Middle East

ഷാർജയിൽ യുവതിയേയും ഒരു വയസുള്ള മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ.കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകളെ കൊലപ്പെടുത്തിയതാണ് എന്ന ആരോപണവുമായി വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരിൽ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമർശിക്കുന്ന വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്നും അമ്മ ആരോപിച്ചു. മകൾ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും താൻ അനുവദിക്കില്ലായിരുന്നുവെന്നും കണ്ണീരോടെ വിപഞ്ചികയുടെ മാതാവ് പറഞ്ഞു.

‘അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും. അവന്റെ പെങ്ങൾക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താൽ കണ്ടൂടാ. സ്വന്തം ഭർത്താവിന്റെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ സ്വാതന്ത്ര്യം കൊടുക്കാത്ത നാത്തൂന്മാർ എവിടെയെങ്കിലും ഉണ്ടോ. അവൻ ഫ്രണ്ട്സിന്റെ കുടുംബത്തിനൊപ്പം പോകുന്നതിൽ കുഴപ്പമില്ല. എന്റെ മോളുടെ ഒപ്പം പോയാലാണ് പ്രശ്നം.ഇതൊക്കെ പോരാഞ്ഞിട്ട് സർവതിനും ഈ ആങ്ങള വേണം. ഒരു കാര്യത്തിനും അവൾ എന്റെ മോളെ വിട്ടുകൊടുക്കില്ല എന്ന വാശി. എന്റെ മോൾ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു. ആ ഫോട്ടോ കണ്ടിട്ട്. എന്നിട്ടും ഈ അമ്മയെ അറിയിക്കല്ലേ എന്ന് പറഞ്ഞല്ലോ. അമ്മയെ അറിയിക്കാതെ പോയല്ലോ.. ഞാനിത് കണ്ടപ്പോഴാ ഇത്രയും സഹിച്ചുവെന്ന് ഞാനറിഞ്ഞത്. ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ അനുവദിക്കില്ലായിരുന്നു. എന്റെ മോൾക്ക് അവൻ മതിയായിരുന്നു. എന്റെ മോളെ മുടി മുറിച്ചു കളഞ്ഞല്ലോ…അവളെ അത്രത്തോളം പെങ്ങക്ക് കണ്ടൂട. അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്…’ -കണ്ണീരോടെ വിപഞ്ചികയുടെ മാതാവ് പറഞ്ഞു.

വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. മരണത്തിന് ശേഷം ആണ് ഇത് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്. ടൈമർ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

കൊടിയ പീഡനമാണ് വിപഞ്ചിക ഭർതൃവീട്ടിൽ അനുഭവിച്ചതെന്നാണ് കുറിപ്പിൽ നിന്ന് മനസ്സിലാകുന്നത്. ഗർഭിണിയായിരിക്കുന്ന സമയത്ത് തന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കി വലിച്ചു കൊണ്ടു പോയി. ഏഴുമാസം ഗർഭിണിയായിക്കെ മോശമായ ഷവർമ്മ വായിൽ കുത്തികയറ്റി എന്നടക്കം കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് കാരണക്കാർ, ഒന്നാംപ്രതി ഭർത്താവിന്റെ സഹോദരി, രണ്ടാംപ്രതി ഭർത്താവ്, മൂന്നാം പ്രതി ഭർത്താവിന്റെ അച്ഛനാണ് എന്നാണ് കുറിപ്പിൽ പറയുന്നത്.

തന്റെ കുഞ്ഞിന്റെ ചിരി കണ്ട് കൊതി തീർന്നിട്ടില്ല, എങ്കിലും മരിക്കാതിരിക്കാൻ സാധിക്കുന്നില്ല. പരമാവധി സഹിച്ചു, ഒരു തരത്തിലും ഭർത്താവിൽ നിന്നുപോലും സ്നേഹം കിട്ടുന്നില്ല. ശാരീരിക മാനസികപീഡനം മാത്രമാണ് താൻ നേരിടുന്നതെന്നും യുവതി കുറിപ്പിൽ പറയുന്നു.

ഒരു വയസുള്ള കുട്ടിയ കയറിന്റെ ഒരറ്റത്ത് കൊലപ്പെടുത്തിയ ശേഷം മറ്റൊരു അറ്റത്ത് യുവതിയും തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ കൊലപാതകമാണ് ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ താൻ പീഡനം അനുഭവിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന വിപഞ്ചികയുടെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർത്താവിന്റെ പിതാവും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്‌ളാറ്റ് വേണം സുഖിക്കണം. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാന്‍ വാങ്ങിച്ചു. സ്വര്‍ണം ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാന്‍ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാന്‍ പാടില്ല.ഇത് എന്റെ ഭാര്യാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച നടക്കണം. ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേര്‍ന്നു’ പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.

ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം.

വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികള്‍ ആരംഭിച്ചിരുന്നതായും വിപഞ്ചികയുടെ ബന്ധുവായ സരണ്‍ പറഞ്ഞു. അതേസമയം മരണകാരണം ഷാര്‍ജ പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം 16-ന് നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ കരുതുന്നു. സംസ്‌കാരം പിന്നീട് മാതൃസഹോദരന്റെ വീടായ പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

അമേരിക്കക്കെതിരെ സൈനിക നടപടി ആരംഭിച്ച് ഇറാൻ. ഇറാഖിലും ഖത്തറിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ആറ് മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.

ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്.

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഖത്തറില്‍ എട്ടരലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം.

അതിനിടെ കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് ഏഴിന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു. യുഎഇയിൽ നിന്നുമുള്ള വിമാനങ്ങളും റദ്ദാക്കി. കൊച്ചി – ഷാർജ വിമാനം മസ്കറ്റിൽ ഇറക്കി.

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. വയനാട് മാനന്തവാടി പനമരം നടവയൽ സ്വദേശി കീടക്കാട്ട് നാഫിഹ് റഹ്മാൻ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. അബുബാബിയിലെ വൈ ടവറിലുള്ള ലുലു പ്രൈവറ്റ് ലേബൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കീടക്കാട്ട് അബ്ദുൽ റഹ്മാൻ. മാതാവ്: സുബൈദ. ഇർഫാനയാണ് ഭാര്യ. ഫാസിൽ, ഫിദ റഹ്മാൻ എന്നിവർ സഹോദരങ്ങളാണ്. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി നെല്ലിക്കാട്ടിൽ വീട്ടിൽ ഉദയകുമാർ സരസു ആണ് മരിച്ചത്. 54 വയസ്സായിരുന്നു. രാവിലെ ജോലിക്ക് പോകാൻ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോൾ കിടക്കയിൽ മരിച്ചുകിടക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും സഹ പ്രവർത്തകരും ചേർന്ന് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ദീർഘ കാലമായി ഉദയകുമാർ സൗദിയിൽ പ്രവാസിയാണ്. ദമ്മാമിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിൽ പ്രൊഡക്ഷൻ വിഭാ​ഗത്തിൽ ജീവനക്കാരനായിരുന്നു. മഞ്ജുഷയാണ് ഭാര്യ. പിതാവ്: എൻ കൃഷ്ണൻ. മാതാവ്: സരസു. മകൾ: പൊന്നു. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജലീബ് അല്‍ ഷുയൂഖില്‍ ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചതിന് പിടിയിലായ മലയാളി വ്യാജ വനിത ഡോക്ടർ പരിശാധനക്ക് ഓരോരുത്തരില്‍ നിന്നും ഈടാക്കിയിരുന്നത് അഞ്ച് കുവൈത്ത് ദീനാർ (ഏകദേശം 1400 ഇന്ത്യൻ രൂപ) വീതം.

കുവൈത്തില്‍ വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അബ്ബാസിയയില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവരികയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.

ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറും ജലീബ് അല്‍ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്.

വിവിധ മരുന്നുകള്‍, രക്ത സമ്മർദ്ദം പരിശോധിക്കുന്ന മോണിറ്ററുകള്‍, സ്റ്റെതസ്കോപ്പ് എന്നിവ ക്ലിനിക്കില്‍ നിന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം മാത്രം വിതരണം ചെയ്ത മെഡിക്കല്‍ വസ്തുക്കളുടെ ശേഖരവും കണ്ടെടുത്തു. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്‌സ്യൂളുകളും കണ്ടെത്തി.

ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെയാണ് ചികിത്സ നടത്തിവന്നിരുന്നതെന്ന് സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിദേശത്തുനിന്ന് ചില മരുന്നുകള്‍ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളില്‍ നിന്ന് വാങ്ങിയതായും വ്യക്തമാക്കി.

നേരത്തെ അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇവർ ഫ്ലാറ്റില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് സാല്‍മിയയിലേക്ക് താമസം മാറ്റുകയും അബ്ബാസിയയില്‍ നിയമവിരുദ്ധമായി ഹോമിയോ ക്ലിനിക്ക് ആരംഭിക്കുകയുമായിരുന്നു.

സന്ദർശന വിസയിൽ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സഹോദരങ്ങളുടെ അടുത്തെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പിൽ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകൻ മുഹ്‌സിൻ(48) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റഷീദ. മക്കൾ: അമൻ മുഹമ്മദ്, അംന, അമിൽ.

ഒമാനിൽ മാൻഹോളിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന പാമ്പാടി സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. സലാല മസ്യൂനയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്നു ലക്ഷ്മി. മേയ് 15 നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ വച്ച് അപകടത്തിൽപ്പെടുന്നത്.

താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു. അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു.

വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും, കുട്ടിയും, ലക്ഷ്മിയുടെ സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു.

നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

കുവൈത്തിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.നിരവധി മലയാളികൾക്ക് പരിക്കേറ്റു ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.

പൊലീസ് റിപ്പോർട്ട് പ്രകാരം, അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. തുടർന്നാണ് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്. പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആദ്യത്തേത് കഴുത്തറത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രിയിൽ ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെയും, സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയൽക്കാർ മൊഴി നൽകി. എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ അവർക്ക് ഇടപെടാൻ സാധിച്ചില്ലെന്നും പൊലീസിനോട് അവര്‍ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം.

ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസി മലയാളി സമൂഹം. മലയാളികളായ ദമ്പതികളെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാട്ടുതീ പോലെയാണ് മലയാളി സമൂഹത്തിൽ പരന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലാറ്റിലെ കാവൽക്കാരൻ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ഇരുവരുടെയും കൈയ്യിൽ കത്തിയുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഓസ്‌ട്രേലിയയിലേയ്ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇതിൻറെ ഭാഗമായി ഇവർ മക്കളെ നാട്ടിലയച്ചിരുന്നു. സൂരജിന്റെയും ബിൻസിയുടെയും പരിചയക്കാരായ ഒട്ടേറെ പേർ യുകെയിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാരുണാന്ത്യം കാട്ടുതീ പോലെയാണ് യുകെയിലെ മലയാളി സമൂഹത്തിൻറെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്

RECENT POSTS
Copyright © . All rights reserved