Middle East

ഒമാനിൽ മാൻഹോളിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന പാമ്പാടി സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. സലാല മസ്യൂനയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്നു ലക്ഷ്മി. മേയ് 15 നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ വച്ച് അപകടത്തിൽപ്പെടുന്നത്.

താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു. അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു.

വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും, കുട്ടിയും, ലക്ഷ്മിയുടെ സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു.

നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

കുവൈത്തിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.നിരവധി മലയാളികൾക്ക് പരിക്കേറ്റു ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.

പൊലീസ് റിപ്പോർട്ട് പ്രകാരം, അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. തുടർന്നാണ് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്. പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആദ്യത്തേത് കഴുത്തറത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രിയിൽ ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെയും, സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയൽക്കാർ മൊഴി നൽകി. എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ അവർക്ക് ഇടപെടാൻ സാധിച്ചില്ലെന്നും പൊലീസിനോട് അവര്‍ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം.

ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസി മലയാളി സമൂഹം. മലയാളികളായ ദമ്പതികളെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാട്ടുതീ പോലെയാണ് മലയാളി സമൂഹത്തിൽ പരന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലാറ്റിലെ കാവൽക്കാരൻ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ഇരുവരുടെയും കൈയ്യിൽ കത്തിയുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഓസ്‌ട്രേലിയയിലേയ്ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇതിൻറെ ഭാഗമായി ഇവർ മക്കളെ നാട്ടിലയച്ചിരുന്നു. സൂരജിന്റെയും ബിൻസിയുടെയും പരിചയക്കാരായ ഒട്ടേറെ പേർ യുകെയിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാരുണാന്ത്യം കാട്ടുതീ പോലെയാണ് യുകെയിലെ മലയാളി സമൂഹത്തിൻറെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്

കുവൈറ്റ് സിറ്റി: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭയിലെ അംഗം പത്തനംതിട്ട മേക്കോഴൂർ മോടിയിൽ ഭവനത്തിൽ ബ്രദർ ജിജിയുടെയും സിസ്റ്റർ ആശ ജിജിയുടെയും മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ + 2 (ക്ലാസ്സ്‌ XII G) വിദ്യാർത്ഥിനിയായ ഷാരോൺ ജിജി സാമുവലാണ് (16 വയസ്സ) ഏപ്രിൽ 15 ചൊവ്വാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് മരണമടഞ്ഞത്.

രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരോൺ ജിജി ജനിച്ചതും വളർന്നതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ബ്രദർ ജിജി. മാതാവ് സിസ്റ്റർ ആശ ജിജി കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ എം ബി ബി എസ് വിദ്യാർഥിനിയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും.

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി(34)യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.

ഭര്‍ത്താവ്: ശ്രീകുമാര്‍. മകള്‍: ദേവിക( ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).

ദുബായില്‍ സ്വിമ്മിങ് പൂളില്‍ വീണ് 12 വയസുകാരന് ദാരുണാന്ത്യം. തളിപ്പറമ്പ് താഴെ ചൊറുക്കള പോച്ചംപള്ളില്‍ ഫെബിന്‍ ചെറിയാന്റെ മകന്‍ റയാനാണ് റിസോര്‍ട്ടിന്റെ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം നടന്നത്.

പൊതു അവധി ആയതിനാല്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയിരുന്നു. അവിടെ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റയാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെല്‍ഡിങ്ങിനിടെ സൗദിയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.

അപകടത്തില്‍ യുപി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ആണ് അപകടം സംഭവിച്ചത്. മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്‍-ശ്രീജ ദമ്ബതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) ആണ് മരിച്ചത്.

അല്‍ഖര്‍ജ് സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിന്റെ പെട്രോള്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ ആണ് അപകടം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്നു രണ്ട് പേര്‍ക്കും ഗുരുതര പൊള്ളലേറ്റു.

ഉടന്‍തന്നെ ഇവരെ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും ഇവര്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ശരതിന്റെ നില കൂടുതല്‍ മോശമാവുകയും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തില്‍ തൊഴില്‍ അവസരം. സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണം. അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ കൊച്ചി നടക്കും.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), മെറ്റേണിറ്റി ജനറല്‍, എന്‍ഐസിയു(ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാത്ത്‌ലാബ് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2024 നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ യോഗ്യതയും വേണം. ഇതിന് പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തിയതിയ്ക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാ ഫ്‌ളോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം.

അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് അപകടം. അല്‍ റീം ഐലന്‍ഡിലെ കെട്ടിടത്തിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന തൊഴിലാളി ശ്വാസം മുട്ടി വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മലയാളികള്‍ അപകടത്തില്‍പെട്ടത്.

കോന്നി മണപ്പാട്ടില്‍ വടക്കേത്തില്‍ രാമചന്ദ്രകുറുപ്പിന്റെയും ശ്യാമളയമ്മയുടേയും മകനാണ് അജിത്ത്. അശ്വതിയാണ് ഭാര്യ. മൂന്നര വയസ്സുള്ള മകനുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

RECENT POSTS
Copyright © . All rights reserved