തന്റെ കൊകൊക്കെയ്ൻ ഉപയോഗം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണെന്ന് ഏറ്റുപറഞ്ഞ് ടോറി നേതാവ് മൈക്കിൾ ഗോവ്. ബ്രിട്ടനിന്റെ പരിസ്ഥിതി, ഭക്ഷ്യ സെക്രട്ടറിയും അതോടൊപ്പം തെരേസ മേ സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയും ആണ് അദ്ദേഹം.
ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് പത്രപ്രവർത്തകൻ ആയിരിക്കുമ്പോൾ താൻ പലതവണ കൊക്കെയ്ൻ ഉപയോഗിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ ഇത് തന്റെ പ്രധാനമന്ത്രി പദവിയിലേക്കുള്ള പ്രയാണത്തിൽ ഒരു തടസ്സമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. 2015- 16 കാലഘട്ടത്തിൽ ബ്രിട്ടൻ നിയമ സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹം തെരേസ മേ രാജിവെച്ച ഒഴിവിൽ ബ്രിട്ടൻ പ്രധാനമന്ത്രിപദത്തിനായി മത്സരിക്കുന്ന 11 ടോറി എംപിമാരിൽ ഒരാളാണ്.

ബ്രിട്ടനിലെ മറ്റു പല നേതാക്കളും സമാന രീതിയിലുള്ള ക്ഷമാപണവുമായി രംഗത്തുവന്നിട്ടുണ്ട്. ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ മറ്റൊരു സ്ഥാനാർത്ഥിയായ റോറി സ്റ്റുവാർട്ട് 15 വർഷങ്ങൾക്ക് മുൻപ് ഇറാനിൽ വച്ച് നടന്ന ഒരു വിവാഹത്തിൽ മയക്കു മരുന്ന് ഉപയോഗിച്ചതായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . തെരേസ മേയ് ശേഷം കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ബോറിസ് ജോൺസണ് എതിരെയും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ഒരു പൂർവചരിത്രം ഉണ്ട്. താൻ പത്രപ്രവർത്തകനായിരുന്നപ്പോൾ ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ ആകുമെന്ന് ചിന്തിച്ചിട്ടില്ല എന്ന് ഗോവ് അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെരേസ മേ ബ്രിട്ടനിന്റെ പ്രധാനമന്ത്രിപദം രാജിവച്ചത്. ജൂലൈയിലാണ് പ്രധാനമന്ത്രി പദത്തിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
1400 ഓളം ആളുകളിൽ നടത്തിയ സർവ്വേ ഫലം ആണ് ഗുഡ് ഹോം റിപ്പോർട്ടായി പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിൽ ഉള്ളവരോട് സന്തോഷത്തെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് പ്രധാനമായും സർവേയിൽ ഉണ്ടായിരുന്നത്. സ്വന്തം വീടുകളെ കുറിച്ച് ചിന്തിക്കുമ്പോൾ യുകെ നാലാമത് സന്തോഷം ഉള്ള സ്ഥലമാണ്. കുറവ് പ്രകാശം, മോശം ശ്വസന വായു, സ്ഥലപരിമിതി എന്നിവയാണ് ബ്രിട്ടീഷുകാർക്ക് അരോചകമാകുന്ന ഗാർഹിക ബുദ്ധിമുട്ടുകൾ. യൂറോപ്പിലെ പത്ത് രാജ്യങ്ങളിലാണ് സർവ്വേ നടത്തിയത്. ഗാർഹിക സന്തോഷത്തിൽ ഒന്നാം സ്ഥാനത്ത് നെതർലാൻഡും രണ്ടാം സ്ഥാനത്ത് ജർമനിയും മൂന്നാം സ്ഥാനത്ത് ഡെൻമാർക്കും ആണ്.

സർവേ നടത്തിയ ഹാപ്പിനസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് സിറ്റിയിൽ താമസിക്കുന്നവരുടെയും നാട്ടിൻപുറത്ത് താമസിക്കുന്നവരുടെയും സന്തോഷത്തിൽ പ്രകടമായ വ്യത്യാസം ഒന്നും ഇല്ലെന്നാണ്. സന്തോഷം കണ്ടെത്താൻ നമ്മൾ തിരഞ്ഞെടുക്കുന്നത് തെറ്റായ സ്ഥലങ്ങൾ ആണെന്ന് ഹാപ്പിനസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ മേയ്ക് വൈക്കിംഗ് പറയുന്നു. ” നമ്മളെ സന്തോഷിപ്പിക്കുന്ന” കാര്യങ്ങളും” നമ്മളെ സന്തോഷിപ്പിക്കുന്നത്” എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണ്. നമ്മുടെ ജീവിതത്തെ പാകപ്പെടുത്തുന്ന വീടുകളിലാണ് സന്തോഷം കുടികൊള്ളുന്നത്. അവിടെയാണ് നമ്മൾ സുഖവും സമാധാനവും സുരക്ഷിതത്വവും അനുഭവിക്കുന്നത്. തിരക്കുപിടിച്ചതും ശ്രദ്ധ ക്ഷണിക്കാൻ വെമ്പൽ കൊള്ളുന്നതുമായ ഈ ലോകത്ത് നമ്മുടെ ആകെയുള്ള അഭയകേന്ദ്രമാണ് നമ്മുടെഗൃഹങ്ങൾ ആണ് .

പത്തിൽ 7.69 സ്കോറും ആയി ഡച്ച് പട്ടികയിൽ മുന്നിൽ ഉണ്ട്. 6.57 ആയി റഷ്യ ഏറ്റവും പിന്നിലും. നാലാം സ്ഥാനം ലഭിച്ച ബ്രിട്ടന് 7.4 പോയിന്റ് ആണുള്ളത്. ജനങ്ങളുടെ സന്തോഷത്തിന്റെ 13 ശതമാനം ഗൃഹങ്ങളുമായി ബന്ധപ്പെട്ടാണുള്ളത്, 14 ശതമാനം ആരോഗ്യവും ഫിട്നെസ്സും ആയി ബന്ധപ്പെട്ടും 6% നാം എന്ത് സമ്പാദിക്കുന്നു എന്നതുമായി ബന്ധപ്പെട്ടും ആണ് ഉള്ളത്. കിംഗ്ഫിഷർ സിഇഒ വോണിക് ലോറി പറയുന്നത് വീടുകളാണ് നമ്മുടെ സന്തോഷത്തിലേക്കുള്ള താക്കോൽ എന്നാണ്. അദ്ദേഹം 16 വർഷമായി വീടുകൾ നവീകരിക്കുന്ന മേഖലയിലുള്ള വ്യക്തിയാണ്.
മുൻ വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസന് എതിരെയുള്ള നിയമ നടപടി ഹൈക്കോടതി റദ്ദാക്കി. 2016ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബ്രക്സിറ്റ് ആരോപണങ്ങളെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ബ്രിട്ടൻ, 350 മില്യൺ പൗണ്ട് യൂറോപ്യൻ യൂണിയന് എല്ലാ ആഴ്ചയും നൽകിയെന്ന് അദ്ദേഹം രണ്ടു വർഷം മുമ്പത്തെ പ്രചാരണ ചടങ്ങുകൾക്കിടയിൽ പറയുകയുണ്ടായി. 350 മില്യൺ പൗണ്ട് എന്ന കണക്ക് പ്രോ -ബ്രെക്സിറ്റ് ക്യാമ്പയിനിൽ ഒരു പ്രധാന വിഷയം തന്നെയായി മാറി. ബ്രക്സിറ്റ് ക്യാമ്പയിൻ ബസ്സിൽ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു “നമ്മൾ 350 മില്യൺ പൗണ്ട് ഓരോ വാരവും യൂറോപ്യൻ യൂണിയന് നൽകുന്നു. എൻ എച്ച് എസിനെ സഹായിക്കുവാൻ നാം മുൻകൈയെടുക്കണം.” ഇതിനെതിരെ പല പ്രമുഖരും രംഗത്തെത്തി. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിച്ചു.

