ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ശൃംഖലയായ വെയിറ്റ്റോസ് ഒരു വൻമാറ്റത്തിന് തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹാർദ്ദ കോട്ടൺ ബാഗുകൾ ഇനി വെയിറ്റ്റോസിൽ ലഭ്യമാകും. പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപന കുറയ്ക്കുക എന്നതാണ് ഉദ്ദേശം. ഇതൊരു പുതിയ വഴിത്തിരിവിന് കാരണമാകും.
ഈ മാറ്റത്തിന്റെ ആദ്യ പരീക്ഷണം ഓക്സ്ഫോർഡിൽ വെച്ച് നടക്കുകയുണ്ടായി. ഉപഭോക്താക്കളിൽ നിന്നും നല്ല റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. നൂറിൽ പരം ഉൽപ്പന്നങ്ങൾ അവയുടെ പ്ലാസ്റ്റിക് പൊതിയിൽ നിന്നും പുറത്തെടുത്ത് പരിസ്ഥിതി സൗഹാർദ്ദ ബാഗുകളിലേക്ക് നീക്കം ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുക എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വെയിറ്റ്റോസ് തലവൻ ടോർ ഹാരിസ് ഇപ്രകാരം പറയുന്നു “ഉപഭോക്താക്കൾ ഏതുരീതിയിൽ സാധനങ്ങൾ വാങ്ങും എന്നറിയുവാൻ വേണ്ടിയാണ് ഈ ഒരു മാറ്റം കൊണ്ടുവന്നത്. ഇതൊരു സുസ്ഥിരവികസനത്തിന്റെ ഭാഗമാണ്.”
സൂപ്പർമാർക്കറ്റിലെ കവാടത്തിൽ തന്നെ സെൽഫേൻ റാപ്പുകൾക്ക് പകരം 100% പുനരുല്പാദനം നടത്താവുന്ന പേപ്പറുകളും കൂടുകളും ഉപയോഗിച്ചുവരുന്നു. ഒപ്പം വീടുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുവാൻ അഞ്ചു പൗണ്ട് നൽകി ഒരു കാർബോർഡ് പെട്ടി ഉപഭോക്താവിനു വാങ്ങാവുന്നതാണ്. പെട്ടി, അടുത്ത തവണ തിരിച്ചേൽപ്പിക്കുമ്പോൾ ഈ തുക തിരികെ ലഭിക്കുന്നതും ആണ്. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വഭവനങ്ങളിൽ നിന്നും പാത്രങ്ങൾ കൊണ്ടുവരാവുന്നതാണ്.
വെയിറ്റ്റോസിൽ കൂടുതലും വിൽക്കാൻ ശ്രമിക്കുന്നത്, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയാണ്. ക്യാരറ്റ്, ചീര തുടങ്ങിയവ കോട്ടൺ സഞ്ചികളിലും പെട്ടെന്ന് കേടുപാട് സംഭവിക്കാവുന്ന തക്കാളി കാർഡ് ബോർഡ് പെട്ടിയിലും ആണ് ലഭിക്കുക. വൈൻ, ബിയർ, ഡിറ്റെർജന്റ് എന്നിവ പുനരുപയോഗിക്കാവുന്ന കുപ്പികളിൽ വിൽക്കുന്നു.
പാം മാത്യു എന്ന ഉപഭോക്താവ് ഈ വ്യാപാര രീതിയോട് ഇപ്രകാരം പ്രതികരിച്ചു ” ഈ രീതി നല്ലതാണ്. എന്നാൽ സമയചിലവാണ്. സാധനങ്ങൾ വാങ്ങാൻ ഒരുപാട് നേരം വേണ്ടിവരും.” ക്രിസ്റ്റിൻ ജാക്‌ക്വേസ് ഈ മാറ്റത്തെ ഒരു പഴഞ്ചൻ രീതി എന്നാണ് വിശേഷിപ്പിച്ചത്. ബ്ലാക്ക് പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന രീതിയോട് പരിസ്ഥിതി സംരക്ഷകർ എല്ലാം തന്നെ അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. ഇത് പല പരിസ്ഥിതി പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ഒപ്പം മറ്റു വ്യാപാരസ്ഥാപനങ്ങളും ഉദാഹരണം ആകാവുന്ന രീതിയാണ് വെയിറ്റ്റോസിന്റേത് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിനുതന്നെ വൻ ഭീഷണിയാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മാറ്റങ്ങൾ ശുഭപ്രതീക്ഷയാണ് നൽകുന്നത്. പ്ലാസ്റ്റിക് വിമുക്ത സമൂഹം ആണ് ഇതുപോലെയുള്ള നല്ല മാറ്റങ്ങളിലൂടെ സാധ്യമാകുന്നത്.
ബർലിൻ∙ യൂറോപ്പിൽ പ്രായഭേദമെന്ന്യ പ്രഭാത റൊട്ടിയോടൊപ്പം ഉപയോഗിക്കുന്ന നുട്ടല്ല ക്രീമിന്റെ വിതരണം നിലച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നുട്ടല്ല. ചോക്ലേറ്റും, നട്ട്സും ചേർന്ന വിവിധയിനം നുട്ടല്ല ക്രീമുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു.
നുട്ടല്ല ഫ്രാൻസിലെ കമ്പനിയാണ് ഉൽപാദിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്ന് തന്നെയാണ് നുട്ടല്ലയുടെ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. ആയിരകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഈ കമ്പനിയിൽ തൊഴിൽ സ്തംഭിച്ചിരിക്കുകയാണ്.
ശമ്പള വർദ്ധനയ്ക്കു വേണ്ടി തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ശമ്പളത്തിൽ നാലര ശതമാനം വർധനവും ഓരോ തൊഴിലാളിയ്ക്ക് തൊള്ളായിരം യൂറോയുടെ ബോണസുമാണ് തൊഴിൽ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്മെന്റ് കണ്ണ് തുറന്നില്ലെങ്കിൽ സമരം നീളുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. തെരേസാ മേയ് നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ‘ഇരു രാജ്യങ്ങളും പരസ്പരം വലിയ നിക്ഷേപകരാണെന്നും, തങ്ങളുടെ ശക്തമായ വ്യാപാരബന്ധം കൂടുതല്‍ തൊഴിലവസരങ്ങളും സമ്പത്തും മറ്റുള്ള സാധ്യതകളും സൃഷ്ടിക്കുമെന്നും തെരേസാ മേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് ട്രംപിന്റെ സന്ദർശനം കൂടുതല്‍ സഹായകരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലണ്ടണ്‍ നഗരത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ദേശീയ ആരോഗ്യ പദ്ധതിയില്‍ യുഎസിന് വാണിജ്യപരമായ ഇടം നല്കണമെന്നും, ഈ കൂടിക്കാഴ്ചയില്‍തന്നെ അത് ചർച്ച ചെയ്യണമെന്നുമുള്ള ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡറായ വൂഡി ജോൺസന്റെ പ്രസ്താവന വിവാദമായി. യു.കെയിലെ 5-ജി നെറ്റ് വർക്കിന്റെ ചില ഭാഗങ്ങൾ നിർമ്മിക്കാൻ ചൈനയിലെ സാങ്കേതികവിദ്യ നിർമാതാക്കളായ ഹുവാവേയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കാന്‍ ചില ടോറി (കണ്‍സർവേറ്റീവ്) നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. അതും വൂഡി ജോൺസൺ മുന്നോട്ടുവച്ച ആശയമാണ്.
ബ്രെക്സിറ്റ് കരാര്‍ നിലവില്‍ വരുന്നതിനു മുൻപ് ക്ലോറിനേറ്റഡ് ചിക്കൻ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാന്‍ അമേരിക്കയെ അനുവദിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദേശീയ ആരോഗ്യ പദ്ധതിയില്‍ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കണം എന്നും അദ്ദേഹം പറയുന്നു.
അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ വരണമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരേസയുടെ ശത്രുപക്ഷത്തുള്ള നേതാവിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നത് അസ്വസ്ഥതകൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനുമായുള്ള ചർച്ചകളില്‍ ബ്രെക്‌സിറ്റ് പാർട്ടി നേതാവായ നൈജല്‍ ഫരാജിനെ കൂടി ഉൾപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള പിഴ ബ്രിട്ടന്‍ അടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ചെറിയ തുകയല്ല. ഞാനായിരുന്നെങ്കില്‍ പിഴയടക്കില്ല എന്നും ട്രംപ് പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അന്തിമഫലം പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ചതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പിനു ധൈര്യമുണ്ട്. നിപ്പയാണെന്ന സംശയം ഉയർന്നഘട്ടത്തിൽ തന്നെ രോഗം പകരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടർമാരുൾപ്പെടെ ആറംഗസംഘം കൊച്ചിയിലെത്തി.
ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്ട്രേലിയൻ മരുന്ന് കേന്ദ്രസർക്കാർ ഉടൻ എത്തിക്കും. രോഗിയുമായ ബന്ധപ്പെട്ട നാല് പേർക്ക് ഇപ്പോൾ പനിയുണ്ട്. രോഗിയെ നേരത്തെ പരിചരിച്ച രണ്ടു നഴ്സുമാർക്ക് ഉൾപ്പെടെയാണിത്. ഇവരിൽ ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
ബ്രക്സിറ്റിനു ശേഷമുള്ള യുകെ- യുഎസ് ചർച്ചകളിൽ എൻഎച്ച്എസ് ( നാഷണൽ ഹെൽത്ത് സർവീസ്) ഒരു വാണിജ്യ വിഷയമായി മാറും എന്ന അമേരിക്കൻ സ്‌ഥാനപതി വൂഡി ജോൺസൻറെ പ്രസ്താവനയ്ക്കെതിരെ യുകെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആഞ്ഞടിച്ചു. അത്തരത്തിൽ എൻ എച്ച് എസ്സിനെ ഒരു വിൽപ്പനച്ചരക്കാക്കുകയില്ലെന്നു ജെറമി ഹണ്ട് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ബ്രക്സിറ്റിനു ശേഷമുള്ള ഒരു വ്യാപാര ചർച്ചയിലും ബ്രിട്ടനിലെ ഒരു പ്രധാനമന്ത്രിയും എൻഎച്ച്എസ് – നെ ഒരു വില്പന വസ്തു ആക്കുക ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എൻഎച്ച്എസ് ബ്രിട്ടനിന്റെ ജീവനാഡിയാണ്. ഒരു പാർട്ടിയിലെ ഒരു പ്രധാനമന്ത്രിയും ഒരിക്കലും ഈ പൊതു സ്ഥാപനത്തെ വിൽപ്പനച്ചരക്കാക്കുക ഇല്ലെന്ന് ബ്രിട്ടനിന്റെ വിദേശകാര്യ സെക്രട്ടറിയും മുൻ ആരോഗ്യ സെക്രട്ടറിയുമായിരുന്ന ജർമ്മി ഹണ്ട് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും മറ്റും വ്യാപാരത്തെ സംബന്ധിക്കുന്ന ചർച്ചകൾ സുഗമമായി നടക്കും എന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ എൻഎച്ച് എസ്സിന്റെ ഉടമസ്ഥാവകാശം എന്നും ബ്രിട്ടന് ആയിരിക്കും. യുകെ – യുഎസ് ബന്ധത്തെ ഈ പ്രസ്താവന ബാധിക്കുമോ എന്ന ചോദ്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ബ്രിട്ടനുമായി കരാറിലേർപ്പെടാൻ ഉള്ള ആവേശത്തെ പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇരുരാജ്യങ്ങൾക്കും വ്യാപാര ബന്ധങ്ങളിൽ അവരുടേതായ താൽപര്യങ്ങളുണ്ട്. ഇത് മാനിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കൺസർവേറ്റീവ് പാർട്ടി നേതാവായിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാജി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നത് മൂലം യുകെയിൽ മരണപ്പെടുന്നത് 70,000 പേർ. ഇതുമൂലം വാർഷികമായി 700 മില്യൻ പൗണ്ട് എൻ.എച്.എസിന് ചെലവാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ജേർണൽ ഓഫ് എപിഡമോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. അധിക നേരത്തെ ഇരിപ്പു മൂലം 2016 -17 വർഷത്തിൽ 424 മില്യൺ പൗണ്ട് രക്തസമ്മർദ്ദ രോഗങ്ങൾക്കും 281 പൗണ്ട് ടൈപ്പ് 2 ഡയബെറ്റിസ് നും 30 മില്യൺ പൗണ്ട് കുടലിലെ കാൻസറിനും ആയി ചെലവായിട്ടുണ്ട്. 2016 യുകെയിൽ നടന്ന മരണങ്ങളുടെ 11.6 ശതമാനവും(69, 000) അധിക നേരത്തെ ഇരുപ്പ് തടഞ്ഞാൽ ഒഴിവാക്കാമായിരുന്ന ആണെന്നും ഗവേഷണവിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
2012 മുതലുള്ള കണക്കുകൾ ഉപയോഗിച്ച് നടത്തിയ വലിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായ ഇരിപ്പ് ശീലങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പുകവലി ഫിറ്റ്നസ് തുടങ്ങിയവ കണക്കാക്കിയാൽ തന്നെയും ആറ് മണിക്കൂറിൽ കുറവ് സമയം തുടർച്ചയായി ഇരിക്കേണ്ടി വരുന്നുള്ളൂവെങ്കിൽ ടൈപ്പ് 2 പ്രമേഹം 17 ശതമാനവും ശ്വാസകോശ ക്യാൻസർ 7.5 ശതമാനവും കുറയുമെന്നും അവർ പറയുന്നു. പഠനം ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും കണ്ടെത്തലുകളുടെ ആധികാരികതയാണ് തങ്ങളെ പൊതു ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.
ക്യൂൻ യൂണിവേഴ്സിറ്റിയിലെ പ്രധാന എഴുത്തുകാരനായ ലിയോണി ഹെറോൺ പറയുന്നത് നിങ്ങൾ സ്ഥിരമായി വ്യായാമത്തിൽ ഏർപ്പെടുന്ന വ്യക്തി ആണെങ്കിൽ കൂടിയും( എൻ എച്ച് എസിന്റെ നിർദേശപ്രകാരം ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ്) നീണ്ട മണിക്കൂറുകൾ നിങ്ങൾ തുടർച്ചയായി കസേരയിൽ തന്നെ ചെലവാക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിൽ ആണെന്നാണ്.
എന്നാൽ ഈ പഠനത്തിൽ പങ്കാളി ആകാത്ത ഗ്ലാസ്ഗൗ യൂണിവേഴ്സിറ്റിയിലെ മെറ്റബോളിക് മെഡിസിൻ വിഭാഗം പ്രൊഫസറായ നവീദ് സതാർ പറയുന്നത് ജീവിതത്തിൽ മറ്റു മേഖലകളിലും സമയങ്ങളിലും നിങ്ങൾ വ്യാപൃതനാണ് എങ്കിൽ അധികനേരം ഇരിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കില്ല എന്നാണ്. ജോലി ആവശ്യങ്ങൾക്കായി തുടർച്ചയായി ഇരിക്കുന്നവർക്ക് ഭയക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരത്തിന് അധികം ആയാസം നൽകാത്ത ജോലിചെയ്യുന്നവർ ജോലിക്ക് ശേഷമുള്ള സമയം വ്യായാമത്തിനായി ഉപയോഗിക്കണമെന്ന് എന്ന് ഈ രംഗത്തെ വിദ്ധഗ്ധർ അഭിപ്രായപ്പെടുന്നു .
വിവിധ രാജ്യങ്ങളിലെ തലവന്മാർ സമ്മേളിച്ച വിരുന്നിൽ യൂകെയുടെയും യൂഎസിന്റെയും സൗഹൃദ ഉടമ്പടിയെ വാതോരാതെ പ്രകീർത്തിച്ച് യൂ എ സ് പ്രസിഡന്റ് ഡൊണാൾഡ് ട്രoപ് . ദശാബ്‌ദങ്ങളായി തങ്ങൾ സുരക്ഷയും, സമൃദ്ധിയും ഉറപ്പുവരുത്തുന്ന ഒരു സഖ്യം രൂപീകരിച്ചു വരികയാണെന്ന് എലിസബത്ത് രാഞ്ജിയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
ലണ്ടനിലെ മേയറായ സാദിഖ് ഖാനെ വിമർശിച്ചുകൊണ്ട് ട്രംപ് ഇതിനോടകം രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് നേരെ “കല്ലെറിയുന്നവൻ “ആണ് ട്രoപ് എന്ന ഖാന്റെ നിലപാടിനെതിരെ ട്രoപ് ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചു .താനല്ല, ഖാൻ ആണ് ജനങ്ങൾക്ക് നേരെ കല്ലെറിയുന്നവൻ എന്ന് അദ്ദേഹം പറഞ്ഞു .
എന്നാൽ ബാൻക്യുറ്റ് സ്പീച്ചിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനിലെ ജനത കാത്തുസൂക്ഷിച്ച ധൈര്യത്തെകുറിച്ചു പ്രശംസിക്കുകയും രാഞ്ജിയെ ഏറ്റവും ധീര വനിതയായി പ്രസ്താവിക്കുകയും ചെയ്തു. ‘ആ ഇരുണ്ട മണിക്കൂറികളിൽ ബ്രിട്ടീഷുകാർ അർത്ഥമാക്കുന്നത് ഈ ലോകത്തെ ജനങ്ങൾ കാട്ടിത്തന്നു, രാജ്യത്തിന്റെ വിധി നിങ്ങളുടെ കൈകളിൽ സുരക്ഷിതമാണ് ‘ അദ്ദേഹം കൂട്ടി ചേർത്തു .
എന്നാൽ ട്രoപിൻറെ മൂന്ന് ദിവസം നീണ്ട സന്ദർശനത്തോട് അനുബന്ധിച്ചു ലണ്ടനിൽ ഉൾപ്പടെയുള്ള നഗരങ്ങളിൽ വൻ പ്രേതിഷേധമാണ് നിലനിൽക്കുന്നത്. ചൊവാഴ്ച 11 മണിക്ക് ട്രാഫൽഗറിൽ ഒരു ദേശീയ പ്രകടനം നടക്കുന്നുണ്ട്. ലേബർ പാർട്ടി നേതാവ് ജെറോമി കോർബിൻ ആ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും വാദങ്ങൾ ഉയർന്നു. കോർബിൻ ട്വീറ്റ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ് “ലോകത്താകമാനം, അമേരിക്കയിലും അക്രമിക്കപെടുന്നവരുടെ കൂടെ ഐഖ്യ ദാർട്യത്തോടെ നിലകൊണ്ടു ട്രoപിൻറെ സന്ദര്ശനത്തിനെതിരെ പ്രേതിഷേധ പ്രകടനം നടത്തും “. സൗഹൃദ രാജ്യത്തിന്റെ അമരക്കാരനാണെക്കിലും ഒരു കൂട്ടം ജനങ്ങളും വിവിധ നേതാക്കന്മാരും ട്രoപിന് എതിരെയാണ് എന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു
മതപരമായ വിവാഹചടങ്ങുകൾ തെരഞ്ഞെടുക്കുന്ന ദമ്പതികളുടെ എണ്ണത്തിൽ ഇംഗ്ലണ്ടിൽ വൻ കുറവ്. മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾ 266 ശതമാനമായി ഇംഗ്ലണ്ടിലും വെയിൽസിലും വർധിച്ചിരിക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മതപരമായ എല്ലാ ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കി ദമ്പതികൾക്ക് ഇഷ്ടമുള്ള തരത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് നടത്തപ്പെടുന്ന വിവാഹങ്ങളാണ് മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾ. എന്നാൽ ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുത ഇല്ല.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിടുന്ന കണക്കനുസരിച്ച് കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരം വിവാഹങ്ങളുടെ എണ്ണത്തിൽ 250 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം ആംഗ്ലിക്കൻ വിവാഹങ്ങളുടെ എണ്ണം 28 ശതമാനവും കാത്തലിക് വിവാഹങ്ങളുടെ എണ്ണം 34 ശതമാനവും ബാപ്റ്റിസ്റ്റ് വിവാഹങ്ങൾ 42 ശതമാനവും ആയി കുറഞ്ഞു വന്നിരിക്കുന്നു.
ഇത്തരം വിവാഹങ്ങൾക്ക് ഒരു നിരീശ്വരവാദ പരമായചുറ്റുപാടുകൾ ഉണ്ടെന്ന വാദവും നിലനിൽക്കുന്നു. അതിനാൽ ഇംഗ്ലണ്ടിലും വെയിൽസിലും ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുത നൽകിയിട്ടില്ല. എന്നാൽ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടുന്നു. മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾക്കായി മുറവിളി കൂട്ടുന്നവരുടെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങളുടെയും മരണാനന്തര ചടങ്ങുകളുടെയും എണ്ണത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിരിക്കുന്നതായി” ഹ്യൂമനിസ്റ്റ് യുകെ” എന്ന സംഘടനയുടെ ചെയർമാനായിരിക്കുന്ന ആൻഡ്രൂ കോപ്സൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിന്റെ സുപ്രധാനമായ അവസരങ്ങളിൽ മതപരമായ ആചാരങ്ങളെക്കാൾ ഉപരി ജീവിതത്തിൽ മുറുകെ പിടിക്കുന്ന മൂല്യങ്ങളും വിശ്വാസങ്ങളും ഉയർന്നു നിൽക്കണം എന്ന വാദമാണ് മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങളുടെ അടിസ്ഥാനം.
റേഡിയോ തെറാപ്പി വഴി ക്യാൻസർ കോശങ്ങളെ തേടിപിടിച്ചു അവയെ ഉന്മൂലനം ചെയ്യുവാൻ സാധിക്കും എന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ രോഗ ബാധിതർക്ക് ആശ്വാസമായി പുതിയ കണ്ടെത്തൽ. ലോകം ഒന്നിച്ച് കാൻസർ എന്ന മഹാവ്യാധിയോട് മല്ലിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കണ്ടുപിടുത്തങ്ങൾ ആരോഗ്യ മേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിക്കുന്നു. ബ്രിട്ടനിൽ പതിനായിരത്തിലധികം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരാണെന്ന് കണക്കുകൾ തെളിയിക്കുന്നു. റേഡിയോതെറാപ്പി ഉപയോഗിച്ച പരീക്ഷണങ്ങളിൽ 10ൽ 8 അർബുദ ബാധിതരുടെ കാൻസർ കോശങ്ങൾ ചുരുങ്ങുന്നതായി കണ്ടെത്തി. ഈ പുത്തൻ സാങ്കേതിക രീതി, പ്രോസ്റ്റേറ്റ് സ്പെസിഫിക് മെമ്പറെയിൻ ആന്റിജൻ റേഡിയോതെറാപ്പി എന്നാണ് അറിയപ്പെടുന്നത്. ഈ ചികിത്സാരീതി എൻ എച്ച് എസിൽ ഉൾപ്പെടുത്താൻ ആവുമെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഓങ്കോളജിയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഓസ്ട്രേലിയൻ കാൻസർ വിദഗ്ധൻ ഡോക്ടർ അരുൺ ആസാദ് 200 പുരുഷന്മാരിൽ ഈ ചികിത്സാ രീതി പരീക്ഷിച്ചു വരുന്നു. “അനുകൂലമായ ഒരു ഫലം ആണെങ്കിൽ ഇത് പല അത്ഭുതങ്ങൾക്കും കാരണമാകും” അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചികിത്സാ രീതി വഴി രോഗികളുടെ ആയുസ്സ് പത്തു വർഷം കൂടെ നീട്ടാൻ സാധിക്കും എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ബ്രിട്ടനിലെ ഹാൻസ് ഷായപ് ആണ് റേഡിയോ തെറാപ്പിക്ക് ആദ്യമായി വിധേയനായത്. 2012ലാണ് അദ്ദേഹത്തിൽ ക്യാൻസർ കണ്ടെത്തിയത്.പല ഹോർമോൺ തെറാപ്പികളും കീമോതെറാപ്പികളും നടത്തി. ഈ റേഡിയോതെറാപ്പിക്ക് ഒരു വിധത്തിലുള്ള ദൂഷ്യവശങ്ങളും ഇല്ല എന്ന് 77 വയസ്സുക്കാരൻ ഹാൻസ് പറയുന്നു. “നാലു മണിക്കൂർ പോലും വേണ്ടിവന്നില്ല. ശരീരം മുഴുവനും അല്ല,ട്യൂമറിൽ മാത്രമാണ് റേഡിയോതെറാപ്പി നടക്കുക. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് നല്ല മാറ്റം വന്നിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ ഒരു വർഷം 11,500 പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ കണ്ടുപിടുത്തം ഉറപ്പായും മരണസംഖ്യ കുറയ്ക്കുമെന്ന് ഡോക്ടർമാർ പൂർണമായും വിശ്വസിക്കുന്നു. ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ ട്യൂമറുകൾ മാത്രം കേന്ദ്രീകരിച്ചു അവയെ നശിപ്പിക്കുന്ന രീതിയാണിത്. ഈ മേഖലയിൽ ലോകത്താകമാനം പല പരീക്ഷണങ്ങളുമാണ് നടന്നുവരുന്നത്. ഓസ്ട്രേലിയൻ ഗവേഷകന്റെ പഠനത്തിൽ, കാൻസർ രോഗികളിൽ ഈ തെറാപ്പി 9 മുതൽ 13 മാസം വരെ ആയുസ്സ് വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. യുകെയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ ഇപ്പോൾ അമേരിക്കയിലും ജർമ്മനിയിലും ലഭ്യമാണ്. രണ്ടു വർഷത്തിനുള്ളിൽ എല്ലാ രാജ്യങ്ങളിലും മരുന്നുകൾ ലഭ്യമാക്കാൻ സാധിക്കും എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ ലണ്ടനിലെ പ്രൊഫസർ ജോഹാൻ ഡി ബോണോ അഭിപ്രായപ്പെട്ടു. വർഷത്തിൽ അയ്യായിരത്തിലധികം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരാകുന്നു. 2014ൽ 11287 പേരാണ് ക്യാൻസർ മൂലം യുകെയിൽ മരണപ്പെട്ടത്. പുതിയ കണ്ടുപിടിത്തങ്ങൾ പലരീതിയിലും ആരോഗ്യമേഖലയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്റർനെറ്റ് ഉപയോഗവും , ഇസ്ലാമിക തീവ്രവാദവും സുരക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ദുർഘടമാക്കുന്നുവെന്നു സുരക്ഷാ വകുപ്പ് മന്ത്രി ബെൻ വാലസ് അഭിപ്രായപ്പെട്ടു. സ്മാർട്ട് ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ ആസൂത്രിതമായ കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. കുഴപ്പക്കാർ കൂടുതൽ ശക്തരാകുകയും അവരുടെ ആയുധങ്ങളും ആസൂത്രണങ്ങളും വർദ്ധിക്കുകയും ചെയ്യുന്നതോടെ നമ്മൾ കൂടുതൽ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കേണ്ടതായി വരും എന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന് ഏറിയപങ്കും ഇസ്ലാമിസ്റ്റുകൾ ആണ് നടത്തുന്നതെങ്കിലും വ്യക്തിഗതമായ കുറ്റകൃത്യങ്ങൾ ഏറി വരികയാണെന്ന് സെക്യൂരിറ്റി ചീഫ് അഭിപ്രായപ്പെട്ടു. തീവ്ര വലതുപക്ഷം തങ്ങളുടെ ആക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് തന്ത്രങ്ങളാണ് സ്വീകരിച്ചുവരുന്നത്. സുരക്ഷാവിഭാഗം ഇപ്പോൾ തന്നെ ഏകദേശം 728 മില്യൺ പൗണ്ട് തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി വകയിരുത്തുന്നുണ്ട്. എന്നാൽ വർദ്ധിച്ചുവരുന്ന ഭീഷണികളെ ചെറുക്കാൻ ഈ തുക പോരാതെ വരും എന്നാണ് വാലസിന്റെ കണ്ടെത്തൽ. പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യം കൂടുതൽ തുക ചെലവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. പോലീസ് സേനയ്ക്കും ഇന്റലിജൻസ് വിഭാഗത്തിനും നമുക്ക് കൂടുതൽ തുക വേണം. ഗാർഹിക സുരക്ഷ ആയാലും വിദേശ കാര്യത്തിനായാലും നമ്മൾ ധാരാളം ചെലവാക്കുന്നുണ്ട്, അത് തുടരേണ്ടി വരും. അവർ ചിന്തിക്കുന്നതും ഒരു മുഴം മുന്നേ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. അത് അത്ര നിസ്സാരമല്ല. എല്ലാത്തിനും പണം വേണം. ചെലവാക്കുന്ന ഓരോ പൗണ്ടും സുരക്ഷയ്ക്കായുള്ള ഈടുവെപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 2016 അധികാരമേറ്റ വാലസ് നാളെ ഏറ്റവുമധികം കാലം പദവിയിലിരുന്ന സുരക്ഷാ വകുപ്പ് മന്ത്രിയാകും. സൈനിക മേഖലയിൽ നിന്നുള്ള വ്യക്തിയായ അദ്ദേഹം ഇതിനു മുൻപ് സാൻഡ്വാർസ്റ് മിലിറ്ററി അക്കാദമി ,വടക്കേ അയർലൻഡ്,ജർമനി ,മധ്യ അമേരിക്ക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെയിൽ അവസാനമായി തീവ്രവാദ ആക്രമണം ഉണ്ടായിട്ട് രണ്ടുകൊല്ലം തികയാറാകുന്നു. 2017 ജൂണിൽ ലണ്ടൻ ബ്രിഡ്ജിൽ നടത്തിയ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്. ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017 മാർച്ച് വെസ്റ്റ് മിനസ്റ്റർ ബ്രിഡ്ജിലും 2017 മേയിൽ മഞ്ചസ്റ്റർ അരീനയിലുമായി നടന്ന ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ തങ്ങൾ 19 മേജർ അക്രമങ്ങൾ തടഞ്ഞതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. എന്നാൽ ടോറി നേതാവായ ജെറമി ഹൺഡ്ഡ് ഡൊണാൾഡ് ട്രംപിൻറെ സഹകരണത്തോടെയുള്ള നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നത്.