Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലങ്കാഷയർ : ഇംഗ്ലണ്ടിലെ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച മുതൽ വെരി ഹൈ അലേർട്ട് ലെവലിലേക്ക് മാറാൻ ലങ്കാഷയർ സമ്മതം അറിയിച്ചു. വീടിനുള്ളിൽ ഉള്ള കൂടിച്ചേരലിന് നിരോധനം, പബ്ബുകളും റെസ്റ്റോറന്റുകളും അടഞ്ഞുകിടക്കും, പ്രദേശത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ എന്നിവ ടയർ 3 പ്രദേശത്തു നടപ്പിലാക്കും. എന്നിരുന്നാലും, ലിവർപൂൾ സിറ്റി റീജിയനിൽ നിന്ന് വ്യത്യസ്തമായി ജിമ്മുകളും ഒഴിവുസമയ കേന്ദ്രങ്ങളും അടയ്‌ക്കില്ല. കരാർ സംബന്ധിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായില്ലെന്ന് ചില പ്രാദേശിക കൗൺസിൽ നേതാക്കൾ പരാതിപ്പെട്ടു. എന്നാൽ പ്രാദേശിക നേതാക്കളുമായി സർക്കാർ ശക്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യക്തമാക്കി. നോർത്ത് വെസ്റ്റ് ഇംഗ്ലീഷ് കൗണ്ടിയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത് പ്രവർത്തിക്കേണ്ട സമയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാക്ക്ബേൺ, ബ്ലാക്ക്പൂൾ, ബർൺലി, ലാൻകാസ്റ്റർ, പ്രെസ്റ്റൺ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ 15 ലക്ഷം ആളുകളെ പുതിയ നിയന്ത്രണങ്ങൾ ബാധിക്കും.

വൈറസിനെ തടയാൻ പര്യാപ്തമല്ലാത്ത ഒരു കരാർ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് പ്രസ്റ്റൺ, പെൻഡിൽ, സൗത്ത് റിബിൾ കൗൺസിലുകളിലെ ലേബർ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. ടയർ 3 ലേയ്ക്ക് നീങ്ങാൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് സൗത്ത് റിബിളിലെ പോൾ ഫോസ്റ്റർ പറഞ്ഞു. “സർക്കാരുമായുള്ള ചർച്ചകൾ കൂടുതൽ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. നിയന്ത്രണങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കഠിനമായ നടപടികൾ ഞങ്ങളുടെ മേൽ ചുമത്തുമെന്ന് അവർ പറഞ്ഞു.” ഫോസ്റ്റർ കൂട്ടിച്ചേർത്തു. എന്നാൽ പ്രാദേശിക പരിശോധനയ്ക്കും ട്രേസിംഗിംനും ലങ്കാഷെയറിന് കൂടുതൽ പിന്തുണ നൽകുമെന്നും രോഗവ്യാപനം തടയാൻ പ്രത്യേക ടീമിനെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ലങ്കാഷെയർ കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവ് ജെഫ് ഡ്രൈവർ പറഞ്ഞു. ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ, കാസിനോകൾ, ബിങ്കോ ഹാളുകൾ, ബെറ്റിങ് ഷോപ്പുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും ലങ്കാഷെയറിൽ അടച്ചിടും.

ലങ്കാഷെയർ ജിമ്മുകൾ തുറന്നിടാൻ അനുവദിക്കുന്നതും ലീവർപൂളിൽ അടച്ചിടുന്നതുമായ നടപടിയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ലിവർപൂൾ മേയർ ജോ ആൻഡേഴ്സൺ ട്വീറ്റ് ചെയ്തു. എന്നാൽ ജിമ്മുകൾ അടയ്ക്കണോ എന്ന് പ്രാദേശിക നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനുമുമ്പ് ദുരിതബാധിതരായ ആളുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ഇപ്പോൾ വെരി ഹൈ, ഹൈ അലേർട്ട് ലെവലുകളിലാണ് ജീവിക്കുന്നത്. അതേസമയം, വെയിൽസ് രണ്ടാഴ്ചത്തെ ദേശീയ ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥർ, ശാസ്ത്ര ഉപദേഷ്ടാക്കൾ, കൗൺസിലുകൾ എന്നിവരുമായി വാരാന്ത്യത്തിൽ ചർച്ചകൾ തുടരുന്നതിനാൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇറ്റലിയും വത്തിക്കാൻ സിറ്റിയും യുകെയുടെ ക്വാറന്റീൻ ലിസ്റ്റിൽ. ഇറ്റലി, വത്തിക്കാൻ സിറ്റി, സാൻ മറിനോ എന്നിവിടങ്ങളിൽ നിന്ന് യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർ രണ്ടാഴ് ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണം. ഞായറാഴ്ച രാവിലെ 4 മണി മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ നിന്ന് മടങ്ങുന്നവർക്ക് ഇപ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. ധാരാളം ബ്രിട്ടീഷ് പൗരന്മാർ സന്ദർശിക്കുന്ന രാജ്യമാണ് ഇറ്റലി. 8,804 കേസുകളാണ് ഇന്നലെ മാത്രം ഇറ്റലിയിൽ റിപ്പോർട്ട്‌ ചെയ്തത്. ഒരു ലക്ഷത്തിൽ 64 കേസുകളാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞയാഴ് ച, യുകെയിലെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായിട്ടും ഒരു രാജ്യത്തെയും ക്വാറന്റീൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഞായറാഴ്ച മുതൽ ഈ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ് സ് ട്വിറ്ററിലൂടെ അറിയിച്ചു.

ഗ്രീസിനെയും ക്രീറ്റ് ഉൾപ്പെടെയുള്ള ഗ്രീക്ക് ദ്വീപുകളെയും കഴിഞ്ഞ മാസം തന്നെ ക്വാറന്റീൻ ലിസ്റ്റിൽ നിന്ന് സ് കോട്ട്ലൻഡ് നീക്കം ചെയ് തിരുന്നു. വെയിൽസും നോർത്തേൺ അയർലൻഡും ക്രീറ്റിനെ അവരുടെ സേഫ് ലിസ്റ്റിൽ ചേർത്തു. പോളണ്ട്, തുർക്കി, കരീബിയൻ ദ്വീപുകളായ ബോണൈർ, സെന്റ് യൂസ്റ്റേഷ്യസ്, സാബ എന്നിവയാണ് ക്വാറന്റീൻ ലിസ്റ്റിൽ പെട്ട ഏറ്റവും പുതിയ സ്ഥലങ്ങൾ. ഇറ്റലിയിൽ ഫേസ് മാസ് ക് ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ പൊതു ഇടങ്ങളിലും ഫേസ് മാസ് ക് ധരിച്ചിരിക്കണം. യുകെ, നെതർലാന്റ്സ്, ബെൽജിയം, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ആർക്കും രാജ്യം നിർബന്ധിത പരിശോധന പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം കൊറോണ വൈറസ് ബാധിച്ച യൂറോപ്പിലെ ആദ്യ രാജ്യമായി ഇറ്റലി മാറിയപ്പോൾ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് അവർ നേരിട്ടത്.

അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർക്ക് സർക്കാർ പരിഗണിക്കുന്ന നിരവധി മാർഗങ്ങളിലൂടെ ക്വാറന്റീൻ ഒഴിവാക്കാം. സ്വകാര്യ കോവിഡ് പരിശോധനയോ യാത്രയ്ക്ക് മുമ്പ് സ്വയം ഐസൊലേഷനിൽ കഴിഞ്ഞവർക്കോ ക്വാറന്റീൻ ഒഴിവാക്കാമെന്ന് ഗ്രാന്റ് ഷാപ് സ് പറഞ്ഞു. സർക്കാർ പരിഗണിക്കുന്ന മറ്റൊരു മാർഗം, യാത്രക്കാർക്ക് രണ്ടാഴ് ചയ്ക്ക് പകരം ഒരാഴ്ച സ്വയം ഒറ്റപ്പെടേണ്ടിവരുന്ന ഒരു സംവിധാനമാണ്. ഒരാഴ് ചയ്ക്ക് ശേഷം അവരെ പരിശോധിച്ച് ഫലം നെഗറ്റീവ് ആയാൽ പിന്നീട് ഐസൊലേഷനിൽ കഴിയേണ്ടതില്ല. യാത്ര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് വിമാനക്കമ്പനികളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ശൈത്യകാലത്തെ അതിജീവിക്കാൻ യാത്രാ മേഖലയ്ക്ക് അടിയന്തിര പിന്തുണ ആവശ്യമാണെന്നുള്ള അഭിപ്രായം ശക്തമാണ്.

സ്വന്തം ലേഖകൻ

കൊളംബിയയിലെ ഉബേറ്റിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നയാളും മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ അമ്മയായ മയർലി ഡിയാസ് റോജാസ് ഭർത്താവ് ഫാവിയോ ഗ്രാൻഡാസ്, കുഞ്ഞ് മാർട്ടിന്റെ നാനിയായ നൂരിസ് മാസാ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനം നിയന്ത്രിച്ചിരുന്ന ഗ്രാൻഡാസ് ബൊഗോട്ടയിലെ പ്രശസ്തനായ ഡോക്ടറാണ്. സാന്താ മാർട്ടയിൽ നിന്ന് ഗ്വായ് മരലിലേയ്ക്ക് പറക്കുകയായിരുന്ന HK 2335-G വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്, രക്ഷാപ്രവർത്തകർ എത്തുമ്പോൾ അമ്മ കുഞ്ഞിനെ തന്റെ മടിയിൽ പോറലേൽക്കാത്ത വിധം സുരക്ഷിതമായി പിടിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പരിക്ക് പറ്റാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം സ്വന്തം ശരീരം ഉപയോഗിച്ചു മറച്ചിരുന്നു. കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. “അപകടത്തിൽ ജീവനറ്റ ഇരകൾക്കൊപ്പവും അവരുടെ കുടുംബങ്ങൾക്കപ്പവും ആണ് തങ്ങളെന്ന് അവർ അറിയിച്ചു. രക്ഷപ്പെടുത്തിയ ഉടൻതന്നെ കുഞ്ഞിനെ വിദഗ് ധ പരിചരണത്തിനായി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടി ഇപ്പോൾ ഫണ്ടേസിയൻ സാന്റ ഫേ ഡേ ബൊഗോട്ട യൂണിവേഴ് സിറ്റി ഹോസ് പിറ്റലിൽ ആണുള്ളത്. ഏവിയേഷൻ അതോറിറ്റി വിമാന അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. പ്രാഥമിക നിഗമനത്തിൽ തകർന്നുവീണ വിമാനത്തിന്റെ ടെക് നിക്കൽ ഡോക്യുമെന്റുകളെല്ലാം ശരിയായ രീതിയിൽ തന്നെ കൈവശമുണ്ടായിരുന്നു. വിമാനം തകർന്നു വീഴാനുള്ള കാരണം എന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.

വിമാനം തകർന്നു വീണ സ്ഥലത്ത് പ്രദേശവാസികൾ കൂടി നിൽക്കുന്നത് മുതലുള്ള വീഡിയോ ഫൂട്ടേജുകളാണ് ലഭ്യമായത്. ഒരു മനുഷ്യൻ ഓടിവന്ന് വിമാനത്തിനകത്ത് നിന്ന് എന്തോ ഒരു വസ്തു എടുക്കുന്നതും പച്ച ഹെൽമെറ്റ് ധരിച്ച് മറ്റൊരാളിന് അത് കൈമാറുന്നതും, അയാൾ ആ വസ്തുവും കൊണ്ട് നടന്നകലുന്നതും ദൃശ്യങ്ങളിൽ കാണാം.

സ്വന്തം ലേഖകൻ

യു കെ :- 13 മണിക്കൂർ നീണ്ട ശമ്പള രഹിത ഡ്യൂട്ടിക്ക് ശേഷം, എത്തിയ നേഴ് സിംഗ് വിദ്യാർത്ഥിക്ക് പാർക്കിംഗ് ഫൈൻ ഈടാക്കി അധികൃതർ.23 വയസ്സുകാരിയായ അതീന അനാസ് താസിയോയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 35 പൗണ്ട് ആണ് ഫൈനായി അതീനയിൽ നിന്നും ഈടാക്കിയത്. താൻ ഇത്രയും പണം ഫൈൻ ആയി അടയ്ക്കാനുള്ള ഒരു അവസ്ഥയിൽ അല്ലെന്ന് അതീന പറഞ്ഞു. മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം എത്തിയ തനിക്ക് ഇത്തരം ഒരു ദുരനുഭവം നേരിട്ടത് വളരെ വേദനാജനകം ആണെന്നും അവർ പറഞ്ഞു. ഇതോടെ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് പാർക്കിംഗ് സൗജന്യമാക്കണം എന്ന ആവശ്യം ശക്തമായി തീർന്നിരിക്കുകയാണ്.

ഇത് തന്റെ മാത്രം പ്രശ് നമല്ലെന്നും, നിരവധി നഴ് സിംഗ് വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നമാണെന്നും അതീന പറഞ്ഞു. തങ്ങൾ ചെയ്യുന്ന സേവനങ്ങളെ വിലകുറച്ചു കാണുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികൾ എന്നും അതീന കുറ്റപ്പെടുത്തി. കൊറോണ ബാധ തുടങ്ങിയ മാർച്ചിൽ ഗവൺമെന്റ് സ്റ്റാഫുകൾക്ക് എല്ലാം സൗജന്യ പാർക്കിങ് അനുവദിച്ചിരുന്നു. എന്നാൽ സെപ്റ്റംബറോടെ ഇത് അവസാനിച്ചു. ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതർ നൽകിയില്ല എന്നും അവർ കുറ്റപ്പെടുത്തി.

നഴ് സിംഗ് പഠന കാലത്ത് രണ്ടായിരത്തി മുന്നൂറോളം മണിക്കൂറാണ് സൗജന്യമായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത്. അതിനാൽ തന്നെ പാർക്കിംഗ് ഫീസ് എങ്കിലും സൗജന്യമായി ലഭിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും അതീന മാധ്യമങ്ങളോട് പറഞ്ഞു. അതീനയുടെ ട്വീറ്റിന് നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതോടെ ഗവൺമെന്റ് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷയിലാണ് എൻഎച്ച് എസ് സ്റ്റാഫുകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലണ്ടൻ, എസെക് സ്, യോർക്ക്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശനിയാഴ്ച മുതൽ കർശനമായ ടയർ 2 കോവിഡ് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യക്തമാക്കി. ഈ ഹൈ അലേർട്ട് ലെവലിന് കീഴിൽ പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി 10 മണിക്ക് അടയ്ക്കും. വീടിനുള്ളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. ഒപ്പം ആറ് പേരിൽ കൂടുതൽ പുറത്ത് ഒത്തുചേരാനും സാധിക്കില്ല. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ഇപ്പോൾ വെരി ഹൈ, ഹൈ അലേർട്ട് ലെവലുകളിലാണ് ജീവിക്കുന്നത്. ലണ്ടൻ, എസെക്സ്, സർറേയിലെ എൽംബ്രിഡ്ജ്, കുംബ്രിയ ഫർണെസിലെ ബറോ, യോർക്ക്, നോർത്ത് ഈസ്റ്റ് ഡെർബിഷയർ, ചെസ്റ്റർഫീൽഡ്, എറിവാഷ്, ഡെർബിഷയർ എന്നീ മേഖലകളാണ് ശനിയാഴ്ച മുതൽ ഹൈ അലേർട്ട് ലെവലിലേയ്ക്ക് കടക്കുന്നത്. “ഇപ്പോൾ ഈ നടപടികൾ എളുപ്പമല്ലെന്ന് എനിക്കറിയാം. പക്ഷേ അവ സുപ്രധാനമാണ്.” മാറ്റ് ഹാൻകോക്ക് എംപിമാരോട് അറിയിച്ചു.

കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ ത്രിതല സംവിധാനം ബുധനാഴ്ചയാണ് നിലവിൽ വന്നത്. നിലവിൽ ‘വെരി ഹൈ ലെവലിൽ’ ഉള്ള ഏക മേഖല ലിവർപൂൾ സിറ്റി റീജിയനാണ്. ഏറ്റവും പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ, ഇംഗ്ലണ്ടിലെ എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം കൂടുതൽ കോൺടാക്ടുകളുമായി ബന്ധപ്പെടുന്നതിൽ പരാജയപ്പെട്ടു. അതേസമയം രോഗം പടരുന്നത് തടയാൻ ഒരു ഹ്രസ്വ പരിമിത ലോക്ക്ഡൗൺ ആവശ്യമാണെന്ന ലേബർപാർട്ടി നേതാവ് കെയർ സ്റ്റാർമറിന്റെ പ്രസ്താവനയെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പിന്തുണച്ചിട്ടുണ്ട്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒരു ദേശീയ ലോക്ക്ഡൗൺ സമൂഹത്തിന് വിനാശകരമാകുമെന്ന് അദ്ദേഹം കോമൺസിലെ എംപിമാരോട് പറഞ്ഞു. ശൈത്യകാലത്ത് ഓരോ രോഗിക്കും ചികിത്സ നൽകാനുള്ള ശേഷി എൻ‌എച്ച്‌എസിനുണ്ടെന്ന് ഉറപ്പുവരുത്താൻ ജാഗ്രത പാലിക്കുകയാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടതെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ അറിയിച്ചു.

പുതിയ നിയന്ത്രണങ്ങൾക്ക് വഴങ്ങുകയില്ലാതെ വേറെ വഴിയില്ലെന്ന് ലണ്ടൻ ലേബർപാർട്ടി മേയർ സാദിഖ് അറിയിച്ചു. ശരിയായ പിന്തുണാ പാക്കേജ് ഉറപ്പാക്കാതെയുള്ള ടയർ 2 നിയന്ത്രണങ്ങൾ പബ്ബുകളെ നശിപ്പിക്കുമെന്ന് ബ്രിട്ടനിലെ മദ്യനിർമ്മാണ, പബ്ബ് മേഖലയുടെ ട്രേഡ് അസോസിയേഷനായ ബ്രിട്ടീഷ് ബിയർ ആൻഡ് പബ്ബ് അസോസിയേഷൻ (ബി‌ബി‌പി‌എ) വ്യക്തമാക്കിയിട്ടുണ്ട്. കൗണ്ടിക്കായുള്ള ടയർ 2 നിയന്ത്രണങ്ങളെ സ്വാഗതം ചെയ്യുന്നതായും എന്നാൽ ബിസിനസുകൾ സാമ്പത്തികമായി ദുരിതമനുഭവിക്കുന്നത് തടയാൻ ചാൻസലർ റിഷി സുനാക്കിനോട് സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്നും എസെക് സിലെ ഹാർലോ കൺസർവേറ്റീവ് എംപി റോബർട്ട് ഹാൽഫോൺ പറഞ്ഞു. അതേസമയം, ഗ്രേറ്റർ മാഞ്ചസ്റ്ററിനെ വെരി ഹൈ ലെവലിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഹാൻ‌കോക്ക് സ്ഥിരീകരിച്ചു.

