മക്‌ഡൊണാള്‍ഡ്‌സിന്റെ കാര്‍പാര്‍ക്കില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് പിഴ. ലിനെറ്റ് വില്‍ഡിഗ് എന്ന 34കാരിക്കാണ് 330 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ഇവര്‍ രണ്ടു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്നാണ കണ്ടെത്തിയത്. കാനക്കിലാണ് സംഭവം. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് 75 പൗണ്ട് വീതവും പിഴ ചുമത്തിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ പിഴയടച്ചിരുന്നെങ്കില്‍ ഇത് 50 പൗണ്ടായി കുറയുമായിരുന്നു. അപ്രകാരം ചെയ്യാതിരുന്നതിനാല്‍ മുഴുവന്‍ തുകയും അടക്കണമെന്ന് കാനക്ക് കൗണ്‍സിലിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ലിനെറ്റിനോട് ആവശ്യപ്പെട്ടു. പിഴയടക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കേസ് കോടതിയിലെത്തുകയായിരുന്നു.
നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ മജിസ്‌ട്രേറ്റ് ലിനറ്റ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കോടതിയാണ് ഇവര്‍ക്ക് നല്‍കിയ പിഴത്തുക 220 പൗണ്ടായി ഉയര്‍ത്തിയത്. പ്രോസിക്യൂഷന്‍ ചെലവായി 80 പൗണ്ടും സര്‍ചാര്‍ജായി 30 പൗണ്ടും കൂടി നല്‍കാന്‍ കോടതി വിധിച്ചു. കൗണ്‍സില്‍ നല്‍കിയ പിഴയടച്ചിരുന്നുവെങ്കില്‍ കോടതി നല്‍കിയ ശിക്ഷയില്‍ നിന്ന് ലിനറ്റിന് ഒഴിവാകാമായിരുന്നുവെന്ന് കൗണ്‍സിലിന്റെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മാനേജര്‍ മൈക്ക് വോക്കര്‍ പറഞ്ഞു. സിഗരറ്റ് കുറ്റി പോലെയുള്ള ചെറിയ വസ്തുക്കള്‍ പോലും മാലിന്യമായാണ് കണക്കാക്കുന്നത്. അവ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണ്.
ആദ്യമായി ഈ കുറ്റത്തിന് പിടികൂടപ്പെടുന്നവര്‍ക്ക് പെനാല്‍റ്റി നോട്ടീസ് നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ അവര്‍ പ്രോസിക്യൂഷനെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റ് മാലിന്യവും ടേക്ക് എവേ മാലിന്യവുമായി ഓരോ വര്‍ഷവും 245 ടണ്‍ മാലിന്യമാണ് കൗണ്‍സില്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജാപ്പനീസ് കാര്‍ കമ്പനിയായ ഹോണ്ട തങ്ങളുടെ യുകെയിലെ ഫാക്ടറി 2021ല്‍ അടച്ചുപൂട്ടുന്നു. പഠനങ്ങളുടെ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സ്വിന്‍ഡനിലെ പ്ലാന്റ് അടക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 3500 ഓളം പേര്‍ക്ക് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. പ്ലാന്റ് അടക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു. വെസ്റ്റ് ലണ്ടനില്‍ നിന്ന് 70 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ജനപ്രിയ മോഡലായ സിവിക് നിര്‍മിക്കുന്നത്. പ്ലാന്റില്‍ ഒന്നര ലക്ഷം കാര്‍ യൂണിറ്റുകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. 2021ലാണ് നിലവിലുള്ള മോഡലിന്റെ പ്രൊഡക്ഷന്‍ ലൈഫ് സൈക്കിള്‍ അവസാനിക്കുന്നത്. അതിനു ശേഷം പ്ലാന്റ് അടക്കാനാണ് തീരുമാനം.
ഈ തീരുമാനത്തിലെത്തുന്നതിനു മുമ്പായി നടത്തിയ കണ്‍സള്‍ട്ടേഷനില്‍ നിരവധി സംഘടനകളും ഗവണ്‍മെന്റും പങ്കെടുത്തെന്ന് ഹോണ്ട അറിയിച്ചു. യുണൈറ്റ് യൂണിയന്‍ നിയോഗിച്ച എക്‌സ്‌റ്റേണല്‍ കണ്‍സള്‍ട്ടന്റുമാരും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോണ്ട യുകെയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. യുകെ സാമ്പത്തിക വ്യവസ്ഥയില്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥയും അതുണ്ടാക്കുന്ന ആഘാതങ്ങളുമായിരുന്നു പശ്ചാത്തലം. എന്നാല്‍ പ്ലാന്റ് അടക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ബ്രെക്‌സിറ്റ് അല്ലെന്നാണ് ഹോണ്ടയുടെ വിശദീകരണം.
ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വിശാലമായ ആഗോള സ്ട്രാറ്റജി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് പരിഗണിക്കുന്നത്.
കണ്ണൂർ: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിച്ചതിന് പിന്നാലെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്‌സിനുള്ള പുരസ്‌കാരമായ ‘സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്’ പൂഞ്ഞാറുകാരി ഡിനു ജോയിക്ക്. 2019 വർഷത്തിലെ കേരള സംസ്ഥാന മികച്ച നേഴ്സിനുള്ള “സിസ്റ്റർ ലിനി പുതു ശേരി അവാർഡ് ” കോട്ടയം ജില്ലയിലെ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്‌സും ആർദ്രം പദ്ധതിയുടെ സംസ്ഥാന പരിശീലകയുമായ ശ്രീമതി ഡിനു എം ജോയിക്ക് ബഹു ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ കെ ഷൈലജ ടീച്ചർ കണ്ണൂരിൽ നടന്ന നേഴ്‌സസ് വാരാഘോഷത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനത്തിൽ വച്ച് സമ്മാനിച്ചു.
കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് നേഴ്‌സിങ് കോളേജിൽ നിന്നും നേഴ്സിങ് പാസ്സായത്. എം എസ് സി നഴ്സിംഗ് ബിരുദാനന്തരബിരുദധാരിയായ ശ്രീമതി ഡിനു എം ജോയി മഹാത്മാ ഗാന്ധി സർവകല ശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുമാണ് ഇപ്പോൾ. പൂഞ്ഞാർ പെരിങ്ങുളം സ്വദേശി നിയാണ്. വരിക്കപ്ലാക്കൽ ശ്രീ ജോബി ജോസഫിന്റെ ഭാര്യ യാണ്. ഡിജൽ , ഡിയോൺ എന്നിവർ മക്കളാണ്. ഉരുളികുന്നം മടുക്കാവിൽ പരേതനായ എം വി തോമസിന്റെയും മേരിയുടെയും മകളാണ് ഡിനു.
കോട്ടയം നഗരസഭയോടൊപ്പവും ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഏറ്റെടുത്തു നടത്തപ്പെടുന്ന ഒട്ടുമിക്ക ആരോഗ്യ സെമിനാറുകൾക്കും ക്ലാസുകൾ എടുക്കുന്ന ഡിനു കോട്ടയം ജില്ലയുടെ മാത്രമല്ല കേരളം എന്ന സംസ്ഥാനത്തു തന്നെ നിറഞ്ഞു നിൽക്കുന്ന മാലാഖയാണ് ഈ കോട്ടയംകാരി.
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ പിതാവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സഹോദരൻ ബിജു മാത്യു സ്രാമ്പിക്കൽ വിവാഹം കഴിച്ചിരിക്കുന്നത് ഡിനുവിന്റെ സഹോദരി ദീപയെയാണ്.ലിനിയുടെ മരണം നിപാ വൈറസ് ഭീതിയുടെ കാലത്ത് സംസ്ഥാനത്തിന്റെ തീരാവേദനയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി, നിപ ബാധിതനായ യുവാവിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. ഇതിന് പിറകെയാണ് പനി ബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപ്പോർട്ട് ലഭിച്ചത്. തുടർന്നാണ് കേരള സർക്കാർ ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.
മേരി ക്വീൻസ് നേഴ്‌സിങ് ബാച്ചിന്റെ ചിത്രം.
വിദേശികളായ നൂറു കണക്കിന് ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിസ, ഹെല്‍ത്ത്‌കെയര്‍ ഫീസായി ഓരോ വര്‍ഷവും ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടി വരുന്നതിനാലാണ് ഡോക്ടര്‍മാര്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വര്‍ക്കിംഗ് വിസയ്ക്കായി ആയിരക്കണക്കിന് പൗണ്ട് നല്‍കണം. എന്‍എച്ച്എസ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഓരോ കുടുംബാംഗത്തിനും 400 പൗണ്ട് വീതവും നല്‍കണം. ഇത് താങ്ങാനാവാത്തതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഇവര്‍ ഒരുങ്ങുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ നിലപാടെടുത്തിരിക്കുന്നത്.
ഡോക്ടര്‍മാരുടെ ക്യാംപെയിനിംഗ് സംഘടനയായ എവരിഡോക്ടറില്‍ 500ലേറെ ഡോക്ടര്‍മാരാണ് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്. എന്‍എച്ച്എസിന് ഡോക്ടര്‍മാരെ ആവശ്യമുണ്ടെങ്കിലും ഇത്തരം നയങ്ങള്‍ യുകെയിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തങ്ങള്‍ ഒരു രണ്ടാംകിട ജീവനക്കാരാണെന്നും ഒട്ടും ആവശ്യമില്ലാത്തവരാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യക്കാരനായ ഒരു എന്‍എച്ച്എസ് ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹവും യുകെയില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്‍എച്ച്എസിനു വേണ്ടി ജോലിചെയ്യാന്‍ തയ്യാറാണെങ്കിലും ഇമിഗ്രേഷന്‍ സംവിധാനം ഇവിടെ ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ കുറവു മൂലം ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ ഈ തീരുമാനം ഇരുട്ടടിയാകുമെന്നത് ഉറപ്പാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ആശുപത്രികളുടെയും ജിപി സര്‍വീസുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഇവര്‍ യുകെയിലെത്തിയാല്‍ വളരെ മോശമായാണ് അവരെ പരിഗണിക്കുന്നതെന്ന് എവരിഡോക്ടറിലെ ഡോ.ജൂലിയ പാറ്റേഴ്‌സണ്‍ പറഞ്ഞു.
ലണ്ടന്‍: തൊഴിലാളികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സ്ഥാപനങ്ങളുടെ ഉടമകള്‍ അതീവ ശ്രദ്ധചെലുത്തണമെന്ന് മുന്നറിയിപ്പ് നല്‍കി യു.കെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ യു.കെ വര്‍ഷത്തില്‍ 42 ബില്യണ്‍ പൗണ്ടാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ചെലവഴിക്കുന്നത്. അവസാനം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മാനസിക പ്രശ്‌നങ്ങള്‍ മൂലം ജീവന്‍ അവസാനിപ്പിക്കുന്നവരുടെ അഭാവം മൂലം തൊഴില്‍ മേഖലയ്ക്ക് 27 ബില്യണ്‍ പൗണ്ടിന്‍രെ നഷ്ടമുണ്ടാവുന്നുണ്ട്. തൊഴിലാളികളുടെ മാനസിക സൗഖ്യം സ്ഥാപനം വലിയ മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് ഹാന്‍കോക്ക് പറഞ്ഞു. പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ബോസുമാരോട് മാനസിക പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നില്ല. പ്രധാനമായും ഭയമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്, അതില്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.
മാനസികാരോഗ്യം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ആളുകള്‍ക്ക് അവര്‍ക്കു സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവിനെയാണ്. കുറേക്കൂടി ലളിതമായി പറഞ്ഞാല്‍ സമ്പൂര്‍ണ ശാരീരിക, മാനസിക സാമൂഹിക ക്ഷേമം ഉണ്ടാകുക. അസുഖമോ ബലക്ഷയമോ ഇല്ലാതിരിക്കുക എന്നത് മാത്രമല്ല. ഒരു വ്യക്തിയുടെ ക്ഷേമം അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ജീവിതത്തിലെ ചെറിയ സമ്മര്‍ദ്ദങ്ങളെ താങ്ങാനും, തൊഴില്‍ മേഖലയിലെ ഉദ്പാദന ക്ഷമതയും സമൂഹത്തില്‍ അവര്‍ നല്‍കുന്ന സംഭാവനകളും അടിസ്ഥാനമാക്കിയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ ആരും തന്നെ മാനസിക പിരിമുറക്കുങ്ങളെക്കുറിച്ച് തുറന്നു പറയാത്തതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തങ്ങള്‍ ഒറ്റപ്പെടുമോയെന്ന ഭയമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ സ്ഥാപനങ്ങളുടെ മേലധികാരികള്‍ തൊഴിലാളിയുടെ ക്ഷേമത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധ പതിപ്പിച്ചിരിക്കണമെന്നാണ് പ്രധാനമന്ത്രി തെരേസ മേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നാമെല്ലാം തന്നെ നമ്മെ പരീക്ഷണത്തിന് വിധേയരാക്കുന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. വ്യക്തിപരവും, തൊഴില്‍ സംബന്ധവുമായ പ്രതിസന്ധികള്‍ മൂലം താത്കാലിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുകയും ചെയ്യും.അതെന്തായാലും നമ്മുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്ന് നമുക്ക് തോന്നിയാല്‍, ചിലപ്പോള്‍ അത് മാനസിക രോഗത്തിന്റെ ഒരു സൂചനയാകാം. ഇത്തരം ചിന്തകളിലാണ് പ്രധാനമായും നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരിക. ആ സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കാന്‍ തൊഴിലുടമ തയ്യാറാവണമെന്നും ഇതിനായി മുന്‍കൈ എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെയും ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യാനാണ് യു.കെ ആരോഗ്യരംഗം ശ്രമം നടത്തുന്നത്.
ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍. 1190 കോടി പൗണ്ട് ആണ് ഇവരുടെ ആസ്തി. സണ്‍ഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇവര്‍ കൂടാതെ ലക്ഷ്മി മിത്തല്‍ അടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വാഹനം, റിയല്‍ എസ്റ്റേറ്റ്, എണ്ണ തുടങ്ങിയ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പ് വ്യവസായം നടത്തുന്നത്.
കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ വ്യവസായി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. രണ്ടാമതുണ്ടായിരുന്ന ഉരുക്കു മേഖലയിലെ അധികായരായ ലക്ഷ്മി മിത്തല്‍ ഈ വര്‍ഷം മൂന്നാം സ്ഥാനത്തുമാണ്.
പ്രകാശ് ലോഹ്യ, പ്രഭു സഭയില്‍ അംഗമായ സ്വരാജ് പോള്‍, അനില്‍ അഗര്‍വാള്‍,അജയ് ഖല്‍സി എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍.ഇതിനു മുന്‍പ് 2014 ലും, 2017 ലും ഇവര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. യു കെ യിലെ 1000 സമ്പന്നരില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
യോര്‍ക്ക്ഷയറിലെ കാര്‍ പാര്‍ക്കില്‍ 15 കാരിയായ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. എക്സ്റ്റസി മരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ ഒരു നോര്‍ത്തലേര്‍ട്ടന്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മിഡില്‍സ്ബറോയിലെ ജെയിംസ് കുക്ക് ഹോസ്പിറ്റലില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആപ്പിള്‍ഗാര്‍ത്ത് കാര്‍ പാര്‍ക്കില്‍ കുഴഞ്ഞു വീഴുന്നതിനു മുമ്പ് പെണ്‍കുട്ടി എംഡിഎംഎ ഗുളിക കഴിച്ചിരുന്നുവെന്ന് നോര്‍ക്ക് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മരുന്നാണോ മരണത്തിന് കാരണമായതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും പരിശോധിച്ചു വരികയാണെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ സിന്‍ഗ്രോവ് അറിയിച്ചു. ആരെങ്കിലും എംഡിഎംഎ മരുന്ന് വാങ്ങിയിട്ടുണ്ടെങ്കില്‍ കരുതലോടെ കഴിക്കണമെന്നും മരുന്ന് കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ തോന്നിയാല്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ഗാര്‍ത്ത് കാര്‍പാര്‍ക്കിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സംഭവത്തേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധനകള്‍ നടത്തി. വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം നമ്പറായ 101ല്‍ വിളിക്കണമെന്നും 12190085105 എന്ന റഫറന്‍സില്‍ വിവരങ്ങള്‍ കൈമാറാമെന്നും സിന്‍ഗ്രോവ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു ഭീഷണികള്‍ വന്നതോടെ 24 മണിക്കൂറും പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്ത്. ബ്രിട്ടനിലെ ഈവർഷത്തെ മികച്ച രാഷ്ട്രീയനേതാവിനുള്ള പുരസ്കാരം നേടിയ ആളാണ് സാദിഖ് ഖാന്‍. ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് അദ്ദേഹം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥി സാക് ഗോള്‍ഡ് സ്മിത്തിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
2016-ലെ ബ്രെക്സിറ്റ് റഫറണ്ടത്തിന് ശേഷമാണു ഇത്രയധികം ഭീഷണികള്‍ ഉയര്‍ന്നതെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ മാത്രം 17 കേസുകളാണ് പോലീസിന് രജിസ്റ്റര്‍ ചെയ്തതെന്നും, സോഷ്യൽ മീഡിയയിലൂടെ 237 ഭീഷണികളാണ് ഉണ്ടായതെന്നും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളിലും ട്രോളുകളിലും തുടങ്ങി ഭീകരവാദിയായി ചിത്രീകരിക്കുന്നതില്‍വരേ കാര്യങ്ങള്‍ എത്തിയിരിക്കുന്നതായി സാദിഖ് ഖാന്‍ വെളിപ്പെടുത്തി.
“ഇത്തരം ഭീഷണികളെ ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷെ, എന്‍റെ കൂടെയുള്ളവര്‍ അങ്ങനെയല്ല. ലണ്ടന്‍ മേയറായും പൊതുജീവിതത്തില്‍ ഒരു മുസ്ലിമായും ജീവിക്കാന്‍ എനിക്കു കഴിയണം. അതിനാണ് പോലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചത്” സാദിഖ് ഖാന്‍ പറഞ്ഞു. ബ്രക്സിറ്റ് പ്രഖ്യാപനത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളികളും ഭീഷണിയും വര്‍ധിച്ചുവെന്ന പരാതിയുമായി പന്ത്രണ്ടോളം എം.പിമാര്‍ ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്. ലേബര്‍പാര്‍ട്ടി എം.പിയായിരുന്ന ജോ കൊക്സിന്‍റെ കൊലപാതകത്തെ തുടർന്ന് എല്ലാ എംപിമാരുടെയും സുരക്ഷ വർധിപ്പിച്ചിരുന്നു.
ഇസ്ലാമോഫോബിയയും യഹൂദവിരോധവും വംശീയതയും സമൂഹത്തില്‍ കൂടി വരികയാണെന്നും, വ്യക്തിഹത്യയില്‍ തുടങ്ങി ജോ കൊക്സിനു സംഭവിച്ചതുപോലെ കൊലപാതങ്ങളിലാണ് അതു കലാശിക്കുന്നതെന്നും സാദിഖ് ഖാന്‍ പറയുന്നു.
ലണ്ടന്‍: വായു മലിനീകരണ നിരക്കില്‍ കുറവു വരുത്താന്‍ ഉതകുന്ന പദ്ധതിയുമായി യു.കെ. പദ്ധതിയുടെ ഭാഗമായി യു.കെയുടെ ഹൃദയഭാഗമായ ലണ്ടനില്‍ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഡബിള്‍ ഡെക് ബസുകള്‍’ സര്‍വീസ് ആരംഭിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഡബിള്‍ ഡെക് ബസു’കളായിരിക്കും ഇത്. ഏതാണ്ട് 500,000 പൗണ്ടാണ് ാെരോ ബസിനും ചെലവ് വന്നിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതലാവും ഇവ പ്രവര്‍ത്തനമാരംഭിക്കുക. നിലവില്‍ ഇരുപത് പുതിയ ബസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. ലണ്ടനില്‍ മാത്രമാകും ആദ്യഘട്ട പദ്ധതി നടപ്പിലാക്കുക.
സാധാരണ ഡീസല്‍ ഡബിള്‍ ഡെക് ബസുകളെക്കാല്‍ വിലക്കൂടുതലാണ് ഹൈഡ്രജന്‍ ബസുകള്‍ക്ക്. എന്നാല്‍ മലനീകരണത്തിന്റെ കാര്യത്തില്‍ ഡീസല്‍ ബസുകള്‍ വലിയ അപകടം പിടിച്ചവയാണ്. ലണ്ടനെപ്പോലെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഡീസല്‍ ബസുകള്‍ വലിയ തോതില്‍ വായു മലനീകരണം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ലണ്ടന്‍ നഗരത്തില്‍ ഹൈഡ്രജന്‍ ബസുകള്‍ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. ശരാശരി ഡീസല്‍ ബസുകളുടെ വില 200,000 പൗണ്ട് മാത്രമാണ്. എന്നാല്‍ ഹൈഡ്രജന്‍ ബസുകള്‍ക്ക് 500,000 പൗണ്ട വരെ നല്‍കേണ്ടി വരും. വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ക്ലെയര്‍ മാന്‍ പറഞ്ഞു.
2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ല്‍ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വര്‍ത്തിച്ചിട്ടുള്ളതായി പറയുന്നു. അന്താരാഷ്ട ഊര്‍ജ ഏജന്‍സിയും ഇതിനെ ശരിവയ്ക്കുന്നു. പല രീതിയിലാണ് മാലിന്യങ്ങള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സമുദ്രജലം ബാഷ്പീകരിച്ചുണ്ടാവുന്ന ലവണകണികകള്‍, സജീവ അഗ്‌നിപര്‍വതങ്ങള്‍ പുറന്തള്ളുന്ന ധൂളികണങ്ങള്‍ വിഷവാതകങ്ങള്‍ തുടങ്ങിയവ നൈസര്‍ഗിക മാലിന്യങ്ങളാണ്. ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങളും വാഹനങ്ങള്‍ പുറന്തള്ളുന്ന വിഷപുകയും മനുഷ്യനിര്‍മിത മാലിന്യങ്ങളാണ്. വാഹനങ്ങളിലെ വിഷപ്പുക നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തിവരികയാണ്. യു.കെയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
നൈജല്‍ ഫരാഷിനും അദ്ദേഹത്തിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിക്കും ജനപിന്തുണയേറുന്നതായി റിപ്പോര്‍ട്ട്. ലേബര്‍, കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളില്‍ ആശങ്കയേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നത്. തങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് മുതിര്‍ന്ന ടോറി, ലേബര്‍ നേതാക്കള്‍. രണ്ടു മുഖ്യധാരാ പാര്‍ട്ടികള്‍ ചേര്‍ന്നാലും ലഭിക്കുന്നതിനേക്കാള്‍ ജനപിന്തുണ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പുതിയ പോള്‍ വ്യക്തമാക്കുന്നത്.
ഒബ്‌സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോളില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 34 ശതമാനം ജനപിന്തുണ ലഭിക്കുമെന്നാണ് വ്യക്തമായത്. മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക എന്നതായിരുന്നു ചോദ്യം. ലേബറിന് 21 ശതമാനം വോട്ടുകളും കണ്‍സര്‍വേറ്റീവിന് 11 ശതമാനം വോട്ടുകളും മാത്രമേ ലഭിക്കൂ എന്ന് സര്‍വേ ഫലം പറയുന്നു. ഫരാഷിന്റെ പാര്‍ട്ടിക്ക് ലഭിക്കുന്ന പിന്തുണയുടെ മൂന്നിലൊന്ന് മാത്രമേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവിന് ലഭിക്കൂ എന്നതാണ് റിപ്പോര്‍ട്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പോലും 12 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും.
കഴിഞ്ഞ മാസം മാത്രം നിലവില്‍ വന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണയേറുന്നത് എംപിമാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. യുകെ ഡീലുകളൊന്നുമില്ലാതെ എത്രയും വേഗം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് നൈജല്‍ ഫരാഷിന്റെ അഭിപ്രായം. ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് വിജയമുണ്ടായാല്‍ ഈ വാദം ശക്തമാകുമെന്നാണ് ആശങ്ക.