യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.
ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.
വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.
യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിനു ഗൾഫ് എയർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 20 വർഷമായി വിദേശത്ത് ഡ്രൈവർ ജോലി ചെയ്തു വരുന്നയാളാണ് അബ്ദുസലാം.
പരാതിക്കാരന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.
റദ്ദാക്കപ്പെട്ടത് പഴയ പാസ്പോർട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ ഗൾഫ് എയർ കമ്പനി അധികൃതർ തയ്യാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകൾ ശരിയല്ലെങ്കിൽ അനുമതി നൽകരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗൾഫ് എയർ ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്.
എന്നാൽ പരാതിക്കാരന്റെ രേഖകൾ ശരിയാം വിധം പരിശോധിച്ചു വ്യക്തത വരുത്താതെയാണ് ഗൾഫ് എയർ കമ്പനി യാത്ര തടഞ്ഞതെന്നും ഇത് സേവനത്തിലെ വീഴ്ചയാണെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിസ നൽകിയിട്ടുള്ളത് പാസ്പോർട്ടിനല്ല, പാസ്പോർട്ട് ഉടമയ്ക്കാണെന്നും രണ്ട് പാസ്പോർട്ടും ഒരാളുടേത് തന്നെയാണെന്നും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
യാത്രാ തീയതിയുടെ പിറ്റേദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടുവെന്നും ദീർഘകാലം തുടർച്ചയായി ജോലി ചെയ്തിരുന്നതിനാൽ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാനക്കമ്പനി നൽകണം. വിധി പകർപ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകാത്ത പക്ഷം തുക നൽകുന്നതുവരേയും ഒൻപതു ശതമാനം പലിശയും നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.
സലാലയിലെ താമസ സ്ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ് മരണപ്പെട്ടത്.
കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. താഴെ വീണ സോപ്പ് ഫ്ലാറ്റിന്‍റെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാൻ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു.
ഔഖത്ത് സുൽത്താൻ ഖാബൂസ് ആശുപത്രിക്ക് എതിർവശത്ത് താമസിച്ചിരുന്ന സിജൊ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
മാതാവ്: മറിയാമ്മ വർഗീസ് (അമേരിക്ക)
ഭാര്യ: നീതുമോൾ മാത്യൂ. (നഴ്സ്, സുൽത്താൻ ഖാബൂസ് ഹോസ്പ്പിറ്റൽ).
മക്കൾ: ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നാട്ടില്‍ ചികിത്സയ്ക്കായി പുറപ്പെട്ട പ്രവാസിയെ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് വാഹനമിടിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയന്‍ വീരമണിയാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംരക്ഷിച്ച് നാട്ടിലേക്ക് അയച്ചു.
നവംബര്‍ 24ന് പാണ്ടിയന്‍ വീരമണി സൗദിയിലെ നജ്‌റാനില്‍ ഒരു പുതിയ വാട്ടര്‍ കമ്പനിയില്‍ പ്ലാന്റ് എന്‍ജിനീയറായി എത്തിയതായിരുന്നു . ഫാക്ടറിക്കുള്ളില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു.
വീഴ്ചയില്‍ തോളെല്ലിന് സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. 28-ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാന്‍ നജ്‌റാനില്‍നിന്ന് റിയാദിലെത്തി.
രാത്രിയില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍നിന്ന് ഇന്റര്‍നാഷനല്‍ ടെര്‍മിനലിലേക്ക് നടക്കുന്നതിനിടയില്‍ വഴിതെറ്റി എയര്‍പോര്‍ട്ടിന് പുറത്തെ ഹൈവേയിലേക്ക് പ്രവേശിച്ചു. അതിനിടെ പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കിടയില്‍പെട്ട്, ഒരു വാഹനത്തിന്റെ ഇടിയേറ്റ് തെറിച്ചുവീണു.
വീരമണി കൈകാലുകള്‍ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇടപെട്ടാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്.
രാജ്യത്തിനുള്ളിൽ നിന്ന് വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ് യാത്രയും ദുഷ്കരമായി.
രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുൻപ് ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ഇതിന് ഇളവ് നൽകിയിരുന്നു. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ് അടിച്ച ശേഷം തിരിച്ച് വരണം. ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക് ഒഴുകിയെത്തിയതോടെ അതിർത്തി വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിർത്തി കടത്തി വിടുന്നില്ല. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ് കടത്തിവിടുന്നത്.
ഇതോടെ യാത്രക്കാർ വിമാന മാർഗം ഒമാനിലെത്തി തുടങ്ങി. വിസയും ടിക്കറ്റും ഉൾപെടെ 1400 ദിർഹത്തിനുമുകളിലാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത് തിരിച്ചുവരും. എന്നാൽ, വിസ ലഭിക്കാൻ വൈകുന്നവർക്ക് ഒമാനിൽ തങ്ങേണ്ടിയും വരുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്. കൃത്യസമയത്ത് വിസ പുതുക്കാൻ കഴിയാത്തതിനാൽ പലർക്കും പിഴ അടക്കേണ്ടിയും വരുന്നുണ്ട്.
ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി ജാവേദിനെ തടഞ്ഞുവച്ചതായി ആണ് റിപ്പോർട്ടുകൾ. താരത്തെ ചോദ്യം ചെയ്തു വരികയാണ് . പൊതുസ്ഥലത്തു അനുവദനീയമല്ലാത്ത വേഷത്തിൽ വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിലാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊക്കിയത്.ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇൻസ്റ്റാ ഗ്രാമിന് വേണ്ടി ഉർഫി ജാവേദ് അല്പവസ്ത്രധാരിയായി വീഡിയോ ഷൂട്ട് ചെയ്തതിലല്ല, മറിച്ച് അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത ഓപ്പൺ ഏരിയ ആണ് കേസിന് കാരണം. ഇത്തരം പ്രവൃത്തികൾക്ക് അനുവാദമില്ലാത്ത ഒരിടത്ത് വെച്ചാണ് നടി ഷൂട്ടിംഗ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു
എന്നാൽ ഒരൊറ്റ പേരുള്ള ഒരു പാസ്‌പോർട്ട് ഉടമയെയും യുഎഇയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രസ്താവിച്ച് കഴിഞ്ഞ മാസം എയർ ഇന്ത്യയും എഐ എക്സ്പ്രസും സംയുക്ത സർക്കുലർ പുറപ്പെടുവിച്ചിരുന്നു.എന്നാൽ താരത്തിന്റെ പാസ്‌പോർട്ടിൽ ഉർഫി എന്ന ഒരൊറ്റ പേരാണ് എന്നതിൽ താരം ആശങ്കപ്രകടിപ്പിച്ചിരുന്നു .
എന്നാൽ ദുബായിൽ വെച്ച് ഉർഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയും വാർത്തകൾ വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒരു വീഡിയോ ഇടുന്നതിലൂടെ നടി ഇക്കാര്യം സ്ഥിരീകരിച്ചു, “ ഡോക്ടർ ഒടുവിൽ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.” എന്നാണു താരം പോസ്റ്റിട്ടത്. എന്തായാലും യഥാർത്ഥ സംഭവം എന്തെന്ന് കാത്തിരുന്നുകാണാം എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് .
യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഏഷ്യക്കാരനായ യുവാവ് ഭീഷണി മുഴക്കിയത്.
ഇതു സംബന്ധിച്ച വിവരം ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. ഉടന്‍ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘവും പൊലീസ് പട്രോള്‍ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ ഇടപെട്ട അധികൃതര്‍ യുവാവിനോട് സംസാരിക്കുകയും ഇയാളെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. പാലത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നെത്തി യുവാവിനെ പിടിക്കുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് യുവാവിനെ ഹമീദിയ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമായത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. യുവാവിന്റെ മാനസികനിലയ്ക്ക് തകരാറില്ലെന്നും മറ്റ് അസുഖങ്ങളില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കടങ്ങള്‍ തീര്‍പ്പാക്കാനും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നതിനായി കേസ് കമ്മ്യൂണിറ്റി പൊലീസിന് കൈമാറി.
കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പാമ്പ്. ദുബായിൽ എത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടെത്തിയത്. ദുബായിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ട്.
ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടതെന്നാണ് അധികൃതർ അറിയിച്ചത്. സുരക്ഷിതമായി പുറത്തിറക്കിയ യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.
കോഴിക്കോട് നിന്ന് പുറപ്പെട്ട B737-800 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Snake in cargo,so we’re stuck in Dubai for 7hours now 😑@FlyWithIX IX344,Please give us some estimate time at least pic.twitter.com/GtjP8dO2iX
— Sharath (@sharathkrml) December 10, 2022
പ്രവാസി മലയാളിയെ സൂപ്പർമാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല പാലച്ചിറ സ്വദേശി വഴവിള വീട്ടിൽ ഷാം ജലാലുദ്ദീൻ ( 53) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം നടത്തുന്ന ഷഹൽനോത്തിലെ സൂപ്പർമാർക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സലാലയിലെ ഔഖത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു ഷാം ജലാലുദ്ദീൻ.
ഭാര്യ: ഷൈല ഷാം, ഏക മകൻ സലാലയിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.