ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും രണ്ട് ദിവസത്തിനുള്ളിൽ കനത്ത മഴ പെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും സൗത്ത് വെയിൽസിലെയും ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ രണ്ടു ദിവസം കൊണ്ട് ഒരു മാസം ലഭിക്കുന്ന മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളപ്പൊക്കം, ഗതാഗത തടസ്സം, പവർകട്ട് എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് സെപ്റ്റംബറിലെ ശരാശരി മഴയുടെ അളവിനെക്കാൾ കൂടുതലായിരിക്കും. വെള്ളപ്പൊക്കം മൂലം റോഡുകളിൽ യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഗർഭിണിയും 6 കുട്ടികളും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട് . മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. രണ്ടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബൊലോൺ-സുർ-മെറിന് സമീപമുള്ള കേപ് ഗ്രിസ്-നെസിൽ നിന്ന് 50-ലധികം പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ബോട്ടിൽ പകുതിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി ആണ് റിപ്പോർട്ടുകൾ. യാത്രക്കാരിൽ എട്ടിൽ താഴെ ആളുകൾ മാത്രമെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ. ഈ വർഷം ചാനലിൽ നടന്ന ഏറ്റവും വലിയ മനുഷ്യ കുരുതിയാണ് ഇന്നലെ നടന്ന സംഭവം. ഈ സംഭവത്തോടെ ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 45 പേരാണ് കൊല്ലപ്പെട്ടത്. ഇത് 2021 നു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് എന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഹെലികോപ്റ്ററുകളും നേവി ബോട്ടുകളും മത്സ്യബന്ധന കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ 80 വയസ്സുകാരനായ വ്യക്തി കുട്ടികളുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭീം കോഹലി എന്ന ഇന്ത്യൻ വംശജനാണ് സാമൂഹിക വിരുദ്ധ സ്വഭാവമുള്ള കുട്ടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റോക്കി എന്ന വിളിപ്പേരുള്ള നായയുമായി നടക്കാനിറങ്ങിയ അദ്ദേഹം തൻറെ വീടിന് 50 മീറ്റർ മാത്രം അകലെയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ഭീമിൻറെ കൊലപാതകത്തിനോട് അനുബന്ധിച്ച് 5 കുട്ടികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും 12 വയസ്സുകാരായ ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 14 വയസ്സുകാരനായ ആൺകുട്ടി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്. മറ്റ് നാല് പേരെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറെ നാളുകളായി കൊല്ലപ്പെട്ട ഭീമിനെ പലരീതിയിൽ കുട്ടികൾ ഉപദ്രവിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ ഭീം പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസമെടുത്തതായി ഭീം പരാതിപ്പെട്ടതായി സുഹൃത്ത് ഗ്രഹാം ഹാൽഡേൻ പറഞ്ഞു. എന്നാൽ പോലീസ് കുട്ടികൾക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സതിന്ദർ ആണ് ഭീമിന്റെ ഭാര്യ. സുസൻ , വിരിന്ദർ , ബാവൂർ എന്നീ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 50 വയസ്സുകാരിയായ സുസൻ തൻറെ പിതാവ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവിടേയ്ക്ക് എത്തുകയായിരുന്നു. തങ്ങൾ 40 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു എന്നും കഴിഞ്ഞ കുറെ നാളുകളായി നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുവെന്നും സൂസൻ പറഞ്ഞു. ഭീമും സതിന്ദറും പഞ്ചാബിൽ നിന്നാണ് യുകെയിൽ എത്തിയത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 1912 ഏപ്രിൽ 15…. അന്നായിരുന്നു ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന വിശേഷണത്തിന് അർഹമായ, അക്കാലത്തെ സാങ്കേതികതയുടെയും ആഡംബരത്തിന്റെയും അവസാനവാക്കെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ടൈറ്റാനിക് ‘, അതിന്റെ കന്നി യാത്രയിൽ സമുദ്രത്തിന്റെ ആഴങ്ങളിൽ അകപ്പെട്ടത്. എന്നാൽ ടൈറ്റാനിക്ക് മുങ്ങി 112 വർഷങ്ങൾക്ക് ശേഷം, ഇന്നും ആളുകളെ കൗതപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് അതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്നും നടന്നു വരുന്ന പര്യവേഷണം.
