Main News

സ്വന്തം ലേഖകൻ

ഫ്ലോറിഡ : ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിയ്ക്കാനിരുന്ന സ് പേസ് എക്സിന്റെയും നാസയുടെയും ശ്രമങ്ങൾക്ക് തിരിച്ചടി. യു.എസ്​ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ് പേസ് എക്​സിന്‍റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്​ഥയെത്തുടർന്നാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന് സമീപം ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ രൂപപെട്ടതിനെ തുടർന്നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നിർത്തലാക്കേണ്ടിവന്നത്. നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ ​ ചരിത്രം രചിക്കാനിരുന്നതായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മസ്​കിന്റെ ഉടമസ്​ഥതയിലുള്ള സ് പേസ് എക്സ് മുന്നിട്ടിറങ്ങിയത്. എന്നാൽ ടേക്കോഫിന്​ 16 മിനിറ്റ്​ മാ​ത്രം മുമ്പാണ്​ ദൗത്യം ശനിയാഴ്ചത്തേക്ക്​ മാറ്റിയത്​.

265 അടി ഉയരമുള്ള റോക്കറ്റിന് മുകളിൽ ക്രൂ ഡ്രാഗൺ കാപ്സ്യൂളിന്റെ ക്യാബിനിൽ നാസ ബഹിരാകാശയാത്രികരായ റോബർട്ട് ബെൻ‌കെൻ, ഡഗ്ലസ് ഹർലി എന്നിവർ മൂന്ന് മണിക്കൂർ നേരം കുടുങ്ങിക്കിടന്നു. ഇടിമിന്നൽ സാധ്യതയും വിക്ഷേപണത്തിന് തടസ്സമായെന്ന് അധികൃതർ പറഞ്ഞു. ലോഞ്ച് പാഡ് പ്ലാറ്റ്ഫോം പിൻവലിക്കുകയും റോക്കറ്റിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുന്നതിനിടയിലാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. മെയ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:22 ന് നാസയും സ്‌ പേസ് എക്‌സും കേപ്പ് കനാവറലിൽ തന്നെ വീണ്ടും വിക്ഷേപണത്തിനായി ശ്രമിക്കും. 2011ന് ശേഷം യുഎസിൽ നടക്കുന്ന ഒരു വിക്ഷേപണത്തിനായി ഇനി ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കനും ഹാർലിക്കും സ്വന്തമാക്കാം. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളുമാണ്. വിക്ഷേപണത്തിന് സാക്ഷിയാവാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ എത്തിയിരുന്നു. ചരിത്രപരമായ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടക്കാതിരിക്കുകയാണെങ്കിൽ താൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് നേരത്തെ സ്‌ പേസ് എക്‌സ് ബോസ് എലോൺ മസ്‌ക് പറഞ്ഞു. എങ്കിലും ലോകം വീണ്ടും കാത്തിരിക്കുകയാണ്. ഫാൽക്കൺ പറന്നുയരുന്നത് കാണുവാൻ.

സ്വന്തം ലേഖകൻ

ഇന്നലെ വൈകിട്ട് ഉണ്ടായ സംഭവത്തിൽ പരിക്കേറ്റതാവാം എന്ന് കരുതപ്പെടുന്ന സ്ത്രീ അത്യാസന്ന നിലയിലാണ്, എന്നാൽ പുരുഷന്റെ മുറിവുകൾ അത്ര ഗുരുതരമല്ല. ഐലിംഗ്ടൺ വീട്ടിലാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏകദേശം എട്ടരയോടെ അഡ്രസ്സ് ഉൾപ്പെടെ അറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ പുരുഷൻ കുത്തേറ്റ നിലയിലും സ്ത്രീ പ്രതികരിക്കാത്ത അബോധാവസ്ഥയിലുമായിരുന്നു. ആദ്യം സ്ത്രീക്ക് കുത്തേറ്റതായാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

വിവരം അറിഞ്ഞ ഉടനെ പരിഭ്രാന്തരായ നാട്ടുകാർ തെരുവിൽ കൂട്ടം കൂടുകയായിരുന്നു. നിരവധി പോലീസ് വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഐലിംഗ്ടൺ പോലീസ് പറയുന്നത് ഇങ്ങനെ, 27 ബുധനാഴ്ച രാത്രി 8. 24ഓടെ പോലീസിനെ എൻ വൺ സൗത്ത് ഗേറ്റ് റോഡിലെ അഡ്രസ്സിലേക്ക് വിളിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ രണ്ടു വ്യക്തികളെയാണ് കണ്ടെത്തിയത്, 70 വയസ്സ് പ്രായമുള്ള ഇരുവരും അവശനിലയിലായിരുന്നു, പുരുഷൻ കത്തിക്കുത്തേറ്റ നിലയിലും സ്ത്രീ മരണത്തോട് മല്ലടിക്കുന്ന വിധത്തിൽ അത്യാസന്ന നിലയിലും.

സ്വന്തം ലേഖകൻ

ലണ്ടൻ : ജൂൺ ഒന്നുമുതൽ രാജ്യത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുമെന്നിരിക്കെ പ്രാദേശിക ലോക്ക്ഡൗൺ എന്ന നടപടിയാവും ഇനി സർക്കാർ സ്വീകരിക്കുക. കേസുകളുടെ എണ്ണമനുസരിച്ച് ഒരു പ്രദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന നടപടിയാണിത്. കൊറോണ വൈറസ് കേസുകൾ ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും അവിടുത്തെ സ്കൂളുകളും ജോലിസ്ഥലങ്ങളും അടച്ചിടുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു. സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊക്കെ പ്രദേശങ്ങൾ അടച്ചിടണമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെൻ‌റിക് കൂട്ടിച്ചേർത്തു.

കേസുകൾ ഉയരുന്ന പ്രദേശങ്ങൾ ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററിന്റെയും എൻ എച്ച് എസിന്റെയും കീഴിലാകും. തൽഫലമായി ആ പ്രദേശങ്ങളിലെ സ്കൂളുകൾ, ബിസിനസുകൾ, ജോലിസ്ഥലങ്ങൾ എന്നിവ അടച്ചിടാമെന്ന് സർക്കാരിന്റെ പദ്ധതിയിൽ പറയുന്നു. എല്ലാ പ്രദേശങ്ങളിലും ഒരുപോലെ ലോക്ക്ഡൗൺ ഇളവുകൾ നൽകിയാൽ അത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിലേക്ക് വഴിയൊരുക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. അതിനാൽ തന്നെ സർക്കാരിന്റെ പദ്ധതി പ്രകാരം പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലാക്കുമ്പോൾ അത് കൂടുതൽ സുരക്ഷിതമായ നടപടിയായി മാറുന്നുണ്ട്. കേസുകൾ ആദ്യം ഉയർന്നുനിന്നത് ലണ്ടൻ, മിഡ്‌ലാന്റ്സ്, ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ സൗത്ത് വെയിൽസിലും നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലുമാണ് രോഗം തീവ്രമായി തുടരുന്നത്.

ജൂൺ ഒന്നുമുതൽ ടെസ്റ്റ്‌, ട്രാക്ക്, ട്രേസ് സിസ്റ്റം രാജ്യത്ത് കൊണ്ടുവരുമെന്നും 25,000 കോൺടാക്ട് ട്രേയിസർസിലൂടെ ഒരു ദിവസം 10000 പുതിയ കേസുകൾ ട്രാക്ക് ചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ടെസ്റ്റിങ്ങിനും ട്രാക്കിങ്ങിനും ആയി സ്കോട്ട്ലൻഡും വെയിൽസും , വടക്കൻ അയർലൻഡും സ്വന്തം പദ്ധതികൾ ആവിഷ്കരിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ തിരിച്ചറിയുന്നതിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം മന്ദഗതിയിലാക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് കോൺടാക്റ്റ് ട്രെയ്‌സിംഗ്. ഫോൺ വഴിയോ ഇമെയിൽ വഴിയോ ട്രാക്ക് ചെയ്യുന്നതാണ് ഒരു രീതി. മൊബൈൽ ആപ്ലിക്കേഷൻ വഴിയിൽ ലൊക്കേഷൻ ട്രേസ് ചെയ്യുന്നതാണ് മറ്റൊരു രീതി. രോഗവ്യാപനം പഴുതടച്ച് തടയാനുള്ള നടപടിയാണ് ഇതിലൂടെയൊക്കെ സർക്കാർ ലക്ഷ്യമിടുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്തെ കോവിഡ് മരണങ്ങൾ കുറഞ്ഞുവരുന്നത് ആശ്വാസം പകരുന്നു. മെയ് 11 നും 15 നും ഇടയിൽ, യുകെയിലുടനീളം 4,210 കോവിഡ് മരണ രജിസ്ട്രേഷനുകൾ ആണ് ഉണ്ടായിരുന്നത്. ഏപ്രിൽ ആദ്യവാരത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മെയ് 15 വരെയുള്ള ആഴ്ചയിൽ യുകെയിൽ നടന്ന മരണങ്ങളിൽ 25% മാത്രമാണ് കോവിഡ് മരണങ്ങൾ. ഏപ്രിൽ മധ്യത്തിൽ ഈ കണക്കുകൾ 40 ശതമാനം ആയിരുന്നു. മാർച്ച്‌ 23 നാണ് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ നിന്ന് അധിക മരണ രജിസ്ട്രേഷനുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് -19 പരാമർശിച്ച മരണ രജിസ്ട്രഷനുകളുടെ എണ്ണം കുറഞ്ഞു. മെയ് 15 വരെയുള്ള ആഴ്ചയിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൊറോണ വൈറസ് മരണങ്ങളിൽ 44% കെയർ ഹോമുകളിലാണ് സംഭവിച്ചത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അമിത മരണനിരക്കും ഒഎൻഎസ് പരിശോധിച്ചു.

റോഡ് അപകടങ്ങൾ, അക്രമം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് അപകടസാധ്യതകൾ ലോക്ക്ഡൗണിൽ കുറഞ്ഞതിനാൽ ചില പ്രായക്കാർക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മരണനിരക്ക് ശരാശരിയേക്കാൾ കുറവാണ്. പകർച്ചവ്യാധിയുടെ ആരംഭം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും 53,960 അധിക മരണങ്ങളുണ്ടായതായി ഒഎൻ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 23 നും മെയ് 17 നും ഇടയിൽ 4,434 അധിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലൻഡ് അറിയിച്ചു. മാർച്ച് 21 നും മെയ് 15 നും ഇടയിൽ 834 മരണങ്ങൾ ഉണ്ടായതായി നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഏജൻസി അറിയിച്ചു.

