Main News

സ്വന്തം ലേഖകൻ

സിംഗപ്പൂർ : സിംഗപ്പൂരിൽ ക്രിപ്റ്റോ കമ്പനികൾക്ക് ആറു മാസത്തേക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം. പുതിയ പേയ്‌മെന്റ് സേവന നിയമപ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി ക്രിപ്‌റ്റോ കറൻസി കമ്പനികൾക്ക് ലൈസൻസ് കൈവശം വയ്ക്കുന്നതിൽ നിന്ന് മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ ഒരു ഇളവ് അനുവദിച്ചു. ബിനാൻസ്, കോയിൻബേസ്, ജെമിനി, ബിറ്റ്സ്റ്റാമ്പ്, ലൂണോ, അപ്‌ബിറ്റ്, വയർക്സ് എന്നീ കമ്പനികൾക്ക് ഈ ഇളവ് ലഭിക്കും. ഈ നിയമം ജനുവരി 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. പേയ്‌മെന്റ് സേവന നിയമം ആരംഭിക്കുന്നതിന് മുമ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ക്രിപ്‌റ്റോ കമ്പനികൾക്ക് അവരുടെ ബിസിനസ്സുകൾ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) നെ അറിയിക്കേണ്ടതുണ്ട്. അവർക്ക് ലൈസൻസ് ഇളവ് അനുവദിക്കുകയും ചെയ്തു.

സെൻട്രൽ ബാങ്കിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണത്തിന് കീഴിലുള്ള വിജ്ഞാപനം ലംഘിക്കുന്നതായി മാസ് അഭിപ്രായപ്പെട്ടു. പേയ്‌മെന്റ് സർവീസസ് ആക്ട് വഴി നിർദ്ദിഷ്ട പേയ്‌മെന്റ് സേവനങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവന വിഭാഗത്തിലാണ് ക്രിപ്റ്റോകറൻസി പെടുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ലൈസൻസ് ഇല്ലാതെ ജൂലൈ 28 വരെ പ്രവർത്തിക്കാം. നിയമത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് തരത്തിലുള്ള സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2021 ജനുവരി 28 വരെ, 12 മാസത്തോളം ലൈസൻസില്ലാതെ പ്രവർത്തിക്കാൻ കഴിയും. ജൂലൈ 28 നകം പുതിയ പേയ്‌മെന്റ് സേവന നിയമത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ട ക്രിപ്‌റ്റോ കറൻസി കമ്പനികളിൽ ബിനാൻസ് ഏഷ്യ സർവീസസ്, ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്, ബിറ്റ്‌ക്രോസ്, ബിറ്റ്‌സ്റ്റാമ്പ്, കോയിൻബേസ്, കോയിൻ‌കോള സിംഗപ്പൂർ, ക്രിപ്‌റ്റോസ്-എക്സ്, ലൂനോ, പേവാർഡ്, ക്വോയിൻ, റിപ്പിൾ ലാബ്സ് സിംഗപ്പൂർ, അപ്‌ബിറ്റ് സിംഗപ്പൂർ, സിപ്‌മെക്‌സ് എന്നിവയും ക്രിപ്‌റ്റോയ്‌ക്ക് പുറമേ മറ്റ് സേവനങ്ങളും നൽകാൻ കഴിയുന്ന ക്രിപ്‌റ്റോ കമ്പനികളിൽ ബിറ്റ്‌ഗോ സിംഗപ്പൂർ, ജെമിനി ട്രസ്റ്റ് കമ്പനി, ലെഡ്‌ജെർക്‌സ്, പാക്‌സോസ് ഗ്ലോബൽ, വയർക്‌സ് എന്നിവയും ഉൾപ്പെടുന്നു.

തന്റെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചകളിലും എല്ലാമായിരുന്ന പ്രിയതമയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഞായറാഴ്ച രാവിലെ അയർലണ്ടിലെ ഡ്രോഗഡയിൽ നിര്യാതയായ ബീന എലിസബത്ത് ജോര്‍ജിന്റെ ഭര്‍ത്താവ് കുറുപ്പന്തറ പഴഞ്ചിറ കുടുംബാംഗം ജോർജ്ജ് പോള്‍. കുട്ടികളെക്കുറിച്ചുള്ള ഒരായിരം വർണ്ണങ്ങൾ കാത്തുസൂക്ഷിച്ച് കുടുംബത്തിലെ കെടാ വിളക്കായി കത്തി നില്‍ക്കുന്ന ഒരു സ്‌നേഹ ദീപത്തിന്റെ ഓര്‍മ്മയിലാണ് ജോർജ്ജ് പോൾ.

ഞായറാഴ്ച്ച രാവിലെ ആകസ്മികമായി വിട പറഞ്ഞ പ്രിയ ഭാര്യയുടെ അവസാന ദിനങ്ങൾ അനുസ്മരിക്കുകയാണ് ജോർജ്. കോവിഡ് 19 എന്ന മഹാമാരി കള്ളനെപ്പോലെ ഒരു കൊച്ചു കുടുംബത്തിന്റെ വേദനയുടെ ആഴം വർദ്ധിപ്പിക്കുക ആണ് ചെയ്‌തത്‌. വേണ്ടപ്പെട്ടവരുടെ വേർപാട് നൽകുന്ന വേദനയുടെ ആഴം ആർക്കും അളക്കുവാൻ സാധിക്കുന്നതിനും അപ്പുറത്താണ് എന്ന യാഥാർത്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ രണ്ടാം വട്ടം പോകുമ്പോഴും ബീനയ്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അര്‍ബുദ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കവേയാണ് പനി പിടിപെട്ടത്. പനിയെ തുടര്‍ന്ന് ബീന ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ തന്നെ അഡ്മിറ്റ് ആയി. പനി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നാം ദിവസം തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്. അത് കൊണ്ട് കോവിഡ് വൈറസ് പേടിയില്ലാതെയാണ് ആശുപത്രിയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.ആ ദിവസങ്ങള്‍ അവിസ്‌മരണീയ നിമിഷങ്ങൾ ആണ് എനിക്ക് നൽകിയത്. എനിക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഞാന്‍ എപ്പോഴും ബീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ബീന വളരെ സെലക്ടീവ് ആയിരുന്നു. ഐറിഷ് ഭക്ഷണങ്ങളോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ഞിയും, നാടന്‍ ഭക്ഷണങ്ങളും മാത്രമായിരുന്നു അവള്‍ കഴിച്ചിരുന്നത്.

ആശുപത്രി ബെഡിന് സമീപം ബീനയുടെ കൈയ്യില്‍ പിടിച്ച് ഞാന്‍ മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുമായിരുന്നു. ആ കരസ്പര്‍ശം അവള്‍ക്ക് ഒരു പുതു ജീവനും ധൈര്യവും നല്‍കിയിരുന്നു എന്ന് എനിക്കും തോന്നി. മക്കളെ കുറിച്ചായിരുന്നു അവളുടെ സ്വപ്നങ്ങള്‍ മുഴുവന്‍. എന്റെ പുറം വേദനയും, ശരീരവേദന എല്ലാം  ഞാന്‍ മറന്നു പോയി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മുന്‍ അധ്യാപകനായിരുന്നു  ജോര്‍ജ്ജ്.

എന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മറ്റാരേക്കാളും വ്യക്തമായി അറിഞ്ഞിരുന്ന ബീന, ഞാനറിയാതെ ആശുപത്രി സ്റ്റാഫിനോട് പറഞ്ഞ് ചാഞ്ഞിരിക്കാവുന്ന ഒരു ചെയര്‍ സംഘടിപ്പിച്ചു. മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സൗകര്യം ആയിരുന്നു അത്.. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. അപ്പോഴേയ്ക്കും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദമായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും വന്നതിന്റെ രണ്ടാം ദിവസം തന്നെ ബീനക്ക് വീണ്ടും പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ശ്വാസതടസവും ഉണ്ടായിരുന്നു. വീണ്ടും അഡ്മിറ്റാവാനുള്ള ഉപദേശം കിട്ടിയതോടെയാണ് തിരികെ പോയത്. ഐസലേഷന്‍ റൂമിലാണെണെങ്കിലും, അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ബീനയ്‌ക്കൊപ്പം കൈപിടിച്ച് ഇരുന്നു. അന്ന് തന്നെ കോവിഡ് ടെസ്റ്റിനുള്ള പരിശോധന വീണ്ടും നടത്തി. ആശുപത്രി കാന്റീനിലെ ഭക്ഷണം അവള്‍ക്ക് കഴിക്കാന്‍ കഴിയില്ല എന്ന് എനിക്കറിമായിരുന്ന ഞാന്‍ വീണ്ടും വീട്ടില്‍ പോയി കഞ്ഞി കൊണ്ടുവന്ന് സ്പൂണില്‍ കോരി കൊടുത്തു. രാത്രി വൈകിയതിനാൽ രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.

പനി മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. രാത്രിയില്‍ തന്നെ പക്ഷെ ആശുപത്രിയില്‍ നിന്നും വിളി വന്നു. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരേണ്ടതില്ല എന്ന് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നു. മനസ് തകര്‍ന്നു പോയ സമയമായിരുന്നു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടക്കോള്‍ ലംഘിക്കാന്‍ ആവില്ലായിരുന്നു. അപ്പോഴേയ്ക്കും എനിക്കും ചുമയും, തൊണ്ടവേദനയും ശക്തമായിരുന്നു. ഈ അവസ്ഥയില്‍ എനിക്കും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ആവുകയുള്ളൂ എന്ന യാഥാർത്യം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.

എങ്കിലും കഴിയുമ്പോഴൊക്കെ ആശുപത്രിയിലെ പരിചയക്കാരെ ഒക്കെ വിളിച്ച് ബീനയെ നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എനിക്ക് ഏറ്റവും സങ്കടം അവള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്കാനാവാതെ അവള്‍ പട്ടിണിയാവുമല്ലോ എന്നതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയാണ് ബീനയെ കാത്തിരിക്കുന്നത് എന്നത് എന്റെ ചിന്തകൾക്ക് അപ്പുറമായിരുന്നു

ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലേയ്ക്ക് വിളിക്കുമ്പോള്‍, പക്ഷെ എനിക്ക് എന്തോ ഒരു പൊരുത്തക്കേട് തോന്നി. ബീന അപകടനിലയിൽ എത്തി എന്ന് തന്നെയാണ് ആശുപത്രി സ്റ്റാഫിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത്. രാവിലെ ആറരയോടെയാണ് ഒരിക്കിലും കേൾക്കാൻ ആഗ്രഹിക്കാത്തതും ഉൾക്കൊള്ളുവാൻ വളരെബുദ്ധിമുട്ടുള്ളതുമായ മരണവിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്.

സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംങ്ങള്‍ക്ക് പങ്കെടുക്കാനാവുമെങ്കിലും, ഐസലേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ജോര്‍ജ്ജും മക്കളായ ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ റോസ്മിയും, ആന്‍മിയും. റോസ്മി ബള്‍ഗേറിയയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അയര്‍ലണ്ടിലേക്ക് എത്താനായുള്ള പരിശ്രമങ്ങളിലാണ് റോസ്മി. ആന്‍മി, ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ എത്തിയിരുന്നു.

പാലാ പൂവരണി പുല്ലാട്ട് മാണികുട്ടി ചിന്നമ്മ ദമ്പതികളുടെ മകളാണ്. ടിറ്റി, ഷിബു , മനു, തോമസ്, ജോര്‍ജി എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചു നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. സമയം തീരുമാനമായിട്ടില്ല.

നാവനിലായിരുന്നു ബീന ആദ്യം ജോലി ചെയ്തത്. പിന്നീട് കെല്‍സിലെ നഴ്‌സിംഗ് ഹോമിലേക്ക് ജോലി മാറിയ ബീന കഴിഞ്ഞ 10 വര്‍ഷങ്ങളായി ദ്രോഗഡ ഔര്‍ ലേഡി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. 58 വയസായിരുന്നു. അയര്‍ലണ്ടില്‍ എത്തുന്നതിന് മുന്പ് കേരളാ സര്‍ക്കാരിന്റെ പാലാ പൈകയിലെ ഗവ. ആശുപത്രിയില്‍ നഴ്‌സായിരുന്നു ബീന ജോര്‍ജ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലേബർ പാർട്ടിയുടെ പുതിയ നേതാവായി കെയർ സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ ഇമെയിൽ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. എതിരാളികളായ ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയ്‌ലി, ലേബർ എംപി ലിസ നാൻഡി എന്നിവർക്കെതിരെ 56 ശതമാനം വോട്ടുകൾ നേടിയാണ് ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി മത്സരത്തിൽ വിജയിച്ചത്. ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ഏഞ്ചല റെയ്‌നർ 53% വോട്ടുകൾ നേടി സ്റ്റാർമറുടെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു. “ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഒരു മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഇനി പാർട്ടിയുടെ ലക്ഷ്യം. ഇത് ബ്രിട്ടീഷ് ജനതയോടുള്ള എന്റെ പ്രതിജ്ഞയാണ്. ഈ ദുഷ്‌കരമായ സമയങ്ങളിൽ നിങ്ങളെ നയിക്കാനും നിങ്ങളുടെ എല്ലാ സമുദായങ്ങളെയും സേവിക്കാനും നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായി പരിശ്രമിക്കാനും ഞാൻ പരമാവധി ശ്രമിക്കും.” സ്റ്റാർമർ പറഞ്ഞു.

തന്റെ പുതിയ ഷാഡോ കാബിനറ്റ് അംഗങ്ങളെ സ്റ്റാർമർ ഇന്ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ലേബർ എംപിമാരായ റേച്ചൽ റീവ്സ്, അന്നലീസി ഡോഡ്സ് എന്നിവരാവാനാണ് കൂടുതൽ സാധ്യത. ബ്രെക്സിറ്റും കൊറോണ വൈറസും മങ്ങലേൽപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. ജെറമി കോർബിന്റെ വിശ്വസ്തനായിരുന്ന ലോംഗ്-ബെയ്‌ലിക്കായിരുന്നു മുൻഗണന എങ്കിലും കാര്യങ്ങൾ മാറിമറിയുകയായിരുന്നു. 2016 മുതൽ ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റാർമർ. 1962 ൽ സൗത്ത് ലണ്ടനിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമായിരുന്നു . ലീഡ്‌സ്, ഓക്സ്ഫോർഡ് സർവകലാശാലകളിൽ നിയമപഠനം നടത്തിയ ശേഷം മനുഷ്യാവകാശ അഭിഭാഷകനായി. 1990 ൽ വടക്കൻ ലണ്ടനിൽ ഡൗട്ടി സ്ട്രീറ്റ് ചേമ്പേഴ്‌സ് സ്ഥാപിച്ചു. “മക്ലിബൽ” കേസ് അടക്കം പല പ്രമുഖ കേസുകളിലും സ്റ്റാർമർ പങ്കെടുത്തിട്ടുണ്ട്. 2008 ൽ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് മേധാവിയായും നിയമിതനായപ്പോൾ അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന നിയമ വ്യക്തികളിൽ ഒരാളായി. 2015 ൽ ഹോൾബോർണിന്റെയും സെന്റ് പാൻക്രാസിന്റെയും ലേബർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതലാണ് രാഷ്ട്രീയത്തിലേക്ക് മാറിയത്. ആ വർഷം തന്നെ കോർബിൻ, സ്റ്റാർ‌മറിനെ തന്റെ ഷാഡോ ഇമിഗ്രേഷൻ മന്ത്രിയാക്കി.

കൊറോണ വൈറസ് അതിഭീകരമായി ബ്രിട്ടനെ ബാധിച്ചിരിക്കുന്നതിനാൽ തന്റെ ഭരണത്തിന്റെ ആദ്യ നാളുകൾ സ്റ്റാർമറിന് പ്രതിസന്ധി നിറഞ്ഞതായിരിക്കും. ബ്രെക്സിറ്റ് വിഷയത്തിൽ ഡിസംബറിനപ്പുറത്തേക്ക് പരിവർത്തന കാലയളവ് നീട്ടുന്നതിന് ജോൺസണെ പ്രേരിപ്പിക്കാൻ സ്റ്റാർമെറിന് ബാധ്യതയുണ്ട്. അടുത്ത കാലത്തായി ലേബർ പാർട്ടിയെ ബാധിച്ച ഒരു വിഷയം ആന്റിസെമിറ്റിസമാണ്. അംഗങ്ങളും പാർട്ടി നേതാക്കളും ചില എംപിമാരും ജൂത ജനതക്കെതിരെ മുൻവിധി പ്രചരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കെ കഴിഞ്ഞ ഡിസംബറിൽ ഏറ്റ കനത്ത തോൽ‌വിയിൽ നിന്ന് കരകയറാനാവും സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ആദ്യം ശ്രമിക്കുക.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധമൂലം മരണപ്പെടുന്നവരുടെ എണ്ണം ബ്രിട്ടനിൽ ദിനംപ്രതി വർധിച്ചുവരികയാണ്. സാഹചര്യങ്ങൾ മോശമാകുന്നതിനിടയിൽ ഇന്ന് ബ്രിട്ടീഷ് രാജ്ഞി മാധ്യമങ്ങളെ കാണുന്നുണ്ട്. ഈയൊരു പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ, ജനങ്ങൾ എല്ലാവരും സ്വയം അച്ചടക്കത്തോടെയും, ധൈര്യത്തോടെയും സാഹചര്യങ്ങളെ നേരിടുന്നതിനായിരിക്കും രാജ്ഞി ഊന്നൽ നൽകുക. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരിക്കും രാജ്ഞി മാധ്യമങ്ങളെ കാണുക എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതിനിടയിൽ രാജ്യത്തെ സാഹചര്യങ്ങളെ സംബന്ധിച്ച് പലവിധമായ ആശങ്കകൾ ജനങ്ങൾക്കിടയിൽ പരത്തുന്ന തരത്തിലാണ് രാഷ്ട്രീയ പ്രവർത്തകരുടെ വാർത്താ സമ്മേളനങ്ങൾ. ഈസ്റ്റർ ദിനത്തിൽ കൊറോണ മരണങ്ങളുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ എപ്പോഴാണ് കൊറോണാ മരണങ്ങളുടെ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് എന്ന് പറയാൻ ആവുകയില്ല എന്ന തരത്തിലാണ് ഗവൺമെന്റ് ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ ടോം പറഞ്ഞത്. ചീഫ് മെഡിക്കൽ ഓഫീസറുടെ പ്രസ്താവന ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവനയെ നിഷേധിക്കുന്ന തരത്തിലായിരുന്നു. പിന്നീട് ആരോഗ്യ സെക്രട്ടറി തന്റെ പ്രസ്താവന തിരുത്തി പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്ന വാദവുമായാണ് ആരോഗ്യ സെക്രട്ടറി രംഗത്തെത്തിയത്.

ഇതിനിടയിൽ മൊബൈൽ ടവറുകളിൽ നിന്നും ആണ് കൊറോണ ബാധ പടരുന്നത് എന്നത് വ്യാജ വാർത്തയാണെന്ന് ഉറപ്പിച്ചുപറഞ്ഞു ക്യാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവ്. ഇത്തരം വ്യാജവാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്ന നിർദ്ദേശവും അദ്ദേഹം നൽകി. ഇദ്ദേഹത്തെ അനുകൂലിച്ച് എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസും രംഗത്തെത്തി.

ഇതിനിടയിൽ ബ്രിട്ടണിലെ കൊറോണ മരണനിരക്ക് 4313 ലേക്ക് ഉയർന്നിരിക്കുകയാണ്. യുഎസിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഏകദേശം 8100 മരണങ്ങളാണ് യുഎസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയിൽ മരണനിരക്ക് 15, 362 ലേക്ക് ഉയർന്നു. സ്പെയിനിൽ മരണങ്ങൾ 11744 ആയതോടെ ലോക ഡൗൺ ഏപ്രിൽ 25 വരെ നീട്ടിയതായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. ലോകത്താകമാനം കൊറോണ മരണങ്ങളുടെ എണ്ണം 60,000 കടന്നു. അൽബേനിയയിൽ പുതിയതായി 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 68 മരണങ്ങളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന വൈറസ് ലോകമെങ്ങും ഭീതിപ്പെടുത്തുന്ന രീതിയിൽ പകരുന്ന സാഹചര്യത്തിൽ സർവ്വതും മാറ്റിവച്ചു നഴ്‌സുമാരും ഡോക്ടർമാരും അഹോരാത്രം പണിയെടുക്കുന്നു. ആവർത്തിച്ചു നമ്മളോട് വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്ന മേലധികാരികൾ, സർക്കാരുകൾ…

ഇത്രയധികം പ്രശ്നങ്ങൾക്ക് നടുവിലും ആശുപത്രി  ജോലികഴിഞ്ഞു പുറത്തിറങ്ങിയ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി നഴ്‌സ്‌മാരുടെ കാറുകളുടെ വിലയേറിയ പാർട്ട്സുകൾ   മോഷണത്തിന് ഇരയായ സംഭവം കഴിഞ്ഞ ദിവസം മലയാളം യുകെയും, ലോകത്തിലെ മാധ്യമങ്ങളുടെ മുൻ നിരയിൽ നിൽക്കുന്ന ബി ബി സി യും, സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങളും  പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ കാലയളവിൽ അഞ്ച് മലയാളി കുടുംബങ്ങളാണ് ഇത്തരത്തിൽ മോഷണത്തിന് ഇരയായത്.

ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തങ്ങൾ ആശുപത്രി പാർക്കിങ്ങിൽ ഇട്ടിരുന്ന കാറുകളുടെ കാറ്റലിക് കൺവെർട്ടർ ആണ് അടിച്ചുമാറ്റിയത്. സിജി ബിനോയി, ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറുകളുടെ വിലയേറിയ പാർട്ട് ആണ് കള്ളൻമാർ അടിച്ചുമാറ്റിയത്. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും റോഡിൽ ഇറക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് വേറെ പണം കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യും. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥയിൽ ആയിരുന്നു മിക്ക മലയാളി നഴ്‌സുമാരും.

കോവിഡ് ബാധിതരെ പരിചരിച്ചു  പുറത്തുവരുബോൾ ആണ് ഇത്തരം ട്രാജഡി എന്നതിനേക്കാൾ കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന സമയം തന്നെ കള്ളൻമാർ തിരഞ്ഞെടുത്തു എന്നതാണ് എന്നെ കൂടുതൽ അവിശ്വസനീയവും നിരാശനും ആക്കിയതെന്ന് നഴ്‌സായ ജോബി പീറ്റർ പ്രതികരിച്ചത്‌. കാറിന്റെ വിലയേറിയ പാർട്ട് അടിച്ചുമാറ്റി കാർ കടപ്പുറത്തു കയറിയപ്പോൾ ജോലിക്കു പോയത് ടാക്സിയിൽ..

നഴ്സുമാരുടെ വാർത്ത കണ്ട ക്ലറിയസ് പ്രോഡക്‌ട് ലിമിറ്റഡ്  ( KLARIUS PRODUCTS LTD ) എന്ന കമ്പനി അധികൃതർ ഒരു പൗണ്ട് പോലും വാങ്ങാതെ ഫ്രീ ആയി ഫിറ്റ് ചെയ്യാമെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇത് ഒരാൾക്ക് മാത്രമല്ല നഷ്ടപ്പെട്ട എല്ലാവർക്കും മാറ്റി നൽകാൻ കമ്പനി  മാനേജർ ആയ വെയ്‌നി ജോൺസൻ തയ്യാറായി. കോവിഡ് രോഗികളെ പരിചരിക്കുന്ന ഈ നഴ്സുമാർക്ക് ഇത്ര എങ്കിലും തിരിച്ചു നൽകാൻ സാധിച്ചതിൽ സന്തോഷം കണ്ടെത്തുന്നു കമ്പനിയും അതിന്റെ ഉടമസ്ഥരും. ഓരോ കാറിനും ഏതാണ്ട് 1000 (AROUND ONE LAKH RUPPES EACH) പൗഡ് വീതം ചിലവുണ്ട്.

അവിടെ തന്നെ ജോലി നോക്കുന്ന ഡാൻ ലൂക്കാസ് എന്ന ജീവനക്കാരൻ ഒരു വേതനവും പറ്റാതെ കൺവെർട്ടർ ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തതോടെ ജോബി പീറ്ററിന്റെയും മറ്റ് നാലുപേരുടെയും ദുർഘടം പിടിച്ച യാത്രയിലേക്ക് ഒരു നല്ല സമറിയാക്കാരൻ അല്ല, ഒരു കൂട്ടം സമറിയക്കാർ ആണ് കടന്നു വന്നത്… അതും നോയമ്പ് കാലത്തുതന്നെ…

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് പടരുന്നതിനെതുടർന്ന് ബ്രിട്ടനിലുള്ള ക്യാൻസർ കെയറുകൾ താത്കാലികമായി നിർത്താൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു . ചികിത്സ അത്യാവശ്യമായി വേണ്ടവർക്ക് പോലും ഇപ്പോൾ കീമോതെറാപ്പികൾ ചെയ്യുന്നില്ല . കൊറോണാ വൈറസ് ബാധയെ തുടർന്ന് പല രോഗികൾക്കും കാര്യമായ പരിചരണം നൽകാൻ സാധിക്കാത്തതിനാൽ ക്യാൻസർ ചികിത്സാ ദുഷ്കരമായിരിയ്ക്കുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി . കോവിഡ് – 19 ൻെറ പശ്ചാത്തലത്തിൽ അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്നും ക്യാൻസർ രോഗികൾക്കു വേണ്ട തുടർചികിത്സകൾക്ക് പ്രാദേശിക ഹോസ്പിറ്റലുകളെ ആശ്രയിക്കണമെന്നും എൻഎച്ച്എസ് നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ക്യാൻസർ പോലെ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട രോഗബാധിതരെ കുറിച്ച് എൻഎച്ച്എസ് നടത്തിയ നിർദ്ദേശം അപ്രായോഗികവും വിവേകശൂന്യവുമാണെങ്കിലും നടപ്പിലാക്കാൻ നിർബന്ധിതരായിരിയ്ക്കുകയാണെന്ന് റുഥർഫോർഡ് ഹെൽത്തില്ലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രൊഫസ്സർ. കരോൾ സികോറ പറഞ്ഞു. കീമോതെറാപ്പികൾ അത്യാവശ്യമായി വേണ്ട ആളുകൾക്കുപോലും ഇത് നൽകുന്നില്ല.

ലോകത്തിലെല്ലായിടത്തും ഉള്ള ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ കോവിഡ് -19നെ പ്രതിരോധിക്കുന്നതിലേക്ക് ശ്രദ്ധ ഊന്നിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റുള്ള ഗുരുതര രോഗാവസ്ഥയിൽ ഇരിക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം കിട്ടുന്നത് പലപ്പോഴും തടസ്സപ്പെടുന്നു.  അതോടൊപ്പം തന്നെ ലോക് ഡൗണിന്റെ ഭാഗമായി ഇന്ത്യയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൊതുഗതാഗതവും സ്വകാര്യവാഹന ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ പല അടിയന്തര ശുശ്രൂഷ വേണ്ട രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിക്കുന്നില്ല. ആരോഗ്യസ്ഥിതി മോശമായിട്ടുള്ള ഹൃദ്രോഗികളും പ്രമേഹരോഗികളും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേരുന്നത് അവരിലേക്ക് കോവിഡ് – 19 പകരാൻ സാധ്യതയുണ്ട്. കൊറോണ വൈറസ് ബാധിച്ചവർക്കുമാത്രമല്ലാ മറ്റുള്ള രോഗാവസ്ഥയിലുള്ളവർക്കും കോവിഡ്-19 അഴിയാ കുരുക്കായി മാറിയിരിക്കുന്നു.

 

ഡോ. ഐഷ വി

പുതിയ തലമുറയെ മാറ്റി നിർത്തിയാൽ ഒട്ടുമിക്കയാളുകളും അധ്യാപകരുടേയും രക്ഷിതാക്കളുടേയും വീട്ടിലെ മുതിർന്നവരുടേയും ശിക്ഷകളും ശാസനകളും ഏറ്റായിരിക്കും വളർന്നിട്ടുണ്ടാകുക. ” അടിച്ചു വളർത്താത്ത കുട്ടിയും അടച്ചു വേവിക്കാത്ത കറിയും ഒന്നിനും കൊള്ളില്ലെന്ന” പഴഞ്ചൊല്ല് തന്നെ അതിനെ ഓർമ്മിപ്പിക്കാനായി നമ്മുടെ നാട്ടിലുണ്ടല്ലോ? ഇന്ന് കുട്ടികളെ അടിച്ചു വളർത്തുന്ന പരിപാടി കുട്ടികളുടെ അവകാശ നിയമപ്രകാരം ഇല്ല. അടി ഇന്നൊരു പ്രാകൃത ശിക്ഷാ രീതിയായി കണക്കാക്കുന്നു. കുട്ടികളെ സ്നേഹിച്ചും ലാളിച്ചും ശാസിച്ചും സമ്മാനങ്ങൾ നൽകിയും പ്രോത്സാഹിപ്പിച്ചും നേർവഴിക്കു നയിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്. കുട്ടികളുടെ സ്വഭാവ രൂപീകരണം ഏകദേശം 8 – 10 വയസ്സിനുള്ളിൽ പൂർത്തിയാകുന്നു. ഇന്ന് പല രക്ഷിതാക്കളും ഈ കാലയളവിൽ കൂട്ടികളിൽ മൂല്യങ്ങൾ പകർന്നു നൽകാൻ ശ്രദ്ധിക്കാത്തതു കൊണ്ട് പിന്നീടത് ഹൈസ്കൂൾ – കോളേജ് അധ്യാപകർക്ക് ബുദ്ധിമുട്ടാകാറുണ്ട്. നമ്മൾ കൃഷി ചെയ്യുമ്പോൾ തറയിൽ കിടക്കുന്ന അല്ലെങ്കിൽ പന്തലിൽ നിന്ന് ഞാന്നുകിടക്കുന്ന അല്ലെങ്കിൽ താങ്ങിൽ നിന്ന് വേറിട്ടു കിടക്കുന്ന പാവലും കോവലുമൊക്കെ തക്ക സമയത്ത് താങ്ങിൽ കയറ്റിയില്ലെങ്കിൽ വള്ളിയുടെ വളർച്ച മുരടിച്ചു നല്ല കായ്ഫലമില്ലാതാകുന്നതുപോലെ മുതിർന്നവരും അധ്യാപകരും തക്ക സമയത്ത് ശ്രദ്ധിച്ച് വേണ്ട രീതിയിൽ നയിച്ച് വളർത്താത്ത കുട്ടികൾ പാഴായി പോകുന്നു. അതിന്റെ ഉത്തരവാദിത്വം മുതിർന്നവർ ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്.

ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരിൽ നിന്ന് പല ഗുരുത്വകേടുകൾക്കും തല്ലു കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും വല്യ ശിക്ഷയെന്ന് എനിയ്ക്ക് തോന്നിയത് ഞാൻ ഒന്നാം പാഠം കീറിയതിന് അച്ഛന്റെ തല്ലു കൊണ്ടതാണ്. ഒന്നാം പാഠത്തിലെ ആകർഷണീയമായ ചിത്രങ്ങൾ ഞാൻ വെട്ടിയെടുത്ത് അച്ഛന്റെ മേശയിൽ നിന്നും പശയെടുത്ത് പലയിടത്തായി ഒട്ടിച്ചു വച്ചു. അച്ഛൻ അത് കണ്ടുപിടിച്ചു. എന്നെ ശാസിച്ച ശേഷം പുതിയ പാഠപുസ്തകം വാങ്ങിത്തന്നു. ഞാനതിൽ നിന്ന് വീണ്ടും ചിത്രങ്ങൾ വെട്ടിയെടുത്തു. ഒരു ദിവസം അച്ഛൻ എന്നെ പഠിപ്പിക്കാനായി അടുത്തു വിളിച്ചിരുത്തി. പുസ്തകം നിവർത്തി താളുകൾ ഓരോന്നായി മറിച്ചപ്പോൾ അച്ഛന്റെ കോപം വർദ്ധിച്ചു വർദ്ധിച്ചു വന്നു. ഞങ്ങളുടെ നെല്ലി കുന്നിലെ വാടക വീടിന്റെ പരിസരത്ത് ശീമക്കൊന്ന, വട്ട , ഇലന്ത എന്നീ മരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശീമക്കൊന്നയുടെ കമ്പായിരുന്നു ഞങ്ങളെ തല്ലാനായി ഉപയോഗിച്ചിരുന്നത്. എനിയ്ക്കിത്തിരി വലിയ ശീമക്കൊന്നക്കമ്പ് അനുജന് അതിൽ ചെറിയത്. അനുജത്തിയ്ക്ക് ഈർക്കിൽ . ഇതായിരുന്നു ആദ്യ കാലത്തെ പതിവ്. അച്ഛൻ ഞങ്ങളെ ശിക്ഷിക്കുന്ന സമയത്ത് അമ്മ തടസ്സം പിടിക്കാൻ വരാറേയില്ല. ഒന്നാം പാഠം രണ്ടാമതും കീറിയത് കണ്ടുപിടിച്ച ദിവസം രാത്രിയിൽ വീട്ടിലുണ്ടായിരുന്ന ശീമക്കൊന്ന കമ്പെടുത്ത് അച്ഛൻ എന്നെ പൊതിരെ തല്ലി. പിഞ്ച് ശീമക്കൊന്നയായതിനാൽ തല്ലുമ്പോൾ കമ്പിന്റെ തുമ്പു മുതൽ താഴോട്ട് ഒടിഞ്ഞൊടിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. എന്നിട്ടും അച്ഛന്റെ ദേഷ്യം തീർന്നില്ല. പിന്നെ രാത്രി തന്നെ പുറത്തുപോയി മറ്റൊരു ശീമകൊന്നക്കമ്പു കൂടി അച്ഛൻ വെട്ടിക്കൊണ്ടുവന്നു. അച്ഛന്റെ ദേഷ്യം തീരുന്നതു വരെ എന്നെ തല്ലി. കാലുകൾ നിറച്ച് അടി കൊണ്ട പാടുകളായി. അതോടെ ഞാൻ പുസ്തകങ്ങൾ ഭംഗിയായി താളിന്റെ അറ്റം പോലും മടങ്ങാതെ സൂക്ഷിക്കാൻ പഠിച്ചു. അച്ഛൻ അടിച്ച് കഴിഞ്ഞ് ഞങ്ങൾ കുട്ടികളെ എടുത്തു കൊണ്ടു നടന്ന് സ്നേഹിക്കും. എന്ത് കുറ്റം ചെയ്തതിനാലാണ് തല്ലേണ്ടി വന്നതെന്നും മറ്റും കാര്യമായി പറഞ്ഞു തരും. അതിനാൽ അച്ഛൻ തല്ലുന്നതു കൊണ്ട് ഞങ്ങൾക്ക് അച്ഛനോട് ദേഷ്യമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് രാത്രി എനിയ്ക്ക് പുതിയ ഒന്നാം പാഠം കിട്ടി.

തല്ലു കൊണ്ട രാത്രി അമ്മയ്ക്ക് പണിയായി. അമ്മ എന്റെ കാലൊക്കെ പിടിച്ചു നോക്കി. അമ്മയ്ക്ക് ഉള്ളിൽ സങ്കടം വന്നു കാണും. അന്നു രാത്രി എന്റെ യൂണിഫോം പാവാടകളിലൊന്ന് അമ്മ അഴിച്ചു. തങ്ങളുടെ തയ്യൽ മെഷീനിൽ അഴിച്ച പാവാടയുടെ ഭാഗങ്ങൾ മറ്റേ പാവാടയുമായി കൂട്ടി ചേർത്ത് തയ്ച്ച് കണങ്കാൽ വരെ ഇറക്കമുള്ള പാവാടയാക്കി മാറ്റി. പിറ്റേന്ന് അതു മുടുത്താണ് ഞാൻ സ്കൂളിൽ പോയത്. ആരും അതൊന്നും അന്ന് ശ്രദ്ധിച്ചില്ല. എന്റെ കാലിലെ പാടുകൾ മാഞ്ഞു കഴിഞ്ഞപ്പോൾ അമ്മ പാവാട അഴിച്ച് തയ്ച്ച് രണ്ട് പാവാടയാക്കി മാറ്റി. പിന്നീട് ഇത്രയും വലിയ തല്ല് അച്ഛൻ ഞങ്ങളെ തല്ലിയിട്ടില്ല. അച്ഛൻ പിന്നീട് ഞങ്ങളെ തല്ലുമ്പോൾ ഞങ്ങളറിയാതെ അമ്മ അച്ഛനെ ഒന്നു തോണ്ടി നിയന്ത്രിക്കുമായിരുന്നു. ഇത് അവർ തമ്മിലുള്ള ഒരു ധാരണ പ്രകാരമായിരുന്നു. ഇതൊക്കെ വളരെക്കാലം കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത് തന്നെ.

ഞങ്ങൾ മൂന്നുപേരും അടികൂടിയ ശേഷം അച്ഛന്റെ മുന്നിലെത്തി പരാതി പറഞ്ഞാൽ അച്ഛൻ ഓരോരുത്തരും ചെയ്ത കുറ്റത്തിനനുസരിച്ചുള്ള ശിക്ഷ തരുമായിരുന്നു. അതിനു ശേഷം ഞങ്ങൾക്ക് ഗുണപാഠ കഥകളും പഞ്ചതന്ത്രം കഥകളും പറഞ്ഞു തരും. മൂന്നുപേരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചൂലിന്റെ ഉദാഹരണ സഹിതം പറഞ്ഞു തന്നു. ഒരു ചൂലിലെ ഈർക്കിലുകൾ ഒറ്റ ഒറ്റയായെടുത്താൽ വേഗത്തിൽ ഒടിച്ചൊതുക്കാം എന്നാൽ ഒരു ചൂൽ ഒന്നായി ഒടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു തന്നു. പിൽക്കാലത്ത് പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞങ്ങൾ മൂവരും ഒറ്റക്കെട്ടായി നിൽക്കാൻ ഈ കാര്യങ്ങൾ ഇടയാക്കി. അതു പോലെ ശമഠ ദമം ഉപരതി ശ്രദ്ധ തിദി ക്ഷ എന്നിവ നേടേണ്ടെ തിനെ കുറിച്ചും , സാമം ദാനം ഭേദം ദണ്ഡം എന്ന ചതുരുപായങ്ങളെ കുറിച്ചും അച്ഛൻ പറഞ്ഞു തന്നു. ക്ഷമ മക്കളിൽ നിന്നാണ് പഠിക്കുന്നതെന്നും അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്.

അച്ഛൻ വളരെ ക്ഷമിച്ച ഒരു കാര്യമായിരുന്നു അനുജന്റെ ഉറക്കത്തിലുള്ള മുള്ളൽ സ്വഭാവം. ഏഴാം ക്ലാസ്സിൽ പഠിക്കുന്നതുവരെയും അവൻ തുടർന്നു. കിടക്കുന്നതിന് മുമ്പ് മൂത്രമൊഴിപ്പിച്ച് കിടത്തിയാലും അവൻ വീണ്ടും ഇതാവർത്തിച്ചു വന്നു. എനിയ്ക്കും അനുജത്തിയ്ക്കും ഈ ശീലം നന്നെ ചെറുപ്രായത്തിൽ നിന്നു. അങ്ങനെ ഒരു രാത്രി അച്ഛൻ ഒരു കമ്പുമായി ഉണർന്നിരുന്നു. അനുജൻ ഉറക്കത്തിൽ മൂത്രമൊഴിച്ച മാത്രയിൽത്തന്നെ അച്ഛൻ ഒരടി അവനു കൊടുത്തു. അവൻ ഞെട്ടിയുണർന്നു. കാര്യം ബോധ്യപ്പെട്ടു. ആ ദു:ശ്ശീലത്തിന് എന്നെന്നേയ്ക്കുമായി പൂർണ്ണ വിരാമമിട്ടു.
കൈയ്യക്ഷരം നന്നാവാൻ കൃത്യമായി പകർത്തിയെഴുതുക എന്നത് അച്ഛന് നിർബന്ധമായിരുന്നു. ഞാനും അനുജത്തിയും ഞങ്ങളുടെ പണി പൂർത്തിയാക്കി വയ്ക്കും. അനുജന്റെ പണി പൂർത്തിയാകാതെ കിടക്കും. അങ്ങനെ ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അച്ഛൻ അമ്മയേയും മകനേയും രാത്രിവീട്ടിൽ നിന്നും പുറത്താക്കി. അമ്മ പകർത്തെഴുത്ത് ബുക്കുകളും പേനയും ജനലിലൂടെ ആവശ്യപ്പെട്ടു. ഞാൻ എടുത്തു കൊടുത്തു. രാത്രി ഒരു മണി കഴിഞ്ഞപ്പോൾ അനുജൻ പകർത്തിയെഴുതിക്കഴിഞ്ഞു. പിന്നീട് അച്ഛൻ രണ്ടു പേരേയും വീട്ടിൽ പ്രവേശിപ്പിച്ചു.

തക്ക സമയത്തെ രക്ഷിതാക്കളുടെ ഇടപെടലുകൾ മൂന്നു മക്കളേയും നേർ വഴിക്ക് നയിക്കാൻ സഹായിച്ചു. ചതുരുപായങ്ങളിൽ ദണ്ഡം അച്ഛൻ അവസാനമേ പ്രയോഗിച്ചിരുന്നുള്ളൂ. അതുപോലെ തന്നെയാണ് ഞാനും. ഓരോ കുഞ്ഞിനേയും തക്കസമയത്തെ തിരുത്തലുകൾ കൊണ്ട് നന്നാക്കിയെടുക്കാൻ സാധിക്കും. അങ്ങനെ തിരുത്തിയെടുത്താൽ മാത്രമേ അവർ ഉത്തമ പൗരന്മാരായി മാറുകയുള്ളൂ. രക്ഷിതാക്കൾ അവരുടെ ഉത്തരവാദിത്തങ്ങൾ നന്നായി പൂർത്തീകരിക്കുക തന്നെ വേണം.

 

  ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

ബ്രിട്ടണില്‍ മരണം 4313 കടന്നു. 708 പേര്‍ 24 മണിക്കൂറിനുള്ളില്‍..
ലോകത്ത് ആകെ മരണം 60,887. രോഗം സ്ഥിരീകരിച്ചത് 11,40,327. രോഗവിമുക്തരായവര്‍ 2,33,930.
ബ്രൈറ്റണ്‍ ബീച്ചില്‍ BBQ ചെയ്യാന്‍ബ്രിട്ടീഷ് കപ്പിള്‍സ് എത്തിയത് പരിതാപകരം. അപകടത്തിന്റെ ഗൗരവം മനസ്സിലാകാതെ പ്രാദേശീകര്‍ ആഘോഷം തുടരുകയാണ്. സോഷ്യല്‍ കോണ്‍ടാക്ട് തടയാന്‍ ശ്രമിച്ച പോലീസിനോട് തട്ടികയറുകയാണ് ഇവര്‍ ചെയ്തത്.. ഇനിയും പേടിക്കാതെ ബ്രിട്ടണിലെ പ്രാദേശികരുടെ ആഘോഷം തുടരുകയാണിപ്പോള്‍

സ്വന്തം ലേഖകൻ

കെന്റ് : രാജ്യത്തെ ദുഖത്തിലാഴ്ത്തികൊണ്ട് വീണ്ടും എൻ എച്ച് എസ് നേഴ്സിന്റെ മരണം. ഈ ദുരിതകാലത്ത് ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച ഒരാളുടെ കൂടെ ജീവൻ നഷ്ടപെടുന്ന കാഴ്ച്ച അങ്ങേയറ്റം ഖേദകരമാണ്. കെന്റിലെ ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റൽ നേഴ്‌സായിരുന്ന എമി ഓ റൂർക്ക് (39) ആണ് കൊറോണ വൈറസിനോട് പടപൊരുതി ജീവൻ വെടിഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ എമിക്ക് കൊറോണ വൈറസ് ബാധിക്കുന്നതിനുമുമ്പ് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എമിയുടെ മരണത്തിൽ ടീം മുഴുവൻ തകർന്നതായി ആശുപത്രിയിലെ വാർഡ് മാനേജർ ജൂലി ഗാമോൺ പറഞ്ഞു. “അവൾ വളരെ ദയയും കരുതലും ഉള്ള ഒരു നഴ്സായിരുന്നു, രോഗികളുമായും സഹപ്രവർത്തകരുമായും അവൾക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു,” അവർ പറഞ്ഞു. “തന്റെ എല്ലാ രോഗികൾക്കും ഏറ്റവും മികച്ച പരിചരണം നൽകാൻ എമി തീരുമാനിച്ചു. മറ്റുള്ളവർ വീടിനുള്ളിൽ താമസിക്കുന്ന സമയത്തും അവൾ ജോലിയിൽ തുടർന്നു.” സഹപ്രവർത്തകർ അനുസ്മരിച്ചു. വാൽസാൽ മാനർ ഹോസ്പിറ്റലിലെ 36 കാരിയായ നഴ്സ് അരിമ നസ്രീൻ മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എമിയുടെ മരണവാർത്ത പുറത്തുവന്നത്. കൊറോണ കാലത്ത് ജീവൻ വെടിഞ്ഞ ധീരവനിതകൾക്ക് മരണമില്ല. അവരുടെ പുഞ്ചിരി കാലങ്ങളോളം നിലനിൽക്കും. നേഴ്‌സുമാരെ കൂടാതെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ജീവൻ നഷ്ടപ്പെട്ടു. അതിജീവനത്തിന്റെ പോരാട്ടവഴിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ.

ഓരോ ദിനം കഴിയുന്തോറും ബ്രിട്ടനിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപെട്ടവർ 684 പേരാണ്. ഇതോടെ മരണസംഖ്യയിൽ ചൈനയെ പിന്തള്ളി ബ്രിട്ടൻ മുന്നിലെത്തി. ചൈനയിൽ 3,326 മരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ. ബ്രിട്ടനിൽ ഇതുവരെ 3,605 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചവർ 4,450 പേരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,168 ആയി ഉയർന്നു. മരണത്തിലും കേസുകളുടെ എണ്ണത്തിലും ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത് ഇന്നലെയാണ്. 163 ആളുകൾ ഗുരുതരാവസ്ഥയിൽ തുടരുന്നു. മരണനിരക്ക് ദിനംപ്രതി ഉയരുന്നത് സർക്കാരിനെയും എൻഎച്ച്എസിനെയും ഒരുപോലെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. രാജ്യം ലോക്ക്ഡൗണിൽ ആണെങ്കിലും രോഗവ്യാപനം ദ്രുതഗതിയിലാണ് സംഭവിക്കുന്നത്.

ആഗോളതലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,098,390 ആയി ഉയർന്നു. 59,159 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏഴായിരത്തോളം മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയും സ്പെയിനും രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഏകദേശം ഒരേ കണക്കുമായി നീങ്ങുകയാണ്. ഇറ്റലിയിൽ മരണപ്പെട്ടവരുടെ എണ്ണം 14681 ആയപ്പോൾ സ്പെയിനിൽ അത് 11198 ആയി ഉയർന്നു. ജർമനിയിലും രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. ഇതുവരെ 91159 പേർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഇതുവരെ 2567 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്നും ഇന്നലെ പുറത്തുവന്ന വാർത്ത ഏറെ ആശ്വാസം പകരുന്നതാണ്. കൊറോണ വൈറസ് ബാധിതരായിരുന്ന വൃദ്ധദമ്പതികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. 88ഉം 93 ഉം വയസ്സ് പ്രായമുള്ള ദമ്പതികൾക്ക് കഴിഞ്ഞ മാസം പകുതിയോടടുപ്പിച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 205 രാജ്യങ്ങളിൽ കോവിഡ് 19 പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്‌.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് – 19 ബ്രിട്ടനേ പിടിച്ചുകുലുക്കാൻ ആരംഭിച്ചതിനു ശേഷമുള്ള പ്രധാന പരാതിയാണ്. കോവിഡ് ലക്ഷണത്തോടുകൂടി എൻഎച്ച്എസ് 111 വിളിച്ചാൽ സഹായമെത്താനുള്ള കാത്തിരിപ്പ്. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ എൻഎച്ച് എസ് 111 വിളിക്കാതെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുകയാണെങ്കിൽ നാഷണൽ ഹെൽത്ത് സർവീസിൽ നിന്നു സമയാസമയങ്ങളിൽ ഫലപ്രദമായ സഹായമെത്തുമെന്നുള്ള വിവരം പലർക്കും അജ്ഞാതമാണ്. സന്ദേശങ്ങളിലൂടെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും, ഫോൺ കോളിലൂടെ നമ്മുടെ ആരോഗ്യസ്ഥിതി സ്ഥിരമായി വിലയിരുത്തുകയും ചെയ്യും.

ഇതിനായി കോവിഡ് – 19 ലക്ഷണങ്ങളുള്ള വ്യക്തികൾ എൻഎച്ച്എസ് 111 ഓൺലൈനിൽ കൊറോണ വൈറസ് ബാധയുണ്ടായാൽ രജിസ്ട്രേഷൻ ചെയ്യുണം. കൊറോണ വൈറസ് ബാധയുണ്ടായി എന്ന് സ്ഥിരീകരിക്കാനുള്ള ഏതാനും ചോദ്യങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വ്യക്തി ഉത്തരം നൽകണം. കൊറോണ വൈറസ് ബാധിച്ചവർ, ഐസലേഷനിൽ കഴിയുന്നവർ, തൊഴിലുടമകൾ എന്നിവർ ചെയ്യേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും എൻഎച്ച്എസ് 111 ഓൺലൈൻ സർവീസിലുണ്ട്. എൻഎച്ച്എസ് 111 ഓൺലൈൻ സർവീസിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://111.nhs.uk/covid-19

RECENT POSTS
Copyright © . All rights reserved