Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വെയിൽസ് : രോഗവ്യാപനം ഉയർന്നതിനെത്തുടർന്ന് സൗത്ത് വെയിൽസിലെ നാല് പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്. മെർതിർ ടൈഡ്‌ഫിൽ, ബ്രിഡ്ജന്റ്, ബ്ലെന ഗ്വെന്റ്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ നാളെ വൈകുന്നേരം 6 മണി മുതൽ ലോക്ക്ഡൗൺ നടപ്പിലാകും. വ്യക്തമായ കാരണമില്ലാതെ ആളുകൾക്ക് പുറത്ത് പോകാനോ അകത്തേക്ക് കടക്കാനോ സാധിക്കില്ല. പബ്ബുകൾ പോലുള്ളവ രാത്രി 11 മണിയോടെ അടയ്‌ക്കേണ്ടി വരും. പല വീടുകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച നാല് മേഖലകളിലും നിരോധിക്കുന്നതാണ്. 431,000 പൊതുജനങ്ങളെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നത്. വെയിൽസിൽ 850,000 ത്തിലധികം പേർ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. സെപ്റ്റംബർ ആദ്യം കീർ‌ഫില്ലി കൗണ്ടി ബൊറോയിലേക്കും റോണ്ട സിനോൺ ടാഫിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് കൗണ്ടികളിലെ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതായി ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് പറഞ്ഞു.

സൗത്ത് വെയിൽസിലെ എല്ലാ കൗൺസിലുകൾ, ഹെൽത്ത് ബോർഡുകൾ, പോലീസ് സേനകൾ എന്നിവരുമായി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിശാലമായ പ്രാദേശിക ലോക്ക്ഡൗണിനെക്കുറിച്ചും കൂടുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികൾ ആവശ്യമാണോയെന്നും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഈ പ്രാദേശിക ലോക്ക്ഡൗണുകൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഗെത്തിംഗ് പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും തമ്മിലുള്ള അകലം പഠനനിലവാരത്തിൽ മാത്രമല്ല ഇപ്പോഴിതാ കൊറോണ വൈറസ് ടെസ്റ്റിന്റെ സാഹചര്യത്തിലും ഉടലെടുത്തിരിക്കുന്നു. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധന നേടാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. സ്കൂളുകൾ പുനരാരംഭിച്ചത് മുതൽ ഒരു പരിശോധന ബുക്ക്‌ ചെയ്യുവാൻ സർക്കാർ സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ ആവട്ടെ ഈ പ്രശ്നങ്ങൾ ഒന്നും നേരിടുന്നതുമില്ല. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി അവരുടെ അംഗങ്ങളിൽ ചിലർ സ്വകാര്യമായി കോവിഡ് -19 ടെസ്റ്റുകൾ വാങ്ങിയതായി ഇൻഡിപെൻഡന്റ് സ്‌കൂൾസ് അസോസിയേഷനും ഇൻഡിപെൻഡന്റ് അസോസിയേഷൻ ഓഫ് പ്രെപ്പ് സ്‌കൂളുകളും വെളിപ്പെടുത്തി. സ്വകാര്യ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐ‌എസ്‌എ ചീഫ് എക്സിക്യൂട്ടീവ് റുഡോൾഫ് എലിയട്ട് ലോക്ക്ഹാർട്ട് അറിയിച്ചു.

കോവിഡ് ടെസ്റ്റ്‌ നടത്താൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് അപകടത്തിലാണെന്ന് സ്‌കൂൾ നേതാക്കളെ പ്രതിനിധീകരിക്കുന്ന മൂന്ന് സംഘടനകളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. ഈ സുപ്രധാന വിഷയത്തിൽ സ്റ്റേറ്റ് സ്കൂളുകളിലെ ഹെഡ് ടീച്ചർമാരും ഗവർണർമാരും പ്രധാനമന്ത്രി ബോറിസ് ജോൺസന് കഴിഞ്ഞാഴ്ച കത്തെഴുതിയിരുന്നു. സർക്കാർ അടിയന്തിരമായി പരിശോധന ഏർപ്പെടുത്തണമെന്നും സർക്കാരിന്റെ കഴിവില്ലായ്മ കാരണം ആരും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കേറ്റ് ഗ്രീൻ മുന്നറിയിപ്പ് നൽകി.

തുടക്കത്തിൽ എല്ലാ സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും പരീക്ഷിച്ച ഈറ്റൺ കോളേജ് സ്വകാര്യ പരിശോധന വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. മറ്റൊരു ബോർഡിംഗ് സ്കൂളായ കെന്റിലെ ബെനൻഡെൻ കോവിഡ് -19 ടെസ്റ്റിംഗ് മെഷീനായ സാംബാ II 35,000 പൗണ്ടിന് സ്വന്തമായി വാങ്ങിയിരുന്നു. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാകുന്നതിലൂടെ സ്കൂളിലെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായിരിക്കുന്ന അസമത്വങ്ങൾ ഈ പകർച്ചവ്യാധി ഉയർത്തികാട്ടുകയാണെന്ന് ഹെഡ് ടീച്ചർ സാമന്ത പ്രൈസ് തുറന്നു പറഞ്ഞു.

വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.

കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.

വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.

യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.

സ്വന്തം ലേഖകൻ

ലാബ് ഡാൻസിംഗ് ക്ലബ്ബിൽ ‘വിലയേറിയ’ ഒരു രാത്രി ചെലവഴിച്ച വ്യാപാരിക്ക് 13000 പൗണ്ട് അക്കൗണ്ടിൽനിന്ന് നഷ്ടമായി. ഫിനാൻഷ്യൽ ഓംബുഡ്സ്മാന്റെ സഹായത്തോടെ തുക തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു, മിസ്റ്റർ പി എന്ന പേരിൽ അറിയപ്പെടുന്ന ചൂത് കളി വിദഗ്ധൻ. ക്ലബ്ബിലെ രാത്രി വൈകിയുള്ള ആഘോഷത്തിന് ശേഷം രാവിലെ ഉണരുമ്പോൾ 200 പൗണ്ടിന്റെ രണ്ട് നൃത്തങ്ങൾ വാങ്ങിയതായി മാത്രമേ മിസ്റ്റർ പിയ്ക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആറ് ട്രാൻസാക്ഷനുകളിലായി 12,921പൗണ്ട് പിൻവലിച്ചിരിക്കുന്നതായി കണ്ടു.

തനിക്ക് മദ്യവും മയക്കുമരുന്നും നൽകി ജീവനക്കാർ തന്റെ ബാങ്ക് വിവരങ്ങൾ ചോർത്തി എടുത്തതാണെന്നും, തന്റെ പണം തിരിച്ചുകിട്ടണമെന്നും മിസ്റ്റർ പി തന്റെ ബാങ്ക് ആയ ടി എസ് ബിയോട് ആവശ്യപ്പെട്ടു.

എന്നാൽ ബാങ്ക് ക്ലബ്ബിനെ വിഷയത്തിൽ സമീപിച്ചപ്പോൾ നടത്തിയ 6 പർച്ചേസുകളുടെ റെസിപ്റ്റ് ജീവനക്കാർ ഹാജരാക്കി. ഓംബുഡ്സ്മാൻ വിഷയം പോലീസിനെ അറിയിച്ചെങ്കിലും, സമാനമായ കഥകളുള്ള ചൂതുകളികാരെ ഇന്റർവ്യൂ ചെയ്ത പോലീസ് പ്രോസിക്യൂഷനുള്ള വകുപ്പില്ല എന്ന് അറിയിച്ചു. ഒരുപക്ഷേ മിസ്റ്റർ പി അമിത ലഹരി ഉപയോഗിച്ച് ബോധം കെടുന്ന അവസ്ഥയിലായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. സ്വബോധത്തിൽ അല്ലാതിരുന്ന സമയത്ത് ഒരുപക്ഷേ അയാൾ കാർഡ് ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയിരുന്നിരിക്കാം, അയാൾ നൽകിയ പണത്തിനുള്ള സേവനം ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട് എന്ന തെളിവുകൾ ലഭ്യമായ സ്ഥിതിക്ക് മറ്റൊന്നും ചെയ്യാനില്ല എന്നും പോലീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

യു കെ :- ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ അനശ്വരമായി മാറിയ ജെയിംസ് ബോണ്ട് എന്ന കഥാപാത്രം ഇനി പുതിയ കൈകളിലേക്ക്. ഡാനിയേൽ ക്രെയ്‌ഗിന് പകരമായി ടോം ഹാർഡി എന്ന നടനാണ് ഇനിമുതൽ കഥാപാത്രത്തെ അവതരിപ്പിക്കുക. എന്നാൽ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘ നോ ടൈം ടു ഡൈ ‘ എന്ന ചിത്രത്തിനു ശേഷമാണ് ടോം ഹാർഡി എന്ന നടനെ ഉൾപ്പെടുത്തുക എന്നാണ് വാർത്തകൾ. കൊറോണ ബാധ മൂലം ഈ തീരുമാനം ചിലപ്പോൾ നീളാൻ സാധ്യതയുണ്ട്. ഈ കഥാപാത്രത്തിലേക്ക് ടോം ഹാർഡിക്കൊപ്പം, ടോം ഹിഡിൽസ്റ്റോൺ, ഇദ്രിസ് എല്ബ, റിച്ചാഡ് മാഡൻ എന്നീ പേരുകളും കേട്ടിരുന്നു.

ടോം ഹാർഡി എന്ന നടൻ നല്ല രീതിയിൽ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുമെന്ന് അഭിനേതാവായ പിയേഴ്സ് ബ്രോസ്നൻ അഭിപ്രായപ്പെട്ടു. വളരെയധികം കഠിനാധ്വാനവും, പരിശ്രമവും ആവശ്യമായ ഒരു കഥാപാത്രമാണ് ഇത്. അത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ ടോം ഹാർഡിക്കു ആകും എന്ന് അദ്ദേഹം ഉറപ്പു പ്രകടിപ്പിച്ചു. 2020 നവംബറിലാണ് ‘ നോ ടൈം ടു ഡൈ ‘ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം ആവും ടോം ഹാർഡി എന്ന നടൻ ഈ കഥാപാത്രത്തിന്റെ ഭാഗമായി അഭിനയിക്കുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്വാറന്റൈൻ ലംഘിക്കുന്നവരിൽ നിന്ന് 10000 പൗണ്ട് (9.5 ലക്ഷം രൂപ ) ഈടാക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശം. ഇംഗ്ലണ്ടിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൻ ഈ നടപടി സ്വീകരിക്കുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്. എന്നാൽ അത് പാലിക്കാത്തവരിൽ നിന്ന് 10000 പൗണ്ട് ഈടാക്കുമെന്ന് ജോൺസൻ അറിയിച്ചു. സെപ്റ്റംബർ 28 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1000 പൗണ്ട് പിഴയും കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10,000 ആയി ഉയരുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരും നിയമങ്ങൾ പാലിക്കുകയാണെങ്കിൽ മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീടുകൾ തമ്മിലുള്ള കൂടിക്കാഴ്ച നിരോധിക്കുവാനും പബ്ബുകളുടെ പ്രവർത്തന സമയം ചുരുക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും കർശനമായി സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. എന്നാൽ ആളുകൾ ഇത് പാലിക്കാതെ വന്നത്തോടെയാണ് പിഴ ഇടക്കാനുള്ള തീരുമാനം കൈകൊണ്ടത്. ക്വാറന്റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്ക് പുറമേ 500 പൗണ്ട് ആനുകൂല്യവും സർക്കാർ നൽകും. 500 പൗണ്ടിന്റെ ഒറ്റത്തവണ പേയ്മെന്റ്, ആഴ്ചയിൽ 95.85 പൗണ്ടിന്റെ ചികിത്സാ അനുകൂല്യത്തിന് പുറമെയാണ്.

നിലവിൽ, കേസുകൾ വർദ്ധിച്ച യുകെയിലെ വലിയ പ്രദേശങ്ങൾ കർശനമായ പ്രാദേശിക ലോക്ക്ഡൗണിലാണ് ഉള്ളത്. വർഷാവസാനത്തിനുമുമ്പ് ഒരു വാക്സിൻ തയ്യാറാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഹാൻ‌കോക്ക് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾ സുരക്ഷിതരായി തുടരേണ്ടതിന് ഇപ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഏർപ്പെടുത്തിയ പുതിയ പിഴയെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. പുതിയ പിഴ വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബ്രിട്ടനിൽ രണ്ടാം ഘട്ട വ്യാപനം നടന്നുകഴിഞ്ഞു എന്നറിയിച്ച പ്രധാനമന്ത്രി, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. കൂടിക്കാഴ്ച നടത്തുന്നതിനുള്ള നിരോധനത്തിന് പുറമെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമായുള്ള പ്രവർത്തന സമയം കുറയ്ക്കുകയാണ്. കുറഞ്ഞത് 135 ലക്ഷം ആളുകൾ, ഏകദേശം രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിൽ ഒരാൾ ഇതിനകം പ്രാദേശിക നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ലണ്ടനിൽ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന് മേയർ അറിയിച്ചു. ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങളിൽ ജോൺസന് നേരിട്ട് അധികാരമുണ്ട്. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അവിടുത്തെ സർക്കാർ ആവും തീരുമാനം കൈകൊള്ളുക. ഓരോ ആഴ്ച പിന്നിടുമ്പോഴും കേസുകൾ കുത്തനെ ഉയരുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്നലെ 4,322 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മെയ് എട്ടിന് ശേഷം ആദ്യമായാണ് പ്രതിദിന രോഗവ്യാപനം 4,000 കടന്നത്.

ദേശീയ ലോക്ക്ഡൗൺ നടപടികളിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ കർശനമായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ആവശ്യമാണെന്നും വെള്ളിയാഴ്ച സംസാരിച്ച ജോൺസൺ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സ്കൂളുകളും ജോലിസ്ഥലങ്ങളും തുറന്നിരിക്കും. രാജ്യത്തൊട്ടാകെയുള്ള പബ്ബുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം പരിമിതപ്പെടുത്താനും സർക്കാർ ഒരുങ്ങുകയാണ്. സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ, വെൽഷ് പ്രഥമമന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ്, ലേബർ നേതാവ് കെയർ സ്റ്റാർമർ എന്നിവർ പ്രധാനമന്ത്രിയോട് എമർജൻസി കോബ്ര മീറ്റിംഗ് ചേരാൻ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലൻഡിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് സ്റ്റർജിയൻ പറഞ്ഞു.

ലണ്ടനിൽ കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുന്നത് തനിക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. രാജ്യത്തെ ആർ റേറ്റ് 1.1 നും 1.4 നും ഇടയിൽ ഉയർന്നതായി സർക്കാറിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പറഞ്ഞു. മരണസംഖ്യ വളരെ താഴ്ന്ന നിലയിലാണെങ്കിലും രോഗവ്യാപനം അതിവേഗമാണെന്ന് സേജ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ്, വെസ്റ്റ് യോർക്ക്ഷയർ, മിഡ്‌ലാന്റ്സ് എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. ലീസെസ്റ്റർഷെയറിലെ വോൾവർഹാംപ്ടൺ, ഓഡ്ബി, വിഗ്സ്റ്റൺ എന്നിവിടങ്ങളിലും ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവയുടെ എല്ലാ ഭാഗങ്ങളിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് ശേഷം ജോലി സംരക്ഷിക്കുന്നതിനായി പുതിയ മാർഗ്ഗങ്ങൾ തേടുന്നത് തന്റെ പ്രധാന മുൻഗണന വിഷയം ആണെന്ന് ചാൻസലർ റിഷി സുനക്. ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ തൊഴിലില്ലായ്മ 3.1 ശതമാനത്തിൽ നിന്ന് 4.1 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നതിനാൽ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലിലായ്മ വർധിക്കുമെന്ന ഭീതിയെത്തുടർന്ന് ഫർലോ സ്‌കീം ഒക്ടോബറിൽ അവസാനിപ്പിക്കരുതെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ അവസരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കില്ലെന്ന് ചാൻസലർ ഊന്നിപ്പറഞ്ഞു. 96 ലക്ഷം തൊഴിലാളികളിൽ പകുതിയിലധികം പേരും ആഗസ്റ്റ് പകുതിയോടെ ജോലിയിൽ തിരിച്ചെത്തിയതായി സുനക് പറഞ്ഞു. “ആളുകൾ വീട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, അവർ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് ഞങ്ങളുടെ പദ്ധതി വളരെ പ്രധാനമായത്. കാരണം ഇത് ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ സഹായിക്കുന്നു.” സുനക് കൂട്ടിച്ചേർത്തു.

ബിസിനസിനായി സർക്കാർ നികുതി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് പിന്തുണ ഉറപ്പാക്കിയതായും ഉദ്യോഗസ്ഥരെ ജോലിയിൽ തിരികെ കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്ക് ജോബ് റീട്ടെൻഷൻ ബോണസ് ആരംഭിച്ചതായും ചാൻസലർ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് കൂടുതൽ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്ന് ചൊവ്വാഴ്ച തൊഴിൽ മന്ത്രി മിംസ് ഡേവീസും അറിയിച്ചു. ഒക്ടോബർ 31 ന് ഫർലോ സ്കീം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ സ്ഥാപനങ്ങൾ ജീവനക്കാരെ ശമ്പളപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് തുടരുകയാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 16 നും 24 നും ഇടയിൽ പ്രായമുള്ളവർക്കാണ് തൊഴിൽ നഷ്ടം കൂടുതൽ. മുൻ പാദത്തെ അപേക്ഷിച്ച് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ 156,000 ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഒഎൻ‌എസ് അറിയിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജോലിഅവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കിക്ക്സ്റ്റാർട്ട് എന്ന പദ്ധതി സർക്കാർ ആരംഭിച്ചു.

ഫർലോ സ്‌കീം ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിയുടെ വേതനത്തിന്റെ 80%, 2500 പൗണ്ട് വരെ പ്രതിമാസം സർക്കാർ നൽകി. സെപ്റ്റംബർ ആരംഭം മുതൽ ഇത് 70 % ആയി കുറഞ്ഞു. റെസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രെസ്സർമാർ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾ വീണ്ടും വ്യാപാരം നടത്താൻ ആരംഭിച്ചതിനാൽ ജൂലൈയിൽ സമ്പദ്‌വ്യവസ്ഥ ഉയർന്നതായി സൂചനകൾ ലഭിച്ചെന്ന് ഒഎൻ‌എസ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു. ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ ദുർബല മേഖലകൾക്ക് പ്രധാന പിന്തുണ നൽകണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved