ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലെ അതികായകനായ പി. ജെ ജോസഫ് തൊടുപുഴ ആസ്ഥാനമാക്കി സ്ഥാപിച്ച ഗാന്ധിയൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ലോക്ഡൗൺ അഗ്രി ചലഞ്ച് യുകെയിലും തരംഗമാകുന്നു. കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഒരു ലക്ഷം പേരെ അഗ്രി ചലഞ്ചിൻെറ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, പാളയം ഇമാം മൗലവി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സാമുദായിക മേഖലകളിലുള്ള നിരവധി പ്രമുഖരാണ് അഗ്രി ചലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചത്.
ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക്ഡൗൺ അഗ്രോ ചലഞ്ചിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് യുകെയിൽ അഗ്രോ ചലഞ്ചിന് തുടക്കമിട്ടത് തൊടുപുഴ സ്വദേശി ജോസ് പരപ്പിനാട്ട് മാത്യുവാണ്. ജോസിന്റെ അഗ്രി ചലഞ്ചുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. യുകെയിൽ സമ്മറിന്റെ ആരംഭമാണെന്നതും, ലോക് ഡൗൺ മൂലം നിരവധി മലയാളികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണെന്നതും അഗ്രി ചലഞ്ച് ഏറ്റെടുക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു. മികച്ച വോളിബോൾ താരവും റഫറിയുമായ ജോസ് പരപ്പിനാട്ട് യുകെയിലെമ്പാടുമുള്ള വോളിബോൾ പ്രേമികൾക്കിടയിൽ സുപരിചിതനാണ്. കേരളത്തിലെ വിദ്യാർത്ഥി ജീവിത കാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ജോസ് പരപ്പിനാട്ട് യു. കെ.കെ.സി.എ യുടെ മുൻ ഭാരവാഹിയാണ്. ജോസിന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അഗ്രി ചലഞ്ച് യുകെയിൽ പ്രശസ്തമാകാൻ കാരണമായിട്ടുണ്ട്.ഭാരതത്തിന് പുറത്ത് യൂറോപ്പിൻെറ പല ഭാഗത്തും പ്രത്യേകിച്ച് യുകെയിലും പി. ജെ ജോസഫിൻെറ അഗ്രി ചലഞ്ചിനെ പിന്തുണയുമായി നിരവധിപേർ എത്തിയെന്ന് ജോസ് പരപ്പിനാട്ട് മലയാളം യുകെയോട് പറഞ്ഞു .
ന്യൂസ് ഡെസ്ക് മലയാളം യുകെ.
പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസ ഏകാന്തവാസം നയിക്കാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലും പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ അഭിവന്ദ്യ പിതാവ് നേരിട്ട് രംഗത്ത്. രൂപതയിലെ ചില വൈദീകരുടെ പേര് എടുത്ത് പറഞ്ഞ് രൂപതയിലെ കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചും കുപ്രചരണങ്ങള്‍ നടത്തുന്നത് വേദനാജനകമാണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ അതില്‍ നിന്നും പിന്മാറണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയുള്ള പിതാവിന്റെ തുറന്ന കത്ത് ബിഷപ്പ് ഹൗസ് പാലാ ഇന്ന് പുറത്തിറക്കി. പരിശുദ്ധ കത്തോലിക്കാ സഭയെ തകര്‍ക്കാനുതകുന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
അഭിവന്ദ്യ മുരിക്കല്‍ പിതാവിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആകുന്നു. രാജ്യം മുഴുവനും അടച്ചുപൂട്ടിയിരിക്കുമ്പോൾ അത് ജനജീവിതത്തെയും ബാധിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച നിയന്ത്രണങ്ങൾ ഈ ആഴ്ച സർക്കാർ അവലോകനം ചെയ്യും. ലോക്ക്ഡൗൺ കാലത്ത് ജനജീവിതം എത്രത്തോളം രൂപാന്തരപ്പെട്ടു?
1.നിരത്തിലെ കാറുകളുടെ എണ്ണത്തിൽ നേരിയ വർധനവ്.
മറ്റു പൊതുഗതാഗതങ്ങൾ താറുമാറായപ്പോൾ ആളുകൾ കൂടുതലായി തങ്ങളുടെ കാറിൽ യാത്രചെയ്യുന്ന സ്ഥിതി ഉടലെടുത്തു. ഒപ്പം ലോക്ക്ഡൗൺ ആയതിനാൽ പലരും റോഡ് റേസ്ട്രാക്കായി കാണുന്നുവെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. ഗൂഗിൾ ഡാറ്റ അനുസരിച്ച് , സൂപ്പർമാർക്കറ്റുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ വർഷത്തിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ പാർക്കുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിലധികം താഴ്ന്ന ശേഷം സാധാരണനിലയിലേക്ക് മടങ്ങിയെത്തി. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ കുറച്ചധികം ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യുന്നു.
2. രാജ്യത്ത് രോഗവ്യാപനം കുറയുന്നു.
ബ്രിട്ടനിൽ രോഗം അതിന്റെ ഉയർന്ന നില പിന്നിട്ടുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനത്തിനുള്ള സാധ്യത ഇപ്പോൾ കുറഞ്ഞുവരുന്നു. എന്നിരുന്നാലും രണ്ടാം ഘട്ട വ്യാപനം ഉണ്ടാകരുതെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകുന്നു.
3. ആരോഗ്യ സേവനങ്ങൾ ഡിജിറ്റലായി.
ആളുകൾ ആരോഗ്യ സേവനം ഉപയോഗിക്കുന്ന രീതി മാറുകയാണ്. 2020 ഫെബ്രുവരി വരെ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് 14% മാത്രമാണ് ഫോണിലൂടെയോ വീഡിയോ ലിങ്കിലൂടെയോ നടത്തിയത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറ്റപ്പെട്ടിരിക്കുന്നു. ഫോൺ അപ്പോയിന്റ്‌മെന്റുകളിൽ മിക്ക ആളുകളും സന്തുഷ്ടരാണെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് പറഞ്ഞു. അതേസമയം, എ & ഇയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയും 111 ലേക്ക് വിളിച്ചവരുടെ എണ്ണം വർധിക്കുകയും ചെയ്തു.
