ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിൻ ആദ്യ ബാച്ച് യുകെയിലെത്തി. കുത്തിവയ്പ്പുകൾ നൽകാൻ എൻ എച്ച് എസ് സുസജ്ജം

ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിൻ ആദ്യ ബാച്ച് യുകെയിലെത്തി. കുത്തിവയ്പ്പുകൾ നൽകാൻ എൻ എച്ച് എസ് സുസജ്ജം
December 04 04:04 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് യുകെയിലെത്തി. രാജ്യത്തുള്ള ആശുപത്രികളിലേക്ക് ഇവ തുടർന്ന് വിതരണം ചെയ്യും. 4 കോടി ഡോസുകൾക്ക് യുകെ ഓർഡർ നൽകിയിട്ടുണ്ടെങ്കിലും 2 കോടി ആളുകൾക്ക് മാത്രം പ്രതിരോധ കുത്തിവയ്പ്പ് നൽകിയാൽ മതിയാവും. വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് കോവിഡ് -19 ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും 99% വരെ തടയാൻ കഴിയുമെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. മുൻ‌ഗണനാ പട്ടികയിലുള്ള എല്ലാവർക്കും വാക്സിൻ ലഭിച്ചാൽ അത് വളരെ ഫലപ്രദമാണെന്നും പ്രൊഫസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.

പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകൾ യുകെയിലെത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാക്സിൻ യുകെയിൽ എത്തിയത്. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സംഭരിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ഇതിനകം ഉള്ളതിനാൽ, ആദ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ അവിടെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് യു.കെ.

ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്കായി ആശുപത്രികൾ, ജിപികൾ, പുതിയ സ്പെഷ്യലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവ സുസജ്ജമാണ്. വസന്തകാലത്തോടെ പതിനായിരക്കണക്കിന് കുത്തിവയ്പ്പുകൾ നടത്തുമെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ അറിയിച്ചു. സ്റ്റീവൻസ് പറയുന്നതനുസരിച്ച് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർക്കെല്ലാം പുതിയ വാക്സിൻ ലഭിക്കാൻ ഏപ്രിൽ വരെ സമയമെടുക്കും. യുകെയുടെ 4 കോടി ഡോസുകൾ കഴിയുന്നത്ര വേഗത്തിൽ വിതരണം ചെയ്യുമെന്നും ആദ്യ ലോഡ് അടുത്തയാഴ്ച പുറത്തിറങ്ങുമെന്നും തുടർന്ന് ഡിസംബറിലുടനീളം ദശലക്ഷക്കണക്കിന് വിതരണം ചെയ്യുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles