ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചതിന് ശേഷം നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് നീങ്ങും. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പെയിനും രംഗത്ത് വന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ നിര്‍ത്തലാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം ഇ.യു വില്‍ നിന്ന് പുറത്തുപോകല്‍ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നും സ്‌പെയ്ന്‍ പറഞ്ഞു.
ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും സമവായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങളില്ലെന്നും റൂട്ട് വ്യക്തമാക്കി. ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാര്‍ക്കോണ്‍ വിഷയത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ ഇടപെടലിനെക്കുറിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. പുതിയ നേതാവ് വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വേഗത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം പ്രതിസന്ധികള്‍ക്കിടയിലും മേയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കണ്‍സര്‍വേറ്റീവ് ആരംഭിച്ചു കഴിഞ്ഞു. നേതാക്കള്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം മേയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്‌സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്നും മേ പറഞ്ഞു. നിലവില്‍ സാജിദ് ജാവിദ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങി 15 ഓളം നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.
പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്.
യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്‍മാറ്റക്കരാര്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന്‍ സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.
പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
പഠന വൈകല്യവും ഓട്ടിസവും ബാധിച്ചവരെ എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാര്‍ അധിക്ഷേപിക്കുന്ന രംഗങ്ങളുമായി ഡോക്യുമെന്ററി പുറത്ത്. ബിബിസി പനോരമയാണ് ഞെട്ടിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടത്. കൗണ്ടി ഡേര്‍ഹാമിലെ വോള്‍ട്ടണ്‍ ഹോള്‍ കെയറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികളെ ജീവനക്കാര്‍ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതുമായ രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രോഗികളെ മനപൂര്‍വം ഉപദ്രവിക്കാറുണ്ടെന്ന് ആറ് ജീവനക്കാര്‍ ഒലിവിയയോട് പറഞ്ഞു. രോഗികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.
സംഭവം മാനസിക പീഡനമാണെന്ന് ലേബര്‍ കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പുറത്തുവന്നതിനെത്തുടര്‍ന്ന് ക്ഷമാപണവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ കണ്ട കാര്യങ്ങള്‍ അപലപനീയമാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ കരോളിന്‍ ഡൈനനേജ് കോമണ്‍സില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യ, പരിപാലന സംവിധാനങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണോ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും അവര്‍ വിശദീകരിച്ചു.
വീട്ടില്‍ നിന്ന് അകന്ന് ഇത്തരം കെയറുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ടത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 17 ബെഡുകളുള്ള ആശുപത്രി അന്വേഷണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഡേര്‍ഹാം കോണ്‍സ്റ്റാബുലറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗികളെ ഇവിടെ നിന്ന് മാറ്റുകയും സ്ഥാപനത്തിലെ 16 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2017ല്‍ വളരെ മികച്ച സ്ഥാപനമെന്ന് സാക്ഷ്യപ്പെടുത്തിയ കെയര്‍ ക്വാളിറ്റി കമ്മീഷനും സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാതെ വന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. നിരവധി പേര്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടുവെന്നാണ് വിവരം. ലോക്കല്‍ കൗണ്‍സിലുകളുടെ ക്ലെറിക്കല്‍ പിഴവുകള്‍ മൂലം നിരവധിയാളുകളുടെ പേരുകള്‍ അയോഗ്യമാക്കപ്പെട്ടിരുന്നുവെന്നാണ് നിരാശരായ വോട്ടര്‍മാര്‍ അറിയിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കരുതുന്നതായി ചിലര്‍ ആരോപിക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ചിലര്‍ വ്യക്തമാക്കി. ഹിതപരിശോധനയിലും ജനറല്‍ ഇലക്ഷനിലും വോട്ടു ചെയ്യാന്‍ കഴിയാതിരുന്ന ചിലര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. അതില്‍ വോട്ട് നിഷേധിക്കപ്പെട്ടത് തങ്ങളെ നിശബ്ദരാക്കിയതിനു തുല്യമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
വിവേചനത്തിന്റെ വികൃത മുഖമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതെന്ന് ലേബര്‍ എംപി ഡേവിഡ് ലാമി പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടവര്‍ മൂന്നു വര്‍ഷത്തോളം അപമാനിക്കപ്പെട്ടവരാണ്, ചൂഷണത്തിന് വിധേയരാക്കപ്പെട്ടവരാണ്, സ്വന്തം വീടുകളില്‍ താമസിക്കണമെങ്കില്‍ അനുവാദത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും ലാമി പറഞ്ഞു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമ നടപടിയുണ്ടായേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ബാരിസ്റ്റര്‍ അനേലി ഹോവാര്‍ഡ് പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടതിലൂടെ ഒന്നിലേറെ യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഫങ്ഷനിംഗ് ഓഫ് ദി യൂറോപ്യന്‍ യൂണിയനിലെ ആര്‍ട്ടിക്കിള്‍ 20 ഉള്‍പ്പെടെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ വോട്ടവകാശം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ലഭ്യമാക്കുന്ന വ്യവസ്ഥയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതായി വരുന്നുണ്ടെങ്കില്‍ അത് വിവേചനം തന്നെയാണെന്നും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും അനേലി വ്യക്തമാക്കി.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്ക് സഹായം എത്തിക്കുന്നതിന് നാഷണൽ ഹെൽത്ത് സർവീസ് ഹോസ്പിറ്റൽ ഇടുന്ന പദ്ധതി ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ് സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ചികിത്സതേടാൻ ആഗ്രഹിക്കുന്ന രോഗികൾ ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഓൺലൈൻ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തുടർചികിത്സ അവർക്ക് ആവശ്യമാണോ എന്ന് രോഗികളെ അറിയിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
വീട്ടിലോ ജോലിയിലോ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് രോഗികൾക്ക് അവരുടെ കൺസൾട്ടൻറ്സുമായി സംസാരിക്കാൻ കഴിയും. നൂറുകണക്കിന് ആളുകൾക്ക് പ്രതിവർഷം ഈ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ ബർമിങ്ഹാം (യുഎച്ച്ബി) ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്
അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അട്ടിമറി തോല്‍വി. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യു.പിയിലെ ഈ ലോക്സഭ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് തോല്‍വി. 54731 വോട്ടുകള്‍ക്കാണ് തോല്‍വി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്.
2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2004ൽ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ തന്റെ ആദ്യ ജയം കൊയ്തത്. 2009 ൽ ഭൂരിപക്ഷം 3,70,198 വോട്ടായി. കഴിഞ്ഞ തവണ ശക്തമായ മോദി തരംഗത്തിൽ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനോട് പകരം വീട്ടിയത്.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽ നിന്നും അമേഠിയിൽ തോറ്റ സ്ഥാനാർഥി. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്‌നെ തോൽപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചു. 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവിൽ അമേഠിയിലെ ജനങ്ങൾ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പരാജയപ്പെടുത്തി. 1977 ൽ സഞ്ജയ് ഗാന്ധി തോൽക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോൽവിക്കുള്ള കാരണം ഏറെ ചർച്ച ചെയ്യപ്പെടും.
അമേഠി: ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേഠിയില്‍ നോട്ടയ്ക്കും പിന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. മണ്ഡലത്തിലെ 73 ശതമാനം വോട്ട് എണ്ണിത്തീരുമ്പോള്‍ 15000 വോട്ടിന്റെ ലീഡാണ് സ്മൃതി ഇറാനിക്കുള്ളത്. നോട്ട 1287 വോട്ട് നേടിയപ്പോള്‍ 333 വോട്ടാണ് സിപിഎമ്മിന് നേടാനായത്. പശ്ചിമ ബംഗാളിലും സമാനമായ അവസ്ഥ സിപിഎമ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്.
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള്‍ ഇത് തങ്ങളുടെ വിജയമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി നേതാവ് കെ കെ രമ. കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു എന്ന് രമ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ നേരുന്നു എന്നും രമ പറഞ്ഞു.
രമയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു…
കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജന്‍ മത്സരിക്കുന്നത് വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്നും രമ പ്രക്യാപിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ വോട്ട് തേടി ജയരാജന്‍ പര്യടനം നടത്തുമ്പോൾ വടകരയിൽ കൊലപാതകത്തിനെതിരെ കൂട്ടായ്മ നടത്തുകയായിരുന്നു ആർഎംപിയും രമയും. ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിന് രമയ്‌ക്കെതിരെ കേസുമുണ്ടായിരുന്നു.
വടകരയില്‍ 50000 ന് മുകളില്‍ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മുന്നേറുന്നത്.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2 മണിക്കൂറില്‍ അരക്ഷത്തിലേക്ക് എത്തി. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്
ബിനോയി ജോസഫ്
എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.
ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.
ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.
യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.
കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.
1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.
2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.
3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.
4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.
കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.