ജോൺസന് എതിരെ നിയമ നടപടികൾ സ്വീകരിച്ചത് 29കാരനായ വ്യവസായി മാർക്കസ് ബോളാണ്. ബോളിന്റെ അഭിഭാഷകർ ജോൺസനെ ഉത്തരവാദിത്വമില്ലാത്തവനും അവിശ്വസ്തനുമായാണ് വിശേഷിപ്പിച്ചത്. ബ്രക്സിറ്റ് ജസ്റ്റിസ് എന്ന പേരിലുള്ള നിയമനടപടിക്ക് വേണ്ടി 2016 ജൂൺ മുതൽ ബോൾ പ്രവർത്തിക്കുകയുണ്ടായി. ബോൾ നിരന്തരമായി രാഷ്ട്രീയത്തിലെ അഴിമതിയെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചുവെന്ന് ബ്രക്സിറ്റ് ജസ്റ്റിസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബോറിസ് ജോൺസന് എതിരെയുള്ള കേസ് റദ്ദാക്കിയതിലുള്ള കാരണങ്ങൾ കോടതി ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വ്യക്തമായ കാരണങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു. വിധിയെ തുടർന്ന് ബോൾ ഇങ്ങനെ അഭിപ്രായപ്പെട്ടു “നമ്മൾ രാഷ്ട്രീയ നേതാക്കൾക്ക് കള്ളത്തരങ്ങൾ പറയുവാൻ ഒരു പച്ചക്കൊടി കിട്ടിയിരിക്കുന്നു”. എന്നാൽ ആഭ്യന്തര സെക്രട്ടറി സായിദ് ജാവീദ് ഈ വിധിയെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി. “ബോറിസ് ജോൺസന് എതിരെ കോടതി വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. നമ്മുടെ സംസാര സ്വാതന്ത്ര്യം കൂടുതൽ വെല്ലുവിളി നേരിടുകയാണ് ” അദ്ദേഹം ഇപ്രകാരം ട്വീറ്റ് ചെയ്തു.
തെരേസ മേയുടെ പടിയിറകത്തോടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും അധികം സാധ്യതയുള്ള വ്യക്തിയാണ് ബോറിസ് ജോൺസൺ എന്ന് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നു. ഈ കോടതിവിധി അനുകൂലമായത് എന്തുകൊണ്ടും ജോൺസന് വരും തിരഞ്ഞെടുപ്പിൽ നേട്ടം തന്നെയാണ്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികൾ ഭക്ഷ്യവിഷബാധ മൂലം മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ ആറ് പേരിൽ മൂന്ന് പേർ മരിച്ചു. രോഗികൾക്ക് നൽകിയ പാക്കഡ് സാൻ വിച്ചുകളിൽ നിന്നും ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയിൽ തെളിഞ്ഞു.

ഗുഡ് ഫുഡ് ചെയിൻ എന്ന കമ്പനിയുടെ സാൻവിച്ച് കളിലാണ് ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം തെളിഞ്ഞത്. ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ. അത്തരം സാൻവിച്ചുകൾ നീക്കം ചെയ്തുവെന്നും സാൻവിച്ച് ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു എന്നും ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വകുപ്പ് നൽകിയ പ്രസ്താവനയിൽ രേഖപ്പെടുത്തി. ഇതോടെ “നോർത്ത് കൺട്രി കുക്ക് ട് മീറ്റ്‌സ് “എന്ന ഉൽപാദകരും സാൻവിച്ചു ഉൽപ്പാദനം നിർത്തിവെച്ചു.

മരിച്ച മൂന്ന് പേരും ഇംഗ്ലണ്ടിലെ ആശുപത്രികളിലെ രോഗികൾ ആയിരുന്നുവെന്നും സാധാരണ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നാഷണൽ ഇൻഫെക്ഷൻ സർവീസ് മേധാവി ഡോക്ടർ നിക്ക് ഫിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം ഫുഡ് സ്റ്റാൻഡേർഡ് അതോറിറ്റിയും പ്രശ്നപരിഹാരത്തിനായി രംഗത്തുവന്നിട്ടുണ്ട്. ലിസ്റ്റീരിയ ബാക്ടീരിയകൾ സാധാരണയായി പാലിലും മറ്റും കാണപ്പെടാറുള്ളത് ആണ്. ആരോഗ്യമുള്ളവരേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ഗർഭിണികളെയും കുട്ടികളെയും ആണ് ഇത് കൂടുതൽ ബാധിക്കുന്നത്.
സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രിയിലെ രോഗികൾ ആയിരിക്കുമ്പോഴാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റ് എന്നും , ആശുപത്രിയുടെ മെനുവിൽ നിന്നും പൂർണ്ണമായി സാൻവിച്ചുകൾ നീക്കം ചെയ്തതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്
M1 മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണമടഞ്ഞു ഇന്നു രാവിലെ 8.15ന് ആണ് സംഭവം നടന്നത്. ജംഗ്ഷൻ 34 മെഡഹോളിനടുത്ത് ടിൻസ്ലി വയാഡക്ടിൽ ഒരു ട്രക്കും വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എയർ ആംബുലൻസിൽ പരിക്കേറ്റവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു. അപകടത്തിൽ രണ്ടുപേർ മരണമടഞ്ഞതിനെത്തുടർന്ന് കൊളീഷൻ ഇൻവെസ്റ്റിഗേഷനായി മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.
പത്തു മണിക്കൂർ നേരത്തേക്കാണ് M1 അടച്ചത്. ഇതേത്തുടർന്ന് വൻ ട്രാഫിക് ക്യൂ രൂപം കൊണ്ടു. ആദ്യം സൗത്ത് ബൗണ്ട് ഭാഗം തുറന്നെങ്കിലും നോർത്ത് ബൗണ്ട് അടച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് ഹള്ളിൽ നിന്നുള്ള 39കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കൺസർവേറ്റീവ് പാർട്ടി നേതൃപദവി രാജിവയ്ക്കും. ഫലത്തിൽ ഇത് പ്രധാനമന്ത്രിപദം രാജിവയ്ക്കലാണ്. പക്ഷേ, ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവർ പ്രധാനമന്ത്രിയുടെ ചുമതലകൾ തുടരും. ബ്രെക്സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാൻ നിർബന്ധിതയാക്കിയത്.
പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരിൽ മുൻ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസൺ ആണു മുന്നിൽ. 11 കൺസർവേറ്റീസ് എംപിമാർ കൂടി മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടികൾ തിങ്കളാഴ്ച തുടങ്ങും.
ബ്രെക്സിറ്റിനായി യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ വിടുതൽ കരാർ ബ്രിട്ടീഷ് പാർലമെന്റ് പലവട്ടം തള്ളി. ഇതേത്തുടർന്നാണ് മേ രാജിപ്രഖ്യാപനം നടത്തിയത്.
ബ്രെക്സിറ്റിനെ എതിർത്തിരുന്ന മേ, ബ്രെക്സിറ്റിനായി കരാർ ഉണ്ടാക്കാനുള്ള നിയോഗം പേറിയത് വിരോധാഭാസമായിരുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത അനുകൂലമായി വിധി എഴുതിയപ്പോൾ ബ്രെക്സിറ്റ് വിരുദ്ധനായ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് മേ പ്രധാനമന്ത്രിയായത്. പാർലെന്റിൽ ഭൂരിപക്ഷം കൂട്ടി ബ്രെക്സിറ്റ് നടപ്പാക്കമെന്ന പ്രതീക്ഷയിൽ മേ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയെങ്കിലും പാളി. മേയ്ക്കു വീണ്ടും സർക്കാർ രൂപീകരിക്കാനായെങ്കിലും ഉള്ള ഭൂരിപക്ഷം നഷ്ടമായി.
ബ്രെക്സിറ്റ് എളുപ്പത്തിൽ നടക്കുവാൻ വേണ്ടി പാർലമെന്റ് പിരിച്ചുവിടണമെന്ന് ടോറി പാർട്ടിപ്രവർത്തകനും എംപിയും ആയിരിക്കുന്ന ഡൊമിനിക് റാബ് ജൂൺ 6ന് വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ ഒക്ടോബർ 31ന് വിടും എന്ന് ഉറപ്പു വരുത്തുന്നതിനും മറ്റ് എംപിമാർ ബ്രെക്സിറ്റിനെ തടയാനോ വൈകിപ്പിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതിനു വേണ്ടിയാണെന്നും ഇപ്രകാരം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ എതിർത്ത് ഹൗസ് ഓഫ് കോമൺസിലെ സ്പീക്കർ ജോൺ ബെർക്കോവ് രംഗത്ത് എത്തുകയുണ്ടായി.പാർലമെന്റിനെ പിരിച്ചുവിടുന്നത് ഒരു കാരണവശാലും നടക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “നോ ഡീൽ ബ്രെക്സിറ്റ് ഒരു വോട്ടെടുപ്പിലൂടെ അല്ലാതെ നടക്കില്ല. രാജ്യം ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, റാബിന്റെ ഈ തീരുമാനം ഒരു പരിഹാരമാവില്ല.” ബെർക്കോവ് തുറന്നുപറഞ്ഞു.

ബെർക്കോവിന്റെ അഭിപ്രായവുമായി മറ്റ് എംപിമാരും യോജിക്കുന്നു.മൈക്കിൾ ഗോവും ബോറിസ് ജോൺസണും മാറ്റ് ഹാൻഡ്കൊക്കും റാബിന്റെ ഈ ഒരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റെവാർട്ട് ഈ ഒരു നിർദ്ദേശത്തെ ‘ജനാധിപത്യവിരുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. പല ടോറി പാർട്ടി നേതാക്കളും ഇതിനോടകം പ്രതികരിച്ചു. റാബിന്റെ ഈ തീരുമാനത്തെ ‘ശുദ്ധ മണ്ടത്തരം’ എന്നാണ് ആംബർ റൂഡ് വിശേഷിപ്പിച്ചത്.
” പാർലമെന്റ് പിരിച്ചു വിടുവാൻ തീരുമാനിക്കുന്നത് രാജ്ഞിയാണ് ” കോമൺസിന്റെ നേതാവ് മെൽ സ്ട്രയിഡ് വ്യക്തമാക്കി. ഇപ്പോഴത്തെ പാർലമെന്റ് 2017 മുതൽ പ്രവർത്തിക്കുന്നു. തെരേസ മേയുടെ രാജിയോടെ പ്രധാനമന്ത്രിയാവാൻ പല നേതാക്കളും രംഗത്തുണ്ട്. ഇവർ പല വാഗ്ദാനങ്ങളും ആണ് ജനങ്ങൾക്ക് നൽകുന്നത്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുന്ന ഈ സമയത്ത് തുടർന്ന് എന്തൊക്കെ സംഭവിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ രാഷ്ട്രീയസാഹചര്യം ദിനങ്ങൾ കഴിയുന്തോറും കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെയൊക്കെ വ്യക്തമാണ്.
ബ്രക്സിറ്റിന്റെ അന്തിമ സമയപരിധിയായ ഒക്ടോബർ 31 ന് മുൻപായി ബ്രിട്ടണിലെ ഏകദേശം 70, 000 ഇറ്റാലിയൻ വംശജർ പൗരത്വത്തിനായി അപേക്ഷ നൽകി. ഇവരോടൊപ്പം അപേക്ഷ നൽകിയവരിൽ പോളണ്ട് വംശജരും റൊമാനിയൻ വംശജരും ഉൾപ്പെടും. ഏകദേശം 3.8 മില്യൺ യൂറോപ്യൻ വംശജരാണ് ബ്രിട്ടണിൽ നിലവിൽ താമസിക്കുന്നത്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിൽ പൗരത്വ ത്തിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ജനുവരി മാസം 21 മുതൽ തന്നെ ബ്രിട്ടണിലെ യൂറോപ്യൻ വംശജർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള സാഹചര്യം ഏർപ്പെടുത്തി എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്. ഇതിൽ ഇറ്റലി, പോളണ്ട്, റൊമാനിയ എന്നിവരാണ് അപേക്ഷിക്കുന്നവരിൽ അധികവും എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് ബ്രക്സിറ്റിനു ശേഷവും യൂറോപ്യൻ വംശജർക്ക് നിയമപരിരക്ഷ ലഭിക്കുന്നതിന് ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് ഏകദേശം 7,50000 യൂറോപ്യൻ വംശജരാണ് മെയ് മാസം വരെ പൗരത്വത്തിന് അപേക്ഷിച്ചത്. ഈ കണക്കുകൾ അനുസരിച്ച് ബ്രിട്ടണിലെ ഇറ്റാലിയൻ വംശജരിൽ അധികവും സ്വദേശത്തേക്ക് മടങ്ങി പോകാനുള്ള സാധ്യത കുറവാണ്.

