ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മുസ്ലിം ആരാധനാലയങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 3 മില്യൺ പൗണ്ട് ധനസഹായം സർക്കാർ നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022- 2023 കാലത്ത് നൽകിയ ഈ തുക ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടിയ ഫണ്ട് ആണ്. എന്നാൽ 2016 – 2017 കാലഘട്ടത്തിൽ 73,000 പൗണ്ട് മാത്രമായിരുന്നു സുരക്ഷാ പദ്ധതിക്കായി മോസ്കുകൾക്ക് നൽകിയത്. പാലസ്തീൻ സംഘർഷങ്ങളുടെ വെളിച്ചത്തിൽ വർദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ സംഭവങ്ങൾ ആണ് ഫണ്ട് കുത്തനെ ഉയർത്താൻ കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നത്.
2016 -ൽ സുരക്ഷാ ഭീഷണിയെ തുടർന്നുള്ള ഫണ്ടിനായുള്ള അപേക്ഷകൾ 36 എണ്ണം മാത്രമായിരുന്നു. എന്നാൽ 2023 -ൽ അപേക്ഷകളുടെ എണ്ണം 304 ആയി ഉയർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ നിലവിൽ 2000 ലധികം മസ്ജിദുകളും പ്രാർത്ഥനാ മുറികളും ഉണ്ടെങ്കിലും ഇപ്പോഴും ചെറിയ ഒരു ശതമാനം ആരാധനാലയങ്ങൾക്ക് മാത്രമെ ഈ ഫണ്ട് ഉപയോഗിച്ചുള്ള സംരക്ഷണം ലഭിക്കുന്നുള്ളൂ. 2023 ഒക്ടോബർ 7-ാം തീയതി ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ മുസ്ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവിന് കാരണമായിട്ടുണ്ട്.
എന്നാൽ സുരക്ഷാ ഫണ്ടിങ്ങിനായി അപേക്ഷിക്കുന്നതിൽ പള്ളികൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നതായി മുസ്ലീം കൗൺസിൽ ഓഫ് ബ്രിട്ടൻ്റെ (എംസിബി) ജനറൽ സെക്രട്ടറി സാറ മുഹമ്മദ് പറഞ്ഞു. പലർക്കും ഈ ധനസഹായത്തെ കുറിച്ച് കാര്യമായി അറിവ് ഉണ്ടായിരുന്നില്ല. ഫണ്ടിങ്ങിനെ കുറിച്ച് അറിയുന്നവർക്ക് പോലും സങ്കീർണ്ണവും സാങ്കേതിക പരിജ്ഞാനവും ആവശ്യമായ അപേക്ഷ പ്രക്രിയ തടസ്സമായി. ഫണ്ടിനുവേണ്ടി ആദ്യമായി അപേക്ഷിച്ച് പരാജയപ്പെട്ടതിനുശേഷം പലരും വീണ്ടും അപേക്ഷിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ സീസണിൽ നാമകരണം ചെയ്തിരിക്കുന്ന ആദ്യത്തെ കൊടുങ്കാറ്റായ ആഷ്‌ലി അപകടകരമാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് . ചില സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്.
സ്‌കോട്ട് ലൻഡ് , വടക്കൻ അയർലൻഡ് , വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ 3 മണിക്ക് കാറ്റിനുള്ള യെല്ലോ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. ഇന്ന് അർദ്ധരാത്രി വരെ മുന്നറിയിപ്പ് നിലവിൽ ഉണ്ടാകും. കടൽ തീരത്ത് വലിയ തിരമാലകൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ പറഞ്ഞു. അതിശക്തമായി വീശുന്ന കാറ്റ് അപകടങ്ങൾക്കും ജീവനും ഭീഷണിയാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. റോഡുകളിൽ തടസ്സം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ യാത്ര ചെയ്യുന്നതിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് സ്കോട്ട് ലൻഡ് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഠിനമായ കാലാവസ്ഥ കാരണം റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെടുവാനുള്ള സാധ്യതയും നിലവിലുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച രാത്രി പിറ്റ്‌ലോക്രിയിലെ എൻചാൻറ്റഡ് ഫോറസ്റ്റ് ലൈറ്റ് ഷോ ഉൾപ്പെടെയുള്ള ചില പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഞായറാഴ്ചത്തെ ഗ്രേറ്റ് സൗത്ത് റൺ റദ്ദാക്കി. കാലാവസ്ഥ കാരണം സുരക്ഷിതമായി ഇവൻ്റ് നടത്താൻ കഴിയില്ലെന്ന് സംഘാടകർ അറിയിച്ചതിനെ തുടർന്നാണ് പോർട്ട്സ്മൗത്തിലെ 10 മൈൽ ഓട്ടം പിൻവലിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തട്ടിപ്പുകൾക്ക് ഇരയായി തങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക നഷ്ടമാകുന്നതിനെ പറ്റി തുറന്ന് പറഞ്ഞ് റെവലൂട്ട് ഉപഭോക്താക്കൾ. അൻപത്തിമൂന്നുകാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റായ ഡോ. രവി കുമാറിന് തട്ടിപ്പിൽ നഷ്ടമായത് 39,000 പൗണ്ട്. പരാതികൾ ഉയരുമ്പോൾ, മറ്റു പല ഇരകളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് മുന്നോട്ട് വരുന്നു. ഉയർന്ന് വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ റെവലൂട്ടിൻ്റെ ഉപഭോക്തൃ സേവനങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്.
അമേരിക്കൻ എക്‌സ്‌പ്രസിൽ നിന്നാണെന്നുള്ള വ്യാജ ഫോൺ കോളിൽ ആരംഭിച്ച തട്ടിപ്പിൽ 53 കാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റായ ഡോ. രവി കുമാറിന് നഷ്‌ടമായത് 39,000 പൗണ്ടാണ്. “സുരക്ഷ”ക്കായി രവി കുമാറിൻെറ റെവലൂട്ട് അക്കൗണ്ടിലേയ്ക്ക് തുക ട്രാൻസ്ഫർ ചെയ്യാനും ആപ്പ് ഡിലീറ്റ് ചെയ്യാനും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ആപ്പ് ഡിലീറ്റ് ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് രവിയുടെ അറിവില്ലാതെ തുക ചോർത്താൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. സംഭവത്തിന് പിന്നാലെ റെവലൂട്ടിന് സമീപിച്ചെങ്കിലും ഇടപാടുകൾക്ക് രവി അംഗീകാരം നൽകിയെന്ന് പറഞ്ഞ് സ്ഥാപനം റീഫണ്ട് നിരസിച്ചു.
ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി റെവലൂട്ടിനെ സമീപിക്കുമ്പോൾ മോശം അനുഭവം നേരിട്ട നൂറ് പേരിൽ നൂറിൽ ഒരാൾ മാത്രമാണ് ഡോ. രവി കുമാർ. ഡെബിറ്റ് കാർഡുകൾ ഡിജിറ്റൽ വാലറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്നത് പോലുള്ള ഫീച്ചറുകളാണ് തട്ടിപ്പുകാർ പലപ്പോഴും ചൂഷണം ചെയ്യുന്നത്. ഒന്നിലധികം കറൻസി ഹോൾഡിംഗുകളും സ്റ്റോക്ക് ട്രേഡിംഗും പോലുള്ള സവിശേഷതകൾ കാരണം റെവലൂട്ടിൻ്റെ സേവനങ്ങൾ സൗകര്യപ്രദമാണ്. എന്നാൽ ഒരാളുടെ സാമ്പത്തിക ജീവിതത്തിൻ്റെ ഒന്നിലധികം വശങ്ങൾ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൻ്റെ അപകടങ്ങളെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
സമാന രീതിയിൽ റെവലൂട്ട് അക്കൗണ്ട് ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ ലിൻ എൽമസിന് നഷ്ടമായത് £160,000 ആണ്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം മന്ദഗതിയിൽ ആയിരുന്നെന്ന് ലിൻ എൽമസിൻ പറയുന്നു. ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടും കാര്യമായ നഷ്ടം തടയാൻ റെവലൂട്ടിന് കഴിഞ്ഞില്ല. വർദ്ധിച്ച് വരുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി റെവലൂട്ട് സമ്മതിച്ചു. ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. എന്നിരുന്നാലും, കമ്പനിയുടെ എമർജൻസി ഫോൺ സപ്പോർട്ടിൻെറ അഭാവവും മോശം ഉപഭോക്തൃ സേവനവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാക്കുന്ന സാമ്പത്തികമായ നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഇരകൾ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെഡ്ഫോർഡ് ഷെയറിലെ ഒരു വീട്ടിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്നലെ പുലർച്ചെ നടന്ന സ്ഫോടനത്തിന്റെ കാരണം എന്താണെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തിരമായി സമീപ സമീപവാസികളെ വീടുകളിൽ നിന്ന് പോലീസ് ഒഴിപ്പിച്ചു. മാരകമെന്ന് വിലയിരുത്തിയ സ്ഫോടനത്തിന്റെ കാരണങ്ങളെ കുറിച്ച് എമർജൻസി സർവീസുകൾ അന്വേഷണം നടത്തി വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ ഒളിമ്പിക്സ് ഇതിഹാസമായ സർ ക്രിസ് ഹോയ് തനിക്ക് മാരകമായ രീതിയിൽ ക്യാൻസർ രോഗം ബാധിച്ചതായി വെളിപ്പെടുത്തി. തനിക്ക് രണ്ട് മുതൽ നാലു വരെ വർഷം മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞത് കടുത്ത ഞെട്ടലാണ് ആരാധകരിലും കായിക ലോകത്തും സൃഷ്ടിച്ചത്. ഒളിമ്പിക്സിൽ 6 തവണ സൈക്ലിങ്ങിൽ ലോക കിരീടം ചൂടിയ സർ ക്രിസ് ഹോയ് ഇതിഹാസ കായികതാരമായാണ് കണക്കാക്കപ്പെടുന്നത്.
48 വയസ്സ് പ്രായമുള്ള അദ്ദേഹം ഈ വർഷമാദ്യം തനിക്ക് ക്യാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയിരുന്നു. 2004 നും 2012 നും ഇടയിലാണ് അദ്ദേഹം 6 ഒളിമ്പിക്സ് മെഡലുകൾ നേടിയത്. 7 ഒളിമ്പിക്സ് സ്വർണ്ണം നേടിയ സർ ജോസൺ കെന്നിയുടെ നേട്ടത്തിന് തൊട്ടുപിന്നിൽ എത്തിയ അദ്ദേഹത്തിൻറെ നേട്ടം ഒരു ബ്രിട്ടീഷ് ഒളിമ്പ്യന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറർ ആണ് . 2013ൽ നിന്ന് വിരമിച്ച അദ്ദേഹം സൈക്ലിംഗ് മത്സരങ്ങളുടെ കമൻ്റേറ്റർ ആയും കായികതാരങ്ങളുടെ പരിശീലനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലും സജീവമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ച നേഴ്സിൽ നിന്ന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. 2019 ൽ ബ്രിഡ്ജൻഡിലെ ദി പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നിയോനേറ്റൽ വാർഡ് മാനേജരായി 45 കാരിയായ തന്യാ നസീറിനെ നിയമിച്ചിരുന്നു . എന്നാൽ അവരുടെ യോഗ്യതയെ കുറിച്ചും പ്രവർത്തി പരിചയത്തെ കുറിച്ചും തെറ്റായ വിവരങ്ങൾ ആണ് നൽകിയത് എന്നതാണ് പിരിച്ചുവിടലിനും തുടർനടപടിക്കും കാരണമായിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ചതിന് തന്യാ നസീറിനെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. റെഗുലേറ്ററി ബോഡിയായ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നേഴ്‌സുമാരുടെ രജിസ്റ്ററിൽ നിന്ന് നസീറിനെ നീക്കം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് 5 മാസത്തോളം ഇവർ ജോലി ചെയ്തിരുന്നു. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ആയിരുന്നു.
Cwm Taf Morgannwg യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിൽ നിന്ന് 94941 പൗണ്ടും ലണ്ടനിലെ ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്ന് 115, 000 പൗണ്ടും ശമ്പളമായി അവർ കൈപ്പറ്റിയതായാണ് കണക്കുകൾ കാണിക്കുന്നത്. അഫ്ഗാനിസ്ഥാൻ, സിറിയ, കെനിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു എന്നാണ് തന്യാ നസീർ അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം നുണകളായിരുന്നു എന്നാണ് കണ്ടെത്തിയത്. എൻഎച്ച്എസ് നടത്തിയ അന്വേഷണത്തിൽ തൻറെ അവകാശവാദങ്ങൾ തന്യാ നസീർ ആവർത്തിച്ചെങ്കിലും അവിടങ്ങളിൽ ജോലി ചെയ്തതിന് നികുതി അടച്ചതിന്റെ രേഖകൾ നൽകാൻ അവൾ പരാജയപ്പെട്ടിരുന്നു. എന്നാൽ 5 വർഷത്തോളം അവിടെ സന്നദ്ധ സേവനം നടത്തിയെന്ന അവളുടെ വാദം അന്വേഷണ കമ്മിറ്റി തള്ളി കളഞ്ഞു. ഇതു കൂടാതെ അവളുടെ വീട്ടിൽ നിന്ന് തെറ്റായ യോഗ്യത തെളിയിക്കുന്ന നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും കണ്ടെടുക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൂസ്റ്ററിൽ നേഴ്സിംഗിന് പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുൽ ഗാലയാണ് മരണമടഞ്ഞത്. പുതുപ്പള്ളി സ്വദേശിയായ നൈതികിന് 20 വയസ്സായിരുന്നു പ്രായം. നൈതികനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷം നേഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു നൈതിക്. യുവാവിൻറെ മാതാവ് മുംബൈയിൽ ജോലി ചെയ്യുന്ന പുതുപ്പള്ളി സ്വദേശിനിയാണ്. മരണ കാരണത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
നൈതിക് അതുൽ ഗാലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയമായിരുന്നു എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത. കോവിഡും പണിമുടക്കും മൂലം എൻ എച്ച് എസിൻ്റെ പ്രവർത്തനം താളം തെറ്റിയത് മാത്രമല്ല പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്ന മുഖ്യ ഘടകമാണ്. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവകാശപ്പെട്ടിരുന്നു.
ഒക്ടോബർ മുപ്പതിന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്ക് എത്രമാത്രം തുക വകയിരുത്തുമെന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ ഉറ്റു നോക്കുന്നത് . ബഡ്ജറ്റിൽ 4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. എന്നാൽ 18 മാസം വരെ നീണ്ടുനിൽക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ ഈ തുക അപര്യാപ്തമാണെന്ന വിമർശനം ശക്തമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് 0.2 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ഗവൺമെൻറ് അനുകൂലികൾ വിമർശനത്തിന് മറുപടിയായി പറയുന്നത്.
യുകെയിലെ ബഹുഭൂരിപക്ഷം മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ ഭൂരിപക്ഷം പേരും എൻഎച്ച്എസ്സിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാര്യമാണ്. നിലവിൽ സർക്കാർ മുന്നോട്ട് വച്ച 5.5 ശതമാനം ശമ്പള വർദ്ധനവ് നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ നിരാകരിച്ചിരുന്നു. ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്കുകളിലേയ്ക്ക് ജീവനക്കാർ പോകാതെ ന്യായമായ ശമ്പള വർദ്ധനവ് നടപ്പാക്കാൻ എൻഎച്ച്എസിന് കഴിയണമെങ്കിൽ ഭേദപ്പെട്ട തുക സർക്കാർ ബഡ്ജറ്റിൽ വകയിരുത്തേണ്ടതായി വരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഈസ്റ്റ് ലണ്ടനിൽ പോലീസ് വാഹനമിടിച്ച് ഗർഭിണിയായ സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു എന്ന് മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു .
അപകടത്തെ തുടർന്ന് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും മരിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ്, ലണ്ടനിലെ എയർ ആംബുലൻസ് എന്നിവയെല്ലാം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തെ കുറിച്ച് പോലീസ് വാച്ച് ഡോഗ് അന്വേഷണം നടത്തി വരുകയാണ്. പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കുകളെ പറ്റിയുള്ളൂ. അവരെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മരണങ്ങളുടെ പരമ്പരയിൽ ഞെട്ടി യുകെ മലയാളികൾ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാര്‍ഡിഫിന് അടുത്ത് ന്യുപോര്‍ട്ടില്‍ മലയാളി യുവാവിനെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകളെ കാണാൻ ലിങ്കണ്‍ഷെയറിൽ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കെ മരിക്കുകയായിരുന്നു. ഇതാ ഏറ്റവും ഒടുവിലായി വൂസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്.
ന്യുപോര്‍ട്ടില്‍ താമസിച്ചിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെ ഏതാനും ദിവസം മുൻപ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള കാത്തലിക് അസോസിയേഷനിലും മറ്റും സജീവമായിരുന്ന ബൈജു ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സ്‌ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വ്യക്തിപരമായ കാരണങ്ങള്‍ മൂലം അദ്ദേഹം സാമൂഹ്യ രംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുകയായിരുന്നു. മരണത്തെ തുടർന്നുള്ള നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു മകളോടൊപ്പം താമസിക്കാൻ നോര്‍ത്ത് ലിങ്കണ്‍ഷെയറിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സിസിലി മാത്യുവിൻെറ ആക്‌സമിക മരണത്തിൻെറ ഞെട്ടലിലാണ് സിസിലിയുടെ കുടുംബാംഗങ്ങൾ. ഹൃദ്‌രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ ഇരിക്കവേ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിലിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ. രണ്ടു വര്‍ഷം മുന്‍പ് നേഴ്സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ (20) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈതികിൻെറ അമ്മ മുംബൈയില്‍ ജോലി ചെയ്യുകയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ നേഴ്സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നാണ് വൂസ്റ്റര്‍.