വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
അവധി ആഘോഷിക്കാൻ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീര് -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന് സ്കൂള് രണ്ടാം ക്ലാസ് വിദ്യാര്ഥിനിയുമായ ഐറിന് ജാന് (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.
വൈകിട്ട് ജംഷീറിൻറ കുടുംബം ദമ്മാമില് നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്ക്കൊപ്പം അൽഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. അല് ഉഖൈര് എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്ഡ് ക്രൂയിസര് മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന് ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.
ഐറിന് ജാന് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്മെൻറ് റെൻറല് കമ്പനിയില് ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന് സ്കൂള് നാലാം ക്ലാസ് വിദ്യാര്ഥിനിയുമായ എമിന് ജാനും ഇതേ വാഹനത്തില് തന്നെ ഉണ്ടായിരുന്നു. അൽഹസ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പരിഷ്കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകൾ തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ്.
ഫാമിലി വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്ത് എത്തിക്കാൻ സമർപ്പിച്ചവരുടെ അപേക്ഷയാണ് അധികൃതർ തളളിയത്. ജീവിത പങ്കാളി, 14 വയസിന് താഴെയുള്ള മക്കൾ എന്നിവർക്ക് മാത്രമാണ് ഫാമിലി വിസയിൽ രാജ്യത്ത് പ്രവേശനമുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാൻ പ്രവാസികൾക്ക് ഇനി സാധിക്കില്ല. മതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം തള്ളിയത്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.
പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയിൽ വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്ക് മാത്രം ഫാമിലി വിസ നൽകിയാൽ മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏദൻ ഉൾക്കടലിൽ യുകെ ടാങ്കറുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് പിന്നാലെയാണ് യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള പ്രസ്ഥാനം മാർലിൻ ലുവാണ്ട എന്ന ടാങ്കറിന് നേരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി യുഎസും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.
ആക്രമണത്തിന് പിന്നാലെ കപ്പലിൻെറ സഹായത്തിനായി ഫ്രഞ്ച്, ഇന്ത്യൻ, യുഎസ് നാവിക കപ്പലുകൾ സംഭവ സ്ഥലത്ത് ഉടനെ എത്തി. മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ യുകെ രജിസ്ട്രേഡ് കമ്പനിയായ ഓഷ്യോണിക്സ് സർവീസസ് ലിമിറ്റഡ് ആണ്. ഒരു ബഹുരാഷ്ട്ര വ്യാപാര കമ്പനിയായ ട്രാഫിഗുരയ്ക്ക് വേണ്ടിയാണ് ടാങ്കർ പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ടാങ്കറിലെ തീ അണച്ചതായും കമ്പനി അറിയിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിത തുറമുഖത്തേക്ക് നീങ്ങുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമമാണിത്. ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്ന ഗാസയിലെ പാലസ്തീനികളെ പിന്തുണച്ചു കൊണ്ടാണ് ഈ മേഖലയിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അമേരിക്കൻ ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ എന്ന് ഒരു ഹൂതി വക്താവ് മാർലിൻ ലുവാണ്ടയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.
അതേസമയം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും കണ്ണടയ്ക്കാവുന്ന ഒന്നല്ലെന്നും ഇതിനെതിരെ ഒരു പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യുകെ സർക്കാർ പ്രതികരിച്ചു. ഏഡനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു. പ്രദേശത്തുകൂടെ പോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പുലർത്തണം എന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന അറിയിച്ചു. നവംബർ മുതൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഇതിനോടകം പത്തിലധികം ആക്രമണങ്ങൾ നടത്തി കഴിഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പിന്നാലെ കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വെള്ളിയാഴ്ച ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല് രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തുകയിരുന്നു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗദി അറേബ്യയില് മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര് എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല് റിന്റു മോള് (28) ആണ് മരിച്ചത്. ഹഫര് അല്ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്ഡ്രന് ഹോസ്പിറ്റലില് നേഴ്സായി ജോലിചെയ്തുവരികയായിരുന്നു.
മാളിയേക്കല് ജോസ് വര്ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില് പോയ റിന്റു മോള് നവംബര് 13 -നാണ് തിരിച്ച് ജോലിയില് പ്രവേശിച്ചത്.
ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന് കിടന്നതായിരുന്നു. രാവിലെ എഴുന്നേല്ക്കാത്തതിനെ തുടര്ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില് കാണപ്പെട്ടതെന്ന് കൂടെയുള്ളവര് അറിയിച്ചു. നിയമനടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. റോബിന് ജോസ് ഏക സഹോദരനാണ്.
റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി നേഴ്സ് കുവൈറ്റിൽ നിര്യാതയായി. ധാർ അൽ ഷിഫാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ചാലക്കുടി കുറ്റിക്കാട് സ്വദേശിനി ജോളി ജോസഫ് (48) ആണ് മരണമടഞ്ഞത്. ഇന്നലെ താമസ സ്ഥലത്ത് വച്ചായിരുന്നു ജോളിയുടെ മരണം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. ജോളി ജോസഫിന്റെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
35 വയസ്സുകാരനായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ ചെറുപുഴ സ്വദേശിയായ ജിനേഷ് തോമസ് പൊടിമറ്റം ആണ് മരണമടഞ്ഞത്. തലശ്ശേരി രൂപതയിൽ പെട്ട കോലുവള്ളി ഹോളി ഫാമിലി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് .
ജിനേഷ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കുവൈത്തിൽ കഴിഞ്ഞ 23 ദിവസമായി തടവിൽ കഴിയുന്ന 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ആരോഗ്യ പ്രവർത്തകരെയും വിട്ടയച്ചു. ഇവരിൽ 19 പേർ മലയാളി നേഴ്സുമാരാണ്.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ഇന്ന് ഉച്ചയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. തടവിൽ കഴിയുന്ന നേഴ്സുമാരുടെ ബന്ധുക്കൾ ഇവരുടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം ഇന്നലെ രാത്രി ആഭ്യന്തര മന്ത്രിയെ നേരിട്ട് സന്ദർശിക്കുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീടിനു സമീപത്തുള്ള പള്ളിയിൽ വെച്ച്ചായിരുന്നു ഇവർ മന്ത്രിയോട് സങ്കടം ബോധിപ്പിച്ചത്. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു മുഴുവൻ പേരെയും വിട്ടയക്കാൻ നിർദേശിക്കുകയായിരുന്നു. ഇതെ തുടർന്ന് ഇന്ന് കാലത്ത് രേഖകളുമായി ഫർവാനിയ താമസ കാര്യ വിഭാഗത്തിൽ എത്താൻ ആവശ്യപ്പെടുകയും ഇവരുടെ മോചനത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരും പുറത്തിറങ്ങുകയും ചെയ്തു.
പ്രസ്തുത വിഷയത്തിൽ നേരത്തെ കേന്ദ്ര മന്ത്രി വി . മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 12 നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ഇവരിൽ 19 പേർ മലയാളി നേഴ്സുമാരായിരുന്നു. ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. ഇവരിൽ പലരും 3 വർഷം മുതൽ 10 വർഷം വരെയായി ഇതെ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു .ഇറാനി പൗരന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി നല്ല രീതിയിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചത് എന്ന് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. പിടിയിലായ മലയാളി നേഴ്സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് . ഇവർ എല്ലാവരും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ ഉള്ളവരുമാണ്.
തടവിൽ കഴിയുന്ന നേഴ്സുമാരിൽ 5 പേർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. ഇവരിൽ അടൂർ സ്വദേശിനിയായ യുവതിയുടെ ഒന്നര മാസം പ്രായമായ നവ ജാത ശിശു, ഇവരുടെ ഭർത്താവിന്റെ പരിചരണത്തിലാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന് കുവൈത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എങ്കിലും അമ്മമാരുടെ യഥാർത്ഥ പരിചരണം ലഭിക്കാത്തതിനാൽ പല കുഞ്ഞുങ്ങൾക്കും ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.ഇതിനിടയിലാണ് വിഷയത്തിൽ അപ്രതീക്ഷിതമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ വിഭാഗം സയൻസ് അധ്യാപിക തെന്നടി സെൻറ് റീത്താസ് ഇടവകാംഗവും, ആലപ്പുഴ തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയ്യോയുടെ ഭാര്യയുമായ പ്രിൻസി സന്തോഷ് (50) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ നിര്യാതയായി. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ : ഷോൺ , അയോണ (ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ) .
സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടക്കും.
പ്രിൻസി സന്തോഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.