ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. കുടുംബ സംഗമത്തിനായി ആദ്യമായി യുഎഇയിലെത്തിയ ഗുജറാത്തിലെ ബറോഡയില്‍ നിന്നുളള കുടുംബമാണ് അപകടത്തില്‍ പെട്ടത്.
രോഹിണിബഹന്‍ പട്ടേല്‍ (42), ഇവരുടെ ഭര്‍ത്താവ് വിനോദ് ഭായ് പട്ടേല്‍ (47) എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായ വിനോദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ മദാമിലെ അല്‍ നസാവി റോഡില്‍ വച്ചായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. ഒരു സ്വകാര്യ ടൂറിസ്റ്റ് കമ്പനിയിലെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 8നാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. രോഹിണിബഹനിന്റെ അർധ സഹോദരനായ ദീപക് പട്ടേല്‍ മറ്റൊരു വാഹനത്തിലായിരുന്നു ഡെസേര്‍ട്ട് സഫാരി നടത്തിയിരുന്നത്. ഇദ്ദേഹം സഫാരി കഴിഞ്ഞതിന് പിന്നാലെ ടൂര്‍ കമ്പനിയെ സമീപിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. 12 വര്‍ഷമായി പരസ്പരം കാണാതിരുന്ന കുടുംബാംഗങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ ഇരുന്നപ്പോഴായിരുന്നു അപകടം വില്ലനായത്.
കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.
ബാഹ്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന്റെ സഹായത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൗതിക ശരീരം താമസ സ്ഥലമായ മുംബൈയിലേക്ക് കൊണ്ട് വരും.
ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് വില്‍സന്റെ മുംബൈയിലെ കുടുംബം. ഇവര്‍ മുംബൈയില്‍ കാന്തിവിലിയിലാണ് താമസം. 37 വയസ്സാണ് പ്രായം.
ദുബായ്: ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.
വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ ഏറ്റവുകുറഞ്ഞ താപനില. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ഭാഗികമായി മഴലഭിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്: മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദമാണ് ഇതിന് കാരണം എന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും 185 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം, ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെയാണ് ഇത് സംഭവിച്ചത്. എയര്‍ക്രാഫ്റ്റ് സമ്മര്‍ദ്ദവും, നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതും കാരണം വിമാനം തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിക്കുകയും യാത്ര ചെയ്യാന്‍ ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ ചെവി വേദനയും മറ്റു ചില അസ്വസ്ഥതകളും അനുഭവിച്ച യാത്രക്കാര്‍ക്കും, വിമാനം തിരിച്ചിറക്കിയതോടെ ആശ്വാസമായി. മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 185 യാത്രക്കാരായിരുന്നു IX-350 വിമാനത്തില്‍ ഉണ്ടായിരുന്നത്.
സൗദി അല്‍ഹസ്സയിലെ ഹറദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.
എക്സൽ എൻജിനീയറിങ് കമ്പനി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇവർ കാറിൽ പോകുമ്പോൾ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അല്‍ അഹ്സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി പ്രിയങ്ക പ്രിന്‍സാണ് മരിച്ചത്. ഭര്‍ത്താവ് പ്രിന്‍സ് ബഹ്റൈനിലുണ്ട്. ഇവര്‍ ഒരുമാസം മുൻപ് നാട്ടില്‍ പോകുകയും മകന്‍ ആരോണ്‍ പ്രിന്‍സിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി നഴ്സ് ബഹ്റൈനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മനുഷ്യരോടും പരിസ്ഥിതിയോടും സഹിഷ്ണുതയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, സഹിഷ്ണുതയുടെ ഹൃദയവിശാലത നിറഞ്ഞ യു.എ.ഇയിലേക്ക് എത്തുകയാണ്. അതും സഹിഷ്ണുതാവർഷാചരണത്തിൽ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നു വിവിധ സംസ്കാരങ്ങളും ഭാഷകളും മതജീവിത രീതികളും പിൻതുടരുന്നവർ അല്ലലില്ലാതെ, കലഹങ്ങളില്ലാതെ കഴിയുന്ന രാജ്യം.
മതത്തിൻറെ മാറാപ്പുകൾ അഴിച്ചുവച്ചു മാനവികതയെ ചൂടാനുള്ള പ്രഖ്യാപനങ്ങൾ. ഒലിവ് ശാഖയുമായി പറക്കുന്ന പ്രാവിൻറെ രൂപമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ ലോഗോ. ഒലിവു ശാഖയും പ്രാവും സമാധാനത്തിൻറെ പ്രതീകങ്ങളാണ്. സമാധാനത്തിൻറെ സന്ദേശവുമായി പ്രാവ് പറക്കട്ടെ…മരുഭൂമിയിൽ നിന്നും മനുഷ്യഹൃദയങ്ങളിലേക്ക്…!
ഒരു മുസ്ലിം രാജ്യത്തേക്ക്, മതവിശ്വാസങ്ങൾ രാജ്യനിയമങ്ങളായ ഗൾഫ് മേഖലയിലേക്കു കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ആദ്യമായെത്തുന്നുവെന്ന കൌതുകത്തിനപ്പുറമാണ് മാർപാപ്പയുടെ സന്ദർശനം. വ്യത്യാസങ്ങളും വിഭാഗീയതകളും മറക്കാൻ ഈ ലോകത്ത് ഇനിയും ഇടമുണ്ടെന്ന ഓർമപ്പെടുത്തൽ. ഒരേ ലക്ഷ്യത്തിനായി, അതേ സമാധാനമെന്ന ലക്ഷ്യത്തിനായി കൈകോർത്ത് പ്രാർഥിക്കാനും പ്രവർത്തിക്കാനും ഇനിയും ജീവിതങ്ങളുണ്ടെന്ന ഓർമപ്പെടുത്തൽ.
കുരിശുയുദ്ധത്തിൽ തുടങ്ങിയ വെറുപ്പിൻറെ കാരണങ്ങളെ അകറ്റുന്ന സന്ദർശനം. അതേ, മാറിനിൽക്കാൻ കാരണമേറെയുണ്ടെങ്കിലും കൈകോർക്കാൻ ഒരു കാരണം മാത്രം. ലോകസമാധാനമെന്ന ആ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവയ്പ്പുകളിലൊന്നായിരിക്കും മാർപാപ്പയുടെ യു.എ.ഇ സന്ദർശനം.
യു.എ.ഇ വത്തിക്കാൻ ബന്ധം ചരിത്രത്തിന്റെ രേഖകളിൽ
കേവലം പന്ത്രണ്ടു വർഷങ്ങൾക്കു മുൻപു 2007 ൽ മാത്രമാണ് യു.എ.ഇയും വത്തിക്കാനും ഔദ്യോഗിക നയതന്ത്ര ബന്ധം ആരംഭിച്ചത്. എന്നാൽ അതിനും മുൻപ്, 1951 ൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോമിലെത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമില്ലെങ്കിലും യുഎഇ വത്തിക്കാൻ ബന്ധത്തിൻറെ ആദ്യ ചുവടുവയ്പ്പായിരുന്നു രാഷ്ട്രപിതാവിൻറെ സന്ദർശനം. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് കത്തിലൂടെ സൌഹൃദബന്ധം തുടർന്നു. ബെനഡിക്ട് പതിനാറാമൻ മാാർപാപ്പയുടെ കാലത്ത് 2008 ഒക്ടോബറിൽ യു.എ.ഇയിൽ നിന്നും ഉന്നതസംഘം വത്തിക്കാനിലെത്തി നയതന്ത്ര ചർച്ചകൾ നടത്തി.
2016 ൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാനിൽ നേരിട്ടെത്തി മാർപാപ്പയെ യു.എ.ഇയിലേക്ക് ക്ഷണിച്ചു. മൂന്നു വർഷങ്ങൾക്കിപ്പുറം ആ ക്ഷണം സ്വീകരിച്ച് ആദ്യമായി ഗൾഫ് രാജ്യത്തേക്ക് മാർപാപ്പയെത്തുന്നു.
എന്നെ സമാധാനത്തിൻറെ ഉപകരണമാക്കി മാറ്റണേയെന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻറെ പ്രാർഥനയുടെ ആദ്യവരികളാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ പ്രമേയം. 1219 ൽ അസീസിയിലെ ഫ്രാൻസിസ്, ഈജിപ്തിലെ സുൽത്താൻ മാലിഖ് അൽ കമീലുമായി സംവദിച്ചതിൻറെ എണ്ണൂറാം വാർഷികത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യൻ മണ്ണിലേക്കുള്ള സന്ദർശനം.
പ്രകൃതിയ പ്രണയിച്ച് സകല ജീവജാലങ്ങളെയും സഹിഷ്ണുതയോടെ കാണണമെന്ന അസീസിയിലെ ഫ്രാൻസിസിൻറെ നിർദേശം ശിരസാവഹിച്ച് മറ്റൊരു ഫ്രാൻസിസ് സഹിഷ്ണുതയുടെ വർഷത്തിൽ ഹൃദയവിശാലത നിറഞ്ഞ രാജ്യത്തേക്കെത്തുന്നു.
അനുയായികളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ മതങ്ങളുടെ സംവാദം ചരിത്രത്തിൻറെ ആവർത്തനം മാത്രമല്ല, പുതി ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്.
തകർക്കപ്പെട്ട മതിലുകൾ മറന്നു പുതിയ മതിലുകളുടെ പണിപ്പുരയിലായിരിക്കുന്ന രാഷ്ട്രനേതാക്കളോടു മതിലല്ല, മനുഷ്യരെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ആവശ്യമെന്നുറക്കെ പ്രഖ്യാപിച്ച ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം മതാതീത ആത്മീയതയുടെ പ്രഖ്യാപനമാണ്. മാനവമതസൌഹാർദ്ദ സമ്മേളനത്തിൽ മാർപാപ്പയുടെ വാക്കുകൾക്കായാണ് ലോകം കാതോർത്തിരിക്കുന്നത്.
യെമനിലും സിറിയയിലും തുടരുന്ന ആഭ്യന്തര പ്രതിസന്ധികളിൽ തുടങ്ങി കുടിയേറ്റത്തെക്കുറിച്ചുള്ള വേവലാതികളടക്കമുള്ള മതം കാരണമായ വിഷയങ്ങളോടുള്ള മാർപ്പാപ്പയുടെ പ്രതികരണം കാലത്തിൻറെ ആവശ്യങ്ങളാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതസംസ്കാരങ്ങൾ പിൻതുടരുന്ന എഴുന്നൂറോളം ആത്മീയനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ചരിത്രത്തിൻറെ ഭാഗമാകും. സന്ദർശനത്തിനു മുന്നോടിയായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നതിങ്ങനെ: “വിവിധരീതികളിലാണെങ്കിലും വിശ്വാസമാണ് നമ്മെ ഒരുമിപ്പിക്കുന്നത്. വിദ്വേഷവും വ്യത്യാസവും അകറ്റാൻ നമ്മെ സഹായിക്കുന്നതും ഇതേ വിശ്വാസമാണ്.”
ഇതേവിശ്വാസം പലപ്പോഴെങ്കിലും തീവ്രതയോടെ മതിലുകൾ പണിയുന്ന കാലത്തു ഇത്തരം പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്.
ഏറ്റവും ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമാണ് യു.എ.ഇ ഭരണകർത്താക്കൾ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കാനൊരങ്ങുന്നത്. കീഴ്വഴക്കങ്ങൾ മാനവികതയുടെ പേരിൽ മറികടക്കുകയാണ്.
പതിവുരീതികൾ മറികടന്നു പരിശുദ്ധ പിതാവേ എന്ന അഭിസംബോധനയോടെ മാർപാപ്പയെ സ്വാഗതം ചെയ്യുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
അസലാമും അലൈക്കും എന്ന ഇസ്ളാം മതത്തിൻറെ അഭിസംബോധനാ രീതിയിൽ യുഎഇ ജനതയെ അഭിസംബോധനചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ.
ചരിത്രം കുറിക്കുന്ന സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ നാളെ അബുദാബിയിലെത്തും. ത്രിദിന യുഎഇ സന്ദർശനത്തിനായി നാളെ ഉച്ചയ്ക്കു പ്രത്യേക വിമാനത്തിൽ റോമിൽ നിന്നു പുറപ്പെടുന്ന മാർപാപ്പയും വത്തിക്കാനിലെ ഉന്നതസംഘവും രാത്രിയോടെ അബുദാബിയിലെത്തും. ഗൾഫ് മേഖലയിലെ ഏതെങ്കിലുമൊരു മുസ്ലിം രാജ്യത്ത് ഒരു മാർപാപ്പ ഒൗദ്യോഗിക സന്ദർശനം നടത്തുന്നത് ആദ്യമായാണ്.
ചരിത്രപരമായ അപ്പസ്തോലിക ചരിത്രസന്ദർശനത്തിനു സാക്ഷിയാകാൻ കേരളത്തിലെ കർദിനാൾമാരും. ലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളും പൊതുസമൂഹവും അനേക വർഷങ്ങളായി ആഗ്രഹിച്ച മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രത്തിലെ ബിജെപി സർക്കാർ സാങ്കേതികത്വം നിരത്തി തടയിട്ട സാഹചര്യത്തിലാണ്, ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികളുള്ള ഗൾഫ് രാജ്യത്ത് മാർപാപ്പയെത്തുന്നത്.
റോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മാർപാപ്പയെ വരവേൽക്കാനായി ഇന്ന് അബുദാബിയിലെത്തും. യുഎഇയിലെത്തുന്ന കർദിനാൾമാരെ വിശ്വാസിസമൂഹം സ്വീകരിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും കർദിനാൾമാർ പങ്കെടുക്കും. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ ആഭിമുഖ്യത്തിൽ മാർപാപ്പയുടെ പ്രഥമ അറബ് സന്ദർശനം വിജയകരമാക്കുന്നതിൽ മലയാളീസമൂഹം സജീവമായി പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് കർദിനാൾമാരായ മാർ ആലഞ്ചേരിയും മാർ ക്ലീമിസ് ബാവയും ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വരെ നീളുന്ന ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തിങ്കളാഴ്ച രാവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല സ്വീകരണം നൽകും. ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവുമാണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു.
മതസൗഹാർദത്തിനും ലോകസമാധാനത്തിനുമുള്ള നിർണായക ചുവടുവയ്പാണു ഫ്രാൻസിസ് പാപ്പായുടെ യുഎഇ സന്ദർശനമെന്നു ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ് ഡോ. പോൾ ഹിൻഡർ ഒഎഫ്എം പറഞ്ഞു. വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരും പരസ്പരം അംഗീകരിച്ചു സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു പാപ്പായുടെ സന്ദർശനം നൽകുന്നതെന്നു വത്തിക്കാൻ വ്യക്തമാക്കി.
ആഗോള സമാധാനനായകനായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ പ്രതികരിച്ചു. നാനാത്വങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് വത്തിക്കാനും യുഎഇയും. യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ സഹിഷ്ണുതാവർഷമായി 2019 പ്രഖ്യാപിച്ചതിന്റെ പൂർത്തീകരണം കൂടിയായാണു മാർപാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.
തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്കും ഫ്രാൻസിസ് പാപ്പാ സന്ദർശിക്കും. മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി അവിടെ മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്നവർക്ക് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവർക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏർപ്പെടുത്തിയിട്ടുള്ളത്.
മാർപാപ്പയുടെ യുഎഇ സന്ദർശന പരിപാടി
ഞായർ: ഉച്ചയ്ക്ക് 1.00: റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽനിന്ന് പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര പുറപ്പെടുന്നു.
രാത്രി 10.00: അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരണം. തുടർന്നു വിശ്രമം.
തിങ്കൾ: ഉച്ചയ്ക്ക് 12.00: പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം.
12.20: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച.
വൈകുന്നേരം 5.00: അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച.
വൈകുന്നേരം 6.10: ഫൗണ്ടേ ഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണം.
ചൊവ്വ: രാവിലെ 9.15: അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം.
രാവിലെ 10.30: സഈദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പയുടെ ദിവ്യബലിയും സന്ദേശവും.
ഉച്ചയ്ക്ക് 1.00: റോമിലേക്കു മടക്കം.
വൈകുന്നേരം 5.00: റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.
കുവൈറ്റിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനായ പ്രവാസിയെ കൊലപ്പെടുത്തിയ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്നാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്.
കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് മുനവ്വറലി തങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം സ്വരൂപിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്.
മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബറിലായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അര്‍ജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷായിളവ് ലഭിക്കുമായിരുന്നു.
കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. ബന്ധുക്കള്‍ നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവര്‍ക്ക് മറ്റുവഴിയില്ലായിരുന്നു. എന്നാല്‍, ഉള്ളതെല്ലാം വിറ്റിട്ടും അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിക്ക് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല.
ഈ നിസ്സഹായത മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ഈ തുക മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖേന മാലതിക്ക് കൈമാറുകയും ചെയ്തു
റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .
അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.