Main News

ന്യൂസ് ഡെസ്ക്

ശ്രീലങ്കയിലെ ഈസ്റ്റർ ദിനം രക്തപങ്കിലമാക്കി വൻ സ്ഫോടന പരമ്പര. ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ ബോംബ് സ്ഫോടനങ്ങളിൽ  138 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മരിച്ചവരിൽ കാസർഗോഡ് സ്വദേശി പി.എസ് റസീനയും ഉൾപ്പെടുന്നു. മുന്നൂ​റി​ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലും മൂ​ന്ന് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഈ​സ്റ്റ​ർ പ്രാ​ർ​ഥ​ന​യ്ക്കി​ടെ രാവിലെ ആ​യി​രു​ന്നു പ​ള്ളി​ക​ളി​ലെ സ്ഫോ​ട​നം.

കൊളംബോയിലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, നെഗമ്പോയിലെ സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം, ബ​ട്ടി​ക്ക​ലോ​വ​യി​ലെ ദേ​വാ​ല​യം എ​ന്നീ പ​ള്ളി​ക​ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. സി​ന​മ​ണ്‍ ഗ്രാ​ന്‍​ഡ്, ഷാം​ഗ്രി​ലാ, കിം​സ്ബ​റി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി. ഒ​ന്പ​തു വി​ദേ​ശ​വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആ​യി​രു​ന്നു പ​ള്ളി​ക​ളി​ൽ സ്ഫോ​ട​നം റിപ്പോർട്ട് ചെയ്തത്. ര​ണ്ടു പ​ള്ളി​ക​ളി​ൽ ഒ​ന്നി​ലേ​റെ സ്ഫോ​ട​നം ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ട് ഉ​ണ്ട്. അ​തേ​സ​മ​യം, മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സ്ഫോ​ട​ന​ത്തി​ൽ ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​നി​ൽ വി​ക്ര​മ​സിം​ഗെ​യും പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യും ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ശ്രീ​ല​ങ്ക​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ നി​രീ​ക്ഷി​ച്ചു​വ​രി​ക‍​യാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് അ​റി​യി​ച്ചു.

ഷിബു മാത്യൂ

“നീതിയും സത്യവും എന്നാളും ഉയിര്‍ത്തെഴുന്നേല്‍ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്‍മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ്‌ മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.

പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ്‌ മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്‌ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്‌നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര്‍ മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?

അപ്പസ്‌തോലന്മാര്‍ ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.

കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്‌നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.

ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.

പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്‍കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്കുന്നത്?

ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.

ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള്‍ മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.

ഷിബു മാത്യൂ

“ഓശാനയ്ക്ക് എന്തെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമെടുക്കണം എന്ന ഒരു ചിന്ത എന്റെ മനസ്സില്‍ നേരത്തെതന്നെ ഉദിച്ചിരുന്നു. അതിരാവിലെ തന്നെ എണീറ്റ് റെഡിയായി അനൂപിന്റെയടുത്തു നിന്നു ക്യാമറയും വാങ്ങി നേരെ പള്ളിയിലേയ്ക്ക് പോയി. വെറുതേ സമയം കളഞ്ഞതൊഴിച്ചാല്‍ ആഗ്രഹിച്ചതു പോലെ ഒരു ഫ്രെയിമും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരായ രണ്ട് അമ്മച്ചിമാര്‍ നടന്ന് വരുന്നത് കണ്ടത്. അവരില്‍ ഒരാളുടെ കൈയ്യില്‍ രണ്ട് കുരുത്തോലയുണ്ട്. ഇവര്‍ പള്ളിയുടെ നടയിറങ്ങുന്നതിന് തൊട്ടുമുമ്പ് ‘നിനക്ക് രണ്ട് ഓല കിട്ടിയോടീ ?’ എന്ന ചോദ്യവും അതോടൊപ്പം അവരുടെ ഹൃദയത്തില്‍ നിന്ന് വന്ന നിഷ്‌ക്കളങ്കമായ ചിരിയും. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവരത് അറിഞ്ഞില്ല! ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍. പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴെനിക്കുണ്ടായത്”. ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്റെ വാക്കുകളാണിത്.

