ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് ദിനത്തിൽ യുകെയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 350 ലധികം ആളുകളാണ് അന്നേദിവസം ചാനൽ മുറിച്ചു കടന്ന് യുകെയിൽ എത്തിയത്. ക്രിസ്മസ് ദിവസം 11 ബോട്ടുകളിൽ ആയാണ് ഫ്രാൻസിൽ നിന്ന് കുടിയേറ്റക്കാർ എത്തിയത് . വരും ദിവസങ്ങളിൽ കൂടുതൽ കുടിയേറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2024 ൽ ഇതുവരെ 35,000 – ലധികം ആളുകൾ അനധികൃത കുടിയേറ്റത്തിലൂടെ യുകെയിൽ എത്തിയതായാണ് കരുതപ്പെടുന്നത്. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. ഡിസംബർ 14 -ന് 110 പേരാണ് ചാനൽ മുറിച്ച് കടന്ന് യുകെയിൽ എത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ ജീവൻ അപകടപ്പെടുത്തുന്നതും യുകെയുടെ അതിർത്തി സുരക്ഷയെ ദുർബലപ്പെടുത്തുന്നതുമായ അപകടകരമായ ചെറു ബോട്ടുകളിലുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി ഹോം ഓഫീസിന്റെ വക്താവ് പറഞ്ഞു. കടുത്ത കുടിയേറ്റ വികാരം ഉയർത്തിയാണ് ലേബർ സർക്കാർ അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് ഒട്ടും ആശ്വാസ പ്രദമല്ല. ചെറു ബോട്ടുകളിൽ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന സംഘങ്ങളെ തകർക്കുന്നത് തൻറെ സർക്കാരിൻറെ മുൻഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.
ഇതിനിടെ ചാനൽ കടക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലെ മരണസംഖ്യ കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ഇരട്ടി കൂടുതലാണ്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വേനൽക്കാലത്ത് സർക്കാർ ആരംഭിച്ച എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയായ അതിർത്തി സുരക്ഷാ കമാൻഡിനായി സർക്കാർ 150 മില്യൺ പൗണ്ടായി ഇരട്ടി ധനസഹായം നൽകുമെന്ന് ഗ്ലാസ്‌ഗോയിലെ ഇൻ്റർപോൾ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര കലാപത്തിൽ നിന്നോ യുദ്ധത്തിൽ നിന്നോ രക്ഷപ്പെട്ടു വരുന്ന കുടിയേറ്റക്കാരുടെ ജീവൻ വച്ച് പന്താടുന്ന മനുഷ്യക്കടത്തുകാർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് യുകെ ചാരിറ്റിയായ അഭയാർത്ഥി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിൽ നിന്ന് ആറാം നൂറ്റാണ്ടിൽ നിന്നെന്ന് കരുതപ്പെടുന്ന വാൾ കണ്ടെത്തി. പുരാവസ്തു ഗവേഷക കെൻ്റിൻ്റെ ഗ്രാമപ്രദേശത്തുള്ള ഒരു ആംഗ്ലോ-സാക്സൺ സെമിത്തേരിയിൽ നിന്നാണ് വാൾ കണ്ടെത്തിയത്. കാൻ്റർബറിക്ക് സമീപമുള്ള ആദ്യകാല മിഡീവൽ സെമിത്തേരിയിൽ നിന്ന് കണ്ടെത്തിയ ശ്രദ്ധേയമായ വസ്തുക്കളിൽ ഈ വാളും ഇനി ഉൾപ്പെടും. സട്ടൺ ഹൂ വാളിനോട് ഉപമിച്ചിരിക്കുന്ന ഈ ആയുധത്തിൽ സങ്കീർണ്ണമായ കരകൗശലത്തോടുകൂടിയ വെള്ളിയും സ്വർണ്ണവും ഉള്ള പിടി, ബ്ലേഡുകളിൽ പുരാതന റോമൻ ലിപികൾ, ബീവർ രോമങ്ങൾ കൊണ്ട് പൊതിഞ്ഞ ലെതർ-വുഡ് സ്കാബാർഡിൻ്റെ അതിജീവന ഘടകങ്ങൾ എന്നിവ വാളിൽ കാണാം.
വാളിൻെറ പിടിയിൽ ഘടിപ്പിച്ചിരിക്കുന്ന മോതിരം ഒരു രാജാവിന്റെയോ ഉയർന്ന പദവിയുടെയോ പ്രതീകമാകാം എന്ന് ഗവേഷകർ പറയുന്നു. ആദ്യകാല മിഡീവൽ സെമിത്തേരിയിൽ നടത്തിയ ഖനനത്തിലാണ് ഈ കണ്ടെത്തൽ. ആറാം നൂറ്റാണ്ടിലെ എന്ന് കരുതപ്പെടുന്ന ഈ ആംഗ്ലോ-സാക്സൺ സെമിത്തേരിയിൽ നിന്ന് ഇതുവരെ 12 ശ്മശാനങ്ങൾ പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്. ഇവിടെ 200 ഓളം ശ്മശാനങ്ങൾ കൂടി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നതായി ഗവേഷകർ പറയുന്നു.
വാൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെ പാമ്പിൻ്റെ അല്ലെങ്കിൽ ഡ്രാഗൺ രൂപത്തിലുള്ള ഒരു സ്വർണ്ണ പെൻഡൻ്റ് കണ്ടെത്തി. സാധാരണ, ഉയർന്ന നിലയിലുള്ള സ്ത്രീകളുടെ പക്കലാണ് ഇത് കാണുക. ഒരുപക്ഷേ ഒരു സ്ത്രീ ബന്ധുവിൽ നിന്നോ പൂർവ്വികനിൽ നിന്നോ പാരമ്പര്യമായി ലഭിച്ച ഒരു വിലമതിക്കാനാവാത്ത സ്മരണയാകാം ഇതെന്ന് കരുതപ്പെടുന്നതായി ഗവേഷകർ പറയുന്നു. പുരുഷന്മാരുടെ ശവക്കുഴികളിൽ നിന്ന് കുന്തങ്ങളും പരിചകളും പോലുള്ള ആയുധങ്ങൾ കണ്ടെത്തിയപ്പോൾ സ്ത്രീകളുടെ ശവക്കുഴികളിൽ നിന്ന് കത്തികളും ബ്രൂച്ചുകളും ബക്കിളുകളും കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് ദിനത്തിൽ മലയാളികൾക്ക് വേദനയായി നോട്ടിംഗ്ഹാം സ്വദേശിയുടെ മരണം. നോട്ടിംഗ്ഹാമിൽ താമസിച്ചിരുന്ന ദീപക് ബാബു (39) ആണ് നിര്യാതനായത്. ഇന്നലെ രാത്രിയാണ് ഹൃദയസ്തംഭനം മൂലം ദീപക് ബാബു മരണമടഞ്ഞത്. നാട്ടിൽ കൊല്ലം സ്വദേശിയാണ് ദീപക് . യുകെയിൽ ആമസോണിൽ ജോലി ചെയ്യുകയായിരുന്നു ദീപക് . ഭാര്യ നീതു. ദീപക് നീതു ദമ്പതികൾക്ക് എട്ടുവയസ്സുകാരനായ മകനുണ്ട്. രണ്ടുവർഷം മുമ്പാണ് ദീപക്കും ഭാര്യ നീതുവും മകൻ ദക്ഷിത്തിനോടൊപ്പം യുകെയിലേക്ക് എത്തിയത്.
ദീപക് ബാബുവിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ട്രെയിൻ ഗതാഗതം കുറെ നാളുകളായി താറുമാറായതിൻ്റെ റിപ്പോർട്ടുകൾ പുറത്തു വന്നു. ബ്രിട്ടനിലെ ട്രെയിൻ യാത്രക്കാർ ഇപ്പോഴും നേരിടുന്ന റെക്കോർഡ് തലത്തിലുള്ള തടസ്സത്തിൻ്റെ കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 4 ശതമാനം സർവീസുകൾ റദ്ദാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത് . കഴിഞ്ഞ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്.
നവംബർ 9 വരെയുള്ള വർഷത്തിൽ 400,000-ലധികം സർവീസുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കപ്പെട്ടു. റെഗുലേറ്റർ ഓഫീസ് ഓഫ് റെയിൽ ആൻഡ് റോഡ് (ORR) പുറത്തുവിട്ട കണക്കുകൾ പ്രകാരം വടക്കൻ ഇംഗ്ലണ്ടിലെ യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടതായി വന്നത് . ഏകദേശം 368,843 സർവീസുകളും റദ്ദാക്കിയത് അന്നേദിവസം ആണ്. അതുകൊണ്ട് തന്നെ ഇത് ട്രെയിൻ യാത്രക്കാർക്ക് കടുത്ത ദുരിതം സമ്മാനിക്കുകയും ചെയ്തു. അതേസമയം 33,209 എണ്ണം തലേദിവസം റദ്ദാക്കിയ വിവരം മുൻകൂട്ടി യാത്രക്കാരെ അറിയിച്ചിരുന്നു .
പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള തുടർച്ചയായ നടപടികൾ ഉണ്ടായിട്ടും വിശ്വാസ്യത പുനഃസ്ഥാപിക്കാൻ ബ്രിട്ടനിലെ റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്നതാണ് തുടർച്ചയായ റദ്ദാക്കൽ കാണിക്കുന്നത്. പലവിധ സമരങ്ങൾക്കും കാരണമായ തുടർച്ചയായ രണ്ട് വർഷത്തെ ശമ്പള തർക്കങ്ങൾക്കും പരിഹാരം ആയിട്ടും നിലവിലെ റദ്ദാക്കലുകൾ 2015 -ൽ നടന്നതിന്റെ ഇരട്ടിയിലധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നോർത്തേൺ റെയിൽവെ ആണ് ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച കമ്പനി . ഏകദേശം 8 ശതമാനം സർവീസുകൾ ആണ് നോർത്തേൺ റെയിൽവെ റദ്ദാക്കിയത്. അവന്തി വെസ്റ്റ് കോസ്റ്റ് അതിൻ്റെ 7.8% സേവനങ്ങളും ക്രോസ് കൺട്രി 7.4 ശതമാനവും റദ്ദാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 ജനുവരി മുതൽ യുകെയിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കൂടുതൽ സങ്കീർണമായ നടപടിക്രമങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. വിദ്യാർത്ഥി വിസയിൽ വരുന്നവരായാലും ജോലിക്കായി എത്തുന്നവരാണെങ്കിലും വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസിലും വർദ്ധനവ് ഉണ്ട് . ഇത്കൂടാതെ കൂടുതൽ കരുതൽ ധനം കാണിക്കുന്നതിലും വർദ്ധനവ് ഉണ്ട്. വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരത്തെ ഉള്ളതിലും 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതായി വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കുടിയേറ്റം കുറയ്ക്കുക എന്ന പൊതുവായ നയത്തിന്റെ ഭാഗമായാണ് പഠന, തൊഴിൽ വിസകൾക്ക് സാമ്പത്തിക പരുധി വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ജനുവരി മാസം മുതൽ യുകെയിൽ പഠന വിസയ്ക്ക് അപേക്ഷിക്കുന്ന ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ ജീവിത ചിലവുകൾ വഹിക്കുന്നതിന് മതിയായ തുക ബാങ്ക് അക്കൗണ്ട് ഉണ്ടെന്നതിന് തെളിവുകൾ ഹാജരാക്കണം. ലണ്ടനിലാണ് പഠിക്കുന്നതെങ്കിൽ പ്രതിമാസം 1.5 ലക്ഷം രൂപ (1483 പൗണ്ട്) ആണ് ചിലവിനായി കാണിക്കേണ്ടത്. ലണ്ടനിൽ നിന്ന് പുറത്തുള്ള കോളേജുകൾക്ക് പ്രതിമാസം 1136 പൗണ്ട് ആണ് അക്കൗണ്ടിൽ കാണിക്കേണ്ടത്. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സുകൾക്ക് 14 ലക്ഷം രൂപയാണ് വിദ്യാർത്ഥി അക്കൗണ്ടിൽ കാണിക്കേണ്ടത്. വിസ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തുടർച്ചയായി 28 ദിവസമെങ്കിലും ഈ ഫണ്ടുകൾ കൈവശം വച്ചിരിക്കണം.
അടുത്തവർഷം മുതൽ സ്കിൽഡ് വിസകൾക്കായി അപേക്ഷിക്കേണ്ട തൊഴിലാളികൾ ജീവിത ചിലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വാർഷിക വരുമാനം ഉണ്ടന്നതിന്റെ തെളിവ് ഹാജരാജക്കണം . ഇതു കൂടാതെ ഹോം ഓഫീസ് അംഗീകരിച്ച യുകെയിലെ ഒരു തൊഴിലുടമയുടെ സ്പോൺസർഷിപ്പും അവർക്ക് ഉണ്ടായിരിക്കണം. വിനോദസഞ്ചാരത്തിനായി എത്തിയവർ, ആശ്രിതരായി എത്തുന്നവർ എന്നിവർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് അപേക്ഷാ ഫീസിൽ ചെറിയ ഒരു വർദ്ധനവ് ഉണ്ടായിരിക്കും. എന്നിരുന്നാലും വികലാംഗരായ അപേക്ഷകർ, കെയർ മേഖലയിലും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്നവർ തുടങ്ങി പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇളവുകൾ ഉണ്ടാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് ദിനത്തിൽ ലണ്ടനിലെ വെസ്റ്റ് എൻഡിൽ കാർ ഇടിച്ചതിനെ തുടർന്ന് കാൽനടക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാൾ അറസ്റ്റിലായി. അപകടത്തെ തുടർന്ന് നാല് കാൽനടക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
കൊലപാതക ശ്രമം ആരോപിച്ച് 31 വയസ്സുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദവുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ട സംഭവമാണെന്ന് പോലീസ് പറയുന്നുണ്ട്. എങ്കിലും സംഭവത്തിൽ കടുത്ത ദുരൂഹത തുടരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഡ്രൈവറും നടപ്പാതയിൽ അപകടത്തിൽ പെട്ടവരും തമ്മിൽ ഒരു നിശാ ക്ലബ്ബിൽ വച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 101 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ബിജോയ് സെബാസ്റ്റ്യൻ
പ്രിയപ്പെട്ടവരെ,
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ്. മിക്കവാറും എല്ലാ ക്രിസ്മസും ഞാൻ ക്ലിനിക്കലിൽ ജോലി ചെയ്തു സഹപ്രവർത്തകരുടെ കൂടെയാണ് ആഘോഷിച്ചിരുന്നത്. ഫിലിപ്പിനോ കൂട്ടുകാരുടെ പാൻസെറ്റും ആഫ്രിക്കൻ കൂട്ടുകാരുടെ ജോലോഫ് റൈസും ഐറിഷ്/ ഇഗ്ലീഷുകാരുടെ റോസ്റ്റും പലതരം കേക്കുകളും ചീസുകളുമൊക്കെ ചേർന്ന വാർഡ് ക്രിസ്മസും , വീട്ടിലെത്തിയാൽ പാതി തുറന്ന കണ്ണുകളുമായി വീട്ടുകാരും കട്ട ചങ്ക് കൂട്ടുകാരുമൊത്ത് വീട്ടിലെ ക്രിസ്മസും.
ഈ പുതു വർഷത്തിൽ ഞാൻ ഒരു പുതിയ ചുമതലയിലേയ്ക്ക് കടക്കുകയാണ്. യുകെയിലെ മുഴുവൻ നേഴ്‌സുമാരെയും ഹെൽത്ത് കെയർ സപ്പോർട് വർക്കേഴ്സിനെയും പ്രതിനിധീകരിക്കുന്ന ഈ ഉത്തരവാദിത്വത്തിൽ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
യുകെയിലെ മലയാളി സമൂഹം എന്റെ കരിയറിലും പൊതുജീവിതത്തിലും തന്ന നിസ്വാർത്ഥമായ പിന്തുണയ്ക്കും സ്നേഹത്തിനും സഹകരണത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും .
കോവിഡ് കാലത്ത് ഇടയ്ക്കൊന്ന് പ്രഭ മങ്ങിപ്പോയെങ്കിലും ചെറുതും വലുതുമായ ഒട്ടനവധി ഒത്തു ചേരലുകൾക്കും സാമൂഹികവും കുടുംബപരമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു അവസരമാണ് ക്രിസ്സ്മസ് നമുക്ക് മുൻപിൽ വയ്ക്കുന്നത്.
ക്രിസ്മസ് കാലത്തിന്റെ ഏറ്റവും വലിയ സവിശേഷതകളാണ് പരസ്പരമുള്ള കരുതലും കൊടുക്കലുകളും. സ്വന്തം നാടിനും ജീവിക്കുന്ന സമൂഹത്തിനും തങ്ങളുടേതായ ആവശ്യങ്ങൾ മാറ്റി വെച്ചു പോലും സംഭാവന ചെയ്യുന്നവർ യു കെയിലെ മലയാളി സമൂഹത്തോളം മറ്റൊരിടത്തും കാണാൻ ഇടയില്ല . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കോവിഡ് കാലത്തുമൊക്കെ ഈ ചേർത്ത് പിടിക്കലുകൾ നമ്മൾ കണ്ടതാണ്.
അതോടൊപ്പം ജോലി സ്ഥലങ്ങളിലും തങ്ങളുടെ കഴിവിന്റെ പരമാവധിയും അതിനപ്പുറവും നൽകുന്ന മലയാളി സമൂഹം യുകെയിൽ ആരോഗ്യ സംരക്ഷണ രംഗത്തിന്റെ നെടും തൂണുകളാണ്. വിഭവ പരിമിതമായ സാഹചര്യത്തിൽ പോലും അനേകായിരം കുടുംബങ്ങൾക്ക് ഇന്ന് അവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന കുടുംബാംഗങ്ങളെ അവരിലേയ്ക്ക് തിരികെ എത്തിക്കുവാൻ കഴിഞ്ഞത് നമ്മുടെ കൃത്യമായ സയന്റിഫിക് പ്രൊഫെഷണൽ പ്രാക്റ്റീസും അർപ്പണ മനോഭാവവും കഠിനധ്വാനവും കൊണ്ട് കൂടിയാണ് എന്ന് നമുക്ക് തീർച്ചയായും അഭിമാനിക്കാം.
ഈ ക്രിസ്‌മസിൽ വ്യക്തിപരമായി നമ്മളെ കുറിച്ച് തന്നെ ഓർക്കാൻ ഒരു നിമിഷം മാറ്റി വെച്ചാലോ ? ജോലിത്തിരക്കിന്റെയും കുടുംബ പരമായ ചുമതലകൾക്കും അപ്പുറം ഞാൻ എന്ന വ്യക്തി എനിക്ക് വേണ്ടി എന്ത് ചെയ്തു ? ഇഷ്ടമുള്ള ഹോബികളോ സ്പോർട്സിലോ, പ്രൊഫെഷണൽ ഉയർച്ചകളോ, ബിസിനസ് ഐഡിയകളോ , ജീവിതശൈലി മാറ്റമോ, സാമൂഹിക പ്രവർത്തനത്തിലോ യാത്രകളോ എന്തുമായിക്കോട്ടെ ? നിങ്ങളുടെ മനസ്സിന് സന്തോഷം നൽകുന്ന എന്തെകിലും ഒരു കാര്യത്തിനായി അല്പസമയം ചിന്തിക്കാനും പ്ലാനിങ്ങിനായും മാറ്റി വെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇനി അങ്ങനെ ഒന്നും ചെയ്തില്ലേലും ഒരു കുഴപ്പവുമില്ല. സന്തോഷമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ശാന്തതയും സമാധാനവും നിറഞ്ഞ ക്രിസ്മസും സമൃദ്ധമായ ഒരു പുതു വത്സരവും എല്ലാവർക്കും ആശംസിക്കുന്നു…
ഒത്തിരി സ്നേഹത്തോടെ,
ബിജോയ് സെബാസ്റ്റ്യൻ
രാജേഷ് ജോസഫ് ലെസ്റ്റർ
ക്രിസ്മസ് വേളയിൽ, ലോകം കുറച്ചും കൂടി ശോഭയുള്ളതായി തോന്നുന്നു, സന്തോഷത്തിന്റെ സ്നേഹത്തിന്റെ പ്രകാശത്തിന്റെയും കാലം . എന്നാൽ, ഈ കാലം നമ്മെ ആഴത്തിൽ അടുത്തേക്ക് വിളിക്കുന്നു, നല്ലതും വ്യക്തവുമായ കണ്ണുകൾ കൊണ്ട് ലോകത്തെ കാണാൻ എല്ലാവരെയും ദർശിക്കാൻ
ബത്‌ലഹേമിലെ പുൽത്തൊട്ടി വളരെ ചെറുത്, അവ എല്ലാവരിലും മഹത്വം എന്ന സത്യം ഓർമ്മിപ്പിക്കുന്നു. സമ്പത്തോ അധികാരമോ സ്വർണ്ണ സിംഹാസനമോ അല്ല, സ്നേഹവും പ്രതീക്ഷയും പങ്കുവയ്ക്കലും ഹൃദയങ്ങളെ ഒരു ഭവനമാക്കുന്നു.
മറ്റുള്ളവർ ശ്രദ്ധിക്കുന്ന ഒരു ലോകത്തെ പ്രതിഫലിപ്പിക്കാൻ നമ്മൾ നൽകുന്ന സമ്മാനങ്ങൾക്കും , ആഘോഷങ്ങൾക്കും, പങ്കിടുന്ന സമയത്തിനും സാധ്യമാകട്ടെ , സ്വീകരിക്കുന്നതല്ല , നൽകുന്നത് , പങ്കിടുന്നതാണ് ജീവിത സന്തോഷത്തിന്റ പൂർണത .
എല്ലാവർക്കുംക്രിസ്മസ് മധുരമല്ല; ഒഴിഞ്ഞ കസേര, ശാന്തമായ മുറി, ഇരുട്ടിൽ പൊതിഞ്ഞ നിഴലുകൾ.
പുറത്തെ തണുപ്പ് ചില ജീവിതങ്ങൾക്ക് അകമേ തണുപ്പാകുമ്പോൾ .ക്രിസ്മസ് മന്ത്രിക്കുന്നു, വിദൂര നക്ഷത്രം ഇവിടെയുണ്ട്, ഒരു തീപ്പൊരി ഇപ്പോഴും അവശേഷിക്കുന്നു, ദുഃഖത്തിലും വേദനയിലും പ്രതീക്ഷയുടെ വെളിച്ചമുണ്ട് . എല്ലാ ഹൃദയത്തിലും, എല്ലാ കണ്ണുനീരിലും.
പഴയ പാരമ്പര്യങ്ങളും, പറഞ്ഞ പൂജ രാജാക്കന്മാരുടെ കഥകളും, കുട്ടികൾക്ക് ഊഷ്മളതയും പ്രായമായവർക്ക് ഓർമ്മകളും സമ്മാനിക്കുന്നു . ആഘോഷങ്ങൾ ,ആരവങ്ങൾ അലങ്കരിച്ച ക്രിസ്മസ് ട്രീകൾ, നക്ഷത്രങ്ങൾ സന്തോഷത്തിലായാലും സന്താപത്തിലായാലും ക്രിസ്തുമസ് എല്ലാവരെയും ചേർത്ത് നിർത്തട്ടെ .
മറ്റുള്ളവരുടെ കണ്ണിലൂടെ വർണം നിറഞ്ഞ ഈക്രിസ്മസ് ആഘോഷിക്കാം. തിളങ്ങുന്നു ശോഭയുള്ള നക്ഷത്രം, വർണ കടലാസിലെ സമ്മാനം , കൂട്ടായ വിരുന്ന് , പ്രാർത്ഥന, എല്ലാം എപ്പോഴും സ്നേഹത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പുതുപ്പിറവിയുടെ ഈ സീസണിൽ കാഴ്ചപ്പാട് മാറട്ടെ , പുതിയ ലെൻസുകൾ ഉപയോഗിച്ച് ലോകത്തെ കാണാൻ . എല്ലാ മുഖങ്ങളിലും നക്ഷത്ര തിളക്കം കണ്ടെത്താം, പുതുപ്പിറവി ദർശിക്കാം. ക്രിസ്മസ് ജീവിതത്തിനായി മാറ്റാം , ഒരു ദിവസത്തിനുള്ളിൽ അവസാനിക്കുന്ന ആഘോഷത്തെ അല്ല, മറിച്ച് നാം എന്നും നടക്കുന്ന വഴികളിൽ, വഴി കൊടുക്കാനും സ്നേഹിക്കാനും ഉള്ള ഒരു തെരഞ്ഞെടുപ്പ് . എനിക്കും നിങ്ങൾക്കും എല്ലാവർക്കും ഒരു നവലോകം പ്രതീക്ഷയുടെ ലോകം.ക്രിസ്മസ് നക്ഷത്രം അകലെയാണെങ്കിലും അതിൻറെ ആത്മാവ് എപ്പോഴും അടുത്താണ്.
So light the fire, and let it glow,
And may our heart this season grow.
For through new eyes, the truth is clear:
The spirit of Christmas is always near
വര : അനുജ സജീവ്
നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പിറവിത്തിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ഞാൻ ആശംസിക്കുന്നു. പിറവിത്തിരുനാളിൽ എന്റെ മനസ്സിൽ വരുന്ന തിരുവചനം ലൂക്കായുടെ സുവിശേഷം 2:7 ആണ്: “മറിയം തന്റെ കടിഞ്ഞൂൽ പുത്രനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി .” ബനഡിക്ട് പതിനാറാമൻ പാപ്പാ ഈ തിരുവചനം വ്യാഖ്യാനിച്ചുകൊണ്ട് നമ്മെ പഠിപ്പിച്ചു: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണീശോ ബലി വേദിയിലെ ബലിവസ്തുവാണ് എന്ന്. സഭയുടെ പ്രാർത്ഥനകളിൽ നാം ഇപ്രകാരം കാണുന്നു: “പിതാവായ ദൈവം തൻറെ പ്രിയപുത്രനെ സ്ലീവായിൽ മരിക്കാൻ ഞങ്ങളുടെ പക്കലേക്കയച്ചു. ” “മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി ഏകജാതനും വചനവുമായ ദൈവം പിതാവിനോടുള്ള സമാനത പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ചു. ”
വചനം റൂഹായാൽ മറിയത്തിൽ നിന്ന് മനുഷ്യ ശരീരം സ്വീകരിക്കുന്നത്, മഹനീയവും വിസ്മയവഹവുമായ രക്ഷാ പദ്ധതി മുഴുവനും ലോകത്തിൻറെ കാലത്തിൻറെ തികവിൽ തന്റെ കരങ്ങൾ വഴി നിറവേറ്റാനും പൂർത്തിയാക്കാനുമാണ് . ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകര പദ്ധതിയിൽ നിന്നു വേർപെടുത്തി കാണരുതെന്നാണ് ആരാധനക്രമത്തിൽ നിന്നും വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്.
മറിയം പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് ഉണ്ണീശോയെ കിടത്തിയത് ബേത് ലെഹേമിലാണ്. ബേത്‌ലെഹെം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് അപ്പത്തിന്റെ ഭവനം എന്നാണ്. വിശുദ്ധ കുർബാനയിൽ നാം ഇപ്രകാരം കേൾക്കുന്നു: ഈശോ തന്റെ പരിശുദ്ധമായ കരങ്ങളിൽ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ച് അരുൾ ചെയ്തു: ‘ ഇതു ലോകത്തിൻറെ ജീവനുവേണ്ടി, പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന എൻറെ ശരീരമാകുന്നു. നിങ്ങളെല്ലാവരും ഇതിൽനിന്ന് വാങ്ങി ഭക്ഷിക്കുവിൻ . ‘ പാപമോചനത്തിനായി ചിന്തപ്പെടുന്ന എൻറെ രക്തമാകുന്നു. ‘ വിഭജിക്കപ്പെടാനുള്ള ശരീരവും ചിന്തപ്പെടാനുള്ള രക്തവുമാണ് ഉണ്ണീശോ. എല്ലാവരും വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ.
ആധ്യാത്മിക വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പിറവി ത്തിരുനാളിന് കൂടുതലായി വചനം ശ്രവിക്കാനും അതനുസരിച്ച് ജീവിതത്തെ വിലയിരുത്തി കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ഈശോയുടെ ശരീരരക്തങ്ങളോട് ഐക്യപ്പെടാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, എല്ലാവർക്കും തിരുപ്പിറവിയുടെയും നവവത്സരത്തിന്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2023-ലെ ക്രിസ്മസ്, ബോക്‌സിംഗ് ദിനങ്ങളിൽ, ചുമ, ജലദോഷം, നെഞ്ചിലെ അണുബാധ എന്നിവയെ കുറിച്ചുള്ള ആശങ്കകൾക്കൊപ്പം മുലയൂട്ടുന്ന സമയത്ത് മദ്യപിക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങളും ഉയർന്ന് വന്നത് ശ്രദ്ധ നേടിയിരുന്നു. ആൽക്കഹോൾ വിഷബാധ, പേവിഷബാധ, പൊള്ളൽ എന്നിവയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർന്ന് വന്നിരുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തു.
2023-ലെ ക്രിസ്മസ് കാലയളവിൽ, കോവിഡ്-19-ന് ശേഷം എൻഎച്ച്എസ് വെബ്‌സൈറ്റിൽ ഏറ്റവുമധികം ആളുകൾ സെർച്ച് ചെയ്‌ത പേജ് വിൻ്റർ വോമിറ്റിംഗ് നോറോ വൈറസിനുള്ളതായിരുന്നു. രണ്ട് ദിവസത്തിനിടെ 19,170 പേരാണ് ഈ പേജ് സന്ദർശിച്ചത്. നെഞ്ചിലെ അണുബാധകളെ സംബന്ധിച്ച സംശയങ്ങൾക്ക് 17,398 പേരാണ് വെബ്സൈറ്റ് സന്ദർശിച്ചത്. മുലയൂട്ടൽ, മദ്യം എന്നിവയുമായി ബന്ധപ്പെട്ട പേജുകളിലേക്കുള്ള മൊത്തത്തിലുള്ള സന്ദർശനങ്ങൾ കുറവാണെങ്കിലും, കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 146% വർധനവുണ്ടായിട്ടുണ്ട്. ഈ ആഴ്ച മാത്രം ഇതിനായി സൈറ്റുകൾ സന്ദർശിച്ചത് 2,526 പേരാണ്.
മുലയൂട്ടുന്ന അമ്മമാർ മദ്യം കുടിക്കുന്നതിനെ എൻഎച്ച്എസ് പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യം മുലപ്പാലിലേക്ക് കടക്കുകയും കുഞ്ഞിനെ ബാധിക്കുകയും ചെയ്യുമെന്ന് എൻഎച്ച്എസ് പറയുന്നു. മദ്യം കുടിച്ചതിന് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രമേ കുട്ടികൾക്ക് മുലപ്പാൽ നൽകാവൂ എന്നും എൻഎച്ച്എസ് പറയുന്നു. വല്ലപ്പോഴും മദ്യം കുടിക്കുന്നത് കുഞ്ഞിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയില്ലെങ്കിലും, പതിവായുള്ള മദ്യപാനം അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാക്കും.