Main News

സ്വന്തം ലേഖകൻ

എക്സസൈസ്, ഷോപ്പിങ്, ഡ്രൈവിംഗ് എന്നിവയുമായി പുറത്തിറങ്ങുമ്പോൾ പോലീസ് തടഞ്ഞു നിർത്തുന്നത് സ്ഥിരം കാഴ്ചയാണ്, എന്തൊക്കെയാണ് വേണ്ടത് എന്ന് കൃത്യമായ ധാരണ ഇല്ലാത്തത് ഔദ്യോഗിക നിർദ്ദേശങ്ങളുടെ അവ്യക്തത മൂലം എന്ന് മുൻ പോലീസ് ഓഫീസർ.

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി നിലവിൽ വന്നിരിക്കുന്ന പുതിയ നിയമ സംവിധാനങ്ങൾ ജനങ്ങളെ വെട്ടിലാക്കുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്, എന്നാൽ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് പൗരന്മാരുടെ കടമയാണ്. എന്നാൽ എവിടേയ്ക്കാണ് പോകുന്നത് എന്ന പോലീസിന്റെ ചോദ്യത്തിന് വീട്ടിലിരുന്ന് മടുത്തിട്ട് പുറത്തിറങ്ങിയതാണെന്നോ, ചെറിയൊരു ആവശ്യത്തിനു കടയിലേക്ക് പോവുകയാണെന്നോ മറുപടി പറഞ്ഞാൽ എങ്ങനെയുണ്ടാവും? പോലീസ് പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നതും, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ബ്ലോക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പോലീസുകാർ അല്പം കൂടുതൽ കർശനമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലിരുന്ന് സഹകരിക്കുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ലെന്നും, ചില പോലീസുകാർ അവർക്ക് നൽകിയ നിർദ്ദേശങ്ങൾക്കും ഉപരിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു.

അത്യാവശ്യ സാധനങ്ങൾ ആയ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ ജനങ്ങൾക്ക് പുറത്തുപോകാൻ അനുവാദമുണ്ട്, ദിവസത്തിലൊരിക്കൽ എക്സസൈസ് ചെയ്യാനും, രക്തം നൽകുക പോലുള്ള മെഡിക്കൽ ആവശ്യങ്ങൾക്കും പുറത്തിറങ്ങാം, വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ഇടയ്ക്കിടെ പുറത്തിറങ്ങി നടക്കാനുള്ള സമ്മതപത്രങ്ങൾ അല്ല.

മുൻ പൊലീസ് ഉദ്യോഗസ്ഥനായ മിസ്റ്റർ വെടോൺ പറയുന്നു, നിങ്ങൾ ഒരു പോലീസുകാരന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കുക, അവർക്ക് നിയമം നടപ്പിൽ വരുത്താൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട് എന്നിരിക്കെ നിങ്ങൾ ചെറിയ ചെറിയ ആവശ്യങ്ങൾക്കായി പുറത്തു കറങ്ങി നടക്കുന്നു. രണ്ടു ഭാഗത്ത് നിന്നും യുക്തിപരമായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടന്നാൽ ആദ്യത്തെ തവണ 30 പൗണ്ടും , പിന്നീട് ഓരോതവണയും തുക ഇരട്ടിച്ചു 960 പൗണ്ട് വരെ പിഴ ഈടാക്കാവുന്നതാണ്. എന്നാൽ ഇത് അടയ്ക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ കോടതി കയറേണ്ടി വരും. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഉള്ളതല്ല എന്നും സുരക്ഷ മാത്രമാണ് പ്രഥമലക്ഷ്യമെന്നും നാഷണൽ പോലീസ് ചീഫ് കൗൺസിൽ പറഞ്ഞു. ഗവൺമെന്റ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ ചില അവ്യക്തതകൾ ഉണ്ട്, എന്നാൽ അതിന്റെ തിരുത്തലിനോ കൂടുതൽ നിർദ്ദേശങ്ങൾക്കോ കാത്തുനിൽക്കേണ്ട സമയമല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പതിറ്റാണ്ടുകളായി തങ്ങളുടെ മാംസ വിപണികളിൽ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചൈനക്കാർ ബോധവാന്മാരായിരുന്നു. 2005-ലെ രഹസ്യാന്വേഷണത്തിൽ തെക്കൻ ചൈനയിലെ ഒരു റസ്റ്റോറന്റ് വംശനാശം നേരിടുന്ന ചില പല്ലികളെയും പാമ്പുകളെയും വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടും ഭീഷണി പരത്തുന്ന ഒരു വൈറസിന് രൂപം നൽകുന്നതിന് ഇത്തരത്തിലുള്ള മാർക്കറ്റുകൾ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ അനേകം മുന്നറിയിപ്പുകൾ ലഭിച്ചെങ്കിലും ഇങ്ങനെ വന്യമൃഗങ്ങളുടെ മാംസം വിതരണം ചെയ്യുന്ന റസ്റ്റോറന്റുകളും മാർക്കറ്റുകളും ചൈനയിൽ കൂടികൂടി വന്നു .

കൊറോണ വൈറസ് ബാധ ലോകത്തെയാകെ അലട്ടുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി ചൈനീസ് ഗവൺമെന്റ് തങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. ശരിയായ ചൈനയിലെ മാർക്കറ്റുകളുടെ ചിത്രം പുറംലോകത്ത് വെളിപ്പെടുത്തിയവരെ ശിക്ഷിക്കുന്ന നടപടികളും ഉണ്ടായി.

ചൈനീസ് ഗവൺമെന്റ് കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തിൻെറ വ്യാപ്തി കുറച്ചുകാണിച്ചാണ് പുറം ലോകത്ത് റിപ്പോർട്ട് ചെയ്തത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ആരോപിച്ചു. വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ ചൈനീസ് ഗവൺമെന്റ് താമസിച്ചു എന്നും അതിനാൽ മറ്റു രാജ്യങ്ങൾക്ക് സുരക്ഷാമാർഗങ്ങൾ തയ്യാറാക്കേണ്ട വിലയേറിയ സമയം നഷ്ടപ്പെട്ടുവെന്ന ആരോപണവും ശക്തമാണ് .

ഇതേസമയം ചൈനീസ് ഫോറിൻ മിനിസ്റ്റർ യുഎസ് സൈന്യം ആണ് വുഹാനിൽ കൊറോണാ വൈറസിനെ കൊണ്ടുവന്നതെന്ന് ട്വീറ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴിയൊരുക്കി. മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത്തരത്തിലുള്ള ചൈനീസ് ഗവൺമെന്റിന്റെ നയങ്ങൾ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾ ഇപ്പോൾ ലോക് ഡൗണിലാണ്, ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥ മരവിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറസിന്റെ ഉത്ഭവസ്ഥാനമായ വുഹാനിൽ അതുണ്ടാക്കിയ ആഘാതത്തെപ്പറ്റി നുണ പറയുകയും തെറ്റായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തതിലുള്ള എതിർപ്പുമായി ലോകരാഷ്ട്രങ്ങൾ മുന്നോട്ടു വന്നത് . എന്നാൽ ഇതേസമയം പകർച്ചവ്യാധികളെ തടയുന്നതിനായി ചൈന പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകിയ മെഡിക്കൽ സപ്ലൈ നിലവാരമില്ലാത്തതും അപകടകരമാണെന്നുമുള്ള ആരോപണമുയർന്നിട്ടുണ്ട്.