112 വർഷം പഴക്കമുള്ള അവശിഷ്ടത്തിൻ്റെ നിയമപരമായ അവകാശങ്ങൾ കൈവശമുള്ള ജോർജിയ ആസ്ഥാനമായുള്ള ആർഎംഎസ് ടൈറ്റാനിക് ഇൻക്, 2010 ന് ശേഷമുള്ള ആദ്യ യാത്ര പൂർത്തിയാക്കി, പര്യവേഷണത്തിൽ നിന്നുള്ള ചിത്രങ്ങളാണ് തിങ്കളാഴ്ച പുറത്തുവിട്ടത്. ചിത്രങ്ങളോടൊപ്പം തന്നെ, കപ്പലിൽ ഉണ്ടായിരുന്ന പതിറ്റാണ്ടുകളായി നഷ്ടപ്പെട്ടെന്ന് കരുതിയ ഡയാന ഓഫ് വെർസൈൽസിന്റെ വെങ്കല പ്രതിമയും കണ്ടെത്തിയതായാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ ഉയർന്ന റെസല്യൂഷനോടു കൂടിയ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 1997 ലെ ജെയിംസ് കാമറൂൺ അനശ്വരമാക്കിയ ടൈറ്റാനിക് സിനിമയിൽ ജനമനസ്സുകളിൽ ഹൃദയം നേടിയ രംഗങ്ങളിൽ ഒന്നായ കപ്പലിന്റെ ബോ റെയിലിങ്ങിനും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് കൂടുതൽ ജീർണത സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിനാൽ തന്നെ അത് കാത്തു സൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും ആർഎംഎസ് ടൈറ്റാനിക്ക് ഡയറക്ടർ ഓഫ് കളക്ഷൻസ് ടോമാസിന റേ പറഞ്ഞു.
ഏകദേശം 20 ദിവസത്തോളം പര്യവേഷണ സംഘം സൈറ്റിൽ ചെലവഴിച്ചു. സൈറ്റിനെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സംഘം അവശിഷ്ടങ്ങൾ പൂർണ്ണമായി മാപ്പ് ചെയ്തതായും ആർഎംഎസ് ടൈറ്റാനിക് പറഞ്ഞു. അടുത്തഘട്ടം ഡാറ്റ പ്രോസസ് ചെയ്യുക എന്നതാണെന്നും, ഇതിലൂടെ കൃത്യമായ വിവരങ്ങൾ ശാസ്ത്ര സമൂഹവുമായി പങ്കിടുവാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്ന വെങ്കല പ്രതിമ കപ്പലിലെ ഫസ്റ്റ് ക്ലാസ് ലൗഞ്ചിലെ ശ്രദ്ധാകേന്ദ്രം ആയിരുന്നു. കപ്പൽ മുങ്ങുന്നതിനിടെ ലോഞ്ച് തുറന്നതാണ് ഡയാനയുടെ പ്രതിമയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു. 1987 നു ശേഷമുള്ള കമ്പനിയുടെ ഒമ്പതാമത്തെ പര്യവേഷണ സന്ദർശനം ആയിരുന്നു ജൂലൈയിൽ നടന്നത്. അവശിഷ്ടങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനും പുരാവസ്തുക്കൾ തിരിച്ചറിയുന്നതിനും നിലവിലുള്ള സംരക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനും സമുദ്ര ഇമേജിംഗ് വിദഗ്ധർ, സമുദ്രശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ എന്നിവരുടെ ഒരു ടീമിനെ ആണ് പര്യവേഷണത്തിനായി കമ്പനി നിയോഗിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിലെ പാർക്കിൽ ആക്രമണത്തിനിരയായി 80 വയസ്സുകാരൻ മരിക്കാനിടയായ സംഭവത്തിൽ അഞ്ച് കുട്ടികളെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു . ഞായറാഴ്ച വൈകുന്നേരം ആണ് ഇയാൾ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ലെസ്റ്റർഷെയറിലെ ബ്രൗൺസ്റ്റോൺ ടൗണിലെ ഫ്രാങ്ക്ലിൻ പാർക്കിൽ തൻറെ നായയുമായി നടക്കുന്നതിനിടെയാണ് ഇയാൾക്ക് ക്രൂരമായ മർദ്ദനമേറ്റത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു എന്ന് ലെസ്റ്റർ ഷെയർ പോലീസ് പറഞ്ഞു.
രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച ഇയാൾ മരിച്ചതിനെ തുടർന്നാണ് കൊലപാതകം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായവരിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും 14 വയസ്സുള്ളവരും മറ്റുള്ളവർ 12 വയസ്സ് പ്രായമുള്ളവരുമാണ്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നവരോട് സംസാരിക്കുകയും സംഭവ സമയത്ത് പാർക്കിലുണ്ടായിരുന്നവരും മർദ്ദനത്തിന് ദൃക്സാക്ഷികളായവരോടും മുന്നോട്ട് വരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ആക്രമത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയാൻ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് . മലയാളം യുകെ
യോർക്ഷയറിലെ കീത്തിലിയിലെ ആദ്യകാല മലയാളിയും ഏയർഡേൽ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സുമായിരുന്ന മറിയാമ്മ രാജു (72) നിര്യാതയായി. കേരളത്തിൽ പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. 2003 ലാണ് മറിയാമ്മ രാജു കുടുംബസമേതം കീത്തിലിയിൽ എത്തുന്നത്. രാജു തോമസ് ഭർത്താവും റോബിൻസൺ രാജു (ക്യാനഡ), റെയാൻ രാജു തോമസ് എന്നിവർ മക്കളാണ്. മൃതസംസ്കാര ശുശ്രൂഷകൾ കീത്തിലിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മറിയാമ്മ രാജുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ?? എങ്കിൽ ഇനി മുതൽ നിങ്ങൾക്ക് പിടി വീഴും. റോഡ് സുരക്ഷയുടെ ഭാഗമായി സർക്കാരിന്റെ പുതിയ എ ഐ ക്യാമറകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനക്ഷമമാകും. സുരക്ഷിതമായ റോഡുകൾ ഉറപ്പാക്കുന്നതിനും, വാഹന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് ദേശീയ ട്രയലിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളിലും പുതിയ എ ഐ ക്യാമറകൾ വിന്യസിച്ചിരിക്കുന്നത്. വാഹനം ഓടിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ക്യാമറയിൽ പെട്ടാൽ, ഡ്രൈവർക്ക് 1000 പൗണ്ട് ഫൈനോ അല്ലെങ്കിൽ ലൈസൻസിൽ 6 പോയിന്റുകൾ ലഭിക്കുകയോ ചെയ്യും.
വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരെയും, സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മറ്റും കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേകമായാണ് പുതിയ ക്യാമറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ, സസ്സെക്സ്, ഡർഹാം എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത് ടെക്‌നോളജി കമ്പനിയായ അക്യുസെൻസസ് ആണ്. 2021 ലാണ് ആദ്യമായി എ ഐ ഹെഡ്സ് അപ്പ് സോഫ്റ്റ്‌വെയർ നാഷണൽ ഹൈവേ ഉപയോഗിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തിയശേഷം എഐ സോഫ്റ്റ്‌വെയറിലൂടെ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഓട്ടോമാറ്റിക്കായി കണ്ടെത്തുകയാണ് ചെയ്യുന്നത്.