ഓശാന ഞായറില്‍ ഒരു പുതുമ തേടിയ മലയാളം യുകെയുടെ മുന്നില്‍ ഈ ചിത്രം അതിരാവിലെ തന്നെയെത്തിയിരുന്നു. എന്റെ അതിരമ്പുഴയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഞങ്ങള്‍ ഓശാന ഞായറിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സന്ദേശമായി ഈ ചിത്രം ലോകത്തിന് പരിചയപ്പെടുത്തി. ലോക മലയാളികള്‍ ഒന്നടങ്കം ആസ്വദിച്ച ഈ ചിത്രമെടുത്തയാളെ തേടുകയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങളുടെ പ്രിയ വായനക്കാര്‍ തന്നെ ഞങ്ങളെ സഹായിച്ചു.

ജിതിന്‍ ജെയിംസ് എന്ന ഞങ്ങള്‍ തേടിയ ഫോട്ടോഗ്രാഫര്‍.

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴ പള്ളി ഇടവകാംഗം. പുന്നയ്ക്കപള്ളി വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ബിജി ജെയിംസിന്റെയും ഏകമകന്‍. ജിതിന് രണ്ട് സഹോദരിമാരുണ്ട്. ജിത്തുവും അമലയും. മാന്നാനം കെ ഇ കോളേജില്‍ നിന്നും ബിരുദമെടുത്ത ജിതിനിപ്പോള്‍ എറണാകുളം സി പി സുസുക്കിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് പ്രചോദനമായത് കൂട്ടുകാരാണ്. ജോര്‍ജ്ജ്, അനൂപ്, ഈപ്പന്‍, കുരിയാപ്പി, വിമല്‍, ഫെലിക്‌സ് അങ്ങനെ കുറച്ചു പേര്‍. മൊബൈല്‍ ഫോണിലായിരുന്നു ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് കൂട്ടുകാരുടെ ക്യാമറ ഉപയോഗിച്ചു തുടങ്ങി. കെ. ഇ കോളേജിലെ എന്റെ കൂട്ടുകാരും അതിരമ്പുഴയിലെ എന്റെ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണം. ജിതിന്‍ പറയുന്നു. കൂട്ടുകാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരുമായ ജോബി, കണ്ണന്‍ എന്നിവരുടെ കൂടെ ലൈറ്റ് പിടിച്ച് അവരെ സഹായിക്കാന്‍ ജിതിന്‍ പോകാറുണ്ട്. അതാണ് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശരിയായിട്ടുള്ള അവസരമെന്ന് ജിതിന്‍ പറയുന്നത്. നേരില്‍ കണ്ടും കേട്ടും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും.

അതിരമ്പുഴയ്ക്ക് ഒരു പാട് കാലഘട്ടങ്ങളുടെ കഥ പറയുവാനുണ്ട്. ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളി. പഴയ കെട്ടിടങ്ങളും പഴയ ജീവിതങ്ങളും. ഗ്രാമീണതയില്‍ നിന്നെത്തുന്ന അമ്മച്ചിമാരുടെ കൂട്ടായ്മ. അതിരമ്പുഴ ചന്ത. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ വ്യാപാരം നടത്തുന പഴയ സംസ്‌ക്കാരത്തിലുള്ള ടൗണ്‍. ഇതൊക്കെ ആകര്‍ഷകങ്ങളായ പല ചിത്രങ്ങള്‍ക്കും പശ്ചാത്തലമൊരുക്കും.

ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്തുകയും വേണം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഒന്നുമില്ല. സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കാറുള്ളതുപോലെ എനിക്കും ഒരു ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.

എന്റെ അതിരമ്പുഴ എനിക്കെന്നും പ്രചോദനമാണ്. അതിരമ്പുഴ പള്ളിയും യുവദീപ്തിയും ഞങ്ങളുടെ വികാരിയച്ചനും കൊച്ചച്ചനും കപ്പൂച്ചിന്‍ സഭയിലെ ബ്രദേഴ്‌സുമൊക്കെ ഇതില്‍പ്പെടുന്നു. ഫേസ്ബുക്കിലെ christian trolls എന്ന ഗ്രൂപ്പിലും സജ്ജീവമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവും എനിക്ക് തരുന്ന സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതുണ്ട്.

