Middle East

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ ബഹുനിലക്കെട്ടിടത്തില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദുബായില്‍ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ് ബിലുകൃഷ്ണന്‍.

സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ തത്ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സൗദിയിൽ ജോലി ചെയ്തുവന്നിരുന്ന ഷാജി രാജൻ റൂമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി കരഞ്ഞു വറ്റിയ കണ്ണുകളുമായി കാത്തിരിക്കുകയായിരുന്നു കുടുംബം. അത് ഒന്നും രണ്ടും ദിവസമല്ല, രണ്ടര മാസത്തോളമാണ് ഭാര്യ രാഗിണിയും മക്കളായ അനഘയും അപർണയും അനുഷയും.

വിസയുടെയും പാസ്പോർട്ടിന്റെയും കുരുക്കുകൾ നീക്കി വിമാനത്തിൽ മൃതദേഹമെത്തിക്കാൻ ചെറിയ കടമ്പകൾ അല്ല കുടുംബം ചങ്കുപൊട്ടുന്ന വേദനയിലും അനുഭവിച്ചത്. ഒടുവിൽ മൃതദേഹം നാട്ടിലെത്തിച്ച് കണ്ണീരോടെ വിടചൊല്ലി. അപ്പോഴും, അത് തങ്ങളുടെ പ്രിയപ്പെട്ട പിതാവാണെന്ന് മക്കളും തന്റെ പ്രിയതമനാണെന്ന് രാഗിണിയും തിരിച്ചറിഞ്ഞില്ല. മൃതദേഹം സംസ്‌കരിച്ച് അടുത്ത നാളാണ് സംസ്‌കരിച്ചത് യുപി സ്വദേശി അബ്ദുൾ ജാവേദിന്റെ മൃതദേഹമാണെന്ന്.

വള്ളികുന്നം കാരാഴ്മവാർഡിൽ കണിയാംവയലിൽ 50കാരനായ ഷാജിരാജന്റെ മൃതദേഹം ആകട്ടെ കുടുംബത്തെ കാത്ത് ഉത്തർപ്രദേശിലെ വാരാണസി ഛന്തോലിയിലും കാത്തിരിക്കുന്നുണ്ടായിരുന്നു. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാൽ പെട്ടെന്നു സംസ്‌കരിക്കുയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിർദേശവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബം തുറന്ന് നോക്കിയിരുന്നില്ല.

പിന്നീടാണ് മൃതദേഹം മാറിപ്പോയത് കാർഗോ അധികൃതർ അറിയിച്ചത്. യുപിയിലെത്തിയ ഷാജിരാജന്റെ മൃതദേഹം അബ്ദുൾ ജാവേദിന്റെ കുടുംബത്തിൽനിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഷാജിരാജന്റെ മൃതദേഹം യു.പി.യിൽനിന്ന് തിരികെയെത്തിക്കാനുള്ള ഓട്ടത്തിലാണ് ആ കുടുംബം. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായി ആംബുലൻസ് ഉത്തർപ്രദേശിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ എത്തും. ഷാജിരാജന്റെ മൃതദേഹവും ഇവിടെയായിരിക്കും സംസ്‌കരിക്കുക. സൗദിയിൽ നിർമാണമേഖലയിലായിരുന്നു ഷാജി രാജൻ ജോലിചെയ്തിരുന്നത്. രണ്ടരമാസത്തോളം മുമ്പ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അതിനാൽ എംബാം ചെയ്തിട്ടും മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു.

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി സമര്‍പ്പിക്കും. ജബല്‍ അലിയിലാണ് ക്ഷേത്രം. ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. നാലിനു വൈകുന്നേരം 5ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കപ്പെടും.

3 വര്‍ഷം കൊണ്ടാണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഗ്രാന്‍ഡ് ടെംപിളിനു സ്വന്തമാണ്.

സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധുനിക മുഖമാണ് ജബല്‍ അലി ക്ഷേത്രത്തിനുള്ളത്. പ്രതിഷ്ഠകള്‍ മുഴുവന്‍ ക്ഷേത്രത്തിന്റെ മുകള്‍ നിലയിലാണ്. മച്ചില്‍ നിറയെ ക്ഷേത്ര മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരും മത വിശ്വാസികളും ഒരുമിച്ചാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഇംഗ്ലീഷിലുമെല്ലാം പ്രാര്‍ഥനകള്‍ മുഴങ്ങും.

ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്കു കയറുമ്പോള്‍ ആദ്യം ദര്‍ശിക്കുക അയ്യപ്പനെയും ഗുരുവായൂരപ്പനെയും. പൂര്‍ണമായും കൊത്തുപണികളാല്‍ മനോഹരമാക്കി കൊട്ടാര സമാന നിര്‍മിതിയാണ് പുതിയ ക്ഷേത്രത്തിന്റേത്. ചുവരും തറയുമെല്ലാം വെളുത്ത കല്ലുകളാല്‍ ഭംഗിയാക്കിയിരിക്കുന്നു. അകത്തളങ്ങള്‍ക്ക് രാജകീയ പ്രൗഢി നല്‍കുന്ന ചിത്രപ്പണികളും ശില്‍പങ്ങളും.

ദൈവങ്ങളുടെ പ്രതിഷ്ഠ കുടികൊള്ളുന്ന പ്രധാന മുറിയില്‍ ആകാശത്ത് നിന്നു ഭൂമിയിലേക്കു വിടര്‍ന്നു നില്‍ക്കുന്ന വലിയ താമര നിര്‍മിതിയുടെ അഴക് വര്‍ധിപ്പിക്കുന്നു. താമരപ്പൂവിലൂടെ പകല്‍ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. ശിവന്‍ ആണ് പ്രധാന പ്രതിഷ്ഠ. കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, ഷിര്‍ദി സായി ബാബ പ്രതിഷ്ഠകളുമുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ മാത്രം ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല.

സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോടു ചേര്‍ന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം. ശ്രീകോവിലുകള്‍ക്കു പുറമെ താഴത്തെ നിലയില്‍ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്.

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ 1942 ജൂലൈ 31ന് തൃശൂർ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടേയും മകനായി ജനിച്ച രാമചന്ദ്രൻ കൊമേഴ്സാണു പഠിച്ചത്. കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിൽ ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം തുടങ്ങി. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ. കുവൈത്തിൽ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോൾ ജ്വല്ലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്്‌ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്.

ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്നങ്ങൾ‍ക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് അവീറിലെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ തടവ്. ഏകാന്തതയായിരുന്നു തടവുകാലത്ത് രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞു.

വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.

ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സില്‍ വന്ന പിഴവുകളെ തുടര്‍ന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് വരാനായില്ല.

തന്റെ അററ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല. തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്.

പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. തുടര്‍ന്നാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് കടക്കുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്. പിന്നീട്‌ ദുബായില്‍ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ ഇതിനിടയിലാണ് ചില ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ രൂപമെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്.

യുഎഇ യിലുള്ള ഷോറൂമുളിലെ സ്വര്‍ണ്ണമെല്ലാം അതിനിടെ പല രീതിയില്‍ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാന്‍ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്‌കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തൃശൂർ പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് നാസർ സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചതിനാൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തും. മുഹമ്മദ് നാസറിന്റെ പിതാവ്; പുല്ലറക്കത്ത് മുഹമ്മദ്. സഹോദരങ്ങൾ: അബ്ബാസ്, ഷൗക്കത്ത് അലി, ജമാൽ, നിയാസ്, റംല, ആസിയ.

 

പിറന്നാൾ ദിനത്തിൽ ഖത്തറിൽ മരിച്ച മലയാളി വിദ്യാർഥിനി മിൻസ മറിയത്തെ പിതാവ് അവസാനമായി സ്കൂൾ ബസിൽ കയറ്റുന്ന വിഡിയോ കാഴ്ചക്കാരുടെ മുഴുവൻ നോവായി മാറുന്നു. പിതാവ് അഭിലാഷ് ചാക്കോ നാലു വയസുകാരി മിൻസയെ സ്കൂൾ ബസിൽ കയറ്റുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആ ബസിൽ നിന്ന് ആ പിഞ്ചുമകൾ പിന്നീടൊരിക്കലും പുറത്തിറങ്ങിയില്ല എന്നോർക്കുമ്പോൾ കണ്ണീരോടെ മാത്രമേ ആർക്കും ആ വിഡിയോ കാണാനാകൂ.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച അവൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്റയിലെ വീട്ടിൽനിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്. സന്തോഷത്തോടെ തുള്ളിച്ചാടി പിതാവിനൊപ്പം നടക്കുന്ന മിൻസയെ വിഡിയോയിൽ കാണാം.

അതേസമയം മിന്‍സയുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തിച്ചു. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ തന്നെ ബന്ധുക്കള്‍ക്ക് കൈമാറി. ഖത്തര്‍ കണ്ണീരോടെയാണ് മിന്‍സയ്ക്ക് വിട നല്‍കിയത്. രണ്ട് ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകീട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്കായി വിട്ടുനില്‍കിയത്. കുഞ്ഞു മിന്‍സയെ അവസാനമായി ഒരു നോക്ക് കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങളുടെ ഒഴുക്കായിരുന്നു. അവര്‍ക്കറിയാമായിരുന്നു ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും മിന്‍സയുടെ ചിരിയായിരുന്നുവെന്നും, എത്ര വലിയ വേദനയാണ് അത് അഭിലാഷിനും കുടുംബത്തിനും ഉണ്ടാകുകയെന്നും.

ഖത്തറിനറിയാമായിരുന്നു ഇത് പൊറുക്കാനാവാത്ത കുറ്റമാണെന്ന്. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി അഭിലാഷിന്റെ അല്‍ വക്രയിലുള്ള വീട്ടിലെത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു മന്തിര അഭിലാഷിനെയും സൗമ്യയെയും കാണാനെത്തിയത്. ഇവര്‍ക്കൊപ്പം ഖത്തര്‍ സര്‍ക്കാരുണ്ടെന്ന ഉറപ്പും നല്‍കി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിക്കുക മാത്രമല്ല, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വകുപ്പിലെ ഓഫീസറും മിന്‍സയുടെ കുടുംബത്തെ കാണാനെത്തിയിരുന്നു.

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

കെജി 1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.

ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി എത്തി.

ദോഹയിലെ അല്‍ വക്‌റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.

രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.

ഇതിനിടെ, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരിച്ചു. മണിമല കൊച്ചുമുറിയിൽ വേഴമ്പന്തോട്ടത്തിൽ മിനി എൽസ ആന്റണി (52) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു സംഭവം.

യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മിനിയെ, കൊച്ചിയിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ആന്റണിയും ഇവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. ദീർഘകാലമായി വിദേശത്തായിരുന്നു. ദമ്പതികൾക്ക് മക്കളില്ല.

 

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സൗമ്യയാണ് മാതാവ്.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

 

RECENT POSTS
Copyright © . All rights reserved