ന്യൂസ് ഡസ്ക് , മലയാളം യുകെ
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 തിങ്കളാഴ്ച ആറാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.
മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ്. ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ഞായറാഴ്ച സങ്കീർത്തനം, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ഡോക്ടർ ജോർജ് ഓണക്കൂർ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ഈസ്റ്റർ ദിനസന്ദേശമായ “ഉയർപ്പു തിരുനാളിലേയ്ക്കുള്ള വാഴ് വുകൾ” , മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.
വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
മലയാളം യുകെ ,ന്യൂസ് ടീം
സ്വന്തം ലേഖകൻ
കാനഡ :- കാനഡയിലെ നോവ സ്കോട്ടിയ നഗരത്തിൽ പോലീസ് യൂണിഫോമിൽ എത്തിയ ആൾ നടത്തിയ വെടിവെയ്‌പ്പിൽ 13 പേർ മരിച്ചതായി സംശയിക്കുന്നു . ഗബ്രിയേൽ വോർറ്റ്മാൻ എന്ന കൊലയാളിയെ പിന്നീട് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ കീഴ്പ്പെടുത്തിയതായി അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോലീസ് യൂണിഫോമിൽ പോലീസ് കാറോടിച്ചാണ് കൊലയാളി എത്തിയത്. മരണപ്പെട്ടവരുടെ കൃത്യം കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിമൂന്നോളം പേർ മരണപ്പെട്ടു എന്നാണ് നിഗമനം.

മരണപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി നാഷണൽ പോലീസ് ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ് ബ്രയാൻ സൗവേ അറിയിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾ ഹെയ്‌ദി സ്റ്റീവിൻസൺ ആണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ടത് തങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ഈ വെടിവെപ്പ് നടന്നത്. ജനങ്ങളോട് രാത്രി മുഴുവനും വീടുകളിൽ തന്നെ കഴിയുവാനുള്ള നിർദ്ദേശം നൽകിയിരുന്നു.

വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നഗരത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവമാണ് നടന്നതെന്ന് നോവ സ്കോട്ടിയ പ്രീമിയർ സ്റ്റീഫൻ മക്നീൽ പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
നമ്പർ 11 ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്ക് ശേഷം തന്നെ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു. അതെ, അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു, എന്നാൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല. രോഗലക്ഷണങ്ങൾ തീവ്രമല്ലായിരുന്നു. രാജ്യത്ത് മരണസംഖ്യ ഉയരുമ്പോഴും കോവിഡ് ബാധിതനായ പ്രധാനമന്ത്രിയുടെ കൈകളിൽ ഭരണചക്രം സുരക്ഷിതമായിരുന്നു.
എന്നാൽ ഏപ്രിൽ രണ്ടോടുകൂടി കാര്യങ്ങൾ തകിടം മറിഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യനില വഷളായി തുടങ്ങി, ശരീരോഷ്മാവ് വർദ്ധിച്ചുവന്നു. ഐസൊലേഷനിൽ നിന്ന് ഉടൻ പുറത്തു വരാം എന്നുള്ള പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, രാജ്യത്തെയും ജനങ്ങളെയും വൈകാരികമായി തളർത്തി കൊണ്ട് ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹത്തിന്റെ രോഗം മൂർച്ഛിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. രോഗബാധിതനാകുമ്പോൾ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു, പത്ര സമ്മേളനങ്ങളിലും വീഡിയോകളിലും കനത്ത ചുമയും പ്രകടമായിരുന്നു. പ്രധാനമന്ത്രി ചുമച്ചു ചോരതുപ്പുന്നു എന്നിവരെ അഭ്യൂഹങ്ങൾ പരന്നു തുടങ്ങി. എന്നാൽ പ്രധാനമന്ത്രിയുടെ അടുത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു.
സാധാരണ കോവിഡ് 19 ബാധിച്ചാൽ ചിലർ രോഗലക്ഷണങ്ങൾ അറിയുക പോലുമില്ല, എന്നാൽ ചിലർക്കാവട്ടെ നെഞ്ചുവേദന, തലവേദന, ശരീര വലിവ്, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകും. രണ്ടാമത്തെ ആഴ്ചയാണ് പരീക്ഷണഘട്ടം, അതും കടന്നു കിട്ടിയാൽ രോഗികൾ അതിജീവിക്കും എന്ന് ഉറപ്പാണ്. പക്ഷെ ചിലർക്ക് ആ സമയത്ത് ശ്വാസകോശത്തെ ബാധിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്യും. ജോൺസൺന്റെ ആരോഗ്യസ്ഥിതിയിൽ സംശയം പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തെ സെന്റ് തോമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ പുറംലോകത്തോട് അറിയിച്ചതിലും വളരെ മോശമായിരുന്നു അദ്ദേഹത്തിന്റെ നില. അദ്ദേഹത്തോട് സമ്പർക്കം പുലർത്തിയിരുന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ പലരും രോഗം ബാധിച്ചു അവധിയിലായിരുന്നു.

അദ്ദേഹം ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാൻ ബാൽക്കണിയിൽ ഇറങ്ങി നിന്നപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ മോശമായിരുന്നു. എട്ടാം ദിനമായ ഏപ്രിൽ മൂന്നിന് ജനങ്ങളോട് വീടിനുള്ളിൽ ഇരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഇറക്കിയ വീഡിയോയിലും രോഗം പ്രകടമായിരുന്നു. ഏപ്രിൽ 4 ഓടുകൂടി അദ്ദേഹത്തിന്റെ പങ്കാളിയായ, ഗർഭിണിയായ കാരി സൈമണ്ട്സ് ഫോണിലൂടെ ഹൃദയഭേദകമായ രീതിയിൽ കരഞ്ഞു. അവരും കോവിഡ് ലക്ഷണങ്ങളോടെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഒടുവിൽ ഡോക്ടർ റിച്ചാർഡ് ലീച്ചിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം നേരിടുന്നത് കൊണ്ട് ഓക്സിജൻ നൽകി. വിദേശകാര്യ സെക്രട്ടറി ആയ ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ അഭാവത്തിൽ ഭരണം ഏറ്റെടുത്തു. തിങ്കളാഴ്ചയോടെ നില കൂടുതൽ വഷളായി. ലോക നേതാക്കൾ പ്രാർത്ഥനയും, ആശ്വാസ വാക്കുകളും അയച്ചുകൊണ്ടിരുന്നു. ഐസിയുവിൽ ആയിരുന്നു എങ്കിലും അദ്ദേഹത്തിന് വെന്റിലേറ്റർ നല്കേണ്ടി വന്നിട്ടില്ല. നൂറ്റിമുപ്പതോളം രോഗികൾ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. 55കാരനായ അദ്ദേഹം മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിച്ചു കൊണ്ടിരുന്നു. സെന്റ് തോമസ് ആശുപത്രി അധികം വിവരങ്ങൾ പുറത്തുവിട്ടില്ല. മൂന്ന് ദിവസത്തെ ഐസിയു വാസത്തിനു ശേഷം അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റി. അതിൽ സന്തോഷം പ്രകടിപ്പിക്കാനായി സൈമൺസ് 26 ക്ളാപ്പിംഗ് ഇമോജികൾ ഉള്ള മഴവില്ലിന്റെ ചിത്രം ട്വീറ്റ് ചെയ്തു.
ഈസ്റ്റർ വാരാന്ത്യ ത്തോടെ അദ്ദേഹം വീട്ടിൽ തിരിച്ചു പോകാൻ സന്നദ്ധനായി, എന്നാൽ ഏപ്രിൽ 14 വരെ ആശുപത്രിയിൽ തന്നെ തങ്ങാൻ ആയിരുന്നു നിർദ്ദേശം. ഒടുവിൽ തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടു. എൻ എച്ച് എസ് ആണ് തന്റെ ജീവൻ രക്ഷിച്ചത് എന്നും, ലോകോത്തര നിലവാരമുള്ള ചികിത്സ ലഭ്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 48 മണിക്കൂറോളം അദ്ദേഹത്തോടൊപ്പം നിന്ന് ചികിത്സിച്ച് നഴ്സുമാരായ ജനി, ലൂയിസ് എന്നിവർക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. രോഗം ഭേദമായാലും സാധാരണ കോവിഡ് രോഗികൾക്ക് ഉണ്ടാകുന്ന അതിയായ ക്ഷീണമോ, ശരീരവേദനയോ അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. സാധാരണ ജോലിയിൽ പ്രവേശിക്കുമ്പോൾ ധരിക്കാറുള്ള സ്യൂട്ടും ധരിച്ച് പതിവുപോലെ സുസ്മേരവദനനായി അദ്ദേഹം പുറത്തിറങ്ങി. അതിയായ അതിജീവന ശേഷിയും പ്രത്യാശയും പ്രധാനമന്ത്രിയ്ക്ക് ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
സ്വന്തം ലേഖകൻ
കൊറോണ വൈറസ് രോഗികൾക്ക് നൽകാനുള്ള ഓക്സിജൻ സപ്ലൈസ് ഭയാനകമായ രീതിയിൽ കുറയുന്നുവെന്ന് അഞ്ഞൂറോളം ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. ആരോഗ്യരംഗത്ത് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതയിലും കാര്യമായ ക്ഷാമം. വൈറസിന് എതിരായ പോരാട്ടത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് 502 ഡോക്ടർമാർ പറഞ്ഞു. സിറിഞ്ചുകൾ എണ്ണത്തിൽ കുറവായതുകൊണ്ട് പുനരുപയോഗിക്കുന്നു എന്ന വാദത്തെ എൻ എച്ച് എസ് വക്താവ് തള്ളി.

ഉറക്കമരുന്നുകൾ, വേദനസംഹാരികൾ,അനസ്തേഷ്യ മരുന്നുകൾ, ശ്വാസതടസ്സം ഉള്ള രോഗികൾക്ക് വെന്റിലേറ്ററിൽ ഉപയോഗിക്കുന്ന ഉപകരണമായ ട്രക്കിയോസ്റ്റോമി ട്യൂബുകൾ, എന്നിവയാണ് രോഗികൾക്ക് ആവശ്യമായ ക്ഷാമം നേരിടുന്ന വസ്തുക്കൾ. അതേ സമയം തിരക്കേറിയ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പി പി ഇ ലഭിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്. മിക്കവാറും ആശുപത്രികളിൽ ഓക്സിജൻ ലഭ്യമല്ല. ബി എം എ കൺസൾട്ടൻസ് കമ്മിറ്റി ചെയർ ആയ ഡോക്ടർ റോബ് ഹാർഡ്വുഡ് പറയുന്നത്, രോഗികൾക്ക് ആവശ്യമായ സകല സഹായങ്ങളും ചെയ്തു കൊടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നാണ്. എന്നാൽ രോഗികളെ പരിചരിക്കുമ്പോൾ സ്വയം സംരക്ഷണത്തിന് ആവശ്യമായ വസ്തുക്കളെല്ലാം റേഷൻ ആയാണ് ലഭിക്കുന്നതെന്ന് ധാരാളം നഴ്സുമാർ പരാതിപ്പെട്ടിരുന്നു.

പാർക്കുകളും സെമിത്തേരികളും തുറന്നു പ്രവർത്തിക്കണമെന്നും, ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം എന്നും ലോക്കൽ ഗവൺമെന്റ് സെക്രട്ടറിയായ റോബർട്ട് ജനറ്റിക് പറഞ്ഞു. അദ്ദേഹം ഇംഗ്ലണ്ടിലെ ലോക്കൽ കൗൺസിലുകൾക്ക്1.6 ബില്യൺ പൗണ്ട് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. രോഗികളുടെ എത്നിസിറ്റി പരിശോധിച്ച് റെക്കോർഡ് ചെയ്ത് വെക്കണം എന്നും, ഏതൊക്കെ വിഭാഗക്കാർക്ക് ആണ് കൂടുതലായി ഈ രോഗം ബാധിക്കുന്നതെന്ന് അതുവഴി കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മാനസികാരോഗ്യവും പരിഗണിക്കണമെന്നുള്ളതുകൊണ്ടാണ് പാർക്കുകൾ തുറന്നു കൊടുക്കുന്നത്. ആളുകൾ സാമൂഹ്യ അകലം പാലിക്കാൻ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് – 19 മൂലമുള്ള മരണങ്ങൾ ഒന്നിനൊന്നു കൂടിവരുന്ന ഈ സമയത്ത് പഴുതുകളടച്ചുള്ള പ്രതിരോധമാണ് ആവശ്യം. ലോക് ഡൗൺ പ്രഖ്യാപിച്ചും സാമൂഹിക അകലം പാലിച്ചും രോഗം തടയാൻ ശ്രമിക്കുന്ന സമയത്താണ് എൻഎച്ച്എസിലെ ആരോഗ്യപ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവുണ്ട് എന്ന ഗുരുതരമായ ആരോപണം ഉയർന്നു വരാൻ തുടങ്ങിയത്. തന്മൂലം കൊറോണ വൈറസിനെതിരെ മുന്നണിപ്പോരാളികളായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ തന്നെ കോവിഡ് -19 മൂലം മരണപ്പെടുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഉടലെടുത്തിരിക്കുന്നത്. ഇതുവരെ കൊറോണ വൈറസ് മൂലം 27 എൻഎച്ച് എസ് ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിരമിച്ചിട്ടും എൻഎച്ച് എസിനു വേണ്ടി വർക്ക് ചെയ്യുന്ന കോവിഡ് -19 മൂലം മരണപ്പെട്ട ജീവനക്കാരുടെ കണക്കുകൾ കൂടി എടുക്കുമ്പോൾ മരണസംഖ്യ ഇതിലും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായി ജോലി ചെയ്യാൻ ആവശ്യമായ പി പി ഇ ലഭ്യമല്ലെങ്കിൽ ബഹിഷ്കരണമുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് എൻഎച്ച് എസ് സ്റ്റാഫ് യൂണിയനുകളും മറ്റും നിലപാടെടുത്തത്. വൈറസിൽ നിന്ന് സംരക്ഷിതരല്ലെന്ന് തോന്നിയാൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ യൂണിയൻ നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഗെയിൽ കാർട്ട് മെയിൽ പറഞ്ഞു.

ഈ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ തലത്തിൽ പ്രവർത്തനങ്ങൾ മുന്നേറുന്നുണ്ട്. നാലുലക്ഷം ഗൗൺ തുർക്കിയിൽ നിന്ന് ഇന്ന് എത്തുമെന്ന് കരുതപ്പെടുന്നു. ഇതിനിടയിൽ കൃത്യമായ ഫലം ലഭിക്കാത്ത 2000000 ഹോം ടെസ്റ്റ് കിറ്റുകൾ ചൈനീസ് കമ്പനികളിൽ നിന്ന് ബ്രിട്ടൻ വാങ്ങിയത് വൻപ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. പി പി ഇ യുടെ അഭാവത്തിൽ ഡിസ്പോസിബിൾ പി പി ഇ കൾ അണുവിമുക്തമാക്കി ഉപയോഗിക്കാനുള്ള നിർദ്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു . തങ്ങളുടെ ജീവൻ അപകടത്തിലാകുന്ന ഇത്തരം നിർദ്ദേശങ്ങൾ ആരോഗ്യപ്രവർത്തകരിൽ വൻ അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൂരുതൽ നടപടിയായി മാത്രമേ പിപി ഇ യുടെ പുനരുപയോഗത്തെ കുറിച്ച് ചിന്തിച്ചിട്ടുള്ളു എന്നാണ് ഗവൺമെന്റ് ഭാക്ഷ്യം.
സ്വന്തം ലേഖകൻ
ലണ്ടൻ : തന്റെ 94-ാം ജന്മദിനം ചൊവ്വാഴ്ച ആഘോഷിക്കാൻ എലിസബത്ത് രാജ്ഞി ഒരുങ്ങുകയാണ്. എന്നാൽ കൊറോണ വൈറസ് പടർന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുആഘോഷ പരിപാടികളെല്ലാം രാജ്ഞി റദ്ദാക്കുകയാണ്. ഈ കാരണത്താൽ റോയൽ പാർക്കിലെ ഗൺ സല്യൂട്ട് ഇത്തവണ വേണ്ടെന്ന് വെച്ചിരിക്കുന്നു. രാജ്ഞിയുടെ 68 വർഷത്തെ ഭരണത്തിനിടയിൽ ആദ്യമായാണ് റോയൽ പാർക്കിലെ ഗൺ സല്യൂട്ട് ഇല്ലാതിരിക്കുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വക്താവ് ഇന്നലെ അറിയിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പൊതു ആഘോഷം അനുചിതമായിരിക്കും എന്ന് രാജ്ഞി അറിയിച്ചു. ഫ്ലാഗ് ഫ്ലൈയിംഗ് പ്രോട്ടോക്കോളിനെക്കുറിച്ച് ഉപദേശം നൽകികൊണ്ട് സാംസ്കാരിക, മാധ്യമ, കായിക വകുപ്പ് സർക്കാർ കെട്ടിടങ്ങൾക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്ഞിയുടെ ജന്മദിന പരേഡ് ആയ ട്രൂപ്പിംഗ് ദി കളർ ഈയൊരു സാഹചര്യത്തിൽ താമസിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ കൊറോണ വൈറസ് മരണസംഖ്യ 15,000 കടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ ചാൾസ് രാജകുമാരനും കോവിഡ് ബാധിച്ചിരുന്നെങ്കിലും ഭേദപ്പെട്ടിരുന്നു.

അതേസമയം കാലിഫോർണിയയിലേക്ക് മാറിയ ഹാരിയും മേഗനും ഈ പ്രതിസന്ധി ഘട്ടത്തിൽ ലോസ് ആഞ്ചലസിലെ രോഗികൾക്ക് ഭക്ഷണം നൽകി. പ്രൊജക്റ്റ് ഏഞ്ചൽ ഫുഡുമായി കൈകോർത്തു അവശനിലയിൽ കഴിയുന്ന രോഗികൾക്ക് അവർ ഭക്ഷണം എത്തിച്ചു. ആളുകൾ തിരിച്ചറിയാതിരിക്കാൻ മുഖം മൂടിയിട്ടാണ് അവർ ഭക്ഷണം വിതരണം ചെയ്തത്. രാജകീയ പദവികൾ എല്ലാം ഉപേക്ഷിച്ചു സ്വന്തന്ത്രരായി ജീവിക്കാൻ ജനുവരിയിൽ തീരുമാനിച്ച അവർ തുടർന്ന് കാലിഫോർണിയയിലേക്ക് മാറുകയായിരുന്നു. മാനസികാരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആർക്ക്വെൽ എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന യുഎസിൽ ആരംഭിക്കാൻ അവർ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്ച വാർത്തകൾ പുറത്തുവന്നു. സമയമാകുമ്പോൾ കൂടുതൽ പ്രഖ്യാപനം നടത്തുമെന്നാണ് അവർ അറിയിച്ചത്.
ഡോ. ഐഷ വി
കാസർഗോഡ് നെല്ലിക്കുന്നിലെ വാടക വീട്ടിലെ കൃഷിയെ കുറിച്ച് മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ? ഒരു സന്ധ്യയ്ക്ക് അച്ഛൻ വീട്ടിലെത്തിയത് അടപ്പുള്ള ഈറ്റ കുട്ടയിൽ പത്ത് വൈറ്റില ഗോൺ കോഴി കുഞ്ഞുങ്ങളുമായാണ് . ഈ കോഴി കുഞ്ഞുങ്ങളെ എവിടെ വളർത്തും എന്നതായി അടുത്ത പ്രശ്നം. അച്ഛനും അമ്മയും കൂടി സ്റ്റോർ റൂമിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തീരുമാനിച്ചു. അമ്മ ആ രാത്രി തന്നെ സ്റ്റോർ റൂം ഒഴിച്ചെടുത്തു. അടുക്കളയ്ക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ വല്യക്ഷരം “എൽ” ആകൃതിയായിരുന്നതിനാൽ ധാരാളം സ്ഥലമുണ്ടായിരുന്നു. സ്റ്റോറൂമിലെ സാധനങ്ങൾ അടുക്കളയിൽ സ്ഥാനം പിടിച്ചു. അമ്മ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന അറക്കപ്പൊടി കുറെയെടുത്തു സ്റ്റോറൂമിൽ നല്ല കട്ടിയ്ക്ക് നിരത്തി കോഴി കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി. സ്റ്റോറൂമിന് ഒരു ജന്നൽ ഉള്ളതിനാൽ അകത്ത് നല്ല വെളിച്ചം ലഭിച്ചിരുന്നു. അന്നത്തെ വീടുകളുടെ ഭിത്തി സിമന്റിട്ട് പ്ലാസ്റ്റർ ചെയ്യുന്നതിന് പകരമായി മണലും കുമ്മായവും പശയും കൂട്ടി കലർത്തി ഭിത്തികെട്ടിയ കല്ലിന് മുകളിൽ തേച്ച് പിടിപ്പിച്ച് അതിന് മുകളിൽ കുമ്മായം പശകലർത്തി വെള്ള പൂശിയവയായിരുന്നു. ഈ സ്റ്റോർ റൂമും അങ്ങനെയുള്ളതായിരുന്നു. അതിന്റെ വാതിൽ കൂടി അടച്ചാൽ കോഴി കുഞ്ഞുങ്ങൾ അകത്ത് ഭദ്രം. കോഴി കുഞ്ഞുങ്ങൾക്ക് അമ്മ ഒരു പാത്രത്തിൽ ഗോതമ്പ് പൊടി പുട്ടിന് കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചു . ഉരുട്ടി പിടിച്ചാൽ ഉണ്ട പിടക്കാം. പൊടിച്ചാൽ പൊടിയുകയും ചെയ്യും. അത് ഒരു പരന്ന പാത്രത്തിലാക്കി കോഴി കുഞ്ഞുങ്ങൾക്ക് വച്ചു കൊടുത്തു. മറ്റൊരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളവും. നേരം വെളുത്തപ്പോഴാണ് ഞങ്ങൾ കോഴി കുഞ്ഞുങ്ങളെ നല്ലതുപോലെ കണ്ടത്. നല്ല ചന്തമുള്ള തൂവെള്ളത്തുവലുകൾ. ചെറുതായി മുളച്ചു വരുന്ന ചുവന്ന പൂവകൾ കുഞ്ഞിത്തലയിലുണ്ട്. പിറ്റേന്ന് അച്ഛൻ കുറച്ച് കോഴിത്തീറ്റ കൂടി വാങ്ങി ക്കൊണ്ടുവന്നു. അമ്മ സമയാസമയങ്ങളിൽ കോഴിയ്ക്ക് തീറ്റ കൊടുത്തു. എല്ലാ ദിവസവും വെളുപ്പും കറുപ്പും കലർന്ന കോഴി കാഷ്ഠം മുകളിൽ നിന്നും കുറച്ച് അറക്കപ്പൊടിയോടു കൂടി കുറ്റിച്ചൂൽ കൊണ്ട് നീക്കി ഒരു കോരിയിൽ കോരിമാറ്റി പറമ്പിന്റെ ഒരറ്റത്ത് പച്ചക്കറി കൃഷിയ്ക്ക് വളമായി ഉപയോഗിക്കാനായി സൂക്ഷിച്ചു. ദിവസും കോഴിയുടെ മുറിയിൽ കുറച്ച് പുതിയ അറക്കപ്പൊടി കൂടി വിതറി കൊടുത്തു.
കുഞ്ഞികണ്ണൻ വൈദ്യരുടെ രണ്ടേക്കറോളം വരുന്ന പറമ്പിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആറ് വീട്ടുകാർക്കും ഇന്ധനാവശ്യത്തിനായി ഒരാൾ സ്ഥിരമായി അറക്കപ്പൊടി എത്തിച്ചു കൊടുത്തിരുന്നു. ഓരോ വാടക വീടും അന്നത്തെക്കാലത്ത് ലഭ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയതായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലെ കുളിമുറി അടുക്കളയിൽ നിന്നും പുറത്ത് തിണ്ണയിലേയ്ക്കിറങ്ങി തിണ്ണയിൽ നിന്നും കയറത്തക്ക തരത്തിലുള്ളതായിരുന്നു. കുളിമുറിക്കകത്ത് ചതുരാകൃതിയിൽ ഒരു കുഴിയിൽ ഇറങ്ങി നിന്ന് എൽ ആകൃതിയിൽ ഉള്ള തിട്ടയുടെ വീതി കുറഞ്ഞ ഭാഗത്ത് വച്ച ബക്കറ്റ് കലം എന്നിവയിൽ ശേഖരിച്ചുവച്ചിരുന്ന വെള്ളം കോരി കുളിച്ചിരുന്നു. കുളി മുറിയുടെ വീതി കൂടിയ കരഭാഗത്ത് അറക്കപ്പൊടി സൂക്ഷിച്ചിരുന്നു. അറക്കപ്പൊടി നനയുകയില്ലായിരുന്നു. വെള്ളം ചൂടാക്കി കുളിക്കേണ്ടവർക്ക് അതിനകത്ത് ഒരു ഭാഗത്തുള്ള അടുപ്പുപയോഗിച്ച് വെള്ളം ചൂടാക്കി കുളിക്കാം. അടിയാന്മാരുടെ പറമ്പിൽ താമസിക്കുന്ന സുശീലയാണ് വെള്ളം കോരി ജലസംഭരണികളിലെല്ലാം നിറച്ചിരുന്നത്. മൂന്ന് വീട്ടുകാർക്ക് ഒരു കിണർ എന്നായിരുന്നു കണക്ക്. സുശീലയാണ് ഞങ്ങളുടെ അടുത്ത രണ്ട് വീട്ടുകാർക്ക് കൂടി വെള്ളം കോരി തന്നിരുന്നത്. സുശീല രാവിലെയെത്തും. അമ്മ സുശീലയ്ക്ക് ചായയും പ്രാതലും നൽകും. കൃഷി വിപുലമാക്കിയപ്പോൾ കോരുന്ന വെള്ളത്തിന്റെ അളവും കൂടി . ചില ദിവസങ്ങളിൽ സുശീല വൈകുന്നേരവും ബള്ളം കോരിത്തന്നു. വീടിന്റെ തെക്കുഭാഗത്തുള്ള മൺ കയ്യാല ചാടിയാണ് സുശീല വെള്ളം കോരാനായി ഞങ്ങൾ താമസിക്കുന്ന പറമ്പിൽ വന്നിരുന്നത്. കുഞ്ഞിക്കണ്ണൻ വൈദ്യർ എല്ലാവർഷവും മഴക്കാലത്ത് മൺ കയ്യാല ഒരാൾപ്പൊക്കത്തിൽ ആളെ ജോലിക്ക് നിർത്തിക്കോരി പശമണ്ണ് അടിച്ചുറപ്പിച്ച് ബലപ്പെടുത്തിയിരുന്നു. ആ സമയത്ത് സുശീലയ്ക്ക് കയ്യാല ചാടുക ഇത്തിരി പ്രയാസമുള്ള പണിയായിരുന്നു. അതിന് സുശീല കണ്ട പരിഹാരം രണ്ട് കവിളി മടലിനെ ആശ്രയിക്കുക എന്നതായിരുന്നു. കയാലയുടെ ഇരുവശത്തും ഓരോ കവളി മടൽ ചാരി വച്ച് അതിൽ കൂടി കയറി ഇറങ്ങുക പതിവാക്കി. സുശീല കയറി ഇറങ്ങി ഏതാനും മാസം കഴിയുമ്പോഴേയ്ക്കും ആ ഭാഗത്തെ മണ്ണ് കുറേ ഇടിഞ്ഞ് കയ്യാലയുടെ പൊക്കം കുറയും. അപ്പോൾ എനിക്ക് കമലാക്ഷിയുടെ വീടിന്റെ എതിർ ഭാഗത്തുള്ള ഗ്ലാസ്സ് ഫാക്ടറിയുടെ പിൻവശത്തെ നേർ കാഴ്ച കിട്ടും.
സുശീല വെള്ളം കോരുന്നത് എനിയ്ക്കും അനുജനും കൗതുകമുള്ള കാഴ്ചയാണ്. അവിടത്തെ കിണറ്റിന്റെ ആളു തൊടി ( ആൾ മറ) അല്പം കൂടുതൽ ഉയരമുള്ളതാണ്. ആൾ മറയുടെ പകുതിയിൽ കാൽ ചവുട്ടാനുള്ള ഒരു കൊതയുണ്ട്. ആ കൊതയിൽ ഇടതുകാൽ ചവിട്ടി വലതുകാൽ ഉയർത്തി പൊങ്ങി ആഞ്ഞു കയർ വലിച്ചാണ് അവിടത്തെ സ്ത്രീകൾ കിണറ്റിൽ നിന്നും ലോഹകുടമോ തൊട്ടിയോ ഉപയോഗിച്ച് വെള്ളം കോരിയിരുന്നത്. ബക്കറ്റുകൾ നിറയുമ്പോൾ സുശീല വെള്ളവുമായി വീട്ടിലെത്തി സംഭരണികൾ നിറയ്ക്കും. നമ്പ്യാരുടെ സിമന്റ് വീപ്പയും ഈ സംഭരണികളിൽപ്പെടും. സുശീല വെള്ളം കോരുമ്പോൾ കിണറ്റിന്റെ ചുറ്റുപാടുമുള്ള പായലുകൾ ഞങ്ങൾ കണ്ടു പിടിച്ചു. ഈ പായലിൽ ചില സമയത്ത് ഏകദേശം രണ്ട് സെന്റി മീറ്റർ നീളത്തിൽ നേർത്ത തണ്ടുകൾ വളർന്ന് വന്ന് അതിന്റെ അറ്റത്ത് ചെറുതലയുമായി വളർന്നു വന്നിരുന്നു. ഞാനും അനുജനും കൂടി ഈ പായൽത്തണ്ടുകൾ പറിച്ചെടുക്കും. ഒരു തണ്ട് എന്റെ കൈയ്യിലും മറ്റേ തണ്ട് അനുജന്റെ കൈയ്യിലും . ഞങ്ങൾ സൂക്ഷമായി രണ്ടു പേരുടേയും പായൽത്തണ്ടുകളുടെ തലകൾ പരസ്പരം കോർത്ത് പിടിക്കും. എന്നിട്ട് ഇരുവശത്തേയ്ക്കും വലിക്കും. ആരുടെ പായൽ തലയാണോ പൊട്ടി പോകുന്നത് അയാൾ തോറ്റു. ഈ കളി സുശീല വെള്ളം കോരിത്തീരുന്നതുവരെ ആവർത്തിക്കും. സുശീല വരാതിരുന്ന ദിവസങ്ങളിൽ താഴത്തെ മൂന്നു വീടുകളിൽ വെള്ളം കോരി കൊടുത്തിരുന്ന പുഷ്പയാണ് വെള്ളം കോരാനായി വന്നത്. ഒരു ദിവസം പുഷ്പ എന്നെ കയ്യാല ചാടിച്ച് പുഷ്പയുടെ വീട്ടിൽ കൊണ്ടുപോയി. ഓല മേഞ്ഞ് പുല്ലുമേഞ്ഞ വീട്ടിന്റെ നാലുപാടും ഭാഗിയായി തൂത്തു വൃത്തിയാക്കിയിട്ടിരുന്നു. മുറ്റത്തിന്റെ അരികിലെല്ലാം നല്ല ഓറഞ്ച് പൂക്കളുള്ള ലേഡീസ് കനകാമ്പരം കൊണ്ട് അതിരിട്ടിരുന്നു. പുഷ്പ അതിന്റെ വിത്തുകളും പൂക്കളും എനിയ്ക്കു തന്നു . വള്ളി ഉപയോഗിക്കാതെ പൂക്കൾ മെടഞ്ഞ് മാലയാക്കുന്ന വിധം കമലാക്ഷി എനിയ്ക്ക് പഠിപ്പിച്ചു തന്നിരുന്നു. ഞാൻ അതുപോലെ പൂക്കൾ മെടഞ്ഞെടുത്തു. പുഷ്പയുടെ വീട്ടിൽ ധാരാളം ചെടികളുണ്ടായിരുന്നു. മുറ്റത്തിന്റെ അതിരിന് പുറത്ത് ചാണകം വട്ടത്തിൽ പരത്തി ഉണങ്ങാനിട്ടിരുന്നു. തീയെരിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് പുഷ്പ പറഞ്ഞു. മഴക്കാലമാകുമ്പോൾ ചെടികൾ ധാരാളം തരാമെന്ന് പുഷ്പ പറഞ്ഞു. പുഷ്പ എന്നെ കയ്യാല കയറ്റി തിരികെ വിട്ടു.
അച്ഛൻ ഒരു ദിവസം വന്നത് കുറച്ച് വെണ്ട വിത്തും ,പയർ വിത്തുമായാണ്. അച്ഛനും അമ്മയും കൂടി അതെല്ലാം നട്ടുവളർത്തി. അച്ഛൻ ശീമകൊന്നയിൽ കയറി കമ്പുകോതി പച്ചിലകൾ ശേഖരിച്ച് പച്ചിലകളും കോഴി വളവുമായി പച്ചക്കറികൾക്ക് വളമായി തടം തുറന്നിട്ട് മണ്ണിട്ട് മൂടി. ശീമക്കൊന്നയുടെ കമ്പുകൾ വേലി പോലെ ആ തട്ടിന്റെ അതിരിൽ നട്ടുപിടിപ്പിച്ചു. പിന്നെ വളം പുറമേനിന്ന് വാങ്ങേണ്ടി വന്നിട്ടില്ല. ചാണകം മഞ്ജുളയുടെ വീട്ടിൽ നിന്നെടുത്തു. പകരം പച്ചക്കറികൾ അവർക്കും കൊടുത്തു. അമ്മ ഇതിനകം കടയിൽ നിന്നു വാങ്ങിയ പഴുത്ത പാവലിന്റെ വിത്ത് തക്കാളി വിത്ത് എന്നിവ എടുത്ത് മുളപ്പിച്ചു. എല്ലാ പച്ചക്കറികളും നന്നായി തഴച്ച് വളർന്ന് കായ്ഫലം തന്നു. ഒരു ദിവസം ഞാനും അനുജനും കൂടി അമ്മ കുളിക്കാൻ കയറിയപ്പോൾ വീടിന്റെ പിൻ ഭാഗത്തെ തിണ്ണയിൽ ചെന്ന് നിന്നു കൊണ്ട് അമ്മയോട് ചോദിച്ചു: ഒരു വെണ്ടയ്ക്ക പിച്ചി തിന്നോട്ടെയെന്ന്. ഞങ്ങൾ ഓരോ പച്ച വെണ്ടയ്ക്ക തിന്നു. നല്ല രുചി. പിന്നെ ഏതാനും വെണ്ടയ്ക്കകളും തക്കാളികളും അമ്മ കുളിച്ചിറങ്ങുന്നതിനിടയ്ക്ക് ഞങ്ങൾ തിന്നു തീർത്തു. ഈ പരിപാടി ഇടയ്ക്കിടെ ആവർത്തിച്ചു.
ഒരു ദിവസം ദേവയാനി ചേച്ചിയുടെ അമ്മ കമലാക്ഷി ടീച്ചർ കൊല്ലത്തുനിന്നും കാസർഗോട്ടെത്തി. ടീച്ചറായതിനാൽ സാറമ്മ എന്നാണ് ഞങ്ങൾ ചേച്ചിയുടെ അമ്മയെ വിളിച്ചിരുന്നത്. സാറമ്മ വന്നപ്പോൾ ചെക്കൂർ മാനസിന്റെ ഇലകൾ തണ്ടോട് കൂടിയത്, പപ്പായ വിളഞ്ഞ് പഴുക്കാറായത്, വള്ളിയായി പടർന്ന് പിടിയ്ക്കുന്ന അമരപ്പയറിന്റെ വിത്ത് എന്നിവ കൊണ്ടു വന്നിരുന്നു. എല്ലാറ്റിന്റേയും പങ്ക് ഞങ്ങൾക്കും കിട്ടി. അച്ഛൻ ഇലയെടുത്ത ശേഷമുള്ള ചീരക്കമ്പുകൾ അലക്കുകല്ലിനപ്പുറം വേലി പോലെ നട്ടു. പപ്പായ പഴുപ്പിച്ച് കഴിച്ചതിനു ശേഷം അതിന്റെ വിത്തുകൾ പാകി കിളിർപ്പിച്ച് വരമ്പിനടുത്തായി നിരനിരയായി നട്ടു. പപ്പായ തൈ വളർന്ന് എന്റെ ഉയരമായപ്പോൾ കായ്ച്ചു. അതെനിയ്ക്ക് വളരെ അതിശയകരമായിരുന്നു.
ഈ സമയമായപ്പോഴേയ്ക്കും ഞങ്ങളുടെ വൈറ്റ്ലഗോൺ കോഴികൾ നാല് വലിയ പൂവനും ആറ് പിടകളുമായി വളർന്നു. പൂവന്റെ എണ്ണം കൂടിപ്പോയതിൽ അമ്മയ്ക്കൊരു വിഷമം . ഒന്നുരണ്ടെണ്ണം കൂടി പിടയായിരുന്നെങ്കിൽ കൂടുതൽ മുട്ട കിട്ടിയേനെ. ഞങ്ങളുടെ അവശ്യം കഴിഞ്ഞ് ധാരാളം മുട്ടകളുണ്ടായി . അത് സുശീല അയൽപക്കക്കാർ എന്നിവർക്കൊക്കെ അമ്മ നൽകി.
കോഴികൾ മുട്ടയിടാൻ തുടങ്ങിയതു മുതൽ സ്റ്റോർ റൂമിലെ ഭിത്തിയിലെ കുമ്മായം മുഴുവൻ കോഴികൾ തിന്നു തീർക്കാൻ തുടങ്ങി. അവയ്ക്ക് എത്താവുന്ന ഉയരത്തിൽ കൂടുതൽ മുകളിലാണ് കുമ്മായ പ്പാളികൾ എന്നു കണ്ടപ്പോൾ അവ പറന്ന് ഭിത്തിയിൽ നിന്നും കുമ്മായം കൊത്തിത്തിന്നാൻ തുടങ്ങി. ഒരു ദിവസം അച്ഛൻ ഉച്ചഭക്ഷണം കഴിക്കാൻ വന്നപ്പോൾ കോഴികൾ ചിറകടിച്ച് പറക്കുന്ന ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ കുമ്മായം കൊത്തി തിന്നുന്ന കാഴ്ചയാണ് കണ്ടത്. അച്ഛന് കാര്യം മനസ്സിലായി. മുട്ടയിടുന്ന കോഴികൾക്ക് കാത്സ്യത്തിന്റെ കുറവുണ്ടാകും. അത് പരിഹരിക്കാനായി ചെയ്യുന്ന ശ്രമമാണ്. അച്ഛൻ അമ്മയോട് പറഞ്ഞു . ഇനി മുതൽ മുട്ടത്തോട് കളയേണ്ട. അത് പൊടിച്ച് കോഴിത്തീറ്റയിൽ ചേർത്ത് കൊടുത്താൽ മതി. ഇല്ലെങ്കിൽ മുട്ട പഞ്ഞി മുട്ടയായിപ്പോകും. മുട്ടകൾ നന്നായി വന്നു തുടങ്ങിയപ്പോൾ അമ്മയ്ക്കാരാഗ്രഹം. മുട്ടകൾ അടവച്ച് വിരിയിക്കണം. തുടർച്ചയായി മുട്ടയിട്ടിട്ട് ഏതാനും ദിവസം മുട്ടയിടാതിരിക്കുക വീണ്ടും മുട്ടയിടുക ഇതാണ് വൈറ്റില ഗോണിന്റെ ശീലം. അപ്പോൾ വൈറ്റില ഗോണിനെ അടവയ്ക്കുക അസാധ്യം. അമ്മ സുശീലയോട് പറഞ്ഞ് ഒരു നാടൻ പിടക്കോഴിയെ വാങ്ങിച്ചു . നാടൻ കോഴി ഏതാനും ദിവസം കൊണ്ട് വൈറ്റില ഗോണുമായി ഇണങ്ങി. നാടൻ കോഴിയെ പകൽ മുറ്റത്ത് തുറന്നു വിട്ടിരുന്നു. ചുവപ്പുകലർന്ന വെള്ള നിറമുള്ള തൂവലുകളും വാലറ്റം കറുപ്പു നിറമുള്ള തൂവലുകളുമുള്ള പിടക്കോഴിയ്ക്ക് എന്റെ കൂട്ടുകാരി കമലാക്ഷിയുടെ പേരിടണമെന്ന് എനിയ്ക്കൊരാഗ്രഹം. ദേവയാനി ചേച്ചിയുടെ അമ്മയുടേയും പേര് കമലാക്ഷി എന്നായതിനാൽ അമ്മ അതിന് സമ്മതിച്ചില്ല. അതിനാൽ ഞാൻ കോഴിയ്ക്ക് മീനാക്ഷി എന്ന് പേരിട്ടു.
ഇതിനിടെ ദേവയാനി ചേച്ചിയുടേയും ഞങ്ങളുടേയും അമരപ്പയറിനായി വലിയ പന്തൽ ഒരുക്കിയിരുന്നു. വട്ടിക്കണക്കിന് അമരപ്പയർ ഇരു കൂട്ടരും പറിച്ചെടുത്തു. അപ്പോഴേയ്ക്കും കൃഷി ചെയ്യുക കൃഷി കാണുക എന്നതൊക്കെ എനിയ്ക്കാനന്ദമായി മാറിയിരുന്നു. അച്ഛൻ ശീമക്കൊന്നയിൽ കയറുന്നത് കണ്ടിട്ടാകണം. അച്ഛൻ വീട്ടിലില്ലാത്തപ്പോൾ മൂന്നര വയസ്സുള്ള അനുജൻ ശീമക്കൊന്നയിൽ സ്ഥിരമായി കയറാൻ തുടങ്ങി. ഒരു ദിവസം അച്ഛൻ ഉച്ച ഭക്ഷണം കഴിക്കാൻ ഓഫീസിൽ നിന്നും ഞങ്ങളുടെ പറമ്പിന്റെ ഗേറ്റ് കടന്ന് നട വരമ്പിലൂടെ വീട്ടിലേയ്ക്ക് വന്നപ്പോൾ അനുജൻ ശീമക്കൊന്നയുടെ മുകളിലിരിക്കുന്നത് കണ്ടു. അച്ഛൻ അത് കാണാത്ത മട്ടിൽ വീട്ടിലേയ്ക്ക് വന്നു. അനുജൻ മരത്തിൽ നിന്നിറങ്ങി പിറകേ വന്നു. അച്ഛൻ വിചാരിച്ചത് അവൻ മരക്കൊമ്പിലിരിക്കുന്ന സമയത്ത് വഴക്കു പറഞ്ഞാൽ ഭയപ്പെട്ട് മരത്തിൽ നിന്നും വീണാലോ എന്നാണ്. പല വിധ കുരുത്തക്കേടുകൾ കാട്ടുമെങ്കിലും അച്ഛനെ ഞങ്ങൾക്ക് പേടിയും ബഹുമാനവുമായിരുന്നു. അച്ഛനൊന്നു കണ്ണുരുട്ടിയാൽ മതി ഞങ്ങൾ അനുസരിക്കാൻ. അങ്ങനെ അനുജൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ അവനോട് മരത്തിൽ കയറുമ്പോൾ സൂക്ഷിച്ച് കയറണമെന്നും ഇറങ്ങണമെന്നും പറഞ്ഞ് മനസ്സിലാക്കി.
ഞങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഒരു വലിയ ഇലന്ത മരം ഉണ്ടായിരുന്നു. അതിലെ ഇലന്തയ്ക അച്ഛൻ പറിച്ച് വച്ച് പഴുപ്പിച്ച് തരുമായിരുന്നു. ഒരു ദിവസം അച്ഛൻ വന്നത് വലിയൊരു വരിക്കചക്കയുമായാണ് . അച്ഛന്റെ സുഹൃത്തുക്കളാരോ കൊടുത്തതാണ്. അതിന്റെ ചുളകൾക്ക് 20 സെന്റീമീറ്ററിലധികം നീളമുണ്ടായിരുന്നു. അമ്മ അതിന്റെ ചക്കക്കുരുകൾ ചാമ്പലിൽ പൊതിഞ്ഞ് സൂക്ഷിച്ചു. അടുത്ത കാലത്തെങ്ങാനും നാട്ടിൽ പോകുമ്പോൾ അവിടത്തെ പറമ്പിൽ നടാൻ. ഒരിക്കൽ അച്ഛൻ കൊണ്ടുവന്ന വെള്ളച്ചി മാമ്പഴത്തിന്റെ അണ്ടിയുo അമ്മ ഇതുപോലെ സൂക്ഷിച്ചു വച്ചു. പക്ഷേ 1972 മുതൽ1976 നവംബർ വരെ നാട്ടിൽ പോക്ക് നടന്നില്ല. കാരണം അന്ന് കാസർഗോഡു മുതൽ കൊല്ലം വരെ ഒറ്റ ട്രെയിനില്ലായിരുന്നു. മൂന്ന് കുട്ടികളേയും കൊണ്ട് പല വണ്ടികൾ കയറിയിറങ്ങി പോകുന്ന ബുദ്ധിമുട്ടോർത്ത് അച്ഛൻ നാട്ടിലേയ്ക്ക് പോകാൻ തയ്യാറായില്ല. ഒരു പ്രാവശ്യം അപ്പി മാമനും ഒരു പ്രാവശ്യം മണി മാമനും അവിടേയ്ക്ക് വന്നു. അമ്മ ശേഖരിച്ച വിത്തുകളെല്ലാം കുഞ്ഞിക്കണ്ണൻ വൈദ്യരുടെ പറമ്പിൽ പലയിടത്തായി കുരുത്തു വന്നു. ഒരു ദിവസം അമ്മ പത്രം വായിച്ചിട്ട് എന്നോട് പറഞ്ഞു: ഇപ്പോൾ കൊല്ലം മുതൽ കാസർഗോഡ് വരെ ഒറ്റ ട്രെയിനായി. ഇനി നമുക്ക് നാട്ടിൽ പോകാൻ എളുപ്പമായി. അടുത്ത മധ്യവേനലവധിയ്ക്ക് നാട്ടിൽ പോകാൻ പറ്റുമായിരിക്കും.
ഇതിനിടയ്ക്ക് ഞങ്ങളുടെ വെണ്ട ശാഖോപശാഖകളായി വളർന്നു. നന്നായി വെള്ളവും വളവും നൽകിയതിനാൽ മൂന്നര വർഷത്തോളം കായ്ഫലം തന്നു. ഒരു പൂവനെ നിർത്തിയിട്ട് ബാക്കിയെല്ലാത്തിനേയും കറിവച്ചു. എല്ലാ വിളവും മുട്ടകളും അയൽപക്കക്കാരുമായി പങ്കു വയ്ക്കുകയായിരുന്നു. ഒന്നും ആർക്കും വിറ്റില്ല. അവർക്കുള്ളത് നമുക്കും തന്നു.
ഞങ്ങളുടെ പറമ്പിൽ പ്രായമായ വെണ്ട നിൽക്കുന്നത് കണ്ടിട്ടാകണം ഒരാൾ വന്ന് അച്ഛനോട് ചോദിച്ചു: വെണ്ടയുടെ വേര് ഔഷധ ഗുണമുള്ളതാണ്. അതെല്ലാം പിഴുതെടുത്തോട്ടെയെന്ന് . അച്ഛൻ അനുവദിച്ചു. അയാൾ അതെല്ലാം പിഴുതുകൊണ്ടുപോയി. അച്ഛനും അമ്മയും കൃഷി ആവർത്തിച്ചു ചെയ്തു. ഞങ്ങൾ വിഷമില്ലാത്ത പച്ചക്കറികൾ കുട്ടിക്കാലത്തേ കഴിച്ചു വളർന്നു. അന്ന് ഇന്നത്തെ പോലെ അഗ്രോ ബസാറുകളില്ല. വിത്തുകൾ വാങ്ങാൻ ലഭ്യമല്ല. കർഷകർ പങ്കു വെയ്ക്കുന്ന വിത്തുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ബ്ലോക്കിലൂടെയും മറ്റും അപൂർവ്വം ചിലർക്ക് നല്ല വിത്തുകൾ ലഭിച്ചിരുന്നു. അതിനാൽ തന്നെ നെല്ല്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ കൃഷിയുണ്ടായിരുന്നെങ്കിലും പച്ചക്കറി കൃഷി കേരളത്തിൽ സർവ്വ സാധാരണമായിരുന്നില്ല. അവരവർക്ക് ലഭ്യമായ നാടൻ വിത്തിനങ്ങൾ കൃഷി ചെയ്തു വന്നു. കടയിൽ നിന്ന് വാങ്ങിയ മുറ്റിയ അമരയ്ക്കയുടെ വിത്തുകളും ഗോതമ്പിൽ നിന്നു കിട്ടിയ ഇറുങ്ങും തോരൻ പരിപ്പിൽ നിന്നും കിട്ടിയ തോലു പോകാത്ത വിത്തും പയറുകളുമൊക്കെ ഞാനും മുളപ്പിച്ച് നല്ല വിളവെടുത്തിട്ടുണ്ട്.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ബ്യൂറോ. തിരുവനംന്തപുരം
സ്പ്രിംഗ്ലര്‍ അഴിമതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് മുന്‍ മന്ത്രി എന്‍. കെ പ്രേമചന്ദ്രന്റെ പത്രക്കുറിപ്പ്.
ബോധപൂര്‍വ്വമായി സര്‍ക്കാര്‍ ഫയലുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണാക്ഷേപം. വന്‍തോതിലുള്ള കൃത്രിമം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച്‌കൊണ്ട് ഇതിനോടകം നടന്നിരിക്കുകയാണ്. IT സെക്രട്ടറിയുടെ വിശദീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയം എന്താണ്? മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ചോദിക്കുന്നു?
അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഭരണ രാഷ്ട്രീയ നേതൃത്വത്തെ കൊടിയ അഴിമതിയില്‍ നിന്ന് ഒഴിവാക്കുക എന്ന തന്ത്രപരമായ സമീപനമാണ് സെക്രട്ടറിയുടെ ചാനല്‍ ഇന്റര്‍വ്യൂവില്‍ കാണുവാന്‍ സാധിച്ചത്. IT സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളായി മാറ്റി അതിനെ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന ഗവണ്‍മെന്റിന്റെ ഉറപ്പും. സെക്രട്ടറിയെ ബലിയാടാക്കി രക്ഷപെടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ കേരളത്തിലില്ലെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ രേഖകളും അതില്‍ അവര്‍ ഒപ്പുവെച്ച രേഖകളുമല്ലാതെ സര്‍ക്കാരിന്റെ മുദ്രവെച്ച ഒരു രേഖയും നാളിതുവരെ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്ന് മുന്‍ മന്ത്രി പറയുന്നു. അഞ്ചു വര്‍ഷം ഒരു മന്ത്രിയും അതിലുപരി ഒരു ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഞാന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മൊട്ടുസൂചി ആവശ്യമെങ്കില്‍ ഓഫീസില്‍ നിന്ന് പ്രൈവറ്റ് സെക്രട്ടറിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റിനു കിട്ടണം. ഡെലിവറി കഴിഞ്ഞാല്‍ ഡെലിവറി നോട്ടും ഇന്‍വോയ്‌സും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തണം. ഇതാണ് പ്രോട്ടോകോള്‍. ഇത്രയും ജനാതിപത്യ മര്യാദകള്‍ നിലനില്ക്കുന്ന ഈ രാജ്യത്ത് നാല് വകുപ്പുകള്‍ ഉള്‍പ്പെടുന്ന സുപ്രധാനമായ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വിദേശ കമ്പനിയുമായി ഒരു വലിയ കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ ആ നാല് വകുപ്പ് സെക്രട്ടറിമാരോ വകുപ്പ് തലവന്മാരായ മന്ത്രിമാരോ ഈ കരാര്‍ അറിഞ്ഞില്ല എന്നു പറഞ്ഞാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദനത്തോടെ കേരളത്തിനെ ഒറ്റിക്കൊടുക്കാന്‍ IT സെക്രട്ടറി ശ്രമിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും.
ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല എന്ന് ഞങ്ങളുടെ തിരുവനംന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ പോസ്റ്റിലേയ്ക്ക്.
https://www.facebook.com/nkpremachandran/videos/688962075174055/
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത് 847 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 14,576ലേക്ക് ഉയർന്നു. അമ്പതിലേറെ എൻ എച്ച് എസ് ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപെട്ടിട്ടുണ്ട്. കെയർ ഹോമിൽ മരിച്ച നൂറുകണക്കിന് ആളുകളെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ പുതുതായി രോഗം സ്ഥിരീകരികരിച്ചത് 5599 പേർക്കാണ്. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഉയർന്ന നിരക്കാണിത്. രാജ്യത്തെ രോഗികളുടെ എണ്ണം ആകെ 108,692 ആയി മാറി. അമേരിക്കയുടെയും ഇറ്റലിയുടെയും പാതയിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ആശങ്കയും ഏവരുടെയും മനസ്സിൽ ഉയർന്നുകഴിഞ്ഞു. അതേസമയം കൊറോണ വൈറസ് പരിശോധന കൂടുതൽ പബ്ലിക് സർവീസ് സ്റ്റാഫുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. പോലീസ്, ഫയർഫോഴ്‌സ് , ജയിൽ സ്റ്റാഫ് തുടങ്ങിയ പൊതുസേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൊറോണ വൈറസ് പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പരിശോധന ശേഷി ഉയരുകയാണെങ്കിലും പ്രതീക്ഷിച്ചത്ര എൻഎച്ച്എസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ വാക്സിൻ എപ്പോൾ നിർമ്മിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പും നൽകാനാവില്ലെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങളുള്ള ആർക്കും താരതമ്യേന വേഗത്തിൽ പരിശോധന നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാൻകോക്ക് പറഞ്ഞു.

അതിനിടെ ശമ്പള സബ്‌സിഡി പദ്ധതി ജൂണിലേക്ക് നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. കമ്പനിതൊഴിലാളികൾക്ക് സർക്കാർ വേതന സബ്‌സിഡിക്ക് ജൂൺ മാസത്തിൽ അപേക്ഷിക്കാം. ഒൻപത് ദശലക്ഷത്തിലധികം തൊഴിലാളികളെ സർക്കാരിന്റെ ജോലി നിലനിർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തും. അല്ലെങ്കിൽ സർക്കാർ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നീട്ടിയില്ലെങ്കിൽ ബിസിനസ്സ് ഗ്രൂപ്പുകൾക്കും സ്വിസ്പോർട്ട് പോലുള്ള സ്ഥാപനങ്ങൾക്കും കൂടുതൽ ജോലികൾ നഷ്ടപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കിൽ ശമ്പള പദ്ധതി വീണ്ടും നീട്ടുമെന്നും ചാൻസലർ പറഞ്ഞു. കൊറോണ വൈറസ് ജോലി നിലനിർത്തൽ പദ്ധതി പ്രകാരം, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ തൊഴിലാളികളുടെ വേതനത്തിന്റെ 80%, അവർ അവധിയിൽ പ്രവേശിച്ചാൽ സർക്കാർ പരിരക്ഷിക്കും. തൊഴിലുടമകൾ തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ഏപ്രിൽ അവസാനം എച്ച്എം റവന്യൂ, കസ്റ്റംസ് (എച്ച്എംആർസി) എന്നിവയിൽ നിന്ന് പണം തിരിച്ചുപിടിക്കുകയും ചെയ്യാം. അവർക്ക് തിങ്കളാഴ്ച മുതൽ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ജോലികൾ പരിരക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഈയൊരു തീരുമാനത്തിൽ എത്തി നിൽക്കുന്നത്.

മഹാമാരിയായി മാറിയ കോവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ലോകത്താകമാനമായി ഇരുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. അഞ്ചര ലക്ഷത്തിൽ അധികം പേരുടെ രോഗം ഭേദമായി. അമേരിക്കയിലെ മൊത്തം മരണസംഖ്യ 37000 പിന്നിട്ടിട്ടുണ്ട്. എണ്ണായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറ്റലിയിലാകട്ടെ 575 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 22745 ജീവനുകളാണ് കോവിഡ് അപഹരിച്ചത്. ചൈനയില്‍ 1290 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയുള്ള കണക്കില്‍ വ്യത്യാസമുണ്ടായിരുന്നെന്നാണ് വിശദീകരണം. രാജ്യത്തെ മൊത്തം മരണസംഖ്യ 4632 ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 351 പേര്‍ക്ക് കൂടി ഇവിടെ പുതുതായി രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയും ലോക് ഡൗണും എങ്ങും അനിശ്ചിതത്വവും അസന്തുഷ്ടിയുമാണ് രാജ്യമെങ്ങും സമ്മാനിച്ചിരിക്കുന്നത്. പല കോണുകളിൽ നിന്നും എന്നാണ് ലോക് ഡൗൺ അവസാനിക്കും എന്ന ചോദ്യം ഉയരുന്നുണ്ട് .ലോക് ഡൗൺ ഒരു മൂന്നാഴ്ച കൂടി നീണ്ടു നിൽക്കുന്ന സാഹചര്യത്തിലാണ് ഗവൺമെന്റ് ജനങ്ങൾ നടപ്പിലാക്കേണ്ട 5 ലക്ഷ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും നടത്തുന്ന പത്രസമ്മേളനത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനെപ്പറ്റി വിശദമായി പറയുകയുണ്ടായി. ഈ നേട്ടങ്ങൾ കൈവരിക്കുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
1. എൻഎച്ച്എസിന് കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനാവും എന്നുള്ള ഉറപ്പാക്കൽ.
2. മരണ നിരക്ക് കുറയുന്ന ഒരു ഘട്ടത്തിൽ എത്തുക.
3. അണുബാധ നിരക്ക് കുറയുന്നു എന്ന് ഉറപ്പാക്കുക.
4. ഭാവിയിൽ ആവശ്യത്തിന് വൈറസ് പരിശോധനകിറ്റുകളും പിപിഇയും ഫേസ് മാസ്കുകളും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക.
5. അണുബാധയുടെ രണ്ടാംഘട്ട പകർച്ച ഉണ്ടാകാതെ സൂക്ഷിക്കുക.
എന്നിവയാണ് അദ്ദേഹം പങ്കുവെച്ച ലക്ഷ്യങ്ങളിൽ ചിലത്.

വൈറസിൻെറ രണ്ടാംഘട്ട പകർച്ച പൊതുജനത്തിന്റെ ആരോഗ്യത്തെ മാത്രമല്ല സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിക്കുമെന്ന് ഫോറിൻ മിനിസ്റ്റർ റാബ് പറഞ്ഞു. നിലവിൽ യുകെയിൽ 13, 729 മരണങ്ങളാണ് കൊറോണ വൈറസ് മൂലം ഉണ്ടായിരിക്കുന്നത്. 3, 27, 608 ആളുകളിൽ നടത്തിയ ടെസ്റ്റിൽ 1, 03, 093 പേർക്ക് ഫലം പോസിറ്റീവ് ആവുകയും ചെയ്ത ഈ സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ ഈ പുതിയ നടപടി.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശുപത്രികളിൽ കുറയുന്നുണ്ടെന്നും പ്രെസ്സ് കോൺഫ്രൻസിൽ അധികൃതർ വ്യക്തമാക്കി. എന്നാലും ചില ആശുപത്രികളുടെയും പ്രാദേശങ്ങളുടെയും കാര്യത്തിൽ ചില മുൻകരുതലുകൾ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . ആദ്യം തന്നെ ജനങ്ങൾ കൊറോണ വൈറസിനെ നേരിടാനുള്ള എൻഎച്ച്എസിന്റെ കഴിവിൽ വിശ്വസിക്കുകയും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുകയും ചെയ്യണമെന്ന് മി. റാബ് കൂട്ടിചേർത്തു.

കൊറോണ എന്ന മഹാമാരിയെ തടുക്കാൻ ഏകദേശം മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടക്കത്തിലേ പറഞ്ഞിരുന്നു. പക്ഷെ കൃത്യമായ ഒരു സമയപരിധി നൽകാൻ തനിക്കാവില്ല എന്നാണ് മി.റാബ് തൻെറ പത്രസമ്മേളനത്തിൽ പറഞ്ഞത് . എന്നാൽ ഏതൊരു തുരങ്കത്തിന്റയും അവസാനം വെളിച്ചമുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.