അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണാ വൈറസിനെ പ്രതിരോധിക്കാനായുള്ള സാമൂഹിക അകലം പാലിക്കേണ്ടി വരുന്നത് ഒരു വർഷമോ അതിലും കൂടുന്നതിനോ രോഗവ്യാപനത്തിന്റെ വ്യാപ്തി അനുസരിച്ച് സാധ്യതയുണ്ട് . കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ നിന്നുള്ള രേഖകൾ യുകെ ഗവൺമെന്റിന് കൈമാറുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു കഴിഞ്ഞു . രോഗവ്യാപനത്തിൻെറ വ്യാപ്തിയെക്കുറിച്ചും കൊറോണ വൈറസ് വ്യാപനം എത്രനാൾ കൊണ്ട് തടയാൻ സാധിക്കുമെന്നതിനെ പറ്റിയും ഇപ്പോൾ പറയാൻ പറ്റുകയില്ലെങ്കിലും 12 ആഴ്ചയ്ക്കുള്ളിൽ ഈ വൈതരണികളെ നമ്മൾ തരണം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യാശ പ്രകടിപ്പിച്ചു.
വൈറസ് ബാധ സംശയിക്കുന്നവരുടെ ഗാർഹിക ഒറ്റപ്പെടൽ, സ്കൂളുകൾ അടച്ചിടുന്നത്, ജനങ്ങൾ യാത്രകൾ ഒഴിവാക്കി പൊതുവെയുള്ള സാമൂഹിക അകലം പാലിക്കുന്നത് തുടങ്ങിയ നടപടികൾ രോഗം നിയന്ത്രിക്കാൻ സഹായിക്കും എന്ന് സയന്റിഫിക് പാൻഡെമിക് ഇൻഫ്ലുവൻസ ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങൾക്കപ്പുറം വൈറസ് വ്യാപനത്തിൻെറ ഗുരുതരാവസ്ഥ മനസ്സിലാക്കി ജനങ്ങൾ യാത്രകളും , വൈറസ് വ്യാപനത്തിന് സാധ്യതയുള്ള പൊതുസ്ഥലങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു .
സാമൂഹിക അകലം പാലിക്കുക എന്നത് രോഗം പകർത്താൻ ഇടയുള്ള സ്രവങ്ങളിൽ നിന്ന് ദൂരം പാലിക്കലാണ് എന്ന കൃത്യമായ ഉൾക്കാഴ്ച ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കണമെ ന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം അതിനെ മാനസികവും വൈകാരികവുമായ അകലം ആയി മാറ്റി എടുക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. യുകെയിൽ ഉടനീളം കഫേകൾ, പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റ്കൾ, തുടങ്ങിയവ അടച്ചിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കർശന നിർദേശം നൽകിയിരുന്നു. വൈറസ് വാഹകരോ രോഗമുള്ളവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ വന്നുചേരാൻ ഇടയുള്ള എല്ലാ പൊതു ഇടങ്ങളും ഒഴിവാക്കാൻ ഈ നിർദ്ദേശം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
സ്വന്തം ലേഖകൻ
കൊറോണാ വൈറസിനെ ചെറുക്കാൻ പുതിയ നീക്കങ്ങളുമായി മുന്നിട്ടിറങ്ങുന്ന ബോറിസ് ജോൺസൺ ജനങ്ങളോട് ഇനിയുള്ള ദിവസങ്ങളിൽ പൂർണമായും വീട്ടിലിരിക്കാൻ നിർദ്ദേശിച്ചു. യുകെയിൽ ഉടനീളമുള്ള കഫെകൾ ,പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റ്കൾ തുടങ്ങിയവ അടച്ചിടാൻ നിർദേശം. നൈറ്റ് ക്ലബ്ബുകൾ, തിയേറ്ററുകൾ, സിനിമാസ്, ജിമ്മുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്. ഡൗണിങ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ദിവസേനയുള്ള കൊറോണ പ്രസ് കോൺഫറൻസിൽ അദ്ദേഹം ഇങ്ങനെ പറയുന്നു” തീർച്ചയായും ഇന്ന് രാത്രി പുറത്തിറങ്ങണം എന്ന ശക്തമായ തോന്നൽ നിങ്ങൾക്ക് ഉണ്ടാവാം, പക്ഷേ ദയവുചെയ്ത് ആരും പുറത്തിറങ്ങരുത്”.
നിങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരിക്കാം, എന്നാൽ പ്രത്യക്ഷത്തിൽ അല്ലാത്ത രോഗസാധ്യത നിങ്ങൾക്കുണ്ടെങ്കിലോ? അത് നിങ്ങൾ അറിയാതെ അനേകരിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ് എങ്കിലോ? ദയവായി നിങ്ങൾ കഴിയുന്നതും വീട്ടിൽ ഇരിക്കുക. നമ്മുടെ ജീവനും, എൻ എച്ച് എസ് പ്രവർത്തകരുടെ ജീവനെയും അങ്ങനെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും .
യുകെയിൽ വെള്ളിയാഴ്ച മരണനിരക്ക് 177 ആയി. 714 കേസ് റിപ്പോർട്ട് ചെയ്തതിൽ നിന്ന് 3983 ലേക്ക് കുതിച്ചു. നമുക്കിപ്പോൾ ഏറ്റവും പ്രധാനമായി ചെയ്യാൻ കഴിയുന്നത് രോഗം മറ്റുള്ളവരിലേക്ക് പടർത്താതിരിക്കുക എന്നതാണ്. ഞങ്ങൾ ‘നിർദേശിക്കുകയാണ്’ ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങൾ ഒന്നും നാളെ മുതൽ തുറന്നു പ്രവർത്തിക്കരുത് എന്ന്. റസ്റ്റോറന്റുകൾ തുറന്നു പ്രവർത്തിക്കില്ല എങ്കിലും ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നതിന് വിലക്കില്ല.
ജനങ്ങളെ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾ ദയവുചെയ്ത് അടിയന്തര സാഹചര്യത്തിൽ അടച്ചിടണം. മാനസികമായും ഭൗതികമായും അല്ലെങ്കിലും ശാരീരികമായെങ്കിലും മനുഷ്യർ തമ്മിൽ ഇപ്പോൾ അകന്നിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മദേഴ്സ് ഡേയിൽ, മുതിർന്ന ആളുകളെ കൂടുതൽ ശ്രദ്ധിക്കണം. ആലോചിച്ചു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പുറത്തിറങ്ങി മറ്റുള്ളവരുമായി സഹകരിക്കുന്നത് കുറയ്ക്കുക. സ്വന്തം ജീവനും, കുടുംബത്തിന്റെ ജീവനും, ആരോഗ്യ പ്രവർത്തകരുടെ ജീവനും, സമൂഹത്തിന്റെ ജീവനും അപകടപ്പെടുത്താതെ ഇരിക്കുക..
ലണ്ടൻ: കൊറോണ വൈറസിനെ തോൽപ്പിക്കാൻ തീരുമാനിച്ചുറച്ചു ബ്രിട്ടീഷ് ഭരണകൂടം. വൈറസിന്റെ വളർച്ചയുടെ ഗ്രാഫിന്റെ ഗതി തിരിച്ചിറക്കാൻ ലഭ്യമായ എല്ലാ ആയുധവും പുറത്തെടുത്ത ഒരു വാർത്താസമ്മേളനമാണ് അൽപം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ധനകാര്യ മന്ത്രിയും ചേർന്ന് നടത്തിയത്. ഇന്ന് വരെ ലോകത്തിലെ ഒരു സർക്കാരും ചെയ്യാൻ ശ്രമിക്കാത്ത അല്ലെങ്കിൽ ശ്രമിക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്ന നടപടികളാണ് ബ്രിട്ടീഷ് എക്കണോമിയെ പിടിച്ചുനിർത്താൻ വേണ്ടി സർക്കാർ പുറത്തെടുത്തിരിക്കുന്നത്.
പ്രധാന തീരുമാനങ്ങൾ ഇവയാണ്
യുകെയിലെ ചെറുതും വലതുമായ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും അവർ തന്റെ ജോലിക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ 80 ശതമാനം ഗ്രാന്റ് ആയി നൽകുന്നു. ഒരു മാസം 2500 പൗഡ് വരെയുള്ള ശമ്പളത്തിന് 80% ഗ്രാന്റ് ലഭിക്കുകയുള്ളു. എംപ്ലോയർ ജോലിയിൽ നിലനിർത്തുന്ന ജോലിക്കാർക്കാണ് ഇത്തരത്തിൽ സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. HMRC വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
ഈ വരുന്ന ജൂൺ മാസം വരെയുള്ള ചെറുകിട വൻകിട ബിസിനസുകളുടെ വാറ്റ് ഡിഫർ ചെയ്‌തതോടൊപ്പം ഒരു വർഷത്തെ പലിശരഹിത ലോണും ലഭ്യമാണ്.
യൂണിവേഴ്‌സൽ ക്രെഡിറ്റ് അലവൻസ് £1000 ഉയർത്തുകളും ചെയ്‌തു. അതിനോടൊപ്പം സെൽഫ് അസ്സസ്സ്മെന്റ് ചെയ്യാൻ ഉള്ള സമയപരിധി അടുത്ത വർഷ ആരംഭത്തിലേക്ക് മാറ്റുകയും ചെയ്‌തിരിക്കുന്നു.
സെൽഫ് എംപ്ലോയ്‌മെന്റ് വിഭാഗത്തിൽ പെടുന്നവർക്ക് യൂണിവേഴ്‌സൽ ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കും. അതായത് സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്‌മെന്റിന് തതുല്യമായ തുകയാണ് നൽകുന്നത്. വാടകയ്ക്ക് താമസിക്കുന്നവർക്കായി ഒരു ബില്യൺ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.
വൻകിട ചെറുകിട ബിസിനസ്സുകൾക്കു ആവശ്യമായ പണം ലഭ്യമാക്കുന്ന പുതിയ പദ്ധതി അടുത്ത ആഴ്ച്ച പുറത്തിറക്കുന്നു.
ഇന്ന് അർദ്ധരാത്രി മുതൽ യുകെയിലെ എല്ലാ ഹോട്ടലുകളും, ബാറുകളും പബ്ബുകളും അടക്കണം എന്ന നിർദ്ദേശം വന്നിരിക്കുന്നു. അതായത് ഒരാൾക്കും ഉള്ളിൽ സെർവ് ചെയ്യാൻ പാടുള്ളതല്ല. ടേക്ക് എവേക്കു (TAKE AWAY) ഇത് ബാധകമല്ല. മലയാളികൾ നടത്തുന്ന ചില ഹോട്ടലുകൾക്ക് ഈ തീരുമാനം പ്രതികൂലമാകും എന്നാണ് പുറത്തുവരുന്ന വിവരം.
നിശാ ക്ലബുകൾ, തിയറ്ററുകൾ, ജിമ്മുകൾ എന്നിവയും ഇന്ന് മുതൽ പ്രവർത്തിക്കാൻ പാടുള്ളതല്ല.
എല്ലാ ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും, ഇത് നാഷണൽ ഹെൽത്ത് സെർവിസിനെ സംരക്ഷിക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എടുത്തുപറഞ്ഞു.
ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കിരുന്നു… 0.25% നിന്നും ൦.1% ആയി കുറച്ചിരുന്നു.
ഇറ്റലിൽ മരിച്ചവരുടെ എണ്ണം ഇന്നും ഉയർന്ന് 4032 എത്തി. 627 പേരാണ് ഇന്ന് മരിച്ചത്… ബിബിസി റിപ്പോർട്ട്.
ലോകത്താകമാനം ഇതുവരെ മരിച്ചത് 10,000 കടന്നു.. രോഗബാധിതർ 2,50,000 റിൽ എത്തിയപ്പോൾ രോഗം ഭേദമായവർ 80,000 ആണ്.
സ്വന്തം ലേഖകൻ
മലയാള ഭാഷയുടെ ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനാണ് ഫാദർ ഷാജി തുമ്പേചിറയിൽ. അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ആൽബമായ ‘ഈശോയുടെ പുഞ്ചിരിയിലെ ‘ ജനശ്രദ്ധ ആകർഷിച്ച ” അമ്പിളിമാമ പാട്ടുകാരാ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള യുവ പ്രതിഭ അന്ന ജിമ്മിയാണ്. അന്നയെ കുറിച്ച് മുൻപ് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു വയസ്സു മുതൽ തന്നെ പാട്ടിലും, നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച അന്ന, നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈശോയുടെ പുഞ്ചിരി എന്ന ഈ ആൽബത്തിലെ പാട്ടു കൊണ്ട് അന്ന ജനഹൃദയങ്ങളെ കീഴടക്കുകയാണ്.
ഈ ഗാനത്തിന് വരികൾ രചിക്കുകയും, അവയ്ക്ക് ഈണം പകരുകയും ചെയ്തത് ഫാദർ ഷാജി തുമ്പേചിറയിൽ അച്ചനാണ്. മൂവായിരത്തിൽപ്പരം ഗാനങ്ങൾക്ക് അച്ചൻ ഈണം പകർന്നിട്ടുണ്ട്. ഈ ആൽബത്തിലെ ഗാനങ്ങൾ മുഴുവനും പ്രവാസികളായ കുട്ടികളാണ് ആലപിച്ചിരിക്കുന്നത്. ഫാദർ ഷാജി തുമ്പേചിറയിലിനോടൊപ്പം, ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ഫാദർ ജോസഫ് കീഴുകണ്ടയിൽ, ഫാദർ സിറിയക് പാലക്കുടി, അവിനാശ് മാത്യു എന്നിവർ ചേർന്ന് ഒരുക്കിയതാണ് ഈ ആൽബം. സുനിൽ ജോയ് ആണ് ഈ ആൽബത്തിൽ കീബോർഡ് ചെയ്തിരിയ്ക്കുന്നത് . ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ബിജോ ടോമും, ഏകീകരണം നടത്തിയിരിക്കുന്നത് ഷൈമോൻ തോട്ടുങ്കലുമാണ്. പ്രതിഭകളായ ഒരു പറ്റം പ്രവാസി കുട്ടികളുടെ ശബ്ദവും ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.
ഈ പാട്ടുകളിൽ ഒന്നിന്റെ ഗായികയായ അന്ന ജിമ്മി ഒരു അതുല്യ പ്രതിഭയാണ്. നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ അന്ന നേടിയിട്ടുണ്ട്. 15 വർഷത്തോളമായി പ്രവാസികളായ ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളായ അന്ന എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
സ്വന്തം ലേഖകൻ
ലോകമൊട്ടാകെ കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അങ്ങേയറ്റം ശ്രദ്ധയും കരുതലുമാണ് ജനങ്ങൾക്ക് വേണ്ടത് എന്ന് രാജ്ഞി രാജ്യത്തോടുള്ള സന്ദേശത്തിൽ പറയുന്നു. 93 കാരിയായ രാജ്ഞി രാജ്യത്തെ ശാസ്ത്രജ്ഞൻമാരെയും ആരോഗ്യ പ്രവർത്തകരെയും എമർജൻസി സ്റ്റാഫിനെയും അഭിനന്ദിച്ചു. എന്നാൽ ഓരോ വ്യക്തിയ്ക്കും നിർണായകമായ പങ്കുവഹിക്കാൻ ഉണ്ടെന്നും രാജ്ഞി ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്തത്. 12 ആഴ്ചയ്ക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
താനും തന്റെ കുടുംബവും അവരവരുടേതായ ചുമതലകൾ നിർവഹിക്കാൻ തയ്യാറാണെന്നും രാജ്ഞി പറഞ്ഞു. രാജ്‌ഞി ഔദ്യോഗിക കർത്തവ്യങ്ങൾ വെട്ടിക്കുറച്ചു വിൻസർ കാസ്റ്റിലിൽ ആണുള്ളത്.
ഇതുവരെ യുകെയിൽ കൊറോണ ബാധിച്ച 144 പേരാണ് മരിച്ചത്. രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഒരു വലിയ ചരിത്രത്തിലൂടെ ആണെന്നും, അതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, എല്ലാവരും അവരവരുടെ സാധാരണ ജീവിത രീതിക്ക് മാറ്റം കൊണ്ടുവരണമെന്നും, പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുള്ളവർക്ക് കൂടുതൽ കരുതൽ കൊടുക്കണമെന്നും, ഇതിനെ നേരിടുക എന്നുള്ളത് എല്ലാവരുടെയും കൂട്ടായ ഒറ്റ ലക്ഷ്യമാക്കി തീർക്കണമെന്നും രാജ്ഞി പറയുന്നു.
തീർച്ചയായും എല്ലാവരും പരസ്പരം സ്നേഹിക്കുന്നവർക്കും ആശ്രിതർക്കും സൗഖ്യം ആണോ എന്ന് അന്വേഷിക്കണം. അത്തരമൊരു അവസ്ഥയിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. താനും തന്റെ കുടുംബവും അത് തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ അതീവ പ്രാധാന്യമുള്ള ജോലികൾ അല്ലാതെ മറ്റെല്ലാ സന്ദർശനങ്ങളും, വിനോദ, രാഷ്ട്രീയ പരിപാടികളും മാറ്റിവച്ചിരിക്കുകയാണ് രാജ്ഞി.
70 വയസ്സിൽ കൂടുതൽ ഉള്ള ആളുകൾ അനാവശ്യ സമ്പർക്കം ഒഴിവാക്കുക എന്ന് യുകെ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മൂന്നുമാസത്തിനുള്ളിൽ പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി. സ്കൂളുകൾ പൂട്ടിയിടാനുള്ള സാധ്യത വർധിച്ചു വരുന്നു. ബിസിനസുകാരോട് തങ്ങളുടെ തൊഴിലാളികളോട് കുറച്ചു കരുണ കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം തടയാൻ ആവശ്യമായ സകല പ്രവർത്തനങ്ങളും നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഒരാൾക്ക് ഇതിനോടകം വൈറസ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ലക്ഷക്കണക്കിന് ആന്റിബോഡി പരിശോധനകൾ വാങ്ങാനാണ് യുകെ സർക്കാർ പദ്ധതിയിടുന്നത്. ഇത് കൊറോണ വൈറസ് വ്യാപിക്കുന്നതിനെ വലിയ തോതിൽ തടയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇതിനോടകം ഈ വിഷയത്തെപ്പറ്റി പല ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യശരീരം അണുബാധയ്ക്കെതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കും, അതിനാൽ രക്തത്തിലെ ആന്റിബോഡികളുടെ എണ്ണം കണക്കിലെടുത്ത് ഒരാൾക്ക് അണുബാധ ഉണ്ടോ എന്ന് ഡോക്ടർമാർക്ക് കണ്ടെത്താനാകും. കോവിഡ് – 19 എത്രപേർക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയാൽ ഇനി എത്ര പേരിൽ ബാധിക്കുമെന്നും വ്യാപനത്തിന്റെ തോത് എത്ര മാത്രമായിരിക്കുമെന്നും കണക്കാക്കാൻ ഇത് സഹായിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു. ഇതോടെ കൊറോണ വൈറസ് ഉണ്ട് എന്ന് സംശയിക്കുന്നവരുടെ പരിശോധനയും വൻതോതിൽ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദിവസേനയുള്ള പരിശോധനകൾ ഒരു ദിവസം 5000 എന്നുള്ളത് 10000വും 25000 ആയി ഉയരുമെന്നും പിന്നീട് അത് 250000 ആക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിവു പോലുള്ള തന്റെ കൊറോണ വൈറസ് ബ്രീഫിംഗിൽ പുതിയ പരിശോധനകളെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. ആന്റിബോഡി ടെസ്റ്റുകൾ എല്ലാം തന്നെ പ്രഗ്നൻസി ടെസ്റ്റുകൾ പോലെ ലളിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ യുകെയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 3269 ആയി ഉയർന്നു. 144 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്.
64, 621 പേരെ വൈറസ് ബാധ ടെസ്റ്റുകൾക്ക് വിധേയമാക്കിയിരുന്നു എന്നും ഇതിൽ 61, 352 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ ആന്റിബോഡി ടെസ്റ്റുകൾ അണുബാധ പകരുന്നതിനെതിരെ വലിയൊരു പങ്കു വഹിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
എന്നാൽ നിലവിൽ വിപണിയിലുള്ളവ എത്രമാത്രം വിജയകരമാണെന്ന് പരീക്ഷിക്കേണ്ടതുണ്ടെന്നും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാമെന്നും വൈകാതെ തന്നെ ഈ ആന്റിബോഡി ടെസ്റ്റുകളുടെ സഹായത്തോടെ രാജ്യത്തുനിന്ന് തന്നെ വൈറസ് ബാധ തുടച്ചുമാറ്റാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. പല യൂറോപ്പ്യൻ രാജ്യങ്ങളും സ്കൂൾ അടച്ചിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലും ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ സമയത്ത് അക്ഷീണം പ്രയത്നിക്കുന്ന എൻഎച്ച്എസ് സ്റ്റാഫ്, പോലീസ്, ഫുഡ് ഡെലിവറി ഡ്രൈവർമാർ എന്നിവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. മാതാപിക്കളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഭക്ഷണം ലഭിക്കുന്ന കുട്ടികൾ, വിദ്യാഭ്യാസ ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ട കുട്ടികൾ എന്നിവരെ സഹായിക്കാൻ സ്കൂളുകളോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ ഏതൊക്കെ സ്കൂളുകളാണ് ഈ സേവനങ്ങൾ നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്കൂളുകൾ അടച്ചിടുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഇതിൽ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകളും ഇംഗ്ലണ്ടിന്റെ പ്രൈമറി സ്കൂൾ ദേശീയ പാഠ്യപദ്ധതി പരീക്ഷയും (സാറ്റ്സ് ) ഉൾപ്പെടുന്നു. നേഴ്സറികളും സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. പരീക്ഷകൾ നടക്കില്ലെന്നും എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള യോഗ്യത ലഭിക്കുമെന്നും വില്യംസൺ പറഞ്ഞു.
സ്കോട് ലാൻഡ് സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. സെപ്റ്റംബറിന് മുമ്പ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ലെന്നും സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,626 ആയി ഉയർന്നു. മരണസംഖ്യ 108ലേക്കും ഉയർന്നു. ഈയൊരവസ്ഥയിൽ സ്കൂളുകൾ അടച്ചിടുന്ന നടപടി, രോഗവ്യാപനത്തെ ഒരു പരിധി വരെ തടയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
*
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി പുതിയതായി നിയമിതനായ ആൻഡ്രൂ ബെയ്‌ലി കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ജീവനക്കാരെ പിരിച്ചു വിടരുതെന്ന് കമ്പനികളോട് ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിനാവശ്യമായ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കമ്പനികളെ പരമാവധി സഹായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിലെ പല സ്ഥാപനങ്ങളെയും കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ പിടിമുറുക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക ഉത്തേജന പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഇലക്ട്രിക് കാർ ബാറ്ററി നിർമ്മാണരംഗത്ത് യുകെയിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ പോകുന്ന വാർത്ത മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണോ വൈറസ് മൂലമുണ്ടാകുന്ന തൊഴിൽ ദിനങ്ങളുടെ നഷ്ടം മൂലം ഉത്പാദനം ഗണ്യമായി കുറയുകയും പല കമ്പനികൾക്കും തൊഴിലാളികളെ പിരിച്ചു വിടേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച ചാൻസലർ റിഷി സുനക് 350 ബില്യൻ പൗണ്ട് പാക്കേജ് അവതരിപ്പിക്കുകയുണ്ടായി. അതിൽ 330 ബില്യൻ പൗണ്ടുകളും ബിസിനസ് ലോൺ ഗ്യാരണ്ടി ഉൾപ്പെടെയുള്ളതാണ്. അതേസമയം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ പൗണ്ട് 35 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായി.
ലണ്ടൻ : കോവിഡ്- 19 വൈറസിനെ പിടിച്ചുകെട്ടാൻ ലോകം മുഴവനും സർവ്വ ശക്തി സമാഹരിക്കുമ്പോഴും വൈറസ് മരണതാണ്ഡവമാടുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ എല്ലാ ദിവസവും ലൈവ് ആയി പൊതുജനത്തോട് സംസാരിക്കുന്നു. ഒരു പരിധിവരെ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുവാൻ ഉപകരിക്കുകയും ചെയ്യുന്നു. രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. ഇന്ന് 40 കൂടി ഉയർന്ന് മരണം 144.. രോഗബാധിതരുടെ എണ്ണം 3269 ലേക്ക് എത്തുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ…
പ്രധാന തീരുമാനങ്ങൾ ഇവയാണ്.
പന്ത്രണ്ട് ആഴ്ചക്കുള്ളിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രി, എന്നിരുന്നാലും എന്ന് എന്നുള്ള കാര്യത്തിൽ ഉത്തരം പറയുക ഇപ്പോൾ സാധിക്കുകയില്ല.. എങ്കിലും ഇപ്പോൾ ഉള്ള ഗ്രാഫിനെ തിരിച്ചിറക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു
ഒരു മാസത്തിനുള്ളിൽ പുതിയ വാക്‌സിനിന്റെ ട്രയൽ ആരംഭിക്കും.. വേണ്ടിവന്നാൽ ലണ്ടൻ നഗരം ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം പരിഗണയിലാണ്…
ലണ്ടൻ നഗരത്തിലെ പൊതുഗതാഗതം നിർത്തുന്നത് തള്ളിക്കളഞ്ഞെങ്കിലും ജനങ്ങൾ പുറത്തിറങ്ങുന്നത് തുടർന്നാൽ എൻഫോഴ്‌സ്‌മെന്റ് ഉണ്ടാകും എന്ന് സൂചിപ്പിക്കാൻ മറന്നില്ല
ബിസിനസ് സംബദ്ധമായ കൂടുതൽ പാക്കേജുകൾ നാളെ ധനമന്ത്രി പബ്ലിഷ് ചെയ്യുന്നതാണ്.
ആവശ്യമുള്ള പ്രതിരോധ കിറ്റുകളുടെ ലഭ്യത ഈ ഞായറാഴ്ചയോടു കൂടി പരിഹരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്..
ഫോർമുല വൺ ഉൾപ്പെടെയുള്ള 1400 കമ്പനികൾ വെന്റിലേറ്റർ ഉണ്ടാക്കാൻ തയ്യാറായിട്ടുണ്ട് എന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.. ഇത് ഗവൺമെന്റ് അഭ്യർത്ഥന മാനിച്ചാണ്.
ഗവൺമെന്റ് പുതിയ ഒരു ടെസ്റ്റിംഗ് രീതി പിന്തുടരുവാൻ പോവുകയാണ്… പ്രെഗ്നൻസി ടെസ്റ്റിന് ഉപോയോഗിക്കുന്ന രീതിയിലുള്ള ഒരു ഉപകരണമാണ് ഇതിനായി പരീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കി… 0.25% നിന്നും ൦.1% ആയി കുറച്ച് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.. ഒരാഴ്ചയിലെ രണ്ടാമത്തെ കുറക്കൽ..
മരിച്ചവരുടെ എണ്ണത്തിൽ ചൈനയെ കടത്തിവെട്ടി ഇറ്റലി… എണ്ണം 3405
ലോകത്താകമാനം ഇതുവരെ മരിച്ചത് 9000 പേർ .. രോഗബാധിതർ 220000 കവിഞ്ഞു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നതുവഴി രാജ്യത്ത് ഒരിക്കൽക്കൂടി വധശിക്ഷ നടപ്പാക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. കുറ്റവാളി ഒരാളായാലും ഒന്നിലേറെയാണെങ്കിലും ജയിലിൽ ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്
വാറന്റിൽ പറയുന്ന ജയിലിനകത്തുവെച്ചുവേണം തൂക്കിലേറ്റാൻ. പൊതു അവധിദിവസം വധശിക്ഷ നടപ്പാക്കരുത്. കുറ്റവാളിക്ക് ഗുരുതരമായ അസുഖമോ ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ ശിക്ഷ നടപ്പാക്കരുത്. എന്നാൽ, ദീർഘകാലമായി തുടരുന്ന അസുഖമാണെങ്കിൽ വധശിക്ഷ മാറ്റിവെക്കേണ്ടതില്ല. ആരോഗ്യപ്രശ്നങ്ങളാൽ ശിക്ഷ മാറ്റിവെക്കുന്നുണ്ടെങ്കിൽ അതുസംബന്ധിച്ച് ജയിൽ ഐ.ജി.ക്ക് സൂപ്രണ്ട് റിപ്പോർട്ട് നൽകണം.
ഏതെങ്കിലും അപ്പീലുകൾ നിലനിൽക്കുന്നതുകൊണ്ടല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ശിക്ഷ നടപ്പാക്കൽ നീട്ടിവെക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അക്കാര്യം മരണവാറന്റയച്ച സെഷൻസ് ജഡ്ജിയെ ജയിൽ സൂപ്രണ്ട് അറിയിക്കണം. തുടർന്ന് പുതിയ വാറന്റ് ഇറക്കാൻ നടപടി സ്വീകരിക്കണം.
പുതിയ തൂക്കുകയർ നിർബന്ധമില്ല.
ഓരോ തവണയും വധശിക്ഷ നടപ്പാക്കാൻ പുതിയ തൂക്കുകയർ നിർബന്ധമില്ല. എന്നാൽ, അതിന്റെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. തൂക്കുകയറിൽ മെഴുകോ വെണ്ണയോ പുരട്ടിയാണ് സൂക്ഷിക്കുക. പരിശോധനകൾക്കുശേഷം തൂക്കുകയർ സുരക്ഷിതമായി പൂട്ടി ഉരുക്കുപെട്ടിയിലാക്കി മുദ്രവെച്ച് സൂക്ഷിക്കണം. ഓരോ കുറ്റവാളിയെയും തൂക്കുന്ന കയറിന് പുറമേ രണ്ട് കയറുകൾകൂടി വേറെ തയ്യാറാക്കി വെക്കണം.
തൂക്കിലേറ്റേണ്ട കുറ്റവാളിയുടെ ഒന്നര ഇരട്ടി ഭാരമുള്ള ഡമ്മി തൂക്കി നേരത്തേ പരിശോധന നടത്തണം. കുറ്റവാളിയുടെ തൂക്കത്തിനനുസരിച്ച് 1.83 മീറ്ററിനും 2.44 മീറ്ററിനുമിടയിലുള്ള ആഴത്തിൽ താഴേക്ക് വീഴ്ത്തിയാണ് വധശിക്ഷ നടപ്പാക്കുക. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ കൃത്യമായ ഇടവേളകളിൽ തൂക്കുമരം പരിശോധിക്കണം. തൂക്കിലേറ്റുന്നതിന്റെ തലേന്ന് വൈകീട്ടും പരിശോധന നടത്തും.
തൂക്കിലേറ്റപ്പെടുന്നവരുടെ ബന്ധുക്കളെയോ മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാൻ അനുവദിക്കില്ല. അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയോടെ സാമൂഹികശാസ്ത്രജ്ഞർ, മനശ്ശാസ്ത്രജ്ഞർ, മനോരോഗവിദഗ്ധർ തുടങ്ങി ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നവർക്ക് അനുമതി നൽകാം. സൂപ്രണ്ടിന്റെ വിവേചനാധികാരമാണത്. വധശിക്ഷ കഴിഞ്ഞ് മൃതദേഹങ്ങൾ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുംവരെ മറ്റു തടവുകാരെയെല്ലാം ഈ സമയത്ത് ലോക്കപ്പിൽ പൂട്ടിയിടും.
അവസാനനിമിഷവും ഉത്തരവ് നോക്കണം
പുലർച്ചെ, സൂര്യോദയത്തിന് മുമ്പാണ് വധശിക്ഷ നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് പത്ത് കോൺസ്റ്റബിൾമാർ അല്ലെങ്കിൽ വാർഡർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് വാർഡർ എന്നിവർ അവിടെയുണ്ടാകും. ശിക്ഷ നടപ്പാക്കുന്ന ദിവസം പ്രതികളുടെ സെല്ലിലേക്ക് പോകുംമുമ്പ്, ജയിൽ സൂപ്രണ്ട് തന്റെ ഓഫീസിലെത്തി വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും പുതിയ ഉത്തരവോ നിർദേശമോ അധികൃതരിൽനിന്ന് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.
കുറ്റവാളി തൂക്കുമരത്തട്ടിലേക്ക്
ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർ കുറ്റവാളിയുടെ സെല്ലിലേക്ക് രാവിലെ ചെല്ലണം. കുറ്റവാളിയുടെ വിൽപത്രമോ മറ്റെന്തെങ്കിലും ഒപ്പിട്ടുവാങ്ങാനുണ്ടെങ്കിൽ അത് ചെയ്യും. തുടർന്ന് അവർ തൂക്കുമരത്തട്ടിലേക്ക് നീങ്ങും. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തിൽ സെല്ലിൽത്തന്നെ തുടരും. അതിനുശേഷം കുറ്റവാളിയുടെ കൈകൾ പിന്നിലേക്ക് ബന്ധിക്കും. കാലിൽ വിലങ്ങിട്ടിട്ടുണ്ടെങ്കിൽ അതഴിച്ചുമാറ്റും. തുടർന്ന് തൂക്കുമരത്തിനടുത്തേക്ക്. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാർഡർ, വാർഡർമാർ എന്നിവർ ഒപ്പമുണ്ടാകും. അതിൽ രണ്ടുപേർ കുറ്റവാളിയുടെ മുന്നിലും രണ്ടുപേർ പിന്നിലുമായി നടക്കും. രണ്ടുപേർ കുറ്റവാളിയുടെ കൈകൾ പിടിച്ചാകും നടക്കുക.
വാറന്റ് വായിക്കൽ
കുറ്റവാളി തൂക്കുമരത്തിനടുത്തെത്തുന്നതിന് മുമ്പേ, മജിസ്ട്രേറ്റ്, സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ എന്നിവർ അവിടെയെത്തിയിട്ടുണ്ടാകും. തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഇതുതന്നെയാണെന്ന് താൻ തിരിച്ചറിഞ്ഞതായി മജിസ്ട്രേറ്റിനെ സൂപ്രണ്ട് ബോധ്യപ്പെടുത്തും. തുടർന്ന് തൂക്കിലേറ്റാൻ പറയുന്ന കോടതിയുടെ വാറന്റ് കുറ്റവാളിക്ക് മനസ്സിലാകുന്ന ഭാഷയിൽ വായിച്ചുകേൾപ്പിക്കും.
മൃതദേഹം വിട്ടുനൽകൽ
ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ, കുറ്റവാളിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കുകയോ മറ്റോ ചെയ്യില്ലെന്ന് ബന്ധുക്കൾ എഴുതിനൽകണം. ജില്ലാ മജിസ്ട്രേറ്റുമായും പോലീസ് അധികൃതരുമായും ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ട് ആലോചിക്കണം. മൃതദേഹം സംസ്കാര സ്ഥലത്തെത്തിക്കുന്നതിന്റെയും സംസ്കരിക്കുന്നതിന്റെയും ചെലവ് ജയിൽ അധികൃതർ വഹിക്കും.
ശിക്ഷാസ്ഥലത്ത് ഇവർ
ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്/ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ, റെസിഡന്റ് മെഡിക്കൽ ഓഫീസർ, ഹെഡ് വാർഡർ (ഹെഡ് കോൺസ്റ്റബിൾ), ചുരുങ്ങിയത് പത്ത് വാർഡർമാർ (കോൺസ്റ്റബിൾ), ആരാച്ചാർ
ശിക്ഷയുടെ നടപടിക്രമങ്ങൾ
തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളിയെ മുഖംമൂടുന്ന തൊപ്പി ധരിപ്പിക്കും. തൂക്കുമരം കാണാൻ കുറ്റവാളിയെ അനുവദിക്കില്ല.
തൂക്കുമരത്തിന്റെ തൊട്ടുതാഴേക്ക് കുറ്റവാളിയെ നടത്തിക്കൊണ്ടുപോയി നിർത്തും. അപ്പോഴും അയാളുടെ കൈകൾ രണ്ട് ഗാർഡർമാർ പിടിച്ചിട്ടുണ്ടാകും.
അതിനുശേഷം കുറ്റവാളിയെ ആരാച്ചാർ ഏറ്റെടുക്കും. കുറ്റവാളിയുടെ ഇരുകാലുകളും ആരാച്ചാർ തമ്മിൽ ബന്ധിക്കും.
തൂക്കുകയർ കഴുത്തിൽ മുറുക്കും. ശരിയായ രീതിയിലാണ് തൂക്കുകയർ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തും.
കുറ്റവാളിയുടെ കൈകൾ പിടിച്ചിരിക്കുന്ന വാർഡർമാർ പിൻവാങ്ങും.
സൂപ്രണ്ടിന്റെ സൂചന വരുന്നതോടെ ആരാച്ചാർ ലിവർ വലിക്കും. അപ്പോൾ, ട്രാപ് ഡോർ തുറന്ന് കുറ്റവാളി താഴേക്ക് തൂങ്ങും.
അരമണിക്കൂറോളം മൃതദേഹം കയറിൽത്തന്നെ തൂങ്ങിനിൽക്കും.
റസിഡന്റ് മെഡിക്കൽ ഓഫീസർ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹം കയറിൽ നിന്നഴിച്ചുമാറ്റും.
പിന്നീട്, മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയിൽ അധികൃതർ വിവരമറിയിക്കും.
മലയാളം യുകെ ന്യൂസ് ടീമിന്റെ ചില ചോദ്യങ്ങൾ ഞങ്ങളുടെ പ്രിയ വായനക്കാരുടെ മുമ്പിൽ ഞങ്ങൾ ചോദിക്കുകയാണ്.
പരമോന്നത നീതിന്യായ പീഠത്തിന്റെ വിധി മാനുഷികമായി ശരിയാണോ?
ഈ ശിക്ഷയിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പ്രവണത കുറയുമോ?
തൂക്കിലേറുന്നവരുടെ വൃദ്ധരായ മാതാപിതാക്കളുടെ മാനസീകാവസ്ഥ എന്തായിരിക്കും?
മരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. പ്രതികളുടെ ഇപ്പോഴത്തെ ചിന്തകൾ എന്തൊക്കെയായിരിക്കും?
ഈ ശിക്ഷാ നടപടികൾ രാജ്യത്തിന് നല്കുന്ന സന്ദേശമെന്ത്?
ഒരു മലയാളം യുകെ ചിന്താവിഷയം