Main News

സ്വന്തം ലേഖകൻ

ലണ്ടൻ : ബോറിസ് ജോൺസൻ പ്രഖ്യാപിച്ച നിയന്ത്രണ ഇളവുകളിൽ ആശയകുഴപ്പമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് ജോലിസ്ഥലത്തേക്ക് ഇന്ന് മുതൽ മടങ്ങാൻ കഴിയും. എന്നാൽ രാജ്യത്ത് രോഗം പടരുന്ന ഈയൊരവസ്ഥയിൽ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ആശങ്കകൾ ഉയരുന്നു. നിർമാണ ജോലിക്കാരെ ജോലിയിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കണമെന്ന് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ റോഡ് മാപ്പ് വളരെ ആശയക്കുഴപ്പത്തിലാണെന്നും ജോലിയിൽ പ്രവേശിക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിന് സുപ്രധാന നടപടികൾ കാണുന്നില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ എങ്ങനെ സുരക്ഷിതരാക്കും എന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോഴും മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. “സമ്പദ്‌വ്യവസ്ഥ ഉയരണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നുവെങ്കിൽ ശുചിത്വം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച് ഞങ്ങൾക്ക് കർശനമായ നിയമങ്ങൾ ആവശ്യമാണ്. ഒപ്പം ആവശ്യമായ പിപിഇയും തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങളും സർക്കാർ ഉറപ്പാക്കണം. ” ; ജി‌എം‌ബി യൂണിയന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്സ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പോലെ തന്നെ തൊഴിലാളികളുടെ ജീവനും പ്രധാനമാണെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ഡേവ് പ്രെന്റിസ് വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ബിസിനസ്സ് നേതാക്കൾ പറഞ്ഞു. ഫാക്ടറി ഉദ്യോഗസ്ഥർ ജോലിയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നതായി നിർമാതാക്കളുടെ വ്യാപാര ഗ്രൂപ്പായ മെയ്ക്ക് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഫിപ്‌സൺ പറഞ്ഞു. എങ്കിലും അതിനെപ്പറ്റി വ്യക്തമായ ഉപദേശം നൽകുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബ്രിട്ടനിലുടനീളമുള്ള സാമൂഹിക ജീവിതത്തിലെയും ബിസിനസ് പ്രവർത്തനത്തിലെയും നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി, ജൂൺ ആദ്യം മുതൽ കടകൾ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കർശനമായി സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും കടകൾ പ്രവർത്തിക്കുക. ജോലിയിൽ തിരിച്ചെത്തുന്നവർ സാധ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കാതെ ആളുകൾക്ക് ജോലിക്ക് പോകാമെന്ന ജോൺസന്റെ ആശയം പരിഹാസ്യമായ ഒന്നാണെന്ന് ടിഎസ്എസ്എ ട്രാൻസ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.

അതിനിടെ സർക്കാരിന്റെ “സ്റ്റേ അലെർട്ട് ” സന്ദേശം എന്താണെന്ന് വ്യക്തമാക്കാൻ ജോൺസൻ ശ്രമിച്ചു. “വീട്ടിൽ കഴിയുക, എൻ എച്ച് എസിനെ സംരക്ഷിക്കുക, ജീവൻ രക്ഷിക്കുക” എന്ന ഔദ്യോഗിക മുദ്രാവാക്യം , ഇളവുകൾ പ്രഖ്യാപിച്ചതോടെ “ജാഗ്രത പാലിക്കുക, വൈറസിനെ തടയുക, ജീവൻ രക്ഷിക്കുക ” എന്നതായി മാറി. ‘ജാഗ്രത പാലിച്ച്, നിയമങ്ങൾ പാലിച്ചുകൊണ്ട് വൈറസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. കൊറോണ വൈറസിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോൾ ജീവൻ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്.” ജോൺസൻ വ്യക്തമാക്കി. എന്നാൽ പുതിയ മുദ്രാവാക്യത്തിന് വ്യക്തത ഇല്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആറാഴ്ച നിലനിന്ന ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയിലാണ് അവർ. എന്നിരുന്നാലും പ്രധാനമായി എവിടിരുന്നാലും കുറഞ്ഞത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

സ്വന്തം ലേഖകൻ

ബോസ്റ്റൺ :- കോവിഡ് 19 ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ശ്വാസകോശത്തിൽ നീർവീക്കം ഉണ്ടാവുകയോ, വെള്ളം കെട്ടുകയോ ചെയ്തിട്ടുള്ളതായി സി റ്റി സ്കാൻ റിപ്പോർട്ടുകൾ വെളിവാക്കുന്നു. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് കുട്ടികളുടെ സിറ്റി സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ചതിലൂടെ ഈ പൊതുവായ അവസ്ഥ കണ്ടു പിടിച്ചത്. 20 കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ. മൂന്നിൽ രണ്ട് പേരുടെയും ശ്വാസകോശത്തിൽ നീർവീക്കം ഉള്ളതായി കണ്ടെത്തി. എന്നിരുന്നാൽ തന്നെയും, കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരെയാണ് കൊറോണ ബാധിച്ചിരിക്കുന്നത്. റേഡിയോളജിസ്റ്റ് ആയിരിക്കുന്ന ഡോക്ടർ അലക്സാണ്ടറ ഫൗസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങൾ നടത്തുന്നത്. കൊറോണ വൈറസിനോടൊപ്പം തന്നെ, സാർസ്, മെർസ്, എച്ച് 1 എൻ 1 എന്നീ വൈറസുകളെയും അവർ പരിശോധിച്ചു. ഇവർ തങ്ങളുടെ പഠനറിപ്പോർട്ടുകൾ അമേരിക്കൻ ജേണൽ ഓഫ് റോന്റ്ജീനോളജിയിൽ പ്രസിദ്ധപ്പെടുത്തി.

ഇതോടനുബന്ധിച്ച് ചൈനയിലെ വുഹാനിലും പഠനങ്ങൾ നടക്കുന്നുണ്ട്. 20ഓളം പീഡിയാട്രിക് ഹോസ്പിറ്റലുകളിലെ ഒന്നു മുതൽ 14 വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് ഈ പഠനങ്ങൾ നടക്കുന്നത്. ഇവരുടെ കണ്ടെത്തലുകളിൽ, കൊറോണ ബാധിച്ച എല്ലാവർക്കും ശ്വാസകോശത്തിന്റെ ഭിത്തിയിൽ ഡാമേജ്ഡ് ടിഷ്യുകൾ ഉള്ളതായി കണ്ടെത്തി. ചിലരിൽ ഇത് രണ്ട് ശ്വാസകോശത്തിന്റെ ഭിത്തികളിലും ഉണ്ട്. പത്തിൽ ആറ് രോഗികൾക്കും ഗ്രൗണ്ട് ഗ്ലാസ്‌ ഒപാസിറ്റി (ജി ജി ഒ ) എന്ന അവസ്ഥയുണ്ട്. ശ്വാസകോശത്തിന് മുകളിലൂടെ ഒരു പാട ബാധിച്ചിരിക്കുന്നത് പോലെയാണ് ഇത്. ചിലരിൽ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയാണ് ഉണ്ടാവുന്നത്.

മുതിർന്നവരിലും ശ്വാസകോശ തകരാറുകൾ സംഭവിക്കുന്നതായി സി റ്റി സ്കാനുകൾ വെളിപ്പെടുത്തുന്നുണ്ട്. ചൈനയിൽ ഈ ലക്ഷണങ്ങൾ കുറവാണ്. കൊറോണ ബാധിച്ച 54 വയസ്സുള്ള സ്ത്രീയിലും ശ്വാസകോശത്തിൽ വെള്ളം കെട്ടിയതായി കണ്ടെത്തി. ഇത്തരത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ച രോഗികളിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ് ലോകം.

സ്വന്തം ലേഖകൻ

കഴിഞ്ഞ രാത്രി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക്ഡൗൺ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ജൂൺ ഒന്നു മുതൽ തന്നെ അധ്യായന വർഷം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . പക്ഷെ ഇതിനെതിരെ ഉടൻതന്നെ കടുത്ത പ്രതിഷേധവുമായി അധ്യാപക യൂണിയൻ രംഗത്തെത്തി. കോവിഡ് -19 ൻെറ പശ്ചാത്തലത്തിൽ ഇത് വളരെ ഭീതി ജനിപ്പിക്കുന്ന നീക്കമാണെന്ന് അഭിപ്രായപ്പെട്ടു. ഒന്ന് ,ആറ് ക്ലാസ്കാർക്ക് ഏറ്റവുമാദ്യം ക്ലാസ് തുടങ്ങാനാണ് പ്രധാനമന്ത്രി പറഞ്ഞത്. അടുത്തവർഷം പരീക്ഷ എഴുതേണ്ട സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മുൻപ് ക്ലാസ് തുടങ്ങില്ല, എന്നാൽ വീട്ടിലിരുന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, ഇടയ്ക്കിടെ അധ്യാപകരെ സന്ദർശിക്കാൻ ശ്രദ്ധിക്കണം. ആദ്യഘട്ടത്തിൽ നഴ്സറികൾ തുറക്കില്ലെങ്കിലും സെപ്റ്റംമ്പറോടെ പ്രൈമറി തലത്തിലെ വിദ്യാർഥികളും സ്കൂളിൽ എത്തണം. വെയിൽസ് പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ പാടെ തള്ളിക്കളഞ്ഞപ്പോൾ, സ്കോട്ട്‌ലൻഡ് ഓഗസ്റ്റ് വരെ സ്കൂൾ തുറക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുകയേ ഇല്ലെന്ന് നിക്കോള സ്ട്രഗെൻ പറഞ്ഞു.


സ്കൂൾ തുറന്നാൽ തന്നെ കുട്ടികളെ ഗേറ്റിൽ വച്ച് തന്നെ അണുവിമുക്തമാക്കണം എന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറിയായ മേരി ബൗസ്റ്റഡ് പറഞ്ഞു. ” ചൈനയിൽ കുട്ടികളെ സ്കൂൾ ഗേറ്റിന് പുറത്തു നിർത്തി അവരുടെ മുൻവശവും പിൻവശവും അണുനാശിനി തളിക്കുകയും, ഷൂസുകൾ അണുവിമുക്തമാക്കുകയും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുകയും, അവിടെവെച്ച് ധരിച്ചിരുന്ന മാസ്ക് മാറ്റി പുതിയ ഒരെണ്ണം ധരിക്കുകയും അവരുടെ ശരീര താപനില അളക്കുകയും ചെയ്യും” ഇതാണ് ബ്രിട്ടണിൽ നടപ്പാക്കേണ്ടത് എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത് കൊറിയയിലും ഇത് തന്നെയാണ് നടപ്പാക്കുന്നത്, അവിടെ പുതിയ കേസുകളുടെ എണ്ണം വളരെ കുറവാണ്.

പ്രധാനമന്ത്രി ജോൺസൺ പറയുന്നു ജൂൺ 1 ഓടുകൂടി നമ്മൾ രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കുകയാണ്. ഘട്ടംഘട്ടമായി കടകൾ തുറക്കുകയും കുട്ടികളെ സ്കൂളിലേക്ക് അയക്കുകയും ചെയ്യണം. അടുത്തവർഷം സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾ അധ്യാപകരെ ഇടയ്ക്കിടെ സന്ദർശിച്ചു വേനലവധിക്ക് മുമ്പ് പഠനം സുഗമമാക്കണം. പ്രധാനപ്പെട്ട ജോലിക്കാരുടെ മക്കൾക്ക് ഒഴികെ മാർച്ച് 23 മുതൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ക്രിട്ടിക്കൽ വർക്കേഴ്സിന്റെ കുട്ടികൾക്ക് സമ്മർ വരെ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പരിഗണന തുടരും. കോവിഡ് പകരുന്ന നിലവാരമനുസരിച്ച് അദ്ദേഹം 5 ഫേസുകളെ പറ്റി മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ 0.5 മുതൽ 0.9 വരെയാണ് അലർട്ട് ലെവൽ. നമുക്ക് ഒറ്റയടിക്ക് നിയന്ത്രണങ്ങൾ നീക്കാൻ സാധ്യമല്ലെങ്കിലും ഘട്ടംഘട്ടമായി രാജ്യത്തെ തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി രാഷ്ട്രീയക്കാരും, മനുഷ്യാവകാശ പ്രവർത്തകരും, ആരോഗ്യ സേനയും ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയില്ലെന്നും, റിസ്ക് എടുത്ത് പരീക്ഷിച്ചു നോക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടൻ: ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും എങ്ങനെ ഈ കൊറോണ വൈറസിനെ നിയന്ത്രിച്ച് തങ്ങളുടെ രാജ്യത്തെ അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ച് പുതിയ പ്ലാനുകൾ ഉണ്ടക്കുന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ച് 23 ന് യുകെയിൽ ആരംഭിച്ച ലോക്ക് ഡൗണിൽനിന്നും കർശന നിബന്ധനകൾക്ക് വിധേയമായി പരീക്ഷണ അടിസ്ഥാനത്തിൽ ഉള്ള ഇളവുകൾ ഇന്ന് പ്രഖ്യപിച്ചിരിക്കുന്നത്.

ഇന്ന് 19.00  മണിക്ക് നടത്തിയ മുൻകൂറായി ചിത്രീകരിച്ച ടി വി പ്രോഗ്രാമിലൂടെയാണ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ബോറിസ് വിശദീകരിച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾ നാളെ പാർലമെൻ്റിൽ അറിയിക്കുമെന്നും അതുമായി ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അഞ്ച് ലക്ഷത്തോളം ആളുകൾക്ക് ജീവനുകൾ നഷ്ടപ്പെടാവുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ബ്രിട്ടൺ കടന്നു പോയത്. എന്നാൽ നമ്മൾ അതിനെ ഒറ്റക്കെട്ടായി അതിജീവിച്ചു. എൻഎച്ച്എസ് തകരാതെ നാം സംരക്ഷിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ ഇളവുകളനുസരിച്ച് ബുധനാഴ്ച്ച മുതൽ വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ജോലിക്ക് പോകാൻ അനുമതി നല്കി. നിർമ്മാണമേഖലയെയും മാനുഫാക്ചറിങ് മേഖലയും ആണ് ഇതിൽ എടുത്തുപറഞ്ഞത്. ഇപ്പോൾ നടപ്പാക്കുന്നത് നിബന്ധനകൾക്ക് വിധേയമായ പദ്ധതികൾ ആണ് എന്നും കാര്യങ്ങൾ വഷളായാൽ അപ്പോൾത്തന്നെ പഴയ നിലയിലേക്ക് തിരിച്ചുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ നിലവിലെ ‘സ്റ്റേ അറ്റ് ഹോം’ നയം മൂന്നാഴ്ച കൂടി തുടരും.

പ്രധാന തീരുമാനങ്ങൾ ഇവയാണ്

ബുധനാഴ്ച മുതൽ ആവശ്യാനുസരണം പുറത്തുപോയി എക്സർ സൈസിംഗിനായി പുറത്തു പോകാൻ സാധിക്കുന്നതാണ്. പാർക്കുകളിൽ പോയി ഇരിക്കാനും സ്പോർട്സ് ആക്ടിവിറ്റികളിൽ ഏർപ്പെടാനും അനുമതി നല്കി. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ഡ്രൈവ് ചെയ്ത് പോകാനും സാധിക്കും. (ഇവിടെ എല്ലാവരും ഓർക്കേണ്ട മറ്റൊരു ഘടകം ഉണ്ട്… ഇംഗ്ലണ്ട് ഒഴിച്ച് ബാക്കി എല്ലായിടത്തും ലോക്ക് ഡൗൺ ആണ് എന്നുള്ള കാര്യം).  എന്നാൽ സ്വന്തം കുടുംബാംഗങ്ങളോടൊന്നിച്ച് മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. എല്ലായിടത്തും സാമൂഹിക അകലം പാലിച്ചിരിക്കണം.

ജൂൺ 1 മുതൽ പ്രൈമറി സ്കൂളുകളും ഷോപ്പുകളും പരീക്ഷണ അടിസ്ഥാനത്തിൽ തുറക്കാനുള്ള സാധ്യത ആരായുമെന്നും ബോറിസ് പറയുകയുണ്ടായി. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നിവ ആദ്യം ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷം എക്സാമിൽ പങ്കെടുക്കേണ്ട സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്സിന് ഹോളിഡേ തുടങ്ങുന്നതിന് മുൻപ് ഏതാനും ദിവസങ്ങളെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് ഉദ്ദേശിക്കുന്നത് എന്നും കൂട്ടിചേർത്തു.

ജൂലൈ മുതൽ ഹോട്ടലുകൾ – അതായത് പുറത്തു സാമൂഹിക അകലം പാലിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അനുവാദം ലഭിക്കുന്നതാണ്. മറ്റ് പൊതു സ്ഥാപനങ്ങളും തുറക്കാനും പദ്ധതിയുണ്ട്. ഇത് എല്ലാവരും സാമൂഹിക അകലം പാലിക്കുന്നത്തിന് ആവശ്യമായ മുൻ നടപടികൾക്ക് ശേഷമായിരിക്കും.

നിലവിലെ സ്റ്റേ അറ്റ് ഹോം എന്ന സന്ദേശത്തിൽ മാറ്റം വരുത്തി. ഇനി മുതൽ “സ്റ്റേ അലർട്ട്, കൺട്രോൾ ദി വൈറസ്, സേവ് ലൈവ്സ്” എന്ന നയം നടപ്പാക്കും. കഴിയുന്നതും വീടുകളിൽ കഴിയുക, സാധിക്കുന്നവർ വർക്ക് ഫ്രം ഹോം നടപ്പാക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക, പുറത്ത് പോവുന്ന അവസരത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ബ്രിട്ടണിൽ കൊറോണ വൈറസ് അലർട്ട് സിസ്റ്റം നിലവിൽ വരും. അലർട്ടിനെ അഞ്ചായി തിരിച്ചിരിക്കുന്നു. ലെവൽ 5 ഏറ്റവും കൂടിയ അലർട്ടിനെ സൂചിപ്പിക്കുന്നു. ലെവൽ 1 ഏറ്റവും സുരക്ഷിതമായ അവസ്ഥയായി പരിഗണിക്കും. കൊറോണ വൈറസ്സ് പകർച്ചയുടെ ‘R’ ഫാക്ടറിന് അനുസരിച്ചാണ് മേഖലകൾ തിരിക്കുകയും നിയന്ത്രണങ്ങൾ വരികയും ചെയ്യുക. ഇപ്പോൾ ഇംഗ്ലണ്ട് .5 നും .9 നും ഇടയിൽ ആണ് ഉള്ളത്.

ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നതിന് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..

ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്

തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ്..

രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത

ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത

അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..

 

റോംഫോർഡ് : കോവിഡ് 19 പിടിപെട്ട എൻ എച്ച് എസ് നേഴ്സിന് ദാരുണാന്ത്യം ചർച്ചയാകുന്നു. നൈജീരിയൻ വംശജയായ ഓന്യനാച്ചി ഒബാസി(51) യാണ് മരിച്ചത്.കോവിഡ് ബാധിച്ച രോഗികൾക്ക് പരിചരണം നൽകിയ ഒബാസി, പിപിഇ കിറ്റുകളുടെ അഭാവത്തെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരണപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 203 ആയി. കിഴക്കൻ ലണ്ടനിലെ ന്യൂഹാമിൽ നേഴ്സ് ആയും ഹെൽത്ത്‌ വിസിറ്റർ ആയും ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ ഒബാസി. റോംഫോർഡിലെ ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഒബാസി മരണപ്പെട്ടത്. അസുഖം ബാധിക്കുന്നതിനുമുമ്പ് പിപിഇ ക്ഷാമത്തെക്കുറിച്ച് ഒബാസി സംസാരിച്ചിരുന്നുവെന്ന് മരുമകൾ ഇജിയോമ ഉസുക്വ പറഞ്ഞു.

ഇരുപത് വർഷമായി എൻ എച്ച് എസിൽ നേഴ്സ് ആയിരുന്ന ഒബാസിയുടെ മരണം സ്റ്റാഫുകളെ ദുഃഖത്തിലാഴ്ത്തി. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്ന അവൾ , പകർച്ചവ്യാധിയുടെ സമയത്ത് ജോലി ചെയ്യാനും രോഗികളെ സഹായിക്കാനുമുള്ള കടമ തനിക്കുണ്ടെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മുൻനിരയിൽ പ്രവർത്തിച്ചപ്പോഴും അവൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അതാണ് രോഗം പിടിപെടാൻ കാരണമായതെന്ന് മരുമകൾ കൂട്ടിച്ചേർത്തു. ഇതുവരെ കൊറോണയോട് മല്ലിട്ടു മരിച്ച ആരോഗ്യപ്രവർത്തകരിൽ നേഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ , കെയർ ഹോം വർക്കർമാർ, ആശുപത്രി ഫാർമസിസ്റ്റുകൾ, പോർട്ടർമാർ, ക്ലീനർമാർ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. ഏപ്രിലിൽ കൊറോണ വൈറസ് മൂലം മരണപെട്ട എൻ‌എച്ച്എസ് തൊഴിലാളികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച യുകെയിലെ ആദ്യത്തെ പത്ത് ഡോക്ടർമാരും കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരാണ്. പിപിഇ കിറ്റുകളുടെ അഭാവം ഒരു എൻ എച്ച് എസ് നേഴ്സിന്റെ കൂടി ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി മാറിയിരിക്കുകയാണ്.

ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിക്കാൻ ഇടയായ സാഹചര്യം വളരെ നിർഭാഗ്യകരമാണ്. മെയ് ഏഴാം (07/05/2020) തിയതിയാണ് അബിന്‍ സന്തോഷ് പരക്കനാല്‍ (21) എന്ന യുവാവ് കാനഡയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

പഠനത്തിലും സ്പോർട്സിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്ന ഒരു ഊർജ്ജസ്വലമായ യുവാവായിരുന്നു അബിൻ. വാട്ടർസ്‌പോർട്സ്, സ്കൈ ഡൈവിംഗ് എന്ന് തുടങ്ങി എല്ലാത്തിലും ഒരു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന ഒരു യുവാവ്.

പ്ലസ് ടു കഴിഞ്ഞു നല്ലൊരു ഉപരിപഠനം എന്ന് മനസ്സിൽ കരുതിയാണ് കാനഡയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ഒരു കുറവും നൽകിയില്ല എന്ന് മാത്രമല്ല തന്റെ ജന്മവാസനകളെയും ഇഷ്ടങ്ങളെയും അബിൻ എന്നും കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തിരുന്നു.

വാട്ടർസ്‌പോർട്സ് എന്നത് അബിന് വളരെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. എപ്പോഴും നല്ലൊരു സുഹൃത്‌വലയം സൂക്ഷിച്ചിരുന്നു അബിൻ, ഏഴാം തിയതി കൂട്ടുകാരുമൊത്തു ബോട്ടിങ്ങിന് ഇറങ്ങുകയായിരുന്നു. നമുക്കറിയാവുന്നതുപോലെ കാനഡയിൽ തീവ്രമായ തണുപ്പാണ്, വെള്ളത്തിന്റെ കാര്യം പറയേണ്ടതുമില്ല. അബിനും കൂട്ടുകാരും തണുപ്പിനെ ചെറുക്കാനുള്ള എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും കരുതിയാണ്   ബോട്ടിങ്ങിന് ഇറങ്ങിയത്. അവർ ഉപയോഗിച്ചിരുന്നത് കാറ്റ് നിറച്ച ബബിൾ ബോട്ട് വിഭാഗത്തിൽപ്പെടുന്നവയായിരുന്നു.

ഇത്തരം സെന്ററുകളിൽ എത്തുന്നവർ ഇലക്ട്രിക്ക് മോട്ടോർ ഉപയോഗിച്ച് കാറ്റ് നിറച്ചാണ് ഇത് ഉപയോഗിക്കുന്നത്. എന്നത്തേയുംപോലെ അബിനും കൂട്ടുകാരും ബോട്ടിങ് കഴിഞ്ഞു തിരിച്ചുകയറുകയും ചെയ്‌തു. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുപോകാൻ ഉള്ള തയ്യാറെടുപ്പിൽ എല്ലാവരും തണുപ്പിനെ ചെറുക്കുന്ന വാട്ടർസ്‌പോർട്സ് സുരക്ഷാ വസ്ത്രങ്ങൾ ഇതിനകം മാറുകയും ചെയ്‌തിരുന്നു. പെട്ടെന്നാണ് അബിന്റെ മൊബൈലും പേഴ്‌സും ബോട്ടിലാണ് എന്ന തിരിച്ചറിവ് ഉണ്ടായത്. ഈ സമയം ഒരു കാറ്റ് ഉണ്ടാവുകയും ബോട്ട് അൽപം മുൻപോട്ട് നീങ്ങാനും തുടങ്ങിയപ്പോൾ അബിൻ അതിലേക്കു പെട്ടെന്ന് കയറാൻ ശ്രമിക്കുകയും ബാലൻസ് തെറ്റി ബോട്ടിനൊപ്പം ആഴമുള്ള കൊടും തണുപ്പുള്ള വെള്ളത്തിലേക്ക് അബിൻ വീഴുകയും ആയിരുന്നു.

കൊടും തണുപ്പുള്ള വെള്ളത്തിൽ കയ്യ്കാലുകൾ ചലിപ്പിക്കുക അസാദ്യമാണ്. ഇത് കണ്ട കൂട്ടുകാർ പെട്ടെന്ന് പിടിച്ചു നില്ക്കാൻ പലതും ഇട്ടുകൊടുത്തെങ്കിലും അതിലൊന്നും എത്തിപ്പിടിക്കാൻ അബിന് സാധിച്ചില്ല. ഈ സമയം അടുത്തുതന്നെയുണ്ടായിരുന്ന ഫിഷർമാനെ വിളിച്ചുവരുത്തുകയും രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.

അറിയിച്ചതിനെത്തുടന്ന് എമർജൻസി സെർവീസും, ഫയർ സെർവീസും ഉടനടി എത്തി. അധികം താമസിക്കാതെ മുങ്ങിപ്പോയ അബിനെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. വെന്റിലേറ്ററിൽ ആയിരുന്ന അബിന് പാതിരാത്രിയോടെ കാർഡിയാക് അറസ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി കിങ്സ്റ്റണില്‍ പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടമരണം സംഭവിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോറ്റോയിൽ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ.

മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു കൂട്ടുകാരും ഒപ്പം മലയാളി സംഘടനയും ചേർന്ന്. വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)

സ്വന്തം ലേഖകൻ

കൊറോണാ വൈറസ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടും രോഗികളെയോ സ്റ്റാഫിനെയോ അറിയിക്കാതെ കെയർ ഹോമുകളിലേക്ക് മടക്കി അയച്ച് ഗുരുതര വീഴ്ച വരുത്തി ഹോസ്പിറ്റലുകൾ. രോഗികളെ റസിഡൻഷ്യൽ ഹോമുകളിലേക്ക് മടക്കി അയച്ചതായി കെയർ ക്വാളിറ്റി കമ്മീഷന് റിപ്പോർട്ട് ലഭിച്ചു. ഈ രോഗികൾ വളരെയധികം പേരോടൊപ്പം ഇടപഴകുകയും, അതിൽ അനേകം പേർ മരണപ്പെടുകയും ചെയ്തു. മരിച്ചവരിൽ കെയർ ഹോമുകളിലെ അന്തേവാസികളായ വൃദ്ധരും ജീവനക്കാരും ഉൾപ്പെടുന്നു. വൈറസ് റിസ്കിനെ പറ്റി അറിയാതിരുന്നതും ആവശ്യാനുസരണമുള്ള പിപിഇ കിറ്റുകളുടെ അഭാവവും രോഗവ്യാപനത്തിന് ആക്കംകൂട്ടി.

ലഭിച്ച വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ഇപ്പോൾ കെയർ ക്വാളിറ്റി കമ്മീഷൻ. പരാതി സത്യമാണെങ്കിൽ, ഹോസ്പിറ്റലുകൾ നടപടി നേരിടേണ്ടിവരും. കൊറോണ വൈറസ് രോഗബാധ മൂലമല്ലാതെ, പതിവായുള്ള ആശുപത്രി സന്ദർശനം മുടങ്ങിയതോ ഫിസിഷ്യൻമാരുടെ കുറവോ വയോജനങ്ങളുടെ മരണ കാരണമായേക്കാം എന്നും സംശയിക്കപ്പെടുന്നുണ്ട്. അഡൽട് സോഷ്യൽ കെയർ വാച്ച് ഡോഗ് ചീഫ് ഇൻസ്പെക്ടറായ കേട് ടെറോണി പറയുന്നു “ചികിത്സയുടെ അഭാവവും, രോഗം അറിയാഞ്ഞതും മൂലം കെയർ ഹോമുകളിലെ മറ്റ് അന്തേവാസികളിലേക്കും രോഗം പടർന്നു പിടിച്ചിരിക്കാൻ സാധ്യതയുണ്ട്, വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, ആശുപത്രികൾ മനപ്പൂർവ്വം വിവരങ്ങൾ മറച്ചു വെച്ചതാണെങ്കിൽ തീർച്ചയായും കനത്ത നടപടികൾ നേരിടേണ്ടി വരും, ഇത് വളരെ ഗൗരവമേറിയ വിഷയമാണ്”.

ഈ ഗുരുതര വീഴ്ച വരുത്തിയ ആശുപത്രികളുടെ പേരുകളോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ മാസം മാഞ്ചസ്റ്ററിലെ വിസിൽ ബൗളേഴ്സ് രോഗികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞമാസം കെയർ ഹോമുകളിലെ പുതിയ അഡ്മിറ്റുകൾക്ക് കൊറോണ വൈറസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല എന്ന് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. അതേപോലെ, അന്തേവാസികൾക്കും കൊറോണ ടെസ്റ്റ് നിർബന്ധമല്ലായിരുന്നു. കെയർ ക്വാളിറ്റി കമ്മീഷൻെറ ഒൻപതാമത് റെഗുലേഷൻ ആയ’ ഓരോ വ്യക്തികൾക്കും ആവശ്യമായ പരിശോധനയും, ചികിത്സയും പ്രത്യേകമായി നൽകണം’ എന്നതാണ് ആശുപത്രികൾ തെറ്റിച്ചിരിക്കുന്നത്. രോഗികൾ പരാതിപ്പെട്ടില്ലെങ്കിൽ കൂടിയും വാച്ച് ഡോഗിന് ആശുപത്രികളുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള വകുപ്പുണ്ട്.

ഇംഗ്ലണ്ടിലും വെയിൽസിലുമായി ഏകദേശം ആറായിരത്തോളം പേരാണ് കെയർ ഹോമുകളിൽ മരണപ്പെട്ടത്. രാജ്യമൊട്ടുക്കുള്ള കൊറോണ വൈറസ് മരണങ്ങളിൽ മൂന്നിലൊന്ന് ശതമാനവും കെയർ ഹോമുകളിൽ ആണ്. ഏപ്രിൽ പത്തിനും മെയ് ഒന്നിനും ഇടയിൽ 6,686 മരണങ്ങളാണ് കെയർ ഹോമുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടങ്ങളിൽ രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്റ്റാഫുകൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലാത്തത് ഭീതി പടർത്തുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് കാലത്ത് ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പ്രകീർത്തിക്കുന്ന പ്രാർത്ഥനയും ചുണ്ടിൽ വന്നിരിക്കുന്ന മന്ത്രങ്ങളും എന്ന് പറയുന്നത് ഒരു പക്ഷേ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ആയിരിക്കാം തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൻെറ വളരെ മനോഹരമായ ഒരു സംഗീത ആവിഷ്ക്കാരവുമായി ഒരുപറ്റം വൈദികരും വൈദിക ശ്രേഷ്ഠരും രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ സംഗീതാവിഷ്കാരം ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ പതിനായിരങ്ങളാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത് . സീറോ മലങ്കര കത്തോലിക്കാ സഭയിലെ 21 ഓളം വൈദികരും നാലോളം ബിഷപ്പുമാരും ഒന്നു ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ആൽബത്തിന് പിന്നിലുള്ള പ്രയത്നം തികച്ചും അഭിനന്ദനാർഹമാണ്.

സെമിനാരികളിലും, ആശ്രമങ്ങളിലും,അരമനകളിലും, മഠങ്ങളിലും സന്ധ്യാ പ്രാർത്ഥനയിൽ ആലപിക്കുന്ന സങ്കീർത്തനമാണ് മെത്രാപ്പോലീത്താമാരും, വൈദികരും ചേർന്നാലിച്ചിരിക്കുന്നത്. അമേരിക്ക, യു.കെ, ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ഒറീസാ, പൂനെ, തമിഴ്നാട് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും, കേരളത്തിൻ്റെ തെക്ക് മുതൽ വടക്ക് വരെയുള്ള ജില്ലകളിൽ പെട്ടവരുമായ സഭാദ്ധ്യക്ഷന്മാരും വൈദികരുമാണ് കോവിഡ് കാലത്ത് പ്രാർത്ഥനാ ഗാനവുമായി ഒരുമിച്ചത്. ക്രൈസ്തവർ ഇക്കാലയളവിൽ [കോവിഡ് ] ഏറ്റം കൂടുതൽ പ്രാവശ്യം ചൊല്ലിയ, ചൊല്ലിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിൻ്റെ സങ്കീർത്തനമാണ് ഗാനാലാപനത്തിനായി തിരഞ്ഞെടുത്തത്.

ഇംഗ്ലീഷ്, സുറിയാനി, ഹിന്ദി, തമിഴ്, ഒഡിയ, മലയാളം എന്നീ 6 ഭാഷകളിലാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന് സങ്കീർത്തനമാലപിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഗാനത്തിന് ആമുഖം നൽകിയിരിക്കുന്നത്.
തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ കൂറിലോസ്, മാർത്താണ്ഡം രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ വിൻസൻറ് മാർ പൗലോസ്, യു എസ് എ, ക്യാനഡ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്തേഫാനോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ തിയഡോഷ്യസ് എന്നി പിതാക്കന്മാർ മറ്റ് 21 വൈദീകരോട് ചേർന്നാണ് സങ്കീർത്തനം ആലപിച്ചിരിക്കു ന്നത്.

എഡിറ്റിംഗ്, മിക്സിംഗ് ജോലികൾ ചെയ്തിരിക്കുന്നത്.
ഫാ.ഫിലിപ്പ് തായില്ലം.
ഫാ.സന്തോഷ് അഴകത്ത്, ഫാ.ഫിലിപ്പ് തായില്ലം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.Malankara Hymns എന്ന You Tube ചാനലിൽ കൂടിയാണ് സംപ്രഷണം ചെയ്തിരിക്കുന്നത്.

ഡോ. ഐഷ വി

എഴുത്തിന്റെ വഴികൾ പലർക്കും വിഭിന്നങ്ങളായിരിക്കും. ഒരിക്കൽ ജ്ഞാനപീഠ ജേതാവായ ശ്രീ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞിട്ടുണ്ട്. ഒരു കഥാതന്തു ഇരുപത് വർഷം മനസ്സിൽ ഇട്ടു നടന്നിട്ടാണ് ചില നോവലുകൾ എഴുതിയതെന്ന്. മനസ്സിൽ ധാരാളം കഥകളുണ്ടെങ്കിലും ഒന്നും ഒരിക്കലും എഴുതാത്തവരുണ്ടാകും. ചിലപ്പോൾ മറ്റു ചിലർ എഴുതുന്നത് കാണുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ എഴുതുന്നവരുണ്ടാകും. ചിലർക്ക് എഴുതാനുള്ള നല്ല ഭാഷ വശമില്ലാത്തതായിരിക്കും പ്രശ്നം. ചിലർക്ക് പലവിധ തിരക്കുകളായിരിക്കും പ്രശ്നം. മറ്റ് ചിലർക്ക് ഏകാന്തതയില്ലാത്തതായിരിക്കും പ്രശ്നം. വേറെ ചിലർക്ക് മറ്റുള്ളവരുടെ പ്രോത്സാഹനമില്ലാത്തതായിരിക്കും പ്രശ്നം. ചിലർ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കും. ചിലർ സ്വയം പ്രചോദനം ഉള്ളവരായിരിക്കും. അവർ അനസ്യൂതം എഴുതും. ആടുജീവിതം എഴുതിയ ശ്രീ ബന്യാമിൻ കുറിച്ചിട്ടുള്ളത് ഒരു വർഷം നൂറ്റി അറുപത്തഞ്ചോളം പുസ്തകങ്ങൾ ഒഴിവുവേളകളിൽ വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹമറിയാതെ അദ്ദേഹം എഴുതുന്ന കത്തുകൾ ഒക്കെ സാഹിത്യമായി മാറി . ഇക്കാര്യം സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത്. വായനയുടെ ആഴവും പരപ്പും ചിലരെ ഉത്കൃഷ്ടരായ എഴുത്തുകാരാക്കി മാറ്റും. നല്ല അധ്യാപകരും സുഹൃദ് സദസുകളും നല്ല പുസ്തകങ്ങളും ചിലരെ സ്വാധീനിക്കും. ഒരാദ്യചോദനകിട്ടി കഴിഞ്ഞാൽ കണ്ണി മുറിയാതെ എഴുതുന്നവരാവുo ചിലർ.

കുട്ടിക്കാലത്തേ എനിയ്ക്ക് നല്ല വായനാ ശീലം ഉണ്ടായിരുന്നെന്ന് ഓർമ്മച്ചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ രചന നടന്നത്. അതൊരു നാടകമായിരുന്നു. ” അരണ മാണിക്യം” എന്നാണ് ഞാൻ ആ നാടകത്തിന് പേരിട്ടത്. ചിറക്കര ത്താഴത്തെ ഞങ്ങളുടെ വീടും എന്റെ അച്ഛന്റെ കുഞ്ഞമ്മയുടെ വീടും ഒരേ മുറ്റത്തായിരുന്നു. ഒരു മൂന്നു മീറ്റർ അകലം പോലും ഇല്ല എന്ന് പറയാം. ആ വീട്ടിൽ ശ്രീദേവി അപ്പച്ചിയ്ക്ക് അഞ്ച് പെൺമക്കളും രോഹിണി അപ്പച്ചിയ്ക്ക് ഏഴ് പെൺ മക്കളും ഒരാണും പിന്നെ ഞാനും അനുജത്തിയും അനുജനും. ഞങ്ങൾ കളിക്കാനിറങ്ങിയാൽ രണ്ട് വീട്ടിലും കൂടി മുറ്റം നിറയാനുള്ള കുട്ടികളാവും. മിക്കവാറും എല്ലാ ദിവസവും കൂട്ടം ചേർന്ന് കളിക്കുകയും ചെയ്യും. ഒരു ദിവസം ആ വീട്ടിലെ അരകല്ല് അടച്ചു വച്ചിരിന്ന പാള മാറ്റി നോക്കിയപ്പോൾ സൈക്കിളിന്റെ ബാൾ ബെയറിംഗിന്റെ വലുപ്പത്തിലുള്ള ഒരു ഗോളം കിട്ടി. അത് അരണ മാണിക്യമാണെന്ന് അവരിലൊരാൾ പറഞ്ഞു. അതേ പറ്റി അന്നു നടന്ന സംഭാഷണങ്ങളും അരണ മാണിക്യത്തെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങളുമായിരുന്നു നാടത്തിലെ പ്രതി പാദ്യവിഷയം.

പുറമേ നിന്നാരും എഴുതാൻ പ്രചോദിപ്പിക്കാതെ എന്റെ ഉള്ളിൽ നിന്നും ഉറവ പൊട്ടിയതായിരുന്നു ആ നാടകം. അതിനാൽ എനിക്ക് എഴുതാതെ നിവൃത്തിയില്ലായിരുന്നു. നോട്ട്ബുക്കിലെ ചില താളുകൾ കീറി ഞാൻ എഴുതി. എഴുതിക്കഴിഞ്ഞപ്പോൾ എനിക്കെന്തെന്നില്ലാത്ത ആഹ്ലാദം. അത് പങ്കു വയ്ക്കാനായി ഞാൻ നേരേ അടുക്കളയിലെത്തി. അമ്മ ജോലിത്തിരക്കിലായിരുന്നു. ഞാൻ അമ്മയെ ആ നാടകം വായിച്ചു കേൾപ്പിച്ചു. അപ്പുറത്തെ വീട്ടുകാർ ഉൾപ്പെടുന്നതാണ് പ്രതിപാദ്യം എന്നു മനസ്സിലാക്കിയ അമ്മ ഇത് മറ്റുള്ളവർ കണ്ടാൽ വല്യ പ്രശ്നവും വഴക്കുമൊക്കെയാകും എന്ന് പറഞ്ഞു കൊണ്ട് എഴുതിയ താളുകൾ എന്റെ പക്കൽ നിന്നും വാങ്ങി കീറിക്കളഞ്ഞു. അങ്ങനെ ആദ്യ തവണ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞു. ആദ്യ തവണ എന്നു പറയാൻ കാരണം പിന്നെയും പല തവണ പല കാരണങ്ങളാൽ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞിട്ടുളളതുകൊണ്ടാണ്.

രണ്ടാമത് എഴുതിയത് ഒരു കഥയാണ്. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിലേയ്ക്ക് ചിറക്കര ഗവ. യുപിഎസിൽ നിന്നും ട്രാൻസ്ഫർ വാങ്ങിച്ചെത്തിയത് എഴാം സ്റ്റാൻന്റേഡിലേയ്ക്കാണ്. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ ഏറ്റവും മികച്ചത് ഭൂതക്കുളം ഗവ. ഹൈസ്കൂളാണെന്നായിരുന്നു ശ്രീദേവി അപ്പച്ചിയുടെ അഭിപ്രായം. അപ്പുറത്തെ വീട്ടിലെ മുതിർന്ന കുട്ടികളെയെല്ലാം അതത് ഘട്ടങ്ങളിൽ ഹൈ സ്കൂൾ വിദ്യാഭാസത്തിനായി ഭൂതക്കുളത്തേയ്ക്ക് മാറ്റിയിരുന്നു.

ഞാൻ സ്കൂൾ മാറി എത്തിയപ്പോൾ എനിക്കത്ര പരിചിതമല്ലാത്ത അന്തരീക്ഷം. കാസർഗോഡു നിന്നും ചിറക്കര സ്കൂളിലെത്തിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ എന്നെ സ്വീകരിച്ച പോലെയായിരുന്നില്ല ഭൂതക്കുളം സ്കൂളിലെ കുട്ടികൾ എന്നെ സ്വീകരിച്ചത്. ചില കുട്ടികൾ എന്നോട് ” വരത്തൻ” മനോഭാവം കാണിച്ചിരുന്നു. എനിയ്ക്ക് വിഷമം തോന്നിയെങ്കിലും ഞാൻ ആരോടും പരാതി പറഞ്ഞില്ല. ഒരു ചെടി പിഴുതുനട്ടാൽ വേരോടുന്നതു വരെ ഒരു വാട്ടം കാണും. വേരോടി കഴിഞ്ഞാൽ എല്ലാം ശരിയാകും. ഞാൻ സമാധാനിച്ചു. കൂനിൻമേൽ കുരു എന്ന പോലെയാണ് അത് സംഭവിച്ചത്. ഒരു ദിവസം റോസാ ചെടികൾക്കിടയിൽ കയറിയപ്പോൾ എന്റെ പുത്തൻ ഷർട്ടിന്റെ പോക്കറ്റ് കമ്പ് കൊണ്ട് കീറി. അമ്മ അത് ഭംഗിയായി തയ്ച്ചു തന്നു. ഒരു വർഷം ആകെ രണ്ട് ജോഡി വസ്ത്രങ്ങളാണ് എനിക്ക് അച്ഛൻ വാങ്ങിത്തന്നത്. ആ പോക്കറ്റ് കീറിത്തയ്ച്ച വസ്ത്രവുമായി ഞാൻ സ്കൂളിൽ പോയി . ഞാനതിട്ട് ചെല്ലുന്ന ദിവസമെല്ലാം ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ” പിച്ചക്കാരി” എന്ന് വിളിച്ച് കളിയാക്കിയത് എന്നെ വിഷമിപ്പിച്ചു. അച്ഛനും അമ്മയും ചിറക്കര ത്താഴത്തെ വീടും പറമ്പും വാങ്ങാനെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിനാൽ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ വീട്ടിൽ ചെന്ന് പരാതി പറയുകയോ പുതു വസ്ത്രം വാങ്ങിത്തരാൻ ആവശ്യപ്പെടുകയോ ചെയ്തില്ല.

ഏഴാം ക്ലാസ്സിൽ കൈക്കുളങ്ങര വിശ്വനാഥൻ സാറായിരുന്നു ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. അദ്ദേഹം കവിയും സാഹിത്യകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ് എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഓണപരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ മറ്റെല്ലാ വിഷയത്തിനും അത്ര വല്യ മാർക്കൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് എനിയ്ക്ക് അമ്പതിൽ നാൽപ്പത്തി ഏഴ് മാർക്കു ലഭിച്ചു. മറ്റ് കുട്ടികൾക്കെല്ലാം ആ വിഷയത്തിന് 25 ൽ താഴെയായിരുന്നു ലഭിച്ചത്. കൈകുളങ്ങര വിശ്വനാഥൻ സർ എന്നെ പുകഴ്ത്തി സംസാരിച്ചതോടെ കുട്ടികൾക്ക് എന്നോടുള്ള മനോഭാവത്തിന് അല്പം അയവു വന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്കൂളിൽ ” സൃഷ്ടി” എന്നൊരു കൈയ്യെഴുത്തു മാസികയിലേയ്ക്ക് കൃതികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് വായിച്ചത്. ഞാനതത്ര കാര്യമാക്കിയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കാണുന്നത് വല്യേച്ചി (ശ്രീദേവി അപ്പച്ചിയുടെ മകൾ 10-ാം ക്ലാസ് വിദ്യാർത്ഥിനി ബീന ചേച്ചി) എന്തോ കുത്തി കുറിക്കുന്നു. ഞാൻ കാര്യം തിരക്കി. ബീന ചേച്ചി പറഞ്ഞു സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ കൊടുക്കാൻ ഒരു നോവൽ എഴുതുകയാണെന്ന്. ഞാൻ അടുത്തു ചെന്ന് നോക്കി. നോവലിന്റെ പേര് ” ബോധിവൃക്ഷo” . വല്യേച്ചി ഒരു ചിത്രവും വരച്ചിട്ടുണ്ട്. ഒരു കൗമാരക്കാരിയുടെ പ്രണയ സങ്കല്പങ്ങളും ജോലി കിട്ടി കുടുംബം നന്നാക്കുന്നതും ഒക്കെയായിരുന്നു പ്രതിപാദ്യ വിഷയം. ഇതു കണ്ടപ്പോൾ ഞാനും ചിന്തിച്ചു. എന്തുകൊണ്ട് എനിയ്ക്കും എഴുതികൂടാ ? ഞാൻ വീടിനകത്തു കയറി. അന്നും പിറ്റേന്നുമൊന്നും കളിക്കാൻ പുറത്തിറങ്ങിയില്ല. “സ്നേഹം “എന്ന പേരിൽ ഒരു മിനി കഥയെഴുതി. അത് വൃത്തിയായി പകർത്തിയെഴുതി. അമ്മയെ കാണിച്ചില്ല. ആരോടും പറഞ്ഞില്ല. പിന്നെ സ്കൂളിൽ പോയപ്പോൾ കൈ കുളങ്ങര വിശ്വനാഥൻ സാറിനെ അതേ ൽപ്പിച്ചു. സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ എന്റെയും വല്യേച്ചിയുടേയും കൃതികൾ പ്രസിദ്ധീകരിച്ചു വന്നു. മാസിക ഒറ്റ പ്രതി മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടി എഴുത്തുകാർക്ക് ഓരോരുത്തർക്കും ഓരോ ദിവസം അത് വീട്ടിലേയ്ക്ക് തന്നയച്ചു. വല്യേച്ചിയ്ക്കായിരുന്നു മാസിക വീട്ടിലേയ്ക്ക് കൊണ്ടുവരാൻ അവസരം ലഭിച്ചത്. അപ്പോഴാണ് അമ്മ വിവരം അറിഞ്ഞത്. എന്റെ ഊഴം അച്ഛൻ വീട്ടിൽ വന്ന ദിവസമായതിനാൽ അച്ഛനും എന്റെ കഥ വായിക്കാൻ അവസരം ലഭിച്ചു.

ഒരു ദിവസം ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയ സമയത്ത് കൈ കുളങ്ങര സർ ക്ലാസ്സിലേയ്ക്ക് വന്നു. കൂടെ കുറേ അധ്യാപകരും ഉണ്ട്. എന്നെ പരിചയപ്പെടുത്താനാണ് സാറ് അവരെയെല്ലാം വിളിച്ചു കൊണ്ടുവന്നത്. അക്കൂട്ടത്തിൽ ചിറക്കര സ്കൂളിൽ നിന്നും ട്രാൻസ്ഫറായി വന്ന സുകുമാരൻ സാറും ഉണ്ടായിരുന്നു. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ പറഞ്ഞു: ഈ കുട്ടിയെ എനിയ്ക്കറിയാം. ചിറക്കര സ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട്. ഈ ഗുരുക്കന്മാർ എന്നെ കാണാൻ വന്നത് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി ഞാൻ ഇന്നും കരുതുന്നു. അതുവരെ എനിയ്ക്ക് അച്ഛന്റെ മകളെന്നോ , ചിരവാത്തോട്ടത്ത് കേശവൻ വൈദ്യരുടെ പേരക്കുട്ടിയെന്നോ സുകുമാരൻ വൈദ്യരുടെ അനന്തിരവൾ എന്നൊക്കെയായിരുന്നു പേര്. അന്നുമുതൽ സ്വന്തമായി ഒരസ്തിത്വം ഉള്ളതു പോലെ എനിക്ക് തോന്നി. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ
അക്കാലത്ത് ” കല്ലുവാതുക്കൽ സുകുമാർ” എന്ന പേരിൽ വാരാന്ത്യ പതിപ്പുകളിൽ കഥകൾ എഴുതിയിരുന്നു. ഞാനതെല്ലാം വായിക്കുമായിരുന്നു.

ആദ്യ കഥയ്ക്ക് വല്യേച്ചി എഴുതുന്നത് കണ്ടത് മാത്രമല്ല പ്രചോദനം. അതുവരെ വായിച്ച ബാലരമയും പൂമ്പാറ്റയുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. എന്റെ പിച്ചക്കാരി വസ്ത്രത്തിന് ആ വർഷം തന്നെ പരിഹാരമായി. ആ വർഷം ക്രിസ്തുമസിന് സിങ്കപ്പൂരിൽ നിന്നും നാട്ടിലെത്തിയ ആരുടേയോ കൈവശം ഞങ്ങളുടെ സ്വർണ്ണലത കുഞ്ഞമ്മ കുറച്ച് തുണിത്തരങ്ങൾ ഞങ്ങൾക്കായി കൊടുത്തയച്ചിരുന്നു. അതിൽ നിന്നും ഒരു പച്ച പാവടയും റോസ് ഉടുപ്പും അമ്മ എനിക്ക് തയ്ച്ചു തന്നു.

ആദ്യ കഥയുടെ വിജയ ലഹരിയിൽ ഞാൻ ഒരു കഥകൂടി ഉടൻ തന്നെ എഴുതി. അതിൽ രണ്ടു വരികൾ മലയാളം പാഠപുസ്തകത്തിലെ പഠിപ്പിക്കാത്ത പാഠഭാഗത്തു നിന്നും കടമെടുത്തതായിരുന്നു. ഞാൻ അച്ഛനെ ആ കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് “ഗഹ്വരം” എന്ന വാക്ക് വന്നു. അച്ഛൻ അതിന്റെ അർത്ഥം ചോദിച്ചു. എനിക്കറിയില്ലായിരുന്നു. പാഠപുസ്തകത്തിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു: ഒരിക്കലും അങ്ങനെ എഴുതരുത്. അത് പകർപ്പവകാശ ലംഘനമാണ് എന്ന്. Copy right, plagiarism എന്നിവയെ കുറിച്ചൊക്കെ ആദ്യപാഠം അന്നു ലഭിച്ചു. ഒരേഴാം ക്ലാസ്സുകാരിയുടെ പദസമ്പത്ത് തുലോം തുച്ഛമായിരുന്നതു കൊണ്ട് തത്ക്കാലം എഴുതേണ്ടെന്ന് അന്ന് ഞാൻ തീരുമാനിച്ചു. പിന്നെ മൂന്നു വർഷം ഒന്നും എഴുതിയില്ല.

ഞങ്ങൾ ചിറക്കര ത്താഴത്ത് എത്തിയതു മുതൽ അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളും മത്സരിച്ച് അക്ഷരശ്ലോകം ചൊല്ലുക പതിവായിരുന്നു. ഞങ്ങൾ കതിയാമ്മ ചേച്ചി (ഖദീജാ ഉമ്മ ലോപിച്ചത്) എന്ന് വിളിയ്ക്കുന്ന ഷൈലജ ചേച്ചിയാണ് അക്ഷര ശ്ലോക മത്സരങ്ങൾക്ക് തുടക്കം ഇടുക. അതിങ്ങനെയാണ്:
” അക്ഷര ശ്ലോകം ചൊല്ലാൻ ഇച്ഛയുള്ള കുട്ടികൾ
ലക്ഷക്കണക്കിന് വന്നാലും
തോറ്റു പോട്ടെ സരസ്വതി”
അപ്പോൾ എതിരാളി മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം ” ല” യിൽ തുടങ്ങും :

“ലന്തക്കുരു കൊണ്ടു കൂട്ടാനുമുണ്ടാക്കി
ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി
ആട്ടിന്റെ പാലു കറന്നു തിളപ്പിച്ചു
കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി”.
ഇതങ്ങനെ നീണ്ടു നീണ്ടു പോകും.

മത്സരത്തിൽ തോൽക്കാതിരിക്കാനായി ധാരാളം ശ്ലോകങ്ങൾ പഠിച്ചു വയ്ക്കുക എന്റെ പതിവായിരുന്നു. അധി ഖരാക്ഷരങ്ങളിൽ ആരംഭിക്കുന്ന ശ്ലോകങ്ങൾ കണ്ടു കിട്ടാൻ പ്രയാസമായിരുന്നു. പക്ഷേ അതിലാരംഭിക്കുന്ന അഷ്ടകങ്ങൾ ലഭിക്കാൻ പ്രയാസമില്ലായിരുന്നു. അങ്ങനെ ഞാൻ കുറേ അഷ്ടകങ്ങൾ പഠിച്ചു വച്ചു.

എട്ടാം ക്ലാസ്സു കഴിഞ്ഞു നിന്ന വേനലവധിക്കാലത്ത് കല്ലടയിലെ അച്ഛന്റെ മൂത്ത ജ്യേഷ്ഠൻ നീലാംബരൻ വല്യച്ഛന്റെ മകൾ തങ്കച്ചി ചേച്ചി (ഷീല) വീട്ടിൽ വന്ന് തിരികെ പോയപ്പോൾ എന്നേ കൂടി കല്ലടയ്ക്ക് കൊണ്ടുപോയി. തങ്കച്ചി ചേച്ചിയുടെ അമ്മ സരള വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലാനും കഥകൾ പറയാനും മിടുമിടുക്കിയായിരുന്നു. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും മൂക്കു കുത്തി വിപ്ലവം നടത്തിയയാളുമായ ശ്രീ ആറാട്ടുപുഴ വേലായുധന്റെ മകൻ ആന സ്ഥാനത്ത് കുഞ്ഞു പണിക്കരുടെ (കവി) മകളായിരുന്നു ആ വല്യമ്മച്ചി. വല്യമ്മച്ചിയുടെ അമ്മയും കവിയിത്രിയായിരുന്നു. ശ്രീ നാരായണ ഗുരു ഗുരുകുല വിദ്യാഭ്യാസം നേടിയ വാരണപ്പള്ളി ഗുരുകുലത്തിലെ കുടുംബാംഗമായിരുന്നു വല്യമ്മച്ചിയുടെ അമ്മ.

വല്യമ്മച്ചിയുടെ അച്ഛനമ്മമാരെ കുറിച്ച് വല്യമ്മച്ചി പറഞ്ഞതിങ്ങനെ: അവരുടെ വീട്ടിൽ അക്ഷര ശ്ലോകം ചൊല്ലുക എന്നത് സ്ഥിര വിനോദമായിരുന്നു. അങ്ങനെ ഒരു ദിവസം വല്യമ്മച്ചിയുടെ അച്ഛൻ വല്യമ്മച്ചിയുടെ അമ്മയുടെ തന്തയ്ക്ക് വിളിച്ചു കൊണ്ട് ഒരു ശ്ലോകം ചൊല്ലിയത്രേ . നിമിഷ കവയിത്രി യായിരുന്ന അമ്മ അമാന്തിച്ചില്ല. ” തന്തയ്ക്ക് പറഞ്ഞവന്റെ ചന്തിയ്ക്കൊരുന്തും കൊടുത്ത്….” എന്നൊരു ശ്ലോകം ഉണ്ടാക്കി ചൊല്ലി അവിടെ കൂടിയവരെ രസിപ്പിച്ചത്രേ. ആ വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലുമ്പോൾ അഷ്ടകങ്ങൾ ചൊല്ലാൻ പാടില്ലെന്ന് നിബന്ധന വച്ചു.

ഇന്ന് അക്ഷരശ്ലോകം അന്താക്ഷരിയ്ക്ക് വഴി മാറി. ഇതിലൊക്കെ താത്പര്യമുള്ള കുട്ടികളുടേയും എണ്ണം കുറഞ്ഞു.

ഞാൻ പ്രീഡിഗ്രിക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വനിതാ കോളേജിലാണ് പഠിച്ചത്. ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിയ്ക്കുന്ന സമയം ഒരു കവിയരങ്ങ് ദിവസം ഞാനത് കാണാനിരുന്നു. അപ്പോൾ വേദിയിൽ രണ്ടാം വർഷ പ്രീഡിഗ്രിയിലെ അനില എ എന്ന വിദ്യാർത്ഥിനി ഇരിക്കുന്നു. എന്റെ ഗ്രാമം എന്ന കവിതയാണ് ആ കുട്ടി ചൊല്ലിയത്. അന്നു ഞാൻ തീരുമാനിച്ചു അടുത്ത കവിയരങ്ങ് ദിവസം വേദിയിൽ ഞാനും ഉണ്ടാകണമെന്ന് . അങ്ങനെ ഞാൻ വിചാരിച്ച കാര്യം നടപ്പാക്കി. അടുത്ത വേദിയിൽ ” നരനിൽ നിന്നും വാനരൻ” എന്ന കവിത ഞാൻ ചൊല്ലി. പിന്നീട് ” ചിന്തകൾക്ക് വിരാമമില്ലാതെന്തു ചെയ്ക ഞാനെടോ” എന്ന കവിത. അത് കഴിഞ്ഞ് ഡിഗ്രി അവസാന വർഷം വരെയും മിക്കാവാറും എല്ലാ കവിയരങ്ങിലും ഞാൻ പങ്കെടുത്തു. ഡിഗ്രി രണ്ടാo വർഷം പഠിയ്ക്കുന്ന സമയം കവിയും സാഹിത്യകാരനുമൊക്കെയായ പ്രൊഫ കുമ്മിൾ സുകുമാരൻ സർ ഞങ്ങളെ പഠിപ്പിക്കാൻ വന്നിരുന്നു. ഒരിക്കൽ നിത്യ ചൈതന്യ യതി കോളേജിൽ വന്നപ്പോൾ അദ്ദേഹത്തിനേയും കാണാനിടയായി.

കോളേജിൽ നടന്ന കവിയരങ്ങുകളിൽ ശ്രീ ഒ എൻ വി കുറുപ്പ് , ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീ കുരിപ്പുഴ ശ്രീകുമാർ പിന്നെ ധാരാളം യുവകവികളും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ നടത്തിയ യുവ സാഹിത്യ ക്യാമ്പിലേയ്ക്ക് എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അച്ഛൻ അന്ന് മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു. അമ്മ പറഞ്ഞു: വല്യമാമൻ അനുവദിക്കുകയാണെങ്കിൽ പോകാൻ . അങ്ങനെ ഞാനും കൂട്ടുകാരി കനകലതയും കൂടി വല്യമാമനെ കാണാൻ ഊന്നിൻ മൂട്ടിലേയ്ക്ക് പോയി. അല്പം മാത്രം സംസാരിക്കുന്ന വല്യമാമൻ പറഞ്ഞു. അത് യൂണിയൻ നടത്തുന്ന പരിപാടിയല്ലേ? അതത്ര ഗൗരവമായി എടുക്കണ്ട. അതുകൊണ്ട് അതിൽ പങ്കെടുത്തില്ല.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയത്ത് അച്ഛന്റെ മറ്റൊരു ജ്യേഷ്ഠൻ ഗംഗാധരൻ വല്യച്ചൻ വീട്ടിൽ വന്നു. വല്യച്ചൻ സിങ്കപ്പൂരായിരുന്ന സമയത്ത് ധാരളം കത്തുകൾ കവിതാ രൂപേണ വല്യച്ഛന്റെ വീട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ഞാൻ എന്റെ കവിതകൾ വല്യച്ചനെ കാണിച്ചു. വല്യച്ഛൻ അത് വായിച്ചിട്ട് അതിൽ വൃത്തവും താളവുമൊന്നുമില്ല. ഇതൊന്നും കവിതയല്ല എന്ന് പറഞ്ഞു കൊണ്ട് വല്യച്ഛൻ എഴുതിയ ചില കവിതകൾ ചൊല്ലി കേൾപ്പിച്ചു. അന്ന് ഞാൻ കവിതയെഴുത്ത് നിർത്തി.
പിന്നെ ചില ടെക്നിക്കൽ ലേഖനങ്ങൾ എഴുതിയതല്ലാതെ 30 വർഷത്തോളം സാഹിത്യ സൃഷ്ടിയൊന്നും നടത്തിയില്ല. മനസ്സിൽ ധാരാളം കഥകളുണ്ടായിരുന്നു. ഒന്നും വെളിച്ചം കണ്ടില്ല. അങ്ങനെയിരിക്കെ പ്രമുഖ മുതിർന്ന കവി ശ്രീ ആറ്റിങ്ങൽ ദിവാകരനെ പരിചയപ്പെടാൻ ഇടയായി. സംഭാഷണ മദ്ധ്യേ ഞാനിപ്പോൾ എഴുതാറില്ലെന്നും എന്നാൽ മനസ്സിൽ ധാരാളം കഥകളുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതിനൊരു പരിഹാരം പറഞ്ഞത് ആശയങ്ങൾ ഒരു ചെറു തലക്കെട്ട് പോലെ ഡയറിയിൽ കുറിച്ചു വയ്ക്കുക. പിന്നീട് സമയുള്ളപ്പോൾ അതൊന്ന് വികസിപ്പിച്ച് എഴുതിയാൽ മതിയെന്നാണ്. ഞാൻ അങ്ങനെ ചെയ്യാൻ തുടങ്ങി.

പിന്നീട് കഴിഞ്ഞ സെപ്റ്റംബറിൽ എന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി അഖിൽ മുരളിയുടെ കവിതാ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിയപ്പോൾ അവിടെ വച്ച് മാക്ഫാസ്റ്റ് തിരുവല്ല കോളേജിലെ അധ്യാപകൻ റ്റിജി തോമസ് സർ എന്നോട് പറഞ്ഞു: ടീച്ചർക്ക് എന്തെങ്കിലും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അത് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കാമെന്ന് . ഞാൻ ശരിയെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. അങ്ങനെ 2020 ജനുവരിയിൽ അദ്ദേഹം എന്നെ വിളിച്ചു. ഞാൻ ഒന്നും എഴുതി കൊടുത്തില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ അന്നു രാത്രിയോ പിറ്റേന്നോ എഴുതി കൊടുക്കാമെന്നേറ്റു. അങ്ങനെയാണ് ഓർമ്മ ചെപ്പിന്റെ ആദ്യ അധ്യായം എഴുതുന്നത്. അങ്ങനെ വീണ്ടും എന്നെ എഴുത്തിന്റെ വഴിയിലെത്തിക്കാൻ നിമിത്തമായ മലയാളം യുകെയ്ക്കും റ്റിജി തോമസ് സാറിനും നന്ദി. ഒപ്പം അഖിൽ മുരളിയ്ക്കും. അഖിൽ മുരളി ഒരു ചലഞ്ചായി ഏറ്റെടുത്ത് ഒരു ദിവസം ഒരു കവിത വീതം എഴുതിയയാളാണ്.

നമ്മളെപ്പോഴും സ്വയം പ്രചോദനമുള്ളവരായിത്തീരാൻ ശ്രമിക്കുക. നമ്മളിൽ ഭൂരിഭാഗവും നമ്മിലുറങ്ങിക്കിടക്കുന്ന കഴിവിന്റെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നുണ്ടാവില്ല. നമുക്ക് കിട്ടിയ ഈ ജന്മത്തിൽ തന്നെ നമുക്ക് ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക. എല്ലാവർക്കും നന്മ വരട്ടെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

സ്വന്തം ലേഖകൻ

വാഷിങ്​ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസിൽ ആശങ്ക പടർന്നുപിടിച്ചിരിക്കുകയാണ്. മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നതതല യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപി​​ന്റെ വ്യക്തി സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ​കോവിഡ്​ പോസിറ്റീവായ സുരക്ഷാ ഉദ്യോഗസ്ഥനുമായി തനിക്ക് സമ്പർക്കമിക്കമില്ലെന്ന്​ ട്രംപ് വ്യക്തമാക്കി. മാത്രമല്ല അതിനുശേഷം എല്ലാ ദിവസവും താൻ പരിശോധന നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

വൈസ് പ്രസിഡന്റിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രോഗം പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെയും പെൻസിന്‍റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അമേരിക്കയിലെ മരണസംഖ്യ ഇപ്പോൾ 76, 000 കടന്നിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസിൽ സാഹചര്യം മോശമായിട്ടും ട്രംപും മൈക്ക് പെൻസും മാസ്ക് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്.

Copyright © . All rights reserved