Middle East

ഒന്നരമണിക്കൂറിന്റെ ഇടവേളയില്‍ പ്രവാസി മലയാളിയും ഭാര്യയും മരിച്ചു. ഹൃദയാഘാതമാണ് രണ്ടുപേരുടെയും മരണകാരണം. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു രണ്ട് പേരുടെയും അന്ത്യം.

ഇരിഞ്ഞാലക്കുട താണിശ്ശേരി ചെമ്പകശ്ശേരി ജേക്കബ് വിന്‍സന്റ് (64), ഭാര്യ ഡെയ്‌സി വിന്‍സന്റ് (63) എന്നിവരാണ് മരിച്ചത്. ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്‌സിയും ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ ഇന്‍സ്റ്റലേഷന്‍ സിസ്റ്റംസ് കമ്പനി നടത്തുകയാണ് ജേക്കബ്ബ് വിന്‍സന്റ്. കുഞ്ഞാവര ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ്.

ആലൂക്കാരന്‍ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് ഡെയ്‌സി വിന്‍സന്റ്. പെരുങ്ങോട്ടുകരയാണ് സ്വദേശം. ഷാര്‍ജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

സൗദിയിൽ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. വിചാരണക്കോടതി വിധിച്ച ശിക്ഷ ജിദ്ദ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെന്ന യുവാവിനെ കാറിലിട്ടു ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ആൾക്കാണ് വധശിക്ഷ.

ജിദ്ദ ക്രിമിനല്‍ കോടതി വിധിക്കെതിരെ പ്രതി കഴിഞ്ഞയാഴ്ച അപ്പീല്‍ നല്‍കിയിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്താന്‍ തന്റെ കക്ഷി ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം . എന്നാല്‍ ഇതു കോടതി തള്ളി.അപ്പീല്‍ കോടതി വിധിയില്‍ ബന്ദറിന്റെ പിതാവ് ത്വാഹാ മുഹമ്മദ് അല്‍ഖര്‍ഹദി സംതൃപ്തി പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട ബന്ദര്‍ അല്‍ഖര്‍ഹദിയുടെ സുഹൃത്താണ് പ്രതി.

സൗദിയയില്‍ സ്റ്റ്യുവാര്‍ഡ് ആയി ജോലി ചെയ്തിരുന്ന ബന്ദറിനെ പ്രതി കാറിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിനു തൊട്ടു മുൻപു ബന്ദര്‍ അല്‍ഖര്‍ഹദി പ്രതിയോട് ഉച്ചത്തില്‍ ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാമായിരുന്നു.

കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ബന്ദറും തന്റെ കക്ഷിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രതിയുടെ അഭിഭാഷന്‍ അപ്പീല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി , കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ ) ദിലീപിന്റെ ഭാര്യയാണ് പരേത. മക്കൾ അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.

അശ്വതി ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റിയാദിലെ അൽ ഹയാത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന ലീന രാജൻ ഈ ലോകത്തോട് വിട പറഞ്ഞു. സർജറിയെ തുടർന്നുണ്ടായ കോപ്ലിക്കേഷനും കാർഡിയാക് അറസ്റ്റുമാണ് മരണകാരണം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ലീന രാജന് ഒരു കുട്ടിയുണ്ട്.

ലീന രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മുപ്പത്തഞ്ചു വയസ്സുകാരനായ പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ മരണമടഞ്ഞു. മൂവാറ്റുപുഴയ്ക്ക് അടുത്ത് വാഴക്കുളം സ്വദേശിയായ പടിഞ്ഞാറേൽ ശ്രീ. ജോബിൻ ജോർജാണ് ഇന്ന് (19/ 02 / 2023) രാവിലെ അന്തരിച്ചത്. പരേതൻ എസ്.എം.സി.എ അബ്ബാസിയ ഏരിയ സോൺ-2, സെന്റ് മാർക്ക് കുടുംബയൂണിറ്റ് സജീവ് അംഗവും കോതമംഗലം രൂപത അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗവുമാണ് .

ജോബിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.

മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്.

ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്. കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊർജിതമായി അന്വേഷണം നടത്തിയിരുന്നു.

ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് അദ്ദേഹം തിരികെപോയത്.

ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിലാണ് കെട്ടിടം പണിക്കിടെ കാല് വഴുതി താഴെ വീണത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

പിതാവ് – കുഞ്ഞാലി പുളിക്കൽ. മാതാവ് – നബീസ. ഭാര്യ – ജസീന. മക്കൾ – ഫാത്തിമ, സഫ, മർവ, ആയിശ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.

ദുബായില്‍ കൊല്ലപ്പെട്ട മലയാളിൽ യുവാവിന്റെ അവസാന നിമിഷങ്ങളുടെ നോവുന്ന ഓർമ്മകൾ പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി. കഴിഞ്ഞ ദിവസമാണ് പാലക്കാട് തൃക്കല്ലൂര്‍ സ്വദേശി ഹക്കിം ദുബായിയിൽ വെച്ച് കുത്തേറ്റ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയിൽ വച്ച് ഹക്കീമിൻ്റെ സഹപ്രവർത്തകരും ഒരു പാകിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെയാണ് ഹക്കിം കുത്തേറ്റ് മരിച്ചത്. ഹക്കിമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് അറിയിച്ചുകൊണ്ടാണ് അഷ്‌റഫ് പോസ്റ്റ് പങ്ക് വെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ കൊലപാതകത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരന്‍ പാലക്കാട് തൃക്കല്ലൂര്‍ കല്ലംകുഴി പടലത്ത് ഹക്കീമിന്റെ (36) തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മയ്യിത്ത് ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാര്‍ജ – കോഴിക്കോട് എയറിന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും. വളരേ സങ്കടകരമായ സംഭവമായിപ്പോയി ഇത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്തീരിയയില്‍ എത്തിയ പ്രിയ സഹോദരന്‍ ഹക്കീം അവിടെയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃങ്കാലയായ് നെസ്റ്റോയിലെ ജീവനക്കാരനായ ഹക്കീം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രികിടക്കയില്‍ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞ് കലിമ ചൊല്ലിയാണ് രണ്ടു പിഞ്ചു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരന്‍ യാത്രയായത്. അവസാന ശ്വാസത്തിലും തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് വിടപറഞ്ഞത്. ഈ സഹോദരന്റെ ആഹിറം അല്ലാഹു അനുഗ്രഹീതമാക്കട്ടെ. ….
ഇദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ തീരാ നഷ്ടത്തില്‍ ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ’.

 

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പോലീസ് തുണയായത്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പോലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. അമ്മ ജയിലിലായതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പോലീസ് സംരക്ഷണമൊരുക്കിയത്.

ഈജിപ്ഷ്യന്‍ വിധവയാണ് സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവര്‍ 50,000 ദിര്‍ഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാല്‍, ആദ്യ മാസങ്ങളില്‍ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളില്‍ 2000 ദിര്‍ഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാന്‍പോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി.

ശമ്പള വിഷയത്തില്‍ തൊഴിലുടമയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍, കുട്ടികളെ ഷാര്‍ജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവര്‍ പോയത്. കുട്ടികളുടെ കാര്യം പോലീസിനോട് പറഞ്ഞതുമില്ല. എന്നാല്‍, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാല്‍ യുവതിയുടെ ജയില്‍മോചനം വൈകുകയും അവീറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

ഇതോടെ വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം. സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് കുട്ടികളുടെ വിവരങ്ങള്‍ യുവതി അറിഞ്ഞിരുന്നത്.

പോലീസ് അറിഞ്ഞാല്‍ കുട്ടികളെ ചൈല്‍ഡ് ഹോമിലാക്കുമെന്നും ഇതുവഴി അവര്‍ വേര്‍പിരിയുമെന്നും ഭയന്നാണ് കുട്ടികളുടെ കാര്യം പോലീസില്‍നിന്ന് മറച്ചുവെച്ചത്. എന്നാല്‍, ജയില്‍ മോചനം വൈകിയതോടെ മക്കളുടെ വിവരം പോലീസിനെ അറിയിച്ചു. കുട്ടികളെ വേര്‍പിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യര്‍ഥന.

കുട്ടികളുടെ അവസ്ഥ അറിഞ്ഞതോടെ പോലീസ് ഷാര്‍ജ ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബായ് പോലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിര്‍ദേശിക്കുകയായിരുന്നു. പോലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീര്‍ക്കുകയും ബില്ലുകള്‍ അടക്കുകയും ചെയ്തു.

ഇതിനുപുറമെ കുട്ടികള്‍ക്ക് മാസത്തില്‍ നിശ്ചിത സംഖ്യ സഹായം നല്‍കാനും തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് കുട്ടികളെ ദിവസവും കാണാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പ്യൂനിറ്റിവ് ആന്‍ഡ് കറക്ഷനല്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved