പി. ഡി. ബൗസാലി

ആഗസ്റ്റ് ഇരുപത്തിഒന്നാം തീയതി, ബുധനാഴ്ച്ച, രാവിലെ 9 മണിയോടുകൂടി ഞങ്ങൾ കേപ്ടൗണിനോടു യാത്ര പറഞ്ഞു. അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത്, ഏതാണ്ട് 500 കിലോമീറ്റർ ദൂരമുള്ള കാരൂ എന്ന പട്ടണത്തിൽ വന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു. പിന്നെയും നീണ്ട യാത്ര. രാത്രി പത്തു മണിയോടുകൂടി കിംബർലി എന്ന് പട്ടണത്തിലെത്തി. അവിടെയുള്ള ഒരു റിസോർട്ടിൽ രാത്രി വിശ്രമിച്ചു.

പിറ്റേദിവസം റിസോർട്ടിൽ നിന്നും ലഭിച്ച പ്രഭാതഭക്ഷണത്തിനു ശേഷം 9 .30 യോടുകൂടി കിംബർലിയിലുള്ള ബിഗ് ഹോൾ എന്ന പ്രസിദ്ധമായ ഡയമണ്ട് ഖനിയിലേക്കുപോയി. നോർത്തേൺ കേപ്പി ലുള്ള ഈ വജ്ര ഖനിയിപ്പോൾ പ്രവർത്തിക്കുന്നില്ല. ഒന്നാംലോകമഹായുദ്ധകാലത്ത് പ്രവർത്തനം നിർത്തിയ ഈ ഖനിയിപ്പോൾ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് . ഖനി സന്ദർശിക്കുവാൻ വിദേശീയരുടെ വലിയ തിരക്കായിരുന്നു. ഒരു ഡയമണ്ട് മൈൻ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഞങ്ങൾക്ക് പറഞ്ഞുതരുവാനായി മിസ്റ്റർ ഡേവിഡ് എന്ന ഗൈഡ് ഞങ്ങളോടൊപ്പം വന്നു ഖനിയിലേക്ക്. ഈ ഖനി 1871 മുതൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 50000 ജോലിക്കാർ ജോലി ചെയ്തിരുന്ന ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ഗർത്തമുള്ളത്. 750 അടിയോളമാണ് ഇവിടെ ഡയമണ്ടിനായി കുഴിച്ചു താഴ്ത്തിയത്. അതുകൊണ്ടാണ് ഈ ഡയമണ്ട് ഖനിക്ക് ‘ബിഗ് ഹോൾ’ എന്ന പേരുവന്നത്. ആ ഗർത്തം ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ നിന്നും എല്ലാവരും സുവനീറുകൾ വാങ്ങി. ഒരു മണിയോടുകൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു.

തിരിച്ചുള്ള യാത്ര സൗത്ത് ആഫ്രിക്കയുടെ ഹൃദയഭാഗത്തു കൂടിയായിരുന്നു. റോഡിന്റെ ഇരുവശവും മൈലുകളോളം നീളുന്ന മഞ്ഞപ്പൂക്കൾ കൊണ്ടു നിറഞ്ഞ കനോല പ്ലാൻറ്റേഷൻ (റേപ്പ് സീഡ്), അതുകഴിഞ്ഞ് മൈലുകളോളം തരിശുഭൂമി, കുറച്ചുദൂരം കഴിഞ്ഞു മുന്തിരിത്തോപ്പുകൾ, പർവ്വതങ്ങൾ, പശുവിൻ കൂട്ടങ്ങൾ, ചെമ്മരിയാടുകൾ, പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങൾ പട്ടണങ്ങൾ – എല്ലാം തരണം ചെയ്ത് വൈകിട്ട് 5 30 യോടുകൂടി മെഫെക്കിങ് എന്ന സ്ഥലത്തെത്തി. സൗത്ത് ആഫ്രിക്കയുടെ അതിർത്തിപ്പട്ടണമാണിത്. അതിനടുത്ത രാജ്യമാണ് ബോട്സ്വാന. അവിടെ മിസ്റ്റർ ജോർജിന്റെ സുഹൃത്തായ ജയമ്മയുടെയും ഭർത്താവ് ജോർജിൻെറയും ഭവനം സന്ദർശിച്ചു. അവർ ആകെ ഭീതിയിലായിരുന്നു . അവർ മറ്റൊരു സ്ഥലത്തായിരുന്നു ജീവിച്ചിരുന്നത്. അവരുടെ വീട്ടിൽ കൊള്ളക്കാർ അതിക്രമിച്ചു കയറി, ഒരു ട്രക്കുമായി വന്ന് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി, അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെങ്കിലും നമ്മുടെ ആൾക്കാർ നേരിടുന്ന ഒരു പ്രശ്നമാണിത്. നെൽസൺ മണ്ടേല എന്ന മഹാനായ വ്യക്തി കഷ്ടപ്പെട്ടു പൊരുതി ആഫ്രിക്കക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് അവിടെയുള്ള നമ്മുടെ മലയാളികൾ പറഞ്ഞത്.

 

ഞങ്ങൾ രാത്രി 7 .15 നു സൗത്ത് ആഫ്രിക്കയുടെ അതിർത്തിയിലെത്തി. ഇമിഗ്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് മിസ്റ്റർ ജോർജിന്റെ വീട്ടിൽ രാത്രി 10 മണിയോടുകൂടിയെത്തി. അയൽപക്കകാരനായ ജിജി സാറും കുടുംബവും കൊടുത്തുവിട്ട ചോറും കറികളും ‘പിടിയും കോഴിക്കറിയും’ കഴിച്ചശേഷം രാത്രി 11 മണിയോടുകൂടി ഞങ്ങൾ ഉറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ബോട്സ്വാനയിലുള്ള പല സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. ജോർജിന്റെ മകൾ മെറിയും എന്റെ മകൻ ചിന്റുവും വിവാഹശേഷം ആദ്യം ബോട്സ്വാന സന്ദർശിക്കുകയായതു കൊണ്ട്, അവരെ സ്വീകരിക്കുന്ന വലിയൊരു പാർട്ടി – ആഗസ്റ്റ് 25 ന് ശ്രീമാൻ ജോർജ് അറേഞ്ച് ചെയ്തിരുന്നു, ഹോട്ടൽ ഒയാസിസിൽ.

ആഗസ്റ്റ് 27ന് വെളുപ്പിന് അഞ്ചുമണിക്കു ഞങ്ങൾ ബോട്സ്വാന യിൽ നിന്നും തിരികെ യാത്രയായി. 28 – ആം തീയതി രാവിലെ 9 മണിയോടുകൂടി എമിറേറ്റ്സ് ഫ്ളൈറ്റിൽ ഞങ്ങൾ നെടുമ്പാശ്ശേരിയിലെത്തി. നല്ലൊയൊരു യാത്രയുടെ സ്മരണകൾ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.

 

 

കടപ്പാട് :
ബോട്സ്വാന യിലേക്ക് ഞങ്ങളെ ക്ഷണിച്ച ജോർജിന്റെ കുടുംബ ത്തോടും, സൗത്ത് ആഫ്രിക്കൻ ടൂറിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്ത ആൻറണിയോടും,ടൂർ ഗൈഡ് അജിത്,ടോണി എന്നിവരോടു മു ളള നിസീമമായ കടപ്പാടും നന്ദിയും അറിയിക്കട്ടെ.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി