Main News

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിനെ ദുരിതത്തിലാക്കി ദിവസങ്ങളായി പെയ്യുന്നു ശക്തമായ മഴ. വെള്ളപ്പൊക്കം മൂലം ഇംഗ്ലണ്ടിലെ റോഡുകളിൽ യാത്ര മുടങ്ങി. അഞ്ചോളം പ്രളയ മുന്നറിയിപ്പുകളും, നാല്പതോളം ജാഗ്രത നിർദ്ദേശങ്ങളും ഇംഗ്ലണ്ടിൽ ഉടനീളം എൻവിയോൺമെന്റ് ഏജൻസി പുറപ്പെടുവിച്ചിരിക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സൗത്താംപ്ടൺ, ബിർമിങ്ഹാം, ലിവർപൂൾ, ലണ്ടൻ എന്നീ നഗരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചില നഗരങ്ങളിൽ 50 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. ശക്തമായ കാറ്റും, മിന്നലും രാജ്യത്തിന്റെ പലഭാഗത്തും മഴയോടൊപ്പം ഉണ്ടാകുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൽറ്റ്ഷൈറിലെ ബോസ്കോമ്പിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ആറു മണിക്കൂറിൽ ഏകദേശം 49.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. ഇത് ശക്തമായ മഴയാണെന്ന് കാലാവസ്ഥ വ്യക്താവ് ഗ്രഹാം മാഡ്‌ജ്‌ രേഖപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് ആദ്യമേ മഴയുടെ ദുരിതം ആരംഭിച്ചത്. പിന്നീട് അത് അത് വടക്കൻ ഇംഗ്ലണ്ടിലേക്കും വഴിമാറുകയായിരുന്നു.

ഗ്രേറ്റർ ലണ്ടൻ, ഡെർബിഷെയർ, ഷെഫീൽഡ്, നോട്ടിങ്ഹാംഷെയർ, സ്റ്റാഫ്‌ഫോർഡ്ഷയർ എന്നിവിടങ്ങളിൽ പ്രളയം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വെയിൽസിനെയും പ്രളയം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിനെ സാരമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരത്തിനു കമ്പമുള്ള ജനവിഭാഗമാണ് ബ്രിട്ടീഷുകാർ. ലോക വിനോദസഞ്ചാര മേഘല പിടിച്ചു നിർത്തുവാനുള്ള   ബ്രിട്ടീഷുകാരുടെ പങ്ക്‌ വളരെ വലുതാണ്  .അതുകൊണ്ടു തന്നെ ബ്രിട്ടനിലെ വിനോദ സഞ്ചാരമേഖലയിൽ ഏറ്റവും വലിയ പടർന്നു പന്തലിച്ച കമ്പനിയായ തോമസ് കുക്കിന് ബ്രിട്ടീഷുകാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു . തോമസ് കുക്കിൻെറ ഒരു സുപ്രഭാതത്തിലെ തകർച്ച അമ്പരപ്പോടെയും ,ഒരു ഞെട്ടലോടെയും ആണ് ബ്രിട്ടൻ ശ്രവിച്ചത്. ബ്രിട്ടീഷ് ടൂറിസ്റ്റുകൾ സ്നേഹിച്ചിരുന്ന തോമസ് കുക്കിന്റെ പതനത്തെകുറിച്ച് പലരും വൈകാരികമായിട്ടാണ് പ്രതികരിച്ചത് .

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു . ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് കമ്പനിയുടെ തകർച്ചയോടെ പല രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നത് . തോമസ് കുക്കിന്റെ പ്രവർത്തനം നിലച്ചതോടുകൂടി പലർക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാൻ പറ്റാത്ത സാഹചര്യമാണ് . ട്യൂണിഷ്യയിലുള്ള ബ്രിട്ടഷ് ടൂറിസ്റ്റുകളെ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . ബ്രിട്ടന്റെ പുറത്തുള്ള ബ്രിട്ടഷ് ടൂറിസ്റ്റുകളെ തിരിച്ചെത്തിക്കാൻ അടിയന്തര നടപടികൾ സ്വികരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെകിലും ടൂറിസ്റ്റുകളെ അവരുടെ ബന്ധുക്കളും ഈ സ്‌ഥിതിവിശേഷത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത് .

കമ്പനിയുടെ അടച്ചുപൂട്ടൽ 150, 000ത്തോളം ബ്രിട്ടീഷ് വിനോദസഞ്ചാരികളെയും 9000ത്തോളം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കും. കമ്പനി തകർന്നാലും വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ഉറപ്പ് നൽകിയിരുന്നു . തോമസ് കുക്ക് തകർന്നാലും സഞ്ചാരികളെ യുകെയിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാണെന്നും റാബ് പറഞ്ഞു. വിമാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവധിക്കാല പാക്കേജുകൾ സംരക്ഷിക്കപ്പെടുമെന്നും യാത്ര ഏജൻസി ശനിയാഴ്ച രാത്രി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വാർഷിക വില്പന 9 ബില്യൺ പൗണ്ട് ആയിരുന്നു .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരാണ്. കൂടാതെ 16 വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്നത്.

200 മില്യൻ പൗണ്ടിന്റെ ധനകമ്മി നേരിടുന്ന സ്ഥാപനം ഇതിനുള്ള പരിഹാരം കാണാൻ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് അവസാനവട്ട ശ്രമങ്ങൾ നടത്തിയിരുന്നു . പക്ഷെ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറാകാത്തതാണ് തകർച്ചയ്ക്കു ആക്കം കൂട്ടിയത്

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

മാഞ്ചസ്റ്റർ : ബോംബ് ഭീഷണിയെത്തുടർന്ന് മാഞ്ചസ്റ്റർ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ ഒഴിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാരെ സ്റ്റേഷനിൽ നിന്ന് ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബോംബ് ഭീഷണിയെത്തുടർന്ന് ട്രെയിനുകൾ, ബസുകൾ ട്രാമുകൾ എന്നിവ മണിക്കൂറുകളോളം നിർത്തിവെച്ചു. ബോംബ് നിർമാർജന ഉദ്യോഗസ്ഥർ എത്തുകയും ഒരു നിയന്ത്രിത സ്ഫോടനം നടത്തുകയും ചെയ്‌തെന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം വിമാനത്താവളത്തിലെ കോച്ച് സ്റ്റേഷനിൽ ഒരാൾ നഗ്നനായി ഓടുന്നത് കണ്ടതായി കോച്ച് ഡ്രൈവർ കരോലിൻ വാട്സൺ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിനോട് പറഞ്ഞു.പൊതുജന സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നല്കുന്നതെന്നും അതിനാലാണ് ഒരു നിയന്ത്രിത സ്ഫോടനം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആന്റി സറ്റ്ക്ലിഫ്‌ അറിയിച്ചു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം.

ബ്രിട്ടൺ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കൗൺസിലർ ഡൊണാൾഡ് ടസ്‌കും തമ്മിൽ നടന്ന ചർച്ചയിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന പുതിയ വഴിത്തിരിവുകൾ ഒന്നും തന്നെ ഇല്ലെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ സംബന്ധിച്ച് ഒരു കരാറിൽ ഏർപ്പെടാൻ ആയിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ച ഫലപ്രദമായില്ലെന്നു ഡൊണാൾഡ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു കരാറിൽ ഏർപ്പെടാനുള്ള അവസരത്തെ പ്രധാനമന്ത്രി നിരാകരിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റിനെ സംബന്ധിച്ച ബ്രിട്ടന്റെ തീരുമാനങ്ങൾ അടങ്ങുന്ന കരട് രേഖയിൽ കസ്റ്റംസ് വിഷയങ്ങൾക്കും, മറ്റുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിൽ അയർലൻഡ്- ബ്രിട്ടൻ ബോർഡറിലെ ടാക്സിനെ സംബന്ധിക്കുന്ന ഒരു പരാമർശങ്ങളുമില്ല. ഇതിനാൽ കാര്യമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്നാണ് യൂറോപ്യൻ യൂണിയൻ വക്താവ് അറിയിച്ചത്.

ഇതിന് ശേഷം ജർമൻ ചാൻസലർ ആംഗല മെർക്കലിനേയും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ബോറിസ് ജോൺസൻ സന്ദർശിച്ചു. ബ്രിട്ടൻ – അയർലണ്ട് അതിർത്തിയിലെ വ്യാപാര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബുദ്ധിമുട്ടാണെന്ന് യൂറോപ്പ്യൻ യൂണിയന്റെ ബ്രക്സിറ്റ് നെഗോഷിയേറ്റർ മൈക്കൽ ബാർനിർ അറിയിച്ചു. യൂറോപ്യൻ യൂണിയൻ ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ ബ്രിട്ടൻ ഇതുവരെയും ഈ പ്രശ്നം സംബന്ധിക്കുന്ന ഒരു പരിഹാരം നിർദേശിച്ചിട്ടില്ല. ബ്രിട്ടന്റെ നിലവിലുള്ള സ്ഥിതിയിൽ, ഒരു കരാറിൽ ഏർപ്പെടാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കരാറോടുകൂടി യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതിനാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ അയർലണ്ട് അതിർത്തിയെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബോറിസ് ജോൺസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പ്യൻ യൂണിയൻ വക്താക്കൾ ബോറിസ് ജോൺസന്റെ നിലപാടിൽ അതൃപ്തരാണ്.

സ്റ്റോക്ക് ഓൺ ട്രെൻഡ്:  കുട്ടികളിൽ ബൈബിനെകുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ കുട്ടികളുടെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഉള്ള ക്വിസ് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.

ശനിയാഴ്ച്ച  രാവിലെ അറിയിച്ചതുപോലെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ ഒൻപത് മണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. തുടർന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ ചുരുങ്ങിയ വാക്കുകളോടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്.ബിർമിങ്ഹാമിൽ നിന്നുള്ള റീന & ഡെയ്‌സൺ എന്നിവർ അടങ്ങിയ ക്വിസ് ടീം ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സിബി പൊടിപ്പാറ, സിബി ജോസ്, ജിജോ ഫ്രാൻസിസ് എന്നിവർക്ക് പുറമെ ക്വിസ് കമ്മിറ്റി ടീമിലുള്ള സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ജോസ് വര്ഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, സോഫി ജോയി, ഷിൻസി ഡേവിഡ്, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വിജയമാവുകയും കൃത്യ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്.പല ഘട്ടങ്ങളിൽ ആയി 13, 5 എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് മൂന്ന് ടീമുകൾ. വാശിയേറിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ബിർമിങ്ഹാമിനടുത്തുള്ള Saltley മാസ്സ് സെന്ററിൽ നിന്നും വന്ന ആൽവിൻ സെബാസ്റ്റ്യൻ ആൻഡ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ടീം അലൈഡ് മോർട്ടഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത 250 പൗണ്ട് ക്യാഷും   ട്രോഫിയും കരസ്ഥമാക്കി. വൂസ്റ്ററിൽ നിന്നും വന്ന മരിയ കാപ്പൻ ആൻഡ് നേഹ റോസ് ജോർജ്ജ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു.

ന്യൂപോർട്ടിൽ നിന്നും പങ്കെടുത്ത ജോഷ്വ ജോണി ആൻഡ് എലീഷാ ജോണി എന്നിവർ ലിജിൻ ബിജു സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും അന്നക്കുട്ടി വള്ളോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു. സമ്മാനങ്ങൾ നൽകിയത് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ.

അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ച് പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജോയൽ ജോർജ്, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, മെൽവിൻ ബേബി & മെറിൻ ബേബി, ജിസ് ജോസഫ് & പാട്രിക് ജോസഫ്, അൻസെൽ സൈജു & റിജുൻ റൺസുമോൻ എന്നിവർ സ്റ്റോക്ക് ഓൺ ട്രെയ്നിൽ നിന്നും ആൻജെലിൻ ജോസഫ്‌ &അന്നാ തോമസ് ( വോൾവർഹാംപ്ടൺ), ആല്‍വിന്‍ സാലന്‍ & മിലന്‍ ടോം (ലിവര്‍പൂള്‍), ജേക്കബ് ജോസഫ് കരിനാടൻ & മരിയ റീത്ത കരിനാടൻ (മാഞ്ചസ്റ്റർ ) ബ്രിജിറ്റ് തെരേസ കരിനാടൻ &ജോസഫ് ജോൺ കരിനാടൻ (മാഞ്ചസ്റ്റർ) എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക്‌ അർഹരായി.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ആഗോള യാത്ര കമ്പനിയായ തോമസ് കുക്ക് തകർച്ചയുടെ വക്കിൽ. വമ്പിച്ച കടബാധ്യത തന്നെയാണ് പ്രധാന കാരണം. ഒരു തകർച്ച ഒഴിവാക്കാൻ അടിയന്തരമായി 200 മില്യൺ പൗണ്ട് അവർ കണ്ടെത്തേണ്ടതുണ്ട്. തോമസ് കുക്കിന്റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം യഥാർത്ഥത്തിൽ വലച്ചിരിക്കുന്നത് വിനോദസഞ്ചാരികളെയാണ്. ഇന്നലെ രാവിലെ കമ്പനിയുടെ പ്രധാന നേതാക്കളുമായി അവസാന ചർച്ചകൾ നടന്നു. കമ്പനി അടച്ചുപൂട്ടിയാൽ 150, 000ത്തോളം ബ്രിട്ടീഷ് വിനോദസഞ്ചാരികളും 9000ത്തോളം തൊഴിലാളികളും പ്രതിസന്ധിയിലാവും. ഓപ്പറേഷൻ മാറ്റർഹോൺ എന്ന രഹസ്യനാമത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സർക്കാരും യുകെ ഏവിയേഷൻ വാച്ച്ഡോഗും ഒരുങ്ങുന്നു.

കമ്പനി തകർന്നാലും വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ഉറപ്പ് നൽകി. തോമസ് കുക്ക് തകർന്നാലും സഞ്ചാരികളെ യുകെയിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാണെന്നും റാബ് പറഞ്ഞു. വിമാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവധിക്കാല പാക്കേജുകൾ സംരക്ഷിക്കപ്പെടുമെന്നും യാത്ര ഏജൻസി ശനിയാഴ്ച രാത്രി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.  അതിനിടയിൽ ടുണീഷ്യയിലെ ഹോട്ടലിൽ വിനോദസഞ്ചാരികളെ ബന്ദികളാക്കി വച്ചു. തോമസ് കുക്കിന്റെ അവസ്ഥ കാരണം സഞ്ചാരികളോട് അധിക തുക അടയ്ക്കാൻ ഹോട്ടൽ ആവശ്യപ്പെട്ടു. ആരും പുറത്ത് കടക്കാതിരിക്കാനായി ഹോട്ടലിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. കമ്പനിയുടെ തകർച്ചയിൽ 150,000 ബ്രിട്ടീഷ് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുമെന്ന ആശങ്കയെത്തുടർന്ന് ട്രാൻസ്പോർട്ട് സാലറിഡ് സ്റ്റാഫ് അസോസിയേഷൻ (ടിഎസ്എസ്എ) യൂണിയൻ സർക്കാർ സഹായം ആവശ്യപ്പെട്ടു.

യാത്രക്കാരെയും തൊഴിലാളികളെയും സഹായിക്കാനായി എംപിമാർ മുമ്പോട്ടു വരണമെന്ന് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വാർഷിക വില്പന 9 ബില്യൺ പൗണ്ട് ആണ്.22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരാണ്. കൂടാതെ 16 വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം.

ബ്രിട്ടൻ : ഹാരി രാജകുമാരന്റെയും മേഗൻ രാജകുമാരിയുടെയുമൊപ്പം ലോക യാത്രയ്ക്കൊരുങ്ങി കുഞ്ഞു ആർച്ചിയും. ഹാരിയുടെയും മേഗന്റെയും നാല് മാസം പ്രായമായ മകൻ ആർച്ചിയാണ് ചരിത്ര യാത്രയ്ക്കൊരുങ്ങുന്നത്. വിദേശ രാജ്യത്തേയ്ക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രാജകുടുംബാംഗം എന്ന ബഹുമതിയാണ് ആർച്ചിയെ തേടിയെത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലേയ്ക്ക് ഹാരി – മേഗൻ ദമ്പതികൾ നടത്തുന്ന പത്തുദിന യാത്രയിലാണ് ആർച്ചി പങ്കാളിയാവാൻ ഒരുങ്ങുന്നത്. വില്യം-കെയ്റ്റ് ദമ്പതികളുടെ മകൻ ജോർജ് , ന്യൂസിലാന്റിലേയ്ക്ക് നടത്തിയ യാത്രയാണ് ഇതിന് മുൻപ് പ്രസ്തുത നേട്ടം കൈവരിച്ചത്.

ആർച്ചിയുടെ യാത്ര ഔദ്യോഗകമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മേയ് 6ന് ലണ്ടനിലെ പോർട്ട്ലാൻഡ് ഹോസ്പിറ്റലിലാണ് ആർച്ചിയുടെ ജനനം. മകന്റെ ജനനത്തിന് ശേഷം ഹാരി പറഞ്ഞത് മകനെ കൂടാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാനാവില്ല എന്നാണ്. ഹാരിയുടെ ആ വാക്കുകൾ ആണ് ആർച്ചിയുടെ സൗത്ത് ആഫ്രിക്കൻ യാത്ര ഇപ്പോൾ ചർച്ചയായിരിക്കുന്നതിന് പിന്നിൽ.

രാജകുടുംബത്തിലെ ചെറിയ കുട്ടിയെയും കൊണ്ടുള്ള വിദേശ പര്യടനങ്ങൾക്ക് വലിയ ചരിത്രമാണുള്ളത്. ബ്രിട്ടീഷ്ഗവൺമെന്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ യാത്രകളായാണ് രാജകുടുംബത്തിന്റെ വിദേശ പര്യടനങ്ങൾ പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ രാജകുടുംബത്തിന്റെ ഓരോ യാത്രകൾക്കും വലിയ വാർത്താ പ്രാധാന്യമാണുള്ളത്.

ബ്രിട്ടീഷ് രാജ്ഞിക്ക് മുൻപിൽ ആർച്ചിയെ പരിചയപ്പെടുത്തുന്ന ചടങ്ങിലാണ് ആദ്യമായി കുഞ്ഞു രാജകുമാരൻ വാർത്തകളിൽ നിറയുന്നത്. വിൻഡ്സർ കൊട്ടാരത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഹാരിയും മേഗനും ആർച്ചിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തുകയുണ്ടായി. എന്നാൽ ആർച്ചിയുടെ മാമോദീസ ചടങ്ങുകൾക്ക് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. തിങ്കളാഴ്ച ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കൻ യാത്രയോടെ പതിനെട്ട് ആഴ്ചകൾ മാത്രം പ്രായമുള്ള ആർച്ചി വീണ്ടും വാർത്തകളിൽ നിറയാനൊരുങ്ങുകയാണ്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം.

ന്യൂകാസിൽ : മിസ്റ്ററി യാത്രയ്ക്കായി ഗ്രേറ്റ്യാർമോതിലേക്ക് ലക്ഷ്വറി കപ്പലിൽ പുറപ്പെട്ട ടൂറിസ്റ്റുകൾ തങ്ങൾക്ക് ലഭിച്ച സേവനത്തിൽ തൃപ്തരല്ലാത്തതിനാലാണ് പ്രതിഷേധിച്ചത്. 11 രാത്രി നീളുന്ന യാത്രയ്ക്ക് ഏകദേശം 1400 പൗണ്ട് ചെലവാക്കിയ യാത്രികർ ബാൽ മോറൽ എന്ന കപ്പലിൽ നിന്ന് ഇറങ്ങാൻ വിസമ്മതിക്കുകയും കപ്പൽ ജീവനക്കാരോട് കയർക്കുകയും ചെയ്തു. 710 മുറികളുള്ള ആഡംബര കപ്പലിൽ പോകേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താത്ത മിസ്റ്ററി യാത്രയ്ക്ക് പുറപ്പെട്ട ഒരുകൂട്ടം ടൂറിസ്റ്റുകളാണ് അപ്രധാനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തങ്ങളുടെ മൂല്യമേറിയ പണവും സമയവും നഷ്ടപ്പെടുത്തി എന്ന പരാതിയുമായി രംഗത്തെത്തിയത്.

ന്യൂകാസിലിൽ നിന്ന് പുറപ്പെട്ട കപ്പലിൽ ധാരാളം സ്വപ്നങ്ങളുമായി കയറിയ യാത്രക്കാർക്കാണ് ദുർവിധി. ആദ്യ സ്റ്റോപ്പ് നോർഫോക് ആയിരുന്നു, രണ്ടാമത്തേത് ഫ്രാൻസിലെ രണ്ടാം ലോക മഹായുദ്ധം നടന്ന ഡങ്കിർക്കും, മൂന്നാമത്തേത് ബെൽജിയത്തിന് അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടും ആയിരുന്നു.തങ്ങൾ ഇത്ര അധികം പണം ചെലവാക്കിയത് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ആയിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

എന്നാൽ യാത്രക്കാർ എല്ലാവരും അസംതൃപ്തർ അല്ലെന്നും സംതൃപ്തരായ ഒട്ടനവധി യാത്രക്കാരുടെ റിവ്യു തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരിക്കൽ തങ്ങളുടെ ഒപ്പം യാത്ര ചെയ്തവർ വീണ്ടും വരാറുണ്ടെന്നും കപ്പൽ അധികൃതർ പ്രതികരിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

യോർക്ക് : ഇംഗ്ലണ്ടിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന ക്രിസ്തുവിന്റെ രൂപം നീണ്ട 200 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. 800 വർഷം പഴക്കമുള്ള ക്രിസ്തുവിന്റെ രൂപം യോർക്കിലെ സെന്റ് മേരീസ്‌ മഠത്തിന്റെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലിമോജസിൽ നിർമിക്കപ്പെട്ടതാണിത്. 1826ലാണ് മഠത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇത് കണ്ടെത്തുന്നത്. പിന്നീട് നൂറു വർഷത്തേക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. 1920കളിൽ ഒരു സ്വകാര്യ ജർമൻ കലാസമാഹാരത്തിന്റെ ഭാഗമായി ഇത് മാറി.

പതിനാറാം നൂറ്റാണ്ടിലെ ഹെൻറി എട്ടാമന്റെ ക്രൂരാക്രമണത്തെ അതിജീവിച്ച ചുരുക്കം ചില വസ്തുക്കളിൽ ഒന്നാണിത്. ജർമനിയിൽ നടന്ന ലേലത്തിൽ നിന്നും 7530 പൗണ്ടിനാണ് യോർക്ക്ഷയർ മ്യൂസിയം ഇത് വാങ്ങിയത്. 16 സെന്റിമീറ്റർ നീളമുള്ള ഈ രൂപം ചെമ്പിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. കണ്ടാൽ സ്വർണ്ണം ആണെന്നെ തോന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്. രൂപത്തിന്റെ കൈകളും കാലുകളും അതിലുണ്ടായിരുന്ന വിലയേറിയ മുത്തുകളും നഷ്ടപ്പെട്ടിരിക്കുന്നു. യോർക്ക്ഷയർ മ്യൂസിയത്തിലെ ആർക്കിയോളജി ക്യൂറേറ്റർ ലൂസി ക്രൈറ്റൺ പറഞ്ഞു:” പതിമൂന്നാം നൂറ്റാണ്ടിലെ മതകലയുടെ അതിശയകരമായ ഉദാഹരണമാണ് ഇത്. 200 വർഷങ്ങൾക്ക് ശേഷം തിരികയെത്തുന്നുവെന്നത് സന്തോഷം പകരുന്നു. ഇത് അവിശ്വസനീയമാംവിധം അപൂർവവും വിലപ്പെട്ടതുമായ കണ്ടെത്തലാണ്. ”

മ്യൂസിയത്തിൽ ഇന്നലെ മുതൽ ഈ ക്രിസ്തു രൂപം പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

വെസ്റ്റ് യോർക്ക്ഷെയർ :- 20 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുകളിൽ ഒന്നായ ഹെറോയിൻ കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ പാകിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇരുപത്തിയാറുകാരനായ മുഹമ്മദ് താഹിർ അയാസിനെയും, ഭാര്യ ഇരുപതു വയസ്സുള്ള ഇക്ര ഹുസ്സൈനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡർ ഫീൽഡിൽ ആണ് ഇവർ താമസിച്ചു വരുന്നത്. പാകിസ്ഥാനിലെ സിയാൽകോട്ട് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ദമ്പതികൾ ദുബായ് വഴി യുകെയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

അനധികൃതമായി കൈവശം വച്ച 24 കിലോയോളം ഹെറോയിൻ എയർപോർട്ട് സെക്യൂരിറ്റി ഫോഴ്സ് കണ്ടെടുത്തു. സ്ത്രീകളുടെ വസ്ത്രത്തിൽ തയ്ച്ചു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച എമിറേറ്റ്സ് എയർലൈൻസിന്റെ ഫ്ലൈറ്റിൽ യുകെയിലേക്ക് പോകാൻ എത്തിയപ്പോഴാണ് പിടിയിലായത്. സെക്യൂരിറ്റി ഫോഴ്സ് അധികൃതർ ഹെറോയിൻ പിടിച്ചെടുക്കുകയും, ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനുശേഷം ആന്റി നാർക്കോട്ടിക് ഫോഴ്സ് വിഭാഗത്തിന് കൂടുതൽ ചോദ്യം ചെയ്യലിനായി ദമ്പതികളെ കൈമാറി.

പിടിച്ചെടുത്ത ഹെറോയിന് രണ്ട് മില്യൻ പൗണ്ടോളം മാർക്കറ്റിൽ വിലയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന് വളരെ ശക്തമായ നിയമങ്ങളാണ് പാകിസ്ഥാനിൽ ഉള്ളത്. ജീവപര്യന്തമോ അല്ലെങ്കിൽ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പാകിസ്ഥാൻ അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് അറിയിച്ചു.

Copyright © . All rights reserved