സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 ബാധിച്ച് ലണ്ടനിലെ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡോ. ബിജി മാർക്കോസിന്റെ (54) നിര്യാണം എല്ലാ പ്രവാസി മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ലണ്ടൻ സെന്റ് തോമസ് യാക്കോബായ ചർച്ച്, ബർമിങ്ങാം സെന്റ് ജോർജ് യാക്കോബായ ചർച്ച്, പൂൾ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായിരുന്നു ഫാ. ബിജി മാർക്കോസ്. ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് യുകെയിൽ എത്തിയത്. ഹോസ്പിറ്റൽ ചാപ്ലൻ കൂടിയായിരുന്ന ബിജി മാർക്കോസ് അച്ഛൻ കൊറോണ വാർഡുകളിൽ സ്റ്റാഫുകളെയും രോഗികളെയും സഹായിക്കാൻ നിലകൊണ്ട വ്യക്തിയായിരുന്നു. തന്റെ ജീവിതം ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുവാൻ മാറ്റി വെച്ചിരിക്കുകയാണെന്നും അതിനാൽ മരണത്തെ ഭയമില്ലെന്നും അച്ഛൻ പറയുമായിരുന്നു. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു ” എന്ന പൗലോസ് ശ്ലീഹായുടെ വാക്യം ഉദ്ധരിച്ച്, സ്വർഗീയ പിതാവിന്റെ നിത്യമായ ഭവനത്തിലേക്കാണ് താൻ പോകുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നത് തന്റെ നിയോഗമാണെന്ന് അച്ഛൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. രോഗികൾക്ക് സാന്ത്വനം നൽകി അച്ഛൻ യാത്രയാവുന്നതും സ്വർഗീയ പറുദീസയിലേക്കാണ്.
ബിജി മാർക്കോസ് അച്ഛന്റെ നിര്യാണത്തിൽ യുകെ, അയർലൻഡ് ഭദ്രാസനങ്ങളുടെ അധിപനായിരിക്കുന്ന ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപോലീത്ത അനുശോചനം അറിയിച്ചു. വളർന്നുവരുന്ന യുവതലമുറയ്ക്ക് നല്ല കൂട്ടുകാരൻ കൂടിയായിരുന്ന അച്ഛൻ, കോട്ടയം വാകത്താനം പുത്തൻചന്ത ചിറത്തിലാട്ട് കുടുംബാംഗമാണ്. ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ ഇറ്റലിയിലെ ഇടവകയിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെ റീജിയനുവേണ്ടി സൺഡേസ്കൂൾ സിലബസ് തയ്യാറാക്കുന്നതിനും അച്ഛൻ നേതൃത്വം നൽകിയിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : തബീത്ത, ലവിത, ബേസിൽ. അച്ചൻെറ അകാല വിയോഗത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും, ഇടവകാംഗംങ്ങൾക്കൊപ്പം മലയാളം യുകെയും പങ്കു ചേരുന്നു .
കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവത്തകരെ നാം അഭിനന്ദിക്കുമ്പോൾ അത്യാസന്നനിലയിൽ കിടക്കുന്ന രോഗികളുടെ അരികിൽ എത്തി ആശ്വാസ വചനങ്ങൾ പകർന്നു കൊടുക്കുന്ന വൈദികരെ നാം വിസ്മരിച്ചുപോകുന്നു. 28 കത്തോലിക്ക വൈദികരാണ് ഇതുവരെ ഇറ്റലിയിൽ രോഗബാധിതരായി മരണപ്പെട്ടത്. മിക്കവരും ഹോസ്പിറ്റൽ ചാപ്ലൻമാരായിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷവും ആശുപത്രിയിൽ മരണത്തോട് മല്ലിട്ടുകിടക്കുന്ന രോഗികളുടെ അരികിൽ പോയി അവരോട് ദൈവവചനം അറിയിച്ച ഒരു വൈദികനെ ഇറ്റാലിയൻ ഡോക്ടർ ഓർത്തെടുക്കുന്നു. 120ഓളം രോഗികളെയാണ് ആ വൈദികൻ പറുദീസയുടെ കവാടങ്ങളിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു.
സ്വന്തം ലേഖകൻ
വി ഇ ദിനാചരണത്തിൻെറ, എഴുപത്തിയഞ്ചാം വാർഷികത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാജ്ഞി യുകെയിലെ തെരുവുകൾ വിജനമല്ലെന്നും, കൊറോണ വൈറസ് മഹാമാരി തെരുവുകളിൽ സ്നേഹം നിറച്ചിരിക്കുകയാണെന്നും ജനങ്ങളെ സാന്ത്വനിപ്പിച്ചു. “ഇന്ന് നമ്മൾ ഉദ്ദേശിച്ച പോലെ നമ്മുടെ പ്രത്യേക ദിവസം കൊണ്ടാടാൻ കഴിയില്ലായിരിക്കാം, എന്നാൽ വീടുകൾക്കുള്ളിൽ ഇരുന്ന്, ഓർമ്മകൾ പങ്കു വെച്ച് ഈ ദിനം നമുക്ക് ആഘോഷിക്കാം.”
രാജ്‌ഞിയുടെ പിതാവായ കിംഗ് ജോർജ് ആറാമൻ യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത അതേസമയം തന്നെയാണ് രാജ്ഞിയുടെ സന്ദേശവും പ്രക്ഷേപണം ചെയ്തത്. 94 കാരിയായ രാജ്ഞി യുദ്ധകാലത്തെ തലമുറയെ പ്രകീർത്തിച്ചു, “അവർ സർവവും ബലികൊടുത്തതിനാലാണ് നമ്മുടെ കുടുംബവും ബന്ധുജനങ്ങളും അയൽക്കാരുമെല്ലാം സന്തോഷമായിരിക്കുന്നത്. നാമെല്ലാം അവരെ ഓർക്കണം” രാജ്ഞി പറയുന്നു.
1945ൽ ബ്രിട്ടണും സഖ്യരാജ്യങ്ങളും നാസി ജർമനിയുടെ കീഴടങ്ങൽ അംഗീകരിക്കുകയും, യൂറോപ്പിലെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ദിവസമാണ് വിക്ടറി ഇൻ യൂറോപ്പ് അഥവാ വി ഇ ഡേ. കൊറോണ വൈറസ് നൽകിയ ആഘാതം മൂലം ഈ വർഷത്തെ ആഘോഷങ്ങൾ ചുരുക്കിയിരിക്കുകയാണ്. വീടുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് പട്ടാളക്കാരെയും, നാവികരെയും, വൈമാനികരെയും നമുക്ക് ഓർക്കാം. വിൻസർ കാസിലിൽ മുൻപ് റെക്കോർഡ് ചെയ്തിരുന്ന സന്ദേശമാണ് പ്രക്ഷേപണം ചെയ്തത്. കൊറോണ വൈറസ് മഹാമാരി തുടങ്ങിയതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം ഒരു സമ്പൂർണ യുദ്ധം ആയിരുന്നുവെന്നും, ആരും അതിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടില്ല എന്നും രാജ്ഞി ഓർക്കുന്നു. തുടക്കം നിസ്സാരമായിരുന്നു, ഒടുക്കം വിദൂരവും പ്രതിഫലനം ഭീകരവുമായിരുന്നു. വിട്ടു കൊടുക്കാതിരിക്കുക, വേദനിക്കാതിരിക്കുക എന്നതായിരുന്നു വി ഇ ദിനത്തിൽ അന്നത്തെ രാജാവ് നൽകിയ സന്ദേശം. വിൻസൻ ചർച്ചിലിനൊപ്പം താനും കുടുംബവും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ദിനം ചെലവഴിച്ചത് ദിനം രാജ്ഞി ഓർത്തെടുത്തു. അന്ന് 19 കാരി ആയിരുന്ന രാജ്ഞി പതിനാലു വയസ്സുകാരിയായ സഹോദരി പ്രിൻസസ് മാർഗരറ്റിനൊപ്പം വിജയം ആഘോഷിച്ച സാധാരണക്കാരായ ആയിരക്കണക്കിന് പേർക്കൊപ്പം ചേർന്നു. കാക്കി നിറത്തിലുള്ള തൊപ്പി ഉപയോഗിച്ചാണ് മറ്റുള്ളവർക്ക് മനസ്സിലാവാതെ അന്ന് പുറത്തിറങ്ങി നടന്നത്. ടെലി കാസ്റ്റിൽ ഈ തൊപ്പി രാജ്ഞിയുടെ ടേബിളിൽ കാണാം. അന്ന് രാജകുമാരി ആയിരുന്ന എലിസബത്ത് ഓക്സിലറി ടെറിട്ടോറിയൽ സർവീസ് ഡ്രൈവറായി ക്വാളിഫൈ ചെയ്യപ്പെട്ടിരുന്നു, ആ യൂണിഫോമിന്റെ ഭാഗമാണ് തൊപ്പി. ആ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളും രാജ്ഞിക്ക് ചുറ്റും കാണാം. വീഡിയോയിൽ രാജ്ഞി രണ്ട് അക്വാ മറൈൻ ഡയമണ്ട് ക്ലിപ്പ് ബ്രൂച്ചുകൾ ധരിച്ചിട്ടുണ്ട്, അവയും ആ കാലഘട്ടത്തിന്റെ സുവനീറുകൾ ആണ്.
പ്രിൻസ് ഓഫ് വെയിൽസിന്റെയും ഡച്ചസ് ഓഫ് കോൺവെല്ലിന്റെയും നേതൃത്വത്തിൽ മുൻപ് യുകെ രണ്ടുമിനിറ്റ് മൗനം ആചരിച്ചിരുന്നു,. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വി ഇ ഡേ ജനറേഷന് നന്ദി അറിയിച്ചു. പതിവുപോലെ പരേഡുകളോ ആഘോഷങ്ങളോ നടത്താൻ സാധിക്കുന്നില്ലെങ്കിലും ദിനത്തിന്റെ പ്രത്യേകതയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടൻ എയർഫോഴ്സ് ഡിസ്പ്ലേ ടീം ലണ്ടന് മുകളിലൂടെ ചുവന്ന അസ്ത്രങ്ങൾ വരച്ചു ഫ്ലൈ പാസ്റ്റ് നടത്തി. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസംഗത്തിൻെറ ഭാഗങ്ങൾ പ്രക്ഷേപണം ചെയ്തു. വൈകുന്നേരത്തോടു കൂടി ജനങ്ങൾ വേറ ലിൻസിന്റെ യുദ്ധകാല ക്ലാസിക് ആയ വി വിൽ മീറ്റ് എഗൈൻ ഗാനമാലപിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും താപനില ഇന്ന് ഏറ്റവും കൂടുതൽ വർദ്ധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നായിരിക്കുമെന്നാണ് പ്രവചനം. 26 ഡിഗ്രി സെൽഷ്യസ് (78.8 എഫ്) വരെ താപനില ഉയർന്നേക്കും. ലണ്ടനിലും തെക്ക്-കിഴക്കൻ പ്രദേശങ്ങളിലും ഐബിസയെയും സെന്റ് ട്രോപ്പസിനേക്കാളും ചൂട് കൂടുതലായിരിക്കുമെന്നും അവർ പറയുന്നു. സ്കോട്ട്‌ലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥ കുറയുന്നതിനാൽ നാളെ താപനില 15° സെൽഷ്യസ് (59 എഫ്) വരെ ആയേക്കും.
വടക്കൻ ഇംഗ്ലണ്ടിൽ 23 ഡിഗ്രി സെൽഷ്യസ് (73.4 എഫ്), വടക്കൻ അയർലണ്ടിൽ 21 ഡിഗ്രി സെൽഷ്യസ് (69.8 എഫ്), സ്കോട്ട്‌ലൻഡിന്റെ തെക്കൻ ഭാഗങ്ങളിൽ 20 ഡിഗ്രി സെൽഷ്യസ് (68 എഫ്), വെയിൽസിൽ 24 ഡിഗ്രി സെൽഷ്യസ് (75.2 എഫ്) വരെ താപനില ഉയർന്നേക്കാം. ഇന്ന് ഉച്ചയ്ക്ക് ശേഷമാകും ഈയിടങ്ങളിൽ ചൂട് കൂടുക. ദുഃഖവെള്ളിയാഴ്ച, കോൺവാളിലെ ട്രെക്നോവിൽ രേഖപ്പെടുത്തിയ 26 ഡിഗ്രി സെൽഷ്യസ് ഇന്ന് മറികടക്കാൻ സാധ്യതയുണ്ട്. വടക്കൻ സ്കോട്ട്ലൻഡിൽ നേരിയ മഴയുണ്ടാകും. വൈകുന്നേരം ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴാനും സാധ്യതയുണ്ട്. അതിനാൽ അവിടെ ദിവസം മുഴുവൻ താപനില 12 ഡിഗ്രി സെൽഷ്യസ് (53.6 എഫ്) ൽ താഴെയായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. “ശനിയാഴ്ച നമ്മിൽ മിക്കവർക്കും വളരെ ഊഷ്മളവും മനോഹരവുമായ സൂര്യപ്രകാശം ലഭിക്കും. ലണ്ടനിലും തെക്ക് കിഴക്കൻ പ്രദേശങ്ങളിലും 26 ഡിഗ്രി സെൽഷ്യസ് (78.8 എഫ്) യ്ക്ക് മുകളിൽ താപനില ഉയർന്നേക്കാം. അതിനാൽ ഇന്ന്, വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി മാറും.” മെറ്റ് ഓഫീസ് ഉദ്യോഗസ്ഥൻ ക്രെയ്ഗ് സ്നെൽ പറഞ്ഞു. സ്പെയിനിൽ നിന്ന് വരണ്ട തെക്കൻ കാറ്റ് യുകെയിലേക്ക് വീശുന്നതാണ് താപനില ഉയരാനുള്ള പ്രധാന കാരണം.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് വെറും ആറ് ആഴ്ച പ്രായമുള്ള കുഞ്ഞു മരിച്ചതായി എൻ എച്ച് എസ്. മെയ് 3 നാണ് കുട്ടി ആശുപത്രിയിൽ വെച്ച് മരിച്ചതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഈ കുട്ടി. കോവിഡ് 19 ബാധിച്ച് ഇന്ന് 409 പേർ യുകെയിലെ ആശുപത്രികളിൽ മരിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 31,024 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ 332 മരണങ്ങളും വെയിൽസിൽ 28 ഉം സ്‌കോട്ട്‌ലൻഡിൽ 49 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് മരണനിരക്ക് വർധിച്ചത്. വടക്കൻ അയർലൻഡിലെ കണക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വെളുത്തവർഗ്ഗക്കാരേക്കാൾ കറുത്തവർഗക്കാർ കൊറോണ വൈറസ് മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) വെളിപ്പെടുത്തിയതിന് ശേഷമാണ് ഏറ്റവും പുതിയ ആശുപത്രി കണക്കുകൾ പുറത്തുവന്നത്.
ആറുമാസത്തിനുള്ളിൽ രാഷ്ട്രത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അഞ്ച് ഇന പദ്ധതി, പ്രധാനമന്ത്രി ഞായറാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. അതിനാൽ തന്നെ ലോക്ക്ഡൗണിൽ ചില ചെറിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയുടെ മരണസംഖ്യ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കായതിനാൽ രണ്ടാം ഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദർ ഭയപ്പെടുന്നു. സാഹചര്യം വഷളാകാതിരിക്കാൻ പരമാവധി ജാഗ്രതയോടെ മാത്രം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ രണ്ടാം ലോകമഹായുദ്ധ നായകന്മാരുടെ അതേ മനോഭാവം ബ്രിട്ടന് ആവശ്യമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ (വി ഇ ദിനം ) 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു ജോൺസൻ. രണ്ടാം ലോകമഹായുദ്ധ സമയത്ത് സായുധ സേനയിൽ സേവനമനുഷ്ഠിച്ചവർ ‘ഇതുവരെ ബ്രിട്ടനിൽ ജീവിച്ചിരുന്നവരിൽ വെച്ച് ഏറ്റവും വലിയ തലമുറയാണ്’ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 1945 മെയ് 8 നായിരുന്നു ജർമ്മനി കീഴടങ്ങിയതിനെ തുടർന്ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചത്. അതിന്റെ 75-ാം വാർഷികമാണ് ഇന്ന് കൊണ്ടാടുന്നത്.
സൗത്താംപ്ടൺ: മരണങ്ങളുടെ വാർത്തകൾ കേട്ട് മനസ്സ് മരവിച്ച യുകെ മലയാളികൾക്ക് സന്തോഷം നൽകുന്ന ഒരു വിശേഷവുമായാണ് മലയാളം യുകെ ഇത് നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. സൗത്താംപ്ടണിൽ താമസിക്കുന്ന ജോഷി ലൂക്കോസ് ആണ് 32 ദിവസത്തെ ആശുപത്രി ജീവിതം അവസാനിപ്പിച്ച് ഇന്ന് രാവിടെ വീട്ടിൽ എത്തുന്നത്. കൊറോണ ബാധിച്ചു വളരെ സീരിയസ് ആയ ജോഷിക്ക് വേണ്ടി എല്ലാ കോണുകളിൽ ഇന്നും പ്രാർത്ഥനകൾ ഉണർന്നിരുന്നു എന്നും ദൈവം എന്റെയും കുഞ്ഞുങ്ങളുടെയും കൂട്ടുകാരുടെയും മറ്റുള്ളവരുടെയും പ്രാർത്ഥന കേട്ട് എന്റെ ജോഷിയെ എനിക്ക് തിരിച്ചു തന്നു എന്നാണ് ഇതുമായി ജോഷിയുടെ ഭാര്യ അനീഷ മലയാളം യുകെയോട് ഇന്ന് പറഞ്ഞത്.ജോഷി ആരോഗ്യമേഖലയിൽ ആണ് ജോലി ചെയ്യുന്നത്. താമസിക്കുന്നതിന് അടുത്തായുള്ള ഒരു നേഴ്സിങ് ഹോമിലായിരുന്നു ജോലി. മാർച്ച് 29 താം തിയതി ചെറിയ രീതിയിലുള്ള തലവേദനയും പനിയുമായാണ് തുടക്കം. യുകെയിലെ ലോക് ഡൗൺ ആരംഭിച്ചത് മാർച്ച് 23 ന് ആയിരുന്നു. എന്തായാലും മാർച്ച് 31 ന് ആശുപത്രിയിൽ കാണിക്കാൻ തന്നെ തീരുമാനിച്ചു. ആശുപത്രിയിൽ എത്തിയ ജോഷിക്ക് ചെസ്ററ് എക്‌സ്‌റേ എടുക്കുകയും, രക്ത പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഏഴ് ദിവസം കഴിക്കാനുള്ള ആന്റിബൈയോട്ടിക്സ് ഗുളികകളും നൽകി ജോഷിയെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ രോഗത്തിൽ കുറവ് കാണുന്നില്ല എന്ന് മാത്രമല്ല കൂടുതൽ വഷളാവുകയാണ് ഉണ്ടായത്. ഭാര്യ അനീഷ NHS – 111 വിളിച്ചു രോഗവിവരം ധരിപ്പിക്കുകയും ചെയ്‌തു. ആവശ്യകമായ നിർദ്ദേശങ്ങൾ സ്വീകരിച്ച നഴ്‌സായ അനീഷ വേണ്ട ശുശ്രുഷകൾ ചെയ്യുകയും നിരീക്ഷിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് ശ്വസനത്തിന് തടസ്സം നേരിട്ടതോടെ 999 വിളിക്കുകയും പാരാമെഡിക്‌സ് എത്തി ആംബുലൻസിൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുകയുമായിരുന്നു. അന്ന് ഏപ്രിൽ ആറ്…
ഏഴാം തിയതി ജോഷിയെ ഇന്റിബെയിറ് ചെയ്യുകയുണ്ടായി. തുടർന്ന് സൗത്താംപ്ടൺ ആശുപത്രിയിൽ ആയിരുന്ന ജോഷിയെ കൂടുതൽസൗകര്യങ്ങളുള്ള ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആഴ്ചകൾ എക്‌മോ മെഷീനിൽ. കോമയിൽ ഉള്ള ജോഷിയെ വീഡിയോ കോളിലൂടെ അനീഷയെ കാണിക്കുക മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. രോഗത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നഴ്‌സായ അനീഷ കടന്നു പോയ അവസ്ഥകളും സാഹചര്യങ്ങളും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല… എവിടെ നോക്കിയാലും കാണുന്നത് മരണവാർത്തകൾ മാത്രം.
മാനസിക സപ്പോർട്ടും പ്രാർത്ഥനാസഹായവുമായി കൂട്ടുകാർ എപ്പോഴും വിവരം തിരക്കിയിരുന്നു. അറിവുള്ള ലോകത്തിലെ മിക്ക ഫേസ്ബുക്, വാട്ടസ്ആപ് ഗ്രുപ്പുകളിൽ പ്രാർത്ഥനാ സഹായ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു. എന്റെ എല്ലാമായ കർത്താവ് എന്റെ ഭർത്താവിനെ തിരിച്ചു തന്നു… അനീഷ വിശ്വസിക്കുക മാത്രമല്ല അത് ഏറ്റുപറയുകയും ചെയ്യുന്നു.
ഓടിയടുക്കുന്ന മക്കൾ പൂക്കൾ കൊടുക്കുന്നു… ഒപ്പം കാർഡുകളും… സാമൂഹിക അകലം പാലിച്ചു നിർത്താതെ ഉയരുന്ന കൂട്ടുകാരുടെ കരഘോഷങ്ങൾ… ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്‌തു വീട്ടിൽ നന്ന് ഇറങ്ങിയപ്പോൾ കൂട്ടുകാരായ മലയാളികളുടെ നിസ്വാർത്ഥമായ സ്വീകരണം, അതെ ജോഷി കൊറോണയെയും മരണത്തെയും തോൽപ്പിച്ചു ജീവിതത്തിലേക്ക് ഒരിക്കൽ കൂടി നടന്നു കയറുകയായിരുന്നു. അതെ 32 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് എത്തിയപ്പോൾ ആശ്വാസം കൊണ്ട് കണ്ണ് നിറഞ്ഞത് ഒരു കുടുംബത്തിലെ സന്തോഷത്തിന്റെ ബഹിഷ്‍സ്പുരണമാണ്. വീഡിയോ കാണുന്ന ഓരോ മലയാളിയുടെയും മനസ്സ് നിറയുന്ന കാഴ്ച കൂടിയാണ് ഈ വീഡിയോ.
മൂന്ന് ആൺ കുട്ടികൾ ആണ് ജോഷി-അനീഷ ദമ്പതികൾക്ക് ഉള്ളത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് ജോഷി. 2004 നാലിൽ ആണ് കിടങ്ങൂർ – കൂടല്ലൂർ സ്വദേശിനിയായ അനീഷ യുകെയിൽ എത്തിയത്. 2006 റിൽ വിവാഹം കഴിഞ്ഞ ഇവർ സൗത്താംപ്ടണിൽ ആണ് താമസിക്കുന്നത്.
വീഡിയോ കാണാം.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം വരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. കൊറോണ വൈറസ് ഏല്പിച്ച ആഘാതം മൂലം ഈ വർഷം സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങും. കോവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, യുകെയിലെ ജോലിയും വരുമാനവും ഗണ്യമായി കുറയ്ക്കുകയാണെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വ്യാഴാഴ്ചയും പലിശനിരക്ക് 0.1% എന്ന താഴ്ന്ന നിലയിൽ നിലനിർത്താൻ പോളിസി നിർമ്മാതാക്കൾ ഏകകണ്ഠമായി വോട്ട് ചെയ്തു. ജൂൺ മുതൽ സെപ്റ്റംബർ വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികൾ ക്രമേണ ഒഴിവാക്കുന്നു എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച ബാങ്ക് വിശകലനം ഒരുക്കിയിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ മോണിറ്ററി പോളിസി റിപ്പോർട്ടിൽ യുകെ സമ്പദ്‌വ്യവസ്ഥ ഒരു ദശകത്തിന് ശേഷം ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി കാണിച്ചു. 2020 ന്റെ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 3% കുറഞ്ഞു. തുടർന്ന് ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ 25% ഇടിവ്. ഈ സാമ്പത്തിക തകർച്ച യുകെയെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും.
ഹൗസിംഗ് മാർക്കറ്റ് സ്തംഭിച്ചിരിക്കുകയാണെന്നും ഉപഭോക്തൃ ചെലവ് അടുത്ത ആഴ്ചകളിൽ 30 ശതമാനം കുറഞ്ഞുവെന്നും ബാങ്ക് അറിയിച്ചു. മൊത്തത്തിൽ, സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 1949 മുതലുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) ഡാറ്റ പ്രകാരം ഏറ്റവും വലിയ വാർഷിക ഇടിവാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിവരങ്ങൾ പ്രകാരം 1706 ന് ശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണിത്. സർക്കാർ അടുത്തയാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥ നിലവിൽ അനിശ്ചിതത്വത്തിലാണെന്നും ജീവനക്കാരും ബിസിനസ്സുകളും പകർച്ചവ്യാധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ തിരിച്ചുവരവെന്നും ബാങ്ക് ഊന്നിപ്പറയുന്നു. മഹാമാരിയിൽ നിന്നുള്ള സ്ഥിരമായ നാശനഷ്ടങ്ങൾ താരതമ്യേന ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്‌ലി പറഞ്ഞു. വേതന സബ്‌സിഡികൾ, വായ്പകൾ, ഗ്രാന്റുകൾ എന്നിവയിലൂടെ തൊഴിലാളികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ നടപടിയെ അദ്ദേഹം പ്രശംസിച്ചു. “ഫർലോഗിംഗ് സ്കീം ശരിക്കും ആളുകളെ കൂടുതൽ വേഗത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ പ്രാപ്‌തമാക്കുന്നു. അതിനാൽ തന്നെ വേഗത്തിലുള്ള വീണ്ടെടുക്കൽ സാധ്യമാണ്. ” ; ബെയ്‌ലി കൂട്ടിച്ചേർത്തു.
പ്രതിവാര ശരാശരി വരുമാനം ഈ വർഷം 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തൊഴിലാളികളുടെ വേതനം കുറയുന്നതിന് കാരണമാകും. ഒപ്പം തൊഴിലില്ലായ്മ നിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് ഈ വർഷം 9 ശതമാനത്തിന് മുകളിൽ ഉയർന്നേക്കാം. ബാങ്കിന്റെ സാഹചര്യത്തിൽ കൺസ്യൂമർ പ്രൈസസ് ഇൻഡക്സ് കണക്കാക്കിയ പണപ്പെരുപ്പം അടുത്ത വർഷം തുടക്കത്തിൽ തന്നെ പൂജ്യമായി കുറയും. ഇത് രണ്ടുവർഷത്തോളം ബാങ്കിന്റെ ലക്ഷ്യത്തെക്കാൾ താഴെയിരിക്കും. ഉപഭോക്തൃ ചെലവിലെ ഗണ്യമായ ഇടിവും എംപിസി ഉയർത്തിക്കാട്ടി. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദം എന്നിവയ്ക്കുള്ള ചെലവ് മുമ്പത്തെ നിലയുടെ അഞ്ചിലൊന്നായി കുറഞ്ഞു. ഒപ്പം ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരുടെ കച്ചവടം 80% കുറഞ്ഞു. മൂന്നു നൂറ്റാണ്ടിന് ശേഷം ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകൾ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ: ലോക്ക്ഡൗണിൽ ജനിക്കുന്ന കുട്ടികളുടെ പരിപാലനത്തെ സംബന്ധിച്ച് ആശങ്കകൾ ഏറുന്നു. സ്ഥിര പിന്തുണാ സഹായങ്ങൾ ഒന്നും ഈ കാലത്ത് ലഭിക്കാത്തതിനാൽ സാധാരണ കുടുംബങ്ങളിലെ മാതാപിതാക്കൾ കുട്ടികളുടെ ക്ഷേമത്തെ ഓർത്ത് ആശങ്കാകുലരാകുന്നു. ആരോഗ്യ സന്ദർശകരുടെ വരവ് കുറഞ്ഞതും പ്ലേഗ്രൂപ്പുകൾ അടഞ്ഞുകിടക്കുന്നതുമാണ് ഇതിനുകാരണം. അമ്മമാരെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നെന്ന് എൻഎച്ച്എസ് പറഞ്ഞു. ഇതുവരെ ലോക്ക്ഡൗൺ കാലത്ത് 76,000 കുഞ്ഞുങ്ങൾ ഇംഗ്ലണ്ടിൽ ജനിച്ചതായി ചിൽഡ്രൻസ് കമ്മീഷനർ ആൻ ലോംഗ്ഫീൽഡിന്റെ ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നില്ല. ഒപ്പം പുതിയ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും ശേഖരിക്കുന്നില്ല. ആരോഗ്യ സന്ദർശകരിൽ പകുതിയിലേറെപേരും ഇപ്പോൾ പകർച്ചവ്യാധി തടയാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആരോഗ്യ സന്ദർശകർ വളരെയധികം ആശങ്കാകുലരാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വിസിറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചെറിൾ ആഡംസ് പറഞ്ഞു.
അതോടൊപ്പം മുൻകരുതൽ എന്ന നിലയിൽ, ഗർഭിണികളായ സ്ത്രീകൾ ഈ കൊറോണകാലത്ത് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഗർഭകാലത്ത് കൊറോണ വൈറസ് ഒരു പ്രശ്നമാണോ എന്ന് പലർക്കും സംശയമുണ്ട്. സാധാരണ ജനങ്ങളെപ്പോലെ, അവരും രോഗബാധിതരാണെങ്കിൽ, ബഹുഭൂരിപക്ഷം ഗർഭിണികളിലും ലക്ഷണങ്ങളുണ്ടാക്കുകയും സുഖം പ്രാപിക്കുകയും ചെയ്യും. കോവിഡ് -19 ബാധിച്ച് സ്ത്രീകൾ ഗുരുതരാവസ്ഥയിലായാൽ കൊറോണ വൈറസ് ഗർഭാവസ്ഥയിൽ ഒരു പ്രശ്‌നമാകും. പക്ഷേ അത് വളരെ അപൂർവമാണ്. കൊറോണ വൈറസ് ബാധിച്ച സ്ത്രീകൾക്ക് നേരത്തെ തന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ പ്രസവത്തിനുള്ള കാരണം അറിയാൻ പ്രയാസമാണ്. ഗർഭാവസ്ഥയിൽ, വളരുന്ന കുഞ്ഞ്, അമ്മയുടെ ശ്വാസകോശം, ഹൃദയം, രക്തചംക്രമണം എന്നിവയിൽ ചില സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ കോവിഡ് ബാധിച്ച ഗർഭിണികൾ ഗുരുതരാവസ്ഥയിൽ ആയാൽ അത് ശ്വസന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു കാരണമാകും. ഈ അവസ്ഥയിലുള്ള ഏതൊരു സ്ത്രീയും ആശുപത്രിയിൽ വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
ഗർഭകാലത്ത് അമ്മ രോഗിയാണെങ്കിൽ കുഞ്ഞിലേക്ക് വൈറസ് പടരുന്ന വളരെക്കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ നവജാത ശിശുക്കളെ രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ചൈനയിൽ നിന്നുള്ള ഒരു പഠനത്തിൽ കോവിഡ് -19 ഉള്ള അമ്മമാർക്ക് ജനിച്ച 33 കുഞ്ഞുങ്ങളിൽ മൂന്നുപേർ രോഗബാധിതരാണെന്ന് കണ്ടെത്തി. എന്നാൽ വൈറസ് ഒരു കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്‌നമുണ്ടാക്കിയതായി തെളിവുകളൊന്നുമില്ലെന്ന് റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) പറയുന്നു. ഈ ദിവസങ്ങളിൽ ഗർഭിണികളായവർക്ക് ജലദോഷമോ പനിയോ പോലുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ഏഴു ദിവസം വീട്ടിൽ തന്നെ തുടരണം. മിക്ക സ്ത്രീകളിലും നേരിയ ലക്ഷണങ്ങളുണ്ടാകും. എന്നാൽ അത് കുറച്ച് ദിവസത്തിനുള്ളിൽ കുറയും. അവസ്ഥ മോശമെന്ന് തോന്നി തുടങ്ങിയാൽ നിങ്ങളുടെ ജിപിയുമായോ 111 വഴി എൻ എച്ച് എസുമായോ പ്രസവ യൂണിറ്റുമായോ അല്ലെങ്കിൽ 999 ലൂടെയോ അടിയന്തിരമായി ബന്ധപ്പെടണം. ഗർഭിണികളായ സ്ത്രീകൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്. 28 ആഴ്ചയിൽ താഴെയുള്ള സ്ത്രീകൾക്ക് വീടിനു പുറത്ത് ജോലികൾ ചെയ്യുന്നത് തുടരാം. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിക്കപ്പെട്ട രോഗികളെ പരിചരിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഗർഭിണികളായ ആരോഗ്യ പ്രവർത്തകർക്കുള്ള ഉപദേശം. ഗർഭിണികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) അതിന്റെ വെബ്‌സൈറ്റിൽ ധാരാളം ഉപദേശങ്ങൾ നൽകിവരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.
കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.
പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.
പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറി വരുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂളുകൾ മെയ് അവസാനത്തോടെയോ ജൂൺ ആദ്യവാരമോ തുറക്കാൻ സാധ്യത. അടുത്ത ആറുമാസത്തിനുള്ളിൽ യുകെയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി 50 പേജുള്ള പദ്ധതി പ്രധാനമന്ത്രി തയ്യാറാക്കിയതായി മനസ്സിലാക്കുന്നു. ഇതിൽ അഞ്ചു ഘട്ടങ്ങൾ ഉൾപ്പെടുന്നു. അഞ്ച് ഘട്ട പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ അടുത്ത മാസം ആരംഭത്തോടെ വീണ്ടും തുറക്കുന്നതായി പറയുന്നുണ്ട്. എന്നാൽ വേനൽക്കാല അവധിയ്ക്ക് മുമ്പായി ജൂൺ അവസാനം മാത്രമേ സെക്കൻഡറി സ്കൂളുകൾ തുറക്കാൻ കഴിയൂ. രണ്ടാം ഘട്ട വ്യാപനം ഉണ്ടാവാതിരിക്കാനായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ. അതിനാൽ തന്നെ ബ്രിട്ടനെ അടുത്ത ആറു മാസം കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാൻ തക്കവണ്ണമുള്ള പദ്ധതിയാണ് പ്രധാനമന്ത്രി തയ്യാറാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ നടപടിയിൽ ഉള്ള മാറ്റവും തുടർന്നുള്ള നിയന്ത്രണങ്ങളും വിശദമായി ഞായറാഴ്ച അറിയിക്കുമെന്നാണ് ജോൺസൻ പറഞ്ഞത്.
അഞ്ചിന പദ്ധതികളിൽ ആദ്യത്തേത് അടുത്ത തിങ്കളാഴ്ച മുതൽ നടപ്പിലാക്കുന്ന കാര്യങ്ങളാണ്. സുരക്ഷിതമെങ്കിൽ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ആകും, ഓപ്പൺ എയർ മാർക്കറ്റുകൾ, ഉയർന്ന തെരുവുകൾ, ശ്മശാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, പൂന്തോട്ട കേന്ദ്രങ്ങൾ തുറക്കും എന്നിവയാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരിക്കുന്നവ. പ്രൈമറി സ്കൂളുകളുടെ തുറന്നു പ്രവർത്തനവും കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ കഴിയുമെന്നതും മെയ് അവസാനം മുതലുള്ള രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ജൂൺ അവസാനത്തോടെ സെക്കന്ററി സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയും. 30തിൽ താഴെ ആളുകൾക്ക് ഒത്തുകൂടാൻ കഴിയും, ഗോൾഫ്, ടെന്നീസ് തുടങ്ങിയ കായിക മത്സരങ്ങൾ പുനരാരംഭിക്കും, സ്റ്റേഡിയം അടച്ചിട്ടു പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്താൻ സാധിക്കും എന്നിവ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യമോ നാലാം ഘട്ടം ആരംഭിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തിൽ ആരാധകർക്ക് സ്റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കാണാൻ കഴിയും. ഒപ്പം ജിമ്മുകളും തുറന്ന് പ്രവർത്തിക്കും. ഇപ്രകാരം ഉള്ള അഞ്ചു ഘട്ടങ്ങളിലൂടെയാവും ബ്രിട്ടനിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുക.
30,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത യൂറോപ്പിലെ ആദ്യ രാജ്യമായി യുകെ മാറിയതിന് പിന്നാലെയാണ് ഈ പദ്ധതികൾ പുറത്തുവരുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാൻ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലെ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. അവിടെ തുറന്നിരിക്കുന്ന പല സ്കൂളുകളും ക്ലാസ് മുറികളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. മാസ്ക് ധരിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്കൂൾ ഗേറ്റുകളിൽ പരിശോധനയും ഉണ്ട്. ജർമ്മനി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിച്ചുവെങ്കിലും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ടെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. സ്കൂളുകൾ തുറന്നാലും ഇത്തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബ്രിട്ടനിലും ഉണ്ടായേക്കും.
സ്വന്തം ലേഖകൻ
ലണ്ടൻ: കൊറോണ വൈറസ് മരണനിരക്കിൽ ഇറ്റലിയെ മറികടന്നതോടെ ബ്രിട്ടനിലെ ജനങ്ങൾക്ക് ആശങ്കയും ഏറിയിരിക്കുകയാണ്. യൂറോപ്പിൽ 30000 മരണങ്ങൾ ഉണ്ടാകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആശുപത്രികളിലും കെയർ ഹോമുകളിലും സമൂഹത്തിലുമായി 30,076 പേർ മരിച്ചു. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ യുകെ. മരണനിരക്കിൽ യുകെയുടെ തൊട്ടുപിന്നിലാണ് ഇറ്റലിയുടെ സ്ഥാനം. എങ്കിലും മരണസംഖ്യ മാത്രം കണക്കിലെടുത്ത് ഇരു രാജ്യങ്ങളെയും താരതമ്യം ചെയ്യാൻ കഴിയുമോ? പരിശോധിക്കാം.
1.ജനസംഖ്യ
യുകെയുടെ ജനസംഖ്യ ഏകദേശം 66 ദശലക്ഷവും ഇറ്റലിയിലേത് 60 ദശലക്ഷവുമാണ്. ഇറ്റലിയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു. അതുപോലെ യുകെയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണസംഖ്യയിൽ കുറവുണ്ട്. ജനസംഖ്യയിലെ വ്യത്യാസം കണക്കുകളിലും തെളിഞ്ഞുകണ്ടേക്കാം.
2.മരണസംഖ്യ ഒരേ രീതിയിൽ കണക്കാക്കുന്നുണ്ടോ?
രാജ്യങ്ങൾ മരണസംഖ്യ കണക്കാക്കുന്ന വ്യത്യസ്ത രീതികളും പരിഗണിക്കേണ്ടതുണ്ട്. “ഓരോ രാജ്യവും മരണം വ്യത്യസ്ത രീതിയിലാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ഒരു താരതമ്യ പഠനം ഫലപ്രദം ആയിരിക്കില്ല.” എന്ന് യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ക്രിസ് വിറ്റി പറഞ്ഞു. ഇറ്റലിയിൽ ആശുപത്രികളിലെ മരണങ്ങളുടെ കണക്കുകൾ വളരെ കൃത്യമാണെന്ന് കരുതുന്നുണ്ടെങ്കിലും , കെയർ ഹോമുകളിലോ വീട്ടിലോ നടക്കുന്ന മരണങ്ങൾ കണക്കാക്കുന്നുണ്ടോ? കെയർ ഹോമുകളിലെ മരണത്തിന് ഇറ്റലിയിൽ ദേശീയ കണക്കുകളൊന്നുമില്ല – പ്രാദേശിക അടിസ്ഥാനത്തിൽ സംഖ്യകൾ കൂട്ടിച്ചേർക്കുന്നുവെന്ന് മാത്രം. ബ്രിട്ടനിൽ കെയർ ഹോമുകളിലും മറ്റും ഉണ്ടായിരിക്കുന്ന കണക്കുകൾ ചേർത്താണ് ഇത്രത്തോളം മരണം ഉണ്ടായതായി പറയുന്നത്. എന്നാൽ ഇറ്റലിയിൽ അങ്ങനെ അല്ലാത്തപക്ഷം താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടായേക്കാം.
3. പരിശോധന
നിലവിൽ യുകെ ഇറ്റലിയേക്കാൾ ഒരു ദിവസം കൂടുതൽ ആളുകളെ പരീക്ഷിക്കുന്നുണ്ട്. എന്നാൽ മൊത്തത്തിൽ ലോക്ക്ഡൗണിലുള്ള ഇറ്റലി മെയ് 5 വരെ 2.2 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. ബ്രിട്ടൻ 1.3 ദശലക്ഷത്തിലധികം പരിശോധനകളും നടത്തി. ദിവസം ഒരുലക്ഷം പരിശോധനകൾ നടത്തുമെന്ന് ബ്രിട്ടൻ പറഞ്ഞുവെങ്കിലും ഇന്നലെയും 69,463 ടെസ്റ്റുകൾ മാത്രമേ നടത്താൻ കഴിഞ്ഞുള്ളു. രോഗം സ്ഥിരീകരിച്ച ആളുകളെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന കണക്കുകൾക്ക് ഇതൊരു നിർണായക വേർതിരിവാണ്. ഇത് താരതമ്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
4.ജനങ്ങളുടെ പ്രായവും ആരോഗ്യവും.
ചെറുപ്പക്കാരേക്കാൾ ഏറെ പ്രായമായവരെ കൊറോണ വൈറസ് ബാധിക്കുന്നുവെന്ന് നമുക്കറിയാം. കൊറോണ വൈറസിനെ കൂടുതൽ അപകടകരമാക്കുന്ന ആരോഗ്യപരമായ അവസ്ഥകൾ പ്രായമായ ആളുകൾക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏപ്രിൽ 24 വരെ യുകെയിൽ ഉണ്ടായ മരണങ്ങളിൽ 85 വയസിന് മുകളിൽ ഉള്ളവരാണ് ഏറെപേരും. ഇറ്റലിയിലും പ്രായമായവരിൽ ഉയർന്ന മരണ നിരക്ക് കാണപ്പെടുന്നു. അതിനാൽ, മറ്റെല്ലാ ഘടകങ്ങളും തുല്യമാണെങ്കിൽ യുകെയെക്കൾ കൂടുതൽ കൊറോണ വൈറസ് മരണങ്ങൾ ഇറ്റലിയിൽ കാണപ്പെട്ടേക്കാം. മുൻ വർഷങ്ങളിലെ ഇതേ കാലഘട്ടത്തിലെ മരണങ്ങളുമായി താരതമ്യം ചെയ്യുന്നതും പ്രധാനമാണ്, കാരണം വേനൽക്കാലത്തേക്കാൾ കൂടുതൽ ആളുകൾ ശൈത്യകാലത്ത് മരിക്കുന്നു.
5. ജനസാന്ദ്രതയും മറ്റ് ഘടകങ്ങളും.
കൊറോണ വൈറസ് പടരുന്നതിന് ജനസാന്ദ്രത പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. തിരക്കുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന നടപടി ബുദ്ധിമുട്ടുള്ളതാണ്. ഇറ്റലിയേക്കാൾ കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് യുകെ. യുകെയുടെ ഏറ്റവും തിരക്കേറിയ ഭാഗം ലണ്ടനാണ്, അത് യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ്. യുകെയിൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശം ലണ്ടൻ ആണ്. ഇറ്റലിയിൽ ലോംബാർഡിയും. യുകെയിൽ എത്തുന്നതിനുമുമ്പ് വടക്കൻ ഇറ്റലിയിൽ വൈറസ് ബാധിച്ചുവെന്നും ലോംബാർഡിക്ക് മുൻകരുതലുകൾ എടുക്കാൻ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വസ്തുത എടുത്തുപറയേണ്ടതാണ്.