Main News

വിശാഖ് എസ് രാജ്‌

വാക്ക് ഇനിയും കണ്ടെത്തിയിട്ടില്ല.
അതിനാൽ എനിക്കറിയുന്നതെല്ലാം
ഈ ഇരുണ്ട ഗുഹാഭിത്തികളിൽ ,
ഇരയ്ക്ക് കരുതിയ കുന്തമുനകളാൽ
ഞാൻ വരച്ചിടാം.
വിദൂരമായൊരു നാളെ
എന്റെ കോശങ്ങളുടെ
പിന്തുടർച്ചക്കാരനായ ഒരുവൻ,
ഒരു പുരാവസ്തുക്കാരൻ,
കണ്ടെടുക്കുന്നതിനായി
അതിവിടെ കിടന്നോട്ടെ.

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : 1923ന് ശേഷം ഡിസംബർ മാസത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിനായി കളമൊരുങ്ങുന്നു. നാലു വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിന് കൂടിയാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്നത്. ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 2019 ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താൻ ബോറിസ് ജോൺസന് അംഗീകാരം ലഭിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റിന്റെ സമയപരിധി ജനുവരി 31 വരെ നീട്ടുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു പിന്നാലെയാണു ബ്രിട്ടനിൽ തിരഞ്ഞെടുപ്പിനു തീയതിയായത്. ഭരണത്തിലുള്ള കൺസർവേറ്റിവ് പാർട്ടിയും, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ബ്രെക്സിറ്റ് കേന്ദ്രീകരിച്ചുതന്നെയാണു പ്രചാരണത്തിനിറങ്ങുക.

ഒരു പൊതുതെരഞ്ഞെടുപ്പിന് 25 ദിവസങ്ങൾ മുമ്പ് പാർലമെന്റ് പിരിച്ചുവിടണമെന്നുണ്ട്. ഡിസംബർ 12ന് തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ നവംബർ 6ന് പാർലമെന്റ് പിരിച്ചുവിടണം. ജനസഭയിൽ   ഭൂരിപക്ഷം ഇല്ലാതെയാണ് ജോൺസൻ ഇപ്പോൾ ഭരണം നടത്തുന്നത്. സർക്കാരിൽ 307 എംപിമാർ ഉള്ളപ്പോൾ പ്രതിപക്ഷത്ത് ഉള്ളവരുടെ എണ്ണം 331 ആണ്. ഇതിൽ പുറത്താക്കപ്പെട്ട 10 ടോറി എംപിമാരും ഉൾപ്പെടുന്നു. ഒരു തിരഞ്ഞെടുപ്പ് വിളിക്കുന്നതിലൂടെ ടോറി പാർട്ടിക്ക് ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ജോൺസൻ വിശ്വസിക്കുന്നു. അതുവഴി പിന്തുണയോട് കൂടിത്തന്നെ ബ്രെക്സിറ്റ്‌ വിജയകരമായി നടത്തിയെടുക്കാമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ബ്രിട്ടനെ സംരക്ഷിക്കാനുള്ള ഒരവസരമാണ് കൈവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞിട്ടുണ്ട്. അതിനാൽ ശക്തമായ പ്രചാരണ പരിപാടികളാണ് ഇരുകൂട്ടരും ഒരുക്കിയിരിക്കുന്നത്.

പോളിംഗ് ദിനത്തിൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രിയിൽ 10 മണി വരെ പ്രവർത്തിക്കും. രണ്ടു ഘട്ടങ്ങളായി നടക്കുന്ന വോട്ടെണ്ണൽ രാത്രി രണ്ടു മണിയോടെ അവസാനിക്കും. പുലർച്ചെ തന്നെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

പുകമഞ്ഞിൽ വലയുന്ന ഡൽഹിയുടെ കാഴ്ചകൾ നാം കണ്ടു. എന്നാലത് ഡൽഹിയുടെ മാത്രം കഥയല്ല. വടക്കേ ഇന്ത്യയെ മുഴുവനായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന ശാപമാണ് വായുമലിനീകരണം. ഒരുപക്ഷേ തെക്കോട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും ശ്വാസമെടുക്കാൻ പാടുപെടുന്ന സാഹചര്യം ഭാവിയിൽ വന്നു ചേർന്നേക്കാം. അങ്ങനെ ഉണ്ടാവാതെയിരിക്കണമെങ്കിൽ ഐക്യു എയർവിഷ്വൽ എന്ന പേരിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്‌മ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും.

ലോകത്തിൽ വായൂ മലിനീകരണം ഏറ്റവും കൂടുതൽ ഉള്ള മുപ്പത് നഗരങ്ങളിൽ ഇരുപത്തിരണ്ട് നഗരങ്ങളും ഇന്ത്യയിലാണ്. ബാക്കിയുള്ള എട്ട് സ്ഥാനങ്ങൾ പാക്കിസ്ഥാൻ, ബംഗ്ളാദേശ് , ചൈന തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങൾ പങ്കു വെച്ചു. വായുമാലിനീകരണത്തിന്റെ തോതിൽ ഏറെക്കാലമായി ഒന്നാം സ്ഥാനം നേടിക്കൊണ്ടിരുന്ന ബേജിങ്ങിനെ പിന്തള്ളിയാണ് ഇന്ത്യൻ നഗരങ്ങൾ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

