കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ട് മസാജിനെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ ഉള്‍പ്പെട്ട സംഘം ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്ത് കൊടുക്കുമെന്ന പരസ്യം നല്‍കിയാണ് നൈജീരിയന്‍ യുവതികള്‍ യുവാക്കളെ വഞ്ചിച്ചിരുന്നത്. 28നും 33 നും ഇടയില്‍ പ്രായമുള്ള നാലു നൈജീരിയന്‍ യുവതികളെയാണ് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് 4500 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബായ് പൊലീസ് പിടികൂടിയത്.
ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് മസാജിനായി എത്തിയത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്. കാര്‍ഡുകള്‍ വഴി ലഭിച്ച പരസ്യത്തില്‍ കണ്ട മേല്‍വിലാസത്തിലെ ഫ്ലാറ്റിലെത്തിയ 24 വയസ്സുള്ള യുവാവിനെ യുവതികള്‍ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഫ്ലാറ്റിനകത്ത് കയറിയ ഉടന്‍ തന്നെ അഞ്ചു നൈജീരിയന്‍ യുവതികള്‍ ആക്രമിച്ചു. തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നഫോട്ടോകള്‍ എടുക്കുകയും ചെയ്തു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 4500 ദിര്‍ഹം ഇവര്‍ കൈക്കലാക്കി. പൊലീസില്‍ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്തു.
ചതിയില്‍ അകപ്പെട്ട യുവാവ് അല്‍ റാഫാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകള്‍ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയോടുന്നതായി പാകിസ്ഥാനി സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കി. ഒരു നൈജീരിയന്‍ പുരുഷനും ഉണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊലീസ് സംഘം എത്തുന്നതാണ് കണ്ടത്. മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. തുടര്‍ന്ന് ഫ്ലാറ്റിലെ സിസിടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതികള്‍ നേരത്തെയും സമാനമായ കൃത്യം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഉസ്ബക്കിസ്ഥാന്‍ യുവാവ് തിരിച്ചറിഞ്ഞു. എന്നാല്‍, ഞായറാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ യുവതികള്‍ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുലവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികള്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു. കേസില്‍ ഈ മാസം 20ന് വീണ്ടും വാദം നടക്കും.
തണുപ്പുകാലം തുടങ്ങിയതോടെ യുഎഇയുടെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസാണ് രാവിലെ 3.15ന് രേഖപ്പെടുത്തിയത്.
മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം കടലില്‍ ആറടിയോളം ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ്, ഉമ്മുല്‍ ഖുവൈന്‍, അബുദാബി എന്നിവിടങ്ങളിലെ ബീച്ചുകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. ശക്തമായ മഴയും കാറ്റും കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കണം.
ദോഹ: കനത്ത മഴ ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാക്കി. റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർദേശിച്ചു. ആറുമാസത്തെ മഴ ഒരു ദിവസംകൊണ്ടു പെയ്ത അനുഭവമായിരുന്നു പല ഭാഗങ്ങളിലും. ഖത്തറിൽ വർഷം ലഭിക്കുന്നത് ശരാശരി 77 മില്ലിമീറ്റർ മഴയാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഇന്നലെ പെയ്തത് 311 മില്ലിമീറ്ററും.
വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം വലിയ വെള്ളപ്പൊക്കം ഖത്തറിലുണ്ടായി. ഒരു വർഷം ലഭിക്കുന്ന മഴ ഒറ്റദിവസംകൊണ്ടു പെയ്യുകയായിരുന്നു. റോഡ്, വിമാനഗതാഗതം തടസപ്പെട്ടിരുന്നു. ജോർദാനിൽ കഴിഞ്ഞദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ 12 പേർ മരിച്ചു.
ദുബായ് ∙ ജയിൽ ശിക്ഷ അനുഭവിച്ച യുവതിക്കു കേസിൽ നിന്നും രക്ഷപ്പെടാൻ ദയാധനം നൽകുകയും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യം അറിയിക്കുകയും ചെയ്ത് യുവാവ്. ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച യുവതിക്കാണ് യുവാവ് പണവും ജീവിതവും നൽകിയതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്കു ദയാധനം നൽകാൻ സാധിക്കുന്നില്ലെന്ന കാര്യം ഒരു ജീവകാരുണ്യ സംഘടന വഴി യുവാവിന്റെ സഹോദരിയാണ് അറിഞ്ഞത്. തുടർന്ന് ഇയാൾ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ദയാധനം നൽകുകയും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ സഹായിച്ച വ്യക്തിക്കൊപ്പം ജീവിക്കാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് കേസിൽ അകപ്പെട്ട 21 വയസ്സുള്ള അറബ് യുവതി 37 വയസ്സുള്ള വ്യക്തിയെ വിവാഹം കഴിച്ചതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വിവാഹത്തിൽ ഭാര്യയും മൂന്നു മക്കളും ഉണ്ടെന്ന കാര്യം ഇയാൾ യുവതിയിൽ നിന്നും മറച്ചുവച്ചിരുന്നു. ഈ കാലത്ത് യുവാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭർത്താവിന്റെ ആദ്യ ഭാര്യ വരികയും മൂന്നു മക്കളെയും ഏൽപ്പിച്ച് അവർ സ്വന്തം രാജ്യത്തേക്ക് പോവുകയും ചെയ്തു. മൂന്നു പെൺകുട്ടികളും വീട്ടിൽ രണ്ടാനമ്മയ്ക്കൊപ്പമായിരുന്നു (കേസിൽ അകപ്പെട്ട യുവതി). കുട്ടികളെ നോക്കാനുള്ളതിനാൽ യുവതിയെ ജോലിക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ല. അധികം വൈകാതെ 21 വയസ്സുള്ള യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നാലു മക്കളെയും ഇവർ സ്നേഹിക്കുകയും വളർത്തുകയും ചെയ്തു. ആദ്യ ഭാര്യയിലെ മക്കളും യുവതിയുമായി വളരെ അടുക്കുകയും ചെയ്തു.
കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് കുടുംബത്തിൽ ഒരു ദുരന്തം സംഭവിച്ചത്. ആദ്യ വിവാഹത്തിലുണ്ടായിരുന്ന ഏറ്റവും ഇളയ പെൺകുട്ടി യുവതിയുടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് യുവതി ഭർത്താവിനെ വിളിച്ചു പറയുകയും ചെയ്തു. ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടി പക്ഷേ, മരിച്ചു. സംഭവം അറിഞ്ഞ് പെൺകുട്ടികളുടെ മാതാവ് സ്ഥലത്ത് എത്തുകയും രണ്ടാനമ്മയായ യുവതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. തന്റെ മകളെ യുവതി ബൈക്കിൽ നിന്നും തള്ളിയിട്ടുവെന്നും പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി യുവതിയാണെന്നു ഇവർ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ യുവതിയുടെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലായിരുന്നു.
തുടർന്ന് യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും 10 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഭർത്താവും യുവതിയെ ഉപേക്ഷിച്ചു. യാതൊരു വിധത്തിലുള്ള സഹായവും നൽകിയില്ല. പിന്നീട്, കോടതി യുവതിയുടെ ശിക്ഷ അഞ്ചു വർഷമായി കുറച്ചു. ഒടുവിൽ ശിക്ഷാകാലവധി പൂർത്തിയാക്കിയിട്ടും യുവതിയ്ക്ക് സ്വതന്ത്രയാകാൻ സാധിച്ചില്ല. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദയാധനം കുടുംബത്തിന് നൽകാൻ സാധിക്കാത്തതായിരുന്നു പ്രശ്നം. ഭർത്താവോ കുടുംബമോ സഹായത്തിന് എത്തിയില്ല. ഈ സമയത്താണ് ഒരു ജീവകാരുണ്യ സംഘടനയിലൂടെ യുവാവിന്റെ സഹോദരി വിവരം അറിയുകയും യുവാവ് സഹായത്തിന് എത്തുകയും ചെയ്തത്.
ദോഹ: ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ ഒാൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒാൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് 30 ദിവസം മാത്രമേ ഇവിടെ താമസിക്കാൻ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം പുതുക്കാൻ അനുവദിക്കില്ല. ഇത് അടക്കം കൂടുതൽ ഉപാധികൾ നവംബർ 11 മുതൽ നിലവിൽ വരും.
ഒാൺ അറൈവൽ വിസയിൽ വരുന്നയാളുെട കൈവശം ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം. ഖത്തറിൽ ഇറങ്ങുേമ്പാൾ പാസ്പോർട്ടിന് ആറ് മാസം കാലാവധി വേണം. മടക്ക ടിക്കറ്റും കരുതണം. ഇതോടൊപ്പം ഹോട്ടലിൽ താമസം ബുക്ക് ചെയ്തതിെൻറ രേഖയും ആവശ്യമാണ്.
അതേസമയം, കുടുംബവുമായി ഒാൺഅറൈവൽ വിസയിൽ വരുന്നവരിൽ മുതിർന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാർഡ് മതിയാകും. ഇന്ത്യക്കാർക്ക് ഒാൺ അറൈവൽ വിസ അനുവദിച്ചപ്പോൾ ആദ്യം മൂന്ന് മാസം വരെ തങ്ങാമായിരുന്നു.
മസ്കത്ത്: കോട്ടയം സ്വദേശിയെ മസ്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി ഇല്ലിക്കമാലിയിൽ ഷാജൻ തോമസ് (54) ആണ് മരിച്ചത്. അൽ വതൻ പ്രിൻറിങ് പ്രസിലെ ജീവനക്കാരനായിരുന്നു. അസൈബയിൽ കുടുംബസമേതമായിരുന്നു താമസം. താമസസ്ഥലത്തെ ബാത്ത് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസമയം കുടുംബം പുറത്തായിരുന്നു. ജിജിയാണ് ഭാര്യ. ആൻസലയും ആഞ്ജലയുമാണ് മക്കൾ. കഴിഞ്ഞ 21 വർഷമായി ഒമാനിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയുടെ കൊലപ്പെച്ചതാണെന്ന വിവരം കഴിഞ്ഞദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.
ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.
ഇതിനുപിന്നാലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ റിയാദില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.
അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തുര്‍ക്കി സംഘത്തെ വാഹന പരിശോധന നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സൗദി നയതന്ത്രകാര്യാലയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലുള്ള കാര്‍ പരിശോധിക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്.
ഈ കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് പൊതിഞ്ഞുകെട്ടിയ എന്തോ കൈമാറിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സത്യാവസ്ഥ ഇന്ന് പാര്‍ലമെന്റിനെ അറിയിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനും വ്യക്തമാക്കിയിട്ടുണ്ട്.
അജ്മാനിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മുത്തച്ഛനും പേരക്കുട്ടികളുമടക്കം മൂന്നു പേർ മരിച്ചു. റാഷിദിയ്യ ഏരിയയിലെ ആറു നില കെട്ടിടത്തിന്റെ നാലാം നിലയിൽ ഉച്ചയ്ക്ക് 12.06നായിരുന്നു സംഭവം. 69കാരനും ആറും നാലും വയസുള്ള പേരക്കുട്ടികളും കനത്ത പുകയിൽ ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്നു പേർക്കും നേരിയ പൊള്ളലുമേറ്റിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതായി അജ്മാൻ സിവിൽ ഡിഫൻസ് ഡെപ്യുട്ടി ഡയറക്ടർ ജനറൽ ബ്രി.റാഷിദ് ജാസിം മജ് ലാദ് പറഞ്ഞു.
ദുബായ് നഗരത്തിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഒാടുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ട, അതു യാഥാർഥ്യം തന്നെ. ഗൾഫിലെ ആദ്യത്തെ ഡ്രൈവർരഹിത ടാക്സി നാളെ നിരത്തിലിറങ്ങുമെന്ന് ആർടിഎ അറിയിച്ചു. നാളെ ദുബായ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് ടെക്നോളജി വാരത്തോടനുബന്ധിച്ചാണ് ഇത്തരം ടാക്സികൾ അവതരിപ്പിക്കുക.
ഫെറി ദുബായ് മെട്രോ, ട്രാം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിനാണ് ദുബായ് ഇൗ ടാക്സികൾ സഹായിക്കുക. ദുബായ് സിലിക്കോൺ ഒയാസിസിലെ പ്രത്യേക സ്ഥലങ്ങളിലൂടെയായിരിക്കും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ ടാക്സി സഞ്ചരിക്കുക. ക്യാമറകൾ, ട്രാഫിക്, റോഡിന്റെ അവസ്ഥ എന്നിവ കാണാവുന്ന സെൻസർ, മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയാണ് ഡ്രൈവർ രഹിത ടാക്സികൾ നിര്മിച്ചിട്ടുള്ളത്.
ദുബായ് മെട്രോ, ട്രാം എന്നിവയിലെ യാത്രക്കാർക്ക് ഇവ ഏറെ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് സിലിക്കൺ ഒയാസിസ്, ഡിജി വേൾഡ് എന്നിവയുടെ സഹകരണത്തോടെ റോബട്ട്, ആർടിഫിഷ്യൽ ആപ്ലിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർമിച്ചിട്ടുള്ളത്. 2030 നകം ദുബായിലെ ആകെ യാത്രയുടെ 25 ശതമാനം ഇത്തരം ടാക്സികളിലാക്കി മാറ്റുകയാണ് ലക്ഷ്യം. ദുബായ് മെട്രോയിലെ റോബട് ശുചീകരണതൊഴിലാളികൾ, ത്രിഡി പ്രിന്റഡ് മെട്രോ സ്പെയർ പാർട്സ്, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ് ബോട് സംവിധാനം എന്നിവയും ജൈറ്റക്സിൽ അവതരിപ്പിക്കും.
ദോഹ: ഖത്തറിലെ പ്രവാസികള്ക്കു രാജ്യം വിട്ടു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയില് നിന്ന് എക്സിറ്റ് പെര്മിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീര് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.
തൊഴിലാളികളുടെ അവകാശങ്ങള് ഉയര്ത്തിപ്പിടിക്കുന്ന വളരെ നിര്ണായകമായൊരു ഭേദഗതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. നിയമ ഭേദഗതിയെ രാജ്യാന്തര തൊഴില് സംഘടന(ഐഎല്ഒ) സ്വാഗതം ചെയ്തു. തൊഴില് കരാര് കാലാവധിക്കുള്ളില് അവധിയില് താല്ക്കാലികമായി നാട്ടിലേക്കു മടങ്ങുന്നവര്ക്കു നിലവില് തൊഴിലുടമയില് നിന്ന് എക്സിറ്റ് പെര്മിറ്റ് ആവശ്യമായിരുന്നു.
പ്രവാസികളുടെ എന്ട്രി, എക്സിറ്റ്, റസിഡന്സി നിയമത്തില് ഭേദഗതി വരുത്തിയാണ് ഈ നിബന്ധന ഒഴിവാക്കിയത്.