Middle East

ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ് 10 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്.

328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. അതേസമയം, സമ്മാനവിവരം അറിയിക്കാൻ ജോർജ് വർഗീസിനെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. നറുക്കെടുപ്പിൽ മറ്റ് മൂന്നുപേർക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു.

ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് മാഗ്‌നി ആഢംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.

കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.

വംശീയ വർഗീയ പ്രയോഗങ്ങൾ വഴി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷത്തി​​െൻറ വൈറസ്​ പരത്തുന്ന ഇന്ത്യൻ വർഗീയ വാദികൾക്കെതിരെ അറബ്​ ലോകത്ത്​ പ്രതിഷേധം കൂടുതൽ ശക്​തമാവുന്നു. ഗൾഫ്​ രാജ്യങ്ങളിൽ വ്യവസായം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ സംഘ്​ പരിവാർ അനുഭാവികൾ​ എല്ലാ അതിർവരമ്പുകളും ലംഘിച്ച്​ ഹീനമായ ഭാഷയിൽ വംശീയ അധിക്ഷേപം നടത്തുന്നത്​ പതിവായതോടെയാണ്​ സ്വദേശി പ്രമുഖർ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയത്​.

രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്​റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്​ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്​കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്​ദമുയർത്തുകയാണിപ്പോൾ.

അറബ്​ സ്​ത്രീകളെക്കുറിച്ച്​ അറക്കുന്ന ലൈംഗിക അധിക്ഷേപം നടത്തിയ ബംഗളുരു സൗത്തിലെ ബി.ജെ.പി. എം.പി തേജസ്വി സൂര്യയുടെ പോസ്​റ്റുകൾ ശ്രദ്ധയിൽപ്പെട്ട പല സാംസ്​കാരിക പ്രവർത്തകരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ സ​ന്ദേശമയച്ചു.

ഏതാനും വർഷം മുൻപ്​ തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അ​വഹേളനവും നിറഞ്ഞ ട്വിറ്റർ പോസ്​റ്റ്​ ഇയാൾ പിന്നീട്​ ഡിലീറ്റ്​ ചെയ്​തിരുന്നു. അതി​​െൻറ സ്​ക്രീൻ ഷോട്ട്​ ശ്രദ്ധയിൽപ്പെട്ടതോടെയാണ്​ കുവൈത്തിലെ പ്രമുഖ നിയമജ്​ഞരും സാംസ്​കാരിക പ്രവർത്തകരും നടപടി ആവശ്യപ്പെട്ടത്​. ഏതെങ്കിലുമൊരു ഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായി അറബ്​ നാടുകളിലേക്ക്​ വരുവാൻ അവസരം ലഭിച്ചാൽ പുറപ്പെടാൻ നിൽക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ്​ യു.എ.ഇയിൽ നിന്നുള്ള നൂറ അൽ ഗുറൈർ മുന്നറിയിപ്പ്​ നൽകിയത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത്​ ഷായുടെയും പ്രത്യേക നോമിനി ആയാണ്​ ​അഭിഭാഷകൻ കൂടിയായ തേജസ്വി ലോക്​സഭാ സ്​ഥാനാർഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്​.

നിരവധി സംഘ്​പരിവാർ പ്രവർത്തകർക്ക്​​ കോവിഡ്​ പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന്​ ഗൾഫ്​ രാജ്യങ്ങളിൽ നടപടി​ നേരിടേണ്ടി വന്നിട്ടുണ്ട്​.
മലയാളി വ്യവസായി സോഹൻ റോയ്​ വംശീയ വർഗീയ അധിക്ഷേപം വമിക്കുന്ന കവിത പോസ്​റ്റു ചെയ്​തതും വിവാദമായിട്ടുണ്ട്​. ത​​െൻറ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക്​ ഡിസൈൻ ചെയ്​തയാൾക്ക്​ പറ്റിയ പിഴവാണെന്നുമാണ്​ റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തി​​െൻറ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.

പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.

സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റുകളിടുന്ന ഇന്ത്യക്കാരുടെ ശ്രദ്ധക്ക്. കര്‍ശനമായ നടപടിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടും.

മുസ്ലീങ്ങളാണ് കൊവിഡ് പരത്തുന്നത് എന്ന രീതിയിലുള്ള പ്രചരണം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരും മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടക്കുകയും ചിലര്‍ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ഇന്ത്യയില്‍ ഒരുവിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്ന വിധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഈ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ വ്യക്തമാക്കുന്നത്.

യു.എ.ഇയിലെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മി തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. യുഎഇയില്‍ വംശീയ വിദ്വേഷവും വിവേചനവും കാണിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.

ഇതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവര്‍ വിദ്വേഷ പ്രചരണത്തിനും വംശീയഹത്യക്കുമെതിരായും സംസാരിക്കുന്നുണ്ട്. “വംശഹത്യയുടെ തുടക്കം വിദ്വേഷ പ്രചാരണത്തില്‍ നിന്നാണ്. ‘കണ്ണിനു കണ്ണ് എന്നതു മൂലം സംഭവിക്കുക ലോകം മുഴുവന്‍ അന്ധകാരരരത്തിലാകും എന്നതാണ്’. ഇപ്പോള്‍ സിനിമയായും ചിത്രങ്ങളായുമൊക്കെ നാം രേഖപ്പെടുത്തിയിട്ടുള്ള ആ രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മരണത്തിന് മരണം മാത്രമേ കൊണ്ടുവരാന്‍ കഴിയൂ, അതുപോലെ സ്‌നേഹത്തിന് സ്‌നേഹവും”, അവര്‍ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ അവര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. “വെറുപ്പ് എന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒരു കല്‍ക്കരി കൈയില്‍ എടുക്കുന്നതു പോലെയാണ്. അത് എടുത്തിരിക്കുന്നവര്‍ക്കും പൊള്ളും. അഭിമാനത്തോടെ പറയട്ടെ, ഞാനൊരു യുഎഇക്കാരിയാണ്. ഇവിടേക്ക് വരികയും ഇവിടെ താമസിക്കുകയും ചെയ്യുന്ന ഏതൊരു മതസ്ഥരേയും ഞങ്ങള്‍ സഹിഷ്ണുതയോടെ മാത്രമേ കാണൂ. ദയയിലും നീതിയിലും സന്തോഷഭരിതമായ ഒരു താമസസ്ഥലവും അടിസ്ഥാനപ്പെടുത്തി ഭരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നാടാണിത്” എന്നും അവര്‍ പറയുന്നു.

“എനിക്ക് ഇന്ത്യ ഇഷ്ടമാണ്. ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്റെ ‘ഗുരുജി’യെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാരും അറബ് വംശജരും തമ്മില്‍ ഒരു പ്രത്യേക തരത്തിലുള്ള ബന്ധമുണ്ട്. ആ പഴയ ഹൃദ്യമായ ബന്ധം പഴയകാലത്തുള്ളവര്‍ക്ക് നന്നായി അറിയാം. മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് എനിക്ക് ആ പേരിട്ടിരിക്കുന്നത്” എന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഒരാളോട് അവര്‍ പറയുന്നു.

ഇക്കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സ്വദേശിയായ രാകേഷ് ബി. കിട്ടൂര്‍മത് എന്നയാള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ദുബായില്‍ പോലീസ് നടപടി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇസ്ലാമിനെ അപമാനിക്കുകയായിരുന്നു അവിടുത്തെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍. ഇയാളെ കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കൂടി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതാണ് ഇയാള്‍ നടപടി നേരിടാന്‍ കാരണം.

ഇതിന് ഒരാഴ്ച മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മിതേഷ് ഉദ്ദേശി എന്നയാളെയും ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതിന് സമീര്‍ ഭണ്ഡാരി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നയാള്‍ക്കെതിരെയും പോലീസില്‍ പരാതി എത്തിയിരുന്നു. വംശീയ, മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നിയമം 2015-ല്‍ യുഎഇ പാസാക്കിയിരുന്നു.

വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അടുത്തിടെ നടപടി നേരിട്ട ചില വാര്‍ത്തകള്‍ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട് ഡല്‍ഹിയില്‍ നിയമവിദ്യാര്‍ത്ഥിയായ സ്വാതി ഖന്നയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ദുബായിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ത്രിലോക് സിംഗ് എന്നയാളെ ഇക്കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.

ജനുവരിയിലാണ് ഇന്ത്യക്കാരനായ ജയന്ത് ഗോഖലെ എന്നയാള്‍ ജോലി നേടിയെത്തിയ മലയാളിയായ അബ്ദുള്ള എസ്.എസിനോട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരൂടെ കൂടെപ്പോയിരിക്കാന്‍ പറഞ്ഞത്.

ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രണത്തെ അനുകൂലിച്ചു കൊണ്ട് ആഘോഷിച്ച ഒരു ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.

സാധാരണ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാരായവര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറാണ് പതിവ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ ഇതത്ര കാര്യമാക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വമേധയാ സ്വീകരിക്കുന്നത്. യു.എ.ഇ രാജകുടുംബാംഗം തന്നെ ഇന്ത്യക്കാരന്റെ വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നത് ഇതിന് തെളിവാണ്.

യാതൊരു പ്രശ്‌നവുമില്ല എന്നു കരുതി വിദ്വേഷ പ്രചരണം നടത്തുകയും ഒടുവില്‍ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മാപ്പു പറയുന്നതും കുറവല്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ജമാത് തബ്‌ലിഗി മര്‍ക്കസ് വിഷയത്തില്‍ മുസ്ലീം വിരോധം പ്രചരിപ്പിച്ചു കൊണ്ട് പ്രീതി ഗിരി എന്ന ഒരു കമ്പനിയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ, 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സ്ത്രീ ട്വീറ്റ് ചെയ്തത്. തബ്‌ലീഗി മുസ്ലീങ്ങള്‍ സുന്നികളാണെന്നും അമീര്‍ ഖാന്‍ തബ്‌ലീഗി ആണെന്നുമൊക്കെ പറയുന്ന ആ പോസ്റ്റിനോട് മറ്റൊരു സ്ത്രീ പ്രതികരിച്ചു. ദുബായ് പോലീസിനെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യം, ഈ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാരി താമസിക്കുന്ന രാജ്യം ഭരിക്കുന്നത് സുന്നികളാണ് എന്നത് മറക്കരുത് എന്നാണ്. ഇതോടെ സമസ്താപരാധവും പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഈ പ്രീതി ഗിരി എന്ന സ്ത്രീ വേണ്ടെന്നുവച്ചു.

ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു.  ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്.  മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.

കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.

യുഎഇയില്‍ കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകള്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഏറ്റെടുക്കും. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ് യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബം യുഎഇയിലുണ്ടെങ്കില്‍ എല്ലാ രാജ്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് യുഎഇ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

‘നിങ്ങള്‍, കുടുംബത്തിലെ ഒരാള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കുന്നത്.

ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നത്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനും കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നല്‍കി മൂന്നാഴ്ചക്കുള്ളില്‍ പണം റീഫണ്ട് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. അതില്‍ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികള്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണ്.

ആശുപത്രിയുടെ അവസാന ഘട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുമെന്നാണ് വിവരം.

ആശുപത്രി ഭാഗികമായി നാളെ തുറക്കും. 1000 ബെഡാണ് നാളേയ്ക്ക് തയ്യാറായിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആശുപത്രി ഒരുക്കുക. ആവശ്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.

കോവിഡ് രോഗികള്‍ക്കായി 10000 ബെഡുകളാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. ബെഡുകളുടെ എണ്ണം ഉയര്‍ത്തുന്നതിനായി ഹോട്ടലുകളും ആശുപത്രികളാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മകൻ മരിച്ചതിനെ തുടർന്ന്നാട്ടിൽ അന്ത്യയാത്രയാക്കാൻ കഴിയാതെ മാതാപിതാക്കളും സഹോദരങ്ങളും. ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയച്ച ശേഷം സംസാരിക്കുകയായിരുന്ന പിതാവായ ജോമെ ജോർജ് വാക്കുകൾ മുഴുപ്പിക്കാതെ തന്നെ നിർത്തി. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ എന്നിവർ നാട്ടിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ മുഹൈസിനയിലെ വീട്ടിൽ നീറുന്ന വേദന ഉള്ളിലടക്കി കഴിയുകയാണ്.

ക്യാൻസർ മൂലം അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവെയാണ് ജ്യുവൽ മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ട് എന്നാണ് അവർ പറയുന്നത്. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത് തന്നെ. ഷാർജാ ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ജ്യുവൽ.

ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചു വർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോൾ വലതുകാലിൽ വീണ്ടും ക്യാൻസർ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്ന ജ്യുവൽ ഓഗസ്റ്റിൽ കുടുംബത്തിനൊപ്പം ലൂർദിലും ലിസ്യുവിലും തീർഥയാത്രയും നടത്തി.

ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് മാതൃകയായിരുന്നു. ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കേ എല്ലാവരെയും ദുഃഖിപ്പിച്ച് യാത്രയായി. നാളെ രാവിലെ 9.30ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിൽ സംസ്കാരം നടക്കും. അവന്റെ വല്ല്യപ്പച്ചന്മാരും അമ്മച്ചിമാരും അന്ത്യയാത്രയാക്കും-തൊണ്ടയിടറി ജോമെ പറഞ്ഞു.

പി.സി. ഏബിൾ, ബിജോയ് തുടങ്ങിയവർ എംബാമിങ് സെന്ററിൽ നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തു. അഷറഫ് താമരശ്ശേരി, അഡ്വ. ഹാഷിഖ്, ഡബ്ല്യു എംസി മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ചാൾസ് പോൾ തുടങ്ങിയവർ എംബാമിങിനും മൃതദേഹം വിമാനത്താവളത്തിലേക്ക് അയയ്ക്കുന്നതിനും സഹായമേകി. ഇന്ന് രാത്രിയിൽ മൃതദേഹം കൊച്ചിവിമാനത്താവളത്തിലെത്തും.

തന്റെ ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കവേയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായത്. എന്നാൽ തന്നെയും ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് അവൻ വളരെ ഏറെ മാതൃകയായിരുന്നു.

RECENT POSTS
Copyright © . All rights reserved