ന്യൂസ് ഡെസ്ക് , മലയാളം യുകെ
പൊതുജനത്തിൽ ഒരാളെ ഭീഷണിപ്പെടുത്തി എന്ന ആരോപണം തെളിഞ്ഞതിനെ തുടർന്ന് ട്രേഡ് മിനിസ്റ്റർ കോനോർ ബേൺസ് രാജിവച്ചു. തന്റെ കുടുംബത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനായി പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ തന്റെ അധികാരം ദുർവിനിയോഗം ചെയ്തതെന്ന് കോമൺസ് സ്റ്റാൻഡേർഡ് വാച്ച് ഡോഗിന്റെ കണ്ടെത്തലിനെ തുടർന്നാണ് മന്ത്രി രാജിവെച്ചത്.

ബർണിന് ഏഴു ദിവസത്തേയ്ക്ക് പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു . മന്ത്രിയുടെ പിതാവുമായി തർക്കത്തിൽ ഉള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ട വായ്പാ തിരിച്ചടവിനെക്കുറിച്ച് മന്ത്രി അനാവശ്യമായി ഇടപെട്ടുവെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. പൊതുജനത്തെ ഭീഷണിപ്പെടുത്താൻ മന്ത്രി ശ്രമിച്ചത് വളരെ ഗുരുതരമായ കുറ്റമാണ്. കണ്ടെത്തൽ. ക്ഷമാപണത്തേക്കാൾ കഠിനമായ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് ഇതെന്ന് കമ്മിറ്റി വിലയിരുത്തി.
ബ്രിട്ടനിലെമ്പാടും കനത്ത നാശം വിതക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കൊറോണാ ദുരന്തത്തെ മുൻനിരയിൽ നിന്ന് നേരിടാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനു കനത്ത തിരിച്ചടിയാണ് മന്ത്രിയുടെ രാജി.
സ്വന്തം ലേഖകൻ
യുകെയിൽ 315 കൊറോണ വൈറസ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 28,446 ആയി ഉയർന്നു. പ്രധാനപ്പെട്ട നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മരണസംഖ്യ കുറഞ്ഞതായി പുതിയ ഹോട്ട്സ്പോട്ട് മാപ്പ് പറയുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധ അഭിപ്രായം. അമേരിക്കക്കും ഇറ്റലിക്കും ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുകെയിൽ ആണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4,339 കൂടി വർദ്ധിച്ച് ആകെ 186,599 ആയി ഉയർന്നു. ഇന്നലെ ഏകദേശം 76,496 പരിശോധനകളോളം നടത്തിയതായി ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ പറഞ്ഞു. വാരാന്ത്യങ്ങളിൽ നടത്തുന്ന പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും കുറവാണ്.

എൻ എച്ച് എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫസറായ സ്റ്റീഫൻ പോവിസ് നമ്പർ 10 വാർത്താസമ്മേളനത്തിൽ പറയുന്നത് പുതിയ കണക്കുകൾ പ്രകാരം രാജ്യം സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും, സാമൂഹിക വ്യാപനം തടയാൻ സാധിച്ചു എന്നുമാണ്. ഇൻഫെക്ഷൻ പടരുന്നത് 0.7 എന്ന നിലവാരത്തിലേക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ കടുത്ത നിർദ്ദേശങ്ങളും തീരുമാനങ്ങളും മൂലമാണ് ഇത്രയെങ്കിലും എത്താൻ സാധിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കുകൾ തുടരുന്നത് തന്നെയാവും നല്ലത്, എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും മരണങ്ങൾ ഇല്ലാത്തതും പ്രതീക്ഷ നൽകുന്നു. വെയിൽസ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങൾ ഇത്തരത്തിൽ രക്ഷപ്പെട്ട സ്ഥലങ്ങളാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ ഹോട്ട്സ്പോട്ടുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പുറത്തുവന്നു.
താൻ കോവിഡ് അതിജീവിച്ചില്ലെങ്കിൽ തന്റെ മരണവാർത്ത പുറത്തുവിടാൻ ഉൾപ്പെടെ ഡോക്ടർമാർ തീരുമാനിച്ചിരുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. കത്തിമുനയിലൂടെ നടക്കുന്ന പോലെയുള്ള ആ ദിവസങ്ങളിൽ ലിറ്റർ കണക്കിന് ഓക്സിജനാണ് തനിക്ക് നൽകിക്കൊണ്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ എന്തും നേരിടാൻ തയ്യാറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ അധികം നാശനഷ്ടം വിതച്ചിട്ടില്ലാത്ത സ്ഥലങ്ങളിലെ റൂറൽ കമ്മ്യൂണിറ്റീസിൽ നിന്നും ലോക്ഡൗൺ ഇളവുകൾ നൽകാൻ ആവശ്യപ്പെട്ട് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നുണ്ട്.

ഡോക്ടർമാർക്ക് ലഭിക്കുന്ന പി പി ഇ സപ്ലൈകൾ അധികരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്. 16,000 ഓളം ഡോക്ടർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും, ഡോക്ടർമാരെയും അഭിമുഖം നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം മുപ്പത് ശതമാനത്തോളം പേർ ആവശ്യ വസ്തുക്കളിലോ, മരുന്ന് സപ്ലൈകളിലോ ഷോർട്ടേജ് ഉള്ളതായി തങ്ങൾ പുറത്തു പറഞ്ഞിട്ടില്ല എന്ന അഭിപ്രായക്കാരാണ്. എന്നാൽ 65 ശതമാനത്തോളം പേർ, തങ്ങൾ ജോലിസ്ഥലത്ത് സുരക്ഷിതരല്ല എന്ന അഭിപ്രായക്കാരാണ്. 48 ശതമാനത്തോളം പേർ സ്വന്തം ചിലവിലോ, പ്രദേശത്തെ ചാരിറ്റി സംഘടനകളുടെ ഡൊണേഷനിൽ നിന്നോ പി പി ഇ കിറ്റുകൾ വാങ്ങിയവരാണ്. 28 ശതമാനത്തിലധികം ഡോക്ടർമാരും ജോലിസ്ഥലത്ത് ഡിപ്രഷൻ, സ്ട്രെസ്, ബേൺഔട്ട്, പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി തുറന്നു സമ്മതിച്ചു. ആരോഗ്യ രംഗത്തുള്ളവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും വൻ വീഴ്ചയുണ്ടായതായി ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ബിഎംഎ കൗൺസിൽ ചെയർമാനായ ഡോക്ടർ ചാന്ത് നാഗ്പോൾ പറഞ്ഞു. ആരോഗ്യ രംഗത്തെ സ്ഥിതിഗതികൾ നന്നാക്കാൻ ഗവൺമെന്റിന് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനാവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവുകൾ എണ്ണം പറഞ്ഞു വിമർശിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ കാലഘട്ടം കുടുംബബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് പഠനങ്ങൾ. ആറാഴ്ച ആയി അടച്ചുപൂട്ടലിൽ കഴിയുന്ന രാജ്യത്തെ ജനങ്ങൾ കൂടുതലായി കുടുംബത്തോടൊപ്പം ചിലവഴിച്ചതിനാൽ അത് പല മാറ്റങ്ങളിലേക്കും വഴി തുറന്നു. ലോക്ക്ഡൗണിന്റെ സ്വാധീനം ബ്രിട്ടീഷ് ജനജീവിതത്തെ ബാധിച്ചതായി ഒരു പ്രത്യേക മെയിൽ ഓൺ സൺഡേ വോട്ടെടുപ്പ് വെളിപ്പെടുത്തി. പങ്കാളികളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ബന്ധം പിരിയാനുള്ള സാധ്യത കുറച്ചതായി ആളുകൾ വിശ്വസിക്കുന്നു. അവർ ജോലി ആസ്വദിക്കുകയും കുടുംബത്തോടൊപ്പം ഏറെ നേരം ചിലവിടുകയും ചെയ്യുന്നു. വിവാഹം കഴിച്ചവർ ലൈംഗിക ബന്ധത്തിനും ഈ കാലത്ത് പ്രാധാന്യം കൊടുക്കുന്നതായി ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ മൊത്തത്തിൽ 29 ശതമാനം ആളുകൾ ഇപ്പോൾ ലൈംഗിക ബന്ധം കുറവാണെന്ന് അഭിപ്രായപ്പെട്ടു. 20 ശതമാനം പേർ ലൈംഗിക ബന്ധത്തിന് കൂടുതൽ സമയം ലഭിക്കുന്നതായി വെളിപ്പെടുത്തി.

കുടുംബ ബന്ധത്തിൽ 37 ശതമാനം പേർ തങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ ലഭിച്ചതായി പറഞ്ഞു. ആകെ 26 ശതമാനം പേർ തങ്ങളുടെ ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. 13 ശതമാനം പേർ ബന്ധം വഷളായെന്നും പറയുന്നു. ലോക്ക്ഡൗണിന്റെ ഫലമായി തങ്ങൾ ഇപ്പോൾ പിരിയാൻ സാധ്യതയുണ്ടെന്ന് ഒൻപത് ശതമാനം ആളുകൾ മാത്രമേ കരുതുന്നുള്ളൂ. 27 ശതമാനം പേർ പിരിയാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു. വോട്ടെടുപ്പിൽ പ്രതികരിച്ചവർ, മക്കളോടോത്ത് കൂടുതൽ സമയം ചിലവഴിച്ചതായി വെളിപ്പെടുത്തി. 45 ശതമാനം പേർ ഭാവിയിൽ തങ്ങളുടെ മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും 13 ശതമാനം പേർ കുറഞ്ഞ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. കുട്ടികളോടൊപ്പം താമസിക്കുന്നവരിൽ മൂന്നിലൊന്ന് പേരും അവരുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ, 47 ശതമാനം പേർ അങ്ങനെ പറയുന്നു. ആളുകൾ കുറച്ച് മാത്രമേ തർക്കവിഷയങ്ങളിൽ ഇടപെടുന്നുവുള്ളുവെന്നും കൂടുതൽ വ്യായാമം ചെയ്യുന്നുവെന്നും വെളിപ്പെടുത്തി. കുടുബ ജീവിതം ശക്തിപ്പെട്ടെങ്കിലും 38 ശതമാനം പേർ തങ്ങളുടെ കുടുംബ വരുമാനം കുറഞ്ഞുവെന്ന് പറയുന്നു. 11 ശതമാനം പേർ മാത്രമാണ് ഇത് ഉയർന്നതെന്ന് പറയുന്നത്. ലോക്ക്ഡൗണിൽ തങ്ങളുടെ മാനസികാവസ്ഥ വഷളായെന്ന് 30 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 1500ഓളം ബ്രിട്ടീഷ് പൗരന്മാരെ ഓൺലൈൻ വഴി അഭിമുഖം നടത്തിയതുനുശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
സ്വന്തം ലേഖകൻ
ലണ്ടൻ : വാരാന്ത്യത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കൂടാതെ തുടർന്നും തകരാറുകൾ നേരിടുന്നതായി വിർജിൻ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ കുറെ ദിനങ്ങളിലായി ഉണ്ടായ കണക്ഷൻ പ്രശ്‌നങ്ങളെ പറ്റി വിർജിൻ മീഡിയ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും ഇതിനൊരു പ്രതിവിധി ഉണ്ടാകാത്തത് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇന്നലെ രാവിലെ 10:26 ഓടെ 130 പേർ ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ വിർജിൻ മീഡിയയുമായി ഉണ്ടായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ഗ്ലാസ്ഗോ, ലീഡ്സ്, ലണ്ടൻ, കാർഡിഫ്, ഫെയർഹാം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ. വിർജിൻ മീഡിയയുമായി ബന്ധപ്പെട്ട 13 പ്രശ്നങ്ങൾ കഴിഞ്ഞാഴ്ച ഡൗൺഡിറ്റക്ടർ കണ്ടെത്തിയിരുന്നു. അതിനു മുമ്പത്തെ ആഴ്ച ഏഴു പ്രശ്നങ്ങൾ ആണ് ഉണ്ടയിരുന്നത്. മെയ് 2 ന് രാത്രി 8.26ഓടെ 380 പേർക്ക് പ്രശ്‌നങ്ങളുണ്ടായെന്ന് അവർ പറയുന്നു. സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഇന്നലെ അവരുടെ വിർജിൻ മീഡിയ കണക്ഷനുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങളുടെ ഇന്റർനെറ്റ് അസ്ഥിരമാണ്. ഓരോ മണിക്കൂറിലും അത് താഴുന്നു. ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ? ‘ ഒരാൾ ചോദിക്കുകയുണ്ടായി. ഇന്റർനെറ്റ് പ്രവർത്തനരഹിതമാണെന്നത് കണക്കിലെടുത്ത് നമുക്കെല്ലാവർക്കും പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരാൾ അറിയിച്ചു. ശനിയാഴ്ച രാത്രി 357ഓളം പേരാണ് ഇന്റർനെറ്റ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. സിനിമകൾ കാണുന്നതും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതുമായ ഭവനങ്ങളിൽ പൊതുവെ ഇന്റർനെറ്റ് ഉപയോഗം വർധിക്കും. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ഉണ്ടാകുന്ന നിരന്തരമായ തകരാറുകൾ ആളുകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 200 ലധികം വിർജിൻ മീഡിയ ഉപഭോക്താക്കൾ വൈകുന്നേരം 4 മണി വരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ പരാതികളോട് മറുപടിയെന്നോണം വിർജിൻ മീഡിയ വക്താവ് പറഞ്ഞു: ‘ഞങ്ങളുടെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നു – ഞങ്ങളുടെ നെറ്റ്‌വർക്കിൽ വ്യാപകമായ പ്രശ്‌നങ്ങളൊന്നുമില്ല.’ ഉപയോക്താക്കൾക്ക് വ്യക്തിഗത കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിനായി ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലെ അതികായകനായ പി. ജെ ജോസഫ് തൊടുപുഴ ആസ്ഥാനമാക്കി സ്ഥാപിച്ച ഗാന്ധിയൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ലോക്ഡൗൺ അഗ്രി ചലഞ്ച് യുകെയിലും തരംഗമാകുന്നു. കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഒരു ലക്ഷം പേരെ അഗ്രി ചലഞ്ചിൻെറ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, പാളയം ഇമാം മൗലവി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സാമുദായിക മേഖലകളിലുള്ള നിരവധി പ്രമുഖരാണ് അഗ്രി ചലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചത്.

ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക്ഡൗൺ അഗ്രോ ചലഞ്ചിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് യുകെയിൽ അഗ്രോ ചലഞ്ചിന് തുടക്കമിട്ടത് തൊടുപുഴ സ്വദേശി ജോസ് പരപ്പിനാട്ട് മാത്യുവാണ്. ജോസിന്റെ അഗ്രി ചലഞ്ചുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. യുകെയിൽ സമ്മറിന്റെ ആരംഭമാണെന്നതും, ലോക് ഡൗൺ മൂലം നിരവധി മലയാളികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണെന്നതും അഗ്രി ചലഞ്ച് ഏറ്റെടുക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു. മികച്ച വോളിബോൾ താരവും റഫറിയുമായ ജോസ് പരപ്പിനാട്ട് യുകെയിലെമ്പാടുമുള്ള വോളിബോൾ പ്രേമികൾക്കിടയിൽ സുപരിചിതനാണ്. കേരളത്തിലെ വിദ്യാർത്ഥി ജീവിത കാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ജോസ് പരപ്പിനാട്ട് യു. കെ.കെ.സി.എ യുടെ മുൻ ഭാരവാഹിയാണ്. ജോസിന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അഗ്രി ചലഞ്ച് യുകെയിൽ പ്രശസ്തമാകാൻ കാരണമായിട്ടുണ്ട്.ഭാരതത്തിന് പുറത്ത് യൂറോപ്പിൻെറ പല ഭാഗത്തും പ്രത്യേകിച്ച് യുകെയിലും പി. ജെ ജോസഫിൻെറ അഗ്രി ചലഞ്ചിനെ പിന്തുണയുമായി നിരവധിപേർ എത്തിയെന്ന് ജോസ് പരപ്പിനാട്ട് മലയാളം യുകെയോട് പറഞ്ഞു .




ന്യൂസ് ഡെസ്ക് മലയാളം യുകെ.
പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസ ഏകാന്തവാസം നയിക്കാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലും പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ അഭിവന്ദ്യ പിതാവ് നേരിട്ട് രംഗത്ത്. രൂപതയിലെ ചില വൈദീകരുടെ പേര് എടുത്ത് പറഞ്ഞ് രൂപതയിലെ കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചും കുപ്രചരണങ്ങള്‍ നടത്തുന്നത് വേദനാജനകമാണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ അതില്‍ നിന്നും പിന്മാറണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയുള്ള പിതാവിന്റെ തുറന്ന കത്ത് ബിഷപ്പ് ഹൗസ് പാലാ ഇന്ന് പുറത്തിറക്കി. പരിശുദ്ധ കത്തോലിക്കാ സഭയെ തകര്‍ക്കാനുതകുന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
അഭിവന്ദ്യ മുരിക്കല്‍ പിതാവിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.

സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആകുന്നു. രാജ്യം മുഴുവനും അടച്ചുപൂട്ടിയിരിക്കുമ്പോൾ അത് ജനജീവിതത്തെയും ബാധിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച നിയന്ത്രണങ്ങൾ ഈ ആഴ്ച സർക്കാർ അവലോകനം ചെയ്യും. ലോക്ക്ഡൗൺ കാലത്ത് ജനജീവിതം എത്രത്തോളം രൂപാന്തരപ്പെട്ടു?
1.നിരത്തിലെ കാറുകളുടെ എണ്ണത്തിൽ നേരിയ വർധനവ്.
മറ്റു പൊതുഗതാഗതങ്ങൾ താറുമാറായപ്പോൾ ആളുകൾ കൂടുതലായി തങ്ങളുടെ കാറിൽ യാത്രചെയ്യുന്ന സ്ഥിതി ഉടലെടുത്തു. ഒപ്പം ലോക്ക്ഡൗൺ ആയതിനാൽ പലരും റോഡ് റേസ്ട്രാക്കായി കാണുന്നുവെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. ഗൂഗിൾ ഡാറ്റ അനുസരിച്ച് , സൂപ്പർമാർക്കറ്റുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ വർഷത്തിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ പാർക്കുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിലധികം താഴ്ന്ന ശേഷം സാധാരണനിലയിലേക്ക് മടങ്ങിയെത്തി. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ കുറച്ചധികം ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യുന്നു.

2. രാജ്യത്ത് രോഗവ്യാപനം കുറയുന്നു.
ബ്രിട്ടനിൽ രോഗം അതിന്റെ ഉയർന്ന നില പിന്നിട്ടുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനത്തിനുള്ള സാധ്യത ഇപ്പോൾ കുറഞ്ഞുവരുന്നു. എന്നിരുന്നാലും രണ്ടാം ഘട്ട വ്യാപനം ഉണ്ടാകരുതെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകുന്നു.
3. ആരോഗ്യ സേവനങ്ങൾ ഡിജിറ്റലായി.
ആളുകൾ ആരോഗ്യ സേവനം ഉപയോഗിക്കുന്ന രീതി മാറുകയാണ്. 2020 ഫെബ്രുവരി വരെ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് 14% മാത്രമാണ് ഫോണിലൂടെയോ വീഡിയോ ലിങ്കിലൂടെയോ നടത്തിയത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറ്റപ്പെട്ടിരിക്കുന്നു. ഫോൺ അപ്പോയിന്റ്‌മെന്റുകളിൽ മിക്ക ആളുകളും സന്തുഷ്ടരാണെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് പറഞ്ഞു. അതേസമയം, എ & ഇയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയും 111 ലേക്ക് വിളിച്ചവരുടെ എണ്ണം വർധിക്കുകയും ചെയ്തു.
4.ഫർലോ സ്കീമിലേക്ക് ദശലക്ഷകണക്കിന് ആളുകൾ.
കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിൽ ജോലി ചെയ്യാൻ പാടുപെടുന്ന ബിസിനസ്സ് സ്റ്റാഫുകൾക്ക് ശമ്പളത്തിന്റെ 80% വരെ നൽകുന്ന പദ്ധതിയെകുറിച്ച് ആരും ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ ഏപ്രിൽ 20 വരെ ഏകദേശം 185,000 കമ്പനികൾ ഈ പദ്ധതിക്കായി അപേക്ഷിച്ചു. ഇതിൽ 1.3 ദശലക്ഷം തൊഴിലാളികൾ ഉൾകൊള്ളുന്നു. ഇതിനായി ട്രഷറിക്ക് 1.5 ബില്യൺ പൗണ്ട് ചിലവ് വരും. ബെനിഫിറ്റ് സിസ്റ്റത്തിൽ ഇപ്പോഴും സമ്മർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയിൽ ക്ലെയിമുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഇപ്പോൾ കുറയാൻ തുടങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
5. സാധാരണ ജീവിതം ദൂരെയോ?
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയത് 4 മാസമെങ്കിലും വേണ്ടി വരുമെന്ന് 60% ആളുകളും കരുതുന്നു. ബാക്കി 40% ആളുകൾ പറയുന്നത് സാധാരണ ജീവിതം തിരിച്ചുപിടിക്കാൻ ആറ് മാസത്തോളം വേണ്ടിവരുമെന്നാണ്. ലോക്ക്ഡൗൺ ആളുകളുടെ ജീവിത രീതിയെ സാരമായി ബാധിക്കുന്നു. പത്തിൽ നാലുപേർ ലോക്ക്ഡൗൺ അവരുടെ യാത്രാ പദ്ധതികളെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് പറയുന്നു. അഞ്ചിൽ ഒരാൾ ഇത് അവരുടെ ബന്ധങ്ങളെ ബാധിച്ചുവെന്നും പറഞ്ഞു.

6.ശീതീകരിച്ച ഭക്ഷണത്തിനും മദ്യത്തിനും ആവശ്യക്കാർ ഏറെ.
ലോക്ക്ഡൗണിൽ ഒരു മാസത്തിനുശേഷം പലരും ബേക്കിംഗിലേക്കും മദ്യപാനത്തിലേക്കും തിരിയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 25 വരെയുള്ള ആഴ്ചയിൽ ഏറ്റവും വലിയ വളർച്ച കാണുന്ന 10 ഉൽപ്പന്നങ്ങളിൽ പകുതിയും ഹോം ബേക്കിംഗുമായി ബന്ധപ്പെട്ടതാണ്. മദ്യത്തിന്റെ മൊത്തത്തിലുള്ള വിൽപ്പന മൂന്നിലൊന്നായി ഉയർന്നു. പലരും ക്ഷാമം ഭയന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി വെക്കുന്ന പ്രവണതയും കണ്ടു.
7.അന്തരീക്ഷ മലിനീകരണം കുറഞ്ഞു.
രാജ്യം പൂട്ടിയിട്ടിട്ട് ആഴ്ചകൾക്കുള്ളിൽ യുകെയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. നൈട്രജൻ ഡൈ ഓക്സൈഡിന്റെ (NO2) അളവ് യുകെയിലുടനീളം കുറഞ്ഞു. വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതുമൂലം വായുവും മലിനമാകാതെ ഇരിക്കുന്നു.
8.കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും സാമൂഹിക വിരുദ്ധ സ്വഭാവം ഉയർന്നിരിക്കുന്നു
ഇംഗ്ലണ്ടിലും വെയിൽസിലും കുറ്റകൃത്യങ്ങൾ ഏപ്രിൽ 12 വരെയുള്ള നാല് ആഴ്ചകളിൽ 28% കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീടുകയറിയുള്ള മോഷണം മൂന്നിലൊന്നായി കുറഞ്ഞു. എന്നിരുന്നാലും, സാമൂഹിക വിരുദ്ധ പെരുമാറ്റ സംഭവങ്ങൾ 59% ഉയർന്നു. ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 3,200 ലധികം പേർക്ക് ഇംഗ്ലണ്ടിൽ പിഴ ഈടാക്കിയിട്ടുണ്ടെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ അറിയിച്ചു. ഗാർഹിക കുറ്റകൃത്യങ്ങളും ഏറുന്നുണ്ട്. ഇപ്പോൾ ഓരോ ആഴ്ചയും സഹായത്തിനായി നൂറുകണക്കിന് അധിക കോളുകൾ വരുന്നതായി അധികൃതർ അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബുധനാഴ്ച പിറന്ന നവജാത ശിശു ആൺകുഞ്ഞാണ്. കുഞ്ഞിന്റെ മിഡ് നെയിം, ജോൺസനെ കൊറോണ വൈറസ് ചികിത്സിച്ചു ഭേദമാക്കിയ, രണ്ട് ഡോക്ടർമാരുടെതാണ്. 29/4/20 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ അമ്മ സൈമണ്ട്സ് പറയുന്നു “വിൽഫ്രെഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെതാണ്, ലൗറി എന്ന പേര് എന്റെ മുത്തച്ഛന്റെതാണ്, നിക്കോളാസ്, കഴിഞ്ഞമാസം ബോറിസിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ നിക്ക് പ്രൈസിന്റെയും നിക്ക് ഹാർട്ടിന്റെയും പേരിൽ നിന്നുള്ളതാണ്. യുസിഎൽഎച്ചിലെ എൻഎച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഏറെ സന്തോഷവതിയാണ്”. അവർ ഇൻസ്റ്റഗ്രാമിൽ തന്റെ സന്തോഷം പങ്കുവെച്ചു.

കുഞ്ഞിനെ കാരി മാറോടണച്ചിരിക്കുന്ന മനോഹരമായ ചിത്രത്തിൽ, കുഞ്ഞിന് ഇപ്പോഴേ അച്ഛന്റെ പോലെ ഇളം നിറത്തിലുള്ള കട്ടി തലമുടി കാണാം. 32 കാരിയായ കാരി, ബോറിസ് കൊറോണ വൈറസ് ഭേദമായി ഐസിയു വിട്ട് 16 ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്മം നൽകിയിരിക്കുന്നത്. നവജാത ശിശുവിന്റെ അമ്മയും രോഗത്തിനെതിരായ പോരാട്ടത്തിലായിരുന്നു. കുഞ്ഞ് ആരോഗ്യവാനാണ്. ദമ്പതിമാർ ഡൗണിങ് സ്ട്രീറ്റിലെ വീട്ടിൽ, അവരുടെ പ്രിയപ്പെട്ട നായ ഡൈലിനൊപ്പം ജീവിക്കും എന്ന് കരുതുന്നു.

ഡോക്ടർ നിക്കോളാസ് പ്രൈസ് ജനറൽ മെഡിസിൻ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടണ്ട് ആണ്. സെന്റ് തോമസ് എൻ എച്ച് എസ് ട്രസ്റ്റ് വെബ്സൈറ്റ് പ്രകാരം ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിദഗ്ധനാണ്. പ്രൊഫസർ നിക്കോളസ് ഹാർട്ട് ലയിൻ ഫോക്സ് റെസ്പിറേറ്ററി സർവീസ് ഡയറക്ടറും, ലണ്ടനിലെ കിംഗ്സ് കോളേജ് പ്രൊഫസറുമാണ്. ശ്വാസ തടസ്സം നേരിടുന്ന രോഗികൾക്ക് മികച്ച ഹോം മെക്കാനിക്കൽ വെന്റിലേഷൻ നൽകുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം.

മെയ് ഒടുവിലോ ജൂൺ ആദ്യമോ കുട്ടിയുടെ ജനനം ഉണ്ടായിരിക്കുമെന്ന് നമ്പർ ടെൻ മുൻപ് ജനങ്ങളെ അറിയിച്ചിരുന്നു. ഈ വർഷം ഒടുവിലായി മാത്രമേ ബോറിസ് തന്റെ പറ്റേണിറ്റി ലീവ് എടുക്കാൻ സാധ്യതയുള്ളൂ. കൊറോണ വൈറസ് പിടിയിൽനിന്ന് രാജ്യം മുക്തം ആകുന്നതുവരെ അദ്ദേഹം കർമ്മനിരതനായിരിക്കും. ജോൺസന്റെ ആറാമത്തെയും മിസ്സ് സൈമണ്ട്സ്ന്റെ ആദ്യത്തെയും കുട്ടിയാണിത്. മുൻഭാര്യ മറീന വീലറിൽ ഇരുപതും ഇരുപത്തി നാലും പ്രായമുള്ള മിലോ, തിയഡോർ എന്നീ ആൺമക്കളും, ഇരുപത്തിയാറും ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള ലാറ കാസിയ ഇന്നീ പെൺമക്കളുമുണ്ട്. ആർട് കൺസൾട്ടൻട് ഹെലനിൽ 2009 ൽ സ്റ്റെഫാനി എന്ന പെൺകുട്ടിയും പിറന്നിരുന്നു. നവജാതശിശുവിന്റെ ജനത്തിൽ ഇരുവരും അത്യധികം സന്തോഷിക്കുന്നു എന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയുടെ ദുരിതങ്ങൾ എന്ന് അവസാനിക്കും. ലോക്ഡൗൺ എന്ന് തീരും.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിര വധിയാണ് . പക്ഷെ വൈറസ് വ്യാപനത്തിൻെറ തോത് കുറയുന്നതിന് പകരം കൂടുതൽ തീവ്രതയിലേക്ക് കാര്യങ്ങൾ കുതിക്കുന്നു. ലോക് ഡൗൺ പിൻവലിക്കലും ജോലിക്ക് പോയി തുടങ്ങലും എന്ന് നടക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥ. കേരളത്തിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം കുറേ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടാലും ചെയ്തുവന്നിരുന്ന ജോലികൾ തുടരാമെന്നും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകൾ നിലനിൽക്കുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും മലയാളി പ്രവാസികളിൽ ഭൂരിപക്ഷവും സ്വകുടുംബമായി കഴിയുന്നവരാണ്. പലരും അതാത് രാജ്യങ്ങളിലെ പൗരത്വം ഉള്ളവർ. തീർച്ചയായും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ ദുരന്തം ഏൽപ്പിക്കുന്ന ഭീഷണികളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എങ്കിലും ഒരു പരിധി വരെയെങ്കിലും അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കൈത്താങ്ങ് തുടർ ജീവിതത്തിന് താങ്ങാകുമെന്ന പ്രതീക്ഷ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് യുകെയിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് മാസ വരുമാനത്തിന്റെ 80% കൊടുക്കുവാൻ ഗവൺമെന്റ് എടുത്ത തീരുമാനം ശ്ലാഘനീയമാണ്.
പക്ഷേ ഗൾഫ് മേഖലയിലെ പ്രവാസികളുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. വീടും നാടും ഉപേക്ഷിച്ച് നല്ല നാളെ ലക്ഷ്യമാക്കി ഒരു തിരിച്ചുവരവിനായി പ്രവാസികളായവരാണവർ. സാമ്പത്തികമായ ബാധ്യതകൾ പലരുടെയും തിരിച്ചുവരവ് അനന്തമായി നീട്ടികൊണ്ടു പോയി എന്നു മാത്രം. ചിലരെങ്കിലും രണ്ടും മൂന്നും അഞ്ചും കൊല്ലം കഴിയുമ്പോൾ വീട്ടിൽ വന്ന് സ്വയം മുഖം കാണിച്ച് മടങ്ങാൻ വിധിക്കപ്പെട്ടവരാണ്. പലരും ജോലി ചെയ്യുന്നത് അവിദഗ്ധ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്ര കൂലിയും വാടകയും മറ്റ് ജീവിത ചെലവുകളും കഴിഞ്ഞ് മിച്ചം വയ്ക്കുന്ന തുക കേരളത്തിലെ അതിഥി തൊഴിലാളികളുടെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ അന്തരം ഒന്നും ഉണ്ടാവാൻ തരമില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാടായി ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള അടുത്ത കച്ചിത്തുരുമ്പിനായുള്ള അന്വേഷണം ആയിരിക്കും. അതിന് കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം.
2018ലെ കേരള കുടിയേറ്റ സർവേ പ്രകാരം 21 ലക്ഷം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. ഇതിൽ 90 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ്. ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തിനോടടുക്കും. ഇതിൽ 20 ശതമാനം ആളുകളും തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവരാണ്. 10 ശതമാനം ആളുകൾ വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമാണ്. ഇതിനർത്ഥം ഇപ്പോഴത്തെ സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞാലും ഒരു തിരിച്ചുപോക്ക് പലർക്കും അത്ര എളുപ്പമല്ല.
മറ്റൊരു നാട്ടിലും ഇല്ലാത്ത രീതിയിൽ പ്രവാസികളെ സൃഷ്ടിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തവരാണ് നമ്മൾ. അങ്ങനെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിലേയ്ക്ക് വൻതോതിൽ ഇന്ന് നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെട്ടവർ എത്തിച്ചേർന്നു. 2013-ലെ കണക്ക് പ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്നത് 35 ലക്ഷത്തിനടുത്താണെന്നാണ് ഏകദേശ കണക്ക്. അതിഥി തൊഴിലാളികൾ കയ്യടക്കിയ, നമ്മൾ എന്നേ ഉപേക്ഷിച്ച തൊഴിലിടങ്ങളിലേക്ക് വീണ്ടും തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാഭാവികമായും കുടിയേറേണ്ടതായി വരും.
ഗൾഫ് നാടുകളിലെ താഴെതട്ടിലുള്ള തൊഴിലാളികളിൽ കേരളത്തിൽ നിന്നുള്ള പലരും മറ്റ് നാടുകളിൽ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാസമ്പന്നരാണ്. ഒരുപക്ഷേ ഇത്രയധികം അഭ്യസ്തവിദ്യർ മറ്റ് നാടുകളിൽ അവിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ പരാജയമാണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ നാടുകളിലെ പോലെ യന്ത്രവൽകൃതമാകുന്ന തൊഴിലിടങ്ങൾ അനാവശ്യ പ്രവാസ കുടിയേറ്റങ്ങൾക്ക് പകരം അഭിമാനത്തോടെയും അന്തസോടെയും കേരളത്തിൽ ജോലി ചെയ്യാൻ നമ്മുടെ ചെറുപ്പക്കാരെയും പ്രേരിപ്പിച്ചേക്കാം. ഏതായാലും നമ്മുടെ തൊഴിൽ സംസ്കാരത്തിനും പ്രവാസത്തിനും ഒരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.
ഡോ. ഐഷ വി
കാസർഗോഡ് ടൗൺ യുപിഎസിന് വളരെ അടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം. അവിടത്തെ നവമി ആഘോഷം നടക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് വളരെ സന്തോഷമാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള പൂജ കഴിയുമ്പോൾ ശർക്കര അവൽ ചിരകിയ തേങ്ങ ഏലയ്ക്ക ഉണക്കമുന്തിരി എന്നിവ ധാരാളം ചേർത്ത അവൽ സുഭിക്ഷമായി മറ്റുള്ളവർക്കൊപ്പം സ്കൂൾ കുട്ടികൾക്കും ലഭിക്കും. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പീരീഡ് തീരാറായപ്പോൾ കുട്ടികൾ ടീച്ചറോട് അമ്പലത്തിൽ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. അങ്ങനെ അല്‌പം നേരത്തേ ക്ലാസ്സ് നിർത്തിയ ടീച്ചർ ആരൊക്കെ ക്ഷേത്രത്തിലെ പ്രസാദം വാങ്ങാനായി പോകുന്നെന്ന് ചോദിച്ചു. കമലാക്ഷിയും മറ്റ് ഭൂരിപക്ഷം കുട്ടികളും കൈ പൊക്കി. ടീച്ചർ ചോദിച്ചു: ഐഷ പോകുന്നില്ലേ? ഐഷയ്ക്കും വേണമെങ്കിൽ പോകാം . ടീച്ചർ പറഞ്ഞു. ഉടനെ കമലാക്ഷി പറഞ്ഞു: ആ കുട്ടി ഹിന്ദുവാണ് ടീച്ചർ , ആ കുട്ടിയുടെ അച്ഛൻ ഹിന്ദുവാണ്. ഞാൻ അതിശയിച്ചു പോയി. ഹിന്ദുവെന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ആരും തന്നെ ജാതി മതം എന്നിവയെ പറ്റിയൊന്നും സംസാരിച്ചിരുന്നില്ല. പിന്നെ കമലാക്ഷിയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം ? ഞാൻ കമലാക്ഷിയോട് ഇതേ പറ്റി ചോദിച്ചപ്പോൾ കമലാക്ഷി പറഞ്ഞതിങ്ങനെ: ഐഷയുടെ അച്ഛന്റെ പേര് ഹിന്ദു പേരാണ്. പിന്നെ ഞങ്ങൾ ഹിന്ദു തീയ്യയാണ്. ഹിന്ദുവിന് പിന്നെയും ഉപവിഭാഗങ്ങളുണ്ടോ എന്ന് ഞാൻ സംശയിച്ചു. പേരിനും ആളുകൾക്കും ജാതിയും മതവുമൊക്കെയുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അധികം താമസിയാതെ മറ്റ് ചില കുട്ടികളും എന്റെ ചുറ്റും കൂടി ഹിന്ദുവായിട്ടും എന്തിനാണ് ഇസ്ലാമതത്തിലെ
പേരിട്ടത് എന്നവർക്കറിയണം. ഞാനാകെ വിഷമിച്ചു പോയി. പിന്നെ ഞങ്ങളെല്ലാപേരും കൂടി മല്ലികാർജ്ജുന ക്ഷേത്രത്തിൽപ്പോയി വരിയായി നിന്ന് വാഴയിലയിൽ ലഭിച്ച പ്രസാദം കഴിച്ചു. സന്തോഷത്തോടെ തിരികെ ക്ലാസ്സിലേയ്ക്ക് പോയി. പ്രസാദത്തിലെ മധുരം നുണഞ്ഞെങ്കിലും മതവും പേരും എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറി.
