ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടനിലെ ചരിത്രത്തിലെ തന്നെ ക്രൂരനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിപ്പർ പീറ്റർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ലോറിഡ്രൈവർ ആയിരുന്ന പീറ്റർ 1975 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ 13 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. പീറ്ററിൻെറ ഇരകൾ യോർക്ക്ഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നു. 13 കൊലപാതകങ്ങൾ കൂടാതെ ഏഴ് സ്ത്രീകളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനും ആണ് പീറ്റർ ആജീവനാന്തകാലം അഴിയറക്കുള്ളിലായത്. നാല് കുട്ടികളുടെ അമ്മയായ വിൽമ മക്കാനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ് പീറ്റർ കൊലപാതക പരമ്പരകൾ ആരംഭിച്ചത്. കൊലയാളിയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയ പലരും മാരകമായ ശാരീരികപ്രശ്നങ്ങളുമായാണ് ശിഷ്ഠകാലം ജീവിച്ചത്. വേശ്യകളെ കൊല്ലാനുള്ള ദൈവത്തിൽനിന്നുള്ള പ്രത്യേക ദൗത്യത്തിലാണ് താനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. കൊലയാളിയുടെ ഇരകളിൽ ചിലരൊക്കെ ലൈംഗിക തൊഴിലാളികളായിരുന്നു. 16 നും 45 നും ഇടയിൽ പ്രായമുള്ള ഇരകളിൽ 2 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളിയായി പീറ്റർ ശിക്ഷിക്കപ്പെട്ടതിനുശേഷവും അയാളുടെ മുൻ ഭാര്യ സോണിയ സട്ട്ക്ലിഫ് ഭർത്താവിനൊപ്പം നിന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൊലപാതക പരമ്പരകളുടെ സമയത്ത് പീറ്ററിൻെറ ഭാര്യയായിരുന്ന സോണിയ ഒരിക്കൽ പോലും ഈ സംഭവങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. അവർ പലപ്പോഴും പീറ്ററിനെ ജയിലിൽ തൻെറ രണ്ടാം വിവാഹ ശേഷവും സന്ദർശിച്ചത് വാർത്തയായിരുന്നു.

ബ്രിട്ടനിലെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയുടെ മരണത്തിൽ താൻ ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കുന്നില്ലന്നാണ് കൊലയാളിയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ബോബ് ബ്രിഡ്‌ജസ്റ്റോക്ക് അഭിപ്രായപ്പെട്ടത്.