അതേസമയം കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി രൂപീകരിച്ച ഫർ‌ലോഫ് പദ്ധതിയിൽ‌ കൂടുതൽ‌ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിൽ‌ നിന്നും കമ്പനികളെ വിലക്കും. ഈയൊരു തീരുമാനം ചാൻ‌സലർ‌ റിഷി സുനക് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കും. ഓഗസ്റ്റ് ആരംഭം മുതൽ ജോബ് റീട്ടെൻഷൻ പദ്ധതി വിപുലീകരിക്കുന്നതിന് തൊഴിലുടമകളിൽ നിന്ന് സർക്കാർ ആവശ്യപ്പെടുന്ന സംഭാവനകളുടെ വിശദാംശങ്ങളും പാർട്ട്‌ ടൈം ജോലിയിൽ തിരിച്ചെത്തുന്ന ജീവനക്കാർക്ക് വ്യാപിപ്പിക്കുന്ന നിയമങ്ങളും റിഷി സുനക് അവതരിപ്പിക്കും. തൊഴിലാളികളെ മുഴുവൻ സമയ ജോലി ചെയ്യുന്നതിൽ നിന്നും പാർട്ട് ടൈം ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാൽ ഒരു കട്ട്‌ ഓഫ് തീയതി സർക്കാർ പ്രഖ്യാപിക്കും. അതിനുശേഷം ഒരു ജീവനക്കാരെയും പദ്ധതിയിൽ ചേരാൻ അനുവദിക്കില്ല. അവസാനമായി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം യുകെയിലെ മൊത്തം ജോലിയുടെ നാലിലൊന്ന് ഭാഗം ഫർലോഫ് സ്കീമിൽ ഉൾപ്പെടുന്നു. നിലവിൽ, ജീവനക്കാർക്ക് അവരുടെ സാധാരണ ശമ്പളത്തിന്റെ 80 ശതമാനം – പ്രതിമാസം 2,500 ഡോളർ വരെ ലഭിക്കും. തൊഴിലുടമകൾക്ക് ശമ്പളം, തൊഴിലുടമയുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾ, പെൻഷൻ സംഭാവനകൾ എന്നിവയ്ക്ക് പൂർണ്ണമായ നഷ്ടപരിഹാരം എന്നിവയും ലഭിക്കും.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഭരണാധികാരികൾ തന്നെ നടത്തുന്ന യാത്രകളിൽ അതൃപ്തി പ്രകടിപ്പിച്ചു പൊതുജനം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് നടത്തിയ 260 മൈൽ നീണ്ട യാത്ര വിവാദമായിരിക്കുകയാണ്. ഇതിൽ സമൂഹത്തിലെ നിരവധി ആളുകളാണ് തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം പ്രവർത്തികളിൽ പ്രതിഷേധിച്ച് തന്റെ 30 വർഷം നീണ്ട സർവീസിൽ നിന്നു വിരമിക്കാൻ ഒരുങ്ങുകയാണ് ഒരു എൻഎച്ച്എസ് പ്രവർത്തക. ഇത്തരം നിയമവിരുദ്ധ പ്രവർത്തികളെ ഗവൺമെന്റ് പിന്താങ്ങുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. അതോടൊപ്പം തന്നെ കൊറോണ രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിന്റെ പല പ്രവർത്തികളും പരാജയമായിരുന്നു എന്നും അവർ കുറ്റപ്പെടുത്തി. മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം, സെൽഫ് ഐസൊലേഷനു വേണ്ടി പണം നൽകേണ്ടി വരിക, ഇൻഫെക്ഷൻ കണ്ട്രോൾ ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ എല്ലാ പ്രതിസന്ധികളും തങ്ങൾ നേരിട്ടതായി അവർ പറയുന്നു.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് നിരവധിതവണ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ട്. തന്റെ ഭാര്യയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ ദർഹാമിലേക്കു 260 മൈൽ നീണ്ട യാത്ര നടത്തുക, തന്റെ കണ്ണ് പരിശോധിക്കാനായി ഭാര്യയോടൊപ്പം യാത്ര നടത്തുക തുടങ്ങിയവ എല്ലാം അദ്ദേഹം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്ന എൻഎച്ച്എസ് നേഴ്സ് തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. രോഗികൾക്ക് വേണ്ടിയും രോഗം നിർമാർജനത്തിന് വേണ്ടിയും അഹോരാത്രം പ്രയത്നിക്കുകയും തങ്ങളെ പോലെയുള്ളവരുടെ സഹനങ്ങളെ വിലകുറച്ച് കാണുന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ഇത്തരം പ്രവർത്തികളെന്നു അവർ കുറ്റപ്പെടുത്തി.

തന്നെപ്പോലെ തന്നെ തന്റെ സഹപ്രവർത്തകർക്കും ഇത്തരം പ്രവർത്തികളോട് കടുത്ത അതൃപ്തി ഉണ്ടെന്നും അവർ പറഞ്ഞു. തങ്ങൾക്ക് ജോലി ചെയ്യുന്നതിനാവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ പലപ്പോഴും പിഴവുകൾ വന്നിട്ടുണ്ട്. കൃത്യമായ ശമ്പളം പോലും ലഭിക്കുന്നില്ലെന്നും അവർ മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-കൊറോണ ബാധയെ തുടർന്ന് മാറ്റിവച്ച തങ്ങളുടെ വിവാഹം ജോലി ചെയ്യുന്ന ആശുപത്രിയിൽ വച്ച് തന്നെ നടത്തിയിരിക്കുകയാണ് ഡോക്ടറും നേഴ്സും. മുപ്പത്തിനാലുകാരനായ ജാൻ ടിപ്പിങ്ങിന്റെയും മുപ്പതുകാരിയായ അന്നലൻ നവര്തനത്തിന്റെയും വിവാഹം കഴിഞ്ഞ ഓഗസ്റ്റിലാണ് നടത്തുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ബാധമൂലം ഇരുവരുടേയും കുടുംബാംഗങ്ങൾക്ക് നോർത്തേൺ അയർലണ്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നും മറ്റും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമായതിനാലാണ് വിവാഹം മാറ്റിവെച്ചത്. എന്നാൽ ഇരുവരും തങ്ങൾ ജോലി ചെയ്യുന്ന സെന്റ്‌ തോമസ് ആശുപത്രിയിൽവച്ച് പരസ്പരം വിവാഹിതരായി.

സെന്റ് തോമസ് ഹോസ്പിറ്റലിലെ ചാപ്പലിൽ വച്ച് റെവറന്റ് മിയ ഹിൽബോർണിന്റെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ തങ്ങളാൽ ആവുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും നൽകും എന്ന് ഇരുവരും ഉറപ്പുനൽകി. ഈയൊരു രോഗ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് ഈ ദമ്പതികൾ.

സ്വന്തം ലേഖകൻ

ലണ്ടൻ : സർക്കാർ കണക്കുകളേക്കാൾ പതിനായിരത്തിൽ അധികം മരണങ്ങൾ ബ്രിട്ടനിൽ ഉണ്ടായെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 36,914 മരണങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം 261,184. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകൾ പ്രകാരം, യുകെയിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം യഥാർത്ഥത്തിൽ 47,000 കടന്നു. മെയ് 15 വരെ ഇംഗ്ലണ്ടിലും വെയിൽസിലും 42,173 കോവിഡ് മരണങ്ങൾ ഉണ്ടായെന്നു കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലൻഡിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് 17വരെ അവിടെ 3,546 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒപ്പം നോർത്തേൺ അയർലണ്ടിൽ മെയ്‌ 20 വരെ 664 മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 964 രോഗികൾ മെയ് 16നും 24നും ഇടയിൽ ഇംഗ്ലണ്ടിൽ മരണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ കോവിഡ് മരണങ്ങളിൽ യുകെ രണ്ടാം സ്ഥാനത്താണ്. രാജ്യങ്ങൾ തമ്മിലുള്ള മരണസംഖ്യ താരതമ്യം ചെയ്യുവാൻ മന്ത്രിമാർ താല്പര്യപ്പെടുന്നില്ല. ഓരോ രാജ്യങ്ങളും മരണങ്ങൾ വളരെ വ്യത്യസ്തമായി രേഖപ്പെടുത്തുന്നതിനാൽ അന്തർദ്ദേശീയ താരതമ്യങ്ങൾ ഈ ഘട്ടത്തിൽ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവിനെതിരെ വിമർശനങ്ങൾ ഉയർന്നുവരികയാണ്. എല്ലാ ജനങ്ങളോടും വീട്ടിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട ദിനങ്ങളിൽ ഡൊമിനിക് കമ്മിങ്സ് നടത്തിയ യാത്ര വലിയ വിവാദമായി മാറിയിരിക്കുന്നു. സ്വന്തം പാർട്ടിയിലെ ഒരു അംഗം തന്നെ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ സർക്കാരിനും സമ്മർദ്ദം ഏറുകയാണ്. ഈയൊരു സംഭവത്തെ തുടർന്ന് സ്കോട്ട്‌ലൻഡിലെ പാർലമെന്ററി അണ്ടർ സെക്രട്ടറിയും ടോറി വിപ്പും ആയ ഡഗ്ലസ് റോസ് ഇന്ന് രാജിവെച്ചു. ഡൊമിനിക്കിന്റെ യാത്രയെത്തുടർന്ന് പാർട്ടിയ്ക്കുള്ളിൽ തന്നെ സമ്മർദം ഏറിവരുന്നതിനാലാണ് 37കാരനായ റോസ് രാജിവെച്ചത്.

സർക്കാരിനുവേണ്ടിയുള്ള റോസിന്റെ സേവനത്തിനു പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി പറഞ്ഞു. എംപി മാന്യമായ കാര്യമാണ് ചെയ്തതെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. ഈ സർക്കാരിന്റെ അംഗമായി കൂടുതൽ സമയം തനിക്ക് സേവിക്കാൻ കഴിയില്ലെന്നാണ് ഫുട്ബോൾ റഫറി കൂടിയായ റോസ് അറിയിച്ചത്. “എനിക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന സംഭവങ്ങൾ അർത്ഥമാക്കുന്നത് ഈ സർക്കാരിൽ അംഗമായി പ്രവർത്തിക്കാനാവില്ല എന്നാണ്.” റോസ് പറഞ്ഞു. ഡൊമിനിക് കമ്മിങ്സിന്റെ രാജിയ്ക്കായി നാലു ഭാഗത്തുനിന്നും സമ്മർദം ഏറുകയാണെങ്കിലും പ്രധാനമന്ത്രി ഇപ്പോഴും തന്റെ വിശ്വസ്ത സഹായിക്ക് സംരക്ഷണം നൽകാനാണ് ശ്രമിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപണത്തിൽ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ് ഇപ്പോൾ ഒരു വിവാദനായകനായി മാറിയിരിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് ലണ്ടനിൽ നിന്നും 260 മൈൽ ദൂരം സഞ്ചരിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് കമ്മിംഗ്സ് വെളിപ്പെടുത്തി. ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തന്റെ കുടുംബത്തെ ഡർഹാമിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ ബോറിസ് ജോൺസനോട് അത് പറഞ്ഞില്ലെന്നും താൻ ന്യായമായും നിയമത്തിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചതെന്നും കമ്മിംഗ്സ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റ് റോസ് ഗാർഡനിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡൊമിനിക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സ്വന്തം പാർട്ടിയിലെയും എതിർ പാർട്ടിയിലെയും അംഗങ്ങൾ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി കൂട്ടുന്നു. പത്രങ്ങളിൽ ദിവസങ്ങളോളം വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്തതിൽ എനിക്ക് ഖേദമില്ല.” കമ്മിംഗ്സ് തുറന്നുപറഞ്ഞു.

തന്നെ കുറ്റകാരനാക്കിയ സംഭവത്തെ കുറിച്ച് കമ്മിംഗ്സ് പറയുന്നത് ഇപ്രകാരം ; “മാർച്ച് 27 ന് വെസ്റ്റ്മിൻസ്റ്ററിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ – പത്രപ്രവർത്തക മേരി വേക്ക്ഫീൽഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങി. അന്ന് വൈകുന്നേരം തന്നെ ഭാര്യയെയും മകനെയും ലണ്ടനിൽ നിന്ന് കൗണ്ടി ഡർഹാമിലേക്ക് കൊണ്ടുപോയി. മാതാപിതാക്കളുടെ കൃഷിയിടത്തിലെ കോട്ടേജിൽ താമസിച്ചു. മാർച്ച്‌ 28ന് കോവിഡ് ലക്ഷണങ്ങൾ വർധിച്ചു. ഏപ്രിൽ 3ന് ഭാര്യയെയും മകനെയും ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് ഈസ്റ്റർ ഞായറാഴ്ച ഏപ്രിൽ 12ന് ബർണാഡ് കാസിൽ പട്ടണത്തിലേക്ക് യാത്ര ചെയ്തു. അത് തന്റെ കാഴ്ചശക്തി പരീക്ഷിക്കുന്നതിനായി വണ്ടി ഓടിച്ചതാണെന്ന് ഡൊമിനിക് പറഞ്ഞു. പിറ്റേദിവസം കുടുംബത്തെ ലണ്ടനിലേക്ക് തിരികെ കൊണ്ടുവന്നു.” ലോക്ക്ഡൗൺ ആരംഭിച്ച് നാല് ദിവസത്തിന് ശേഷം കാർ യാത്ര നടത്തിയതിന് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ചില കൺസർവേറ്റീവ് എംപിമാർ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിംഗ്സ് വ്യക്തമായി നിയമങ്ങൾ ലംഘിച്ചുവെന്ന് ലേബർ പാർട്ടി പറഞ്ഞു.

അതേസമയം ആരോപണങ്ങൾ ഉയർന്നുവന്നിട്ടും തന്റെ വിശ്വസ്ത സഹായിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം കാമുകിയെ സന്ദർശിക്കാനായല്ല യാത്ര ചെയ്തതെന്ന് ജോൺസൻ പറഞ്ഞു. കമ്മിംഗ്സ് രണ്ട് തവണ യാത്ര ചെയ്തതിന് ദൃക്‌സാക്ഷികളുണ്ട്. ഒപ്പം ചില പ്രമുഖ പത്രങ്ങളും ഈ വിവരം റിപ്പോർട്ട്‌ ചെയ്തിരുന്നു. കമ്മിംഗ്സ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് പൊതുജനങ്ങളും വിശ്വസിക്കുന്നതായി ഒരു യൂഗോവ് വോട്ടെടുപ്പിൽ കണ്ടെത്തി. “അദ്ദേഹത്തിന്റെ യാത്രയ്ക്ക് വ്യക്തമായ കാരണം ഉണ്ടായിരുന്നു. ഡൊമിനിക് മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുകയും കുടുംബത്തെ പരിപാലിക്കുകയുമായിരുന്നു. ” ജോൺസൻ കൂട്ടിച്ചേർത്തു. എന്തായാലും മുഖ്യ ഉപദേഷ്ടാവിന്റെ ലോക്ക്ഡൗൺ ലംഘനത്തെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നുവരികയാണ്.

സ്വന്തം ലേഖകൻ

ഔട്ട്ഡോർ മാർക്കറ്റുകളും കാർ ഷോറൂമുകളും ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 15 മുതൽ എല്ലാ നോൺ എസൻഷ്യൽ ഷോപ്പുകളും പൂർവ്വസ്ഥിതിയിൽ തുറന്നു പ്രവർത്തിക്കാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ജനങ്ങൾ നിരത്തിലേക്ക് ഇറങ്ങുന്നത് രാജ്യത്തെ പിടിച്ചുയർത്താനാവുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങി പണം ചിലവഴിച്ചു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിലാക്സേഷൻ മെഷേർസ് മില്യൻ കണക്കിന് ആൾക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സഹായകമാകും. വസ്ത്ര ശാലകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ചെറുകിട കച്ചവടക്കാർ എന്നിവർ മാർച്ച് 23 മുതൽ തുടരുന്ന ലോക് ഡൗൺ ഉയർത്തുകയാണ്.

നമ്പർ ടെൻ പ്രസ് കോൺഫറൻസിൽ ജോൺസൺ ജനങ്ങളോട് പറയുന്നു” ജനങ്ങൾക്ക് ജൂൺ ഒന്നുമുതൽ പുറത്തേക്കിറങ്ങാൻ തടസങ്ങളൊന്നും ഇല്ലെന്നും, പണം ചെലവഴിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും എതിരു പറയില്ല. കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അടുത്ത ഏതാനും മാസങ്ങൾ കൊണ്ട് തിരിച്ചുവരവ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ”. ഇൻഫെക്ഷൻ റേറ്റ് കുറവായി തുടരുന്നതിനാൽ ലോക് ഡൗൺ എടുത്തുമാറ്റുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ അകലം പാലിച്ച് സഹകരിച്ചതിന് ബ്രിട്ടീഷുകാരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 121, മഹാമാരി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ചെറിയ മരണസംഖ്യ ആണിത്. ബ്രിട്ടൻ പതിയെ കരകയറുന്നുണ്ടെന്നും ലോക് ഡൗൺ ലഘൂകരിക്കുന്നതിൻെറ രണ്ടാം ഘട്ടം സാധ്യമാണെന്നും ജോൺസൺ പറയുന്നു. എന്നാൽ കോവിഡിനെ ചെറുക്കാനുള്ള നിയമങ്ങൾ പാലിക്കാതെ ഇരിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാർ ഷോറൂമുകൾ പോലെയുള്ളിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ എളുപ്പമാണ്. കോവിഡ് സെക്യുർ ഗൈഡ്ലൈനുകൾ കൃത്യമായി പാലിച്ച് സാമൂഹ്യ അകലം നിലനിർത്തിയാൽ സുരക്ഷിതമായ രീതിയിൽ ജനങ്ങൾക്ക് മുന്നോട്ടുപോകാൻ ആകും. 10 പേർ അടങ്ങുന്ന ചെറുസംഘങ്ങളായി ജനങ്ങൾക്ക് ബാർബിക്യുകളും ഗാർഡൻ പാർട്ടികളും സംഘടിപ്പിക്കാം എന്ന് മന്ത്രിമാർ പറയുന്നു. ഇങ്ങനെയാണെങ്കിൽ 15 കുട്ടികളും ഒരു ടീച്ചറും അടങ്ങുന്ന ചെറു സോഷ്യൽ ബബിൾസ് ആയി സ്കൂളുകളും തുറന്നു പ്രവർത്തിക്കാം എന്നാണ് കരുതുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഒട്ടനേകം ആളുകൾ അവധി ആഘോഷിക്കാൻ എത്തിയ ഇംഗ്ലണ്ടിലെ കോൺവോൾ ബീച്ചിൽ നിരവധി അപകടങ്ങൾ. ബോട്ടിനടിയിൽ അകപ്പെട്ട ടീനേജ് പെൺകുട്ടിയും, കടലിൽ നിന്നും രക്ഷിച്ചെടുത്ത യുവാവും മരണപ്പെട്ടു. പെൺകുട്ടി മറ്റു മൂന്ന് പേരോടൊപ്പം സഞ്ചരിച്ചിരുന്ന ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കോസ്റ്റ് ഗാർഡ് രക്ഷിച്ചു ട്രെസ്‌ലികേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണപ്പെട്ടു. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഉച്ചയോടു കൂടി നടന്ന മറ്റൊരു അപകടത്തിൽ, ട്രെയർനോൻ ബേയിൽ കടലിൽ മുങ്ങിത്താണ ഒരു യുവാവിനെ ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു ലൈഫ് ഗാർഡ് ആണ് രക്ഷിച്ചത്. എന്നാൽ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ലോക്കൽ എമർജൻസി സർവീസുകളെ പ്രതിസന്ധിയിലാക്കിയ ഒരു ദിവസമാണ് കടന്നു പോയതെന്ന് പോലീസ് അധികൃതർ പറഞ്ഞു. എന്നാൽ ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നില്ലെന്ന് പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊറോണ ബാധയെത്തുടർന്ന് നിരവധി ലൈഫ് ഗാർഡുകളെ ആർ എൻ എൽ ഐ ( റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) പിരിച്ചുവിട്ടിരുന്നു.

പോർതോവാനിൽ നടന്ന മറ്റൊരു അപകടത്തിൽ, വെള്ളത്തിൽ താണ മറ്റൊരു യുവാവിനെ കൂടിനിന്നവരിൽ ഒരാളാണ് രക്ഷിച്ചത്. രക്ഷാപ്രവർത്തകർക്ക് വേണ്ടി കാത്തുനിന്നെങ്കിലും അവർ എത്തുന്നതിനു മുൻപ് തന്നെ സർഫിങിന് വന്നവരിൽ ഒരാൾ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഇല്ലെന്നുള്ള പരാതി പല സ്ഥലങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ എൻ എൽ ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved