Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉയർന്ന ചെലവുകളും വർദ്ധിച്ചു വരുന്ന നിക്ഷേപ ആവശ്യങ്ങളും പരിഗണിച്ച് അടുത്ത 5 വർഷത്തിനുള്ളിൽ യുകെയിലെ വാട്ടർ ബില്ലുകളിൽ ആദ്യം പ്രതീക്ഷിച്ചതിലും കൂടുതൽ വർദ്ധനവ് വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വാട്ടർ റെഗുലേറ്ററായ ഓഫ്വാട്ട് 2025-നും 2030-നും ഇടയിൽ 19 പൗണ്ട് വാർഷിക വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രാബല്യത്തിൽ വരുമ്പോൾ ഉണ്ടാകുന്ന വർദ്ധനവ് ഇതിൽ കൂടുതൽ ഉണ്ടാകുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


വാട്ടർ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും ജനസംഖ്യാ വളർച്ചയെ നേരിടുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പരിഹരിക്കുന്നതിനും ഈ വർദ്ധനവ് ആവശ്യമാണെന്നാണ് വർദ്ധനവിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. 1930 കളുടെ അവസാനത്തോടെ നടന്ന സ്വകാര്യ വത്കരണത്തിന് ശേഷമുള്ള വാട്ടർ ഇൻഡസ്ട്രിയുടെ നവീകരണത്തിന് കമ്പനികൾ തയ്യാറെടുക്കുകയാണ്. ഇതിനായുള്ള പണചിലവ് കണ്ടെത്തുന്നതും വാട്ടർ ബില്ലുകളുടെ വർദ്ധനവിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. സതേൺ വാട്ടറിന്റെ 44 ശതമാനവും അഫിനിറ്റി വാട്ടർ 6 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, തുടക്കത്തിൽ അംഗീകരിച്ച 23% എന്നതിനേക്കാൾ 59% വർദ്ധനവ് തേംസ് വാട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഓഫ് വാട്ട് വാട്ടർ ബില്ലുകളിലെ വർദ്ധനവ് പരിഗണിക്കുന്നതിന് ഒരു കാരണം ചെലവുകളിലെ വർദ്ധനവാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പക്ഷേ വാട്ടർ കമ്പനികളുടെ സേവനത്തിന്റെ കാര്യത്തിൽ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും കാര്യമായ അമർഷമുണ്ട് . മലിനീകരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് വാട്ടർ കമ്പനികൾ പിഴ അടയ്ക്കേണ്ടതായും വന്നിരുന്നു . ചുരുക്കത്തിൽ വാട്ടർ കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കൾ സന്തുഷ്ടരല്ലന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ഒരു സാഹചര്യത്തിൽ ബില്ലുകളിൽ വരുത്തുന്ന വർദ്ധനവ് വൻ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പുതിയ സ്റ്റേറ്റ് സ്കൂളുകൾ തുറക്കാനുള്ള പദ്ധതി താത്കാലികമായി നിർത്തി വച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പുതിയ 44 സ്കൂളുകൾ തുറക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ മൂന്ന് സിക്സ്ത് ഫോം കോളേജുകളും ഉൾപ്പെടും. ഈ പുതിയ സ്കൂളുകളുടെ ഭാവി ആണ് അനശ്ചിതത്വത്തിൽ ആയിരിക്കുന്നത് .

പുതിയ സ്കൂളുകൾ തുറക്കുന്നതിന് മുൻപായി ഓരോ സ്കൂളിന്റെയും സാധ്യതകളും സാമ്പത്തിക ബാധ്യതകളും വീണ്ടും അവലോകനം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. 2010 – ൽ മൈക്കൽ ഗോവ് അവതരിപ്പിച്ച ഫ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി സർക്കാർ അംഗീകരിച്ച മുഖ്യധാര സെക്കൻഡറി, പ്രൈമറി സ്കൂളുകളെ ഈ തീരുമാനം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

44 സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതിലൂടെ മിച്ചം വെയ്ക്കുന്ന ഫണ്ട് നിലവിലുള്ള സ്കൂളുകളുടെയും കോളേജുകളുടെയും മോശമായ ദുരവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു . ഓരോ സ്ഥലത്തിൻറെയും ആവശ്യകത പരിഗണിച്ച് പുതിയ സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ജനനനിരക്ക് കുറയുന്നത് മൂലം അടുത്ത ദശകത്തിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളുടെ എണ്ണം 12 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പല പ്രൈമറി സ്കൂളുകളും കുട്ടികളുടെ എണ്ണം കുറയുന്നതിനാൽ സമീപഭാവിയിൽ പൂട്ടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുതിയ സ്റ്റേറ്റ് സ്കൂളുകൾ തുറക്കാനുള്ള പദ്ധതി മരവിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ഈ വസ്തുതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് ഇന്ത്യൻ വംശജയായ കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഡൊണാൾഡ് ട്രംപും ആണ് മുഖ്യ സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ വിശേഷങ്ങൾ അനുദിനം ലോക മാധ്യമങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.


ഏറ്റവും പുതിയതായി ഡൊണാൾഡ് ട്രംപ് മക്‌ഡൊണാൾഡിൻ്റെ ഡ്രൈവ്-ത്രൂവിൽ കസ്റ്റമേഴ്സിന് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയത്. പെൻസിൽവാനിയയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപ് താത്കാലിക ജോലി ഏറ്റെടുത്തത്. തൻറെ വസ്ത്രങ്ങൾക്ക് മുകളിൽ ഒരു എപ്രൺ ധരിച്ച് ഡ്രൈവ് ത്രൂവിൽ ഓർഡർ വിതരണം ചെയ്തത് കൂടാതെ ടേക്ക് ഔട്ട് ബാഗുകൾ നിറയ്ക്കുകയും ചെയ്തു.

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പെൻസിൽവാനിയ നിർണായകമായ പോരാട്ട ഭൂമിയാണ്. ട്രംപ് ഭക്ഷണം സേർവ് ചെയ്യുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിച്ചു. ഒട്ടേറെ പേരാണ് കമന്റുകളിലൂടെ ഇതിനോട് പ്രതികരിച്ചത്. എക്കാലത്തെ മികച്ച രാഷ്ട്രീയ പ്രഹസനമാണ് ഇതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനും മെയിൽ ഓൺലൈനിൻ്റെ എഡിറ്ററുമായ പിയേഴ്‌സ് മോർഗൻ x-ൽ ഇതിനെ കുറിച്ച് എഴുതിയത്. പഠിക്കുന്ന സമയത്ത് കമലാ ഹാരിസ് മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയായതിനു ശേഷം അവർ ഇത് വെളിപ്പെടുത്തിയത് ജോലി ചെയ്യുന്നവരുടെ ഇടയിൽ മതിപ്പുളവാക്കിയിരുന്നു. ട്രംപിന്റെ പ്രവർത്തി ഇതുമായാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടി വായിക്കുന്നത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക്ഷയറിലെ ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന ജോയിസ് മുണ്ടയ്ക്കലിന്റെ വീട്ടിൽ മോഷ്ടാക്കളുടെ വൻ മോഷണശ്രമം. ജോയിസ് കുടുംബസമേതം ബൈബിൾ കലോത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ലീഡ്സ് റീജന്റ് ബൈബിൾ കലോത്സവത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ജോയിസ് ബൈബിൾ കലോത്സവ വേദിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയത് രാത്രി ഒരു മണിയോടുകൂടിയാണ്. ഈ സമയത്തിനിടയിലാണ് മോഷ്ടാക്കൾ വീടിൻറെ പാറ്റി ഡോർ തകർത്ത് അതിക്രമിച്ച് കയറിയത്. മോഷണ രീതി കണ്ട പോലീസ് പ്രൊഫഷണൽ മോഷ്ടാക്കളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് എത്തിയത്. മോഷ്ടാക്കൾ പ്രധാനമായിട്ടും ലക്ഷ്യം വെച്ചത് വീടിനുള്ളിലെ സ്വർണമായിരുന്നു. വളരെ തുച്ഛമായ രീതിയിലുള്ള സ്വർണം മാത്രം സൂക്ഷിച്ചിരുന്ന ജോയിസിന് ആ സ്വർണവും തൻറെ വില കൂടിയ രണ്ട് ക്യാമറയും ടൂൾ കിറ്റ്സുമാണ് നഷ്ടപ്പെട്ടത്.

എൻജിനീയർ കൂടിയായ ജോയ്സ് വിലകൂടിയ ടൂൾ കിറ്റ്സ് സ്വന്തം ആവശ്യത്തിനായിട്ടും ഒരു കൗതുകത്തിന് വേണ്ടിയുമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ജോലി സംബന്ധമായിട്ട് വിദേശരാജ്യങ്ങൾ പതിവായിട്ട് സന്ദർശിക്കുന്ന ജോയിസിന്റെ ട്രാവൽ ബാഗിനുള്ളിൽ ഡോളർ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കറൻസികൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു . ബൈബിൾ കലോത്സവ വേദിയിൽ നിന്ന് മടങ്ങിയെത്തിയ ജോയിസ് വീടിനുള്ളിൽ മുഴുവൻ ലൈറ്റുകൾ കിടക്കുന്നത് കണ്ടപ്പോഴേ അസ്വഭാവികത തോന്നി. ആദ്യം കരുതിയത് മോഷ്ടാക്കൾ വീടിനുള്ളിൽ ഉണ്ടെന്നായിരുന്നു. എന്തായാലും മോഷ്ടാക്കൾക്ക് വേണ്ടി പോലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മലയാളി കുടുംബങ്ങളിൽ സ്വർണ്ണത്തിന് വേണ്ടിയുള്ള മോഷണ ശ്രമങ്ങൾ പതിവാണ് .

കേരളത്തിൽ മൂവാറ്റുപുഴ സ്വദേശിയാണ് ജോയിസ്. ജോയിസിന്റെ ഭാര്യ ജെറിൻ യുകെയിലെ പ്രമുഖ ഓൺലൈൻ ട്യൂഷൻ സെന്ററായ ട്രയംഫിൻെറ സംരഭക എന്ന രീതിയിൽ പ്രശസ്തയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്ട്രേലിയ :- ചാൾസ് രാജാവിന്റെ ഓസ്ട്രേലിയൻ പാർലമെന്റിലെ പ്രസംഗത്തിനുശേഷം ഓസ്ട്രേലിയൻ സെനറ്ററായ ലിഡിയ തോർപ്പിന്റെ അലറി വിളിച്ചുള്ള പ്രതിഷേധം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. “നിങ്ങൾ എന്റെ രാജാവല്ല” എന്ന ആഹ്വാനത്തോടെ ആയിരുന്നു ഓസ്ട്രേലിയയിലെ ആദ്യത്തെ അബോർജിനൽ സെനറ്റർ ആയ ലിഡിയ തോർപ്പ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ ചാൾസ് രാജാവ് പാർലമെന്റിനെ അഭിമുഖീകരിച്ച് പ്രസംഗിച്ച ശേഷമാണ് തോർപ്പിന്റെ പ്രതിഷേധം. ചാൾസിനെതിരെ വംശഹത്യ ആരോപണവും അവർ ഉന്നയിച്ചു. എന്നാൽ സംഭവത്തെ സംബന്ധിച്ച പരാമർശങ്ങൾ ഒന്നും ഇല്ലാതെ ചടങ്ങുകൾ അവസാനിക്കുകയും, രാജ ദമ്പതികൾ തങ്ങളെ അഭിവാദ്യം ചെയ്യുവാൻ പുറത്ത് കാത്തുനിന്ന നിരവധി ജനങ്ങളെ കാണുകയും ചെയ്തു.

ഓസ്ട്രേലിയ പാർലമെന്ററി ജനാധിപത്യ രാജ്യമായി തുടരുന്നെങ്കിലും, രാഷ്ട്രത്തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജാവാണ്. “നിങ്ങൾ ഞങ്ങളുടെ ജനതയെ വംശഹത്യ നടത്തി, ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ, – ഞങ്ങളുടെ അസ്ഥികൾ, ഞങ്ങളുടെ തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ. നിങ്ങൾ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു, ഞങ്ങൾക്ക് ഒരു ഉടമ്പടി തരൂ, ഞങ്ങൾക്ക് ഒരു ഉടമ്പടി വേണം” എന്ന ആവശ്യമാണ് തന്റെ പ്രതിഷേധത്തിൽ ലിഡിയ ഉന്നയിച്ചത്. വിക്ടോറിയൻ സംസ്ഥാനത്ത് നിന്നുള്ള സെനറ്ററാണ് ലിഡിയ. ന്യൂസിലാൻഡിൽ നിന്നും മറ്റ് മുൻ ബ്രിട്ടീഷ് കോളനികളിൽ നിന്നും വ്യത്യസ്തമായി, ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനങ്ങളുമായി ഒരു ഉടമ്പടി ഇതു വരെയും സ്ഥാപിക്കപ്പെട്ടിട്ടില്ല.


ബക്കിങ്ഹാം കൊട്ടാരം അധികൃതർ ഇതുവരെയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ആരോഗ്യ വെല്ലുവിളികൾ നേരിടുമ്പോഴും, രാജാവിന്റെ ഓസ്ട്രേലിയൻ സന്ദർശനവും പ്രവർത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. പാർലമെന്റിലെ സംഭവത്തിന് ശേഷം, സാമ്രാജ്യത്വ വിരുദ്ധ പ്രസിദ്ധീകരണമായ ദി സൺഡേ പേപ്പറിൻ്റെ സഹ എഡിറ്ററായ മാറ്റ് ചുൻ സൃഷ്‌ടിച്ച ചാൾസിൻ്റെ തല വെട്ടിമാറ്റിയ ഒരു കാർട്ടൂൺ ലിഡിയ തോർപ്പ് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. മുൻപും ഇത്തരത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ പ്രതിഷേധങ്ങൾക്ക് ലിഡിയ നേതൃത്വം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ത്രോട്ട് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓറൽ സെക്സിലൂടെ പകരുന്ന വൈറസാണ് ഈ ക്യാൻസറിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഓറോഫറിൻജിയൽ ക്യാൻസർ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ത്രോട്ട് ക്യാൻസറിന് കാരണം ഓറൽ സെക്സിലൂടെ പകരുന്ന അണുബാധയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.


സെർവിക്കൽ ക്യാൻസറിന് പിന്നിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്. അതിനാലാണ് പെൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ ഇതിനെതിരായി പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. എന്നാൽ യുഎസിലും യുകെയിലും സെർവിക്കൽ ക്യാൻസറിനേക്കാൾ ഓറോഫറിൻജിയൽ ക്യാൻസർ ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇതിനെ കുറിച്ച് പഠിച്ച ആരോഗ്യ വിദഗ്ധരാണ് ത്രോട്ട് ക്യാൻസറും ഓറൽ സെക്സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതകാലത്ത് ആറോ അതിലധികമോ ഓറൽ സെക്‌സ് പങ്കാളികളുള്ള ആളുകൾക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ 8.5 മടങ്ങ് കൂടുതൽ ഈ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്ന് യുകെയിലെ ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജിസ്റ്റായ ഡോ. ഹിഷാം മെഹന്ന കണ്ടെത്തിയതാണ് ലോകമൊട്ടാകെയുള്ള ആരോഗ്യ വിദഗ്ധരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.


ഓറോഫറിൻജിയൽ ക്യാൻസറിനെ കുറിച്ച് ഡോ. ഹിഷാം മെഹന്ന നടത്തിയ പഠനത്തിൽ ഈ രോഗം ബാധിച്ചവരിൽ 80 ശതമാനം പേരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഓറൽ സെക്സ് ചെയ്തതായി തെളിഞ്ഞതാണ് പുതിയ കണ്ടെത്തലിലേയ്ക്ക് വെളിച്ചം വീശിയത്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഈ നിരക്ക് വർധിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. ആറോ അതിലധികമോ ആജീവനാന്ത ഓറൽ സെക്‌സ് പങ്കാളികളുള്ളവർക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ ഓറോഫറിംഗിയൽ ക്യാൻസർ വരാനുള്ള സാധ്യത 8.5 മടങ്ങ് കൂടുതലാണ്. പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഹിഷാം മെഹന്ന പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും നിലവിൽ ബിർമിംഗ്ഹാം സർവ്വകലാശാലയിലെ പ്രൊഫസറുമാണ്. നിരവധി അന്തർദേശീയ പഠനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് റിസർച്ച് ഗ്രാൻഡ് ആയി 12 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. അദ്ദേഹത്തിൻറെ ഗവേഷണ ഫലങ്ങൾ ദ ലാൻസെറ്റ്, ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് നേരിടുന്ന നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും അടുത്ത പത്ത് വർഷത്തെ ആരോഗ്യ പദ്ധതി രൂപീകരിക്കുന്നതിന് സഹായിക്കാനുമായി ബ്രിട്ടീഷ് സർക്കാർ എൻഎച്ച്എസ് സ്റ്റാഫ്, പൊതുജനങ്ങൾ, ആരോഗ്യ വിദഗ്ധർ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞു. രാജ്യത്തെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഈ പദ്ധതിയിൽ പങ്കാളികളാകാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എല്ലാവരോടും ആഹ്വാനം ചെയ്തു. ആരോഗ്യ പരിരക്ഷയ്ക്കുള്ള കാത്തിരിപ്പു സമയം വളരെ കൂടിയതും ആവശ്യമായ ജോലിക്കാരുടെ അഭാവവും മൂലമുള്ള പ്രശ്നങ്ങളും നിലവിലുണ്ടെങ്കിലും എൻഎച്ച്എസിനെ പഴയ രീതിയിലേയ്ക്ക് പുനഃസ്ഥാപിക്കാമെന്നുള്ള ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.


പൊതുജനങ്ങൾക്കും ആരോഗ്യ വിദഗ്ധർക്കും അവരുടെ ആശയങ്ങൾ എൻ എച്ച് എസ് ആപ്പ് അല്ലെങ്കിൽ change.nhs.uk പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ അടുത്ത വർഷം ആദ്യം വരെ സമർപ്പിക്കാം. നിർദിഷ്ട ആരോഗ്യ പദ്ധതിയുടെ ഒരു പ്രധാന ഘടകം ആശുപത്രി കേന്ദ്രീകൃത പരിചരണത്തിൽ നിന്ന് കൂടുതൽ കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനത്തിലേക്കുള്ള മാറ്റമാണ്. ജിപിമാർ, ജില്ലാ നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, കെയർ വർക്കർമാർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുമായുള്ള കൺസൾട്ടേഷനുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന കൂടുതൽ സമീപസ്ഥമായ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും. കൂടാതെ, എൻ എച്ച് എസിൽ ഉടനീളമുള്ള രോഗികളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്യാനും എൻ എച്ച് എസ് ആപ്പ് വഴി അവ ആക്‌സസ് ചെയ്യാനും സർക്കാർ പദ്ധതിയിടുന്നു. മെഡിക്കൽ ഡാറ്റയിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കുന്നതിലൂടെ, എൻ എച്ച് എസ് ജീവനക്കാർക്ക് പ്രതിവർഷം 140,000 മണിക്കൂർ വരെ ലാഭിക്കാമെന്ന് സർക്കാർ കണക്കാക്കുന്നു. ഇത് രോഗികളുടെ പരിചരണത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ ആരോഗ്യ പ്രവർത്തകരെ അനുവദിക്കുകയും ആവർത്തിച്ചുള്ള പരിശോധനകളും മരുന്നുകളുടെ പിശകുകളും പോലുള്ള കാര്യക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.


പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുതിയ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തു പറഞ്ഞു. എൻ എച്ച് എസിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനും ഭാവിക്ക് അനുയോജ്യമായി പ്രവർത്തനങ്ങളെ പരുവപ്പെടുത്തുന്നതിനും ഒരു വലിയ അവസരമായി പദ്ധതിയെ കാണുന്നുവെന്നാണ് പ്രധാനമന്ത്രി 10 വർഷ ആരോഗ്യ പദ്ധതിയെ കുറിച്ച് വിവരിച്ചത്. വർഷങ്ങളായി തുടരുന്ന അവഗണന കാരണം പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ തകർച്ചയുടെ വക്കിലാണെന്നും എൻഎച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിന് സാമൂഹിക പരിചരണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുള്ള രോഗികളെ അവരുടെ ആരോഗ്യം കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ സഹായിക്കുന്നതിന് സ്മാർട്ട് വാച്ചുകൾ പോലുള്ള ധരിക്കാവുന്ന സാങ്കേതികവിദ്യ വിതരണം ചെയ്യുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഞ്ചിനീയറിംഗ് സ്റ്റോൺസിൻെറ കട്ടിങ്ങുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരിൽ മാരകമായ ശ്വാസകോശ രോഗമായ സിലിക്കോസിസിൻ്റെ കേസുകൾ ഇരട്ടിയാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 16 തൊഴിലാളികൾക്കാണ് ചികിത്സ ഇല്ലാത്ത ഈ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിപക്ഷം പേരും വർക്ക്ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ്. അടുക്കള നവീകരണത്തിൽ വലിയ തോതിൽ ഇത്തരം കല്ലുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ 95% വരെ സിലിക്ക അടങ്ങിയിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 34 ആണ്. 27 വയസ്സുകാർക്കു വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


ലണ്ടനിലെ ദി റോയൽ ബ്രോംപ്ടൺ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി കൺസൾട്ടൻ്റായ ഡോ. ജോഹന്ന ഫിയറി, മനുഷ്യ നിർമ്മിതമായ ഈ കല്ലുകൾ മുറിക്കുന്നത് വഴി സിലിക്കോസിസ് ബാധിതരായവരെ ഇപ്പോൾ ചികിത്സിച്ച് വരികയാണ്. ഇതുവരെ 16 കേസുകളാണ് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞിരിക്കുന്നത്. ചില രോഗികൾക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ സാഹചര്യമാണ് ഇപ്പോൾ. ഇത്തരം കല്ലുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ നേരിടുന്നുണ്ടെങ്കിൽ ആശുപത്രിയിലോ ജിപിമാരോ ആയി ബന്ധപ്പെടണമെന്ന് ഡോ. ഫിയറി പറയുന്നു.


ജൂലൈയിൽ ഓസ്ട്രേലിയ എഞ്ചിനീയറിംഗ് സ്റ്റോണുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ നിരവധി സ്റ്റോൺമേസണുകൾക്ക് സിലിക്കോസിസ് സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു ഈ നടപടി. അതേസമയം 2019 മുതൽ കാലിഫോർണിയയിൽ കുറഞ്ഞത് 180 സിലിക്കോസിസ് കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കേസുകൾ ആഴ്ച തോറും ഉയർന്ന് വരുന്നുണ്ട്. പല തൊഴിലാളികളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും സാമ്പത്തിക സമ്മർദ്ദങ്ങളും ഭാഷാ തടസ്സങ്ങളും ഈ തൊഴിൽ ചെയ്യാൻ അവരെ നിർബന്ധിതരാക്കുന്നു.

ജോലി ചെയ്യുമ്പോൾ ആവശ്യമായ സേഫ്റ്റി ഗാഡ്ജറ്റ്‌സുകൾ ഇല്ലാത്തവരിലാണ് രോഗം കണ്ടെത്തിയത്. ഇനിയും നിരവധി കേസുകൾ കണ്ടെത്താനായിട്ടില്ലെന്നും പ്രശ്നത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഒരു നടപടി ഉണ്ടാകേണ്ടത് അത്യന്താപേഷിതമാണ്. മെച്ചപ്പെട്ട നിയന്ത്രണം ആവശ്യമാണെങ്കിലും, എഞ്ചിനീയറിംഗ് സ്റ്റോണിൻ്റെ നിരോധനം രാജ്യത്ത് നടപ്പിലാക്കുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് ഡോ. ഫിയറി പറയുന്നു. വർക്ക്‌ഷോപ്പുകളിൽ പൊടി നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും എഞ്ചിനീയറിംഗ് സ്റ്റോണുകളുമായി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴും ശരിയായ രീതിയിൽ ഉള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിലെ കാത്തിരിപ്പു സമയം എങ്ങനെ കുറയ്ക്കാം എന്നത് പുതിയ സർക്കാരിനും ഒരു കീറാമുട്ടിയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചികിത്സയ്ക്കായി 18 മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ എങ്ങനെ ഒഴിവാക്കാമെന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാൻ ആർക്കും സാധിക്കുന്നില്ല. കോവിഡ് കാലത്തെ അധിക സമ്മർദ്ദവും പണിമുടക്കുകളും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയുമാണ് കാത്തിരിപ്പു സമയം ഇത്രയും ഉയരുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിനിടെ അടുത്ത ബഡ്ജറ്റിൽ എൻഎച്ച്എസിന് കഴിഞ്ഞ വർഷം ഉള്ളതിലും 4 ശതമാനം വർദ്ധനവ് മാത്രമെ ഉണ്ടാകുകയുള്ളു എന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.


എന്നാൽ എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിന് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് പലർക്കും കാര്യമായ ധാരണയില്ല. സ്വകാര്യ ആശുപത്രികളിൽ എൻഎച്ച്എസ് രോഗികൾക്ക് ചികിത്സ വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ ആയിരക്കണക്കിന് അപ്പോയിന്റ്മെൻ്റുകൾ ഉപയോഗിക്കപ്പെടാതെ പോകുകയാണെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉടുപ്പ് മാറ്റിവയ്ക്കൽ , നേത്ര ശസ്ത്രക്രിയ എന്നിവ പോലുള്ള ചികിത്സകൾക്ക് സ്വകാര്യ ആശുപത്രികളിൽ ചെയ്യുന്നതിന് എൻ എച്ച് എസ് പണം നൽകുന്ന പദ്ധതിയാണിത്. ഇൻഡിപെൻഡൻ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് നെറ്റ്‌വർക്ക് പറയുന്നത് അനുസരിച്ച് ഇത്തരം സേവനങ്ങൾ നേടുന്നതിലൂടെ രോഗികൾക്ക് അവരുടെ കാത്തിരിപ്പു സമയം മൂന്ന് മാസം വരെ കുറയ്ക്കാൻ സാധിക്കും.


ഇത്തരം സേവനങ്ങൾ സ്വീകരിക്കുന്നതിന് എന്താണ് നടപടിക്രമം എന്നതിനെ കുറിച്ച് പലർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ പ്രായമോ നിങ്ങൾ താമസിക്കുന്ന സ്ഥലമോ നിങ്ങൾക്ക് ആവശ്യമായ ചികിത്സയോ പരിഗണിക്കാതെ എല്ലാവർക്കും ഈ പദ്ധതിയിൽ ചേരാൻ യോഗ്യരാണ്. നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യസ്ഥിതി പരിഗണിച്ച് ജിപിയുടെ ശുപാർശയോടെ അനുയോജ്യമായ ഹോസ്പിറ്റലുകൾ തിരഞ്ഞെടുക്കാൻ ഒരാൾക്ക് സാധിക്കും. ഇതിൽ എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക്‌ ഒപ്പം തന്നെ എൻഎച്ച്എസിന് സേവനം നൽകുന്ന നിരവധി സ്വകാര്യ ആശുപത്രികളും ഉൾപ്പെടുന്നുണ്ട്. അടിയന്തിര പരിചരണത്തിന് സ്വകാര്യമേഖലയിലെ സേവനം ലഭ്യമാകണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ സമർപ്പിക്കേണ്ടതായി വരും. അതായത് സ്വകാര്യ ആശുപത്രി അടുത്താണ് അതുമല്ലെങ്കിൽ എൻഎച്ച്എസിൽ ലഭ്യമല്ലാത്ത ചികിത്സ അവിടെ ലഭിക്കും എന്നീ കാരണങ്ങൾ ഉണ്ടെങ്കിൽ അടിയന്തിര പരിചരണത്തിന് സ്വകാര്യ മേഖലയിലെ ആശുപത്രികൾ തിരഞ്ഞെടുക്കാൻ അർഹരായവർക്ക് സാധിക്കും. ഇത്തരം സ്വകാര്യ മേഖലയിലെ സേവനങ്ങൾ ശരിയായ നടപടിക്രമങ്ങൾ പാലിച്ച് സ്വീകരിക്കുന്നതിലൂടെ രോഗികൾക്കും എൻഎച്ച്എസിനും അധികഭാരം ഉണ്ടാവുകയില്ല. കാരണം എൻഎച്ച്എസും സ്വകാര്യ മേഖലയിലെ ആശുപത്രികളും തമ്മിൽ ഇത്തരം ചികിത്സ നടത്താൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാൾസ് രാജാവും കാമില രാജ്ഞിയും നിലവിൽ തങ്ങളുടെ ഓസ്ട്രേലിയ സന്ദർശനത്തിലാണ്. ചാൾസ് രാജാവിൻറെ ക്യാൻസർ രോഗ നിർണയത്തിനു ശേഷമുള്ള ആദ്യ വിദേശയാത്രയുമാണിത്. പര്യടനത്തിന്റെ തുടക്കത്തിൽ 1983ല്‍ അദ്ദേഹം ഡയാന രാജകുമാരിയുമായി ഒരുമിച്ച് ഒപ്പുവെച്ച ഒരു ബൈബിളിൽ വീണ്ടും തന്റെ കൈയ്യൊപ്പ് കാമില രാജ്ഞിയുമായി ചാർത്തിയത് ചരിത്രപരമായ നിമിഷമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടു തന്നെ നാലു പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന ഈ ചടങ്ങിന് വൻ വാർത്താ പ്രാധാന്യമാണ് കൈവന്നത്.

