Main News

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന വിവാദങ്ങൾക്കിടയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ലണ്ടൻ മേയർ ആയിരുന്ന സമയത്ത് തന്റെ സ്ഥാനം അദ്ദേഹം ദുരുപയോഗം ചെയ്ത് ബിസിനസുകാരിയായ ജെന്നിഫർ അർക്യൂറിയെ നിയമവിരുദ്ധമായി സഹായിച്ചു എന്നതാണ് പോലീസ് നിഗമനം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ജോൺസൺ പ്രതികരിച്ചു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസനും, ടെക്നോളജി സംരംഭക ആയ ജെന്നിഫറും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. അതിനാൽ തന്റെ മേയർ സ്ഥാനം ദുരുപയോഗം ചെയ്ത് അദ്ദേഹം ജെന്നിഫറിനെ വഴിവിട്ട് സഹായിച്ചതായാണ് ആരോപണം. ജോൺസൺ മേയറായിരുന്ന സമയത്ത് ജെന്നിഫർ പല വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നും, ഇതിനായുള്ള പല സ്പോൺസർഷിപ്പ് ഗ്രാൻഡുകളും ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി പോലീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

എന്നാൽ ഈ കാര്യത്തിൽ ജോൺസന്റെ പൂർണമായ ഉൾപ്പെടൽ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ എല്ലാം നിയമപരമായും സത്യസന്ധമായും ആണ് താൻ പ്രവർത്തിച്ചിരുന്നത് എന്ന് ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ വിവാദം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമല്ലെന്നും ഗ്രേറ്റർ ലണ്ടൻ അതോറിറ്റി സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടതാണെന്നും ഷാഡോ ചാൻസലർ ജോൺ മക്ഡൊനാൽ ആരോപിച്ചു. ജെന്നിഫർ ബോറിസ് ജോൺസനുമൊത്ത് പല വിദേശയാത്രകളും നടത്തിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. താൻ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

മോൺട്രിയൽ : കാനഡയിലെ പലസ്ഥലങ്ങളിലായി നൂറുകണക്കിന് പരിപാടികളാണ് പരിസ്ഥിതിപ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ ലോക നേതാക്കന്മാരുടെ ശ്രദ്ധ പതിപ്പിക്കുക, സംരക്ഷണത്തിന് വേണ്ട കരുതൽ നടപടികൾ എത്രയും പെട്ടെന്ന് ആവിഷ്കരിക്കുക എന്നിവയാണ് സമരക്കാരുടെ ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥിയായ ഗ്രേറ്റയുടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന ലോകവ്യാപകമായ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും അധികം മലിനീകരണം നേരിടുന്ന നഗരമായ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരുമാസത്തോളമായി പരിസ്ഥിതിപ്രവർത്തകർ വെള്ളിയാഴ്ചകളിൽ സമരത്തിലാണ്.

പതിനാറുകാരിയായ ഗ്രേറ്റയുടെ പരിസ്ഥിതി പ്രസംഗങ്ങൾ വൈറലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പരിസ്ഥിതിയുടെ വിഷയത്തിൽ യുഎന്നിലെ ലോകനേതാക്കളുടെ അനാസ്ഥയെപ്പറ്റി അവൾ സംസാരിച്ചിരുന്നു. എന്നാൽ ഇത്രയധികം പേർ സമരത്തിനെത്തിയതിൽ സന്തോഷമുണ്ടെന്നും ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും ഗ്രേറ്റ മാധ്യമങ്ങളോട് പറഞ്ഞു . ഈ സമരം ചെറിയ ഒരു തുടക്കം മാത്രമാണെന്നും അവർ പറഞ്ഞു.

മോൺട്രിയലിൽ മാത്രം സമരത്തിനെത്തിയത് ഏകദേശം അരക്കോടിയോളം ആൾക്കാരാണ്. എന്നാൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഏകദേശം 3,15,000 വ്യക്തികളാണ് പങ്കെടുത്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംഗമം ആണിത്. മനുഷ്യരാശിയുടെ മുഴുവൻ അതിജീവനം ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് സമാധാനമായി പഠിക്കാനും ജോലി ചെയ്യാനും ആവുന്നത് എന്നാണ് ഗ്രേറ്റയുടെ ചോദ്യം. പ്ലാനറ്റ് ബി എന്നൊരു ഓപ്ഷൻ നമുക്കുമുന്നിൽ ഇല്ല എന്ന സത്യവും പ്രക്ഷോഭകർ തുടർച്ചയായി ഓർമിപ്പിക്കുന്നു. ലോക നേതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെസ്റ്റ്മിനിസ്റ്റെർ : ബ്രിട്ടീഷ് പാർലമെന്റ് നിർത്തിവെച്ച ജോൺസന്റെ നടപടി സുപ്രീംകോടതി റദാക്കിയതിനെ തുടർന്ന് എംപിമാർ ബുധനാഴ്ച പാർലമെന്റിൽ തിരിച്ചെത്തിയിരുന്നു.എന്നാൽ സുപ്രീം കോടതി വിധിയെത്തുടർന്ന് ന്യൂയോർക്ക് യാത്ര പാതിയിൽ ഉപേക്ഷിച്ച് തിരികെയെത്തിയ ജോൺസനെ കാത്തിരുന്നത് വൻ തിരിച്ചടിയായിരുന്നു. അടുത്താഴ്ച നടക്കുന്ന ടോറി പാർട്ടി വാർഷിക സമ്മേളനത്തിനായി പാർലമെന്റ് 3 ദിവസത്തേക്ക് നിർത്തിവെക്കാൻ ജോൺസൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്നലെ എംപിമാർ ഇതിനെതിരെ വോട്ട് ചെയ്തു. 289നെതിരെ 306 വോട്ടുകൾക്ക് സർക്കാർ പരാജയപ്പെട്ടു. ജോൺസൻ പ്രധാനമന്ത്രി ആയതിനുശേഷം നടത്തപ്പെട്ട എട്ട് വോട്ടെടുപ്പുകളിൽ ഏഴാമത്തെ തോൽവിയാണ് സർക്കാർ ഏറ്റുവാങ്ങുന്നത്.

ഇതോടെ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ടോറി പാർട്ടി വാർഷിക സമ്മേളനത്തിനിടയിലും പാർലമെന്റ് സാധാരണ ഗതിയിൽ നടക്കുമെന്ന് ഉറപ്പായി. വാർഷിക സമ്മേളനത്തിൽ ബുധനാഴ്ച മുഖ്യപ്രഭാഷണം നടത്താനിരുന്ന ബോറിസ് ജോൺസൻ അതിൽ മാറ്റം വരുത്തി അന്നേദിവസം പാർലമെന്റിൽ എത്തേണ്ടി വരും. പാർലമെന്റ് ഇടവേളയ്‌ക്കെതിരെ എം‌പിമാർ വോട്ട് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ലിബറൽ ഡെമോക്രാറ്റ് ബ്രെക്‌സിറ്റ് വക്താവ് ടോം ബ്രേക്ക് അഭിപ്രായപ്പെട്ടു.

ഇതിനിടയിൽ, 2016 ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രചാരണ വേളയിൽ കൊല്ലപ്പെട്ട ലേബർ പാർട്ടി എംപിയായ ജോ കോക്സിനെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം ബ്രെക്‌സിറ്റ് പൂർത്തിയാക്കുകയെന്നതാണെന്ന ജോൺസന്റെ അഭിപ്രായം വിവാദത്തിന് വഴിയൊരുക്കി. ഈയൊരു പ്രസ്താവന നടത്തിയ പ്രധാനമന്ത്രി ക്ഷമ ചോദിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് എയർലൈൻസ് കമ്പനിയായ തോമസ് കുക്കിന്റെ തകർച്ചയെ പറ്റി ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ രംഗത്ത്. കമ്പനിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഡയറക്ടർമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും, കമ്പനിയുടെ അക്കൗണ്ടുകളെ പറ്റിയും മറ്റും ഉന്നതതല അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്പനി പൂട്ടിയതു മൂലം ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് ബിസിനസ്‌ സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായ തോമസ് കുക്ക് എയർലൈൻസ് നാല് ദിവസം മുൻപാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഓഡിറ്റർമാർ ആയിരുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്ന് ബിഇഐസ് ( ബിസിനസ്‌, എനർജി & ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ) കമ്മിറ്റി ചെയർമാൻ റേച്ചൽ റീവ്സ് ആവശ്യപ്പെട്ടു. ഒക്ടോബറോടുകൂടി അന്വേഷണം തുടങ്ങും എന്ന് ഉറപ്പ് അധികാരികൾ നൽകിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തും, ഓഡിറ്റ് സ്ഥാനത്തും മറ്റും സേവനമനുഷ്ഠിച്ച എല്ലാവരെയും അന്വേഷണത്തിന് വിധേയമാക്കും. ഈ സ്ഥാനങ്ങളിൽ ഇരുന്നവർ എല്ലാംകൂടി ചേർന്ന് ഏകദേശം 35 മില്യൻ പൗണ്ടോളം, 12 വർഷം കൊണ്ട് കൈക്കലാക്കിയിട്ടുണ്ട്. കമ്പനിയുടെ പെട്ടെന്നുള്ള തകർച്ച ടൂറിസ്റ്റുകളെ ആകമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൗത്ത് വെയിൽസ് : പോർട്ട് ടാൽബോട്ടിലെ ടാറ്റാ സ്റ്റീൽ വർക്ക് മെഷിനറി അപകടമുണ്ടായ ഉടൻ തന്നെ കമ്പനി അന്വേഷണം ആരംഭിച്ചിരുന്നു. സൗത്ത് വെയിൽസിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അപകടം നടന്ന ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എമർജൻസി സർവീസ് എത്തി അതിവേഗം രക്ഷാ പ്രവർത്തനം നടത്തിയിരുന്നു. ഒറ്റപ്പെട്ട അപകടം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത് തൊഴിലാളിക്ക് മാത്രമേ അപകടം സംഭവിച്ചിട്ടുള്ളൂ എന്നും പൊതുജനം സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.

 

അപകടത്തെ തുടർന്ന് അടിയന്തര സഹായം ആവശ്യമായ തൊഴിലാളിക്ക് വെൽഷ് ആംബുലൻസ് സർവീസ് ലഭ്യമാക്കിയിരുന്നു. 25 സെപ്റ്റംബർ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തങ്ങളെ ടെൽബോട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് വിളിച്ചിരുന്നു എന്ന് രക്ഷാപ്രവർത്തക പ്രതിനിധി അറിയിച്ചു. ഒരു എമർജൻസി ആംബുലൻസും രണ്ട് ഓഫീസർമാരും ഒരു ഹസാഡ് റെസ്പോൺസ് ടീമും ഉൾപ്പെടെയുള്ള സംഘമാണ് വെയിൽസ് എയർ ആംബുലൻസ്ന്റെ സഹകരണത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയത്.

കഴിഞ്ഞ ഏപ്രിലിൽ സമാനമായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. റെയിൽവേ ട്രാക്കിൽ ദ്രാവകരൂപത്തിലുള്ള ലോഹം ജലവുമായി സമ്പർക്കം ഉണ്ടായപ്പോൾ പെട്ടെന്നുണ്ടായ തീപിടിത്തം ആണ് അപകടകാരണമെന്ന് കരുതുന്നു.

ലിസ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- പാർലമെന്റ് പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി വിധി നൽകിയത് അനുചിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. രാഷ്ട്രീയമായ ഒരു വിവാദ വിഷയത്തിൽ കോടതി വിധി നൽകിയത് ശരിയായില്ല. ഒരു അവിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തന്റെ ഗവൺമെന്റ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെർമി കോർബിന് നേരെയുള്ള വെല്ലുവിളിയായാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതിയുടെ വിധിക്കുശേഷം, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുവാൻ ജോൺസന് അർഹതയില്ലെന്നും രാജിവെക്കണമെന്നും ജെർമി കോർബിൻ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധിക്ക് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നേരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കോടതി വിധിയോടുള്ള ജോൺസന്റെ പ്രതികരണം തെറ്റാണെന്ന് ലേബർ പാർട്ടി വക്താവ് ജെസ് ഫിലിപ്സ് രേഖപ്പെടുത്തി. ഒരു സ്വേച്ഛാധിപതി പോലെയാണ് ജോൺസൺ പെരുമാറുന്നതെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി വക്താവും, അഭിഭാഷകനുമായ ജൊഹാൻ ചെറി രേഖപ്പെടുത്തി.

ബ്രിട്ടീഷ് സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ശരിയായില്ല എന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് തന്റെ ന്യൂയോർക്ക് യാത്ര വെട്ടിച്ചുരുക്കി ബോറിസ് ജോൺസൺ ബ്രിട്ടനിലേക്ക് തിരിച്ചുവന്നു. കോടതിവിധിയെ താൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ ഇത്തരമൊരു രാഷ്ട്രീയ വിവാദ വിഷയത്തിൽ കോടതി ഇടപെട്ടത് ശരിയായില്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി. വീണ്ടുമൊരു ഇലക്ഷനെ നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബർ പാർട്ടി നേതാക്കൾ ആരോപിച്ചു.

മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ഇല്ലാതെ ഇലക്ഷൻ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് സാധ്യമല്ല. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയമായ ഒരു പ്രതിസന്ധിയിലാണ് ബ്രിട്ടൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒരാളും ലോ ഫ്ലോർ ബസിന്റെ നിർമാതാക്കളുമായ റൈറ്റ്ബസ് തകർന്നടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും ഉടമസ്ഥത കൈമാറ്റത്തിൽ വന്ന പരാജയവുമാണ് തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇതിന്റെ ഫലമായി 1200ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. 50 ജോലികൾ മാത്രമേ സ്ഥാപനത്തിൽ ഇനി നിലനിർത്തുകയുള്ളൂ. ‘ബോറിസ് ബസ് ‘ എന്നറിയപ്പെടുന്ന ന്യൂ റൂട്ട്മാസ്റ്റർ നിർമിക്കുന്നതിൽ ഏറ്റവും അറിയപ്പെടുന്ന സ്ഥാപനമാണ് തകർന്നിരിക്കുന്നത്. കമ്പനി വിൽക്കാൻ ശ്രമം നടന്നെങ്കിലും പരാജയം ആയിരുന്നു ഫലം. ഇന്നലെ ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിൽ യൂണിയൻ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

ബാലിമെന ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് കമ്പനി, റൈറ്റ്ബസ് വാങ്ങാനുള്ളവരെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ കഴിഞ്ഞയാഴ്ച അവസാനം ചൈനീസ് എഞ്ചിനീയറിംഗ് ഗ്രൂപ്പായ വെയ്‌ചായും ജെസിബി അവകാശി ജോ ബാംഫോർഡിന്റെ നേതൃത്വത്തിലുള്ള സ്ഥാപനവും ചർച്ചയിൽ നിന്ന് പിന്മാറിയപ്പോൾ പ്രതീക്ഷിച്ച വിൽപ്പന നടക്കാതെവന്നു.

റൈറ്റ്ബസിനെ സഹായിക്കാൻ തന്റെ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കമ്പനിയുടെ തകർച്ച. ബാലിമെനയ്ക്കും വടക്കൻ അയർലൻഡ് സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് കനത്ത പ്രഹരമാണെന്ന് ഡി‌യു‌പി എം‌പി ഇയാൻ പെയ്‌സ്ലി പറഞ്ഞു. ഒരാഴ്ചയ്ക്കിടയിൽ യുകെയിൽ പാപ്പരാകുന്ന രണ്ടാമത്തെ കമ്പനി ആണ് റൈറ്റ്ബസ്. കഴിഞ്ഞ ദിവസമാണ് യാത്ര കമ്പനിയായ തോമസ് കുക്ക് തകർന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കേപ്പ് ടൗൺ: ആന്റി അപ്പാർതീഡ് നായകനും നോബൽ ജേതാവുമായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിനെയും മകളെയും സന്ദർശിച്ചു സസ്സെക്സ്ന്റെ പ്രഭുവും പ്രഭ്വിയും.

പ്രിൻസ് ഹാരിക്കും മകനുമൊപ്പം ആഫ്രിക്കയിലേക്ക് ഉള്ള യാത്രയിലാണ് ആദ്യമായി നാലുമാസം പ്രായമുള്ള പ്രിൻസ് ആർച്ചി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ക്യാമറകൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് വളരെ പരിചിതമായ ഭാവത്തിലായിരുന്നു ആർച്ചി. വർഗീയതയ്ക്കെതിരെ സമരം നടത്തി ലോകപ്രശസ്തനായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിനെയും മകൾ തന്റെക ടുട്ടുവിനെയും പരിചയപ്പെട്ടതിൽ ഉള്ള സന്തോഷത്തിലായിരുന്നു രാജകുടുംബം.

 

രാജകുടുംബത്തിന്റെ സന്ദർശനം അത്യധികം സന്തോഷം നൽകുന്നുവെന്നും അവരുടെ സമൂഹത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധത തുടരട്ടെ എന്നും ടുട്ടു പ്രതികരിച്ചു.ദമ്പതിമാർ സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയും സന്ദർശിച്ചിരുന്നു. സൗത്താഫ്രിക്കയിലെ പെൺകുട്ടികളെ സഹോദരിമാരെ എന്നാണ് മെഗാൻ അഭിസംബോധന ചെയ്തത്.

കേപ്ടൗണിൽ നടന്ന ചടങ്ങിൽ സ്ത്രീ സംരംഭകരോട് മെഗാൻ അനുഭവങ്ങൾ പങ്കിട്ടു. ജോലിക്കാരായ സ്ത്രീകൾ കുടുംബഭദ്രത നേടുന്നതിനെ പറ്റിയും തൊഴിലിൽ പ്രാവീണ്യം പുലർത്തുന്നതിനെ പറ്റിയും മെഗാൻ സംസാരിച്ചു. തങ്ങളുടെ സന്ദർശനത്തിന്റെ വിവരങ്ങൾ ദമ്പതിമാർ ഒഫീഷ്യൽ സസെക്സ് റോയൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : പാർലമെന്റ് താൽക്കാലികമായി നിർത്തിവെച്ചത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.അഞ്ചാഴ്ചത്തേയ്ക്ക് പാർലമെന്റ് നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി, പാർലമെന്റ് നിർത്തിവെക്കാൻ രാജ്ഞിയോട് ആവശ്യപ്പെട്ടത് ശരിയായില്ല എന്നും പറഞ്ഞു.പാർലമെന്റ് സമ്മേളനം നേരത്തെ പിരിച്ചുവിടാനും ഒക്ടോബർ 14ന് വീണ്ടും കൂടാനുമുള്ള ജോൺസന്റെ നിർദേശത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ്‌ ഉൾപ്പെടെ 11 അംഗ ബെഞ്ചിന്റേതാണ് ഈ തീരുമാനം. പാർലമെന്റ് സമ്മേളനം നിർത്തിവച്ച ജോൺസന്റെ നടപടി സുപ്രീം കോടതി റദാക്കി. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പാർലമെന്റിന്റെ ഭരണഘടനാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പ്രസിഡന്റ്‌ ബ്രിൻഡാ ഹാലെ വ്യക്തമാക്കി. പരമോന്നത കോടതിയോട് ആദരവുണ്ടെന്നും എന്നാൽ ഈയൊരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിക്കുന്നെന്നും ജോൺസൻ അഭിപ്രായപ്പെട്ടു.

 

ഇതിനിടയിൽ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്. വിധിന്യായത്തിന്റെ ഫലമായി ജോൺസൺ രാജിവയ്ക്കണമെന്ന് സ്കോട്ടിഷ് കേസിന് നേതൃത്വം നൽകിയ എസ്എൻ‌പിയുടെ ജോവാന ചെറി ആവശ്യപ്പെട്ടു. ബോറിസ് ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു.ഒപ്പം വ്യക്തമായ വിധിന്യായത്തിന്റെ വെളിച്ചത്തിൽ എം‌പിമാർ ബുധനാഴ്ച മടങ്ങിയെത്തുമെന്ന് കോമൺസ് സ്‌പീക്കർ ജോൺ ബെർക്കോവ് അറിയിച്ചു. പാർലമെന്റ് നിർത്തിവെക്കലിനെ പരസ്യമായി വിമർശിച്ച മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ്, പ്രധാനമന്ത്രിയുടെ മോശം പെരുമാറ്റം കാരണമാണ് ഇതുണ്ടായതെന്നും അതിനാൽ വിധിന്യായത്തിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിവാദ നിലപാട് നിയമവിരുദ്ധമാണെന്ന് സ്കോട്ടിഷ് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടത്. ഒക്ടോബർ 31 ന് തന്നെ ഒരു കരാറില്ലെങ്കിലും യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൺ . എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ ജോൺസൺ എങ്ങനെ നീങ്ങുമെന്ന് കാണേണ്ടിയിരിക്കുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ: കമ്പനി തകർന്നതായി ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ച ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ഫാങ്ക്ഹോസ്റ്റർ 2014 മുതൽ കൈക്കലാക്കിയത് ഏകദേശം 8.4 മില്യൺ പൗണ്ട്, ഇതിൽ 4.6 മില്യൺ ബോണസ് ഇനത്തിലാണ് നേടിയെടുത്തത്. യുകെയുടെ ഏറ്റവും പഴക്കമുള്ള ട്രാവൽ ഏജൻസിയിൽ നിന്ന് പത്ത് വർഷമായി 47 മില്യണിലധികം പൗണ്ടാണ് ഡയറക്ടർമാർ വെട്ടിച്ച് എടുത്തത്.

എന്നാൽ കമ്പനി തകർച്ചയിൽ ആയിരിക്കുമ്പോൾ തലവന്മാർ സ്വന്തമായി ശമ്പളം വാങ്ങി സ്ഥാപനത്തെ തീരാ നഷ്ടത്തിലാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം തിരികെ നൽകാനുള്ള ധാർമികമായ ബാധ്യത തലവന്മാർക്ക് ഉണ്ടെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ പ്രതികരിച്ചു. മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ഒരു കമ്പനിയുടെ നഷ്ടം മുഴുവൻ സാമ്പത്തിക മേഖലയിലും ചെറിയതോതിലെങ്കിലും പ്രതിഫലിക്കും. തൊഴിൽനഷ്ടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്.

ഭാവിയിൽ ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയണമെന്നും, നികുതി ദാതാക്കൾക്ക് കൃത്യമായ സേവനം നൽകേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഏകദേശം 550 ഓളം സഹ സ്ഥാപനങ്ങളുള്ള തോമസ് കുക്ക് കമ്പനിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാരിന്റെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

Copyright © . All rights reserved