പൗരത്വത്തിനായുള്ള അപേക്ഷ ലളിതമാണ്. ഏകദേശം നാല് ദിവസം കൊണ്ട് തന്നെ ഈ പ്രക്രിയ പൂർത്തിയാകും. അതിനാൽ ബ്രിട്ടണിലെ ഒട്ടു മിക്ക യൂറോപ്യൻ വംശജരും അപേക്ഷകൾ നൽകി കഴിഞ്ഞിരിക്കുന്നു. ലഭിച്ചതിൽ 99.9% അപേക്ഷകളും അംഗീകരിക്കപ്പെട്ടു എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്.
50 മില്യൺ പൗണ്ട് ചിലവാക്കി ഹീത്രൂവിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന സ്കാനെറുകൾ സ്ഥാപിക്കുന്നത് .ആളുകൾക്ക് ഇനി മുതൽ അവരുടെ ക്യാബിൻ ബാഗുകളിൽ തന്നെ ലാപ്ടോപുകളും, ദ്രാവകരൂപത്തിലുള്ള ലഗേജു കളും സൂക്ഷിക്കാനാകും. അത്രമാത്രം ശക്തമായ സ്കാനെറുകൾ ആയിരിക്കും സ്ഥാപിക്കുക. 50 മില്യൺ മുതൽ മുടക്കിൽ 2022 ഓടുകൂടി സ്കാനെറുകൾ സ്ഥാപിക്കുവാൻ കഴിയുമെന്ന് ഹീത്രൂ വിമാനത്താവള അധികൃതർ പറഞ്ഞു.അവയവങ്ങളും ടിഷ്യുകളും പരിശോധിക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന കംപ്യുട്ടർ ടോമോഗ്രഫി എയർക്രാഫ്റ്റുകളിൽ സംഭരിച്ചിട്ടുള്ള ലഗേജ് പരിശോധിക്കാൻ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.

സാധാരണ X- റേ ഉപകരണങ്ങളേക്കാൾ ഉയർന്ന വേഗതയിൽ വിശദമായ, ത്രിമാന ചിത്രങ്ങൾ നിർമ്മിക്കുവാൻ ഈ പുതിയ സ്കാനെറുകൾക്ക് കഴിയും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിണ്ട ക്യൂവിൽനിന്നു ആളുകൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പറ്റുമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു . ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളൂം ഈ മാതൃക പിന്തുടരുവാൻ ആലോചന ആരംഭിച്ചുകഴിഞ്ഞു. എയർപോർട്ടുകളെ കൂടുതൽ സുരക്ഷയിലാഴ്ത്തുവാൻ ഈ സ്കാനറുകൾക്കു കഴിയും .സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വിമാനങ്ങൾ തകർക്കാൻ ഭീകരർ ശ്രമിച്ചതിനു ശേഷം 2006 ലാണ് ഇവയ്ക്ക് നിരോധനം നിലവിൽ വന്നത്.എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും ഇനി മുതൽ ബാഗുകളിൽ സൂക്ഷിക്കാനാകും.
മലയാളി നേഴ്‌സ് സ്വിൻഡനിൽ നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിയാണ് മരണപ്പെട്ട നേഴ്‌സ് മറിയം. അടൂർ ഏഴാകുളം സ്വദേശിയായ സ്റ്റീഫൻ ഇമ്മാനുവലിന്റെ ഭാര്യയാണ്. 48 വയസ്സ് പ്രായമുണ്ടായിരുന്നു. മറിയം സ്റ്റീഫൻ ദമ്പതികൾക്ക് അചോഷ, ആൻഡ്രൂ എന്ന് രണ്ടുമക്കൾ ഉണ്ട്. ഇവർ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.
ശാരീരികാസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മിറിയത്തിന് ഡോക്ടർ കൂടുതൽ ടെസ്റ്റുകൾ നടത്തിയതോടെയാണ് ലിവർ ക്യാൻസറാണെന്ന് വെളിപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയായിരുന്നു.
വർഷങ്ങളായി സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയുകയായിരുന്നു മരിച്ച മറിയം. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ സജീവപ്രവർത്തകരാണ് സ്റ്റീഫനും കുടുംബവും.
സ്‌നേഹനിധിയായ വീട്ടമ്മയുടെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബങ്ങൾക്ക് ഒപ്പം വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ കൂട്ടായ്മ്മയും. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാളി കുടുംബങ്ങളും ആശുപത്രിയിലെത്തിയിരുന്നു.