നോട്ടിങ്ഹാം: യുകെ മലയാളികൾ കൊറോണ വൈറസിന്റെ പേടിപ്പെടുത്തുന്ന വാർത്തകളിൽ നിന്ന് പുറത്തുവരുന്നതേയുള്ളു. ഇപ്പോൾ ലോക്ക് ഡൗൺ കഴിഞ്ഞു യുകെ പുറത്തുവരുന്നതേയുള്ളു. ഇതിനോടകം കൊറോണ വ്യാപനം വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കഥകൾ ഓരോന്നായി പുറത്തുവരുവാൻ തുടങ്ങുന്ന സമയം. ഒരുപാട് കമ്പനികൾ പൂട്ടിപോകുന്ന അവസ്ഥ. ജോലികൾ ഓരോന്നായി നഷ്ടപ്പെടുന്നു. ഇതിൽ മലയാളികളും ഉണ്ട് എന്നത് ഒരു യാഥാർത്യം. ആരോഗ്യ മേഖലയെ ബാധിച്ചില്ല എന്ന് മാത്രം.
എന്നാൽ നോട്ടിംഗ്ഹാമിൽ താമസിക്കുന്ന ഷിബുവിന് ഇത് സന്തോഷത്തിന്റെ നാളുകൾ ആണ്. ഒരു വർഷം മുൻപ് യുകെയിൽ എത്തിയ സൗണ്ട് എഞ്ചിനീയർ ആയ ഷിബു പോളിന് ലഭിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ ആഡംബര കാറായ ലംബോഗിനി (£1,95,000) ഒപ്പം 20,000 പൗണ്ട് ക്യാഷ് പ്രൈസുമാണ് അടിച്ചിരിക്കുന്നത്. ടോയോട്ട യാരിസ് ഓടിച്ചിരുന്ന ഷിബുവിന് ഇനി ലംബോഗിനി ഓടിക്കാം. കോട്ടയം ജില്ലയിലെ വെളളൂരില്‍ പടിഞ്ഞാറെവാലയില്‍ പി.ഒ.പൈലിയുടെ മകനാണ് ഷിബു. മുട്ടുചിറ പഴുക്കാത്തറ ജോസഫിന്റെ മകളാണ് ലിനറ്റ്. യുകെയിലെ പ്രസിദ്ധമായ ബി ഓ ടി ബി എന്ന കമ്പനിയുടെ ഈ ആഴ്ച്ചയിലെ നറുക്കെടുപ്പിലെ വിജയിയാണ് ഷിബു പോൾ.

1999 ൽ സ്ഥാപിതമായ ഈ യുകെ കമ്പനി ആണ് യുകെയിലെ മിക്ക എയർപോർട്ടിലും കാർ ഡിസ്പ്ലേ ചെയ്‌തു മത്സരം സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയും മത്സരത്തിൽ പങ്കെടുക്കാം. ലണ്ടൻ ആണ് ഹെഡ് ഓഫിസ്. ചെറിയ തുക മുടക്കി ഡ്രീം കാറുകൾ കരസ്ഥമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കമ്പനി തന്നെ ഉണ്ടാക്കിയത് എന്ന് കമ്പനിയുടെ ഉടമസ്ഥൻ തന്നെ പറയുന്നു.
യുകെയിൽ എത്തി ജോലിക്കു വേണ്ടി ഇമെയിൽ അയച്ചുകൊണ്ടിരുന്ന ഷിബുവിനെ തേടി ഈ സമ്മാനവാർത്ത അറിയിക്കുമ്പോഴും അത് വിശ്വസിക്കാൻ അൽപം മടികാണിക്കുന്ന ഷിബുവിനെയാണ് നാം വീഡിയോയിൽ കാണുന്നത്. നേരെത്തെ കെയിംബ്രിജിൽ ആയിരുന്ന ഇവർ കൊറോണ വൈറസ് വ്യാപനത്തിന് മുൻപാണ് നോട്ടിങ്ഹാമിലെക്ക് മാറിയത്. നോട്ടിങ്ഹാം ആശുപത്രിയിലെ നഴ്‌സ് ആണ് ഭാര്യയായ ലിനെറ്റ് ജോസഫ്.
വാടകക്ക് താമസിക്കുന്ന ഷിബുവും ലിനെറ്റും വീടുവാങ്ങി താമസിക്കുവാനുള്ള തീരുമാനത്തിലാണ്. ഈ മാസം ജന്മദിനം ആഘോഷിക്കുന്ന ഷിബുവിന് ലഭിച്ചത് ഒന്നാന്തരം സമ്മാനം. അതേസമയം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുകയായിരുന്ന ലിനെറ്റ് കണ്ടതെല്ലാം ഒരു സ്വപനമല്ല മറിച്ചു റിയാലിറ്റി ആണ് അന്ന് തിരിച്ചറിയുന്നു.
വിജയികളായ ഷിബുവിനും ലിനെറ്റിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ. വീഡിയോ കാണാം
[ot-video][/ot-video]
വെറും £2.50 മുതൽ തുടങ്ങുന്ന ടിക്കറ്റുകൾ ആണ് എടുക്കാവുന്നത്. ഏത് കാറ് എന്നതിനനുസരിച്ചു ടിക്കറ്റ് വിലയിൽ വർദ്ധനവ് ഉണ്ട്. കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റ് കാണുക.
കമ്പനി ലിങ്ക് താഴെ .
സ്വന്തം ലേഖകൻ
ലണ്ടൻ : എൻ എച്ച് എസ് ജീവനക്കാരുടെ ഫ്രീ കാർ പാർക്കിങ്ങിന്റെ ഫണ്ടിങ് അനിശ്ചിതകാലത്തേയ്ക്ക് തുടരാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി. കൊറോണ വൈറസ് വ്യാപിച്ച സമയത്ത് എൻഎച്ച്എസ് ജീവനക്കാരുടെ കാർ പാർക്കിംഗ് ചെലവ് സർക്കാർ വഹിച്ചിട്ടുണ്ട്. കോവിഡിനോട് പോരാടുന്നതിനാൽ മാർച്ച് 25 മുതലാണ് ഹെൽത്ത് കെയർ സ്റ്റാഫുകളുടെ പാർക്കിംഗ് ഫീസ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ ഈയൊരു പിന്തുണ എത്ര നാളത്തേയ്ക്ക് തുടരാൻ കഴിയുമെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് അർഗാർ പറഞ്ഞു.” എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് സൗജന്യ പാർക്കിംഗ് സാധ്യമാക്കിയത് പ്രാദേശിക അധികാരികളുടെയും സ്വതന്ത്ര ദാതാക്കളുടെയും പിന്തുണയിലൂടെ മാത്രമാണ്. ഈ പിന്തുണ അനിശ്ചിതകാലത്തേക്ക് തുടരാനാവില്ല.” അർഗാർ കൂട്ടിച്ചേർത്തു. എൻ എച്ച് എസ് സ്റ്റാഫുകളുടെ കാർ പാർക്കിംഗ് ഫീസ് ഇനിയും സർക്കാരിന് വഹിക്കാൻ ആവില്ലെന്ന് മാറ്റ് ഹാൻകോക്കും വ്യക്തമാക്കിയിരുന്നു.

വികലാംഗരായവർക്കും സ്ഥിരമായി ആശുപത്രി സന്ദർശനം നടത്തുന്നവർക്കും രോഗബാധിതരായ കുട്ടികൾക്കൊപ്പം രാത്രിയിൽ കഴിയുന്ന മാതാപിതാക്കൾക്കും നൈറ്റ് ഷിഫ്റ്റ് വർക്കേഴ്സിനും തുടർന്നും ഫ്രീ പാർക്കിംഗ് അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് അർഗാർ വ്യക്തമാക്കി. സർക്കാരിന്റെ പുതിയ നിലപാടിനെതിരെ വിമർശനവുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. കൊറോണയോട് പൊരുതുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള ഒരു തീരുമാനം ആരോഗ്യപ്രവർത്തകരെ സമ്മർദ്ദത്തിലാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഈയൊരു തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ചീഫ് സ്റ്റാഫ് മേധാവി അലക്സ് ഫ്ലിനും ട്വീറ്റ് ചെയ്തു. എൻ എച്ച് എസ് ജീവനക്കാരെ അമിത പാർക്കിംഗ് ചാർജുകളിൽ പെടുത്തരുതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ലയല മൊറാൻ അറിയിച്ചു. പുതിയ തീരുമാനത്തിൽ സർക്കാർ കൂടുതൽ വ്യക്തത നല്കണമെന്നും തൊഴിലാളികൾക്ക് അമിത പാർക്കിംഗ് നിരക്കുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് അവർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.
1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.
ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്ന്. അന്നുതന്നെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് പ്രതിജ്ഞയെടുത്തത്.
സ്വന്തം ലേഖകൻ
വാഷിങ്ടൺ : കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനോടൊപ്പം തന്നെ ആഗോളതലത്തിൽ വിഷബാധ കേസുകളും ഉയരുന്നു. ഹാൻഡ് സാനിറ്റൈസിന്റെയും ബ്ലീച്ചിന്റെയും ദുരുപയോഗവും തെറ്റായ വിവരങ്ങളും മൂലം രാസ വിഷബാധ വർദ്ധിച്ചു. ചൊവ്വാഴ്ച നടന്ന ലോകാരോഗ്യ സംഘടനാ മീറ്റിംഗിൽ സംസാരിച്ച വിദഗ്ധർ, ലോകമെമ്പാടുമുള്ള പോയ്സൺ ഹെൽത്ത് സെന്റേഴ്‌സിലേക്ക് വന്ന കോളുകളിൽ ഗണ്യമായ വർദ്ധനയുണ്ടായതായി മുന്നറിയിപ്പ് നൽകി. ചിലിയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 60 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, യുഎസിന്റെ നാഷണൽ പോയ്സൺ ഡാറ്റാ സിസ്റ്റം, രാസ വിഷബാധയുമായി ബന്ധപ്പെട്ട കോളുകളിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

പകർച്ചവ്യാധികൾക്കിടയിലും ശുചിത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം ക്ലീനിംഗ് ഉൽപ്പന്നങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ബ്ലീച്ച് വിനാഗിരിയുമായി ചേർന്ന് ക്ലോറിൻ ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇങ്ങനെ ബുദ്ധിമുട്ട് നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലോകാരോഗ്യസംഘടനയുടെ കെമിക്കൽ സേഫ്റ്റി ആൻഡ് ഹെൽത്ത് യൂണിറ്റിൽ നിന്നുള്ള എം എസ് ടെമ്പോവ്സ്കി പറഞ്ഞു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ സർവേ പ്രകാരം, ഏകദേശം 40 ശതമാനം അമേരിക്കക്കാരും ബ്ലീച്ച് ഉപയോഗിച്ച് ഭക്ഷണം വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ നടപടികളെല്ലാം സുരക്ഷിതമല്ലാത്തതും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. തെറ്റായ വിവരങ്ങൾ കൂടുതലായും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

ഹൈഡ്രോക്സിക്ലോറോക്വിനിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ആഫ്രിക്കയിലെയും യുഎസിലെയും നിരവധി വിഷബാധകൾക്ക് കാരണമായതായി ടെമ്പോവ്സ്കി അറിയിച്ചു. കോവിഡിനോട് പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യമേഖലയ്ക്ക് ഇത് വലിയ വെല്ലുവിളിയാണ്. “കോവിഡിനെതിരെ പോരാടുക മാത്രമല്ല, ആകസ്മികമായി വിഷം കഴിച്ച രോഗികളെ ചികിത്സിക്കാനും ഇപ്പോൾ സമയം കണ്ടത്തേണ്ടിയിരിക്കുന്നു.” ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഹെൽത്തിന്റെ തലവൻ ഫ്രാൻസെസ്കാ റാസിയോപ്പി കൂട്ടിച്ചേർത്തു. ആവശ്യകത വർദ്ധിച്ചതോടൊപ്പം ദുരുപയോഗവും തെറ്റായ വിവരങ്ങളും വർദ്ധിച്ചു. ഇത് പുതിയ നിർമ്മാതാക്കൾ വിപണിയിൽ പ്രവേശിക്കുന്നതിന് കാരണമായി. നിർമാണത്തിൽ ഉണ്ടാവുന്ന സുരക്ഷാ വീഴ്ച വളരെ വലിയ അപകടങ്ങളിലേക്കാണ് നയിക്കുക. കെമിക്കൽ ഫാക്ടറികളിൽ പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും അത് തെറ്റായി അടച്ചു പൂട്ടുകയോ വീണ്ടും തുറക്കുകയോ ചെയ്തിട്ടുണ്ടെന്നും ടെമ്പോവ്സ്കി പറഞ്ഞു. ലോക്ക്ഡൗൺ കാരണം 40 ദിവസത്തിലേറെയായി ശ്രദ്ധിക്കാതെ കിടന്നിരുന്ന രണ്ട് ടാങ്കുകളിൽ നിന്ന് സ്റ്റൈറൈൻ വാതകം ചോർന്നതിനെ തുടർന്ന് ഇന്ത്യയിൽ 13 പേർ മരിക്കുകയും 1,000ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അടച്ചുപൂട്ടിയ കെമിക്കൽ ഫാക്ടറികൾ പെട്ടെന്നു തുറക്കാൻ കഴിയില്ലെന്നും അതിന് വ്യക്തമായ ആസൂത്രണം ആവശ്യമാണെന്നും ടെമ്പോവ്സ്കി ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ
ഡൽഹി : കൊറോണയിൽ നിന്ന് ജീവൻ രക്ഷിക്കുമെന്ന് കരുതപ്പെടുന്ന മരുന്നുകൾ ഡൽഹിയിലെ കരിഞ്ചന്തയിൽ വില്പനയ്ക്കായി എത്തി. കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന റെംഡെസിവിയർ, ടോസിലിസുമാബ് എന്നീ മരുന്നുകൾ കരിഞ്ചന്തയിൽ അമിതമായ നിരക്കിൽ വിൽക്കുന്നതായി കണ്ടെത്തി. കോവിഡ് -19 ഭേദമാക്കാൻ റെംഡെസിവിയറിന് കഴിയുമെന്ന് വ്യാപകമായ പ്രതീക്ഷയുണ്ട്. അതിനാൽ തന്നെ രോഗം പിടിപെടുന്ന ആളുകളെ ഏതുവിധേനയും രക്ഷപെടുത്താനായി കുടുംബാംഗങ്ങൾ അമിതവില നൽകി മരുന്ന് സ്വന്തമാക്കുന്നു. ഈ മരുന്നിന്റെ ലഭ്യത വളരെ കുറവാണ്. ഓരോ കുപ്പി മരുന്നിനും 30000 രൂപയാണ് ഈടാക്കുന്നത്. ഓരോ കുപ്പിയുടെയും ഔദ്യോഗിക വില 5,400 രൂപയാണ്. ഒരു രോഗിക്ക് സാധാരണയായി അഞ്ച് മുതൽ ആറ് വരെ ഡോസുകൾ ആവശ്യമാണ്. ഡൽഹിയിലെയും സമീപ ജില്ലകളിലെയും രോഗികളുടെ കുടുംബങ്ങൾക്ക് റെംഡെസിവിയറിനായി അമിത വില നൽകേണ്ടിവന്ന നിരവധി സംഭവങ്ങളെക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ ട്രയലിൽ കോവിഡ് ലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയതാണ് റെംഡെസിവിയറിന്റെ ആവശ്യം വർധിക്കാൻ കാരണമായത്. എബോളയെ ചികിത്സിക്കുന്നതിനായി റെംഡെസിവിയർ വികസിപ്പിച്ച യുഎസ് ആസ്ഥാനമായുള്ള ഗിലിയാഡ് സയൻസസ് ഇന്ത്യൻ കമ്പനികളായ സിപ്ല, ജൂബിലന്റ് ലൈഫ്, ഹെറ്റെറോ ഡ്രഗ്സ്, മൈലോൺ എന്നിവയ്ക്ക് മരുന്ന് ഉത്പാദിപ്പിക്കാൻ ഉള്ള അനുമതി നൽകി. എന്നിരുന്നാലും, ഈ കമ്പനികളിൽ ഹെറ്റെറോ മാത്രമാണ് ഇതുവരെ റെംഡെസിവിയർ നിർമ്മിച്ചത്. അഞ്ച് സംസ്ഥാനങ്ങൾക്കിടയിൽ 20,000 ഡോസ് വിതരണം ചെയ്ത കമ്പനിയിൽ നിന്ന് മരുന്ന് എങ്ങനെയാണ് കരിഞ്ചന്തയിൽ എത്തിയെന്നതിൽ അറിവില്ല.

“ഞങ്ങൾ വിതരണക്കാർക്ക് മരുന്ന് നൽകിയിട്ടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ ആശുപത്രികളിലേക്ക് നേരിട്ട് കുപ്പികൾ വിതരണം ചെയ്തിട്ടുണ്ട്,” ഹെറ്റെറോയുടെ സെയിൽസ് വൈസ് പ്രസിഡന്റ് സന്ദീപ് ശാസ്ത്രി പറഞ്ഞു. ആവശ്യം നിറവേറ്റുന്നതിനായി കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്നും ഇത്തരം ബ്ലാക്ക് മാർക്കറ്റിംഗ് ശരിക്കും നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കൊറോണ വൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 743,481 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ആകെ മരണസംഖ്യ 20,653 ആയി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
സ്വന്തം ലേഖകൻ
ലണ്ടൻ : ജൂലൈ നാലിന് ഇംഗ്ലണ്ടിലെ പബ്ബുകൾ തുറന്നതിന് പിന്നാലെ കനത്ത ആശങ്കയാണ് പടികടന്നെത്തിയത്. ആദ്യദിവസം തന്നെ സുരക്ഷാ നടപടികൾ പാലിക്കാതെ ആയിരങ്ങളാണ് ആഘോഷം നടത്തിയത്. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതാ, പബ്ബുകൾ തുറന്ന് മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ 3 പബ്ബുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ ഫോക്സ് ആൻഡ് ഹൗണ്ട്സ്, സോമർസെറ്റിലെ ലൈറ്റ്ഹൗസ് കിച്ചൻ ആൻഡ് കാർവറി, ആൽവർസ്റ്റോക്കിലെ വില്ലേജ് ഹോം പബ്ബ് എന്നിവയാണ് അടച്ചുപൂട്ടിയത്. സ്റ്റാഫിന്റെ കുടുംബത്തിലെ ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചതിനെതുടർന്ന് തന്റെ ജീവനക്കാർ ഉൾപ്പെടുയുള്ളവർ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് വില്ലേജ് ഹോം പബ്ബിന്റെ ഉടമസ്ഥൻ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമസ്ഥാനം നൽകാൻ തീരുമാനിച്ചതായി ലൈറ്റ്ഹൗസ് കിച്ചൻ മാനേജർ ജെസ് ഗ്രീൻ പറഞ്ഞു. “എന്റെ ഉപഭോക്താക്കളെയും സ്റ്റാഫിനെയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് തോന്നി. അതിനാലാണ് പബ്ബ് അടയ്ക്കാൻ ഞാൻ തീരുമാനിച്ചത്. ” ഗ്രീൻ അറിയിച്ചു.

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ബേൺഹാമിലെ ഇന്ത്യൻ ടേക്ക്എവേ സാഗറും വെള്ളിയാഴ്ച വരെ അടച്ചു. ഫോക്സ് ആൻഡ് ഹൗണ്ട്സ് ജീവനക്കാർ പരിശോധന നടത്തിയെന്നും വീണ്ടും തുറക്കുന്നതിന് മുമ്പ് പൂർണമായി വൃത്തിയാക്കുമെന്നും ഉടമ പറഞ്ഞു. ശനിയാഴ്ച വീണ്ടും തുറക്കുന്നതിന് മുന്നോടിയായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാറ്റ്‌ലി പബ്ബ് അറിയിച്ചു. അകത്ത് കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, കെട്ടിടത്തിന് ചുറ്റും വൺവേ സംവിധാനം, ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കുമെന്ന് അവർ അറിയിച്ചു.

ഉപഭോക്താക്കളുമായി ബന്ധപ്പെടുവാൻ ശ്രമിക്കുകയാണെന്ന് ലൈറ്റ്ഹൗസ് കിച്ചൻ അധികൃതർ പറഞ്ഞു. ആൽവർസ്റ്റോക്കിലെ വില്ലേജ് ഹോം പബ്ബ് ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൗൺസിലിന്റെ ഉപദേശത്തെ ആശ്രയിച്ചിരിക്കും തീരുമാനം എടുക്കുക. കോൺടാക്റ്റ് ട്രെയ്‌സിംഗ് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിനെക്കുറിച്ച് യുകെ പബ്ബും ഹോസ്പിറ്റാലിറ്റി ട്രേഡ് ബോഡികളും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമായി മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചു. കോൺടാക്റ്റ് വിശദാംശങ്ങൾ ഒരു ഗ്രൂപ്പിലെ ഒരാളിൽ നിന്നും മാത്രമേ എടുക്കാവൂ, മാത്രമല്ല 21 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പബ്ബിലേക്ക് എത്തുന്നവർ അനേകരാണ്. അതിനാൽ തന്നെ അതീവ ജാഗ്രത സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പബ്ബ് ഉടമകൾ.
സ്വന്തം ലേഖകൻ
ലണ്ടൻ : ഗാർഹിക പീഡന ബില്ലിൽ ഭേദഗതി വരുത്താൻ സമ്മതിച്ച് എംപിമാർ. “പരുക്കൻ ലൈംഗിക പ്രതിരോധം” (rough sex defence ) ഇനി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും നിരോധിക്കും. ലൈംഗിക പങ്കാളിയെ കൊലപ്പെടുത്തുകയോ അക്രമാസക്തമായി പരിക്കേൽപ്പിക്കുകയോ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ചില പ്രതികൾ കോടതിയിൽ പരുക്കൻ ലൈംഗിക പ്രതിരോധം (50 ഷേഡ്സ് ഡിഫെൻസ് എന്നും അറിയപ്പെടുന്നു) ഉപയോഗിക്കുന്നു. മരണമോ പരിക്കോ സമ്മതത്തോടെയുള്ള ലൈംഗികതയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെടുന്നു. ഇതിനെയാണ് പുതിയ ഭേദഗതിയിലൂടെ എടുത്തുമാറ്റിയത്. ലൈംഗികപരമായി ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് അഭയം നൽകുന്നതിനായി വിശാലമായ നിയമനിർമ്മാണം നടത്താൻ ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് ബാധ്യതയുണ്ടാക്കും. പ്രചാരണക്കാർ ഇതിനെ സ്വാഗതം ചെയ്തെങ്കിലും കുടിയേറ്റ സ്ത്രീകളെപ്പോലുള്ളവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചിലർ പറഞ്ഞു.

ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾക്കൊള്ളുന്ന ബിൽ കോമൺസിൽ അവസാന ഘട്ടം പാസാക്കി. ഇനി ഇത് ഹൗസ് ഓഫ് ലോർഡ്‌സിൽ ചർച്ചയ്ക്കായി നീങ്ങും. കഴിഞ്ഞ വർഷം ജൂലൈയിൽ തെരേസ മേയുടെ സർക്കാർ ക്രോസ്-പാർട്ടി പിന്തുണയോടെയാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പ് കാരണം പാസാകാൻ കാലതാമസം നേരിട്ടു. ഗാർഹിക പീഡനത്തിന്റെ ഫലങ്ങൾ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കുട്ടികളെ നിയമപ്രകാരം ഇരകളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. റഫ് സെക്സ് ഡിഫെൻസ് എന്നതിന്റെ ഉപയോഗം സമീപകാലത്തെ ഏറ്റവും ചടുലവും വേദനാജനകവുമായ സംഭവവികാസങ്ങളിലൊന്നാണ് കോമൺസിൽ സംസാരിച്ച ഹോം ഓഫീസ് മിനിസ്റ്റർ വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്സ്, 2016 ൽ കൊല്ലപ്പെട്ട നതാലി കൊനോലിയെ അനുസ്മരിച്ചു. 40ഓളം പരുക്കുകളാൽ ആണ് 26കാരിയായ നതാലി കൊല്ലപ്പെട്ടത്. ലൈംഗിക പങ്കാളിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും സമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തിയ്ക്കിടെയാണ് പരിക്കേറ്റതെന്ന് പറഞ്ഞ് കൊലപാതകകേസ് ഒഴിവാക്കുകയായിരുന്നു. ലൈംഗിക വേളയിൽ ഒരാളെ കൊലപ്പെടുത്തുന്നവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ ആഗ്രഹിക്കുന്ന കാമ്പെയ്ൻ ഗ്രൂപ്പ്, ഈ ഭേദഗതിയെ തങ്ങളുടെ വിജയമായി കണക്കാക്കി.
കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിൽ 60 സ്ത്രീകളെ പുരുഷന്മാർ കൊലപ്പെടുത്തിയതായി പ്രചാരകർ വാദിച്ചു. സ്ത്രീകൾ അക്രമത്തിന് സമ്മതിക്കുന്നുവെന്ന് അവർ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ ഈ കേസുകളിൽ 45 ശതമാനവും വളരെ കുറഞ്ഞ ശിക്ഷകളാണ് നേരിട്ടത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബിബിസി ത്രീ 2020 ൽ ഇതുവരെ നാല് കേസുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 കേസുകൾ. സെന്റർ ഫോർ വിമൻസ് ജസ്റ്റിസ് ഡയറക്ടർ ഹാരിയറ്റ് വിസ്ട്രിച്ച് ബില്ലിനെ നിയമനിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ഗാർഹിക പീഡനത്തിന് ഇരയായവർക്കുള്ള സംരക്ഷണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ സർക്കാർ മുന്നോട്ടുകൊണ്ടുവരണമെന്നും അവർ വാദിച്ചു.
സ്വന്തം ലേഖകൻ
വിയറ്റ്നാം : അമ്മയുടെ വയറ്റിൽ നിന്നും ഭൂമിയിലേക്ക് ജനിച്ചുവീണ കുഞ്ഞ് ഇടതുകൈ ചുരുട്ടിപിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനുള്ളിലെ കാഴ്ചയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്; കുട്ടിയുടെ കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണം. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ് നഗരത്തിലെ ഹായ് ഫോംഗ് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഇൻട്രാ യൂട്രിൻ ഡിവൈസ് എന്ന കൃത്രിമഗര്‍ഭനിരോധനയന്ത്രം മുറുക്കിപിടിച്ചുള്ള നവജാത ശിശുവിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞ് ജനിക്കുമ്പോൾ ഈ ഉപകരണവും ഒപ്പം പുറത്തുവന്നിട്ടുണ്ടെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവാങ് പറഞ്ഞു.

“ഡെലിവറിക്ക് ശേഷം, ഉപകരണം കയ്യിൽ ഇരിക്കുന്നത് രസകരമാണെന്ന് എനിക്ക് തോന്നി. അതിനാൽ ഞാൻ ഒരു ചിത്രമെടുത്തു. അതിന് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.” ഫുവാങ് വെളിപ്പെടുത്തി. 34-കാരിയായ അമ്മ രണ്ട് വർഷം മുമ്പ് ഐ.യു.ഡി നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ഐയുഡി അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കാമെന്നും ഫലപ്രദമല്ലാത്ത ഗർഭനിരോധന മാർഗ്ഗമായി മാറുകയും അത് അമ്മ ഗർഭിണിയാകാൻ അനുവദിക്കുകയും ചെയ്തതായി ഫുവാങ് പറഞ്ഞു. അമ്മയുടെ മൂന്നാമത്തെ കുട്ടിയായാണ് ഈ ആൺകുഞ്ഞ് ജനിച്ചുവീണത്. ജനനത്തിനു ശേഷം കുഞ്ഞും അമ്മയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ദാരിദ്ര്യം മൂലം ശരിയായ രീതിയിലുള്ള പോഷകാഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങൾ ബ്രിട്ടനിൽ ഉണ്ടെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന കണ്ടെത്തലുമുണ്ട്. പലപ്പോഴും ശരിയായ രീതിയിലുള്ള പോഷകങ്ങളടങ്ങിയ ആഹാരങ്ങളിൽ പലതും മിക്ക കുടുംബങ്ങൾക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇതുമൂലം ഇത്തരം കുടുംബങ്ങൾ അനാരോഗ്യകരമായ ഭക്ഷണ രീതികളിലേക്ക് ചുവടു മാറുകയാണ് പതിവ്. ബ്രിട്ടനിലെ ജനങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രോസസ്സ്ഡ് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരാണ്. ഇതുമൂലം മൂന്നിൽ രണ്ട് ശതമാനം മധ്യവയസ്കരും അമിതവണ്ണം മൂലം ദുരിതമനുഭവിക്കുന്നവരാണ്. ഭൂരിഭാഗം കുട്ടികളിലും അമിതവണ്ണം രേഖപ്പെടുത്തുന്നുണ്ട്.

ഇത്തരം അനാരോഗ്യകരമായ ഭക്ഷണ രീതികൾ മാറ്റേണ്ട സമയം ആയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അമിതവണ്ണമുള്ളവരിൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാഹചര്യം കൂടുതൽ ആണെന്നിരിക്കെ, അനാരോഗ്യകരമായ ഭക്ഷണ രീതിക്ക് ഒരു മാറ്റം വരേണ്ടത് അത്യന്താപേക്ഷിതമാണ്. ബ്രിട്ടനിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളിൽ പലതും, പോഷകങ്ങൾ കുറവുള്ള, ശരീരത്തിന് അധികം പ്രയോജനം ചെയ്യാത്ത ഭക്ഷണ രീതിയാണ് പിന്തുടരുന്നത്. ഈ പ്രശ്നത്തിൽ ഗവൺമെന്റ് ഇടപെടേണ്ട സമയമായെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.

കൃത്യമായ വരുമാനമാർഗം ഇല്ലാത്ത കുടുംബങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഫുഡ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ ടെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണ രീതികൾ പിന്തുടരുന്നവരിലാണ് അമിതവണ്ണം ദൃശ്യമാകുന്നത്. അതിനാൽ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യകാര്യത്തിൽ ഗവൺമെന്റ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ
വാഷിങ്ടൺ : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് കുറഞ്ഞുവരികയാണെങ്കിലും അമേരിക്ക, ഇന്ത്യ പോലുള്ള രാജ്യങ്ങൾ കനത്ത ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വായുവിലൂടെയും പടർന്നുപിടിക്കാമെന്ന് 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം മുന്നറിയിപ്പ് നൽകി. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീടിനുള്ളിൽ ആണെങ്കിലും വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വീടിനുള്ളിൽ ആയിരിക്കുമ്പോഴും മാസ്ക് ധരിക്കുന്നത് സുരക്ഷിതമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലോകത്തെ 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയത്. പുതിയ കണ്ടെത്തൽ സംബന്ധിച്ച് അടുത്ത ആഴ്ച ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും തെളിവുകളുടെ അപര്യാപ്ത മൂലമാണ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടാകാത്തത്.

ശാസ്ത്രജ്ഞരുടെ നിഗമനം കൃത്യമാണെങ്കിൽ, ആളുകൾ സാമൂഹികമായി അകന്നു നിൽക്കുമ്പോഴും വീടിനുള്ളിൽ മാസ്‌ക്കുകൾ ധരിക്കേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ പുതിയ ഫിൽറ്ററുകൾ ചേർക്കേണ്ടതായും വരും. കൊറോണ വൈറസ് പ്രധാനമായും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് മൂക്കിൽ നിന്നോ വായിൽ നിന്നോ പുറപ്പെടുന്ന ചെറിയ തുള്ളികളിലൂടെ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിന് മൂന്ന് മണിക്കൂർ നേരം വായുവിലും പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്ന് ദിവസം വരെയും നിലനിൽക്കാൻ കഴിവുണ്ടെന്ന് മാർച്ചിൽ യുഎസ് ഗവേഷകർ അറിയിച്ചിരുന്നു. രോഗ പ്രതിസന്ധി തടയാൻ ആളുകൾ കൈകഴുകേണ്ടത് അത്യാവശ്യമാണെന്ന് ജോർജ്ജ് ടൗൺ സർവകലാശാലയിലെ മൈക്രോബയോളജി പ്രൊഫസർ ജൂലി ഫിഷർ അറിയിച്ചു. അതേസമയം, കോവിഡ് വായുവിലൂടെ പടരുമെന്നതിനുള്ള തെളിവ് ബോധ്യപ്പെടുന്നതായിരുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡോ. ബെനെഡെറ്റ അല്ലെഗ്രാൻസി അറിയിച്ചു.