Middle East

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്‌. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പാണ് ഇത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതരപരിക്കേറ്റു. അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.

കേരള സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 29 മുതൽ ജൂൺ ഒന്നD വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധി ദിനങ്ങളിലും യാത്ര ചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.

ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെ സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് ഇത്തരത്തിൽ തടMപ്പെടുക.

മെയ് 29 നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.

ദമാമിൽ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു.

അഗ്നിശമനസേനയെത്തി തീ അണച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പുക പടര്‍ന്ന് ശ്വാസംമുട്ടി സായിക് വീടിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു. ഷൈഖ് ഫഹദിന്റെയും സൽമാ കാസിയുടെയും നിലഗുരുതരമാണ്. മൂത്തമകൻ സാഹിർ ഷൈഖ് അപകടനില തരണം ചെയ്തു. മരിച്ച സായിക് ഷൈഖിന്റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

2023-2024 സാമ്പത്തികവർഷത്തിൽ 1870 കോടി ദിർഹം ലാഭംനേടി എമിറേറ്റ്‌സ് ഗ്രൂപ്പ്. ചരിത്രത്തിലെ ഏറ്റവുംഉയർന്ന സാമ്പത്തിക നേട്ടമാണിത്. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 71 ശതമാനം അധിക ലാഭമാണ് കൈവരിച്ചത്.

2023-2024 വർഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒന്നായി മാറുമെന്ന് എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ഈ കാലയളവിൽ 151 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5.19 കോടി യാത്രക്കാരാണ് എമിറേറ്റ്‌സ് എയർലൈനുകളിൽ സഞ്ചരിച്ചത്. കൂടാതെ 22 ലക്ഷം ടൺ ചരക്കുനീക്കവും നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചതിലൂടെയാണ് എമിറേറ്റ്‌സിന്റെയും ഡനാറ്റയുടെയും ലാഭവും വരുമാനവും വർധിച്ചത്. ലാഭത്തിൽനിന്ന് ഒരുവിഹിതം ഇത്തവണയും ജീവനക്കാർക്ക് നൽകും. ജീവനക്കാരുടെ 20 ആഴ്ചയിലെ ശമ്പളമാണ് ബോണസായി നൽകുക.

കഴിഞ്ഞവർഷം 24 ആഴ്ചയിലെ ശമ്പളം ബോണസായി നൽകിയിരുന്നു. ജീവനക്കാരുടെ പരിശ്രമങ്ങൾക്ക് ശൈഖ് അഹമ്മദ് നന്ദിയറിയിച്ചു. 84 രാജ്യങ്ങളിലായി 170-ലേറെ ദേശീയതയിലുള്ള 1,12,406 ജീവനക്കാരാണ് ഗ്രൂപ്പിലുള്ളത്. അടുത്തവർഷം 10 പുതിയ എ 350 വിമാനങ്ങൾ വാങ്ങാനും കൂടുതൽ പ്രതിഭാശാലികളായ ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്.

2027-ഓടെ ക്യാബിൻ ക്രൂ അംഗങ്ങൾ, പൈലറ്റ്, എൻജിനിയർമാർ, ഉപഭോക്തൃ സേവന ഏജന്റുമാർ, ഐ.ടി. വിദഗ്ധർ എന്നിങ്ങനെ ആയിരക്കണക്കിന് പുതിയ ജീവനക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്‍.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ സംഘം. ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.

വാഹനാപകടത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു സമീഹാ തബസും ആണ് മരിച്ചത് . മസ്കറ്റിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .

ഹൈദരാബാദ് സ്വദേശിയാണ് മരിച്ച സമീഹ .മാതാവിനൊപ്പം സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരുക്കളോടടെ കൗല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൽ സലാം ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വന്ന കണ്ണൂർ ഇരട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ഷൈനി മാത്യുവിന്റയും മകൾ ശ്രീമതി ദീപ്തി ജോമേഷാണ് (33 വയസ്സ്) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞത്.

ഭർത്താവ് : ശ്രീ ജോമേഷ് വെളിയത്ത് ജോസഫ് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ). സഹോദരൻ : ദീക്ഷിത്ത് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

ദീപ്തി ജോമേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകള്‍ക്ക് അനുമതി ലഭിച്ചു.

ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികള്‍ അധികം നല്‍കേണ്ടി വരും. മണി എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാല്‍, ഇവരുടെ മൊബൈല്‍ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വർധിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് അഥവാ ഫെർജ് ആണ് ഇക്കാര്യം അറിയിച്ചത്.

പതിനഞ്ച് ശതമാനം ഫീസ് വർധിപ്പിക്കുമ്പോള്‍ 1000 ദിർഹമിന് മുകളില്‍ അയക്കാൻ നിലവില്‍ ഈടാക്കുന്ന 23 ദിർഹം 25.5 ദിർഹമായി ഉയരും. ആയിരം ദിർഹത്തിന് താഴെ പണമയക്കുന്നവർക്കുള്ള ഫീസ് 17.5 ദിർഹമില്‍ നിന്ന് 20 ദിർഹമായും വർധിപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പണമയക്കാനുള്ള ഫീസില്‍ വർധനയുണ്ടാവുന്നതെന്ന് എക്സ്ഞ്ചേ അധികൃതർ പറഞ്ഞു.

ഓണ്‍ലൈൻ വിനിമയം പ്രോല്‍സാപ്പിക്കാനാണ് എക്സ്ചേഞ്ചുകളുടെ ആപ്പില്‍ നിന്ന് പണമയക്കാൻ ഇളവ് നല്‍കുന്നത്. പണമയക്കാൻ മണി എക്സ്ചേഞ്ച് ശാഖകളെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ഫിസ് വർധന ബാധിക്കുക. ഇന്ത്യൻ രൂപയില്‍ കണക്കാക്കുമ്പോള്‍ 56 രൂപയോളം പണമയക്കാൻ അധികം നല്‍കണം. അഥവാ 575 രൂപയോളം ഫീസിനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കും.

രാജ്യത്ത് പുതിയതായി എത്തുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം. വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെയാണ് പിഴ.

ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ മൂന്ന് മാസം വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഖത്തറിലെത്തി 30 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരിക്കണം.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കര്‍ശനമാണെന്നിരിക്കെ തൊഴിലുടമകളും പ്രവാസികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിയമങ്ങള്‍ അനുസരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിൽ സുനിൽ കുമാർ ( 47 ) ആണ് മരിച്ചത്.

റദ്ദയിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവർത്തകൻ അശോകൻ പറഞ്ഞു.

അച്ഛൻ: അഴകേശൻ, അമ്മ: മീനാക്ഷി, ഭാര്യ: മായ, മക്കൾ: മിഥുൻ, അദ്വൈത്.

RECENT POSTS
Copyright © . All rights reserved