“ബീ ക്രിയേറ്റിവിൻെറ ” ബാനറിൽ നിർമ്മിച്ച്, കലാതിലകം മിന്നാജോസും കലാപ്രതിഭകളും കൈകോർക്കുന്ന“ “കൃഷ്ണ”എന്ന കലോപഹാരം ബീ ക്രിയേറ്റിവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്ന് റിലീസ് ചെയ്യുകയാണ്. തുളസിക്കതിർ നുള്ളിയെടുത്തു …”എന്ന മനോഹരമായ ഗാനം ഡെന്നാ ആൻ ജോമോൻ, ജിയാ ഹരികുമാർ, അലീനാ സെബാസ്റ്റ്യൻ, സൈറ മരിയാ ജിജോ, അന്നാ ജിമ്മി മൂലംകുന്നം എന്നീ അഞ്ച് കൗമാര പ്രതിഭകൾ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കാഴ്ച്ചയിൽ പ്രേക്ഷകരുടെ മനസ്സിലെ ഗോകുലത്തോട് മത്സരിക്കാനായി സാലിസ്ബറി നൻടം ഫാമിൽ വച്ചായിരുന്നു ചിത്രീകരണം.

കലാതിലകം മിന്നാ ജോസ്‌ രാധയായും ആൻഡ്രിയ ജിനോ കൃഷ്ണനായും അതിമനോഹരമായ നൃത്തച്ചുവടുകൾ കാഴ്ച വച്ചു. സ്റ്റാലിൻ സണ്ണി ചിത്രീകരണം നടത്തിയപ്പോൾ യുകെയിലെ പ്രശസ്ത ഗായകനായ ഹരീഷ് പാലയിൽ അതിമനോഹരമായ നിറകാഴ്ചകളുമായി വീഡിയോ എഡിറ്റിങ്ങ് പൂർത്തീകരിച്ചു. ഇന്ന് പുറത്തിറങ്ങുന്ന ഈ “സംഗീത-നൃത്ത കതിർമാല” ഏറ്റുവാങ്ങി ഈ കലാകാരികളെ പ്രോത്സാഹിപ്പിക്കുവാൻ ഹൃദയപൂർവ്വം ഞങ്ങൾ സഹൃദയരായ പ്രേക്ഷകരെ ക്ഷണിക്കുകയാണ്. ബീ ക്രിയേറ്റിവിന്റെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഈ നൃത്തശില്പം ആസ്വദിക്കുക.

യുകെയിലെ കലാപ്രതിഭകൾ ഒത്തുചേർന്നപ്പോൾ, നാട്ടിലേതിനേക്കാൾ മികച്ച, യുകെയിലെ സാംസ്കാരികമേഖലയിൽ, അഭിമാനംകൊള്ളുന്ന ഓരോ മലയാളിക്കും നെഞ്ചോട് ചേർത്തു വെക്കാവുന്ന അതിമനോഹരമായ ആൽബമാണ് സൃഷ്ടിക്കപ്പെട്ടത്. പ്രേക്ഷകരുടെ കണ്ണുകൾക്കും കാതുകൾക്കും കുളിർമയേകുകയും, പഴയ തലമുറയെ മനോഹരമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഈ മനോഹര ഗാന നൃത്ത ശില്പത്തിന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ആവും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ അണിയറപ്രവർത്തകർക്ക് നിറഞ്ഞ കയ്യടികൾ നൽകാം.
ടീം ബി ക്രിയേറ്റീവ് ആണ് ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ബീ ക്രിയേറ്റിവിൻ്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു സഹകരിക്കണമെന്ന് പിന്നണിയിൽ പ്രവർത്തിച്ചവർ അഭ്യർത്ഥിച്ചു.

[ot-video][/ot-video]

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് പ്രോഗ്രാമിൽ പ്രവർത്തിക്കാൻ കൺസൾട്ടന്റുമാർ പ്രതിദിനം 7,000 പൗണ്ടിൽ കൂടുതൽ വരുമാനം വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് അവർക്ക് പണം നൽകുന്നത് സംബന്ധിച്ച് മന്ത്രിമാർ സമ്മർദ്ദത്തിലാണ്. ഇൻഡിപെൻഡന്റ് സേജ് ഗ്രൂപ്പ് ഓഫ് സയന്റിസ്റ്റ് അംഗമായ ആന്റണി കോസ്റ്റെല്ലോ, ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് അറിയിച്ചു. പദ്ധതിയുടെ മുതിർന്ന കൺസൾട്ടന്റുമാരുടെ ഒരു ദിവസത്തെ നിരക്ക് ഏകദേശം 7,000 പൗണ്ട് ആണെന്നും 10 ശതമാനം ഡിസ്‌കൗണ്ട് ബാധകമാണെന്നും സ്കൈ ന്യൂസ് പറഞ്ഞു. കണക്കുകൾ ഏകദേശം 15 ലക്ഷം പൗണ്ട് വാർഷിക ശമ്പളത്തിന് തുല്യമാണ്. മന്ത്രിമാർ ഈ സംവിധാനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെങ്കിലും കോവിഡ് -19 ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്ന നിരവധി ആളുകളെ അറിയിക്കുന്നതിൽ സിസ്റ്റം ഇപ്പോഴും പരാജയപ്പെടുന്നു.

മാനേജ്മെൻറ് കൺസൾട്ടന്റുകളുടെ പ്രമുഖ സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിലെ (ബിസിജി) മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് പണമടയ്ക്കുന്നുണ്ടെന്ന് സ്കൈ ന്യൂസ് വ്യക്തമാക്കി. ഈ തകർന്ന സംവിധാനത്തിനായി ചെലവഴിക്കുന്ന തുക ശരിക്കും ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹെൽത്ത്‌ സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. “പരിശോധനയും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും വൈറസിനെ നിയന്ത്രണത്തിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഫലമില്ലാത്ത ഒരു കാര്യത്തിനായി ഇത്രയും വലിയ തുക ചിലവഴിക്കുന്നത് കൂടുതൽ അപമാനകരമാണ്.” ആഷ്വർത്ത് കൂട്ടിച്ചേർത്തു. പൊതുപ്രവർത്തകരെ ഉപയോഗിച്ച് ഇത് മുന്നോട്ട് കൊണ്ടുപോകാൻ ലേബർപാർട്ടി എംപി ടോബി പെർകിൻസ് ആവശ്യപ്പെട്ടു.

എന്നാൽ ഈ വിഷയത്തിൽ ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പ്രതികരിച്ചത് ഇപ്രകാരമാണ്; “യൂറോപ്പിലെ ഏറ്റവും വലിയ പരീക്ഷണ സംവിധാനമാണ് എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ്. ഇത് ഒരു ദിവസം 270,000 ടെസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ കൊറോണ വൈറസ് പടരാൻ സാധ്യതയുള്ള 700,000 ആളുകളുമായി ബന്ധപ്പെടുന്നു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഡയഗ് നോസ്റ്റിക് ശൃംഖല കെട്ടിപ്പടുക്കുന്നതിന്, ഞങ്ങൾക്ക് ആവശ്യമായ പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ചെലവഴിക്കുന്ന ഓരോ പൗണ്ടും ഞങ്ങൾ പരീക്ഷണ ശേഷി വർദ്ധിപ്പിക്കുവാൻ ഉപയോഗിക്കുമ്പോൾ ആളുകളെ സുരക്ഷിതമായി നിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾ വരെ നടത്തുക എന്നതാണ് ലക്ഷ്യം.”

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ നിത്യജീവിതത്തിലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇംഗ്ലണ്ട്. പുതിയ ത്രീ ടയർ സംവിധാന പ്രകാരം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതും, പബ്ബുകളിൽ സമയം ചെലവഴിക്കുന്നതും തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഗവൺമെന്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കൗൺസിലുകളെ മീഡിയം, ഉയർന്നത്, വളരെ ഉയർന്നത് എന്നീ തീവ്രത മേഖലകളാക്കി തിരിച്ചു കഴിഞ്ഞു. എന്നാൽ ഏതൊക്കെ മാനദണ്ഡങ്ങൾ ഉപയോഗിച്ചിട്ടാണ് ഈ തരംതിരിവ് എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

വർദ്ധിച്ച അളവിൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നസ്ഥലങ്ങൾ വളരെ ഉയർന്ന തീവ്രത ഈ മേഖലയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന പിഴവ്. ആഴ്ചകൾക്കുമുമ്പ് മാഞ്ചസ്റ്ററിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനത്തായിരുന്നു, അന്ന് ലിവർപൂളിലെ നോവ്സ് ലിയാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം, എന്നാൽ ആ മേഖല ഉയർന്ന തീവ്രത ടയറിൽ ഉൾപ്പെടുത്തിയെങ്കിലും, മാഞ്ചസ്റ്റർ പുറത്താണ്.

എന്തുകൊണ്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ രണ്ടാമത്തെ ടയറിലും, താരതമ്യേന കുറഞ്ഞ എണ്ണമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകൾ തീവ്രത കൂടുതലുള്ള ടയറിലും ഉൾപ്പെടുത്തിയതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ:
1) കൊറോണവൈറസ് കേസുകളുടെ എണ്ണം അവയിലെ വർദ്ധനവ്.
2) പോസിറ്റിവിറ്റി റേറ്റ്, അഥവാ ടെസ്റ്റ് ചെയ്യപ്പെടുന്ന കേസുകളിൽ പോസിറ്റീവ് ആകുന്നവയുടെ എണ്ണം.
3) എൻ എച്ച് എസ്സിൻ മേലുള്ള സമ്മർദ്ദം
4) ഏത് പ്രായപരിധിയിലുള്ള വർക്കാണ് രോഗം ഉള്ളത്
എന്നിവയൊക്കെ ആണ് മൂന്നു ടയറുകളിൽ ആയി മേഖലകളെ തിരിക്കാൻ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം.

ലിവർപൂൾ സിറ്റിയിലെ 6 പ്രദേശങ്ങൾ വളരെ ഉയർന്ന തീവ്രത പ്രദേശമായാണ് കണക്കാക്കുന്നത്. എന്നാൽ മാഞ്ചസ്റ്ററിൽ അനുദിനം കേസുകൾ വർദ്ധിച്ചിട്ടും തീവ്രത മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലിവർപൂളിൽ നിന്നുള്ള രോഗികളാണ് മാഞ്ചസ്റ്ററിനേക്കാൾ ആശുപത്രിയിൽ അഡ് മിറ്റ് ആയവരിലധികവും.

അതേസമയം രാജ്യത്തെ 7200 ഓളം വരുന്ന പ്രദേശങ്ങളിൽ, നോട്ടിംഗ്ഹാം യൂണിവേഴ് സിറ്റിയും, നോട്ടിംഗ്ഹാം ട്രെൻഡ് യൂണിവേഴ് സിറ്റിയുമാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന രീതിയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു സ്ഥലം, എന്നാൽ അവയെ അതിതീവ്ര മേഖലയിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്യാമ്പസിലെ കുട്ടികളുടെ പ്രായപരിധി കണക്കിൽ എടുത്തിട്ടാണ് ഇങ്ങനെയൊരു നീക്കം.

ഇപ്പോൾ അതിതീവ്ര മേഖലയിലുള്ള പ്രദേശങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണങ്ങൾക്ക് അയവ് നൽകുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല, നാല് ആഴ്ച കൂടുമ്പോൾ കൗൺസിലർമാർ കണക്കുകൾ വിശകലനം ചെയ്യണമെന്നാണ് നിർദ്ദേശം. മുൻപുതന്നെ ലോക്കൽ ലോക് ഡൗണിൽ പ്രവേശിച്ചിരുന്ന പ്രദേശങ്ങൾക്ക് ഇപ്പോൾ നിർദ്ദേശങ്ങളിൽ അയവുണ്ട്.

നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒൻപത് മേയർമാരിൽ ആറുപേരും വടക്കൻ മിഡ് ലാൻഡ് സ് മേഖലകളിൽ നിന്നുള്ളവരാണ്, എന്നാൽ അവർക്ക് നിയന്ത്രണങ്ങളുടെ കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞിട്ടേയില്ല. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ ആൻഡി ബൺഹാമിനോട്, കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ചു കൂടെ എന്ന ചോദ്യത്തിന്, ‘എനിക്ക് അതിനുള്ള സാധ്യത ഉണ്ടെങ്കിൽ അത് ചെയ്യുമായിരുന്നു’ എന്നായിരുന്നു മറുപടി.അതേസമയം മേഴ് സിസൈഡിലെ നിയന്ത്രണങ്ങൾ ലോക്കൽ മേയറോട് ചർച്ച ചെയ്ത ശേഷമാണ് തീരുമാനിച്ചതെന്ന, ബോറിസ് ജോൺസൺന്റെ അഭിപ്രായത്തോട് മെട്രോപോളിറ്റൻ മേയർ നിഷേധം രേഖപ്പെടുത്തി. നിയന്ത്രണങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

സെപ്റ്റംബർ 21 ഓടെ രാജ്യത്തെ ആരോഗ്യവിദഗ് ധർ നൽകിയ നിർദ്ദേശപ്രകാരം ഭക്ഷണം വിതരണം ചെയ്യുന്ന കഫെകൾ ഉൾപ്പെടെ പൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അതിതീവ്ര പ്രദേശങ്ങളിൽ ഉൾപ്പെടെ അത്യാവശ്യ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന പബ്ബുകൾക്കും റസ്റ്റോറന്റ് കേൾക്കും തുറന്നു പ്രവർത്തിക്കാം. റിസ് ക് കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകളുടെ അകത്തളങ്ങളിൽ പോലും കുടുംബങ്ങളുടെ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലിവർപൂൾ : പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് മണിക്കൂറുകൾക്ക് മുമ്പ് ലിവർപൂളിൽ ഒത്തുകൂടിയത് വൻ ജനക്കൂട്ടം. ചൊവ്വാഴ്ച രാത്രി 10 മണിയോട് അടുപ്പിച്ചാണ് കോവിഡ് നിയന്ത്രണങ്ങളെ വക വയ്ക്കാതെ പൊതുജനങ്ങൾ ഒത്തുകൂടിയത്. ഇന്ന് മുതൽ ലിവർപൂൾ ട്രിപ്പിൾ ലോക്ക്ഡൗൺ പരിധിയിൽ വന്നു കഴിഞ്ഞു. കോവിഡ് ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരുന്ന ലോക്ക്ഡൗണിനോട് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇവിടെ. ജിം, കാസിനോ, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവ അടച്ചുപൂട്ടും. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടന്ന സംഭവത്തെ ലജ്ജാകരമെന്നാണ് മേയർ വിശേഷിപ്പിച്ചത്. നിയമങ്ങളെ അവഗണിക്കുന്നത് കാരണമാണ് നഗരം ഇപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗൺ നേരിടുന്നതെന്ന് മേയർ ജോ ആൻഡേഴ് സൺ പറഞ്ഞു. ബാറുകൾക്ക് സമീപം ആളുകൾ ഒത്തുകൂടിയെന്നും എന്നാൽ വേഗം തന്നെ പിരിഞ്ഞുപോയെന്നും പോലീസ് അറിയിച്ചു. കൊറോണ വൈറസ് നിയമലംഘനത്തിന് 38 ഫിക് സ് ഡ് പെനാൽറ്റി നോട്ടീസുകൾ നൽകിയിട്ടുണ്ട്.

പോലീസ് വാഹനത്തിന് ചുറ്റും ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതായി ഫൂട്ടേജിൽ കാണാം. “ഈ ചിത്രങ്ങൾ നമ്മുടെ നഗരത്തെ സംബന്ധിച്ചിടത്തോളം ലജ്ജകരമാണ്. ആരോഗ്യ മേഖല താളം തെറ്റുകയാണ്. 300 പേർ ആശുപത്രികളിൽ കഴിയുന്നു. 30 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. ജനങ്ങളുടെ ഈ മനോഭാവം കാരണമാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ എത്തിനിൽക്കുന്നത്” ജോ അൻഡേഴ് സൺ ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ കൂട്ടംകൂടിയത് കണ്ടപ്പോൾ താൻ അതിശയിച്ചുപോയെന്നും ഇത് അപകടകരമായ നീക്കമാണെന്നും മെർസീസൈഡ് പോലീസ് ചീഫ് കോൺസ്റ്റബിൾ ആൻഡി കുക്ക് പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ അണുബാധ നിരക്കാണ് ലിവർപൂളിൽ. ഒരു ലക്ഷം ജനസംഖ്യയിൽ 635 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബഹുഭൂരിപക്ഷം ആളുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും എന്നാൽ മനഃപൂർവം നിയമം അവഗണിക്കുന്നവർ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് കുക്ക് കൂട്ടിച്ചേർത്തു. “പുതിയ നിയമങ്ങൾ ചിലരെ നിരാശപ്പെടുത്തുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, എല്ലാവരുടെയും സുരക്ഷയ്ക്കായി സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ളവ അനുസരിക്കാൻ ഞങ്ങൾ എല്ലാവരേയും ഉപദേശിക്കും.” മെർസീസൈഡ് പോലീസിലെ ചീഫ് സൂപ് പീറ്റർ കോസ്റ്റെല്ലോ അറിയിച്ചു. രോഗവ്യാപനം ശക്തമായികൊണ്ടിരിക്കുന്ന ഈ സമയത്ത് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നടപടികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

RECENT POSTS
Copyright © . All rights reserved