വാഹനങ്ങളുടെ ക്രമാതീതമായ വർദ്ധനവ് , ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ , ഫാക്ടറികളിൽ നിന്ന് പുറത്തുവിടുന്ന പുക എന്നിവയാണ് നഗരപ്രദേശങ്ങളിൽ വായുമലിനീകരണം വർദ്ധിക്കുവാനുള്ള പ്രധാന കാരണങ്ങൾ. ഈ മൂന്ന് മാനദണ്ഡങ്ങൾ വെച്ചു നോക്കിയാൽ ചൈന ആണ് മലിനീകരണത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കേണ്ടത്. എന്നാൽ ചൈന കാര്യക്ഷമമായി ഈ കാര്യത്തിൽ ഇടപെടുന്നു എന്നു വേണം പുതിയ ഗവേഷണം മുൻനിർത്തി വിലയിരുത്തുവാൻ. വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങളിലുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചു കളയുന്ന രീതി നിലവിലുണ്ട്. പുതിയ കൃഷി ഇറക്കുന്നതിന് മുൻപ് കൃഷിയിടം വൃത്തിയാക്കുന്നതിന് കർഷകർ പണ്ട് മുതലേ ഉപയോഗിക്കുന്ന മാർഗമാണിത്. സാമ്പത്തികവും മനുഷ്യവിഭവശേഷിയും പരിഗണിക്കുമ്പോൾ മികച്ച ഒരു രീതിയായി തോന്നുമെങ്കിലും വായുമലിനീകരണ തോത് വർധിപ്പിക്കുന്നതിൽ ഈ രീതി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചൈന കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ഇന്ത്യ ഇപ്പോഴും അത് തുടരുകയും ചെയ്യുന്നതുകൊണ്ടാണ് വായുമലിനീകരണ പട്ടികയിൽ ഇന്ത്യയ്ക്ക് മുൻപന്തിയിൽ നിൽക്കേണ്ടി വരുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതി കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് വിലക്കികൊണ്ട് ഉത്തരവിറക്കിയത്.

ദക്ഷിണ ഭാരതത്തിൽ ഉള്ളവർക്ക് വായുമലിനീകരണത്തിന്റെ അപകടങ്ങൾ വേണ്ടവിധം ഇനിയും മനസിലായിട്ടില്ല. മുഖംമൂടി ധരിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന ഫോട്ടോ മാത്രമേ തെക്കേയിന്ത്യക്കാരൻ കണ്ടിട്ടുള്ളു. ആസ്തമ, അറ്റാക്ക് , സ്ട്രോക്ക് , നേത്ര സംബന്ധിയായ പ്രശ്നങ്ങൾ ,ശ്വാസംമുട്ടൽ തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണ് ശുദ്ധമല്ലാത്ത വായുവിന്റെ ശ്വസനം.

ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് അതിൽ നിന്ന് രക്ഷ നേടാനും അല്ലാത്തവർക്ക് ഭാവിയിൽ വന്നുചേരാൻ ഇടയുള്ള വിപത്തിന് തടയിടുന്നതിനും സ്വിസ് കൂട്ടായ്മയുടെ പഠനം വെളിച്ചമാകുമെന്ന് പ്രത്യാശിക്കാം.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സഞ്ചാരിയായ ഗ്രേസ് മില്ലൻ ടിൻഡർ ഡേറ്റിലൂടെ പരിചയപ്പെട്ട വ്യക്തിയുടെ മുറിയിൽ നിന്നാണ് സ്യൂട്ട് കേസിൽ അടക്കം ചെയ്ത നിലയിൽ  അവളുടെ   മൃതദേഹം കണ്ടെത്തിയത്.

27 വയസ്സ് പ്രായമുള്ള, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രതി പോലീസ് കസ്റ്റഡിയിൽ ആണ്. എന്നാൽ അയാൾ കൊലപാതകം കോടതിയിൽ നിഷേധിച്ചു. എസ്എക്സിൽ നിന്നുള്ള 22 കാരിയായ മിസ് മില്ലനെ അവസാനമായി കണ്ടത് കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് ന്യൂസിലാൻഡിൽ വച്ചായിരുന്നു. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഓക്ലൻഡ് കോടതിയിൽ വിചാരണ നടക്കുമ്പോൾ യുവതിയുടെ മാതാപിതാക്കളുടെ തൊട്ടു മുൻപിൽ ആണ് പ്രതി നിന്നത്. എന്നാൽ അവർ ഒന്നും പ്രതികരിക്കാതെ വാദവും വിധി പറയുന്നതും കണ്ടുകൊണ്ട് ഒന്നാമത്തെ നിരയിൽ ബെഞ്ചിൽ തന്നെ ഇരിക്കുകയായിരുന്നു. എന്നാൽ പോലീസ് യുവതിയുടെ മൃതശരീരം കണ്ടെത്തിയ ഭാഗം സംസാരിച്ചപ്പോൾ പിതാവ് വികാരാധീനനായി വിതുമ്പുകയായിരുന്നു. മൃതശരീരം അധികം ആഴമില്ലാത്ത ഒരു കുഴിയിൽ നിന്നും ഒരു വലിയ പെട്ടിക്കുള്ളിൽ നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.

കോടതിയിൽ ജൂറിക്ക് മുന്നിൽ അഭിഭാഷകനായ റോബിൻ മകൗറി രേഖപ്പെടുത്തിയത് ഇങ്ങനെ” ഗ്രേസി എന്നറിയപ്പെട്ടിരുന്ന ഗ്രേസ് പ്രതിയെ കണ്ടുമുട്ടുന്നത് ഒരു ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ്. അവർ സിറ്റി സെന്ററിലെ ഒരുപാട് പബ്ബുകളിലും ബാറുകളിലും ഒരുമിച്ചു കറങ്ങി നടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. അവിടെ വച്ച് അവർ പരസ്പരം ചുംബിക്കുന്നതായും കാണാം. ശേഷം രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് മടങ്ങി എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരും പ്രതിയുടെ വാസസ്ഥലത്ത് വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അതിനിടയിൽ ഗ്രേസിനെ പ്രതി ക്രൂരമായ വിനോദങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്നും, തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ ക്ഷതം മൂലം ആണ് അവൾ മരിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

രാവിലെ ഉണർന്നപ്പോൾ മൂക്കിൽനിന്നും ചോര വാർന്ന നിലയിൽ മരിച്ചുകിടന്ന ഗ്രേസിനെ മറവു ചെയ്യാനുള്ള വഴി ഗൂഗിളിൽ സെർച്ച് ചെയ്ത പ്രതിയുടെ ശ്രദ്ധ പിന്നീട് പോൺവീഡിയോകളിലേക്ക് തിരിഞ്ഞു. ശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത് പ്രതി വലിയൊരു  സ്യൂട്ട് കേസിൽ    മൃതദേഹം കുത്തിതിരുകുകയായിരുന്നു. ആ ദിവസം തന്നെ പ്രതി മറ്റൊരു യുവതിയുമായി ഫ്ളാറ്റിൽ എത്തിയിരുന്നു. ശേഷമാണ് മൃതദേഹം മറവു ചെയ്തത്. കൊലപാതകത്തിൽ ഒട്ടും പശ്ചാത്താപം ഇല്ലാത്ത പ്രതിക്ക് ഒരു മാസത്തിനുള്ളിൽ കോടതി ശിക്ഷ വിധിക്കും.

ജോജി തോമസ്

പല വിവാദങ്ങളും കേരളീയ സമൂഹത്തിന്റ മേൽ അടിച്ചേൽപ്പിക്കുന്ന രീതി തുടരുകയാണ്. സോഷ്യൽ മീഡിയ ഇതിനൊരു ഉപാധിയായി മാറി കൊണ്ടേയിരിക്കുന്നു. എറ്റവും പുതിയതായി വന്ന അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിൻ വിവാദം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. പല വിവാദങ്ങളും അത് പുറപ്പെടുവിക്കുന്നവർക്ക് സ്ഥാപിത താത്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന് നമ്മൾക്ക് ബോധ്യമാവാതെ പോവുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിതമായികഴിഞ്ഞ് രണ്ടു ദിവസം കൊണ്ട് ആർക്കും ഉപകാരമില്ലാതെ ആ വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്യുന്നു .

അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിൻ വിവാദം കൊണ്ട്   എന്ത് മേന്മ ആണ് ഉണ്ടായത് മതപരവും ,ജാതിയവുമായ വിഷാംശം സമൂഹത്തിലേയ്ക്ക് വിസർജിക്കുന്നത് ഒഴിച്ചാൽ . പക്ഷെ നമ്മൾ ഇവരൊക്കെ ഉണ്ടാക്കുന്ന പുകമറയ്ക്കു ഉള്ളിൽ പെട്ട് പലപ്പോഴും ” ചാടി കളിക്കെടാ കുഞ്ഞിരാമാ” എന്നു പറയുമ്പോൾ തുള്ളി ചാടുന്ന കുരങ്ങന്മാരായി മാറുന്നു. വിവാദങ്ങളുടെ പുറകെ പോകുമ്പോൾ അതിന്റെ അകക്കാമ്പിലേയ്ക്ക് എത്തിനോക്കുവാൻ നമ്മൾ എന്തുകൊണ്ട് പരാജയപ്പെടുന്നു? കുടുതലും വിവാദങ്ങൾ പേരിനും പ്രശസ്തിയ്ക്കും വേണ്ടി ചമച്ചു വിടുന്നതാണ് എന്ന് നമ്മൾക്ക് എന്തുകൊണ്ട് മനസ്സിലാവാതെ പോവുന്നു? ഇന്നത്തെ കേരള സമൂഹത്തിന്റെ മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങളാണ് ഈ വിവാദങ്ങൾ കൊണ്ട് എത്ര മാത്രം പോസിറ്റീവ് എനർജി ഉടലെടുക്കുന്നുണ്ട് എന്നത് . അതോ നെഗറ്റിവസത്തിൻെറയും നെഗറ്റീവ് എനർജിയുടെയും സംവേദകരായി മലയാളി സമൂഹം മാറി പോവുകയാണോ? ആരൊക്കെയോ കെട്ടിചമച്ച തിരക്കഥകൾക്കൊപ്പം നമ്മളും അറിയാതെ തുള്ളികളിക്കുന്നു .

ഇനിയും അനിൽ , ബിനീഷ് വിവാദത്തിന്റെ ഉള്ളറകളിലേക്കൊന്നു പരിശോധിച്ചാൽ നമ്മൾ മനസിലാക്കേണ്ടതെന്താണ്. ഇവിടെ ഏതു മന്ത്രിയുണ്ട്  , എം പി യുണ്ട് , പഞ്ചായത്തു മെമ്പറുണ്ട് പ്രോട്ടോകോൾ അനുസരണമല്ലാതെ ഉത്ഘാടനചടങ്ങുകളിൽ പങ്കെടുക്കാനായിട്ട് വിശാല മനസ്കത കാണിക്കുന്നവർ. ഈ അവസരങ്ങളിൽ ബിനീഷിന് സപ്പോർട്ട് ചെയ്തിരിക്കുന്ന എത്ര പേരുണ്ട് തന്റെ ജൂനിയറായിട്ടുള്ള ഒരാൾ മുഖ്യ അതിഥിയായി വരുമ്പോഴേക്ക് സാദാ ഒരു പ്രാസംഗികനായി ചെല്ലുവാനായി താത്പര്യം പ്രകടിപ്പിക്കുന്നവർ. ഈ വസ്തുതകളൊക്ക നമ്മുടെ പൊതുസമൂഹത്തിലെ അംഗീകരിക്കപ്പെടുന്ന തത്വങ്ങളായി ഇരിക്കെത്തന്നെ എന്തുകൊണ്ടാണ് അതിലേയ്ക്ക് ജാതീയമായിട്ടുള്ളതും മതപരമായിട്ടുള്ളതുമായ വേർതിരിവുകൾ കൊണ്ടെത്തിച്ചു ഈ സംഭവത്തെ ഇത്ര ശക്തമാക്കുവാൻ ബിനീഷിനു പിന്നിൽ ബുദ്ധി ഉപദേശിച്ചത് ആരാണ്? പക്ഷെ കലയുടേതാണെങ്കിലും ഏതു മേഖലയിലാണെങ്കിലും തന്നേക്കാൾ മുതിർന്നവരെയും സിനിയറായിട്ടുള്ളവരെയും ബഹുമാനിക്കാനായി കലാകാരന്മാർ പഠിക്കേണ്ടതല്ലേ? ബഹുമാനത്തിന്റെ മുഖം കൊടുക്കുമ്പോൾ എന്തിനാണതിനു മതപരവും ജാതീയമായിട്ടുള്ള പരാമർശങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് .

പല ചോദ്യങ്ങൾക്കും നമ്മൾക്ക് ഉത്തരമില്ല. പകരം അടുത്ത വിവാദത്തിനു പുറകെ നമ്മൾ പാഞ്ഞുകൊണ്ടേയിരിക്കുന്നു.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

 

 

 

 

 

 അമീർ സ്വാലിഹ് 

ഇറുകിയ വസ്ത്രങ്ങൾക്കിടയിലൂടെ തുറിച്ചു നിൽക്കുന്ന ഭാഗങ്ങളിലേക്ക് കണ്ണും നട്ടയാൾ പുലമ്പി.

“ഇവളുമാർക്ക് മര്യാദക്കുള്ള വസ്ത്രം ധരിച്ചൂടെ…ഇതിപ്പോ ആണുങ്ങളെക്കാളും കഷ്ടമാണല്ലോ…”

പർദയിട്ടു ഹിജാബ് ധരിച്ചു റോഡരികിലൂടെ നടന്നു പോകുന്ന യുവതിയെ നോക്കിയയാൾ പരിഹസിച്ചു.

” പിന്നെ… ഇവളുമാരുടെയൊക്കെ വിചാരം നമ്മൾക്കൊക്കെ കേറി പിടിക്കാൻ മുട്ടി നിൽക്കുവാണെന്നാ…കഷ്ടം…”

സുഹൃത്തിന്റെ മകൾ അച്ഛനോട് ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ഉപദേശകനായി.

“എടാ…പെണ്മക്കളാണെന്നു കരുതി അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കരുത്…അവരും പഠിക്കട്ടെ…”

സ്വന്തം മകൾ ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ആക്രോശിച്ചു.

“പിന്നെ…നീ ഇനി കൊറേ പഠിച്ചിട്ട് എന്തുണ്ടാക്കാനാ… നിന്നെ ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഏൽപിച്ചിട്ടു വേണം മനസ്സമാധാനമായൊന്ന് ഉറങ്ങാൻ…വേണേൽ നിന്നെ അവൻ പഠിപ്പിച്ചോളും…”

അയൽപക്കക്കാരന്റെ ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ പിന്തുണ നൽകി.

“അല്ലേലും നിങ്ങളീ വീട്ടുജോലിയും ചെയ്തു കുട്ടികളെയും നോക്കി മാത്രം നടന്നാൽ പോരല്ലോ… ഇതാകുമ്പോൾ ഒരു വരുമാനവുമാകും…”

സ്വന്തം ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ കണ്ണുരുട്ടി.

“പോടീ അവിടുന്ന്…പെണ്ണുങ്ങൾ സമ്പാദിച്ചു തിന്നേണ്ട ഗതികേടൊന്നും ഇതുവരെ ഈ കുടുംബത്തിന് വന്നിട്ടില്ല…നീ ഈ വീട്ടിലെ പണി മാത്രം എടുത്താൽ മതി…അവളുടെയൊരു കുടിൽ വ്യവസായം…”

കമുകിയോടോപ്പം കടൽതീരത്തിലൂടെ കൈകോർത്തു നടക്കുമ്പോൾ പ്രണയാർദ്രമായി അയാൾ മൊഴിഞ്ഞു.

“നമുക്ക് പാതിരാത്രിയിൽ ബുള്ളറ്റിൽ ഉലകം ചുറ്റണം…സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോൾ തട്ടുകടയിൽ നിന്നും ദോശ കഴിക്കണം… പെണ്ണേ… നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഞാനുണ്ട് കൂടെ…”

പെങ്ങളെ കാമുകന്റെ കൂടെ കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു.

“എടീ…കണ്ടവന്റെ കൂടെ ഊര് തെണ്ടി നടക്കാനാണോ നിന്നെ കോളേജിൽ വിടുന്നത്… നീയീ കുടുംബത്തിന്റെ മാനം കാലയുമോടീ… നീയിനി ഈ വീടിന്റെ പുറത്തിറങ്ങുന്നത് ഞാനെങ്ങാനും കണ്ടാൽ…ആഹ്…”

ആത്മാർത്ഥ സുഹൃത്ത് അയൽക്കാരിയുമായി സല്ലപിച്ച കഥ കേട്ട് അയാൾ ചിരിച്ചു.

“കൊച്ചുകള്ളാ… എങ്ങിനെ സാധിച്ചെടുത്തു… അല്ലേലും പെണ്ണുങ്ങളെ വീഴ്ത്താൻ നിനക്കൊരു പ്രത്യേക കഴിവാണല്ലോ… നിന്നെ പോലെയൊക്കെ ആയാൽ മതിയായിരുന്നു…”

ഭർത്താവ് മരിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും ഒരുത്തനെ നാട്ടുകാര് പിടിച്ചപ്പോൾ അയാളിൽ സദാചാരം ഒലിച്ചിറങ്ങി.

“എന്തിന്റെ കഴപ്പാണ് അവൾക്ക്… ഇതിപ്പോ ആദ്യമായിട്ടൊന്നുമായിരിക്കില്ല…
മാന്യന്മാർ തമാസിക്കുനിടത്തു ഈ വക പരിപാടിയൊന്നും പറ്റില്ല… അയ്യേ…”

കാമം ശമിപ്പിക്കാൻ മറ്റൊരുത്തിയുടെ ചൂട് പകരുമ്പോൾ അയാൾ ഉന്മാദത്തിൽ കൊഞ്ചി.

“പെണ്ണേ…എന്തൊരഴകാണു നിനക്ക്…നീയെന്നെ മത്തു പിടിപ്പിക്കുന്നു… നിന്നിലെ മധു എനിക്ക് ആവോളം നുകരണം…”

നാട്ടിലെ ലോഡ്ജിൽ നിന്നും വേശ്യാവൃത്തിക്ക് വന്ന സ്ത്രീകളെ കണ്ടയാൾ കാർക്കിച്ചു തുപ്പി.

“നാണവും മാനവുമില്ലാത്തവള്മാര്… ജീവിക്കാനാണേൽ വേറെ വല്ല പണിയുമെടുത്തു ജീവിച്ചൂടെ…”

അവസാനം അയാൾ ഫേസ്‌ബുക്കിലൂടെ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചു വാചാലനായി.

“സ്ത്രീ പുരുഷന്റെ പുണ്യമാണ്. അവളുടെ ആഗ്രഹങ്ങൾക്ക് നാം ഒരിക്കലും കടിഞ്ഞാണിടരുത്. അമ്മയായും പെങ്ങളായും കാമുകിയായും ഭാര്യയായും നമ്മുടെ ജീവിതത്തിൽ വസന്തം തീർക്കുന്നവളാണ് സ്ത്രീ. പരിമിതികളുടെ വേലികെട്ടുകൾക്കുള്ളിൽ നിന്നും അവളെ മോചിതയാക്കുക. സമൂഹത്തിന്റെ നിരപ്പിലേക്ക് അവളെ ഇറക്കി വിടുക. സ്ത്രീയെന്നത് ഭീരുത്വത്തിന്റെയോ അടിമത്വത്തിന്റെയോ പര്യായമല്ല.., അവൾ സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്…!!!”

 

അമീർ സ്വാലിഹ് 

സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ. ഇപ്പോൾ ബാംഗ്ലൂരിൽ ഐ എ സ് കോച്ചിംഗിന് പോയിക്കൊണ്ടിരിക്കുന്നു . കൂടാതെ ബൈജൂസ്‌ അപ്പിൽ ബിസ്സ്‌നസ് ഡെവലൊപ്മെന്റ് മാനേജർ ആയും ജോലി ചെയ്യുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഇന്ന് ട്രോളുകൾ മാറിയിരിക്കുന്നു. ചുണ്ടിൽ ചിരി നിറയ്ക്കുന്ന ട്രോളുകൾ ചിന്തകൾക്കുകൂടി വഴിയൊരുക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുകയാണ് ട്രോളുകൾ. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത്‌ അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇപ്പോൾ ‘ട്രെൻഡിങ് ‘ ആയി നിൽക്കുന്ന ഒരു ഫേസ്ബുക്ക് പേജ് ആണ് ക്രിസ്ത്യൻ ട്രോൾസ്. ഒരു ശരാശരി ക്രിസ്ത്യാനിയുടെ ജീവിത ശൈലി അടിസ്ഥാനമാക്കിയാണ് ട്രോളുകൾ ഇറങ്ങുന്നത്. ഒരു വിശ്വാസിയുടെ മതവികാരത്തെ ഒട്ടും തന്നെ മുറിപ്പെടുത്താതെ ഇറങ്ങുന്ന ട്രോളുകൾ കണ്ട് ആസ്വദിക്കുന്നവർ ഇന്നേറെയാണ്.

നാട്ടിലും വിദേശത്തും പാർക്കുന്ന പല ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരുടെ സൃഷ്ടിയാണ് ഈ പേജിൽ നിറയുന്ന ട്രോളുകൾ. ഹാസ്യ നടന്മാരെയോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് കൊണ്ട് അവ ഒരു മലയാളി ക്രിസ്ത്യാനിയുടെ പച്ചയായ ജീവിതവുമായി ചേർത്ത് വെച്ച് അതിൽ ശുദ്ധനർമം കൂട്ടികലർത്തുന്നു. പല സഭകളും നേരിടുന്ന പ്രശ്നങ്ങളും ട്രോളുകളാക്കി മാറ്റുന്നു. ആരാധനാലയങ്ങളിൽ ശരിയല്ലാത്തത് നടക്കുമ്പോൾ ട്രോളുകൾ വഴി ഹാസ്യത്തിലൂടെ തന്നെ അതിനെ വിമർശിക്കാനും ആളുകൾക്ക് സാധിക്കുന്നു. അതിനുള്ള ഇടം കൂടിയാണ് ക്രിസ്ത്യൻ ട്രോൾസ് പേജ്.

ക്രിസ്ത്യൻസിൻെറ തനതായ പാരമ്പര്യങ്ങളെയും ചടങ്ങുകളെയും വിഷയമാക്കി കൊണ്ട് ഒരു ഗ്രുപ്പ് അല്ലെങ്കിൽ ട്രോൾ പേജ് എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. ഡിയോൺ ഡൊമനിക്കിന്റെ മനസ്സിലാണ് ഈ ഗ്രൂപ്പിനെ കുറിച്ചുള്ള ആശയം മൊട്ടിട്ടത്. ക്രിസ്ത്യൻസിന്റെ കുർബാന, പ്രാർത്ഥനകൾ എന്നിവ തമാശ രൂപേണ ആളുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ ട്രോൾ ഗ്രൂപ്പിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. ഈ ഗ്രൂപ്പിന്റെ പ്രചരണത്തെ തുടർന്ന് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പത്രങ്ങളിലും ചാനലുകളിലും ക്രിസ്ത്യൻ ട്രോൾസിനെ കുറിച്ച് വാർത്ത വന്നിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം പേജിന്റെ അഡ്മിൻ, ഖത്തർ സ്വദേശി ഷൈൻ തോമസ് ആണ്. വിശ്വാസികളായ യുവജനങ്ങൾ തന്നെയാണ് ടീമിൽ ഉള്ളതെന്നും അവരുടെ പ്രധാന ലക്ഷ്യം വിശ്വാസസമൂഹത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറയുന്നു. “ഞങ്ങൾ വിവാദം ഉണ്ടാക്കുകയല്ല ; ഒരു ക്രിസ്ത്യാനിയുടെ ആചാരങ്ങളെയും ജീവിതരീതിയെയും തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.” ഷൈൻ പറയുന്നു.

ബൈബിൾ പഠനങ്ങൾക്കു വേണ്ടിയും ട്രോളുകൾ ഉണ്ടാക്കാറുണ്ടെന്ന് ഫേസ്ബുക് പേജ് അഡ്മിൻ ഡൊമിനിക് നെല്ലിക്കുന്നേൽ പറഞ്ഞു. ട്രോളുകൾ ഉണ്ടാക്കിയവർക്ക് ക്രെഡിറ്റ്‌ കൊടുത്താണ് ഓരോ പോസ്റ്റും ഇടുന്നത്. ഒരു പ്രത്യേക വിഭാഗത്തെയോ സ്ഥാപനത്തെയോ വിമർശിച്ചുകൊണ്ട് ട്രോളുകൾ ഇറക്കാറില്ല. ക്രിസ്ത്യൻ ട്രോൾസ് എന്ന ഫേസ്ബുക് പേജിന് 1.2 ലക്ഷം ഫോളോവേർസ് ആണുള്ളത്. ഇൻസ്റ്റാഗ്രാമിൽ 51000 ഫോളോവേഴ്സും. 1.74 ലക്ഷത്തിലധികം അംഗങ്ങളുമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ സമാഹരിച്ച ട്രോളുകൾ ജനപ്രീതിയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുകയും അഡ്മിൻമാരുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് ശേഷം അഡ്മിൻ പാനൽ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. അതുവഴി പുറത്തിറങ്ങുന്ന ട്രോളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് വൈറൽ ആയികൊണ്ടിരിക്കുന്നത്. ട്രോളുകൾ ആയുധമാവുന്ന ഈ കാലത്തിൽ വ്യത്യസ്തമായ രീതിയിലൂടെ ക്രിസ്ത്യാനികളെ ആകർഷിക്കുകയാണ് ഈ കൂട്ടായ്മ.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടന് മേൽ ഒളിഞ്ഞും തെളിഞ്ഞും റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് തിരഞ്ഞെടുപ്പിന് ശേഷം മാത്രം പുറത്തു വിട്ടാൽ മതിയെന്ന് ബ്രിട്ടീഷ് പാർലമെന്റ് തീരുമാനിച്ചു. ബുധനാഴ്ച പാർലമെന്റ് ചേരാനിരിക്കെയാണ് വളരെ പ്രാധാന്യമർഹിക്കുന്ന വിഷയത്തിന്മേലുള്ള തീരുമാനം എടുത്തിരിക്കുന്നത്. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കെതിരെ റഷ്യ നടത്തുന്ന നീക്കങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ട് പുറത്തു വിടണമെങ്കിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സൻറെ അനുമതി വേണം. എന്നാൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ റിപ്പോർട്ടിലെ വിവരങ്ങൾ ലോകം അറിയണമെങ്കിൽ ഏറെ നാളുകൾ വേണ്ടി വരുമെന്ന് ഉറപ്പായി.

റഷ്യയ്ക്കെതിരെ നിരവധി രാജ്യങ്ങൾ സമാനമായ ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ റഷ്യ നിരന്തരം സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്ന തരത്തിൽ വ്യാജ വാർത്ത നിർമ്മിച്ചു എന്ന് കരുതുന്നവർ ഏറെയാണ്.

ഇങ്ങനെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്നതായ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പുറത്തു വിടാൻ വൈകുന്നതിനു പിന്നിലെന്തന്ന് ചോദിക്കുകയാണ് വിദേശകാര്യ രംഗത്തെ പ്രഗത്ഭർ. എന്നാൽ ഉചിതമായ സമയത്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കും എന്ന മറുപടിയാണ് ബ്രിട്ടൻ ഗവണ്മെന്റ് വക്താവ് ലോർഡ് ഹൊവേ നൽകുന്നത് . ” ഒക്ടോബർ 17ന് മാത്രമാണ് സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് പ്രസ്തുത റിപ്പോർട്ട് ഗവണ്മെന്റിന് കിട്ടുന്നത്. ഉചിതമായ സമയം പ്രധാനമന്ത്രി തീരുമാനിക്കും” ലോർഡ് ഹൊവേ പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ടോർക് വെയിലെ ജാക്ക് ആൻഡ് ജിൽ ചൈൽഡ് കെയറിലെ പുരുഷ സ്റ്റാഫിനെ ആണ് രക്ഷകർത്താവിന്റെ പരാതിയെതുടർന്ന് അറസ്റ്റ് ചെയ്തത്.

പ്രമാദമായ കേസിനെ പറ്റി പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. നഴ്സറിയിലെ ജീവനക്കാരനെ ജൂലൈ 29 ന് രക്ഷകർത്താവിന്റെ സംശയത്തെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് പോലീസ് 250ഓളം മണിക്കൂറത്തെ സിസിടിവി ഫൂട്ടേജ് വിശദമായി പരിശോധിച്ചു.അതിൽ നിന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു മുതൽ അഞ്ചു വരെ പ്രായമുള്ള കുട്ടികളെ നിരവധി തവണ ഉപദ്രവിച്ചതായി കണ്ടെത്തി. 100ഓളം കുടുംബങ്ങളിലെ കുട്ടികൾ എത്തുന്ന നഴ്സറിയിലെ എല്ലാ കുട്ടികളും ഉപദ്രവിക്കപ്പെട്ടതായി ഭയക്കേണ്ടതില്ല എന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ മൂലം 24 ഒക്ടോബർ മുതൽ നഴ്സറി അടച്ചിട്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ നവംബർ 22 വരെ ശക്തമായ സുരക്ഷാവലയത്തിൽ തന്നെ തടവിൽ വെക്കാനാണ് തീരുമാനം. അന്വേഷണം തുടങ്ങിയ സമയത്ത് പ്രതി നാടുവിടാൻ ശ്രമിച്ചിരുന്നു.

ഒരു രക്ഷിതാവ് പറയുന്നു “എന്റെ കുട്ടി ഇരകളുടെ പട്ടികയിൽ ഇല്ല എന്ന് പോലീസ് ഉറപ്പു നൽകിയിട്ടുണ്ട്, എങ്കിലും നൂറുകണക്കിന് കുഞ്ഞുങ്ങൾ വന്നു പോയി കൊണ്ടിരുന്ന സ്ഥലത്ത് അത് സംഭവിക്കും എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല”. ഇതുവരെ തങ്ങളുടെ ഞെട്ടലും ഭയവും വിട്ടുമാറിയിട്ടില്ല എന്ന് മറ്റൊരു മാതാവും വേദനയോടെ പ്രതികരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വർക്ക് മാനസിക പിന്തുണ നൽകാനും തങ്ങളുടെ കുട്ടി ഉപദ്രവിക്കപെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താനുമായി പോലീസ് ഹെൽപ്പ് ഡെസ്ക് തുടങ്ങി.

പോലീസുമായി സഹകരിച്ച് വേണ്ടുന്ന സഹായങ്ങൾ ചെയ്യുമെന്ന് ടോർബേ ചിൽഡ്രൻസ് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ നാൻസി മീഹൻസ ഉറപ്പുനൽകി. കുട്ടികളുടെ ഭാവിയിൽ ആശങ്ക ഉള്ളവർക്കും താല്പര്യമുള്ള വർക്കും ആവശ്യമെങ്കിൽ ബന്ധപ്പെടാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ സേവനം ലഭ്യമാണ്.

ഹെൽപ്പ് ലൈൻ-018032088820-

ഇസ്‌തംബുൾ/ദമാസ്‌കസ്∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ–ബഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരിയും പിടിയിൽ. ബഗ്ദാദിയുടെ മുതിർന്ന സഹോദരിയായ റാസ്‌മിയ അവാദാണു ഭർത്താവിനും മക്കൾക്കും മരുമകള്‍ക്കുമൊപ്പം തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വടക്കന്‍ സിറിയയിൽ തുർക്കിയുടെ നിയന്ത്രണത്തിലുളള അസാസ് നഗരത്തിലെ പട്രോളിങ്ങിനിടെയായിരുന്നു റാസ്മിയയെ പിടികൂടിയത്. അലെപ്പോ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ് ഈ നഗരം.

തിങ്കളാഴ്ച വൈകിട്ട് ഒരു ട്രക്കിലെ കണ്ടെയ്നറിൽ നിന്നാണ് ഇവരെയും കുടുംബത്തെയും പിടികൂടിയതെന്നാണു വിവരം. ഇവരുടെ അഞ്ചു മക്കളും ഒപ്പമുണ്ടായിരുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. കണ്ടെയ്നറിനകത്തു കുടുംബത്തോടെ താമസിച്ചു വരികയായിരുന്നെന്നാണു കരുതുന്നത്. റാസ്മിയയെയും ഭർത്താവിനെയും മരുമകളെയും നിലവിൽ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഐഎസുമായി ബന്ധമുണ്ടെന്ന സംശയം ശക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഇവർ ഏതൊക്കെ സമയത്ത് ബഗ്ദാദിക്കൊപ്പം ഉണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു ചോദിച്ചറിയാനുള്ളത്. റാസ്മിയയുടെ അഞ്ചു കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

ഇന്റലിജൻസിനെ സംബന്ധിച്ച് ഐഎസിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ‘സ്വർണഖനിയാണ്’ ഇവരെന്നാണു പേരു വെളിപ്പെടുത്താത്ത തുർക്കി സുരക്ഷാ ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജൻസികളോട് പറഞ്ഞത്. ഐഎസിന്റെ ഘടനയും ആഭ്യന്തര വിഷയങ്ങളും ഉൾപ്പെടെ അറിവുള്ളവരാണ് അറുപത്തിയഞ്ചുകാരിയായ ഇവരെന്നാണു കരുതുന്നത്. റാസ്മിയയെപ്പറ്റി വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഇന്റലിജൻസിനുള്ളത്.

അറസ്റ്റിലായത് റാസ്മിയ തന്നെയാണെന്നും, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ തുർക്കിയുടെ പ്രതിബദ്ധതയാണ് ഇതു കാണിക്കുന്നതെന്നും പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഓഫിസ് അറിയിച്ചു. ഭീകരതയ്ക്കെതിരെയുള്ള എല്ലാ പോരാട്ടവും തുടരുമെന്നും പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്റെത്തിൻ അൽത്തൂൻ വ്യക്തമാക്കി. ഐഎസിനെപ്പറ്റി നിലവിലുള്ള രഹസ്യവിവരങ്ങൾ വിപുലീകരിക്കാനും കൂടുതലറിയാനും സാധിക്കുന്നതോടെ ഒളിവിലെ കൂടുതൽ ഭീകരന്മാരെ തകർക്കാനാകുമെന്നും തുർക്കി വ്യക്തമാക്കി.

വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബില്‍ ഒക്ടോബർ 23ന് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം സിറിയയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഐഎസ് വക്താവ് അബു ഹസ്സൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ അബു ഇബ്രാഹിം അൽ–ഹാഷിമി അൽ–ഖുറൈഷി എന്ന പുതിയ നേതാവിനെ ഭീകരസംഘടന തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇയാളുടെ ഐഎസിലെ സ്ഥാനത്തെപ്പറ്റിയോ ഏതു രാജ്യക്കാരനാണെന്നോ തുടങ്ങിയ യാതൊരു വിവരവും ഇന്റലിജൻസിനു ലഭിച്ചിട്ടില്ല. അൽ–ഖുറൈഷിയെപ്പറ്റിയുള്ള വിവരങ്ങൾ അറിയുന്നതിനുള്ള അവസരം കൂടിയാണു റാസ്മിയയിലൂടെ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

2014 മുതൽ 2017 വരെ ഇറാഖിലെയും സിറിയയിലെയും സുപ്രധാന നഗരങ്ങൾ ഉൾപ്പെടെ കീഴടക്കി സ്വന്തം ഭരണകൂടം സ്ഥാപിച്ചിരുന്നു ബഗ്ദാദി. അക്കാലയളവിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭീകരരെപ്പറ്റിയുള്ള വിവരങ്ങളും അധികമൊന്നും ലഭ്യമായിട്ടില്ല. പലരും മറ്റു പേരുകളിലാണ് സജീവമായിട്ടുള്ളത് തന്നെ. അൽ–ഖുറൈഷിയും അത്തരമൊരാളായിരിക്കാമെന്നാണ് യുഎസ് കരുതുന്നതും.

2019 ആദ്യം, ഐഎസിന്റെ സുപ്രധാന അധികാര കേന്ദ്രങ്ങൾ യുഎസിന്റെ നേതൃത്വത്തിൽ സഖ്യസൈനികർ തകർത്തതോടെ ഒട്ടേറെ ഭീകരർ വടക്കുപടിഞ്ഞാറൻ സിറിയയിലേക്കു രക്ഷപ്പെട്ടിരുന്നു. പലരും സിറിയയിലെയും ഇറാഖിലെയും മരുഭൂമി താണ്ടുന്നതിനിടെ മരിച്ചു വീണു. എല്ലാ പ്രതിബദ്ധങ്ങളും കടന്ന് സിറിയയിലെത്തിയവരിൽ ബഗ്ദാദിയുടെ വിശ്വസ്തരും ബന്ധുക്കളുമുണ്ടായിരുന്നെന്നാണ് റാസ്മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്.

മറ്റിടങ്ങളിൽ നിന്നുള്ള ഐഎസ് ഭീകരർക്ക് സിറിയയിലേക്കു കടക്കാനുള്ള ‘സ്മഗ്ലിങ് റൂട്ടിൽ’ ഉൾപ്പെട്ടതാണ് റാസ്മിയയെ പിടികൂടിയ അസാസ് നഗരം. 2016ൽ ഈ മേഖലയിൽ നിന്ന് ഐഎസ് ഭീകരരെയും സിറിയൻ കുർദ് പോരാളികളെയും തുർക്കി തുരത്തിയിരുന്നു. എങ്കിലും മേഖലയിൽ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ സജീവമായിരുന്നെന്നാണ് റാസ്മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്. അസസിനോടു ചേർന്നുള്ള യൂഫ്രട്ടീസ് ഷീൽഡ് സോൺ എന്നറിയപ്പെടുന്ന ഭാഗം സിറിയൻ സൈന്യത്തിന്റെ കീഴിലാണ്.

‘പുതുതായി ഐഎസ് പദ്ധതിയിടുന്ന ആക്രമണങ്ങളെപ്പറ്റി റാസ്മിയയ്ക്ക് അറിയുമെന്നു തോന്നുന്നില്ല. പക്ഷേ സ്മഗ്ലിങ് റൂട്ടിനെപ്പറ്റി വ്യക്തമായ ധാരണ അവർക്കുണ്ട്. ബഗ്ദാദിയുടെ വിശ്വസ്തർ, സഹായത്തിനു നിന്ന മറ്റു ഭീകരസംഘടനകൾ, ഇറാഖിൽ നിന്ന് സിറിയയിലേക്ക് എത്താൻ സഹായിച്ചവർ തുടങ്ങിയവയിൽ ഉൾപ്പെടെ റാസ്മി‌യയ്ക്ക് അറിവുണ്ടാകും…’ ഹഡ്സൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭീകരവിരുദ്ധ വിഷയ വിദഗ്ധൻ മൈക്ക് പ്രെഗെന്റ് ബിബിസിയോടു പറഞ്ഞു. ഐഎസ് ഭീകരർ ഏതെല്ലാം വഴികളിലൂടെയാണ് തങ്ങളുടെ കുടുംബാംഗങ്ങളെ വിവിധ രാജ്യങ്ങളിലേക്കു മാറ്റുന്നതെന്നു വ്യക്തമാക്കാനും റാസ്മിയ സഹായിക്കുമെന്നാണു സൂചന.

തുർക്കിയുടെ വരവിനെ തുടർന്ന് യുഎസ് സിറിയയിലെ പല കേന്ദ്രങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിച്ചിരുന്നു. ഇതിന്റെ പേരിൽ വൻവിമർശനം നേരിടുന്നതിനിടെയായിരുന്നു തുർക്കിയുടെ നിർണായക നീക്കം. അതിനിടെ, ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരർ കരുത്താർജിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved