Main News

ബ്രെക്‌സിറ്റ് ഡീല്‍ വന്‍ മാര്‍ജിനില്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തെരേസ മേയ് ഗവണ്‍മെന്റിന്റെ മരണമണിയാകുമോ? ഭരണപക്ഷ എംപിമാരുടെ കൂടി പിന്തുണയോടെയാണ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. സ്വന്തം പാളയത്തിലും പിന്തുണ നഷ്ടമായ മേയ്ക്ക് അവിശ്വാസ പ്രമേയം താണ്ടാന്‍ കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തികച്ചും അയോഗ്യമായ സര്‍ക്കാരിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ കോമണ്‍സിന് നല്‍കിയിരിക്കുന്നതെന്നാണ് കോര്‍ബിന്‍ പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രധാനമന്ത്രി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മാത്രമായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നതെന്നും കോര്‍ബിന്‍ ആരോപിച്ചു.

നിഷേധത്തിന്റെയും അമാന്തത്തിന്റെയും തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ഭരണമായിരുന്നു മേയ് കാഴ്ചവെച്ചത്. അതിന് അതിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പരാജയം നിറഞ്ഞ ഭരണത്തിനു ശേഷം ജനങ്ങള്‍ക്കു വേണ്ടി ഗുണപ്രദമായ ഒരു ബ്രെക്‌സിറ്റ് ധാരണയുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സര്‍ക്കാരിനുമേല്‍ സഭയ്ക്കുള്ള വിശ്വാസം നഷ്ടമായി എന്നാണ് ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെട്ടതോടെ തെളിഞ്ഞിരിക്കുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

അതിനാല്‍ അവിശ്വാസ പ്രമേയം മേശപ്പുറത്തു വെക്കുകയാണെന്ന് അറിയിക്കുന്നുവെന്ന് കോമണ്‍സില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോര്‍ബിന്‍ പറഞ്ഞു. ഇന്ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും. സഭയുടെ അഭിപ്രായം ഗവണ്‍മെന്റ് സ്വീകരിക്കുമെന്നായിരുന്നു ബ്രെക്‌സിറ്റ് ഡീല്‍ തള്ളിയതിനെക്കുറിച്ച് മേയ് പ്രതികരിച്ചത്. ഈ ഡീലിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം എന്തിനെ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഹിതപരിശോധനാഫലം ഉയര്‍ത്തിപ്പിടിക്കണമെന്നു തന്നെയാണ് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും മേയ് പറഞ്ഞു.

തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെ മൂല്യമുയര്‍ന്ന് പൗണ്ട് സ്റ്റെര്‍ലിംഗ്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ 0.05 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1.287 ഡോളറിലേക്ക് ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം ഉയര്‍ന്നു. ഇന്നലെ ഒരു ശതമാനം ഇടിവായിരുന്നു പൗണ്ടിന്റെ മൂല്യത്തില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടിംഗിനു ശേഷം ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോള്‍ നടപ്പാക്കുന്ന വ്യവസ്ഥകളിന്‍മേല്‍ അനിശ്ചിതത്വം തുടര്‍ന്നതിനാല്‍ 2018ല്‍ പൗണ്ടിന്റെ മൂല്യം 7 ശതമാനം ഇടിഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ഡീല്‍ 202നെതിരെ 432 വോട്ടുകള്‍ക്കാണ് എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്.

ഇത് രാഷ്ട്രീയമായി ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഒരു നോ-ഡീല്‍ സാധ്യതയും ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചക്കുള്ള സാഹചര്യവും പാര്‍ലമെന്റിലെ പരാജയം മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ഒരു രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഉയരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ഗവണ്‍മെന്റിന് പാര്‍ലമെന്റില്‍ നേരിടേണ്ടി വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ തിരിച്ചടി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്ന് എസ്ഇബിയിലെ സീനിയര്‍ എഫ്എക്‌സ് സ്ട്രാറ്റജിസ്റ്റ് റിച്ചാര്‍ഡ് ഫാല്‍ക്കന്‍ഹാള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഈ ഉടമ്പടി അവതരിപ്പിച്ചപ്പോള്‍ത്തന്നെ ക്യാബിനറ്റില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചിരുന്നു.

ഒരു നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകാനുള്ള സാധ്യതകള്‍ എന്തായാലും ഇല്ല എന്നാണ് ചില വ്യവസായ നിക്ഷേപകര്‍ കരുതുന്നത്. പാര്‍ലമെന്റിന് ബ്രെക്‌സിറ്റില്‍ കൂടുതല്‍ അധികാരം ലഭിച്ചതോടെ അത്തരമൊരു സാഹചര്യം ഒഴിവായേക്കും. എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടാനോ, രണ്ടാം ഹിതപരിശോധനയ്‌ക്കോ, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകാനോ ഉള്ള സാധ്യതകള്‍ ഏറെയാണെന്നും ബിസിനസ് ലോകം കണക്കുകൂട്ടുന്നു.

ഇംഗ്ലണ്ടിലെ സമ്പന്നരല്ലാത്തവര്‍ താമസിക്കുന്ന മേഖലയിലെ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ അധിക ഡോസ് പെയിന്‍കില്ലറുകളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തല്‍. നോര്‍ത്തിലെ രോഗികള്‍ക്ക് നാലിരട്ടി ശക്തിയുള്ള ഓപിയോയ്ഡുകളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് ഒരു പഠനം പറയുന്നു. കോഡീന്‍, ട്രമഡോള്‍, മോര്‍ഫീന്‍ തുടങ്ങിയ വേദനാസംഹാരികള്‍ സൗത്തിലുള്ളവരേക്കാള്‍ കൂടുതല്‍ നിര്‍ദേശിക്കപ്പെടുന്നത് ഇവര്‍ക്കാണ്. ബ്ലാക്ക്പൂള്‍, സെയിന്റ് ഹെലന്‍സ്, മെഴ്‌സിസൈഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഡോക്ടര്‍മാരാണ് ഇത്തരം മരുന്നുകള്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്നത്. ഈ പ്രദേശങ്ങളാണ് രാജ്യത്ത് ഏറ്റവും മോശം ആരോഗ്യാവസ്ഥയിലുള്ളതെന്നും പഠനം പറയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നോര്‍ത്ത്-സൗത്ത് ഭേദമുണ്ടെന്നതിന് തെളിവാണ് ഈ കണ്ടെത്തലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ശാരീരികാധ്വാനം ഏറെ വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്നവരും പുകവലിക്കാരും വിഷാദരോഗികളും ഏറെയുള്ള പ്രദേശമാണ് നോര്‍ത്ത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്ക് ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കേണ്ടതായി വരുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ജിപി പ്രിസ്‌ക്രിപ്ഷനുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പത്തില്‍ എട്ടും നോട്ടിംഗ്ഹാമിലാണെന്ന് കണ്ടെത്തി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഈസ്റ്റ് ആംഗ്ലിയയിലുമാണ് മറ്റു രണ്ടു പ്രദേശങ്ങള്‍.

ഏറ്റവും കുറച്ച് ഓപിയോയ്ഡുകള്‍ നിര്‍ദേശിക്കപ്പെടുന്നത് ലണ്ടനിലാണ്. ഏറ്റവും കൂടുതല്‍ അളവില്‍ ഓപിയോയ്ഡുകള്‍ നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങളേക്കാള്‍ നാല് മടങ്ങ് കുറവാണ് ലണ്ടനിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വേദനാസംഹാരികളാണ് ഓപിയോയ്ഡുകള്‍. ഹെറോയിന്‍ പോലെയുള്ള മയക്കുമരുന്നുകളുടെ രാസകുടുംബത്തില്‍ പെടുന്ന ഇവ ഉപയോഗിക്കുന്നവരെ അടിമയാക്കാന്‍ സാധിക്കും.

ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി തെരേസ മേയ്ക്ക് വൻ തിരിച്ചടി. പാർലമെൻറിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബ്രെക്സിറ്റ് ഡീൽ ബ്രിട്ടീഷ് പാർലമെൻറ് തിരസ്കരിച്ചു. അല്പസമയം മുൻപ് ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടിംഗിൽ 202 നെതിരെ 432 വോട്ടിന് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ എംപിമാർ തള്ളിക്കളയുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തു.ലേബർ പാർട്ടിയും എസ്എൻപിയും കരാറിനെതിരെ നിലയുറപ്പിച്ചതോടെ തെരേസ മേയുടെ നീക്കങ്ങൾ പാളി.

അഞ്ചു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ബ്രെക്സിറ്റ് ഡീൽ വോട്ടിനിട്ടത്. ബ്രിട്ടനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേയ്ക്ക് നയിച്ച യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രധാനമന്ത്രി തെരേസ മേയുടെ പ്രധാനമന്ത്രി പദം തെറിപ്പിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തെരേസ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ലേബർ പാർട്ടി നോട്ടീസ് നല്കി. ഇതിൻമേൽ നാളെ ചർച്ചയും വോട്ടിംഗും നടക്കും.

അയർലൻണ്ട് :  ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ  അയർലണ്ടിലുള്ള ലീമെറിക്കിനെ കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത നിര്യാണം. ലീമെറിക്ക് സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ടിനി സിറിളാണ് (37 ) ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ നിര്യാതയായത്. പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ടിനി ലീമെറിക്കിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ഏവര്‍ക്കും സുപരിചിതയുമായിരുന്നു.

ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ സര്‍ജറിയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ശാസ്ത്രക്രിയക്ക് ശേഷം രക്തസ്രാവം നിലയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ  ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. എടത്വ നീലിക്കാട്ടില്‍ കുടുംബാംഗമാണ് പരേത. രണ്ട് മക്കളാണ് ഇവർക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന്‍ റിയോണും ആണ് മക്കൾ.

ടിനിയുടെ അപ്രതീക്ഷിത മരണവിവരമറിഞ്ഞ് ലീമെറിക്ക് മേഖലയിലെ നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ആശുപത്രി ചാപ്പലില്‍ പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെട്ടു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിക്കുന്നു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.

ബ്രിട്ടനില്‍ കുടിയേറിയ പ്രവാസികളായ മലയാളികളുടെ മക്കള്‍ പൊതുവേ സമര്‍ത്ഥരും പാഠ്യരംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും ബ്രിട്ടീഷ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കാറില്ല. മലയാളികളായ മാതാപിതാക്കളും മക്കളെ മെഡിസിനോ എന്‍ജിനീയറിംഗിനോ മറ്റോ പഠിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. വളരെയധികം മലയാളികള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നുണ്ട്. ഇവിടെയാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ആന്‍ ക്രിസ്റ്റി വഴുതനപ്പള്ളി ശ്രദ്ധിക്കപ്പെടുന്നത്.

മലയാളികളിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ആന്‍ ക്രിസ്റ്റി സാധാരണ സ്‌കൂളില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചതും ശ്രമിച്ചതും. ബര്‍മിംങ്ഹാമിനടുത്ത് ഡഡ്‌ലിയില്‍ താമസിക്കുന്ന ജോണ്‍ ജോസഫിന്റെയും റാണിയുടെയും മകളാണ് ആന്‍. ബ്രിട്ടനിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ മന്ത്രാലയത്തിലാണ് ആന്‍ ക്രിസ്റ്റിയുടെ ആദ്യ നിയമനം. ആന്‍ ക്രിസ്റ്റിയുടെ സഹോദരി ഡെല്ലാ ബിരുദാനന്തര ബിരുദത്തിനും ഇളയ സഹോദരന്‍ ഡാനി പത്താം ക്ലാസിലും പഠിക്കുന്നു. എന്തായാലും വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് നേട്ടം കൊയ്ത ആന്‍ ക്രിസ്റ്റി മലയാളി സമൂഹത്തിന് അഭിമാനമാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏതെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ തോല്‍വിയായിരിക്കും കോമണ്‍സില്‍ ഇന്ന് തെരേസ മേയ് നേരിടുകയെന്ന് റിപ്പോര്‍ട്ട്. 100 കണ്‍സര്‍വേറ്റീവ് എംപിമാരും പ്രധാനമന്ത്രിയുടെ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് അവസാന വിവരം. ബില്ലിന്റെ പരാജയം സര്‍ക്കാരിനെയും രാജ്യത്തെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടേക്കും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് തന്റെ പ്ലാന്‍-ബി പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രസല്‍സില്‍ എത്തി ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യാചിക്കുക എന്നതു മാത്രമാണ് മേയ്ക്കു മുന്നിലുള്ള അടുത്ത വഴി. ഇതിനായി ഒരു റോയല്‍ എയര്‍ഫോഴ്‌സ് വിമാനം തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

എന്നാല്‍ ഇത്തരം സാവകാശങ്ങള്‍ തേടാന്‍ ഇവര്‍ക്ക് അവസരം കിട്ടുമോ എന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ കണ്ണുകളും ലേബറിലേക്കും നേതാവ് ജെറമി കോര്‍ബിനിലേക്കുമാണ് നീളുന്നത്. ബില്‍ പരാജയപ്പെട്ടാല്‍ ലേബര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബില്‍ പരാജയപ്പെട്ടാല്‍ മേയ് രാജിവെക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ബില്‍ പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് തന്നെ ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ബ്രെക്‌സിറ്റ് അനുകൂലികളെ ഒപ്പം നിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ ബില്‍ പരാജയപ്പെടുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന പ്രസ്താവനയും മേയ് നടത്തി.

പാര്‍ലമെന്റില്‍ നേരിട്ടേക്കാവുന്ന പരാജയത്തിനു പുറമേ, ബില്ലില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ബ്രസല്‍സ് തള്ളിയേക്കുമെന്നും സൂചനയുണ്ട്. എംപിമാരെ തണുപ്പിക്കാനുള്ള നീക്കമാണ് ബ്രസല്‍സിനെ വീണ്ടും സമീപിച്ചു കൊണ്ട് മേയ് നടത്തുക. എന്നാല്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് പോലെയുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.

യുകെയ്ക്കും തെരേസ മേയ് ഗവണ്‍മെന്റിനും നിര്‍ണ്ണായകമായ ബ്രെക്‌സിറ്റ് ബില്‍ ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. ടോറികളില്‍ ഒരു വിഭാഗവും സഖ്യകക്ഷിയായ ഡിയുപിയും പ്രതിപക്ഷം ഒന്നടങ്കവും എതിര്‍ക്കുന്ന ബില്‍ കോമണ്‍സ് താണ്ടില്ല എന്ന് ഉറപ്പാണ്. ലോര്‍ഡ്‌സ് ഇന്നലെത്തന്നെ ബില്‍ വോട്ടിനിട്ട് തള്ളിയിരുന്നു. എന്നാല്‍ ബില്‍ പരാജയപ്പെട്ടാല്‍ ജെറമി കോര്‍ബിന്‍ ഒരു അവിശ്വസ പ്രമേയം മുന്നോട്ടു വെക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പാണ് ലേബര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ആഴ്ചകളായി തുടരുന്ന കുഴഞ്ഞുമറിഞ്ഞ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രമേയം അവതരിപ്പിക്കണമെന്നാണ് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

ടോറികള്‍ക്കിടയിലും തെരേസ മേയുടെ നേതൃത്വത്തിനെതിരെ അവിശ്വാസ നീക്കമുണ്ടായിരുന്നു. ഗവണ്‍മെന്റിനെതിരെ അവിശ്വാസ പ്രമേയം വരണമെന്ന അഭിപ്രായക്കാരാണ് ഇവരും. എന്നാല്‍ മുഖ്യ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജെറമി കോര്‍ബിന് മാത്രമേ ഇത് അവതരിപ്പിക്കാനാകൂ. മേയുടെ പ്രധാനമന്ത്രി പദവിക്കും ഗവണ്‍മെന്റിന്റെ നിലനില്‍പ്പിനു പോലും അവിശ്വാസ പ്രമേയം ഭീഷണിയാകും. 14 ദിവസത്തിനുള്ള സഭയില്‍ വിശ്വാസം തെളിയിക്കാനായില്ലെങ്കില്‍ അത് ഒരു പൊതുതെരഞ്ഞെടുപ്പിലേക്കായിരിക്കും നയിക്കുക.

2011ലെ ഫിക്‌സ്ഡ് ടേം പാര്‍ലമെന്റ് ആക്ട് അനുസരിച്ച് ഗവണ്‍മെന്റുകള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ ഇടക്കിടെ പ്രഖ്യാപിക്കാന്‍ കഴിയില്ല. അഞ്ചു വര്‍ഷ കാലാവധിക്കിടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ മൂന്നില്‍ രണ്ട് എംപിമാര്‍ അതിന് അനുകൂലമായി വോട്ട് ചെയ്യണം. അല്ലെങ്കില്‍ കോമണ്‍സില്‍ ഒരു അവിശ്വാസ പ്രമേയം പാസാകണം. കോമണ്‍സ് റൂള്‍ ബുക്ക് അനുസരിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സമയം ഗവണ്‍മെന്റിന് ലഭിക്കും. അവിശ്വാസ പ്രമേയം പാസായാല്‍ 14 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 1979ലാണ് അവസാനമായി ബ്രിട്ടനില്‍ ഒരു അവിശ്വാസ പ്രമേയം പാസായത്. ജിം കാലഗാന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ 310നെതിരെ 311 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തി.

കോമണ്‍സില്‍ അനിവാര്യമായ പരാജയം പ്രതീക്ഷിക്കുന്ന ബ്രെക്‌സിറ്റ് ബില്ലിന് ലോര്‍ഡ്‌സിലും തിരിച്ചടി. തെരേസ മേയ് അവതരിപ്പിച്ച ഉടമ്പടി 152നെതിരെ 169 വോട്ടുകള്‍ക്കാണ് ലോര്‍ഡ്‌സ് തള്ളിയത്. കോമണ്‍സില്‍ ഇന്ന് വൈകിട്ട് 7 മണിക്കും 9 മണിക്കും ഇടക്കാണ് ബ്രെക്‌സിറ്റ് ഡീലില്‍ നിര്‍ണ്ണായക വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് ലോര്‍ഡ്‌സ് ബില്ലിന് കനത്ത പ്രഹരം നല്‍കിയിരിക്കുന്നത്. മേയ് നിര്‍ദേശിച്ചിരിക്കുന്ന ഉടമ്പടി രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധി ഇല്ലാതാക്കുകയും ആഭ്യന്തര സുരക്ഷയെയും ആഗോള സ്വാധീനത്തെയും ബാധിക്കുകയും ചെയ്യുമെന്ന് ലോര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. നോ-ഡീല്‍ ബ്രെക്‌സിറ്റ് അംഗീകരിക്കരുതെന്ന് പ്രമേയം എംപിമാരോട് ആവശ്യപ്പെടുന്നു. 130ലേറെ ലോര്‍ഡ്‌സ് അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

യുകെയും യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധം ഒട്ടും ശുഭകരമാക്കുന്ന ഒന്നല്ല മേയുടെ രാഷ്ട്രീയ പ്രഖ്യാപനമെന്ന് ലേബറിനെ അനുകൂലിച്ച് സംസാരിച്ച ബാരോണസ് ഹെയ്റ്റര്‍ ഓഫ് കെന്റിഷ് ടൗണ്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി രണ്ടു വര്‍ഷം പാഴാക്കുകയായിരുന്നു. അന്ധമായി ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരെ ചുമതലയേല്‍പ്പിച്ചുവെന്നും അവര്‍ ആരോപിച്ചു. കസ്റ്റംസ് യൂണിയനായിരുന്നു ലേബറിന് നിര്‍ദേശിക്കാനുണ്ടായിരുന്ന മറ്റൊരു മാര്‍ഗം. എന്നാല്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയുടെ ഡീലിന് പിന്തുണ കൊടുക്കുകയാണ് വേണ്ടതെന്നും ലോര്‍ഡ് കീന്‍ ഓഫ് എലീ പറഞ്ഞു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കണമെന്നും ടോറി അംഗമായ അദ്ദേഹം പറഞ്ഞു.

കണ്‍സര്‍വേറ്റീവുകള്‍ക്കിടയിലെ തൊഴുത്തില്‍ കുത്തിനിടയില്‍ രാജ്യത്തെ പണയപ്പണ്ടമാക്കി മാറ്റിയിരിക്കുകയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് അംഗം ബാരോണസ് ലുഡ്‌ഫോര്‍ഡ് പറഞ്ഞു. ഇനിയൊരു ഹിതപരിശോധന നടത്തുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാനായിരിക്കും ജനങ്ങള്‍ വിധിയെഴുതുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ടോറികള്‍ക്കുള്ളില്‍ പോലും വലിയ എതിര്‍പ്പ് നേരിടുന്ന ബ്രെക്‌സിറ്റ് ഡീല്‍ കോമണ്‍സ് കൂടി വോട്ടിനിട്ട് തള്ളിയാല്‍ ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങളാകും വരും ദിവസങ്ങളില്‍ ഉണ്ടാകുക.

ബ്രെക്‌സിറ്റ് ബില്‍ കോമണ്‍സില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് നീളുമെന്ന കണക്കുകൂട്ടലില്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ വരെയെങ്കിലും ബ്രെക്‌സിറ്റ് നീളുമെന്ന കണക്കുകൂട്ടലിലാണ് ബ്രസല്‍സ്. മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടന്‍ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിച്ചേക്കുമെന്ന് ബ്രസല്‍സ് കരുതുന്നു. സമയം നീട്ടി നല്‍കാന്‍ ബ്രിട്ടന്‍ സമീപിച്ചേക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം കരുതുന്നുണ്ട്. യുകെ ഈ ആവശ്യമുന്നയിച്ചാല്‍ ഉടന്‍തന്നെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ഒരു പ്രത്യേക ലീഡേഴ്‌സ് സമ്മിറ്റ് വിളിക്കും.

സമയ പരിധി ദീര്‍ഘിപ്പിക്കുന്നതിന് തെരേസ മേയ് മുന്നോട്ടുവെക്കുന്ന കാരണം പരിഗണിച്ചായിരിക്കും ആര്‍ട്ടിക്കിള്‍ 50 എത്രമാത്രം ദീര്‍ഘിപ്പിച്ചു നല്‍കാമെന്ന് തീരുമാനിക്കുക. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉടമ്പടി പുനരവലോകനം ചെയ്ത് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങാനുള്ള സമയമാണ് ജൂലൈ വരെ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. ഇത് ആദ്യപടിയാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ തെരേസ മേയ് അധികാരത്തില്‍ തുടരുകയും ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ ജൂലൈ വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സാങ്കേതികമായി സാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഒഫീഷ്യല്‍ അറിയിച്ചു.

ഇതില്‍ കൂടുതല്‍ സമയം അനുവദിക്കണമെങ്കില്‍ ഒരു പൊതുതെരഞ്ഞെടുപ്പോ ഹിതപരിശോധനയോ ഉണ്ടാകണം. എങ്കിലും മെയ് മാസത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചില സങ്കീര്‍ണ്ണതകള്‍ ഇക്കാര്യത്തില്‍ സൃഷ്ടിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് ജൂലൈയിലായിരിക്കും ആദ്യമായി സമ്മേളിക്കുക. ആ സമയത്ത് യുകെ എഇപിമാര്‍ ഉണ്ടാകണമെങ്കില്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരിക്കണമെന്നും ചില യൂറോപ്യന്‍ ഡിപ്ലോമാറ്റുകള്‍ പറയുന്നു.

Copyright © . All rights reserved