ഓസ്ട്രേലിയ ഒരുകാലത്ത് ബ്രിട്ടീഷ് കോളനി ആയിരുന്നു. 1942 ലാണ് ഓസ്ട്രേലിയ യുകെയിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടിയത്. അന്ന് മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാര നയതന്ത്ര ബന്ധങ്ങളാണ് ഉള്ളത്. ആഗോള സുരക്ഷ, മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളിൽ ഓസ്‌ട്രേലിയയും യുകെയും അടുത്ത് സഹകരിക്കുന്നു. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിരാഷ്ട്ര സുരക്ഷാ ഉടമ്പടിയായ AUKUS (ഓസ്‌ട്രേലിയ, യുകെ, യുഎസ്) പോലുള്ള സഖ്യങ്ങളുടെ ഭാഗമാണ് ഇരു രാജ്യങ്ങളും.

2022 -ൽ അധികാരമേറ്റതിന് ശേഷമുള്ള ഓസ്ട്രേലിയയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ് ചാൾസ് രാജാവും കാമില രാജ്ഞിയും ഇപ്പോൾ നടത്തുന്നത് . മറ്റു പല കോമൺവെൽത്ത് രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയും ബ്രിട്ടീഷ് രാജാവിനെ ആചാരപരമായി രാഷ്ട്രതലവൻ്റെ സ്ഥാനമാണ് നൽകുന്നത്. രാജവാഴ്ചയുടെ ആചാരപരമായ വശങ്ങൾക്കപ്പുറം, ഓസ്‌ട്രേലിയയും യുകെയും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതയും ചാൾസ് രാജാവിൻ്റെ സന്ദർശനത്തിനുണ്ട്. ബ്രെക്‌സിറ്റിന് ശേഷം, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള യൂറോപ്യൻ ഇതര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ യുകെ പ്രവർത്തിക്കുന്നു. 2021-ൽ ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ഒപ്പുവെച്ചതോടെ, രാജാവിൻ്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തും . ഏഷ്യ-പസഫിക് മേഖലയിൽ യുകെയുടെ പ്രധാന പങ്കാളിയെന്ന നിലയിൽ ഓസ്‌ട്രേലിയയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ ഭാവി സഹകരണത്തിനും രാജകീയ പര്യടനം വഴിയൊരുക്കും.

RECENT POSTS
Copyright © . All rights reserved