Main News

ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 313ൽ 114 വോട്ടുകളും നേടി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ തന്റെ കരുത്തു തെളിയിച്ചു. 43 വോട്ടുകൾ നേടിയ ജെറമി ഹണ്ട് രണ്ടാംസ്ഥാനത്തും 37 വോട്ടുകൾ നേടിയ പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് മൂന്നാം സ്ഥാനത്തുമാണ്. ഡൊമിനിക് റാബും സാജിദ് ജാവിദും ആണ് യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളിൽ. ആദ്യഘട്ട വോട്ടെടുപ്പിൽ വ്യക്തമായ മുൻതൂക്കം തന്നെയാണ് ബോസ് ജോൺസന് ലഭിച്ചിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയാവാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി ജോൺസൺ മാറി. മാർക്ക് ഹാർപ്പർ, എസ്ഥേർ മാക്ക്വേ, ആൻഡ്രിയ ലീഡ്സം എന്നിവർക്ക് 17 വോട്ടുകൾ നേടാനാകാത്തതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നിന്നും പുറത്തായി. അങ്ങനെ 10 സ്ഥാനാർത്ഥികളിൽ നിന്നും 7 സ്ഥാനാർഥികളുടെ പോരാട്ടമാണ് നാം ഇനിയും കാണാനിരിക്കുന്നത്. ജയിക്കാൻ ആയതിൽ സന്തോഷവാനാണെന്നും പക്ഷേ ഇനിയും ഒരുപാട് പോകുവാനുണ്ടെന്നും ബോറിസ് ജോൺസൺ പറയുകയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ജയിക്കാനായാൽ ജൂൺ അവസാനത്തോടെ മേയുടെ സ്ഥാനം ഏൽക്കേണ്ടിവരും.

ഏഴാം സ്ഥാനത്തുള്ള റോയ് സ്റ്റെവാർട്ട് ഫലം അറിഞ്ഞപ്പോൾ തന്നെ ‘ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടം’ എന്ന് പറയുകയുണ്ടായി. ബ്രക്സിറ്റ് പ്രശ്നം നിലനിൽക്കുന്ന ഈ സമയത്ത് ജൂൺ അവസാനം എത്തുന്ന പുതിയ പ്രധാനമന്ത്രിക്ക് ഭരണത്തിന്റെ തുടക്കകാലം ദുഷ്കരമായേക്കാം. നൽകിയ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി ഒക്ടോബർ 31നിനുള്ളിൽ ബ്രക്സിറ്റ് പ്രശ്നത്തിൽ ഉചിതമായ ഒരു തീരുമാനം അദ്ദേഹത്തിന് കൈക്കൊള്ളാൻ സാധിച്ചാൽ അത് നേട്ടമായിരിക്കും. ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും ആണ് സ്ഥാനാർത്ഥികൾ നൽകുന്നത്. ബ്രിട്ടനെ ഉടമ്പടികൾ ഒന്നുമില്ലാതെ തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്താം എന്ന് ഡൊമിനിക് റാബ് ഉറപ്പു നൽകിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ബ്രക്സിറ്റ് തന്നെയാണ്. തെരേസ മേയുടെ ഗവൺമെറ്റിനു പറ്റിയ പാളിച്ചകൾ മറ്റുള്ളവർക്ക് ഒരു പാഠമാണ്. ഇതിനെ മറികടക്കാൻ സാഹചര്യമൊരുക്കും എന്നാണ് സ്ഥാനാർത്ഥികൾ എല്ലാവരും ഉറപ്പുനൽകുന്നത്.

ജൂൺ 18നാണ് അടുത്ത തിരഞ്ഞെടുപ്പ്. കുറഞ്ഞത് 33 വോട്ടുകൾ നേടുന്നവർ മാത്രമേ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കൂ. എന്തായാലും 2 ആഴ്ചകൾ കൊണ്ട് ബ്രിട്ടൻ ആര് ഭരിക്കുമെന്ന് അറിയുവാൻ കഴിയും. സ്വന്തം പാർട്ടിയെ ഒന്നിച്ച് നിർത്തുവാനും ബ്രക്‌സിറ്റ് പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കുവാനും പുതിയ പ്രധാനമന്ത്രിക്ക് കഴിയേണ്ടിയിരിക്കുന്നു. അടുത്ത ഘട്ട വോട്ടെടുപ്പ് ഇതിലും വാശിയേറിയത് ആവാനാണ് സാധ്യത.

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

ലണ്ടൻ: രുചിലോകത്തെ ഭീമന്മാരായ കെഎഫ്സി അവരുടെ ഏറ്റവും മികച്ചത് എന്നറിയപ്പെടുന്ന ക്രിസ്പി ചിക്കൻ ബർഗർ മാംസരഹിതം ആക്കി കൊണ്ട് യുകെയിലെ ആരാധകർക്കിടയിൽ പുതിയൊരു ചുവടുവെപ്പിന് വഴിതുറക്കുന്നു. ഇമ്പോസിറ്റർ അഥവാ പകരക്കാരൻ എന്നാണ് ഈ സസ്യ ബർഗർന്   പേരിട്ടിരിക്കുന്നത്. ജൂൺ 17 ഓടുകൂടി തെരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റ്കളിൽ നാലാഴ്ചത്തേക്ക് കൊറോൺ ഫില്ലറുകളും വെജിറ്റേറിയൻ മയോണിസും ചേർത്ത ബർഗർ വിറ്റു തുടങ്ങും. മാംസത്തിന് പകരം സംസ്കരിച്ചെടുത്ത ഫംഗസ് നിന്നും പ്രോട്ടീൻ ലഭിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് കോറോൺ. പകരക്കാരന്റെ വിജയം എന്നാണ് ഇതിനെക്കുറിച്ച് കേഎഫ്സി വിശേഷിപ്പിക്കുന്നത്. മാംസാഹാരത്തിന് പകരം  തേടുന്ന ആസ്വാദകർക്ക് മുന്നിൽ ഇത്തരം സസ്യവിഭവങ്ങൾ അവതരിപ്പിക്കുന്ന അനേകം റസ്റ്റോറന്റ് കളിൽ ഏറ്റവും പുതിയതാണ് കേഎഫ്സി.

ഈ ആഴ്ചയുടെ തുടക്കത്തിൽ തങ്ങളുടെ ജനപ്രിയ സസ്യ ബർഗർ സാൻഫ്രാൻസിസ്കോയിൽ നൂറിലധികം ഔട്ട്‌ലെറ്റുകളിൽ വിൽപ്പന ആരംഭിക്കും എന്നാണ് ബർഗർ രാജാക്കന്മാർ വിലയിരുത്തുന്നത്. അടുത്തിടെ മാക്ഡൊണാൾഡ്‌സ് അവരുടെ മാംസ രഹിത ബർഗർ ജർമനിയിൽ അവതരിപ്പിച്ചിരുന്നു.


ഉപഭോക്താക്കളുടെ ഡൈയറ്റ് നിയന്ത്രിക്കുന്നതും തങ്ങളുടെ പരിസ്ഥിതി ഫുട്പ്രിന്റ് കുറക്കുന്നതും മൂലം ഈ മാംസ രഹിത ഭക്ഷണ സംസ്കാരം വളരെ പെട്ടെന്ന് തരംഗമായി മാറുമെന്നാണ് പ്ര തീക്ഷിക്കുന്നത് . മൃഗ അവകാശ സംഘടനകൾ തീരുമാനത്തിൽ കേഎഫ്സിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നു

ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭചിദ്രം നടത്തുന്ന നോർത്തേൺ അയർലൻഡ് സ്ത്രീകളുടെ എണ്ണം 22 ശതമാനമായി വർധിച്ചിരിക്കുന്നു. 35 വയസ്സിൽ കൂടുതലുള്ള സ്ത്രീകളും കുട്ടികളുള്ള സ്ത്രീകളുമാണ് ഇതിന് തയ്യാറാവുന്നത്.

ബ്രിട്ടണിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന കണക്കനുസരിച്ച് 2018-ൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി 200,608 ഗർഭഛിദ്രങ്ങൾ ആണ് നടത്തപ്പെട്ടത്. ബ്രിട്ടീഷ് പ്രഗ്നൻസി അഡ്വൈസറി ബോർഡ് ചെയർമാൻ ക്ലെയർ മുർഫിയുടെ നിഗമനമനുസരിച്ച് സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള കാരണങ്ങൾ സങ്കീർണമാണ്. ലഭ്യമായ ഗർഭനിരോധന ഉപാധികൾ യുവതികളായ സ്ത്രീകളെ സഹായിക്കുന്നതിനാൽ മുതിർന്ന സ്ത്രീകൾ ഗർഭച്ഛിദ്രത്തിലേക്കും മറ്റും നീങ്ങുന്നു. ഗർഭച്ഛിദ്രം നടത്തുന്നവരിൽ കുട്ടികളുള്ള സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ലെ കണക്കനുസരിച്ച് 56 ശതമാനം ഗർഭച്ഛിദ്രങ്ങളും മുൻപ് ഗർഭിണികളായ സ്ത്രീകൾ ആണ് നടത്തിയത്. 1967 ലെ അബോർഷൻ ആക്ട് പ്രകാരം 24 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് ഗർഭച്ഛിദ്രം അനുവദനീയമാണ്. എന്നാൽ ഈ നിയമം നോർത്തേൺ അയർലൻഡിൽ ബാധകമല്ല. അതിനാൽ ഒട്ടനവധി സ്ത്രീകളാണ് അവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് ഗർഭച്ഛിദ്രത്തിന് ആയി കടന്നുവരുന്നത്.

നോർത്തേൺ അയർലൻഡിൽ ഗർഭഛിദ്രത്തിനു ഉള്ള നിയമം അനുവദിച്ചു കൊടുക്കണം എന്ന് ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നീക്കങ്ങളെ ക്രിസ്ത്യൻ സമൂഹം ശക്തമായി എതിർക്കുന്നു. നിയമം അനുവദിക്കാത്തത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണെന്ന് ആംനസ്റ്റിയുടെ നോർത്തേൺ അയർലണ്ട് കാമ്പയിൻ മാനേജർ ഗ്രിൻനെ ടെഗാർട്ട് പറഞ്ഞു.

ബോറിസ് ജോൺസന്റെ പ്രധാനമന്ത്രിപദം കൺസർവേറ്റീവ് പാർട്ടിക്ക് അടുത്ത ജനറൽ ഇലക്ഷനിൽ 140 സീറ്റിന്റെ വിജയം നേടി കൊടുക്കും എന്ന് റിപ്പോർട്ടുകൾ. 2000 വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ നിലവിലുള്ള 10 കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥികളിൽ ബോറിസ് ജോൺസണ് മാത്രമാണ് എതിരാളികളുടെ മേൽ മുൻതൂക്കമെന്ന് റിപ്പോർട്ടുകൾ. ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെയും, ബ്രെക്സിറ് പാർട്ടി നേതാവ് നിഗെൽ ഫരാജിനെയും തോൽപ്പിക്കാനുള്ള സാധ്യത ബോറിസ് ജോൺസണ് മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.

അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പദം കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ 27 -ൽ നിന്ന് 37 ശതമാനമായി ഉയർത്തിയിരിക്കുന്നു .ഇലക്ട്‌റൽ കാൽക്കുലസ് നൽകുന്ന സർവ്വേ അനുസരിച്ചു കൺസർവേറ്റീവ് പാർട്ടി യുകെയിൽ ഉടനീളം 395 സീറ്റ് നേടുമെന്നും ലേബർ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വെളിപ്പെടുത്തുന്നു. ഒക്ടോബർ 31ന് ബ്രെക്സിറ് നടത്തപ്പെടും എന്നുള്ള വാഗ്ദാനമാണ് ബോറിസ് ജോൺസൺ നൽകുന്നത്.കരാറിലൂടെയോ കരാർ രഹിതമായോ ബ്രെക്സിറ് നടപ്പിലാക്കും.

എന്നാൽ ഒരു കരാർ രഹിത ബ്രക്സിറ്റിനു പാർലമെന്റ് അനുവാദം നൽകുക ഇല്ലെന്നാണ് തെരേസ മേയുടെ മുന്നറിയിപ്പ്. തടസ്സങ്ങൾ ധാരാളമായി ആയി നേരിടും എന്ന് അവർ മുന്നറിയിപ്പ് നൽകി.ബ്രെക്സിറ്റിനെ എതിർത്തു സംസാരിച്ച മുൻ കൺസർവേറ്റീവ് പാർട്ടി നേതാവായ ബ്രേക്കകൗന് ധാരാളം വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബ്രെക്സിറ്റിനു അനുകൂലമായും പ്രതികൂലമായും ധാരാളം വ്യക്തികൾ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. പാർലമെന്റിനു ബ്രെക്സിറ്റിനെ തടയാനുള്ള എല്ലാ അധികാരവും ഉണ്ടെന്ന് ഗവൺമെന്റ് ചീഫ് ജൂലിയൻ സ്മിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രക്സിറ്റ് നായുള്ള പണം വിദ്യാഭ്യാസത്തിനും മറ്റും ചെലവാക്കുക ആണ് ഉത്തമം എന്ന് പെൻഷൻ സെക്രട്ടറി ആംബർ റുഡ് പ്രതികരിച്ചു.

അഞ്ചിൽ  മൂന്നു എൻ എച്ച് എസ് ട്രസ്റ്റുകളിലും ചികിത്സയ്ക്കായി കാൻസർ രോഗികൾ കാത്തിരിക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ഈ അനാസ്ഥയ്ക്കെതിരെ മന്ത്രിമാരും ആരോഗ്യ ഉദ്യോഗസ്ഥരും ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റും എൻ എച്ച്എസും ഊർജിതമായ നടപടികൾ സ്വീകരിക്കണമെന്ന് രേഖപ്പെടുത്തുന്നു.

എൻഎച്ച്എസ് ട്രസ്റ്റിന് റഫറൽ ലഭിച്ചതിനുശേഷം 18 ആഴ്ചത്തെ സമയമാണ് രോഗിക്ക് ചികിത്സ നൽകുന്നതിന് ഉള്ളത്. എന്നാൽ 38 ശതമാനം എൻഎച്ച്എസ് ട്രസ്റ്റുകൾ മാത്രമാണ് ഈ മാനദണ്ഡം പാലിക്കുന്നത്. പകുതിയിലധികം ട്രസ്റ്റുകളും ഇപ്പോൾ കാത്തിരിപ്പ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം രോഗികൾക്കു മാത്രമാണ് ചികിത്സ നൽകുന്നത്. എൻഎച്ച്എസ് ലിസ്റ്റിൽ നിന്നും ചികിത്സക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻമെഗ് ഹില്ലിർ രേഖപ്പെടുത്തി. ആരോഗ്യവകുപ്പും എൻ എച്ച്എസും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗികളുടെ അവസ്ഥ വേദനാജനകമാണ് എന്നാണ് റിപ്പോർട്ടുകൾ .ചികിത്സ ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവർക്ക്. എന്നാൽ എൻ എച്ച് എസിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ചികിത്സ ആവശ്യമായ രോഗികൾക്കാണ് മുൻഗണന നൽകുന്നത്. പേഷ്യൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് റേച്ചൽ പവർ ഇതിനെ മനുഷ്യത്വരഹിതമായി വിലയിരുത്തി.

ടോറി ഗവൺമെന്റിന്റെ അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്ന് ലേബർ പാർട്ടി നേതാവ് ജോനാഥൻ രേഖപ്പെടുത്തി. കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും എൻ എച്ച് എസ്  അറിയിച്ചു.

ലണ്ടൻ∙ തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കൺസർവേറ്റീവ് പാർട്ടിയിലെ മൽസരത്തിന് തുടക്കത്തിലെ ആവേശം. നിലവിൽ 11 പേരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ളത്. എംപിമാരുടെ പിന്തുണയോടെ സ്ഥാനാർഥിയാകാൻ ഇന്നു വൈകുന്നേരം വരെ സമയമുണ്ട്.
ഇതിനിടെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഏവരും സാധ്യത കൽപിക്കുന്ന മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പാർട്ടി അണികളുടെയും സാധാരണക്കാരുടെയും പിന്തുണ നേടാൻ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തി. കടുത്ത ബ്രെക്സിറ്റ് വാദിയായ ബോറിസ് ആദായനികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഇടത്തരക്കാരുടെയും വർക്കിങ് ക്ലാസിന്റെയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. താൻ പ്രധാനമന്ത്രിയായാൽ ഉയർന്ന നിരക്കിൽ ആദായനികുതി അടയ്ക്കേണ്ട പരിധി നിലവിലെ 50,000 പൗണ്ടിൽ നിന്നും 80,000 പൗണ്ട് ആയി ഉയർത്തുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. 30 ലക്ഷത്തോളം വരുന്ന ഇടത്തരക്കാരുടെ പിന്തുണ ഒറ്റയടിക്ക് ആർജിക്കുന്ന പ്രഖ്യാപനമാണിത്. ബ്രിട്ടണിലുള്ള പതിനായിരക്കണക്കിന് മലയാളികൾക്കും ഈ പ്രഖ്യാപനം ഗുണം ചെയ്യും.

നഴ്സുമാരും ഐടി പ്രഫഷണലുകളും ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ബ്രിട്ടീഷ് മലയാളികളും ഉയർന്ന നിരക്കിൽ ആദായനികുതി അടയ്ക്കുന്നവരാണ്. നികുതി ഘടനയിലുണ്ടാകുന്ന മാറ്റംമൂലം ഇവർക്കെല്ലാം നല്ലൊരു തുക ലാഭിക്കാനാകും. നികുതി പരിധി ഉയർത്തുന്നത് സർക്കാരിന് 9.6 ബില്യൻ പൗണ്ടിന്റെ അധിക ബാധ്യത വരുത്തുമെങ്കിലും യൂറോപ്യൻ യൂണിയനുമായി കരാറിലെത്തുന്നതിനായി മാറ്റിവച്ച 26.6 ബില്യൻ പൗണ്ടിൽനിന്നും ഈ തുക കണ്ടെത്താനാകുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. ഒറ്റയടിക്ക് ബ്രെക്സിറ്റ് വാദികളുടെയും വർക്കിംങ് ക്ലാസിന്റെയും പിന്തുണയാർജിക്കുന്ന ഈ പ്രഖ്യാപനത്തിലൂടെ ഇരട്ടനേട്ടമാണ് ബോറിസിന്റെ ലക്ഷ്യം. ഇതിലൂടെ പാർട്ടിയിലെ തന്റെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാമെന്നും മുൻ ലണ്ടൻ മേയർ കൂടിയായ ബോറിസ് കണക്കുകൂട്ടുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൽ 43 ശതമാനം പേർ പിന്തുണയ്ക്കുന്നത് ബോറീസിനെയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ജനപ്രിയ വാഗ്ദാനങ്ങളിലൂടെ ആദ്യറൗണ്ട് വോട്ടെടുപ്പിൽ തന്നെ അദ്ദേഹം എതിരാളികളെ പിന്നിലാക്കാനുള്ള ശ്രമത്തിലാണ്.

ആദായനികുതിയോടൊപ്പം കോർപറേഷൻ ടാക്സിലും ബിസിനസ് ടാക്സിലും ഗണ്യമായ ഇളവുകൾ വരുത്തണമെന്നാണ് ബോറിസിന്റെ നിലപാട്. നികുതി ഇളവുകൾ ജനജീവിതത്തെ സഹായിക്കുമെന്നും ഇതുവഴി സമ്പദ്ഘടനയ്ക്ക് സ്വാഭാവിക വളർച്ച കൈവരുമെന്നുമാണ് ബോറിസിന്റെ വാദം.ബ്രെക്സിറ്റ് കരാറിനായി നികുതിപ്പണം ഉപയോഗിക്കുന്നതിനെ തുറന്ന് എതിർക്കുന്നതാണ് ബോറിസിന്റെ നയം. പണം നൽകി യൂറോപ്യൻ യൂണിയനുമായി കരാറിലെത്തുന്നതിനെ എതിർത്തായിരുന്നു ബോറിസ് മന്ത്രിസഭയിൽനിന്നുതന്നെ രാജിവച്ചത്. പുതിയ സാഹചര്യത്തിൽ താൻ പ്രധാനമന്ത്രിയായാൽ കരാറോടുകൂടിയോ അല്ലാതെയോ ഓക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു. വ്യക്തമായ ഈ ബ്രെക്സിറ്റ് നിലപാടും നികുതി ഇളവുകളുമാകും വരുംദിവസങ്ങളിൽ ബോറിസ് മുഖ്യ പ്രചാരണ ആയുധമാക്കുക.

ബ്രിട്ടണിൽ ഇംഗ്ലണ്ട്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ നിലവിലുള്ള ആദായനികുതിഘടന ഇപ്രകാരമാണ്. 8,632 പൗണ്ടുവരെ ഒരു നികുതിയും നൽകേണ്ടതില്ല.

8,632 മുതൽ 12,500 പൗണ്ടുവരെ 12 ശതമാനം നാഷനൽ ഇൻഷുറൻസ് മാത്രം നൽകിയാൽ മതിയാകും. 12,500 മുതൽ 50,000 പൗണ്ടുവരെ 12 ശതമാനം നാഷണൽ ഇൻഷുറൻസ് ഉൾപ്പെടെ 32 ശതമാനമാണ് നികുതി. 50,000 മുതൽ 100,000 പൗണ്ടുവരെ രണ്ടു ശതമാനം നാഷനൽ ഇൻഷുറൻസ് ഉൾപ്പെടെ 42 ശതമാനം നികുതി. അധിക നികുതി ആരംഭിക്കുന്ന 50,000 പൗണ്ട് പരിധിയാണ് 80,000 പൗണ്ടായി ഉയർത്തുമെന്ന് ബോറിസ് വാഗ്ദാനം ചെയ്യുന്നത്.

നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ ശ്രമിച്ചു കൊണ്ട് ലേബർ പാർട്ടി രംഗത്തെത്തിയിരിക്കുന്നു. സ്കോട്ടിഷ് നാഷണൽ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, ദി ഗ്രീൻസ് എന്നിവരുടെ പിന്തുണയോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ന് ഒരു വോട്ടെടുപ്പ് നടത്തുകയും ഇതിലൂടെ എംപിമാർക്ക് പാർലമെന്റ് തീരുമാനങ്ങളെ സ്വാധീനിക്കാനും കഴിയുമെന്ന് ലേബർ പാർട്ടി വിശ്വസിക്കുന്നു. എംപിമാർക്ക് പല നടപടികളും മുന്നോട്ടു കൊണ്ടു വരുവാനും നോ ഡീൽ ബ്രെക്സിറ്റിനെ തടയുവാനും അതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കുവാനും ഇതിലൂടെ കഴിയുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഇത് നടപ്പിലാക്കുവാൻ പല കൺസർവേറ്റീവ് എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതൊരു രഹസ്യമായ നടപടിയായി ലേബർ പാർട്ടി വെച്ചിരുന്നു. എന്നാൽ ബോറിസ് ജോൺസൺ തന്റെ പ്രചാരണത്തിൽ നോ ഡീൽ ബ്രെക്സിറ്റ്നോട് എതിർപ്പ് അറിയിച്ചത് മൂലം ഇത്തരമൊരു സാഹചര്യം ലേബർ പാർട്ടിക്ക് ഒരുക്കേണ്ടതായി വന്നു. ഇത് പലരേയും സ്വാധീനിക്കുവാൻ കൂടിയാണ്.

കൺസർവേറ്റീവ് എംപിമാരായ ആംബർ റൂഡും ഫിലിപ്പ് ഹാമണ്ടും ജോനാഥാൻ ഡനോഗ്ളിയും ഈ ഒരു തീരുമാനത്തോട് പിന്തുണ അറിയിച്ചു. എങ്കിലും ഒരു ഡീൽ ഇല്ലാതെ യുകെ, യൂറോപ്യൻ യൂണിയൻ വിടാതെ ഇരിക്കാൻ പലരുടെയും പിന്തുണ ഇനിയും ആവശ്യമാണ്. “നാളെ ബ്രെക്സിറ്റിനെ തടയാൻ ഒരു അവസരം ഉണ്ടെങ്കിൽ അത് പരമാവധി പ്രയോജനപ്പെടുത്തണം ” എംപി ജോനാഥാൻ ഡനോഗ്ളി അറിയിച്ചു. മുന്നോട്ടു ഇനി എന്താവും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ബ്രക്സിറ്റ് ഷാഡോ സെക്രട്ടറി കെയർ സ്റ്റാർമ ഇപ്രകാരം പറഞ്ഞു “ഇങ്ങനെ ഒരു പോരാട്ടത്തിന് ഒരുങ്ങുന്നത് അനിശ്ചിതത്വം ഒഴിവാക്കുവാനും ജനങ്ങളെ സംരക്ഷിക്കാനുമാണ്. ” ഈ ഒരു തീരുമാനം ശരിയായ നടപടിയാണെന്നും വലിയൊരു പ്രതിസന്ധി ഇതുമൂലം ഇല്ലാതാക്കുവാൻ കഴിയുമെന്നും മുൻ ടോറി അറ്റോണി ജനറൽ ഡോമിനിക് പറഞ്ഞു. എന്നാൽ ഈ തീരുമാനത്തെ പ്രതികൂലിക്കുന്നവരും ഉണ്ട്. ഒരു എതിർ പാർട്ടി പ്രമേയത്തിന്റെ ആവശ്യം എന്താണെന്ന് ജസ്റ്റിസ് മിനിസ്റ്റർ റോബർട്ട് ബക്ക്ലാൻഡ് ചോദിക്കുകയുണ്ടായി. നോ ഡീൽ ബ്രസീലിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ബ്രിട്ടണിൽ ദിനംപ്രതി ഏറിവരികയാണ്. ലേബർ പാർട്ടിയുടെ ഈ ഒരു തീരുമാനം മറ്റുള്ളവർ എപ്രകാരം സ്വീകരിക്കുമെന്ന് ഇന്നത്തെ വോട്ടെടുപ്പിലൂടെ അറിയേണ്ടിയിരിക്കുന്നു.

സ്ഥാനമൊഴിയുന്നതിന് മുൻപുള്ള അവസാന ദിവസങ്ങളിൽ തെരേസ മേയുടെ ഭരണ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി. 2050 ഓടുകൂടി ബ്രിട്ടനെ ഒരു സമ്പൂർണ്ണ കാർബൺ വിമുക്ത രാജ്യം ആക്കാനുള്ള തീരുമാനം ആണ് അവർ കൈക്കൊണ്ടത്. ഇത്തരമൊരു നിയമനിർമ്മാണം നടത്തുന്ന ആദ്യ പ്രബല രാജ്യം ആയി ബ്രിട്ടൺ മാറി.

ബുധനാഴ്ച പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ക്ലൈമറ്റ് ചേഞ്ച് ആക്റ്റിന്റെ ഭേദഗതിയിലാണ് 2050 ഓടുകൂടി ബ്രിട്ടനെ ഒരു സമ്പൂർണ്ണ കാർബൺ വിമുക്ത രാജ്യം ആക്കാനുള്ള നിയമ നിർമ്മാണം കൈക്കൊണ്ടത്. ഇതോടുകൂടി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ വ്യവസായവൽകൃത രാജ്യമായി ബ്രിട്ടൻ മാറി. ഈ തീരുമാനത്തെ പരിസ്ഥിതി സൗഹാർദ്ദ സമൂഹങ്ങൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ഇത്തരമൊരു തീരുമാനം വ്യവസായവൽകൃത രാജ്യങ്ങൾക്ക് ഒരു അധിക ഭാരം ആയി മാറാൻ ഇടയുണ്ട് എന്ന് ഗ്രീൻപീസ്  പാർട്ടി അറിയിച്ചു.

.

തന്റെ അവസാനനാളുകളിൽ പല സുപ്രധാന തീരുമാനങ്ങളും തെരേസ മേ കൈക്കൊള്ളുകയാണ്. അതിലൊന്നാണ് ഈ തീരുമാനം. കാർബൺ പുറന്തള്ളുന്നത് 2050 ഓടുകൂടി സമ്പൂർണ്ണമായി ഇല്ലാതാക്കുക എന്ന തീരുമാനം ഈ വർഷമാദ്യം ഫ്രാൻസ് കൈകൊണ്ടു. നോർവേ, ഫിൻലൻഡ്‌ പോലെയുള്ള ചെറിയ രാജ്യങ്ങളും 2040 കൂടി കാർബൺ പുറന്തള്ളുന്നത് സമ്പൂർണ്ണമായി ഇല്ലാതാകുമെന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠനം നടത്തുന്നവർക്ക് ഇതു ഒരു സന്തോഷവാർത്തയാണ്. അതോടൊപ്പം തെരേസ മേയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഈ തീരുമാനംരേഖപ്പെടുത്തും.

വ്യവസായ വിപ്ലവത്തിന്റെ ഉത്ഭവസ്ഥാനമായ ബ്രിട്ടൻ പോലൊരു രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ബാക്കിയുള്ള വ്യവസായവൽകൃത രാജ്യങ്ങൾക്കും മാതൃകുമെന്ന് പരിസ്ഥി പ്രവർത്തകർ കരുതുന്നു.

ഷോയുടെ ഭാഗമായി തീ വിഴുങ്ങാൻ ശ്രമിച്ച നേഴ്സിന് ഗുരുതരമായി പൊള്ളലേറ്റു. ഇതിന്റെ ഭാഗമായി എൻ എച്ച് എസിന്റെ പ്രതിഭാസംഗമം ഉപേക്ഷിച്ചു. ക്രിസ്റ്റി കളം എന്ന നേഴ്സിന് ആണ് പൊള്ളലേറ്റത്. വിൻചെസ്റ്ററിലെ റോയൽ തീയേറ്ററിൽ 210 പേരടങ്ങുന്ന സദസ്സിനു മുൻപിൽ ആണ് ഈ സംഭവം. സദസ്സിൽ തന്നെ ഡോക്ടർമാരും നഴ്സുമാരും മറ്റു ഉള്ളതിനാൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സ ലഭിക്കുന്നതിന് സാധിച്ചു. ആദ്യപകുതിയിൽ നേഴ്സിനേറ്റ അപകടം മൂലം പ്രതിഭാസംഗമം ഉപേക്ഷിച്ചു.

അപകടം നടന്ന ഉടൻ തന്നെ ആംബുലൻസിൽ സാലിസ്ബറിയിലെ ജില്ലാ ആശുപത്രിയിലേക്ക് നഴ്സിനെ എത്തിച്ചു.സദസ്സിൽ ഉണ്ടായിരുന്ന പലരും ഇതിനെ ഒരു അതിഭീകര അപകടമായി വിശേഷിപ്പിച്ചു. നേഴ്സ് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ഫേസ്ബുക്കിൽ അവർ ആശംസിച്ചു.

വിൻചെസ്റ്റർ ആശുപത്രിയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. ശനിയാഴ്ചയാണ് ഹംപ്ഷ്യർ ഹോസ്പിറ്റൽ ട്രസ്റ്റ് തിയേറ്റർ വാടകയ്ക്ക് എടുത്തത് . നേഴ്സിനെ ചികിത്സക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഷോ പിന്നീടുള്ള ഒരു തീയതികളിലേക്ക് മാറ്റിയതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved