ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പൂർണമായ വിട്ടു പോക്ക്, രാജ്യത്തിന് പുതിയ ഉണർവ് നൽകും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. രാജ്യത്തിന് പുതിയ സ്വാതന്ത്ര്യം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. യുകെ എന്നും ഒരു നല്ല സുഹൃത്തായി നിലനിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചു.തുടക്കത്തിൽ ചില പോരായ്മകൾ ഉണ്ടാകുമെങ്കിലും, അടുത്ത വർഷം രാജ്യത്തിന് പുരോഗതിയുടെ വർഷം ആകുമെന്ന് മന്ത്രിമാർ എല്ലാവരും ജനങ്ങൾക്ക് ഉറപ്പുനൽകി. ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്കായി പൂർണമായും ഉപയോഗപ്പെടുത്തുമെന്ന് പുതുവത്സര സന്ദേശത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി.


ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലം പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. പരസ്പരമുള്ള കണ്ടുമുട്ടലുകളും, സൗഹൃദങ്ങളും എല്ലാം ഒരു വർഷം നിലച്ചിരിക്കുകയായിരുന്നു. ജനങ്ങൾ എല്ലാവരും തങ്ങളുടെ ഭവനങ്ങളിൽ മാത്രം കഴിയേണ്ട ഒരു അവസ്ഥയിലേക്ക് കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ എത്തിച്ചു. 2021 വർഷം ഈ ഒരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. അന്ധകാരത്തിൽ നിന്നും പ്രതീക്ഷയുടെ നാളുകൾക്കായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുതിയ വർഷത്തെ ഉറ്റുനോക്കുകയാണ്.


ഇത്തരമൊരു സാഹചര്യത്തിൽ, പ്രതീക്ഷയുടെ നാളമേകുന്നതാണ് ഈ പുതിയ വർഷം. എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ പുതുവത്സരാശംസകൾ നേരുന്നു. ഈയൊരു വർഷം സന്തോഷത്തിന്റെയും, നന്മയുടെയും വർഷമാകട്ടെ എന്ന ആശംസകളും എല്ലാ വായനക്കാർക്കും നേരുന്നു.