4.ഫർലോ സ്കീമിലേക്ക് ദശലക്ഷകണക്കിന് ആളുകൾ.
കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിൽ ജോലി ചെയ്യാൻ പാടുപെടുന്ന ബിസിനസ്സ് സ്റ്റാഫുകൾക്ക് ശമ്പളത്തിന്റെ 80% വരെ നൽകുന്ന പദ്ധതിയെകുറിച്ച് ആരും ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ ഏപ്രിൽ 20 വരെ ഏകദേശം 185,000 കമ്പനികൾ ഈ പദ്ധതിക്കായി അപേക്ഷിച്ചു. ഇതിൽ 1.3 ദശലക്ഷം തൊഴിലാളികൾ ഉൾകൊള്ളുന്നു. ഇതിനായി ട്രഷറിക്ക് 1.5 ബില്യൺ പൗണ്ട് ചിലവ് വരും. ബെനിഫിറ്റ് സിസ്റ്റത്തിൽ ഇപ്പോഴും സമ്മർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയിൽ ക്ലെയിമുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഇപ്പോൾ കുറയാൻ തുടങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
5. സാധാരണ ജീവിതം ദൂരെയോ?
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയത് 4 മാസമെങ്കിലും വേണ്ടി വരുമെന്ന് 60% ആളുകളും കരുതുന്നു. ബാക്കി 40% ആളുകൾ പറയുന്നത് സാധാരണ ജീവിതം തിരിച്ചുപിടിക്കാൻ ആറ് മാസത്തോളം വേണ്ടിവരുമെന്നാണ്. ലോക്ക്ഡൗൺ ആളുകളുടെ ജീവിത രീതിയെ സാരമായി ബാധിക്കുന്നു. പത്തിൽ നാലുപേർ ലോക്ക്ഡൗൺ അവരുടെ യാത്രാ പദ്ധതികളെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് പറയുന്നു. അഞ്ചിൽ ഒരാൾ ഇത് അവരുടെ ബന്ധങ്ങളെ ബാധിച്ചുവെന്നും പറഞ്ഞു.
6.ശീതീകരിച്ച ഭക്ഷണത്തിനും മദ്യത്തിനും ആവശ്യക്കാർ ഏറെ.
ലോക്ക്ഡൗണിൽ ഒരു മാസത്തിനുശേഷം പലരും ബേക്കിംഗിലേക്കും മദ്യപാനത്തിലേക്കും തിരിയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 25 വരെയുള്ള ആഴ്ചയിൽ ഏറ്റവും വലിയ വളർച്ച കാണുന്ന 10 ഉൽപ്പന്നങ്ങളിൽ പകുതിയും ഹോം ബേക്കിംഗുമായി ബന്ധപ്പെട്ടതാണ്. മദ്യത്തിന്റെ മൊത്തത്തിലുള്ള വിൽപ്പന മൂന്നിലൊന്നായി ഉയർന്നു. പലരും ക്ഷാമം ഭയന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി വെക്കുന്ന പ്രവണതയും കണ്ടു.
7.അന്തരീക്ഷ മലിനീകരണം കുറഞ്ഞു.
രാജ്യം പൂട്ടിയിട്ടിട്ട് ആഴ്ചകൾക്കുള്ളിൽ യുകെയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. നൈട്രജൻ ഡൈ ഓക്സൈഡിന്റെ (NO2) അളവ് യുകെയിലുടനീളം കുറഞ്ഞു. വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതുമൂലം വായുവും മലിനമാകാതെ ഇരിക്കുന്നു.
8.കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും സാമൂഹിക വിരുദ്ധ സ്വഭാവം ഉയർന്നിരിക്കുന്നു
ഇംഗ്ലണ്ടിലും വെയിൽസിലും കുറ്റകൃത്യങ്ങൾ ഏപ്രിൽ 12 വരെയുള്ള നാല് ആഴ്ചകളിൽ 28% കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീടുകയറിയുള്ള മോഷണം മൂന്നിലൊന്നായി കുറഞ്ഞു. എന്നിരുന്നാലും, സാമൂഹിക വിരുദ്ധ പെരുമാറ്റ സംഭവങ്ങൾ 59% ഉയർന്നു. ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 3,200 ലധികം പേർക്ക് ഇംഗ്ലണ്ടിൽ പിഴ ഈടാക്കിയിട്ടുണ്ടെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ അറിയിച്ചു. ഗാർഹിക കുറ്റകൃത്യങ്ങളും ഏറുന്നുണ്ട്. ഇപ്പോൾ ഓരോ ആഴ്ചയും സഹായത്തിനായി നൂറുകണക്കിന് അധിക കോളുകൾ വരുന്നതായി അധികൃതർ അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബുധനാഴ്ച പിറന്ന നവജാത ശിശു ആൺകുഞ്ഞാണ്. കുഞ്ഞിന്റെ മിഡ് നെയിം, ജോൺസനെ കൊറോണ വൈറസ് ചികിത്സിച്ചു ഭേദമാക്കിയ, രണ്ട് ഡോക്ടർമാരുടെതാണ്. 29/4/20 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ അമ്മ സൈമണ്ട്സ് പറയുന്നു “വിൽഫ്രെഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെതാണ്, ലൗറി എന്ന പേര് എന്റെ മുത്തച്ഛന്റെതാണ്, നിക്കോളാസ്, കഴിഞ്ഞമാസം ബോറിസിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ നിക്ക് പ്രൈസിന്റെയും നിക്ക് ഹാർട്ടിന്റെയും പേരിൽ നിന്നുള്ളതാണ്. യുസിഎൽഎച്ചിലെ എൻഎച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഏറെ സന്തോഷവതിയാണ്”. അവർ ഇൻസ്റ്റഗ്രാമിൽ തന്റെ സന്തോഷം പങ്കുവെച്ചു.
കുഞ്ഞിനെ കാരി മാറോടണച്ചിരിക്കുന്ന മനോഹരമായ ചിത്രത്തിൽ, കുഞ്ഞിന് ഇപ്പോഴേ അച്ഛന്റെ പോലെ ഇളം നിറത്തിലുള്ള കട്ടി തലമുടി കാണാം. 32 കാരിയായ കാരി, ബോറിസ് കൊറോണ വൈറസ് ഭേദമായി ഐസിയു വിട്ട് 16 ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്മം നൽകിയിരിക്കുന്നത്. നവജാത ശിശുവിന്റെ അമ്മയും രോഗത്തിനെതിരായ പോരാട്ടത്തിലായിരുന്നു. കുഞ്ഞ് ആരോഗ്യവാനാണ്. ദമ്പതിമാർ ഡൗണിങ് സ്ട്രീറ്റിലെ വീട്ടിൽ, അവരുടെ പ്രിയപ്പെട്ട നായ ഡൈലിനൊപ്പം ജീവിക്കും എന്ന് കരുതുന്നു.
ഡോക്ടർ നിക്കോളാസ് പ്രൈസ് ജനറൽ മെഡിസിൻ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടണ്ട് ആണ്. സെന്റ് തോമസ് എൻ എച്ച് എസ് ട്രസ്റ്റ് വെബ്സൈറ്റ് പ്രകാരം ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിദഗ്ധനാണ്. പ്രൊഫസർ നിക്കോളസ് ഹാർട്ട് ലയിൻ ഫോക്സ് റെസ്പിറേറ്ററി സർവീസ് ഡയറക്ടറും, ലണ്ടനിലെ കിംഗ്സ് കോളേജ് പ്രൊഫസറുമാണ്. ശ്വാസ തടസ്സം നേരിടുന്ന രോഗികൾക്ക് മികച്ച ഹോം മെക്കാനിക്കൽ വെന്റിലേഷൻ നൽകുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം.
മെയ് ഒടുവിലോ ജൂൺ ആദ്യമോ കുട്ടിയുടെ ജനനം ഉണ്ടായിരിക്കുമെന്ന് നമ്പർ ടെൻ മുൻപ് ജനങ്ങളെ അറിയിച്ചിരുന്നു. ഈ വർഷം ഒടുവിലായി മാത്രമേ ബോറിസ് തന്റെ പറ്റേണിറ്റി ലീവ് എടുക്കാൻ സാധ്യതയുള്ളൂ. കൊറോണ വൈറസ് പിടിയിൽനിന്ന് രാജ്യം മുക്തം ആകുന്നതുവരെ അദ്ദേഹം കർമ്മനിരതനായിരിക്കും. ജോൺസന്റെ ആറാമത്തെയും മിസ്സ് സൈമണ്ട്സ്ന്റെ ആദ്യത്തെയും കുട്ടിയാണിത്. മുൻഭാര്യ മറീന വീലറിൽ ഇരുപതും ഇരുപത്തി നാലും പ്രായമുള്ള മിലോ, തിയഡോർ എന്നീ ആൺമക്കളും, ഇരുപത്തിയാറും ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള ലാറ കാസിയ ഇന്നീ പെൺമക്കളുമുണ്ട്. ആർട് കൺസൾട്ടൻട് ഹെലനിൽ 2009 ൽ സ്റ്റെഫാനി എന്ന പെൺകുട്ടിയും പിറന്നിരുന്നു. നവജാതശിശുവിന്റെ ജനത്തിൽ ഇരുവരും അത്യധികം സന്തോഷിക്കുന്നു എന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയുടെ ദുരിതങ്ങൾ എന്ന് അവസാനിക്കും. ലോക്ഡൗൺ എന്ന് തീരും.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിര വധിയാണ് . പക്ഷെ വൈറസ് വ്യാപനത്തിൻെറ തോത് കുറയുന്നതിന് പകരം കൂടുതൽ തീവ്രതയിലേക്ക് കാര്യങ്ങൾ കുതിക്കുന്നു. ലോക് ഡൗൺ പിൻവലിക്കലും ജോലിക്ക് പോയി തുടങ്ങലും എന്ന് നടക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥ. കേരളത്തിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം കുറേ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടാലും ചെയ്തുവന്നിരുന്ന ജോലികൾ തുടരാമെന്നും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകൾ നിലനിൽക്കുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും മലയാളി പ്രവാസികളിൽ ഭൂരിപക്ഷവും സ്വകുടുംബമായി കഴിയുന്നവരാണ്. പലരും അതാത് രാജ്യങ്ങളിലെ പൗരത്വം ഉള്ളവർ. തീർച്ചയായും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ ദുരന്തം ഏൽപ്പിക്കുന്ന ഭീഷണികളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എങ്കിലും ഒരു പരിധി വരെയെങ്കിലും അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കൈത്താങ്ങ് തുടർ ജീവിതത്തിന് താങ്ങാകുമെന്ന പ്രതീക്ഷ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് യുകെയിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് മാസ വരുമാനത്തിന്റെ 80% കൊടുക്കുവാൻ ഗവൺമെന്റ് എടുത്ത തീരുമാനം ശ്ലാഘനീയമാണ്.
പക്ഷേ ഗൾഫ് മേഖലയിലെ പ്രവാസികളുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. വീടും നാടും ഉപേക്ഷിച്ച് നല്ല നാളെ ലക്ഷ്യമാക്കി ഒരു തിരിച്ചുവരവിനായി പ്രവാസികളായവരാണവർ. സാമ്പത്തികമായ ബാധ്യതകൾ പലരുടെയും തിരിച്ചുവരവ് അനന്തമായി നീട്ടികൊണ്ടു പോയി എന്നു മാത്രം. ചിലരെങ്കിലും രണ്ടും മൂന്നും അഞ്ചും കൊല്ലം കഴിയുമ്പോൾ വീട്ടിൽ വന്ന് സ്വയം മുഖം കാണിച്ച് മടങ്ങാൻ വിധിക്കപ്പെട്ടവരാണ്. പലരും ജോലി ചെയ്യുന്നത് അവിദഗ്ധ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്ര കൂലിയും വാടകയും മറ്റ് ജീവിത ചെലവുകളും കഴിഞ്ഞ് മിച്ചം വയ്ക്കുന്ന തുക കേരളത്തിലെ അതിഥി തൊഴിലാളികളുടെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ അന്തരം ഒന്നും ഉണ്ടാവാൻ തരമില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാടായി ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള അടുത്ത കച്ചിത്തുരുമ്പിനായുള്ള അന്വേഷണം ആയിരിക്കും. അതിന് കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം.
2018ലെ കേരള കുടിയേറ്റ സർവേ പ്രകാരം 21 ലക്ഷം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. ഇതിൽ 90 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ്. ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തിനോടടുക്കും. ഇതിൽ 20 ശതമാനം ആളുകളും തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവരാണ്. 10 ശതമാനം ആളുകൾ വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമാണ്. ഇതിനർത്ഥം ഇപ്പോഴത്തെ സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞാലും ഒരു തിരിച്ചുപോക്ക് പലർക്കും അത്ര എളുപ്പമല്ല.
മറ്റൊരു നാട്ടിലും ഇല്ലാത്ത രീതിയിൽ പ്രവാസികളെ സൃഷ്ടിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തവരാണ് നമ്മൾ. അങ്ങനെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിലേയ്ക്ക് വൻതോതിൽ ഇന്ന് നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെട്ടവർ എത്തിച്ചേർന്നു. 2013-ലെ കണക്ക് പ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്നത് 35 ലക്ഷത്തിനടുത്താണെന്നാണ് ഏകദേശ കണക്ക്. അതിഥി തൊഴിലാളികൾ കയ്യടക്കിയ, നമ്മൾ എന്നേ ഉപേക്ഷിച്ച തൊഴിലിടങ്ങളിലേക്ക് വീണ്ടും തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാഭാവികമായും കുടിയേറേണ്ടതായി വരും.
ഗൾഫ് നാടുകളിലെ താഴെതട്ടിലുള്ള തൊഴിലാളികളിൽ കേരളത്തിൽ നിന്നുള്ള പലരും മറ്റ് നാടുകളിൽ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാസമ്പന്നരാണ്. ഒരുപക്ഷേ ഇത്രയധികം അഭ്യസ്തവിദ്യർ മറ്റ് നാടുകളിൽ അവിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ പരാജയമാണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ നാടുകളിലെ പോലെ യന്ത്രവൽകൃതമാകുന്ന തൊഴിലിടങ്ങൾ അനാവശ്യ പ്രവാസ കുടിയേറ്റങ്ങൾക്ക് പകരം അഭിമാനത്തോടെയും അന്തസോടെയും കേരളത്തിൽ ജോലി ചെയ്യാൻ നമ്മുടെ ചെറുപ്പക്കാരെയും പ്രേരിപ്പിച്ചേക്കാം. ഏതായാലും നമ്മുടെ തൊഴിൽ സംസ്കാരത്തിനും പ്രവാസത്തിനും ഒരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.
ഡോ. ഐഷ വി
കാസർഗോഡ് ടൗൺ യുപിഎസിന് വളരെ അടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം. അവിടത്തെ നവമി ആഘോഷം നടക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് വളരെ സന്തോഷമാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള പൂജ കഴിയുമ്പോൾ ശർക്കര അവൽ ചിരകിയ തേങ്ങ ഏലയ്ക്ക ഉണക്കമുന്തിരി എന്നിവ ധാരാളം ചേർത്ത അവൽ സുഭിക്ഷമായി മറ്റുള്ളവർക്കൊപ്പം സ്കൂൾ കുട്ടികൾക്കും ലഭിക്കും. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പീരീഡ് തീരാറായപ്പോൾ കുട്ടികൾ ടീച്ചറോട് അമ്പലത്തിൽ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. അങ്ങനെ അല്‌പം നേരത്തേ ക്ലാസ്സ് നിർത്തിയ ടീച്ചർ ആരൊക്കെ ക്ഷേത്രത്തിലെ പ്രസാദം വാങ്ങാനായി പോകുന്നെന്ന് ചോദിച്ചു. കമലാക്ഷിയും മറ്റ് ഭൂരിപക്ഷം കുട്ടികളും കൈ പൊക്കി. ടീച്ചർ ചോദിച്ചു: ഐഷ പോകുന്നില്ലേ? ഐഷയ്ക്കും വേണമെങ്കിൽ പോകാം . ടീച്ചർ പറഞ്ഞു. ഉടനെ കമലാക്ഷി പറഞ്ഞു: ആ കുട്ടി ഹിന്ദുവാണ് ടീച്ചർ , ആ കുട്ടിയുടെ അച്ഛൻ ഹിന്ദുവാണ്. ഞാൻ അതിശയിച്ചു പോയി. ഹിന്ദുവെന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ആരും തന്നെ ജാതി മതം എന്നിവയെ പറ്റിയൊന്നും സംസാരിച്ചിരുന്നില്ല. പിന്നെ കമലാക്ഷിയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം ? ഞാൻ കമലാക്ഷിയോട് ഇതേ പറ്റി ചോദിച്ചപ്പോൾ കമലാക്ഷി പറഞ്ഞതിങ്ങനെ: ഐഷയുടെ അച്ഛന്റെ പേര് ഹിന്ദു പേരാണ്. പിന്നെ ഞങ്ങൾ ഹിന്ദു തീയ്യയാണ്. ഹിന്ദുവിന് പിന്നെയും ഉപവിഭാഗങ്ങളുണ്ടോ എന്ന് ഞാൻ സംശയിച്ചു. പേരിനും ആളുകൾക്കും ജാതിയും മതവുമൊക്കെയുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അധികം താമസിയാതെ മറ്റ് ചില കുട്ടികളും എന്റെ ചുറ്റും കൂടി ഹിന്ദുവായിട്ടും എന്തിനാണ് ഇസ്ലാമതത്തിലെ
പേരിട്ടത് എന്നവർക്കറിയണം. ഞാനാകെ വിഷമിച്ചു പോയി. പിന്നെ ഞങ്ങളെല്ലാപേരും കൂടി മല്ലികാർജ്ജുന ക്ഷേത്രത്തിൽപ്പോയി വരിയായി നിന്ന് വാഴയിലയിൽ ലഭിച്ച പ്രസാദം കഴിച്ചു. സന്തോഷത്തോടെ തിരികെ ക്ലാസ്സിലേയ്ക്ക് പോയി. പ്രസാദത്തിലെ മധുരം നുണഞ്ഞെങ്കിലും മതവും പേരും എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറി.
അന്ന് വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയോട് നമ്മൾ ഹിന്ദുവാണോ എന്ന് ചോദിച്ചു. അമ്മ പറഞ്ഞു ഹിന്ദുവാണെന്ന് . എന്റെ അടുത്ത ചോദ്യം കമലാക്ഷി തീയ്യയാണെന്ന് പറഞ്ഞു. നമ്മളെന്താണ്? അമ്മ അതിനു തന്ന മറുപടി ഇങ്ങനെയായിരുന്നു. ഇനിയാരെങ്കിലും ജാതിയോ മതമോ ഒക്കെ ചോദിച്ചാൽ മനുഷ്യനാണ് എന്ന് മറുപടി കൊടുത്താൻ മതി. അടുത്ത ചോദ്യം ഐഷ എന്ന് പേരിട്ട തെന്തിന് ? അച്ഛനാണ് ആ പേരിട്ടത് എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ അച്ഛൻ വരാനായി കാത്തിരുന്നു. എന്റെ പേരിനോട് ജീവിതത്തിൽ ആദ്യമായി എനിയ്ക്കൊരനിഷ്ടം തോന്നി.
അച്ഛൻ വന്നപ്പോൾ ഞാൻ ചോദ്യങ്ങൾ ആവർത്തിച്ചു. എന്റെ പേര് മാറ്റണം. കൂട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടു. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു : ജാതിയും മതവുമൊന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത്. നല്ല വാക്കും നല്ല പ്രവൃത്തിയും നല്ല ചിന്തയും കൊണ്ട് നല്ല മനുഷ്യനായിത്തീരണം. എല്ലാ മനുഷ്യരേയും സ്നേഹിക്കാനും സമഭാവനയോടെ കാണാനും ശീലിക്കണം. ഐഷ എന്ന പേരിനെ പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഐഷ ഒരു നല്ല പേരാണ് . മുഹമ്മദ് നബിയുടെ ഭാര്യമാരായിരുന്നു ഐഷയും ഖദീജയും . അതിൽ ഐഷ നല്ലൊരു പോരാളിയും കാര്യങ്ങൾ നിശ്ചയിച്ച് നടപ്പിലാക്കുന്നതിൽ പ്രഗത്ഭയും ആയിരുന്നു. നമ്മുടെ രാജ്യം വൈവിധ്യമാർന്ന ജാതി മതസ്ഥർ ചേർന്നതാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഇങ്ങനെയൊരു പേരിട്ടതാണ്. തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി കേശവനും മറ്റ് പ്രഗത്ഭരും മക്കൾക്ക് ഇങ്ങനെ പേരിട്ടിട്ടുണ്ട്. നമ്മുടെ പേരിനെ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടണം. അച്ഛൻ പറഞ്ഞു. അച്ഛൻ പറഞ്ഞപ്പോൾ കുറച്ച് സമാധാനവും സന്തോഷവും തോന്നിയെങ്കിലും വർഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ പേരിനോടുള്ള അനിഷ്ടം മാറിക്കിട്ടിയത്. ഇപ്പോൾ ഈ പേരാണ് ഞാൻ ഏറ്റവും കൂടതൽ ഇഷ്ടപ്പെടുന്ന പേര്. ചെല്ലുന്നിടത്തെല്ലാം ആളുകൾ പേരിനെ പറ്റി ചോദിച്ചിട്ടുണ്ട്. ചിലർ എന്തെങ്കിലും കഥകൾ സങ്കല്പിച്ചുണ്ടാക്കും. എവിടെ പോയാലും മനുഷ്യരെ സമഭാവനയോടെ കാണാനും ഒരോ വ്യക്തികളെയും മാനിക്കാനും ഈ സംഭവത്തോടെ ഞാൻ പഠിച്ചു. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോഴും ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമായില്ല. തുല്യാവസരങ്ങൾ എല്ലാപേർക്കും നൽകി.
മതം മനുഷ്യർ നന്നായി ജീവിക്കാനായി ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകരും സ്വരൂപിച്ച അഭിപ്രായങ്ങളാണ്. പല മതത്തിലും പല അഭിപ്രായങ്ങൾ വരാം. മനുഷ്യർ നന്നാവുക എന്നതാണ് പ്രധാനം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് നല്ല മനുഷ്യർ ഉണ്ടാകുന്നത്. അതാണ് അച്ഛൻ പകർന്നു നൽകിയ പാഠം.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
സ്വന്തം ലേഖകൻ
ലണ്ടൻ : ചൈനയിൽ നിന്ന് യുകെ വാങ്ങിയ 250 വെന്റിലേറ്ററുകൾ രോഗികളെ കൊല്ലുമെന്ന് ബ്രിട്ടീഷ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വെന്റിലേറ്ററുകളുടെ ഓക്സിജൻ വിതരണം തകരാറിലാണെന്നും ശരിയായി വൃത്തിയാക്കാൻ കഴിയില്ലെന്നും രൂപകൽപ്പനയിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും മുതിർന്ന ഡോക്ടർമാർ പറഞ്ഞു. ഏപ്രിൽ നാലിനാണ് ചൈനയിൽ നിന്നും മുന്നൂറോളം വെന്റിലേറ്ററുകൾ യുകെയിൽ എത്തിയത്. വെന്റിലേറ്ററുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇൻസ്ട്രക്ഷൻ മാനുവൽ ഉണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ക്ലിനിക്കുകളെയും സീനിയർ മാനേജർമാരെയും പ്രതിനിധീകരിച്ച് തീവ്രപരിചരണ വിഭാഗം ഡോക്ടറും മുതിർന്ന അനസ്‌തേഷ്യയും ആയ വ്യക്തി എൻഎച്ച്എസ് മേധാവികൾക്ക്, വെന്റിലേറ്റർ സുരക്ഷിതമല്ലെന്ന് അറിയിച്ചുകൊണ്ട് കത്തയച്ചു. ഏപ്രിൽ ആദ്യം ചൈനയിൽ നിന്നുള്ള വെന്റിലേറ്ററുകളുടെ വരവിനെ കാബിനറ്റ് മന്ത്രിമാർ പ്രശംസിച്ചിരുന്നു. ഈ വെന്റിലേറ്ററുകൾ എൻഎച്ച്എസിന് സഹായകരമാകുമെന്നും മൈക്കൽ ഗോവ് അന്ന് പറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ചയിലാണ് സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയതിനെതുടർന്ന് രോഗികൾക്ക് ഇത് ഹാനികരമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
ചൈനയ്ക്ക് നന്ദി പറഞ്ഞു ഒൻപത് ദിവസത്തിന് ശേഷം ചൈനയിലെ പ്രധാന വെന്റിലേറ്റർ നിർമാതാക്കളിലൊരാളായ ബീജിംഗ് അയോൺമെഡ് കമ്പനി ലിമിറ്റഡ് നിർമ്മിച്ച ഷാങ്‌റില 510 മോഡലിന്റെ 250 എണ്ണം മാരകമാണെന്ന് മുന്നറിയിപ്പ് നൽകാൻ ഒരു കൂട്ടം ഡോക്ടർമാരും മെഡിക്കൽ മാനേജർമാരും ചേർന്നു സർക്കാരിന് കത്തെഴുതുന്ന സാഹചര്യം ഉടലെടുത്തു. ഇതുപയോഗിച്ചാൽ രോഗികൾക്ക് മരണം വരെ ഉണ്ടായേക്കാമെന്ന് മുതിർന്ന ഡോക്ടർമാർ പറയുന്നു. ആശുപത്രികളിൽ വെന്റിലേറ്റർ മോഡൽ ഉപയോഗിക്കുന്നില്ലെന്നും രോഗികൾക്കൊന്നും അപകടമില്ലെന്നും ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) വക്താവ് പറഞ്ഞു. എൻഎച്ച്‌എസ് ആശുപത്രികളിൽ എത്തിക്കുന്നതിന് മുമ്പ് വെന്റിലേറ്റർമാർ നിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താൻ ശക്തമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ ഡോക്ടർമാരുടെ ഈയൊരു മുന്നറിയിപ്പ് ആരോഗ്യരംഗത്ത് ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കറുത്തവർഗക്കാരായ ആളുകൾ കൊറോണ വൈറസ് മൂലം മരിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസിന്റെ കണക്കുകൾ സത്യത്തിൽ ഞെട്ടിക്കുന്നതാണ്. ആഫ്രിക്കൻ പൈതൃകമുള്ള ആളുകൾ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണെന്നും അതിനാൽ തന്നെ വൈറസ് പിടിപെടാനുള്ള സാധ്യത ഏറിയിരിക്കുന്നുവെന്നും അവർ പറയുന്നു. ബിഎഎംഇ തൊഴിലാളികളെ സംരക്ഷിക്കണമെന്ന ആഹ്വാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ ഇത് മറ്റ് ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം ഉണ്ടാകാത്ത വിധത്തിൽ ആയിരിക്കണമെന്നും റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫസർ നീൽ മോർട്ടെൻസൻ പറഞ്ഞു.
അതേസമയം ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനെക്കയുമായി പുതിയ ബന്ധം സ്ഥാപിച്ചതോടെ കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യ ഫലങ്ങൾ ജൂൺ പകുതിയോടെ ലഭ്യമാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല അറിയിച്ചു. ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള കരാർ, ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ലോകമെമ്പാടുമുള്ള വാക്സിനേഷൻ വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ മനുഷ്യനിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
“നൂറുകണക്കിന് ആളുകൾക്ക് ഇപ്പോൾ ട്രയൽ വാക്സിൻ നൽകിയിട്ടുണ്ട്, റെഗുലേറ്റർമാർ അംഗീകരിച്ചുകഴിഞ്ഞാൽ വലിയ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നതാണ് ഇപ്പോൾ വെല്ലുവിളി. മറ്റുരാജ്യങ്ങളിലേയ്ക്ക് ഈ വാക്സിൻ എത്തിക്കേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ ആസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു.” ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ വെളിപ്പെടുത്തി. രണ്ടാഴ്ച മുമ്പ് സർക്കാർ വാക്സിനേഷൻ ടാസ്‌ക്ഫോഴ്‌സ് ആരംഭിച്ചതിന് ശേഷം രൂപീകരിക്കുന്ന ആദ്യത്തെ പങ്കാളിത്തമാണിത്. ഉൽപാദനത്തിനും വിതരണത്തിനുമുള്ള ചെലവുകൾ മാത്രം ഉൾക്കൊണ്ടുകൊണ്ട് പകർച്ചവ്യാധിയുടെ കാലയളവിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൊറോണ വൈറസ് വാക്സിൻ ഫലപ്രദമാകുമോ ഇല്ലയോ എന്ന് ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിനുള്ളിൽ അറിയാമെന്ന് ആസ്ട്രാസെനെകയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. “ഓക്സ്ഫോർഡ് വാക്സിൻ യൂണിറ്റ് രോഗികളിലേക്കും റെഗുലേറ്ററി അതോറിറ്റികളിലേക്കും എത്തിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ പ്രോഗ്രാം വിപുലീകരിക്കുന്നതിനായി കമ്പനിയുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി കരാറിലെത്തിയെന്നത് വളരെ മികച്ച വാർത്ത ആണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിൽ കൊറോണ ബാധമൂലം 739 മരണം കൂടി പുതുതായി സ്ഥിരീകരിച്ചതോടെ, മൊത്തം മരണനിരക്ക് 27, 510 ആയി ഉയർന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ ആശുപത്രികളിലെയും, കെയർഹോമുകളിലെയും ദിനംപ്രതിയുള്ള മരണനിരക്ക് അധികാരികൾ പുറത്തുവിട്ടിട്ടില്ല. മുൻപ് കെയർ ഹോമുകളിൽ കൊറോണ ബാധ മൂലം നടക്കുന്ന മരണങ്ങൾ കണക്കുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ മരണങ്ങളും കൂടി ഉൾപ്പെടുത്തുവാൻ അധിക സമ്മർദം മന്ത്രിമാർക്കു മേൽ ഉണ്ടായതിനാൽ ഇപ്പോൾ ഇവയും കണക്കുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. എൻ എച്ച് എസ് ഇംഗ്ലണ്ട് മാത്രമാണ് ഹോസ്പിറ്റലുകളിൽ നടക്കുന്ന മരണങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം തന്നെ കൊറോണ ബാധമൂലം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 14 ശതമാനത്തോളം കുറഞ്ഞുവെന്നും ആരോഗ്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടനിലെ സാഹചര്യം മെച്ചപ്പെടുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇതിനിടയിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ കൊറോണ ബാധ മൂലം മരണം കൂടുതൽ ഉണ്ടാകുന്നു എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഈ പഠനങ്ങൾ ഇതുവരെ ശാസ്ത്രജ്ഞന്മാർ എല്ലാവരും അംഗീകരിച്ചിട്ടില്ല. എന്നാൽ ക്വീൻ എലിസബത്ത് ഫൗണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലും മറ്റും രോഗബാധ തടയുന്നതിനായി വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പിൽനിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ഉള്ള ആളുകളുടെ വിറ്റാമിൻ ഡി ലെവലുകൾ ആണ് ഈ പഠനങ്ങൾക്കായി എടുത്തിരിക്കുന്നത്.
ഇതിനിടയിൽ വ്യാഴാഴ്ചയോടുകൂടി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ഡൗണിൽ നിന്നുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഭീതി നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ നീട്ടണമെന്നാണ് ജനങ്ങളിൽ പലരുടെയും ആവശ്യം.
സ്വന്തം ലേഖകൻ
ഓസ്ട്രേലിയൻ ന്യൂട്രിഷനിസ്റ്റായ സൂസി ബറൽ ആരോഗ്യകരമായ ഭക്ഷണരീതിയിൽ ഒരു പെർഫെക്ട് ദിനം എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. സിഡ്നി ബേസ്ഡ് ഡയറ്റീഷ്യനും ഷേപ്പ് മിയുടെ ഫൗണ്ടറുമാണ് സൂസി. കോവിഡ് 19 ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ ഇടയ്ക്കിടെ അമിതാഹാരം കഴിച്ച് വണ്ണം കൂടാൻ സാധ്യതയുണ്ട്, എന്നാൽ സൂസി പറയുന്ന അളവിൽ ദിവസം ആറ് നേരം ഭക്ഷണം കഴിച്ചാൽ തടി കൂടില്ല എന്ന് മാത്രമല്ല ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആഴ്ചകളോളം മുഴുവൻ സമയവും വീട്ടിൽ തന്നെ ചിലവഴിക്കുമ്പോൾ ഇടയ്ക്കിടെ ആഹാരം കഴിക്കാനുള്ള തോന്നലും കൂടുതലായിരിക്കും, എന്നാൽ ഇതിന് വഴിപ്പെട്ട് അനാവശ്യമായി ആഹാരം കഴിച്ചാൽ തടി കൂടും എന്ന് ഉറപ്പാണ്. ഇപ്പോൾതന്നെ പലർക്കും പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന ബെൽറ്റിനുള്ളിലും വസ്ത്രത്തിനുള്ളിലും ശരീരം മുറുകിയത് മനസ്സിലാക്കാൻ സാധിക്കും.
രാവിലെ ഏഴുമണിക്ക് എണീറ്റാൽ ഉടൻ ഒരു കപ്പ് ചൂട് ഹെർബൽ അഥവാ ഗ്രീൻ ടീ നാരങ്ങാനീരിനൊപ്പം കഴിച്ചാൽ ദിവസം മുഴുവൻ ഹൈഡ്രേറ്റഡായിരിക്കും മാത്രമല്ല അത് ഒരു ആന്റി ഓക്സിഡന്റ് ബൂസ്റ്റുമാണ്. അതിരാവിലെ തന്നെ എക്സസൈസ് ചെയ്യുകയോ, വിശക്കുകയോ ആണെങ്കിൽ എട്ടുമണിക്ക് തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്, അതിന് മെറ്റബോളിക് ഗുണങ്ങൾ കൂടിയുണ്ട്. 20 മുതൽ 30 ഗ്രാം വരെ ഉയർന്ന പ്രോട്ടീനോടൊപ്പം പച്ചക്കറിയും കഴിക്കുന്നതാണ് ഉത്തമം. ഉച്ചഭക്ഷണ സമയം വരെ വിശക്കില്ല എന്നതും ഇതിന്റെ ഗുണമാണ്. സെറിയലിനൊപ്പം ഗ്രീക്ക് യോഗർട്ട്, ബെറീസ് ഗ്രീൻ ജ്യൂസ്, മുട്ടയും പച്ചക്കറികളും ഒപ്പം ഒരു സ്ലൈസ് സോർഡഫ്, മുട്ട ടോസ്സ്ട് സ്മോക്ക്ഡ് സാൽമൺ/ പച്ചക്കറികൾ എന്നീ വിഭവങ്ങളിൽ ഏതെങ്കിലും ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് നിർദ്ദേശിക്കുന്നത്. മെറ്റബോളിസം വർദ്ധിപ്പിക്കാനായി ഒരു ചെറിയ കപ്പ് പാൽ കാപ്പി കുടിക്കാം, അധികം ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉച്ചഭക്ഷണം കഴിയുന്നതും നേരത്തെ തന്നെ കഴിക്കണം, 11 മണി മുതൽ 12 മണി വരെ കഴിക്കുന്നതാണ് ഉചിതം. പ്രഭാതഭക്ഷണത്തിന് ഉച്ചഭക്ഷണത്തിനും ഇടയ്ക്ക് സ്നാക്സ് കഴിച്ചു വയറ്റിൽ സ്ഥലം കുറയ്ക്കണ്ട, അങ്ങനെ ചെയ്താൽ ഉച്ചയ്ക്ക് രണ്ടുമണിക്കൊ മൂന്നുമണിക്കോ ഭക്ഷണം കഴിക്കേണ്ടി വരും അത് ആരോഗ്യപ്രദമല്ല. ഉച്ചഭക്ഷണം നേരത്തെ കഴിച്ചാൽ ഇടയ്ക്ക് കഴിക്കണം എന്നുള്ള തോന്നൽ ഉണ്ടാവില്ല. സ്റ്റഫ് ചെയ്ത ഉരുളക്കിഴങ്ങിനൊപ്പം സാലഡ് / സൂപ്പ് അല്ലെങ്കിൽ പച്ചക്കറി. ഉച്ചഭക്ഷണത്തിനുശേഷം അല്പം യോഗർട്, ഏതെങ്കിലുമൊരു ഫ്രൂട്ട്, ഒന്നോ രണ്ടോ പീസ് ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് കഴിക്കുന്നത് നല്ലതാണ്.
മൂന്നിനും നാലിനും ഇടയിൽ ആഫ്റ്റർനൂൺ സ്നാക്ക് കഴിക്കാം. ഇത് ദിവസം മുഴുവനുമുള്ള ചിട്ടയായ ആഹാരക്രമത്തിന് സഹായിക്കും. ചീസും ക്രാകേഴ്‌സും, ഫ്രൂട്ട്സ് നട് സ്പ്രെഡ്, അല്ലെങ്കിൽ സ്പ്രെഡിനൊപ്പം പ്രോട്ടീൻ സ്ലൈസ് എന്നിവയാണ് വൈകുന്നേരം കഴിക്കാൻ നല്ലത്. ഇതിനോടൊപ്പം മറ്റ് ലോ കലോറി സ്നാക്കുകൾ ആയ വെജിറ്റബിൾ സ്റ്റിക്ക്, ആപ്പിൾ, ബെറീസ്, പാഷൻ ഫ്രൂട്ട്, പോപ്കോൺ എന്നിവയിലേതെങ്കിലും വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനായി കഴിക്കാം. ലൈമിനോ നാരങ്ങാനീരിനോ ഒപ്പം സ്പാർക്കിളിങ് സോഡാ കുടിക്കുന്നത് ഷുഗർ ക്രേവിംഗ് പിടിച്ചു നിർത്താൻ സഹായിക്കും. ഈ സ്നാക്കിന് ശേഷം ഡിന്നർ വരെ മറ്റൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഡിന്നറും നേരത്തെ തന്നെയാണ് കഴിക്കേണ്ടത്. ഒരു ആറു മണിയോടുകൂടി ഡിന്നർ കഴിക്കാം. എന്നാൽ ഈ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വ്യക്തികൾ ചീസ്, ചിപ്സ്, വൈൻ പോലെയുള്ള ഹൈ കലോറി ഭക്ഷണസാധനങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇതു നന്നല്ല. 300 മുതൽ 400 വരെ കലോറിയുള്ള ഭക്ഷണമാണ് ഡിന്നറിന് നല്ലത്. പച്ചക്കറികൊപ്പം വൈറ്റ് ഫിഷ്, സൂപ്പ്, റോസ്റ്റഡ് വെജിറ്റബിൾ സാലഡ് അല്ലെങ്കിൽ പ്രോൺസ്, സുക്കിനി പാസ്ത എന്നിവയിലേതെങ്കിലും ഒന്നാണ് ഡിന്നറിന് ഉചിതം. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ വലിച്ചു വാരി തിന്നുകൊണ്ടിരിക്കുതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഈ ശീലം. കിടക്കയിലേക്ക് പോകും മുമ്പ് ഒരു ഗ്ലാസ് ചായയോ ഒരു പീസ് ചോക്ലേറ്റോ കഴിക്കാം. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് രാത്രി കുറഞ്ഞത് 12 മണിക്കൂർ എങ്കിലും വയർ ഒഴിഞ്ഞു കിടക്കാൻ സഹായിക്കും. ലോക്ക് ഡൌൺ കാലത്ത് ഈ ഭക്ഷണ രീതി തുടരുന്നതാണ് നല്ലതെന്ന് സൂസി ഉറപ്പുനൽകുന്നു.