നാഷണൽ ഹെൽത്ത് സർവീസിന്റെ ജെൻഡർ ഐഡന്റിറ്റി ക്ലിനിക്കുകളിൽ നിന്നും രണ്ടായിരത്തോളം വ്യക്തികളുടെ ഇമെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന ശക്തമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്. എൻ എച്ച് എസിന്റെ കീഴിലുള്ള ടാവിസ്റ്റോക്ക്, പോർട്മാൻ എന്നീ ക്ലിനിക്കുകളിൽ നിന്നുമാണ് വിവരങ്ങൾ ചോർന്നിരിക്കുന്നത്. ലിംഗമാറ്റ പ്രക്രിയയ്ക്ക് വിധേയരായപെട്ടവരുടെയും, അതിനുവേണ്ടി തയ്യാറെടുത്തിരുന്നവരുടെയും വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

രോഗികളുടെ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കതക്കവണ്ണം അവരുടെ ഇ-മെയിലുകൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുക ആണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലെയുള്ള അനധികൃതമായ കടന്നുകയറ്റമാണെന്ന് ബാധിതരിൽ ഒരാളായ ഷോൺ ഫയെ ആരോപിച്ചു. ഇത് ലിസ്റ്റിലുള്ള എല്ലാവരെയും ട്രാൻസ്ജെൻഡറുകൾ ആയി മറ്റുള്ളവരുടെ മുൻപിൽ തുറന്നു കാട്ടുന്നതിനു ഇടയാകും. തങ്ങളുടെ ഐഡന്റിറ്റി രഹസ്യമാക്കി വയ്ക്കാൻ താല്പര്യപ്പെടുന്നവരുടെ ജീവിതത്തെയും സുരക്ഷയെയും ഇത് സാരമായി ബാധിക്കും.

എൻ എച്ച് എസ് തങ്ങൾക്ക് പറ്റിയ വീഴ്ച അംഗീകരിക്കുകയും, വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. തങ്ങളുടെ പേഷ്യൻസിനായി ട്രസ്റ്റ് നടത്തുന്ന ഒരു ആർട്ട് കോമ്പറ്റീഷനെ സംബന്ധിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴാണ് രോഗികളുടെ ലിസ്റ്റ് പുറത്തുവന്നത്.

വിവരം പുറത്തു വന്നവരിൽ ഭൂരിഭാഗം പേരും ജെൻഡർ ഐഡന്റിറ്റി ക്ലിനിക്കുകളിലെ പേഷ്യൻസ് ആണ്. വിവരം ചോർന്നതിൽ ശക്തമായ അമർഷം ഉണ്ടെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എൻഎച്ച് എസ് വൃത്തങ്ങൾ അറിയിച്ചു. ലിബറൽ ഡെമോക്രാറ്റ് എംപി ആയിരിക്കുന്ന പോൾ ബർസ്റ്റോ ആണ് ട്രസ്റ്റിന്റെ തലപ്പത്തിരിക്കുന്നത്. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.