യുകെയിൽ ആശങ്കാ ജനകമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ദിവസങ്ങളിലും യുകെ മലയാളികൾ ആഗ്രഹിച്ചിരുന്നത് ആർക്കും ഒന്നും വരുത്തരുതേ എന്നാണ്. ലോക ജനതയെ ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കുന്ന കോവിഡ് 19 ന്റെ ഇരകളായി ഇന്ന് മരണമടഞ്ഞ രണ്ട് പേരുകള്‍ യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.. സ്വാൻസിയിലുള്ള സിസ്റ്റർ സിയന്നയും ബിർമിങ്ഹാമിൽ ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണക്കാരനായ ഡോക്ടർ പച്ചീരി ഹംസയുടെയും സ്വാന്‍സിയിലെ സിസ്റ്റര്‍ സിയന്നയുടെയും മരണങ്ങളാണ് യുകെ മലയാളികള്‍ക്കിടയില്‍ ദുഃഖം നിറച്ചിരിക്കുന്നത്.

സിസ്റ്റർ സിയന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സ്വാൻസിയിലുള്ള മഠത്തിലാണ് സേവനം ചെയ്‌തിരുന്നത്‌.  നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്ന. കഴിഞ്ഞ ആഴ്ച്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയും ആയിരുന്നു.

ബിർമിങ്ഹാമിൽ മരിച്ച ഡോക്ടർ പച്ചീരി വർഷങ്ങളോളം നാഷണൽ ഹെൽത്ത് സെർവിസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം യുകെയിൽ തന്നെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. രണ്ടുപേരുടെയും മരണത്തിൽ മലയാളം യുകെയുടെ അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.

 

മാർച്ച് മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന്റെ (കടിയംപള്ളിൽ, 43)  കബറിടക്ക ചടങ്ങുകൾ അടുത്ത ബുധനാഴ്ച്ച (8-4-2020) നടക്കുന്നു.

ശവസംസ്കാര ശുശ്രുഷകൾ 08-04-2020, ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിക്കുന്നു. തുടർന്ന് 1.30 pm ന് Hay Lane Cemetery, Huddersfield -ൽ കബറടക്കം നടത്തപ്പെടുകയും ചെയ്യുന്നു.

Covid-19 -ന്റെ പ്രത്യേക പശ്ചാത്തലത്തിൽ സർക്കാരിന്റെയും, സഭയുടെയും നിയമങ്ങൾ പാലിച്ചായിരിക്കും ശവസംസ്ക്കാരം നടത്തപ്പെടുന്നത്. നമ്മുടെ ആല്മീയ സാന്നിദ്ധ്യവും പ്രാർത്ഥനകളും  ഉറപ്പുവരുത്തി മെയ് മോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്നാനായ മിഷൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. വീട്ടിൽ രണ്ടുപേർക്കും സിമട്രിയിൽ പത്തുപേർക്കും മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. എന്നിരുന്നാലും പ്രസ്തുത ചടങ്ങുകൾ ക്നാനായ വോയിസ് ലൈവ് ആയി ടെലികാസ്റ് ചെയ്യുന്നുണ്ട്.

മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്.

St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു. പരേത കോട്ടയം പുന്നത്തറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു. പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ്  (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും സഹോദരങ്ങളാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനെ ഭീതിയിലാഴ്ത്തികൊണ്ട് മരണനിരക്ക് ഉയരുന്നു. ഇന്നലെ മാത്രം 381 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. തിങ്കളാഴ്ച 180 പേർ മരിച്ചിടത്താണ് ഒരു ദിനം കൊണ്ട് അതിന്റെ ഇരട്ടിയിലധികം പേർ വൈറസ് ബാധയ്ക്ക് ഇരകളായി ജീവൻ വെടിയുന്നത്. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ 1,789 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,009 പേർക്കാണ്. ആകെ 25, 150 ആളുകൾ രോഗബാധിതരായി കഴിഞ്ഞു. ഒരു ദിവസത്തെ ഈ കണക്കുകൾ ബ്രിട്ടനെ വലിയ ദുരന്തത്തിലേയ്ക്കാണ് തള്ളിവിടുന്നത്. ഇന്നലെ മരിച്ചവരിൽ 13ഉം 19ഉം വയസ്സുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. ബ്രിക്സ്റ്റൺ സ്വദേശി ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫ് ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. പ്രായമായവർക്കാണ് കൂടുതൽ രോഗ ഭീഷണി എന്ന് പറയുമ്പോഴും ഈ കുട്ടികളുടെ മരണം യുകെയെ കനത്ത ദുഖത്തിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്.

അതേസമയം പല രാജ്യങ്ങളിൽ നിന്നെത്തുന്ന ബ്രിട്ടീഷുകാരെ വിമാനത്താവളത്തിൽ ഒരു പരിശോധയ്ക്ക് പോലും വിധേയരാക്കാതെ കടത്തിവിടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇറ്റലി, അമേരിക്ക, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ രാവിലെ ഹീത്രോയിൽ എത്തി. ഇവിടുന്ന് യാത്രക്കാർ സമൂഹത്തിലേക്ക് എത്തുകയും ചെയ്തു. രോഗം ഏറ്റവും തീവ്രമായിരിക്കുന്ന സ്ഥലങ്ങളാണ് ഇവ. അവിടെനിന്ന് എത്തിയവരുടെ താപനില പോലും പരിശോധിക്കാതെയാണ് കടത്തിവിട്ടത്. മാസ്കുകൾ ധരിച്ചിരുന്നെങ്കിലും സർക്കാർ നിർദേശിച്ച സാമൂഹിക അകലം പാലിക്കാൻ യാത്രക്കാർ തയ്യാറായില്ല. എൻ‌എച്ച്‌എസിനെ സഹായിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗണിലായിരിക്കുമ്പോൾ ലണ്ടൻ ഹീത്രോയിൽ നടന്ന ഈ സംഭവം ഇന്നലത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറി. അതേസമയം യുകെയിലെ റോഡുകളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. യാത്രകൾ അത്യാവശ്യമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. ഈ കാലത്ത് വീട്ടിൽ തന്നെ കഴിയുന്നതാണ് ഉത്തമം എന്ന് അധികൃതർ പറയുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ നിർമിക്കുന്ന പുതിയ നൈറ്റിംഗേൽ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പം ക്യാബിൻ ക്രൂവും ചേരും. കിഴക്കൻ ലണ്ടനിലെ എക്സൽ സെന്ററിൽ നിർമ്മിക്കുന്ന 4,000 കിടക്കകളുള്ള പുതിയ ക്ലിനിക്കിലും ബർമിംഗ്ഹാമിലും മാഞ്ചസ്റ്ററിലും നിർമിക്കുന്നവയിലും സന്നദ്ധസേവനം ചെയ്യാൻ വിർജിൻ അറ്റ്ലാന്റിക്, ഈസി ജെറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ ക്ഷണിച്ചു. കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതിനാൽ നിരവധി പ്രഥമശുശ്രൂഷ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂ പ്രതിസന്ധിയിലായിരുന്നു. സി‌പി‌ആറിൽ പരിശീലനം നേടിയ 4,000 ക്യാബിൻ ക്രൂ ഉൾപ്പെടെ യുകെ ആസ്ഥാനമായുള്ള 9,000 സ്റ്റാഫുകൾക്ക് ഈസി ജെറ്റ് ഇതിനകം കത്തെഴുതിയിട്ടുണ്ട്.

യുകെയിൽ മരണനിരക്ക് ഇന്നലെ ഉയർന്ന സാഹചര്യത്തിൽ ആഗോളതലത്തിലും മരണസംഖ്യ ഉയർന്നു. 42,140 പേർ ഇതിനകം മരണപെട്ടു. എട്ടരലക്ഷം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ഒറ്റദിവസം 4000ത്തിൽ അധികം പേരാണ് ലോകത്തിൽ മരണമടഞ്ഞത്. അമേരിക്കയിൽ മരണസംഖ്യ നാലായിരത്തോടടുക്കുന്നു. ഇറ്റലിയിൽ 12,500 ആളുകളും സ്പെയിനിൽ 8500 ആളുകളും മരിച്ചുകഴിഞ്ഞു. ജർമ്മനി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1400ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുകയാണ് ഈ കൊലയാളി വൈറസ്. അതിനുമുമ്പിൽ ലോകരാജ്യങ്ങൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷികളാവുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ കാരണം രാജ്യത്തെ പല മേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. അവശ്യവസ്തുക്കൾ ആയ പഴം, പച്ചക്കറി എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നു. ഫാമുകളിൽ ജോലിചെയ്യുവാൻ ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തത് മൂലമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. കടുത്ത യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ജോലിക്കാർക്ക് ഫാമുകളിലേക്ക് എത്തിപ്പെടാനും സാധിക്കുന്നില്ല. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കിൽ ഹെക്ടർ കണക്കിന് കൃഷി നശിച്ചു പോകുമെന്ന് ഫാമിംഗ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഭക്ഷ്യ ക്ഷാമത്തിലേക്ക് വഴിതെളിക്കുമെന്നും അവർ പറയുന്നു.

വേനൽക്കാല ഫലങ്ങളുടെ വിളവെടുപ്പിനും സമയം ആയിരിക്കുകയാണ്. ഇത്തരം ഫാമുകളുടെ ലൊക്കേഷനുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള ജോലി സാധ്യതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് ആവശ്യമായ ജീവനക്കാർ അവിടേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാമിംഗ് സംഘടനകൾ പറഞ്ഞു. സാധാരണയായി കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരാണ് ഈ ജോലികൾ എല്ലാം ചെയ്തിരുന്നത്. ഇപ്പോൾ യാത്ര നിയന്ത്രണങ്ങൾ കാരണം അവർക്ക് ഫാമിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുമാത്രം ഈ ജോലികൾ എല്ലാം തന്നെ പൂർത്തിയാക്കേണ്ടതാണ്.

യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരെ ഫാമുകളിലേക്ക് എത്തിക്കുന്നതിനായി, ചില വൻകിട ഫാമുകൾ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യങ്ങൾക്കും മുൻപ് റഷ്യ, മാൾഡോവ, ജോർജിയ, ഉക്രൈൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ജോലിക്കാർ ബ്രിട്ടനിൽ എത്തിയിരുന്നു. നാഷണൽ ഫാർമേഴ്സ് യൂണിയൻ, അസോസിയേഷൻ ഓഫ് ലേബർ പ്രൊവൈഡേഴ്സ് തുടങ്ങിയ സംഘടനകൾ എല്ലാം തന്നെ, ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ ജോലിക്കാരെ എത്തിക്കുന്നതിന് ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യം മുന്നോട്ട് പോവുകയാണെങ്കിൽ ബ്രിട്ടണിൽ കടുത്ത ക്ഷാമം അനുഭവപ്പെടും. അടുത്ത ആഴ്ചയിൽ തന്നെ അസ്പരാഗസ്, ബീൻസ് എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകും. ഏപ്രിൽ ആദ്യത്തെ ആഴ്ചയോടെ തക്കാളിക്കും ക്ഷാമം ഉണ്ടാകും. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റിൻെറ നടപടികൾക്കായി കാത്തിരിക്കുകയാണ് ഫാമിംഗ് സംഘടനകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആമസോണിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽനിന്നും ലഭ്യമാകുന്ന കിറ്റുകൾ ഉപയോഗിച്ച് ബ്രിട്ടണിലെ ജനങ്ങൾക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഈ പരിശോധനകൾ എന്താണ്? ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം . ഒരു വ്യക്തി കൊറോണ വൈറസ് ബാധിതനാണോ എന്നും സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാനുള്ള പരിശോധനകളാണ് ഈ ആന്റിബോഡി ടെസ്റ്റുകൾ. വിരലുകളിലെ രക്തം എടുത്തു പരിശോധിക്കുന്നത് വഴി ഒരാളുടെ ശരീരത്തിലെ കൊറോണ വൈറസ് ആന്റിബോഡികൾ ഇതിനോടകം വൈറസിനെ തോൽപ്പിച്ച് അതിൽനിന്ന് പ്രതിരോധശേഷി നേടിയിട്ടുണ്ടോ എന്ന് ഈ ഉപകരണം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ഈ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്.

നിലവിലുള്ള സർക്കാരിന്റെ കൊറോണ വൈറസ് പരിശോധനകൾ വഴി ഒരാൾക്ക് വൈറസ് ബാധ ഉണ്ടോ എന്ന് മാത്രമേ പറയാൻ കഴിയൂ. ഈ പരിശോധനയുടെ ഫലം ലഭിക്കുവാൻ ധാരാളം സമയം എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പരിശോധനകൾ വഴി ഒരാൾക്ക് നേരത്തെ വൈറസ് ബാധ ഉണ്ടായിരുന്നോ എന്നും അതിൽ നിന്നും അവൻ സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല.

എന്താണ് ആന്റിജെൻ പരിശോധന? ആന്റിജെൻ പരിശോധന ഒരു വ്യക്തിയുടെ ശരീരത്തിലെ ആന്റിജെന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ളതാണ്. വൈറസിനെ പോലെതന്നെ ഘടനയുള്ള ആന്റിജെൻ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിബോഡികൾക്ക് മുമ്പുതന്നെ ഇത് രക്തത്തിൽ നമുക്ക് കണ്ടെത്താനാകും.

ഈ രീതിയിൽ നോക്കിയാൽ ആന്റിജെൻ പരിശോധനകൾ വളരെയധികം ഫലപ്രദമാണ്. കാരണം മനുഷ്യശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകുവാൻ കുറച്ച് ദിവസമെടുക്കും. അതിനാൽ അണുബാധയ്ക്കു തൊട്ടുപിന്നാലെ ആന്റിജെനുകൾ കണ്ടെത്താനാകും. ഇതുവഴി മനുഷ്യശരീരത്തിൽ വൈറസിനെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. എച്ച്ഐവി, മലേറിയ, ഫ്ലൂ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും ഈ ആന്റിജെൻ പരിശോധനകൾ തന്നെയാണ് ഉപയോഗിക്കുന്നത്.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസ് ബാധയെത്തുടന്ന് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സഹായിക്കാനായി ഗവൺമെന്റ് അയച്ച ഭക്ഷ്യ കിറ്റുകൾ കണ്ട് ജനങ്ങൾ ഞെട്ടി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി ആയിരുന്നു കിറ്റ് വിതരണം ചെയ്തത്. സിസ്റ്റിക് ഫൈബ്രോസിസ്, ആസ്മ, രക്താർബുദം എന്നീ രോഗങ്ങൾ ഉള്ളവരും വൈറസ് ബാധിച്ച് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഇതേസമയം റോച്ച്‌ഡേലിൽ നിന്ന് വന്ന പാസ്താ, പഴം, റെഡി മീൽ ബോക്സുകളിൽ കാണാനായത് ആപ്പിളും ചോക്ലേറ്റ് ബാറുകളും ഡ്രൈ നൂഡിൽസും. ഇതിനു പുറമേ അടിയന്തരമായി കിറ്റുകൾ ആവശ്യപ്പെട്ട 129 പേരിൽ 44 പേർക്ക് മാത്രമുള്ള കിറ്റുകളേ വിതരണത്തിനായി ലഭിച്ചുള്ളൂ.

റോച്ച്‌ഡേലിൽ ലഭിച്ച കിറ്റുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്കാൾ ഗുണനിലവാരം കുറവാണെന്നു മനസിലാക്കിയ കൗൺസിൽ ഇത് മെച്ചപ്പെടുത്തുന്നതിനായി റൊട്ടി, പാൽ, മാംസം, പഴം എന്നീ വസ്തുക്കളും അവയോടൊപ്പം നൽകാൻ തുടങ്ങി. അയക്കുന്ന ഭക്ഷ്യ പാക്കേജുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കൗൺസിൽ നേതാവായ അലൻ ബ്രെറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കുറച്ച് മോശമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും, പക്ഷേ പാഴ്സലുകളുടെ നിലവാരം ജനങ്ങൾ പ്രതീക്ഷിക്കുന്നവയല്ല എന്നും അദ്ദേഹം പറഞ്ഞു.

റോച്ഡെയ്ൽ, മിഡിൽടൺ, ഹെയ്‌വുഡ്, പെന്നൈൻസ് എന്നീ സ്ഥലങ്ങളിലായി അടിയന്തര ഭക്ഷണ പാഴ്സലുകളുടെയും അവശ്യവസ്തുക്കളുടെയും വിതരണം സംഘടിപ്പിക്കുന്നതിനായി നാല് ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട് ഈ സംവിധാനം വഴി സമൂഹത്തിലെ ദുർബലരായവരെ ഒരുപരിധിവരെ സർക്കാരിന് സഹായിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പിന്തുണ വേണ്ടവർ 01706 923685. എന്ന നമ്പറിൽ ബന്ധപ്പെടുക.

ലണ്ടൻ: വിദേശ നഴ്‌സുമാരെയും ഡോക്ടർമാരെയും വാനോളം പുകഴ്ത്തി ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണ വൈറസിനെ തുരത്തുന്നതിനും യുകെയിലുള്ള മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിന് അക്ഷീണം പണിയെടുക്കുന്ന പ്രവാസി നേഴ്‌സുമാർക്കു ആശ്വാസകരമായ സാമ്പത്തിക സഹായം നൽകി നേഴ്‌സുമാരെ ആദരിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. പ്രവാസികളായ നൂറ് കണക്കിന് മലയാളി നേഴ്‌സുമാർക്കും ഡോക്ടർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.

യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സസ്, പാരാമെഡിക്‌സ് വിഭാഗത്തിൽ പെടുന്ന എല്ലാവർക്കും ഒരു വർഷത്തെ ഫ്രീ വിസ ആണ് നീട്ടി നൽകുന്നത്. അതായത് ഈ ഒക്ടോബർ ഒന്നിന് (Before October 1) മുൻപായി വിസ പുതുക്കേണ്ടവർക്ക് ഒരു വർഷത്തെ വിസ ഒരു പൗണ്ട് പോലും നൽകാതെ പുതുക്കിനൽകുമെന്നാണ് പ്രീതി പട്ടേൽ ഇന്ന് പറഞ്ഞത്. ഇത് മൂലം കൊറോണ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്താനും അവർക്ക് സാധിക്കുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. വിസയെക്കുറിച്ചോ അതിനു വേണ്ട പണത്തെക്കുറിച്ചോ വിഷമിക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവർക്കു സാധിക്കുമെന്നും ഹോം സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് ഏതാണ്ട് 2800 അധികം നാഷണൽ ഹെൽത്ത് സെർവീസിലെ ജോലിക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ ആനുകൂല്യം ജോലി ചെയ്യുന്നവർക്ക്‌ മാത്രമല്ല മറിച്ചു കുടുംബത്തിലെ എല്ലാവര്ക്കും ആണ് ഫ്രീ ആയി വിസ പുതുക്കി നൽകുന്നത്. ഇത്തരുണത്തിൽ നോക്കിയാൽ നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഹെൽത്ത് സർചാർജ് ആയി ഒരു വർഷത്തേക്ക് നൽകേണ്ടത് 2500 റോളം പൗണ്ടാണ്. ഇത് കൂടാതെ വിസ പുതുക്കലിനായി നൽകേണ്ടത് ആളൊന്നിന് നൽകേണ്ടത് 500 പൗണ്ട് വീതമാണ്. ഇത് മൂന്ന് വർഷത്തേക്ക് ആണ് എന്ന് മാത്രം.

ഇതിനെല്ലാം ഉപരിയായി വിസയിലുള്ളവർക്ക് ഓവർടൈം ജോലിചെയ്യുന്നതിൽ വിലക്കുണ്ടായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ചു വിസയിലുള്ളവർക്ക് ആവശ്യാനുസൃതം ജോലി ചെയ്യാനുള്ള അനുവാദവും നൽകിയിരിക്കയാണ്.

വിദേശിയരായ ഡോക്ടർമാരും നേഴ്‌സുമാരും യുകെയിൽ ചെയ്യുന്ന ജോലിക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും ഇത് അവർക്കുള്ള ഞങ്ങളുടെ നന്ദി സൂചകമായ സമ്മാനം ആണ് എന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

എന്നാൽ രണ്ട് ദിവസത്തെ മരണ സംഖ്യയിലെ കുറവ് കണ്ട് ആശ്വസിച്ച അധികാരികളെ ആശങ്കയിലാക്കി വീണ്ടും മരണനിരക്ക് ഇന്ന് വർദ്ധിച്ചു. 381 പേരുടെ മരണ  വിവരമാണ് ഇന്ന് പുറത്തു വന്നത് .

ജോജി തോമസ്

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയാണ് മലയാളികൾ യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. പക്ഷേ കുടിയേറ്റത്തിന്റെ സമയത്ത് നമ്മളാരും കൊറോണക്കാലം പോലെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ കൊറോണാ പോലൊരു മഹാമാരി മനുഷ്യകുലത്തെ മുഴുവൻ പിടിച്ചുലുയ്ക്കുന്ന സാഹചര്യത്തിൽ ജോലിസ്ഥലത്തും കുടുംബങ്ങളിലും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ ആവാത്തതാണ്. മലയാളി കുടുംബങ്ങളിലെ ഭൂരിഭാഗത്തിന്റെയും കുട്ടികൾ ചെറിയ പ്രായത്തിലാണെന്നതും, കുട്ടികളുടെ സംരക്ഷണത്തിന് മറ്റു കുടുംബാംഗങ്ങളൊന്നും ഇല്ലെന്നതും നേരിടുന്ന പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഇതിനുപുറമേയാണ് ജോലിസ്ഥലത്ത് അന്യനാട്ടുകാരായതിനാൽ നേരിടുന്ന വംശീയമായ വെല്ലുവിളികൾ. കോവിഡ് -19 നെ നേരിടുന്നതിന്റെ ഭാഗമായി പലരുടെയും ജോലി സ്ഥലങ്ങളിൽ മാറ്റമുണ്ടായതിനാൽ തികച്ചും അപരിചിതരായ ആളുകൾക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നത് വംശീയമായ വെല്ലുവിളികൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പല മലയാളി സുഹൃത്തുക്കളും വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

കോവിഡ് – 19 നെ നേരിടുന്ന വാർഡുകളിൽ, രോഗികളെ അഡ്മിറ്റു ചെയ്തിരിയ്ക്കുന്ന വാർഡുകളിൽ തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പല മലയാളി സുഹൃത്തുക്കളും ഈ അപകടകരമായ ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് കിട്ടിയിരിയ്ക്കുന്ന വിവരം .

ഇതിനുപുറമേ കോവിഡ് – 19 നെ പ്രതിരോധിക്കുവാൻ ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസികപിരിമുറുക്കം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ചെകുത്താനും കടലിനും നടുവിലെന്നതാണ് പല മലയാളികളുടെയും അവസ്ഥ. ഈയൊരു സാഹചര്യത്തിൽ നമ്മൾ പരസ്പരം ആശ്വസിപ്പിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു സമൂഹമെന്ന നിലയിൽ ഒരുമയും കൂട്ടായ്മയും കാണിക്കേണ്ട സമയമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ മാനസികമായി അടുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം.കോവിഡ് പ്രതിരോധത്തിന്റെ അറിവുകൾ പങ്കു വെച്ചും മാനസിക പിന്തുണ നൽകിയും ഈ വെല്ലുവിളി നമുക്ക് മറികടക്കാൻ സാധിക്കട്ടെ….

 

  ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി   വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

RECENT POSTS
Copyright © . All rights reserved