹൈപ്പോതെർമിയ ബാധിച്ച ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ബൊലോൺ – സർ-മെർ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് അധികാരികൾ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

ശാന്തമായ കാലാവസ്ഥ കാരണം ചാനൽ കടക്കാനുള്ള സമീപകാല ശ്രമങ്ങൾ വർദ്ധിച്ചു വരികയാണ്. വെള്ളി, ശനി ദിവസങ്ങളിലായി മാത്രം നാല് വ്യത്യസ്ത ബോട്ടുകളിൽ നിന്ന് 200 പേരെയാണ് ഫ്രഞ്ച് മാരിടൈം അധികൃതർ രക്ഷപ്പെടുത്തിയത്. അടുത്തിടെ നടന്ന എട്ട് മരണങ്ങൾ ഉൾപ്പെടെ, ഈ വർഷം ചാനലിൽ 45 പേർക്കാണ് ജീവൻ നഷ്‌ടമായത്‌. ഈ വർഷം 21,000 പേർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓണത്തെ ഏറ്റവും ആവേശത്തോടെ ഗൃഹാതുരത്വത്തോടെ മനോഹരമായി കൊണ്ടാടുന്നവരാണ് യുകെ മലയാളികൾ. യുകെയിലെ വിവിധ സ്ഥലങ്ങളിലെ ഓണാഘോഷങ്ങൾ വായനക്കാരിലേക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് എന്നും മുൻപന്തിയിലാണ്. ഭൂരിപക്ഷം യുകെ മലയാളികളും ജോലി ചെയ്യുന്ന എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ കൈയ്യൊപ്പ് ചാർത്തിയ  ഒരു ഓണാഘോഷമാണ് ഇന്ന് മലയാളം യുകെ വായനക്കാരിലെത്തിക്കുന്നത്.

ഈസ്റ്റ് ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ് ഷെയറിലെ എൻ എച്ച് എസ് ട്രസ്റ്റിലെ ഓണാഘോഷമാണ് മലയാളികൾക്കൊപ്പം ഇംഗ്ലീഷുകാരും ലോകമെങ്ങുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഉള്ളവരുടെയും പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായത്. പ്രശസ്ത കവി ശ്രീകുമാരൻ തമ്പി രചിച്ച യേശുദാസ് ആലപിച്ച മലയാളികളുടെ പ്രിയപ്പെട്ട ഓണപ്പാട്ട് ഇംഗ്ലീഷുകാർ ആലപിച്ചപ്പോൾ യുകെയിലൊട്ടാകെയുള്ള മലയാളി നേഴ്സുമാർക്കുള്ള ആദരം കൂടിയായി.

ഇക്വാലിറ്റി ഡൈവേഴ്സിറ്റി ഇൻക്ലുഷൻ നെറ്റ്‌വർക്ക്, ഹെൽത്ത് കൾച്ചർ ടീം എന്നിവ സംയുക്തമായാണ് സെപ്റ്റംബർ 3 -ന് ലിസ്റ്റർ ഹോസ്പിറ്റലില്‍ ഓണം ആഘോഷിച്ചത്. മലയാളികൾക്കൊപ്പം യൂറോപ്യന്മാരും വിവിധ ഏഷ്യൻ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ച് ഓണാഘോഷങ്ങളിൽ പങ്കെടുത്തു. ഭക്ഷണം ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും ഇ എൻ എച്ച് ചാരിറ്റിയാണ് സ്പോൺസർ ചെയ്തത്.

ട്രസ്റ്റ് ചെയർ അനിത ഡേ, ചീഫ് നേഴ്‌സ് തെരേസ മർഫി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലൂസി ഡേവിസ് എന്നിവർ ഉൾപ്പെടെ 20 തോളം പേരാണ് ഓണാഘോഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്. ഇതിൽ പലരും എത്തിയത് പരമ്പരാഗതമായ കേരളീയ വേഷം ധരിച്ചായിരുന്നു. അതിഥികളെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. നിലവിളക്ക് തെളിയിച്ച് ഇന്ത്യൻ്റെയുടെയും ബ്രിട്ടന്റെയും ദേശീയ ഗാനങ്ങൾ ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.


ട്രസ്റ്റ് ചെയർപേഴ്സൺ ആയ അനിത ഡേ ഉദ്ഘാടന പ്രസംഗവും ചീഫ് നേഴ്സ് തെരേസ മർഫി മുഖ്യ പ്രഭാഷണവും നടത്തിയ ചടങ്ങിൽ നടന്ന മെഗാ തിരുവാതിര എല്ലാ വിഭാഗത്തിൽ പെട്ടവർക്കും കണ്ണിനും കാതിനും ആസ്വാദകരമായ കാഴ്ചയായിരുന്നു.

ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തമായതുമായ ഓണപ്പാട്ട് പൂവിളി പൂവിളി പൊന്നോണമായി ആലപിച്ചത് ജോൺ നീൽ, ഡെസ്രി എന്നീവറും ചേർന്നാണ്. വിവേക് പൊറ്റക്കാട് ഒരുക്കിയ കേരളീയ ശില്പങ്ങൾ അടങ്ങിയ ആർട്ട് ഗാലറി നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു.  ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, ജോസ് ചാക്കോ എന്നിവർ ഗാനങ്ങൾ ആലപിച്ചു.അതിമനോഹരമായ അത്തപ്പൂക്കളത്തിന്റെ കാര്യങ്ങൾ ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി നിർവഹിച്ചത് ബിജു തങ്കപ്പൻ്റെ നേതൃത്വത്തിലാണ്. ജോസെലിൻ ജോബി, ആൻഡ്രിയ ജെയിംസ് വേദ വിവേക്, പല്ലവി ബിജു മെറിറ്റ ഷിജി, ദിയ സാജൻ, വൈഗ   എന്നിവരുടെ ബോളിവുഡ്, ക്ലാസിക്കൽ നൃത്തങ്ങൾ ചടങ്ങിന് വർണ്ണപകിട്ടേകി. സരോ സജീവും വന്ദനയും ചേർന്നാണ് മെഗാ തിരുവാതിര ഏകോപിച്ചപ്പോൾ ജെസ്ലിൻ വിജോ ആണ് സാംസ്കാരിക പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഷോൺ മക്ഗീവർ, ആഷ്‌ലി ബ്രെൻ്റ്, പ്രബിൻ, ദിദിൽ, വിവേക്, ജിജ, അഞ്ജൽ റോയ്, വന്ദന, സരോ സജീവ് , റാണി, ബെറ്റി എന്നിവരായിരുന്നു പരിപാടിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ. അനീറ്റ സജീവ് ആയിരുന്നു പരിപാടിയുടെ അവതാരക.

എൻഎച്ച്എസിൻ്റെ ചരിത്രത്തിൽ ഇടംപിടിച്ച ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത് പ്രബിൻ ബേബി ആയിരുന്നു. എൻഎച്ച്എസിലെ വൈവിധ്യമാർന്ന ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് ഓണാഘോഷം വിജയമായതിന്റെ മുഖ്യ ഘടകമെന്ന് സുഹൃത്തുക്കൾ പ്രിയ എന്ന് വിളിക്കുന്ന പ്രബിൻ ബേബി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. തിരുവല്ല സ്വദേശിനിയായ പ്രബിൻ  ബേബി ബെയിം കോ ചെയറും പേഷ്യന്റ് എക്സ്പീരിയൻസ് നേഴ്സും ആണ്.  നഴ്സിംഗ് ടൈംസ് ഓവർസീസ് നേഴ്സ് ഓഫ് ദി ഇയർ -2024 ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രബിൻ, ഈസ്റ്റ്‌ ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ് ഷെയറിലെ എൻ എച്ച് എസ് ട്രസ്റ്റ്‌ -2024 ലെ ത്രൈവിംഗ് പീപ്പിൾ ഓഫ് ദി ഇയർ അവാർഡ് ജേതാവുമാണ്.

പ്രൊഫ. കവിയൂർ ശിവപ്രസാദ്

ലോകമെമ്പാടുമുള്ള മലയാളികൾ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒരു ആനന്ദോത്സവമാണ് ഓണം. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച് മഹാബലി കഥയിൽ അധിഷ്ഠിതമായ ഒരു ഓണ സങ്കല്പമാണ് നമുക്കുള്ളത് . അത് പ്രകാരം മഹാബലി ഒരു ധീര രക്തസാക്ഷിയും വാമനൻ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രവുമാണ്.

കൗതൂഹലം മനസ്സിൽ മറ്റൊന്നില്ലില്ലിത്ര നഹി
വേദാന്ത സാരമിതു കേൾപ്പുണ്ടു ഭാഗവതം.
വേദം വ്യസിച്ച മുനി മോദം വരാഞ്ഞ്
പുനരേകച്ചരാകില നാരായണായ നമ:
എന്ന ഹരിനാമ കീർത്തനത്തിൽ പറയുന്നതു പ്രകാരം പതിനെട്ടു പുരാണ കർത്താവായ വേദങ്ങളെ വ്യസിച്ച വ്യാസ മഹർഷി രചിച്ച ഭാഗവതത്തിലാണ് വാമനാവതാര കഥ വിവരിക്കുന്നത്. വിഷ്ണുപുരാണം, വാമനപുരാണം, മഹാഭാരതം, യോഗ വസിഷ്ഠം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളിലും വിശദീകരണങ്ങൾ ഉണ്ട്. എങ്കിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതം അഷ്ടമ സ്‌കന്ധത്തിലാണ് ഈ കഥ വിശദീകരിക്കുന്നത്. അതിൽ വിസ്തരിക്കുന്ന കഥ താഴെ പറയുന്ന പ്രകാരം ആണ്.
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനായ കശ്യപ പ്രജാപതിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു അദിതിയും ദിതിയും. ഇതിൽ അദിതിയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും (അസുരന്മാരും ) ഉണ്ടായി. ഇവർ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. ഇവർ തമ്മിൽ കൊടും യുദ്ധങ്ങൾ പോലും ഉണ്ടായി. ദിതിയുടെ പുത്രന്മാരിൽ ഹിരണ്യാക്ഷൻ , ഹിരണ്യ കശിപു, ശൂരപത്മാവ് , സിംഹ വക്ത്രൻ, താരകാസുരൻ ഗോമുഖൻ എന്നിവർ വളരെ കരുത്തരും കുപ്രസിദ്ധരുമായിരുന്നു. ഹിരണ്യ കശിപുവിൻെറ പുത്രന്മാരായി പ്രഹ്ളാദൻ , സംഹ്ളാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നിവരിൽ പ്രഹ്ളാദ പുത്രനായി വിരോചനൻ ജനിച്ചു.

വിരോചന പുത്രനാണ് ബലി. പിന്നീട് ബലിയുടെ പുത്രനായി ബാണനും, ബാണ പുത്രന്മാരായി നിവാത കവചന്മാരും, നാലു കോടിയിലേറെ അസുരന്മാരും ജനിച്ചു.

യൗവനത്തിൽ തന്നെ ബലി ഇന്ദ്രനോട് യുദ്ധം ചെയ്ത് പരാജിതനായി പ്രാണഹാനി സംഭവിച്ചുവെങ്കിലും അസുര ഗുരുവായ ശുക്രാചാര്യർ ബലിയെ പുനർ ജീവിപ്പിച്ചു. ഒപ്പം ഇന്ദ്രനെ തോൽപ്പിക്കണമെന്ന ബലിയുടെ വൈരാഗ്യ ബുദ്ധിയും കൂടിയായപ്പോൾ അസുരന്മാർ അജയ്യരായി. തുടർന്നുള്ള കഥകൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതു തന്നെ .

ഭദ്രമാസത്തിലെ ശുക്ലപക്ഷത്തിൽ, 12-ാം തിഥിയിൽ ശ്രാവണ നക്ഷത്രത്തിൽ (തിരുവോണം) അഭിജിത് മുഹൂർത്തത്തിൽ മഹാവിഷ്ണു വാമനാവതാരം പൂണ്ടു. ഈ കാലത്ത് നർമ്മദാ നദിയുടെ വടക്കേ തീരത്ത് ഭൃഗു കഛകമെന്ന സ്ഥലത്ത് മഹാബലി യാഗം നടത്തി. (നർമ്മദാ തീരം ഗുജറാത്തിൽ ആണെന്ന് ഓർക്കുക.) തത്സമയം വാമനൻ അവിടെ എത്തുകയും അവിടെയുണ്ടായിരുന്നവരെ വിസ്മയിപ്പിക്കുകയും ചെയ്തു. ആഗമനോദ്ദേശം ആരാഞ്ഞ മഹാബലിയോട് ഭഗവാൻ, തപസ്സനുഷ്ഠിക്കുവാൻ മൂന്നടി മണ്ണ് വേണമെന്ന് പറയുകയും മഹാബലി പുച്ഛത്തോടെ ആ ആവശ്യം അംഗീകരിക്കുകയും വിശ്വരൂപം പ്രാപിച്ച വാമനൻ രണ്ടു ചുവടു കൊണ്ട് ത്രിഭുവനം അളന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടു വയ്ക്കാൻ സ്ഥലമില്ലാതായപ്പോൾ മഹാബലി നമ്രശിരസ്കനായി തൻറെ തല താഴ്ത്തി വാമനനു മുമ്പിൽ നമസ്കരിച്ചു. മൂന്നാമത്തെ ചുവട് ബലി ശിരസ്സിൽ വച്ച് അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ആണ്ടു തോറും ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്റെ പ്രജകളെ കാണുവാൻ അനുവാദവും കൊടുത്തു. ഈ കഥയാണ് കേരളത്തിലാകമാനം പ്രചുര പ്രചാരം ലഭിച്ച ഓണക്കഥ.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചരിത്ര ദൃഷ്ട്യയിൽ പരിശോധിക്കുമ്പോൾ കാണാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. എ. ഡി നാലാം ശതകത്തിൽ മധുരൈ കാഞ്ചി എന്ന തമിഴ് കൃതിയിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. പ്രാചീന തമിഴ് കവിയായ തിരുജ്ഞാന സംബന്ധരുടെ കൃതികളിലും ഓണാഘോഷം പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ‘പല്ലാണ്ട് ‘ എന്ന കൃതിയിലും ഓണം പരാമർശ വിഷയമാകുന്നുണ്ട്. എ ഡി 9-ാം ശതകത്തിൽ തന്നെ സ്ഥാണു രവി എന്ന ഭരണാധികാരി തിരുവല്ലയ്ക്കടുത്തുള്ള തിരുവാറ്റ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുവാൻ ഭൂമിദാനം ചെയ്തതിനെപ്പറ്റി തൻറെ ശാസനത്തിൽ പറയുന്നുണ്ട്. പതിറ്റുപ്പത്ത് എന്ന തമിഴ് കൃതിയിൽ 11-ാം നൂറ്റാണ്ടിൽ ഇവിടെ ഓണം ആഘോഷിച്ചിരുന്നു എന്നു സംശയലേശമന്യേ പറയുന്നുണ്ട് . ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ എ . ഡി ഒന്നാം ശതകത്തിൽ കേരളം ഭരിച്ചിരുന്ന ധർമ്മിഷ്ഠനായ രാജാവിൻറെ കഥയുമായി ബന്ധപ്പെടുത്തവുന്നതാണ് . അദ്ദേഹത്തിൻറെ പേര് നെടുംചേരലാതൻ എന്നാണ് . ഇനി മറ്റൊരു തലത്തിലേയ്ക്ക് നോക്കിയാൽ ഇതൊരു ബൗദ്ധ ആചാരമാണെന്ന് കാണാൻ കഴിയും.

ലോകത്ത് എമ്പാടുമുള്ള വിവിധ മതങ്ങളെയെല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരമാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതത്തിനപ്പുറമുള്ള ജൈനബുദ്ധ മതങ്ങളെയും കടൽ കടന്നു വന്ന ഇസ്ലാം യഹൂദ ക്രിസ്തു മതങ്ങളെയും കേരളം സന്തോഷം സ്വീകരിച്ചു. എന്നാൽ ആദ്യം വന്നത് ജൈന ബുദ്ധ മത വിഭാഗമാണെന്ന് കാണാവുന്നതാണ്. ഇതിൽ തന്നെ ബൗദ്ധ സന്ദേശങ്ങൾക്കാണ് പ്രചാരം ലഭിച്ചത്. ബുദ്ധമത വിശ്വാസികളായ രാജാക്കന്മാർ കേരളത്തിലും ദക്ഷിണേന്ത്യയിൽ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. ബുദ്ധമത വിശ്വാസിയും ജനക്ഷേമ തല്പരനുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണ ക്ഷത്രിയ അധിനി വേശത്തിൽ നിഷ്കാസിതനാക്കിയ ഒരു ചരിത്രം നമുക്ക് ഉണ്ട്. കേരളത്തിലെ വിളവെടുപ്പ് മഹോത്സവവുമായി ആഘോഷിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു ഓണം . ബ്രാഹ്മണ ക്ഷത്രിയ അധിനിവേശത്തിലൂടെ രാജ്യഭാരം ത്യജിക്കേണ്ടി വന്ന ചക്രവർത്തിയുടെ അനുസ്മരണമായി ഓണാഘോഷത്തെ പരിഗണിക്കാവുന്നതാണ്. മഹാബലി വാമന കഥയ്ക്ക് മത സ്വാധീനം കൊണ്ടു വരികയും ഹൈന്ദവ വൽക്കരണത്തിന്റെ ഭാഗമായി ചാതുർ വർണ്യ വ്യവസ്ഥിതി ബ്രാഹ്മണാദികൾ സ്ഥാപിച്ച് ബ്രാഹ്മണരെ ഭുസുരരാക്കി ദേവ വർഗ്ഗമാക്കി വേർതിരിക്കയും ജാതി വ്യത്യാസം ഇല്ലാത്ത സർവ്വമത സാഹോദര്യം പ്രതിഷ്ഠിതമാക്കിയ ബുദ്ധമതക്കാരെ അസുരന്മാരാക്കി വേർതിരിക്കുകയും ചെയ്തിരുന്നതായുള്ള പഠനങ്ങൾ ഉണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിയെ ഭ്രഷ്ടനാക്കിയത് അദ്ദേഹം അസുരനായതിനാലാണെന്ന് മനസ്സിലാക്കാം. തിരുവോണം – ഓണം എന്നീ പദങ്ങളുടെ തത്ഭവമായ ശ്രാവണം സംസ്കൃതമാണ്, അതാകട്ടെ ബൗദ്ധവുമാണ്. ബുദ്ധ ശിഷ്യന്മാരെ ശ്രാവണന്മാർ എന്നും ബുദ്ധനെ തന്നെ ശ്രാവണൻ എന്നും വിളിച്ചിരുന്നു. ഭഗവാൻ ബുദ്ധൻ ശ്രാവണ പദത്തിലെത്തിയ ശിഷ്യന്മാർക്ക് മഞ്ഞ വസ്ത്രം നൽകി സ്വീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ‘ഓണക്കോടി ‘ കൊടുക്കുന്നത്. ഇത്തരം വസ്ത്രങ്ങൾക്കും മഞ്ഞപ്പൂക്കൾക്കും ഓണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് .

ബുദ്ധമതക്കാരെ തുരത്തി ഓടിക്കുന്നതിനായി അക്രമങ്ങളും ഹിംസകളും നടന്നിട്ടുള്ളതായി കാണാവുന്നതാണ്. അതിൻ്റെ പ്രാക് രൂപമാണ് ഓണത്തല്ലും, വേലകളിയും, പടയണിയും മറ്റും എന്ന് അനുമാനിക്കാവുന്നതാണ്.

വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ, ഇവിടുത്തെ ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങളെ പറ്റി പറയുന്നുണ്ട്. വിശിഷ്യ : ബർത്തലോമ്യയുടെ വിവരണത്തിൽ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ – എട്ടു ദിവസം നീണ്ടുനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റി പറയുമ്പോൾ വീടെല്ലാം ചാണകം മെഴുകി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും പഴയ മൺപാത്രങ്ങൾ കളഞ്ഞ് പുതിയത് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാർ രണ്ട് ചേരിയിലായി നിരന്നു നിന്ന് കമ്പുകൾ കൊണ്ടുള്ള അസ്ത്രങ്ങൾ അയയ്ക്കുകയും ഇതൊരു വിനോദ കളിയായി മാറുകയും ചെയ്തിരുന്നു. ഈ കളികൾക്ക് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക വിനോദങ്ങളുമായി സാമ്യമുണ്ട്. വിഷർ, ഫോർബ്സ് തുടങ്ങിയ സഞ്ചാരികൾ ഇത്തരം കളികളെ കുറിച്ച് തങ്ങളുടെ യാത്രാ വിവരണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വേണാട്ട് രാജാക്കന്മാർ ഓണ ദിവസം കോടി വസ്ത്രത്തോടൊപ്പം ഓണവില്ല് കൂടി മേൽശാന്തിയിൽ നിന്നും വാങ്ങുന്നതായി ഉള്ള ചടങ്ങ് ഉണ്ട്. സംഘക്കളിയിൽ ബ്രാഹ്മണർ ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ആയുധം എടുക്കുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലും ഓണാഘോഷം പ്രാചീനകാലം മുതലെ അനുഷ്ഠിച്ചതായി സംഘകാല കൃതിയായ “മധുരൈക്കാഞ്ചി ” എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘മരുതനാരു’ടെ കൃതിയിൽ ക്ഷേത്രമുറ്റത്ത് ക്രീഡാ യുദ്ധങ്ങൾ നടന്നിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ദൃഢനിശ്ചയത്തോടെ പറയുന്നു . ചേരിപ്പോര് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ‘മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ‘ – ജാതി മത വർഗ്ഗ വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല കാലത്തെ സ്മരിച്ചു കൊണ്ട് ഈ വർഷവും നമുക്ക് ഓണം ആഘോഷിക്കാം!

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

 

RECENT POSTS
Copyright © . All rights reserved