കൊച്ചി : ആലുവയിലെ മെഡിഹെവന് ആശുപത്രി അധികൃതരുടെ അനാസ്ഥയില് മരണത്തിനു കീഴടങ്ങേണ്ടി വന്ന സന്ധ്യാ മേനോന്(28) വിദേശത്ത് കുക്കറി ഷോകളില് പ്രഗത്ഭയും സാമൂഹിക മാധ്യമങ്ങളില് കേരളത്തിന്റെ രുചിക്കൂട്ടുകള് വിളമ്പുകയും ചെയ്ത് ഒട്ടേറെ ആരാധകരെ നേടിയ യുവ നഴ്സ്.
അബുദാബിയില് നഴ്സ് ജോലിയുടെ തിരക്കിലും പാചകകലയില് വിദഗ്ധയായിരുന്നു സന്ധ്യ. നാട്ടില് പറവൂരില് അമ്മവീടിനടത്ത് ആലുവ കടയപ്പിള്ളിയില് ആറുസെന്റ് സ്ഥലം വാങ്ങി ആറുമാസം മുമ്പ് വീടു വച്ചിരുന്നു. നാട്ടിലേക്കു മടങ്ങണമെന്ന മോഹത്തിലുപരി മക്കളെ കേരളത്തില് പഠിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നില്. ആ ഇരുനില വീട്ടില് താമസിച്ചു കൊതിതീരുംമുമ്പാണ് വീട്ടുകാരെ പിടിച്ചുലച്ച മരണം.
കടുങ്ങല്ലൂര് കടേപ്പള്ളി നിവേദ്യത്തില് അനൂപ് മേനോന്റെ ഭാര്യയാണ് സന്ധ്യ. ആറുവയസുള്ള ആദിത്യനും രണ്ടുവയസുള്ള അദൈ്വതുമാണ് മക്കള്. രണ്ടാമത്തെ കുട്ടിയുണ്ടായതോടെയാണ് പ്രസവം നിര്ത്താന് തീരുമാനിച്ചത്. ഇതിനായി ആലുവയിലെ മെഡിഹെവനില് പ്രവേശിപ്പിച്ചപ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയില് സന്ധ്യക്കു ജീവന് നഷ്ടമായത്. ശസ്ത്രക്രിയയ്ക്കായി നല്കിയ അനസ്തേഷ്യയില് പറ്റിയ പിഴവാണ് മരണത്തിലേക്കു നയിച്ചതെന്നാണ് സൂചന. രണ്ടാഴ്ച മുമ്പാണ് ദമ്പതികള് മക്കളുമായി വിദേശത്തുനിന്നും എത്തിയത്. ഏതാനും ദിവസങ്ങള് മാത്രമാണ് പുതിയ വീട്ടില് താമസിച്ചത്. കുറച്ചു ദിവസം വിനോദയാത്രയ്ക്കായി ചെലവഴിച്ചിരുന്നു. അതു കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയശേഷമാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില് പ്രവേശിപ്പിച്ചത്. വിദേശത്തുവച്ച് സാമൂഹിക മാധ്യമങ്ങളില് കുക്കറി ഷോ നടത്തി സന്ധ്യ പ്രശസ്തയായിരുന്നു. ഫെയ്സ്ബുക്കിലും പാചകവിധികള് പതിവായി പോസ്റ്റ് ചെയ്തിരുന്നു.
ഫുഡി പാരഡൈസ് എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിലായിരുന്നു സന്ധ്യ സജീവമായിരുന്നത്. സന്ധ്യയുടെ വേര്പാടിനെത്തുടര്ന്ന് ആ ഗ്രൂപ്പില് ഇന്നലെ സങ്കടത്തിന്റെ ചേരുവകളാണ് അവര് പങ്കുവച്ചത്.
സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സന്ധ്യയൊരുക്കിയ ത്രിവര്ണ കേക്കുകള് പ്രശംസപിടിച്ചുപറ്റിയിരുന്നു. യാത്രാവേളകളില് പരിചയപ്പെട്ട രുചിഭേദങ്ങളെ സാമൂഹിക മാധ്യമങ്ങളില് എത്തിക്കാനും സന്ധ്യ ശ്രദ്ധിച്ചിരുന്നു.
ദുബായ്: ദുബായ്-ഷാർജ യാത്രയുടെ വേഗം കൂട്ടുന്ന പദ്ധതി പൂർത്തിയായി. ബുധനാഴ്ച മുതൽ ദുബായിൽനിന്നും ഷാർജയിലേക്കുള്ള യാത്രയ്ക്ക് പതിവിലും സമയം കുറവ് മതിയാകുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. ട്രിപ്പോളി റോഡ് നവീകരണം പൂർത്തിയായതാണ് യാത്രക്കാർക്ക് അനുഗ്രഹമായിരിക്കുന്നത്. 12 കിലോമീറ്റർ ദൂരം വരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനുമിടയിൽ സഞ്ചരിക്കാൻ എട്ട് മിനിറ്റ് കുറയും.
പുതിയ പദ്ധതി ദുബായിലും ഷാർജയിലും താമസിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടെ ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്നത്തിനാണ് അറുതിയായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു വശത്തുനിന്നും 6,000 വാഹനങ്ങൾ അടക്കം ഇരുവശത്തുമായി 12,000 വാഹനങ്ങൾക്ക് ഒരു മണിക്കൂറിൽ ഈ പാതയിലൂടെ സഞ്ചരിക്കാനാകും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്നും ശൈഖ് സായിദ് ബിൻ ഹംദാൻ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റിൽനിന്നും 4.5 മിനിറ്റായി കുറയും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തിരക്കേറിയ നേരങ്ങളിൽ 2,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം.
ട്രിപ്പോളി-അൽജിയേഴ്സ് സ്ട്രീറ്റിൽനിന്നും ടണലിലേക്ക് ഇരുഭാഗങ്ങളും മൂന്നുവരിയായി ഉയർത്തി. എമിറേറ്റ് പാതയിൽ ഒട്ടകങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള അണ്ടർപാസുകൾക്കും വീതികൂട്ടിയിട്ടുണ്ട്.
إلى جانب رفع مستوى السلامة على طول المحور، وتوفير حركة حرة بسعة مرورية مقدارها 12 ألف مركبة في الساعة في الاتجاهين (6000 مركبة في الساعة في كل اتجاه)”. للمزيد، زر: https://t.co/4xzNReWLq9 pic.twitter.com/aMz7hdzywR
— RTA (@rta_dubai) July 23, 2019
കൊച്ചി∙ ആലുവയില് സ്വകാര്യ ആശുപത്രിയില് ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്ന്ന് യുവതി മരിച്ചു. മരിച്ച സിന്ധു അബുദാബിയിൽ നഴ്സാണ് .പ്രസവം നിര്ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര് സ്വദേശി സിന്ധുവാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്.
പ്രസവം നിര്ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായ് ഞായറാഴ്ച വൈകിട്ടാണ് 36 കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. സിന്ധു .തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഒാപ്പറേഷന് തിയറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര് കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്ന്ന് അമ്മ തിയറ്ററില് കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.
പൂര്ണമായും അബോധാവസ്ഥയിലായ യുവതിെയ ഉടന് ഐസിയു ആബുലന്സിൽ സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെയെത്തും മുന്പേ മരണം സംഭവിച്ചിരുന്നു. തിയറ്ററിലേക്ക് കൊണ്ടു പോകും മുന്പ് തനിക്ക് നല്കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള് പറയുന്നു.
അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന് തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന് ബാലനെ കണ്ടെത്താന് ഷാര്ജ പൊലീസ് തെരച്ചില് ഊര്ജിതമാക്കി. ബിഹാര് സ്വദേശിയായ മുഹമ്മദ് പര്വേസിനെയാണ് (14) ഷാര്ജ മുവൈലയിലുള്ള വീട്ടില് നിന്ന് ഞായറാഴ്ച രാത്രി മുതല് കാണാതായത്. രാത്രി ഏറെ വൈകിയും യുട്യൂബില് വീഡിയോ കണ്ടുകൊണ്ടിരുന്ന മുഹമ്മദിനെ അമ്മ ശാസിച്ചിരുന്നു. ഇതിന് ശേഷമാണ് പുലര്ച്ചയോടെ കുട്ടിയെ കാണാതാവുന്നത്. ഡെല്റ്റ ഇംഗ്ലീഷ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയാണ് മുഹമ്മദ്.
സംഭവത്തില് മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസില് പരാതി നല്കിയിരുന്നു. കുടുംബം ദുബായിലെ ഇന്ത്യന് കോണ്സുലേറ്റിന്റെയും സഹായം തേടി. കുട്ടിയെ കണ്ടെത്താന് സഹായിക്കണമെന്ന് പൊതുജനങ്ങളോടും അഭ്യര്ത്ഥിച്ചിട്ടുണ്ട്. തലേദിവസം രാത്രി ബന്ധുവിനൊപ്പം പള്ളിയില് പോയ മുഹമ്മദ് അവിടെനിന്ന് രാത്രി 11 മണിയോടെയാണ് തിരിച്ചുവന്നത്. വീട്ടിലെത്തിയ ശേഷം രാത്രി ഒരു മണി വരെ മൊബൈല് ഫോണില് യുട്യൂബ് വീഡിയോകള് കണ്ടുകൊണ്ടിരുന്നതിനെ തുടര്ന്ന് മുഹമ്മദിനെ അമ്മ ശാസിച്ചു. പുലര്ച്ചെ നാല് മണിക്ക് വീട്ടിലുള്ളവര് ഉറക്കമുണര്ന്നപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. മുന്വശത്തെ വാതില് തുറന്നുകിടക്കുകയായിരുന്നു.
ധരിച്ചിരുന്ന വസ്ത്രമല്ലാതെ വീട്ടില് നിന്ന് മറ്റൊന്നും എടുത്തിട്ടില്ല. വസ്ത്രങ്ങളും പഴ്സും മൊബൈല് ഫോണും മുറിയില് തന്നെയുണ്ടായിരുന്നു. തിരിച്ചറിയല് രേഖകളും കുട്ടിയുടെ കൈവശമില്ല. എന്നാല് വീടിന് മുന്നിലുണ്ടായിരുന്ന സൈക്കിള് എടുത്താണ് മുഹമ്മദ് പോയതെന്നാണ് പൊലീസിന്റെ അനുമാനം. മുഹമ്മദിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മൂന്ന് സഹോദരിമാരും മാതാപിതാക്കളുമടങ്ങിയ കുടുംബം. മകനെ ശാസിച്ച നിമിഷത്തെ പഴിച്ച് സമയം തള്ളിനീക്കുകയാണ് മുഹമ്മദിന്റെ അമ്മ.
അതേസമയം കുട്ടിയെ കാണിനില്ലെന്ന പരാതി ഇന്ഡസ്ട്രിയല് സോണ് പൊലീസ് സ്റ്റേഷനില് ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയതായി ഷാര്ജ പൊലീസ് അറിയിച്ചു. പള്ളികള്, സ്കൂളുകള്, പൊതുസ്ഥലങ്ങള്, ആശുപത്രികള്, ഷോപ്പിങ് മാളുകള് എന്നിവ കേന്ദ്രീകരിച്ച് തെരച്ചില് നടത്തുകയാണ്. പൊലീസ് പട്രോള് സംഘങ്ങള് കുട്ടിയുടെ ചിത്രവുമായി വിവിധ സ്ഥലങ്ങളില് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളും ഉള്പ്പെട്ട സര്ക്കുലര് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിര്ത്തികളിലേക്കും എക്സിറ്റ് പോയിന്റുകളിലേക്കും കൈമാറിയിട്ടുണ്ട്.
രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്വേസിനെ കണ്ടെത്തിയാല് ഉടന് തന്നെ 911 എന്ന നമ്പറില് വിളിച്ചറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാന് പൊലീസ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കണമെന്നും അധികൃതര് ആവശ്യപ്പെട്ടു.
മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്ദുല് നഹാസിനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
കൈകള് കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്ട്രിക് കേബിളുകള് കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള് നശിപ്പിക്കുന്നതിനായി മൃതദേഹത്തില് മുളകുപൊടിയും എണ്ണയും ഉള്പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില് ചില മുദ്രാവാക്യങ്ങള് എഴുതിവെയ്ക്കുകയും ചെയ്തു.
നഹാസിനെ ഫോണില് വിളിച്ചിട്ട് കിട്ടാത്തതിനാല് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില് വാക്കുതര്ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്ക്കാന് പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള് ലഭിച്ചതിനാല് പരമാവധി ശിക്ഷ നല്കുകയാണെന്ന് കോടതി വിധിയില് പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്ഷത്തെ ജയില് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.
ജിദ്ദ: റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്പോര്ട്സ് സിറ്റി സ്റ്റേഡിയത്തില് നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില് റദ്ദാക്കിയത്.
ജിദ്ദ വേള്ഡ് ഫെസ്റ്റിന്റെ ഭാഗമായാണ് സൗദി അറേബ്യയില് നിക്കി മിനാജിന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല് അവരുടെ വേഷവും വരികളും സൗദി സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദമുയര്ത്തി രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തുകയായിരുന്നു. പരിപാടി റദ്ദാക്കണമെന്ന്, മറ്റ് കാരണങ്ങള് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില് തന്നെ നിരവധി ആക്ടിവിസ്റ്റുകളും നിക്കി മിനാജിനോട് ആവശ്യപ്പെട്ടു. ഇതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ മറ്റ് പരിപാടികള് മുന്നിശ്ചയിച്ച പോലെ നടക്കുമെന്നും സംഘാടകര് അറിയിച്ചിട്ടുണ്ട്. 16 വയസിന് മുകളില് പ്രായമുള്ളവര്ക്കാണ് ജിദ്ദ വേള്ഡ് ഫെസ്റ്റില് പ്രവേശനം.
ദുബായ്: ദുബായില് ബസപകടത്തില് മരിച്ച 17 പേരുടെ കുടുംബംത്തിന് 2 ലക്ഷം ദിര്ഹം (37.25 ലക്ഷം രൂപ) വീതം സഹായധനം നല്കാന് യുഎഇ പരമോന്നത കോടതി ഉത്തരവിട്ടു. ബസിന്റെ ഡ്രൈവറായിരുന്ന ഒമാനി പൗരന് കോടതി 7 വര്ഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്താനും കോടതി ഉത്തരവിട്ടു.
ഒമാനില് നിന്നും ദുബായിലേക്ക് 30 യാത്രക്കാരെ കൊണ്ട് പോയ ബസ് ജൂണ് 6നാണ് അപകടത്തില് പെട്ടത്. കേസില് ആദ്യം ഡ്രൈവര് കുറ്റം സമ്മതിച്ചിരുന്നു. വെയിൽ കൊളളാതിരിക്കാനായി ബസിനകത്തെ ബോര്ഡ് താഴ്ത്തിയിരുന്നതായും ഇത് കാരണം സ്റ്റീല് തൂൺ കണ്ടില്ലെന്നുമാണ് ഡ്രൈവര് നേരത്തെ പൊലീസിന് മൊഴി നല്കിയത്. എന്നാല് സ്റ്റീല് തൂൺ സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് ഇദ്ദേഹം കോടതിയില് നിലപാട് മാറ്റി. റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില് ഇത്തരം തൂണുകള് ഉണ്ടെന്ന് കാണിക്കുന്ന ബോര്ഡ് 60 മീറ്റര് അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന് പറഞ്ഞു. എന്നാല് ദുബായില് അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര് മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പുറമെ ഇത്തരം തൂണുകള് കോണ്ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള് കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല് കൊണ്ടാവാന് പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയില് നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു.
അതേസമയം, റോഡില് രണ്ട് മുന്നറിയിപ്പ് ബോര്ഡുകള് ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര് അകലെതന്നെ ആദ്യ ബോർഡ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്ദേശങ്ങള് അവിടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന് കോടതിയില് പറഞ്ഞു.
അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര് ഇന്ത്യക്കാരാണ്. തൃശൂര് തളിക്കുളം സ്വദേശി ജമാലുദ്ദീന് (47), തിരുവനന്തപുരം സ്വദേശി ദീപകുമാര് (40), കോട്ടയം പാമ്പാടി സ്വദേശി വിമല് കാര്ത്തികേയന് (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര് (65), മകന് നബീല് ഉമ്മര് (21), വാസുദേവന് വിഷ്ണുദാസ്, തൃശൂര് ചെമ്പൂക്കാവ് സ്വദേശി കിരണ് ജോണി (25), കണ്ണൂര് മൊറാഴ സ്വദേശി രാജന് (49) എന്നിവരാണു മരിച്ച മലയാളികള്.
ഒമാനിലെ മസ്കറ്റില് നിന്നും ജൂണ് 6ന് ദുബായിലേക്ക് വന്ന ബസാണ് യുഎഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്പെട്ടത്. ബസുകള്ക്കും വലിയ വാഹനങ്ങള്ക്കും പ്രവേശനമില്ലാത്ത റോഡില് ഹൈറ്റ് ബാരിയറില് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ച അല് ഖോബാറിലെ തുഖ്ബയില് ഫുട്ബോള് കളി കഴിഞ്ഞു മടങ്ങാന് നിൽക്കവെ ഗ്രൗണ്ടില് കുഴഞ്ഞു വീണ് മരിച്ച മലയാളി യുവാവിന് കണ്ണീരോടെ പ്രവാസികൾ വിടചൊല്ലി. മലപ്പുറം നിലമ്പൂര് കാളികാവ് പതിനൊന്നാം മൈലില് അരിമണല് നീലേങ്കോടന് സാദിഖാണ് മരിച്ചത്.അൽ ഖോബാർ ഇസ്കാനിലെ കിങ് ഫഹദ് മസ്ജിദിൽ നടന്ന ജനാസ നിസ്കാരത്തിലും ശേഷം തുഖ്ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്മെന്റ് പ്രതിനിധികളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്കാരിക -കായിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
കിങ് ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്ക്കാരത്തിന് മുമ്പായി ഇസ്ക്കാൻ പള്ളിയിലെത്തിച്ചു. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സാദിഖ് സൗദിയിലെത്തിയത്. നീലേങ്കോടന് കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ പ്രമുഖ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആറുമാസം മുമ്പാണ് ക്ലബ്ബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.
കുറഞ്ഞ കാലം കൊണ്ട് സഹപ്രവർത്തകരുടെ പ്രീതിയും സ്നേഹവും സാദിഖ് നേടിയെടുത്തിരുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിംഗ് പ്രസിഡന്റ് മൻസൂർ മങ്കടയും ജനറൽ സെക്രട്ടറി ലിയാക്കത്തും പറഞ്ഞു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടികൾക്ക് നേതൃത്വം നൽകിയത്. ജാഫർ കൊണ്ടോട്ടിയും സഹായത്തിനുണ്ടായി.
ജൂലൈ 1 മുതൽ ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഇന്ത്യൻ രൂപ വിനിമയ ആവിശ്യത്തിനായി ഉപയോ ഗിക്കാം . മലയാളികൾ ഉൾപെടുന്ന പ്രവാസികൾക്ക് ഇത് വളരെ പ്രയോജനകരവും അഭിമാനകാരവുമാണ് .ഇന്ത്യ വളർന്നു വരുന്ന സാമ്പത്തിക ശക്തിയാണെന്ന് ലോകരാഷ്ടങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിൽ ഇന്ത്യൻ രൂപയും ഉൾപ്പെടുത്താൻ കാരണം . ലോകത്തിലെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ് ആയ ദുബായിലേത് . ഒരു കാലത്തു ആർക്കും വേണ്ടാത്ത ഇന്ത്യൻ രൂപ അഭിമാനത്തോടെ കൊടുത്താണ് മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹം ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് .
1983 -ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ് ഉപ്പെടുത്തുന്ന പതിനാറാമത് കറൻസിയാണ് ഇന്ത്യൻ രൂപ .2 .05 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ഷോപിൻെറ 18 %വും ഇന്ത്യയിൽ നിന്നുള്ള പ്രവാസി സമൂഹത്തിന്റേതാണ്. 47 രാജ്യങ്ങളിൽ നിന്നായി 6,000 ത്തിലധികം സ്റ്റാഫുകളാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും കേരളത്തിനു സുപരിചതനുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയുടെ ഇളയ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കണ്ണീരിൽ കുതിർന്ന വിട. തിങ്കളാഴ്ച ലണ്ടനിൽ അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കബറടക്കം അൽ ജുബൈലിൽ നടന്നു.
ആയിരക്കണക്കിന് ആളുകളാണ് ഷാർജയുടെയും മറ്റു എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയത്. രാജകുടുംബത്തിലെ അംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സാധാരണ ജനങ്ങൾ തുടങ്ങിയവർ കിങ് ഫൈസൽ പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തു. അജ്മാൻ, ഉമ്മുൽഖൈയ്ൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളുടെ ഭരണാധികാരികൾ പ്രാർഥനയിൽ പങ്കെടുത്തു. അൽ ഖൈസിമ, അൽ സൂർ, അൽ മുസല്ല, റോള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവർ നടന്നാണ് പള്ളിയിലേയ്ക്ക് എത്തിയത്. മറ്റുള്ളവർ വാഹനങ്ങളിലും എത്തി.
രാജകുടുംബാംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും എത്തുന്നതിനാൽ വൻ ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇവർ അൽ ബദിയ കൊട്ടാരത്തിൽ എത്തി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ദുഃഖം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഷാർജയിൽ എങ്ങും. യുഎഇയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.
ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനായിരുന്നു. സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വം. കൂടാതെ, ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ലണ്ടനിൽ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി എന്ന ബ്രാൻഡിൽ ലണ്ടനിൽ ഏറെ പ്രശസ്തനുമായിരുന്നു.
സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങിയ ഷെയ്ഖ് ഖാലിദ് പിന്നീട് ഖാസിമിയെന്ന ലേബലിൽ വസ്ത്രങ്ങൾ പുറത്തിറക്കി. ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങളും നേടി. 2016 മുതൽ രാജ്യാന്തര തലത്തിൽതന്നെ ഖാസിമി ബ്രാൻഡ് പ്രശസ്തമായിത്തുടങ്ങി. ലോകത്തിലെ പതിനഞ്ച് രാജ്യങ്ങളിലെ മുപ്പത് നഗരങ്ങളിലെ അമ്പത് പ്രശസ്ത സ്റ്റോറുകളിൽ ഇന്ന് ഖാസിമി വിലയേറിയ ബ്രാൻഡുകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.