എ ഐ ഫൂട്ടേജുകൾ പിന്നീട് കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഉറപ്പാക്കുവാനായി അധികൃതർ പരിശോധിക്കും. ഇത്തരത്തിൽ ഉറപ്പാക്കുന്ന ഡ്രൈവർമാർക്ക് പെനാൽറ്റി ചാർജ്ജ് നോട്ടീസുകൾ ലഭിക്കും. പോലീസ് അധികൃതർക്ക് എപ്പോഴും എല്ലായിടവും ഉണ്ടാകാൻ സാധിക്കില്ല. അതിനാൽ തന്നെ ടെക്നോളജിയുടെ എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ആവശ്യമെന്ന് റോഡ് സുരക്ഷാ വക്താവ് വ്യക്തമാക്കി. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ ചെയ്യുന്നതും, മെസ്സേജുകൾ അയക്കുന്നതും നിയമവിരുദ്ധമാണ്. വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും മറ്റും കുറ്റകൃത്യം അല്ലെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ്ങിന് പെനാൽറ്റി ഈടാക്കാനുള്ള നിയമങ്ങൾ നിലവിലുണ്ട്. വാഹനം ഓടിക്കുമ്പോൾ പുകവലിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും, വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ളവർ ഉണ്ടെങ്കിൽ പുകവലിക്കുവാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇത്തരത്തിൽ നിയമങ്ങൾ പൂർണ്ണമായി അനുസരിക്കാത്തവർക്ക് ഇനിമുതൽ ശക്തമായ പിഴകൾ ലഭ്യമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷുകാരുടെ പല ഇഷ്ടഭക്ഷണങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാം, ബേക്കൺ, ചീസ് എന്നിവ കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണത്തിൽ ഉപ്പ് കഴിക്കുന്നതും കുറയ്ക്കണം. ഉപ്പ് കൂടുതൽ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും . ജീവിതശൈലിയോട് ബന്ധപ്പെട്ട ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. 4 മില്യൺ ബ്രിട്ടീഷുകാരാണ് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ കണ്ടെത്താനാകാത്തതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നത്.
ബ്ലഡ് പ്രഷറിനെയും ഹൃദയാരോഗ്യത്തെയും സംബന്ധിച്ച് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത് ചാരിറ്റി ബ്ലഡ് പ്രഷർ യുകെയാണ്. അമിതമായ രക്തസമ്മർദ്ദമുള്ള രോഗികളെ നേരത്തെ കണ്ടെത്താനാവാത്തത് ഒരു വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു. രക്ത സമ്മർദ്ദം കൂടിയവർക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതാണ് തിരിച്ചറിയപ്പെടാതിരിക്കാൻ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ആരെങ്കിലും ഒരു പരിശോധനയ്ക്ക് വിധേയനാകുകയോ ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്തില്ലെങ്കിൽ ഇത് പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നു.
ഒരു ദിവസം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് എൻഎച്ച്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. മുതിർന്നവർ സ്ഥിരമായി രക്തസമ്മർദ്ദം പരിശോധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്താൻ സഹായിക്കുമെന്ന് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫിൽ പ്യാറ്റ് പറഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യുകയും ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഇംഗ്ലണ്ടിലെ മുതിർന്നവരിൽ 32 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേലിനുള്ള ആയുധ കയറ്റുമതി യുകെ താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികൾ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്നുള്ള വിമർശനവും ശക്തമാണ്. യുകെ നൽകുന്ന ആയുധങ്ങൾ കൂട്ടക്കുരുതിക്കായി ഉപയോഗിക്കുന്നതിലെ അതൃപ്തിയാണ് യുകെ വിദേശകാര്യ സെക്രട്ടറി പ്രകടിപ്പിച്ചത്.
