ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ സ്വപ്‌നങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. അതിനായുള്ള ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ ഒരു പ്രേമലേഖനം എഴുതുകയുണ്ടായി. മറ്റാർക്കും വേണ്ടിയല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകുന്ന ബ്രിട്ടനുവേണ്ടി.. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിൽ അതിയായ ദുഃഖം ഉണ്ടെന്ന് അദ്ദേഹം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയനിലാണ് ടിമ്മർമാൻ തന്റെ ‘പ്രേമലേഖനം’ എഴുതിയത്.

“അടുത്തിടെ പ്രേമലേഖനത്തിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ അത് ബ്രിട്ടനോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റോമിലെ സെന്റ് ജോർജ്ജ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സമയം ഡച്ച് പൗരൻ ഓർമ്മിക്കുന്നു. ഒപ്പം ബ്രിട്ടൻ എല്ലായ്പ്പോഴും തന്റെ ഒരു ഭാഗമായി തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എനിക്ക് നിന്നെ ഇപ്പോൾ അറിയാം. നീ ആരാണെന്നും നീയെനിക്ക് തന്നത് എന്താണെന്നും ഓർത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ ഒരു പഴയ കാമുകനെപ്പോലെയാണ്.”ടിമ്മർമാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ നീ പോകുന്നു ; ഇതെന്റെ ഹൃദയത്തെ തകർക്കുന്നു. ” അദ്ദേഹം എഴുതി.

“നീ പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ പിന്നീട് ഓർത്തപ്പോൾ നമ്മുടെ കുടുംബബന്ധങ്ങൾ തകരുന്നില്ല എന്നോർത്ത് എനിക്ക് ആശ്വാസമായി.” തിരിച്ചുവരാൻ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ടിമ്മർമാന്റെ കത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് കത്തിനെക്കുറിച്ച് എതിരഭിപ്രായം ആയിരുന്നു. 2020 ജനുവരി 31ന് ആണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്.