അന്ന് വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയോട് നമ്മൾ ഹിന്ദുവാണോ എന്ന് ചോദിച്ചു. അമ്മ പറഞ്ഞു ഹിന്ദുവാണെന്ന് . എന്റെ അടുത്ത ചോദ്യം കമലാക്ഷി തീയ്യയാണെന്ന് പറഞ്ഞു. നമ്മളെന്താണ്? അമ്മ അതിനു തന്ന മറുപടി ഇങ്ങനെയായിരുന്നു. ഇനിയാരെങ്കിലും ജാതിയോ മതമോ ഒക്കെ ചോദിച്ചാൽ മനുഷ്യനാണ് എന്ന് മറുപടി കൊടുത്താൻ മതി. അടുത്ത ചോദ്യം ഐഷ എന്ന് പേരിട്ട തെന്തിന് ? അച്ഛനാണ് ആ പേരിട്ടത് എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ അച്ഛൻ വരാനായി കാത്തിരുന്നു. എന്റെ പേരിനോട് ജീവിതത്തിൽ ആദ്യമായി എനിയ്ക്കൊരനിഷ്ടം തോന്നി.
അച്ഛൻ വന്നപ്പോൾ ഞാൻ ചോദ്യങ്ങൾ ആവർത്തിച്ചു. എന്റെ പേര് മാറ്റണം. കൂട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടു. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു : ജാതിയും മതവുമൊന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത്. നല്ല വാക്കും നല്ല പ്രവൃത്തിയും നല്ല ചിന്തയും കൊണ്ട് നല്ല മനുഷ്യനായിത്തീരണം. എല്ലാ മനുഷ്യരേയും സ്നേഹിക്കാനും സമഭാവനയോടെ കാണാനും ശീലിക്കണം. ഐഷ എന്ന പേരിനെ പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഐഷ ഒരു നല്ല പേരാണ് . മുഹമ്മദ് നബിയുടെ ഭാര്യമാരായിരുന്നു ഐഷയും ഖദീജയും . അതിൽ ഐഷ നല്ലൊരു പോരാളിയും കാര്യങ്ങൾ നിശ്ചയിച്ച് നടപ്പിലാക്കുന്നതിൽ പ്രഗത്ഭയും ആയിരുന്നു. നമ്മുടെ രാജ്യം വൈവിധ്യമാർന്ന ജാതി മതസ്ഥർ ചേർന്നതാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഇങ്ങനെയൊരു പേരിട്ടതാണ്. തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി കേശവനും മറ്റ് പ്രഗത്ഭരും മക്കൾക്ക് ഇങ്ങനെ പേരിട്ടിട്ടുണ്ട്. നമ്മുടെ പേരിനെ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടണം. അച്ഛൻ പറഞ്ഞു. അച്ഛൻ പറഞ്ഞപ്പോൾ കുറച്ച് സമാധാനവും സന്തോഷവും തോന്നിയെങ്കിലും വർഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ പേരിനോടുള്ള അനിഷ്ടം മാറിക്കിട്ടിയത്. ഇപ്പോൾ ഈ പേരാണ് ഞാൻ ഏറ്റവും കൂടതൽ ഇഷ്ടപ്പെടുന്ന പേര്. ചെല്ലുന്നിടത്തെല്ലാം ആളുകൾ പേരിനെ പറ്റി ചോദിച്ചിട്ടുണ്ട്. ചിലർ എന്തെങ്കിലും കഥകൾ സങ്കല്പിച്ചുണ്ടാക്കും. എവിടെ പോയാലും മനുഷ്യരെ സമഭാവനയോടെ കാണാനും ഒരോ വ്യക്തികളെയും മാനിക്കാനും ഈ സംഭവത്തോടെ ഞാൻ പഠിച്ചു. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോഴും ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമായില്ല. തുല്യാവസരങ്ങൾ എല്ലാപേർക്കും നൽകി.
മതം മനുഷ്യർ നന്നായി ജീവിക്കാനായി ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകരും സ്വരൂപിച്ച അഭിപ്രായങ്ങളാണ്. പല മതത്തിലും പല അഭിപ്രായങ്ങൾ വരാം. മനുഷ്യർ നന്നാവുക എന്നതാണ് പ്രധാനം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് നല്ല മനുഷ്യർ ഉണ്ടാകുന്നത്. അതാണ് അച്ഛൻ പകർന്നു നൽകിയ പാഠം.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