ബിൻസു ജോൺ , ചീഫ് എഡിറ്റർ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ദൈവപുത്രൻ മനുഷ്യരൂപത്തിൽ ഭൂമിയിൽ അവതരിച്ച ക്രിസ്തുമസ്, മനുഷ്യഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം തെളിയിക്കുന്ന വിശുദ്ധ ദിനമാണ്. അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. സ്നേഹത്തിലൂടെയും സേവനത്തിലൂടെയും മാത്രമേ യഥാർത്ഥ ക്രിസ്തുമസ് അർത്ഥവത്താകൂ എന്ന സത്യം ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ക്രിസ്തുമസ് ആഘോഷങ്ങളുടെ മാത്രം ദിനമല്ല. അതിലുപരി സഹജീവികളോടുള്ള കരുണയിലും വേദന അനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സിലും സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ജീവിതമൂല്യമാണ്. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്ന ക്രിസ്തുവിന്റെ സന്ദേശം ഇന്നത്തെ ലോകത്തിന് അത്യന്തം പ്രസക്തമാണ്. മത–ജാതി–ദേശ അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന സർവ്വമാനവികതയുടെ സന്ദേശമാണ് ക്രിസ്തുമസ് പങ്കുവെയ്ക്കുന്നത്. ഓരോ ഭവനത്തിലും സമാധാനവും സന്തോഷവും നിറയട്ടെ. ഏകാന്തത അനുഭവിക്കുന്നവർക്ക് സാന്ത്വനവും, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പുതുശക്തിയും ഈ ക്രിസ്തുമസ് സമ്മാനിക്കട്ടെ. സ്നേഹവും സേവനവും ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു ക്രിസ്തുമസാകട്ടെ നമ്മുടേത്.
യുകെയിലെയും ലോകമെങ്ങുമുള്ള മലയാളികൾക്ക് വാർത്തകൾ എത്തിക്കുന്നതിലുപരി, അവരുടെ ജീവിത സാഹചര്യങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു മാധ്യമമാകുക എന്ന ദൗത്യമാണ് മലയാളം യുകെ ന്യൂസ് കഴിഞ്ഞ 12 വർഷമായി നിർവഹിച്ചു വരുന്നത്. സത്യങ്ങളെ വളച്ചൊടിക്കാതെ വായനക്കാരിലേക്കെത്തിക്കുന്ന വാർത്തകൾക്കൊപ്പം, നമ്മുടെ സാഹിത്യത്തിന്റെയും സാംസ്കാരിക തനിമയുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും മലയാളം യുകെ സ്ഥിരമായി പ്രാധാന്യം നൽകിവരുന്നു. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിനങ്ങളിൽ നമ്മുടെ സാഹിത്യ–മത–സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ രചനകളും സന്ദേശങ്ങളും മലയാളം യുകെയിൽ ഇടംപിടിച്ചതിനെ വായനക്കാർ ആവേശത്തോടെ ഏറ്റെടുത്തത് ഞങ്ങൾ നന്ദിയോടെയും സന്തോഷത്തോടെയും അനുസ്മരിക്കുന്നു.
ഈ വർഷം പ്രിയ വായനക്കാർക്കായി ക്രിസ്തുമസ് സന്ദേശം നൽകുന്നത് യൂറോപ്പിലെ സീറോ മലങ്കര കാത്തോലിക് ചർച്ച് അപ്പസ്തോലിക് വിസിറ്റർ ആയ അഭിവന്ദ്യ ഡോ. കുറിയാക്കോസ് മോർ ഓസ്ഥാത്തിയോസ് തിരുമേനിയാണെന്നത് പ്രത്യേക സന്തോഷത്തോടെ അറിയിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലെ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകിയ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം ,അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവരായിരുന്നു . അതോടെപ്പം വർഷങ്ങളായി ക്രിസ്മസിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള നോയമ്പിൻ്റെ ഞായറാഴ്ചകളിൽ മുടങ്ങാതെ മലയാളം യുകെയിൽ എഴുതുന്ന ഫാ. ഹാപ്പി ജേക്കബ് അച്ചൻ്റെ ആത്മീയ രചനകളെയും നന്ദിയോടെ സ്മരിക്കുന്നു
പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .
മലയാളം യുകെ ന്യൂസിന്റെ എല്ലാ വായനക്കാർക്കും, ലോകമെങ്ങുമുള്ള മലയാളികൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജ്യത്തെ പലരും ഇപ്പോഴും കടുത്ത ജീവിത ചിലവിന്റെ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ തുറന്നുപറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്റെ പ്രധാന മുൻഗണനയാണെന്ന് ഡൗണിങ്ങ് സ്ട്രീറ്റിൽ നിന്ന് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ബജറ്റിലെ നികുതി വർധനവിനെച്ചൊല്ലി ചാൻസലർ റേച്ചൽ റീവ്സിനെതിരെ വിമർശനം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ക്രിസ്തുമസ് സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും കാലമാണെങ്കിലും, നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പലർക്കും ഈ സമയത്ത് കൂടുതൽ വേദനാജനകമാകാമെന്ന് സ്റ്റാർമർ പറഞ്ഞു. അതുകൊണ്ട് തന്നെ അയൽവാസികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഖവിവരം അന്വേഷിക്കാനും, ഒറ്റപ്പെട്ടവരെ കരുതാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഫോൺവിളി പോലും വലിയ മാറ്റം സൃഷ്ടിക്കാമെന്നും അതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിൽ പോലും ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്കും, അടിയന്തര സേവന വിഭാഗങ്ങൾക്കും, സായുധസേനയിലെ അംഗങ്ങൾക്കും സ്റ്റാർമർ പ്രത്യേകമായി നന്ദിപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി സേവനമനുഷ്ഠിക്കുന്ന ഇവരോടൊപ്പം, ഭക്ഷണം വിതരണം ചെയ്യുകയും ഒറ്റപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യം മുഴുവൻ നിങ്ങളുടെ സേവനത്തിന് നന്ദി പറയുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നികുതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലും ലളിതമായും പരിശോധിക്കാൻ എച്ച് എം ആർ സി ആപ്പ് ഏറ്റവും എളുപ്പമാർഗങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് റവന്യൂ വകുപ്പ് (HMRC) അറിയിച്ചു. 2025-ഓടെ ഏഴുകോടിയിലധികം പേർ ഈ ആപ്പ് ഉപയോഗിക്കുന്നതായി സർക്കാർ കണക്കുകൾ പുറത്തു വന്നിരുന്നു. മുൻവർഷം ഇത് അഞ്ചുകോടിയായിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ, എച്ച് എം ആർ സിയുടെ ചീഫ് കസ്റ്റമർ ഓഫീസർ മിർട്ടിൽ ലോയ്ഡ്, മൊബൈൽ ഫോണിലൂടെ തന്നെ നികുതി വിവരങ്ങൾ നേരിട്ട് ലഭ്യമാകുന്നതാണ് ആപ്പിന്റെ പ്രധാന ആകർഷണമെന്ന് വ്യക്തമാക്കി. 2025-ൽ മാത്രം നാല് മില്യണിലധികം ഡൗൺലോഡുകളും 136 മില്യൺ ലോഗിനുകളും രേഖപ്പെടുത്തിയതായും എച്ച് എം ആർ സി അറിയിച്ചു.

നിത്യേനയുള്ള നികുതി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊതുജനം ആപ്പിനെ വ്യാപകമായി ആശ്രയിക്കുന്നതായി എച്ച് എം ആർ സി അറിയിച്ചു. പ്രത്യേകിച്ച് മുതിർന്നവരും വിരമിച്ചവരുമായ വലിയൊരു വിഭാഗം സ്റ്റേറ്റ് പെൻഷൻ്റെ വിവരങ്ങൾ പരിശോധിക്കാൻ ആപ്പ് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈൽഡ് ബെനിഫിറ്റ് അപേക്ഷകൾ, നാഷണൽ ഇൻഷുറൻസ് നമ്പർ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കൽ എന്നിവയും ഈ ആപ്പിൻ്റെ പ്രധാന ഉപയോഗങ്ങളിലൊന്നാണ്. ഇതുകൂടാതെ, ടാക്‌സ് കോഡ്, വരുമാന–ബെനിഫിറ്റ് വിവരങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തെ തൊഴിൽ–വരുമാന ചരിത്രം, സെൽഫ് അസെസ്മെന്റ് നികുതി, അടയ്ക്കാനുള്ള തുക, സ്റ്റേറ്റ് പെൻഷൻ പ്രവചനം, നാഷണൽ ഇൻഷുറൻസ് സംഭാവനകളിലെ കുറവുകൾ എന്നിവയും ആപ്പിലൂടെ പരിശോധിക്കാനാകും.

അതോടൊപ്പം അധികമായി അടച്ച നികുതി തിരികെ ആവശ്യപ്പെടൽ, എച്ച് എം ആർ സിയ്ക്ക് അയച്ച ഫോമുകളും കത്തുകളും ട്രാക്ക് ചെയ്യൽ, ഡിജിറ്റൽ അസിസ്റ്റന്റിലൂടെ സഹായം തേടൽ, വിലാസവും പേരും പുതുക്കൽ, സെൽഫ് അസെസ്മെന്റ് അല്ലെങ്കിൽ സിംപിൾ അസെസ്മെന്റ് പേയ്‌മെന്റുകൾ നടത്തൽ, നികുതി കണക്കാക്കാനുള്ള ടാക്‌സ് കാൽക്കുലേറ്റർ ഉപയോഗിക്കൽ തുടങ്ങിയ സേവനങ്ങളും ആപ്പ് നൽകുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും സൗജന്യമായി ലഭിക്കുന്ന എച്ച് എം ആർ സി ആപ്പ്, പിൻ നമ്പർ, വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് സുരക്ഷിതമായി ലോഗിൻ ചെയ്യാനാകുമെന്നും എച്ച് എം ആർ സി അറിയിച്ചു. നികുതി കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ ഇടയിൽ സംവാദം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബോധവൽക്കരണം വർധിപ്പിക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ കെയർ സംവിധാനത്തിൽ വളർന്നു പിന്നീട് അതിൽ നിന്ന് പുറത്തേക്ക് കടക്കുന്ന കുട്ടികളും യുവാക്കളുമാണ് ‘കെയർ ലീവേഴ്സ്’ എന്ന് അറിയപ്പെടുന്നത്. ഫോസ്റ്റെർ കെയർ, റെസിഡൻഷ്യൽ ഹോമുകൾ അല്ലെങ്കിൽ ലോക്കൽ അതോറിറ്റികളുടെ സംരക്ഷണത്തിൽ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവർക്ക് 25 വയസ്സ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാൾ വരെ സൗജന്യ മരുന്നുകൾ (പ്രിസ്ക്രിപ്ഷൻ), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും. ആരോഗ്യ–സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയർ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങൾ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ൽ 17 മുതൽ 21 വയസ് വരെ ഏകദേശം 53,230 കെയർ ലീവേഴ്സും, 22 മുതൽ 25 വയസ് വരെ 44,430 പേരുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.

ആരോഗ്യ രംഗത്തേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനായി എൻഎച്ച്എസിൽ കെയർ ലീവേഴ്സിനായി ശമ്പളമുള്ള ഇന്റേൺഷിപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കൂടാതെ എൻഎച്ച്എസ് ജോലികൾക്കായി ‘ഗ്യാരണ്ടീഡ് ഇന്റർവ്യൂ’ പദ്ധതിയും നടപ്പാക്കും. ഇതിൻ്റെ ഭാഗമായി ജോലിക്ക് അപേക്ഷിക്കുമ്പോൾ കെയർ ലീവർ ആണെന്ന് വ്യക്തമാക്കാനുള്ള പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തും. ജോലി വിവരണത്തിൽ പറയുന്ന അടിസ്ഥാന യോഗ്യതകൾ നിറവേറ്റുന്നവർക്ക് മറ്റ് ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളോടൊപ്പം നിർബന്ധമായും ഇന്റർവ്യൂവിന് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വൈകല്യമുള്ളവർക്കുള്ള നിലവിലെ എൻഎച്ച്എസ് ഇന്റർവ്യൂ നയങ്ങളുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കെയറിലുണ്ടായിരുന്ന കുട്ടികൾ നേരിടുന്ന തുടർച്ചയായ വെല്ലുവിളികൾ വലിയ സാമൂഹിക പ്രശ്നമാണന്ന് ആരോഗ്യ–സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. കെയറിലുണ്ടായിരുന്നവർക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. മുൻ കുട്ടികളുടെ സാമൂഹ്യപരിചരണ ഉപദേഷ്ടാവായ ജോശ് മക്അലിസ്റ്ററുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട്, കെയർ ലീവേഴ്സിന്റെ ആവശ്യങ്ങൾ നിയമപരമായി പരിഗണിക്കുന്നതിന് പുതിയ കുട്ടികളുടെ ക്ഷേമ–വിദ്യാഭ്യാസ ബില്ലും സർക്കാർ കൊണ്ടുവരും. താമസം, മാനസികാരോഗ്യം, തൊഴിൽ എന്നിവയിൽ ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെ കെയർ ലീവേഴ്സിന് കൂടുതൽ സമത്വപരമായ ജീവിതാവസരങ്ങൾ ഒരുക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് അത്യന്തം ക്രൂരമായ ആക്രമണം ആസൂത്രണം ചെയ്ത കേസിൽ രണ്ട് ഐഎസ് അനുകൂലികൾ കുറ്റക്കാരെന്ന് കണ്ടെത്തി. വാലിദ് സാദാവൂയി (38), അമർ ഹുസൈൻ (52) എന്നിവർക്ക് എതിരായ കുറ്റങ്ങൾ പ്രസ്റ്റൺ ക്രൗൺ കോടതി ശരിവച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. ആക്രമണം നടപ്പാക്കിയിരുന്നെങ്കിൽ യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭീകരാക്രമണമാകുമായിരുന്നു ഇതെന്നാണ് പൊലീസ് വിലയിരുത്തിയത്.

ജൂത സ്കൂളുകൾ, ആരാധനാലയങ്ങൾ, പൊതുയോഗങ്ങൾ എന്നിവ ലക്ഷ്യമിട്ട് ചാവേർ അക്രമണമാണ് ഇവർ പദ്ധതിയിട്ടിരുന്നത്. നാല് എകെ–47 തോക്കുകൾ, രണ്ട് ഹാൻഡ്‌ഗണ്ണുകൾ, 1,200 വെടിയുണ്ടകൾ എന്നിവ വാങ്ങാനുള്ള ഇടപാടുകളും നടന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് ‘പ്രതികാരമെന്ന’ പേരിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഐഎസ് പ്രചാരണങ്ങളിൽ മുഴുകിയിരുന്ന സാദാവൂയി, 2015-ലെ പാരിസ് ഭീകരാക്രമണ സൂത്രധാരൻ അബ്ദുൽഹമീദ് അബാവൂദിനെ അനുകരിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇവർ വളരെ രഹസ്യമായി പ്രവർത്തിച്ച് പ്രദേശങ്ങൾ ജൂത വേഷം ധരിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. പോലീസ്, അടിയന്തരസേന എന്നിവരെയും ആക്രമിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു.

പോലിസിൻ്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ കാറ്റോജെനിക്’ എന്ന വൻ രഹസ്യാന്വേഷണത്തിലൂടെയാണ് ആക്രമണം തടഞ്ഞത്. ആയുധങ്ങൾ കൈമാറുന്നതിനിടെ ലങ്കാഷയറിലെ ഹോട്ടൽ കാർ പാർക്കിൽ നിന്നാണ് സാദാവൂയിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ ബിലേൽ സാദാവൂയിയെ ഭീകരപദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ച കുറ്റത്തിനും കോടതി കുറ്റക്കാരനാക്കി. ജൂത സമൂഹത്തിന് നേരെയുണ്ടാകാനിരുന്ന മഹാവിപത്തിന്റെ വാതിൽ അടച്ചതിൽ പൊലീസ്, ഭീകരവിരുദ്ധ വിഭാഗങ്ങൾ എന്നിവരുടെ ഏകോപിത ഇടപെടൽ നിർണായകമായതായി അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഈ വർഷത്തെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്തുമസ് കാർഡുകൾ കൂടുതൽ ആത്മീയവും കുടുംബസ്നേഹവും നിറഞ്ഞ ശൈലിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഔപചാരികത വിട്ട്, സ്വാഭാവിക നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങളാണ് പല കാർഡുകളിലും ഇടംനേടിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പവും സാധാരണ ജീവിതത്തിന്റെ ലാളിത്യവും പ്രകടമാക്കുന്ന ദൃശ്യങ്ങളിലൂടെ പൊതുജനങ്ങളോട് കൂടുതൽ അടുത്ത് നിൽക്കാനാണ് ഇതിലൂടെ രാജകുടുംബം ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രിൻസ് വില്യവും പ്രിൻസസ് ഓഫ് വെയിൽസുമായ കേറ്റ് മിഡിൽട്ടണും കുട്ടികളുമൊത്തുള്ള കാർഡിൽ, കൃഷിസ്ഥല പശ്ചാത്തലത്തിൽ കാഷ്വൽ വേഷത്തിൽ ഇരിക്കുന്ന കുടുംബചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രം പകർത്തിയത് കേറ്റ് തന്നെയാണെന്നതും ശ്രദ്ധേയമാണ്. രാജകുടുംബത്തിന്റെ ഔദ്യോഗികത കുറച്ച്, ‘സാധാരണ കുടുംബം’ എന്ന ഇമേജ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും കേറ്റ് എടുത്ത പ്രകൃതിസൗഹൃദവും ലളിതവുമായ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

അതേസമയം ചാൾസ് രാജാവും റാണി കാമില്ലയും പങ്കുവെച്ച ക്രിസ്തുമസ് കാർഡിൽ കൂടുതൽ പരമ്പരാഗതവും ഔപചാരികവുമായ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. കൊറോണേഷൻ ദിനത്തിൽ പകർത്തിയ ചിത്രമാണ് കാർഡിൽ ഉപയോഗിച്ചത്. രാജകുടുംബത്തിലെ വിവിധ തലമുറകൾ വ്യത്യസ്ത ശൈലികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, പൊതുവെ ഈ വർഷത്തെ കാർഡുകൾ സ്നേഹവും ഐക്യവും മുൻനിർത്തിയ സന്ദേശമാണ് നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔപചാരിക രാജകീയ പ്രതിച്ഛായയിൽ നിന്ന് മനുഷ്യബന്ധങ്ങൾ മുൻനിർത്തുന്ന സമീപനത്തിലേക്കുള്ള മാറ്റമാണ് ഈ ക്രിസ്തുമസ് കാർഡുകൾ സൂചിപ്പിക്കുന്നതെന്നും ആണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2025 ാം ആണ്ട് യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമാകാനുള്ള സാധ്യത ഉണ്ടന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. രാജ്യത്തിന്റെ ശരാശരി വാർഷിക താപനില 10.05 ഡിഗ്രി സെൽഷ്യസിലെത്തിയെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ൽ രേഖപ്പെടുത്തിയ 10.03 ഡിഗ്രി സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെക്കാൾ കൂടുതലാണിത്. കാലാവസ്ഥാ വ്യതിയാനം ദീർഘകാല പ്രവണതയായി ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും, ഈ കണ്ടെത്തൽ വിനാശകരവും അതീവ ഗുരുതരവുമാണന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്. അന്തരീക്ഷ താപനിലയിലെ ഈ ഉയർച്ച മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വേനൽക്കാലത്ത് യുകെയുടെ പല ഭാഗങ്ങളിലും അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. നോർത്ത് സമർസെറ്റിൽ തടാകങ്ങളുടെ അടിത്തറ പൂർണമായി വറ്റി വരണ്ട് വിള്ളലുകൾ രൂപപ്പെട്ടതും, കൃഷിയെയും ജലലഭ്യതയെയും വരൾച്ച ബാധിച്ചതും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കെന്റിലെ ഫോക്‌സ്റ്റൺ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ ചൂട് ആസ്വദിക്കാൻ ജനങ്ങൾ കടൽത്തീരങ്ങളിൽ കൂട്ടമായി എത്തിയതും ഈ വർഷത്തെ കാലാവസ്ഥാ വ്യത്യാസത്തിന്റെ മറ്റൊരു ചിത്രം തന്നെയാണ്. എന്നിരുന്നാലും, ക്രിസ്തുമസ് കാലത്ത് പ്രതീക്ഷിക്കുന്ന തണുത്ത കാലാവസ്ഥയും താപനിലയിലെ ഇടിവും കാരണം അന്തിമ കണക്കുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും, വർഷാവസാന കണക്കുകൾ ലഭിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂവെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

ഈ റെക്കോർഡ് സ്ഥിരീകരിക്കപ്പെടുന്ന പക്ഷം, യുകെയുടെ കാലാവസ്ഥാ നിരീക്ഷണ ചരിത്രത്തിൽ ശരാശരി വാർഷിക താപനില 10 ഡിഗ്രി സെൽഷ്യസ് കടക്കുന്ന രണ്ടാമത്തെ വർഷമായിരിക്കും 2025. 1884ൽ കാലാവസ്ഥാ രേഖപ്പെടുത്തൽ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ചൂടേറിയ പത്ത് വർഷങ്ങളിൽ എല്ലാം കഴിഞ്ഞ രണ്ട് ദശകങ്ങളിലാണുണ്ടായത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നാല് വർഷങ്ങൾ തന്നെ ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളുടെ പട്ടികയിൽ ഇടംനേടുമെന്നും മെറ്റ് ഓഫീസ് വിലയിരുത്തുന്നു. ഈ നൂറ്റാണ്ടിൽ മാത്രം 2000, 2003, 2005, 2014, 2022 വർഷങ്ങളിൽ യുകെയിൽ പുതിയ താപനില റെക്കോർഡുകൾ സ്ഥാപിക്കപ്പെട്ടതായും, കാലാവസ്ഥാ മാറ്റം തടയാൻ അടിയന്തിര നടപടികൾ അനിവാര്യമാണെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭർത്താവും അഞ്ച് പുരുഷന്മാരും ചേർന്ന് മുൻഭാര്യയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തെന്ന കേസിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചു. 13 വർഷം നീണ്ട കാലയളവിൽ നടന്ന നിരവധി ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ബ്രിട്ടനിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണ് സംഭവം. എല്ലാ പ്രതികളും ചൊവ്വാഴ്ച സ്വിൻഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു.

സ്വിൻഡണിൽ താമസിച്ചിരുന്ന ഫിലിപ്പ് യങ് (49) മുൻഭാര്യയ്‌ക്കെതിരെ 56 ലൈംഗിക കുറ്റങ്ങളിലാണ് പ്രതിയായത്. നിലവിൽ ഇയാൾ എൻഫീൽഡിൽ ആണ് താമസിക്കുന്നത്. ബലാത്സംഗം, ലൈംഗിക ബന്ധത്തിനായി മയക്കുമരുന്ന് നൽകി ബോധം നഷ്ടപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ പ്രതികളുടെ മേൽ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ ഒളിഞ്ഞുനോട്ടം, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചത്, അത്യന്തം അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചത് തുടങ്ങിയ കുറ്റങ്ങളും ഇയാൾ നടത്തിയതായി പോലിസ് വ്യക്തമാക്കി.

ഫിലിപ്പ് യങിനൊപ്പം മറ്റ് അഞ്ച് പുരുഷന്മാർ കൂടി ജോയാൻ യങ് (48)യ്‌ക്കെതിരെ വ്യത്യസ്ത ഘട്ടങ്ങളിലായി ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ കേസിൽ ഇരയായ ജോയാൻ യങ് പേര് രഹസ്യമാക്കാനുള്ള നിയമാവകാശം സ്വമേധയാ ഉപേക്ഷിച്ചതായും അധികൃതർ അറിയിച്ചു. മുൻഭാര്യയ്‌ക്കെതിരായ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ആറ് പ്രതികളെയും ചൊവ്വാഴ്ച സ്വിൻഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും, തുടർനടപടികൾ കോടതിയുടെ മേൽനോട്ടത്തിൽ നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ പ്രസവസമയത്ത് തങ്ങൾ പറഞ്ഞ ആശങ്കകൾ ഗൗരവത്തിൽ എടുത്തില്ലെന്ന് അഞ്ച് സ്ത്രീകളിൽ ഒരാൾ അഭിപ്രായപ്പെട്ടതായി കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ ദേശീയ സർവേ കണ്ടെത്തി. ഈ വർഷം പ്രസവിച്ച 17,000 ത്തിലധികം സ്ത്രീകളിൽ 15% പേർ പ്രസവവേദന ആരംഭിക്കുമ്പോൾ മിഡ് വൈഫിൽ നിന്ന് വേണ്ട സഹായമോ നിർദേശമോ ലഭിച്ചില്ലെന്നുള്ള പരാതി രേഖപ്പെടുത്തി. 18% പേർ തങ്ങളുടെ ആശങ്കകൾ ആരോഗ്യപ്രവർത്തകർ അവഗണിച്ചുവെന്നും അറിയിച്ചു.

ഒരു ഘട്ടത്തിൽ തങ്ങളെ ഒറ്റയ്ക്ക് വിട്ടതിനെക്കുറിച്ച് സർവേയിൽ പത്ത് സ്ത്രീകളിൽ ഒരാൾ ആശങ്ക പ്രകടിപ്പിച്ചു. ആശയവിനിമയക്കുറവും കരുണയുടെ അഭാവവും ചില വിഭാഗങ്ങളിലെ സ്ത്രീകളോട് വിവേചനം വരുന്നതുമാണ് പ്രസവപരിചരണത്തിൽ അംഗീകരിക്കാനാകാത്ത വീഴ്ചകൾ ഉണ്ടാകുന്നതിന് കാരണമെന്ന് ദേശീയ അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന വാലറി അമോസ് ചൂണ്ടിക്കാട്ടി. പ്രസവ ശേഷം ജീവനക്കാരുടെ സഹായം ലഭിച്ചതായി പറഞ്ഞത് 57% പേർ മാത്രമായിരുന്നു.

എന്നിരുന്നാലും ചില നല്ല മാറ്റങ്ങളും സർവേ കണ്ടെത്തി. പ്രസവസമയത്ത് സംസാരിച്ച കാര്യങ്ങൾ എപ്പോഴും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലായിരുന്നു എന്ന് 89% പേർ പറഞ്ഞു. ഗർഭകാലത്ത് മാനസികാരോഗ്യ സഹായം ലഭിച്ചതായും നല്ല ഒരു ശതമാനം സ്ത്രീകൾ അറിയിച്ചു. ജീവനക്കാരുടെ കുറവും അമിത സമ്മർദ്ദവും മൂലം മിഡ് വൈഫുമാർക്ക് ഓരോ സ്ത്രീയോടും വേണ്ടത്ര സമയം ചെലവഴിക്കാനാകാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതെന്ന് ആണ് ഈ മേഖലയിലെ തൊഴിലാളി സംഘടനകൾ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശമ്പള തർക്കത്തെ തുടർന്നുള്ള അഞ്ചുദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ ഡോക്ടർമാർ ഇന്ന് തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) സർക്കാരും തമ്മിൽ അവസാന നിമിഷം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടന്നത്. ഫ്ലൂ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു സമരം നടന്നത് എന്നത് ആരോഗ്യ സംവിധാനത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.

പരിശീലനവും ജോലി സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാനായി സർക്കാർ മുന്നോട്ടുവച്ച പുതിയ ഓഫർ ബി എം എ അംഗങ്ങൾ തള്ളിയിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിനോട് സംസാരിച്ച ബി എം എ യുടെ നേത്യ സ്ഥാനം വഹിക്കുന്ന
ഡോ. ജാക്ക് ഫ്ലെച്ചർ കുറഞ്ഞ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും കാരണം ഡോക്ടർമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ശക്തമാണെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങൾ കൂടുതൽ ശമ്പളവും മെച്ചപ്പെട്ട പരിഗണനയും നൽകുന്നു എന്നതാണ് ഡോക്ടർമാരെ രാജ്യത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പുതുവർഷത്തിനുള്ളിൽ ഈ തർക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാർ എന്ന പേര് മാറ്റി ഇപ്പോൾ റെസിഡന്റ് ഡോക്ടർമാർ എന്നറിയപ്പെടുന്ന ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങൾ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടർമാരുടെ സംഘടനകൾ നൽകിയിട്ടുണ്ട്.