സ്വന്തമായി ഒരു വാഹനം എനിക്കില്ല. നടക്കുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതാണ് കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് സാധിക്കുന്നതും. ഒരു കാഴ്ച കാണുമ്പോള്‍ അത് എന്റെ മൂന്നാം കണ്ണില്‍ ഒപ്പും. അതാണ് എന്റെ ശീലം. അതില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ടാകും. ഈ ചിത്രവും അങ്ങനെ സംഭവിച്ചതാണ്. അതിരമ്പുഴ പള്ളിയില്‍ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരില്‍ വേഷവിധാനത്തില്‍ വേറിട്ടു നില്‍ക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ മൂന്നാം കണ്ണില്‍ പെട്ടു. അത് ചിത്രമായി.

എല്ലാ കാഴ്ചകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. നമ്മള്‍ അതിനെ കാണുന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകതകള്‍. ഫോട്ടോ ജീവന്‍ തുടിയ്ക്കുന്നതാകണം. ഓശാന ഞായറാഴ്ചത്തെ ചിത്രത്തേക്കുറിച്ച് ഒരു പാട് പറയുവാന്‍ സാധിക്കും. ഒരു കാലഘട്ടം, നിഷ്‌കളങ്കതയുടെ പര്യായം, ഒരു സംസ്‌കാരം അങ്ങനെ പലതും. സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പുകള്‍ വരെ എഴുതിയ വരുമുണ്ട്. ജിതിന്‍ പറയുന്നു.

എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് നന്ദി മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ…
കത്തോലിക്കാ സഭയുടെ ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്‍ പുന്നയ്ക്ക പള്ളിയ്ക്ക് മലയാളം യുകെയുടെ ആശംസകള്‍..

ലണ്ടന്‍: തലച്ചോറില്‍ രക്തസ്രാവമുണ്ടായത് തിരിച്ചറിയാതെ വിമാനയാത്രയ്‌ക്കൊരുങ്ങിയ മധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചത് എന്‍.എച്ച്.എസിന്റെ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍. അഡ്രിയാന്‍ ലാന്‍കാസ്റ്റര്‍ എന്ന് 56കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ, ജോലി സംബന്ധിയായി ഓസ്ട്രിയയിലായിരുന്ന കുറച്ചു ദിവസം. ജോലികള്‍ എ്ല്ലാം പൂര്‍ത്തിയാക്കി യു.കെയിലേക്ക് മടങ്ങാനൊരുങ്ങുന്നതിന്റെ തലേദിവസം രാത്രി ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണവും തലയില്‍ അസാധാരണ വൈബ്രേഷനും അനുഭവപ്പെട്ടു. രാത്രിയില്‍ അത് കാര്യമാക്കിയില്ല. രാവിലെ ശരിയാകുമെന്ന് ഉറപ്പിച്ചായിരുന്നു കിടന്നത്. രാവിലെ വിമാനത്താവളത്തിലേക്ക് പുറപ്പെടുപ്പോള്‍ ഇന്നലെ അനുഭവപ്പെട്ടതിന് സമാനമായി വൈബ്രേഷന്‍ തുടരുന്നുണ്ടായിരുന്നു. പക്ഷേ സ്ഥിരമായി വേദനയോ വൈബ്രേഷനോ നില്‍ക്കാത്തത് കാരണം ഞാന്‍ കാര്യമാക്കിയില്ല.

വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ എന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അന്വേഷിച്ച് നോക്കി. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളല്ലെന്ന് വ്യക്തമായതോടെ സമാധാനമായി. പിന്നീട് വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ വീണ്ടും തലയിലെ വൈബ്രേഷന്‍ വര്‍ധിക്കുന്നുവെന്ന് മനസിലായതോടെ ചെറിയൊരു പരിഭ്രാന്തിയുണ്ടായി. ഭാര്യ ഫോണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്ത എന്‍.എച്ച്.എസ് ആപ്ലിക്കേഷനായ ലിവി(LIVI)യെക്കുറിച്ച് ഓര്‍മ്മവരുന്നത്. ഡിജിറ്റല്‍ കണ്‍സള്‍റ്റേഷന്‍, പ്രിസ്‌ക്രൈബിംഗ് മെഡിസിന്‍ തുടങ്ങി നിരവധി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്കറായിമായിരുന്നു. എങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ആപ്പ് വഴി കണ്‍സള്‍ട്ട് ചെയ്യുക പ്രയാസമാണ്.

എന്നാല്‍ ആപ്പ് വഴി ജി.പിയുമായി സംസാരിച്ച ശേഷം എന്നോട് വിമാനത്തില്‍ കയറരുതെന്നും ഉടന്‍ ആശുപത്രിയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. അത് എന്റെ ജീവന്‍ രക്ഷപ്പെടുത്തിയ നിര്‍ദേശമായി മാറുകയും ചെയ്തുവെന്ന് ആഡ്രിയാന്‍ പറയുന്നു. അഡ്രിയാന്റെ ശരീരത്തിലുണ്ടായ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന സാഹചര്യമൂലം തലച്ചോറിലെ രക്തസ്രാവം ഉണ്ടായതായിരുന്നു. ഈ സാഹചര്യത്തില്‍ വിമാനയാത്ര ചെയ്യുന്നത് മരണമുറപ്പാക്കുന്നതിന് തുല്യമാണ്. ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കരുതെങ്കിലും അഡ്രിയാന്റെ ജീവന്‍ രക്ഷിക്കാന്‍ എന്‍.എച്ച്.എസ് ആപ്പിനായി എന്നതാണ് സത്യം.

ലണ്ടന്‍: രണ്ടാം ജനഹിത പരിശോധനയ്ക്ക് മാത്രമാണ് നിഗല്‍ ഫാര്‍ജിനെ തോല്‍പ്പിക്കാനുള്ള ഏകമാര്‍ഗമെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്‌സണ്‍. ലേബര്‍ നിരയില്‍ ജെറമി കോര്‍ബന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കപ്പെട്ടിട്ടുള്ള നേതാവാണ് ടോം വാട്‌സണ്‍. നേരത്തെ 40 ശതമാനം വരുന്ന ടോറി കൗണ്‍സിലര്‍മാര്‍ നിഗല്‍ ഫാര്‍ജിന്റെ പാര്‍ട്ടിയായ ബ്രെക്‌സിറ്റ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മുന്നറിയിപ്പുമായി ലേബറിന്റെ മുതിര്‍ന്ന നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. നിഗല്‍ ഫാര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങളോട് പകുതി യോജിക്കുന്നുവെന്ന ഭാവം തുടര്‍ന്നാല്‍ വരാന്‍ പോകുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് തിരിച്ചടിയുണ്ടാകുമെന്ന് ടോം വാട്‌സണ്‍ തുറന്നടിച്ചു. കൃത്യതയാര്‍ന്ന രാഷ്ട്രീയ നിലപാടുമായി ലേബര്‍ മുന്നോട്ടുപോകേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവിലുള്ള സാഹചര്യത്തില്‍ രണ്ടാം ജനഹിത പരിശോധനയ്ക്കാണ് ലേബര്‍ മുന്‍തൂക്കം നല്‍കേണ്ടത്. അക്കാര്യത്തിലും കൂടുതല്‍ രാഷ്ട്രീയവും സുത്യര്യവുമായി കൃത്യത വരുത്താന്‍ പാര്‍ട്ടി ശ്രദ്ധചെലുത്തണം. സോഷ്യലിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂല്യബോധങ്ങളെ എങ്ങനെ രാജ്യത്തിന്റെ സാമൂഹികാവസ്ഥയിലേക്ക് കൊണ്ടുവരാമെന്നാണ് ലേബര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ചിന്തിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. യൂറോപ്യന്‍ യൂണിയന്‍ അകത്ത് നില്‍ക്കുന്ന ചെറുതും വലുതുമായി ഇടതുപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താനായിരിക്കണം നമ്മുടെ ശ്രമമെന്നും ലേബര്‍ പാര്‍ട്ടിയുടെ രണ്ടാമത്തെ തലവന്‍ ചൂണ്ടിക്കാണിക്കുന്നു. ടോം വാട്‌സന്റെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ലേബര്‍ പാര്‍ട്ടി രണ്ടാം ജനഹിതത്തെ ഗൗരവത്തോടെ കാണുന്നതായി മുതിര്‍ന്ന നേതാവ് ജെറമി കോര്‍ബന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ഹിതമെന്താണോ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് നിര്‍ണായകമാണെന്നാണ് കോര്‍ബന്റെ അഭിപ്രായം. ലേബര്‍ പാര്‍ട്ടിയിലും രണ്ടാം ജനഹിത പരിശോധനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ നിഗല്‍ ഫാര്‍ജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കിയാല്‍ അത് ലേബറിന് ഗുണം ചെയ്യില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ടോം വാട്‌സണും ആവര്‍ത്തിക്കുന്നത്. എന്തായാലും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഇത്തവണ യു.കെയെ സംബന്ധിച്ച് നിര്‍ണായകമാണ്.

ലണ്ടന്‍: വനിതാ മാധ്യമപ്രവര്‍ത്തകയായ ലൈറ മക്കിയുടെ കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അന്വേഷണത്തിന് സഹായിക്കുന്ന ചില കാതലായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. 18ഉം 19ഉം വയസുള്ള ചെറുപ്പക്കാരാണ് കൊലപാതകത്തിന് ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ചില ഗ്രൂപ്പുകളിലേക്കും അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്ത് പുതിയ രൂപഘടനയിലും ഭാവത്തിലും തീവ്രവാദ ഗ്രൂപ്പുകള്‍ വളരുന്നതായി സംശയമുണ്ടെന്ന് കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് ശക്തിപ്പെടാന്‍ കാരണം പിടിയിലാവര്‍ പോലീസിന് നല്‍കിയ മൊഴിയാണ്.

തങ്ങള്‍ തീവ്രസ്വഭാവമുള്ള സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇരുവരും സമ്മതിച്ചതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ സമാന ഗ്രൂപ്പുകള്‍ നിരവധിയുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായി നിലപാടെടുക്കുമെന്ന് അന്വേഷണസംഘത്തിന്റെ തലവന്‍ ഡിറ്റക്ടീവ് ജെയ്‌സണ്‍ മര്‍ഫി വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യൂ ഐആര്‍എ'(New IRA) എന്നാണ് അറസ്റ്റിലായവരുടെ സംഘടനയുടെ പേര്. ഇത് ഡിക്ടീവ് മര്‍ഫി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈറ മക്കിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായിട്ടാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.

29കാരിയായ ലൈറ മക്കി രാജ്യം ശ്രദ്ധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകയായി മാറേണ്ടവളായിരുന്നുവെന്നും എല്ലാവരോടും മനസില്‍ സ്‌നേഹം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നുവെന്നും പാട്ണര്‍ പ്രതികരിച്ചു. ലൈറയ്ക്ക് ആദരവര്‍പ്പിച്ച് നൂറ് കണക്കിന് പേരാണ് കലാപം നടന്ന തെരുവിലെത്തിയത്. ലൈറയുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പൂക്കളുമായിട്ടാണ് ലൈറയ്ക്ക് ആദരവര്‍പ്പിക്കാനെത്തിയത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസ്: ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ പ്രതിഷേധിച്ച ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ലോകത്ത് നടക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യന്റെ ഇടപെടലാണെന്ന് ഇത് നിയന്ത്രിക്കാന്‍ മനുഷ്യന് തന്നെ സാധിക്കുമെന്നും അവകാശപ്പെടുന്ന ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ഏതാനും ദിവസങ്ങളാണ് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ ഗൗരവം പൂര്‍വ്വം കൈകാര്യം ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധകരുടെ പ്രധാന ആവശ്യം. ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ കഴിഞ്ഞ ദിവസമുണ്ടായ സമരത്തില്‍ പോലീസ് ഇടപെട്ടത് പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ പിങ്ക് ബോട്ടുമായി എത്തിയ ഏതാനും പേരാണ് സമരം ആരംഭിക്കുന്നത്. വൈകാതെ സമരപ്രവര്‍ത്തകരെയും ബോട്ടിനെയും മാറ്റാന്‍ പോലീസുകാരെത്തി. പിങ്ക് ബോട്ട് വളഞ്ഞ പോലീസ് ബോട്ട് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിമിങ്ങള്‍ക്കകം തന്നെ തെരുവ് പൂര്‍ണമായും പ്രതിഷേധകരെ കൊണ്ട് നിറഞ്ഞു. ആര്‍പ്പുവിളികളും പ്രതിരോധഗാനങ്ങളും പാടി ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പിങ്ക് ബോട്ട് വളഞ്ഞു. കൂടുതല്‍ ബോട്ടുകള്‍ ഞങ്ങളുടെ കൈവശമുണ്ടെന്ന് പോലീസുകാരോട് പ്രതിഷേധകര്‍ വിളിച്ചു പറയുകയും ചെയ്തു. ഇതിനിടയില്‍ ബോട്ടിലുണ്ടായിരുന്ന സമരത്തിന്റെ പ്രധാന നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിഷേധത്തിന്റെ ഗൗരവും വര്‍ധിച്ചതോടെ പോലീസ് ബോട്ട് ബലമായി മാറ്റുകയും പ്രതിഷേധകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട ദിവസം മുമ്പ് പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആക്ടിവിസ്റ്റുകളുടെ തീരുമാനം. വെള്ളിയാഴ്ച്ച മാത്രം നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സൂചന.

ലണ്ടന്‍: സൈനികശേഷി കുറയ്ക്കാന്‍ തയ്യാറെടുത്ത് ബ്രിട്ടന്‍. തങ്ങളുടെ ശക്തികേന്ദ്രങ്ങളായി ടാങ്കുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനാണ് ബ്രിട്ടന്റെ തീരുമാനം. ടാങ്കുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയാല്‍ സൈനിക ശക്തിയില്‍ സെര്‍ബിയക്കും കംബോഡിയക്കും പിന്നിലാകും ബ്രിട്ടീഷ് ആര്‍മി. ലോകത്തിലെ വന്‍ ശക്തികളെന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ കരുത്താണ് ഗ്രേറ്റ് ബ്രിട്ടന്‍ ആര്‍മി. എന്നാല്‍ പ്രതിരോധ രംഗത്ത് വലിയ സാമ്പത്തിക നിയന്ത്രണം നടപ്പിലാക്കുന്നതോടെ ഈ പെരുമ ഇല്ലാതാവും. താരതമ്യേന കുഞ്ഞന്‍ രാജ്യങ്ങളാണ് കംബോഡിയയും സെര്‍ബിയയും ഇവര്‍ക്കും താഴെയായി സൈനിക ബലം മാറുന്നത് ബ്രിട്ടന് അന്തരാഷ്ട്രതലത്തില്‍ തിരിച്ചടികളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധ രംഗത്തെ തലവന്‍മാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ടാങ്ക് പടയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തന്നെയാകും ബ്രിട്ടന്‍ തീരുമാനിക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ ടാങ്കുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ 56-ാം സ്ഥാനത്താണ്. ആകെ 227 ടാങ്കുകളാണ് രാജ്യത്തിന് സ്വന്തമായുള്ളത്. എത്യോപിയ(461), റൊമാനിയ(418), സ്‌പെയിന്‍(327) തുടങ്ങിയ രാജ്യങ്ങളെല്ലാം ബ്രിട്ടനേക്കാളും ഏറെ മുന്നിലാണ്. ചലഞ്ചര്‍-2 ടാങ്കുകളാണ് പ്രധാനമായും ബ്രിട്ടീഷ് ആര്‍മിയുടെ കരുത്ത്. എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ റഷ്യയാണ്. ഏതാണ്ട് 12,950ലധികം ടാങ്കുകള്‍ റഷ്യക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. എന്നാല്‍ റഷ്യയുടെ ശക്തിയുടെ പകുതി മാത്രമെ (6,333) അമേരിയ്ക്ക് ഉള്ളുവെന്നതാണ് മറ്റൊരു വസ്തുത.

പ്രതിരോധരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ 2010മുതല്‍ ബ്രിട്ടന്‍ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2010ല്‍ 31 മില്യണ്‍ പൗണ്ടാണ് പ്രതിരോധ ബജറ്റില്‍ ബ്രിട്ടന്‍ കുറവ് വരുത്തിയത്. രാജ്യത്തെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് അധിക ചെലവുകള്‍ ആവശ്യമില്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

ലണ്ടന്‍: ഡോണ്‍കാസ്റ്റര്‍ തടാകത്തില്‍ താറാവുകളെ കൂട്ടത്തോടെ കാണാതായ സംഭവത്തിലെ അന്വേഷണം വഴിത്തിരിവിലേക്ക്. വിനോദ സഞ്ചാരികള്‍ തടാകത്തില്‍ പിരാന്നകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മാംസം തീനി പിരാന്നകളാവാം താറാവുകളെ കൊന്നിരിക്കുന്നതെന്നാണ് പുതിയ നിഗമനം. നേരത്തെ തടാകത്തിലെ താറാവുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. പിരാന്നകളുടെ സാന്നിധ്യമാവാം താറാവുകളുടെ അപ്രത്യക്ഷമാകലിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. ഡോണ്‍കാസ്റ്റര്‍ തടാകത്തില്‍ എങ്ങനെ പിരാന ഇനത്തില്‍പ്പെട്ട അപകടകാരികളായ മത്സ്യങ്ങളെത്തിയെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മകനുമായി തടാകക്കരയിലൂടെ നടക്കുകയായിരുന്ന ദമ്പതികളാണ് ആദ്യമായി പിരാനയുടെ സാന്നിധ്യം കണ്ടെത്തിയത്. കരക്കടിഞ്ഞിരുന്ന അപൂര്‍വ്വ ഇനം മത്സ്യം ഏതാണെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് ആദ്യം സാധിച്ചിരുന്നില്ല. മത്സ്യത്തിന്റെ പല്ലുകളും ശരീര ആകൃതിയും പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയുപ്പോഴാണ് പിരാനയാണെന്ന കാര്യം വ്യക്തമാകുന്നത്. പിരാനയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നെറ്റ് സഹായം തേടിയതായും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റൊരു സഞ്ചാരിയും പിരാനയെ തടാകത്തില്‍ കണ്ടതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയായിരുന്നു. കുടുംബവുമായി ആളുകള്‍ ഒഴിവ് സമയം ചെലവഴിക്കാനെത്തുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് തടാകമെന്നത് ആശങ്കയുളവാക്കുന്നതാണ്.

ശുദ്ധ ജല മത്സ്യമായ പിരാനകള്‍ ആമസോണ്‍ നദിയിലാണ് സാധാരണയായി കണ്ടു വരുന്നത്. ഇവയ്ക്ക് മനുഷ്യന്‍ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഭക്ഷിക്കാന്‍ സാധിക്കുമെന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂര്‍വ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂര്‍ത്ത പല്ലുകളും, മാംസത്തോടുള്ള ആര്‍ത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകര്‍ഷിക്കുന്ന ഇവ, വേനല്‍ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്. സാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു. ആമസോണ്‍ നദിയില്‍ അല്ലാതെ പിരാനകളെ കണ്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് പുറത്തുവന്നിരുന്നു. വീടുകളിലെ അലങ്കാര മത്സ്യത്തിനൊപ്പം ചിലര്‍ പിരാനകളെ വളര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. മാംസതീനികളായ ഇവയെ വളര്‍ത്തുന്നത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു.

പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ  കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.

ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി  ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.

Copyright © . All rights reserved