ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിൽ പെൻഷൻ പ്രായത്തിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. മുൻപ് സ്ത്രീകൾക്ക് 60 വയസ്സും, പുരുഷന്മാർക്ക് 65 വയസ്സും ആയിരുന്നു നിശ്ചയിച്ചിരുന്ന പ്രായം. എന്നാൽ 2018 നവംബറോടുകൂടി സ്ത്രീകളുടെ പെൻഷൻ പ്രായം 65 ആക്കി ഉയർത്തിയിരുന്നു. ഇത് വീണ്ടും ഉയർത്തുന്നതിനുള്ള നടപടികൾ ആണ് ആരംഭിച്ചിരിക്കുന്നത്. 2020 ഓടുകൂടി 66 വയസ്സും, പിന്നീട് 68 വയസ്സും ആക്കാനുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. 1954 മെയ് 6 മുതൽ 1954 ജൂൺ 5 വരെ ജനിച്ചവർക്ക്‌ പെൻഷൻ പ്രായം 2020 ജനുവരി ആറിന് എത്തുന്നതാണ്.

എന്നാൽ പുതിയ നിയമം അനുസരിച്ച് ഒരു കൃത്യ തീയതി എന്നതിനേക്കാളുപരി 66 വയസ്സ് ആകുമ്പോൾ പെൻഷൻപ്രായം എത്തുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ. വരുംവർഷങ്ങളിൽ പെൻഷൻ പ്രായം ഉയർത്തുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. പെൻഷൻ പ്രായത്തെ സംബന്ധിക്കുന്ന മാറ്റങ്ങൾ ഗവൺമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.