ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള വ്യാപാര കരാറിന് കീഴിൽ, ഇനിമുതൽ യാത്ര ചെയ്യുമ്പോൾ ബ്രിട്ടീഷുകാർക്ക് ചില ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ബ്രെക്സിറ്റ്‌ പരിവർത്തന കാലയളവ് വ്യാഴാഴ്ച അവസാനിക്കാനിരിക്കുകയാണ്. ഇതിനുശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ചില തടസ്സങ്ങളും പ്രത്യേക നിരക്കുകളും നേരിടേണ്ടി വരും. യൂറോപ്പിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് അടുത്ത വർഷം മുതൽ റോമിംഗ് ചാർജ് നൽകേണ്ടിവരും. ബ്രിട്ടീഷ് യാത്രക്കാർ അവരുടെ മൊബൈൽ ദാതാവിനെ ബന്ധപ്പെട്ടു എന്ത് നിരക്കുകൾ ഈടാക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് സർക്കാർ മാർഗ്ഗനിർദേശത്തിൽ ആവശ്യപ്പെടുന്നു. യൂറോപ്യൻ യൂണിയനിലേക്കുള്ള ഏതൊരു ബ്രിട്ടീഷ് സന്ദർശകനും അവരുടെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് പാസ്‌പോർട്ടിന് മതിയായ സാധുതയുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നിരുന്നാലും ചില തടസ്സങ്ങളുണ്ടാകുമെന്ന് കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് സമ്മതിച്ചു.

ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയനിലേക്ക് പോകുന്നതിനുമുമ്പ് ബ്രിട്ടീഷ് യാത്രക്കാർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള യാത്രാ ഇൻഷുറൻസ് എടുക്കുന്നത് പ്രധാനമാണെന്ന് ഗോവ് അറിയിച്ചു. എന്നാൽ വളരെ ഗുരുതരമായ രോഗങ്ങളുള്ള ആളുകൾക്ക് പ്രത്യേക വ്യവസ്ഥ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് അന്തിമ തയ്യാറെടുപ്പുകൾ നടത്താനുള്ള സമയം വളരെ കുറവാണെന്നും ഗോവ് ബിസിനസുകൾക്ക് മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലുമായി സംസാരിച്ചു. “ഞങ്ങളുടെ ബന്ധത്തിന്റെ പുതിയ തുടക്കമെന്ന നിലയിൽ യുകെ / ഇയു കരാറിന്റെ പ്രാധാന്യത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരു കരാർ സുരക്ഷിതമാക്കിയെന്നത് ആശ്വാസമാണെങ്കിലും, ബിസിനസുകൾക്കിടയിൽ ഇപ്പോഴും വളരെയധികം ആശങ്കയുണ്ടെന്നു ലേബർ ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് അഭിപ്രായപ്പെട്ടു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള പുതിയ നിയമങ്ങളും വടക്കൻ അയർലൻഡുമായി വ്യാപാരം നടത്തുമ്പോളുള്ള നിയമങ്ങളും ബിസിനസുകൾ മനസ്സിലാക്കേണ്ടതുണ്ട്.