യുകെയുടെ 350 കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും സസ്പെൻഡ് ചെയ്യുമെന്നാണ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞത്. എന്നാൽ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ യുകെ പിന്തുണയ്ക്കും. യുകെയുടെ നടപടി ആയുധ ഉപരോധത്തിന് തുല്യമല്ലെന്ന് ലാമി പറഞ്ഞു . ഗാസാ മുനമ്പിലെ ആക്രമണങ്ങളെ ചൊല്ലി ഇസ്രയേലിലേയ്ക്കുള്ള ആയുധ വിൽപന കുറയ്ക്കാനുള്ള സമ്മർദ്ദം യുകെയും യുഎസും കുറെ നാളുകളായി നേരിടുകയാണ്. ഇസ്രായേലിലേക്കുള്ള ബ്രിട്ടീഷ് ആയുധ കയറ്റുമതി ലൈസൻസിനെ കുറിച്ച് നിരവധി എംപിമാരും അഭിഭാഷകരും അന്താരാഷ്ട്ര സംഘടനകളും ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ജൂലൈയിൽ ലേബർ സർക്കാർ അധികാരമേറ്റതിനുശേഷം ഇസ്രയേലിനുള്ള ആയുധ കയറ്റുമതിയെ കുറിച്ച് പുനരവലോകനം നടത്തിയതായി ലാമി അറിയിച്ചു. യുകെ സർക്കാരിൻറെ നീക്കത്തിൽ കടുത്ത നിരാശയാണ് ഉള്ളതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. ഇത് ഹമാസിനും ഇറാനും അനുകൂലമായ സമീപനമാണ് എന്നാണ് യുകെയുടെ നടപടിയോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് ഇസ്രായേൽ പ്രവർത്തിക്കുന്നതെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. എന്നാൽ നിയന്ത്രണങ്ങൾ വളരെ പരിമിതവും പഴുതകൾ നിറഞ്ഞതുമാണെന്ന് ഈ വിഷയത്തിൽ ആംനസ്റ്റി ഇൻ്റർനാഷണൽ യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സച്ച ദേശ്മുഖ് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ വിസ തട്ടിപ്പുകാർ കബളിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ചൂഷണത്തിന് ഇരയായത്. യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇവിടെ ജോലി സംഘടിപ്പിച്ചു കൊടുക്കാമെന്ന തരത്തിലാണ് തട്ടിപ്പുകാർ വാഗ്ദാനം നൽകുന്നത്. സൗജന്യമായി ലഭിക്കുന്ന സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ഏജൻസികൾ 17000 പൗണ്ട് വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ബിബിസിയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്.
തൈമർ റാസ എന്നരോൾ 141 വിസകൾ വിറ്റതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതിൽ മിക്കതും സൗജന്യമായി നൽകേണ്ടവയാണ്. ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്ത ഏകദേശം 1.4 മില്യൺ പൗണ്ട് ആണ്. വെസ്റ്റ് മിഡ് ലാൻഡിൽ വൻതോതിൽ ഓഫീസ് വാടകയ്ക്ക് എടുത്തും ജീവനക്കാരെ നിയമിച്ചുമാണ് ഇയാൾ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത്. നിരവധി വിദ്യാർത്ഥികൾക്കാണ് കെയർ ഹോമുകളിലും സ്പോൺസർഷിപ്പ് ജോലികളും നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്ത് പണം തട്ടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തൊഴിൽ വിസയ്ക്കായി ശ്രമിച്ച് ലക്ഷ കണക്കിന് രൂപ നഷ്ടപ്പെട്ട 17 സ്ത്രീകളെയും പുരുഷന്മാരെയും ബിബിസി ബന്ധപ്പെട്ടതാണ് അവരുടെ റിപ്പോർട്ടിൽ വിവരിക്കുന്നത്. ഇവരിൽ മിക്കവരും ഇന്ത്യയിൽ നിന്നുള്ളവരാണ് . 2022 -ൽ ഏകദേശം 165, 000 തസ്തികകൾ കെയർ മേഖലയിൽ ഒഴിവുണ്ടായിരുന്നു. ഈ മേഖലയിൽ വിദേശത്തുനിന്ന് ഉള്ളവരെ നിയമിക്കുന്നതിനുള്ള വിസ സർക്കാർ അനുവദിച്ചതാണ് വ്യാപകമായി തട്ടിപ്പുകാർ ഉപയോഗിച്ചത്. ഇത്തരം വിസകളിൽ പലതും യുകെയിൽ എത്തിയ വിദ്യാർത്ഥികൾക്ക് നൽകി തട്ടിപ്പ് നടത്തുകയായിരുന്നു. യുകെയിൽ വിദ്യാർഥിനിയായ എത്തിയ 21 വയസ്സുകാരി 10000 പൗണ്ട് ആണ് വിസയ്ക്കായി നൽകിയത് . ആദ്യം ഏജന്റിന് 8000 പൗണ്ട് നൽകിയ അവൾ ആറുമാസത്തോളമാണ് ജോലികൾക്ക് പ്രവേശിക്കാനുള്ള രേഖകൾക്കായി കാത്തിരുന്നത്. എന്നാൽ പിന്നീടാണ് താൻ കബളിക്കപ്പെട്ടതായി അവൾ തിരിച്ചറിഞ്ഞത്.