പത്തനംതിട്ട: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശതകോടികള്‍ പിരിച്ചെടുത്തശേഷം ആഡംബര ജീവിതത്തിന് ഉപയോഗിച്ചെന്ന പരാതിയില്‍ ബിഷപ് കെ.പി. യോഹന്നാനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ സംഘടനാ ഭാരവാഹികളെയും പ്രതികളാക്കി അമേരിക്കന്‍ കോടതിയില്‍ കേസ്.
അമേരിക്കയിലെ ഡള്ളാസ് വാസികളായ മാത്യു, ജന്നിഫര്‍ ഡിക്‌സണ്‍ എന്നിവരുടെ പരാതി പ്രകാരം അര്‍ക്കന്‍സാസ് സംസ്ഥാനത്തെ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
ബിഷപ് കെ.പി. യോഹന്നാന്‍, ഭാര്യ ഗിസേല പുന്നൂസ്, മകനും ഗോസ്പല്‍ ഫോര്‍ ഏഷ്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വൈസ് പ്രസിഡന്റുമായ ദാനിയല്‍ പുന്നൂസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് കാരള്‍, സംഘടനയുടെ കാനഡകാര്യ തലവനും അമേരിക്കന്‍ പൗരനുമായ പാറ്റ് എമറിക് എന്നിവരാണ് പ്രതികള്‍.
ഇന്ത്യയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്താനെന്ന പേരില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ 2700ല്‍ അധികംകോടിരൂപ പിരിച്ചെടുത്തിരുന്നു. പിരിച്ചെടുത്ത പണം ലാഭകരമായ കച്ചവടത്തിനും ആഡംബര ആസ്ഥാന നിര്‍മാണത്തിനും വിനിയോഗിച്ചെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.
200713 കാലത്ത് ഗോസ്പല്‍ ഫോര്‍ ഏഷ്യ അമേരിക്കയില്‍നിന്ന് മാത്രം 45 കോടി ഡോളര്‍ (ഉദ്ദേശം 2700 കോടി രൂപ)സംഭാവനയായി സ്വരൂപിച്ചെന്ന് ഹരജിയില്‍ പറയുന്നു.
ഇന്ത്യയിലെ പാവങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനെന്നുപറഞ്ഞ് 2012ല്‍ മാത്രം 35 ലക്ഷം ഡോളര്‍ അമേരിക്കയില്‍നിന്ന് പിരിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച കണക്കുകളില്‍ കിണര്‍ നിര്‍മാണത്തിന് അഞ്ചുലക്ഷം ഡോളര്‍ ചെലവഴിച്ചെന്നാണ് കാണിച്ചിരിക്കുന്നത്. 2013ല്‍ ലോകത്താകമാനംനിന്ന് 11.50 കോടി ഡോളര്‍ പിരിച്ചിരുന്നു. അതില്‍ 1,46,44,642 ഡോളര്‍ മാത്രമാണ് ചെലവഴിച്ചത്.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് അമേരിക്കയില്‍ കണക്കുകള്‍ കാണിക്കേണ്ട ആവശ്യമില്ല. ഇത് മറയാക്കി കൂടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇവാന്‍ഞ്ചലിക്കല്‍ കൊണ്‍സിലിന്‍, ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഓഫീസും ഗോസ്പല്‍ ഫോര്‍ ഏഷ്യയക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബെംഗളൂരു: വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ശിക്ഷിയ്ക്കുക എന്നത് പുതിയൊരു കാര്യമൊന്നും അല്ല. എന്നാല്‍ ആ ശിക്ഷയ്ക്ക് ഒരു പരിധിയൊക്കെ ഉണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ഈ വാര്‍ത്ത ശരിയ്ക്കും ഞെട്ടിയ്ക്കുന്നതാണ്. ക്ലാസ്സില്‍ നോട്ട് എഴുതി എടുക്കാത്തതിന് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയും ചവിട്ടിത്തകര്‍ത്തു എന്നാണ് വാര്‍ത്ത.
ബെംഗളൂരുവിലെ മുസ്ലീം ഓര്‍ഫനേജ് ഹയര്‍ ഗ്രേഡ് ബോയ്‌സ് ആന്റ് ഗേള്‍സ് സ്‌കൂളില്‍ ആണ് സംഭവം നടന്നത്. 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയ്ക്കാണ് കൊടി പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. സ്‌കൂളിലെ അധ്യാപകനല്ല വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍സ്‌പെക്ഷനായി എത്തിയ മാനേജിങ് കമ്മിറ്റി അംഗമാണത്രെ വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം തകര്‍ത്തത്.
മാനേജിങ് കമ്മിറ്റി അംഗമായ ഷെയ്ഖ് സെയ്ഫുള്ളയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധനയ്‌ക്കെത്തിയ ഇയാള്‍ കൃത്യമായി നോട്ട് എഴുതിയെടുക്കാത്ത മറ്റ് രണ്ട് കുട്ടികളേയും ശിക്ഷിച്ചിട്ടുണ്ട്. അതിന് ശേഷമാണ് 14 കാരന്റെ അടുത്തെത്തിയത്.
ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഷെയ്ഖ് സെയ്ഫുള്ള വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയത്. പിന്നീട് കൈയ്യിലുള്ള വടികൊണ്ടും അടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥി ബോധരഹിതനായി താഴെ വീണു. ഉടന്‍ തന്നെ ആംബുലന്‍സി വിളിയ്ക്കാന്‍ ക്ലാസ്സിലുണ്ടായിരുന്ന അധ്യാപകന്‍ ശ്രമിച്ചെങ്കിലും സെയ്ഫുള്ള അതും തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പുരുഷ നേഴ്‌സിനെ മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരനായ പ്രസാദിനെ (27) മര്‍ദ്ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നെഞ്ചിനും തലക്കും പരുക്കേറ്റ പ്രസാദിന് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്.
‘വിക്ടോറിയ കോളെജ് ക്യാംപസിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പരുക്കേറ്റ രണ്ടു വിദ്യാര്‍ത്ഥികളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് അവിടെ 10ഓളം രോഗികള്‍ വേറെയുമുണ്ടായിരുന്നു. മുന്‍ ഡി.വൈ.എഫ്. ഐ നേതാവായ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിക്കാനായി മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. വളരെ ചെറിയ ഒരു മുറിയാണ് കാഷ്വാലിറ്റി. തിരക്കു വര്‍ദ്ധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതുകൊണ്ട് പുറത്തു കാത്തുനില്‍ക്കാന്‍ പ്രസാദ് അവരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദ്ദനമുണ്ടായത്..’ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബൂബക്കര്‍ പറഞ്ഞു.താന്‍ മുന്‍ ലോക്‌സഭാ അംഗമാണെന്ന് പറഞ്ഞുകൊണ്ട് പ്രസാദിനെ അദ്ദേഹം തല്ലുകയായിരുന്നുസി.എം.ഒ. ആരോപിച്ചു. പ്രസാദ് ഇപ്പോഴും ഐ.സി.യു.വിലാണ്.
‘എം.പി. ആണ് ആദ്യം എന്നെ തല്ലിയതും അടിച്ചതും. പിന്നെ കൂട്ടം ചേര്‍ന്നും മര്‍ദിച്ചു’ പ്രസാദ് പറഞ്ഞു.താന്‍ വളരെ മാന്യമായാണ് ചോദിച്ചത്. ഒരാള്‍ നിന്നാല്‍ പോരേ. ഇത്രയും പേരു വേണോ എന്ന്.സംഭവവുമായി ബന്ധപ്പെട്ട് നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രസാദിനെ മര്‍ദിക്കുന്നത് കൃഷ്ണദാസ് കൈയും കെട്ടി നോക്കിനിന്നുവെന്നും സി.എം.ഒ. ആരോപിച്ചു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കൃഷ്ണദാസ് നിഷേധിച്ചു. താന്‍ തല്ലിയിട്ടില്ലെന്നും തല്ലാന്‍ ശ്രമിച്ചവരെ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുന്‍ എം.പി.യും സി.പി.എം നേതാവുമായ എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞു. താന്‍ പ്രസാദിനെ തല്ലിയിട്ടില്ല. പ്രസാദ് താന്‍ ഉള്‍പ്പെടെയുള്ള സംഘത്തോട് മോശമായി പെരുമാറിയപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അയാള്‍ താഴെ വീഴുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ തല്ലാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തത്. മറ്റൊന്നും സംഭവിച്ചിട്ടില്ല. എന്തായാലും അതും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
പ്രസാദിനോട് ഒരു വിദ്വേഷവും തോന്നേണ്ട ആവശ്യം തനിക്കില്ല. ഇനി പ്രസാദിനെ തല്ലണമെന്ന് തനിക്കുണ്ടെങ്കില്‍ താന്‍ സ്വയം അത് ചെയ്യില്ല. തനിക്ക് വേണ്ടി അത് ചെയ്യാന്‍ വേറെ ആളുകളുണ്ട്. ‘പാലക്കാട്ടുള്ള ആരോട് വേണമെങ്കിലും എന്നെക്കുറിച്ച് അന്വേഷിച്ചുനോക്കൂ..ഇതിന്റെയൊക്കെ പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങളാണ്. എന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണ്. എന്റെ സുഹൃത്തുക്കളായ അവിടത്തെ ഡോക്ടര്‍മാര്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്…’ കൃഷ്ണദാസ് പറഞ്ഞു.
ഗായിക രഞ്ജിനി ജോസിന്റെ കുടുംബത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സാമ്പത്തിക തട്ടിപ്പ്, പണമിടപാട് കേസ് തുടങ്ങി ഏറ്റവുമൊടുവില്‍ രഞ്ജിനിയുടെ പിതാവ് അറസ്റ്റിലാണെന്നു വരെ വാര്‍ത്തകള്‍ വന്നു. ഇതിലെല്ലാം എന്തെങ്കിലും വാസ്തവമുണ്ടോ? രഞ്ജിനി ജോസ് ഇതിന്റെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് പറയുന്നു.
ഡാഡി അറസ്റ്റിലാണെന്ന വാര്‍ത്ത വരുന്ന സമയത്ത് ഞാനും ഭര്‍ത്താവും എന്റെ ഷോയുമായി ബന്ധപ്പെട്ട് കുവൈത്തിലായിരുന്നു. അപ്പോഴാണ് വാര്‍ത്ത കാണുന്നത്. ഞാന്‍ ഉടനെ വീട്ടിലേക്ക് വിളിച്ചു. അപ്പോള്‍ ഡാഡിയും മമ്മിയും വീട്ടിലുണ്ട്, വാര്‍ത്തയറിഞ്ഞ് കുറെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവരെയും വിളിച്ചിരുന്നു. എന്റെ ഡാഡി ബിസിനിസുകാരാനാണ്, അങ്ങനെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നിട്ടുണ്ടാവാം, എസ് ഐ ഡാഡിയുടെ സുഹൃത്താണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ സംസാരിക്കാനായി വിളിച്ചിരുന്നു. അതിന് അറസ്റ്റ് എന്നൊക്കെ പറയുന്നതെന്തിനാണ്? രണ്ടും തമ്മില്‍ ആകാശവും ഭൂമിയും പോലുള്ള വ്യത്യാസമുണ്ട്.
മഞ്ഞപ്പത്രങ്ങളാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത്. എന്റെ കരിയര്‍ തുടങ്ങിയിട്ട്16 വര്‍ഷമായി. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു ചീത്തപ്പേരും ഇന്റസ്ട്രിയില്‍ ഇതുവരെ വരുത്തിയിട്ടില്ല. എന്റെ പിതാവിനെ ക്കുറിച്ച് ആരും മോശം പറയില്ല. ഡാഡിയുടെ ബിസിനസില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകാം. അത് അദ്ദേഹം തീര്‍ത്തുകള്ളും. അതും എന്റെ ജീവിതവുമായി കൂട്ടിക്കുഴച്ച് വാര്‍ത്തകള്‍ നല്‍കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്റെ വിവാഹത്തിന് പണം വാങ്ങി എന്നു പറഞ്ഞാണ് ആദ്യം വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്ത ചമയ്ക്കുന്നവര്‍ സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ചും ചിന്തിക്കണം. അവര്‍ക്കും അച്ഛനും അമ്മയും ഭാര്യയും മകളുമൊക്കെ ഉണ്ടാവും.
ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അതുകൊണ്ടു തന്നെ ഇതൊന്നും കാര്യമാക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. എല്ലാവര്‍ക്കും തങ്ങള്‍ക്ക് നേരിട്ട സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാവും. എന്റെ പാട്ടുമോശമായാല്‍ നിങ്ങള്‍ക്കു എന്നെ വിമര്‍ശിക്കാം. അവളുടെ പാട്ട് കൊള്ളില്ല എന്നു പറയാം. എന്നാല്‍ എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെവല്ലാം വ്യത്യസ്ത വ്യക്തികളാണ്. അവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നമ്മളെ പറയുന്നത് പോലെയല്ല. നമ്മുടെ മാതാപിതാക്കളെകുറിച്ച് പറയുന്നത്. അവര്‍ക്ക് ഇതൊന്നും താങ്ങാനുള്ള കരുത്തില്ല,. ദയവു ചെയ്ത് ഞങ്ങളെ വെറുതെ വിടുക .രഞ്ജിനിയുടെ ശബ്ദം ഇടറി.
ലണ്ടന്‍: സര്‍ക്കാരിന്റെ ആരോഗ്യ സാമൂഹ്യ സുരക്ഷാ നിയമപ്രകാരം എന്‍എച്ച്എസ് ഫലത്തില്‍ ഇല്ലാതായ കാര്യം ആരും അറിഞ്ഞിട്ടില്ല. പുറമെ നിന്ന് നോക്കുമ്പോള്‍ എന്‍എച്ച്എസിന് ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും നിങ്ങളുടെ ജനറല്‍ പ്രാക്ടീഷണര്‍മാരെ ഇവിടെ നിങ്ങള്‍ക്ക് കാണാനാകും. ആശുപത്രിയില്‍ പോയി സൗജന്യമായി സേവനങ്ങള്‍ നേടാനും കഴിയും. എന്നാല്‍ തിരശീലക്ക് പിന്നില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എന്‍എച്ച്എസ് സ്വകാര്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മുപ്പത് കൊല്ലമായി എന്‍എച്ച്എസിനെ ഇല്ലാതാക്കാന്‍ അധികൃതര്‍ ശ്രമിച്ച് വരികയാണെന്ന് ടവര്‍ ഹാംലറ്റിലെ ഒരു ജിപി പറഞ്ഞു. ഇപ്പോളത് സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ഗരറ്റ് താച്ചറിന്റെ കാലത്താണ് ഇതിനുളള ആദ്യ ശ്രമങ്ങള്‍ തുടങ്ങിയത്. താച്ചറിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്ന കെന്‍ ക്ലാര്‍ക്ക് എന്‍എച്ച്എസിനെ വിപണിക്ക് പരിചയപ്പെടുത്തി. ആശുപത്രി ട്രസ്റ്റുകളെ സേവനദാതാക്കളും ജിപികളെയും കമ്മ്യൂണിറ്റി ട്രസ്റ്റുകളെയും സേവനം വാങ്ങുന്നവരുമാക്കി. ഇതിന്റെ ഫലമായി ഭരണച്ചെലവുകള്‍ വര്‍ദ്ധിച്ചു. ഈ ആഭ്യന്തര വിപണിക്ക് വേണ്ടി മാത്രം വാര്‍ഷിക ബജറ്റിന്റെ പത്ത് ശതമാനവും നീക്കി വയ്‌ക്കേണ്ടി വന്നു. അതായത് ഒരു വര്‍ഷം പത്ത് ബില്യന്‍ പൗണ്ടോളം.
പിന്നീടു വന്ന ലേബര്‍ സര്‍ക്കാര്‍ എന്‍എച്ച്എസിലേക്ക് സ്വകാര്യപൊതു പങ്കാളിത്തം പരിചയപ്പെടുത്തി.
ജോണ്‍ മേജറിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ സംവിധാനം ആവിഷ്‌ക്കരിച്ചത്. സര്‍ക്കാര്‍ വായ്പകള്‍ കുറച്ച് കൊണ്ട് സ്വകാര്യ നിക്ഷേപകരെ പൊതുമേഖലയിലെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഇതിന്റെ ചെലവ് 11.6 ബില്യന്‍ പൗണ്ടായിരുന്നു. എന്നാല്‍ ഇതിനകം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രികള്‍ എന്‍പത് ബില്യന്‍ പൗണ്ട് തിരിച്ചടയ്‌ക്കേണ്ടി വരും. മൊച്ചം പിഎഫ്‌ഐ ടാബ് 301 ബില്യന്‍ പൗണ്ടിലേക്ക് എത്തും. യഥാര്‍ത്ഥ ചെലവ് വെറും 54.7 ബില്യന്‍ പൗണ്ട് മാത്രമാണ്.
2003 മുതല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ആശുപത്രികളെ അര്‍ദ്ധ സ്വതന്ത്ര വ്യവസായമായി മാറ്റി. ട്രസ്റ്റുകള്‍ക്ക് ആശുപത്രികളെ കൈവശം വയ്ക്കാനും നടത്താനും കഴിയും. ഇതില്‍ അവരുടെ വരുമാനത്തില്‍ പകുതിയും സ്വകാര്യ രോഗികളില്‍ നിന്നാണ്. ജിപി സര്‍വീസുകളും ഔട്ട്‌സോഴ്‌സ് ചെയ്യപ്പെട്ടു. സര്‍ക്കാരില്‍ നിന്നിറങ്ങുന്ന ആരോഗ്യ സെക്രട്ടറിമാരും മന്ത്രിമാരും സ്വകാര്യ ആരോഗ്യമേഖലകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിച്ചു. ബ്ലയറിന്റെ മുതിര്‍ന്ന ആരോഗ്യ നയ ഉപദേശകനായിരുന്ന സൈമണ്‍ സ്റ്റീവന്‍സ് നേരത്തെ യുഎസ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ യൂണൈറ്റഡ് ഹെല്‍ത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എന്‍എച്ച്എസിന്റെ ചീഫ് എക്‌സിക്യൂട്ടീവായി.
എന്‍എച്ച്എസ് കരാറിനായി സ്വകാര്യ കമ്പനികള്‍ തമ്മില്‍ മത്സരം തുടങ്ങി. വിര്‍ജിന്‍, സര്‍ക്കിള്‍, ബൂപ, സെര്‍കോ, യൂണൈറ്റഡ് ഹെല്‍ത്ത്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ ഈ മത്സരത്തില്‍ പങ്കു ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം 9.63 ബില്യന്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പിട്ടു. ഇതിന്റെ നാല്‍പ്പത് ശതമാനവും സ്വകാര്യമേഖലയ്ക്ക് വേണ്ടി ആയിരുന്നു.
എന്‍എച്ച്എസ് പരിസരത്ത് ഒതുങ്ങിയിരുന്ന പല മാറ്റങ്ങളും താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അത് കൊണ്ട് തന്നെ ഇത് നവീകരിക്കേണ്ടതുമുണ്ടായിരുന്നു. എന്നിട്ടും യൂറോപ്യന്‍ യൂണിയന്റെ ശരാശരി ചെലവിനും വളരെ താഴെയായിരുന്നു രാജ്യത്തെ ആരോഗ്യമേഖലയുടെ ചെലവ്. ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ ചെലവിനു സമാനമായിരുന്നു അത്. ജി7 രാജ്യങ്ങളില്‍ ഇറ്റലി മാത്രമാണ് ബ്രിട്ടന് സമാനമായ ചെലവുളളത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസേവന ഏജന്‍സിയായി എന്‍എച്ച്എസിനെ കോമണ്‍വെല്‍ത്ത് ഫണ്ട് വിലയിരുത്തുന്നു. ലോകത്തില്‍ ഏറ്റവും മികച്ചപ്രകടനം നടത്തുന്നുവെന്നാണ് ഒഇസിഡിയുടെ വിലയിരുത്തല്‍.
ദി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ട് എന്‍എച്ച്എസിന് മേല്‍ സര്‍ക്കാരിനുളള ഉത്തരവാദിത്തങ്ങള്‍ എടുത്ത് കളഞ്ഞു. ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പുകള്‍ പരിമിതികളില്ലാതെ സ്വകാര്യവത്ക്കരണത്തിന് കരാറുകള്‍ തുറന്ന് കൊടുത്തു. സ്വകാര്യ കമ്പനികള്‍ നല്ല കറവപ്പശുവായി എന്‍എച്ച്എസിനെ കണ്ടു. അതോടെ എന്‍എച്ച്എസ് ക്ഷയിക്കാനും തുടങ്ങി. സിസിജികള്‍ സ്വകാര്യവത്ക്കരിക്കാന്‍ തുടങ്ങി. സിസിജികള്‍ ഇപ്പോള്‍ അടിയന്തര സേവനങ്ങളും ആംബുലന്‍സ് സൗകര്യങ്ങളും മാത്രമാണ് നല്‍കുന്നത്. ബാക്കിയുളളവ അവയുടെ വിവേചനാധികാരം പോലെ ചെയ്യുന്നു.
1980കളില്‍ പല മാധ്യമങ്ങളും സുപ്രധാന നയങ്ങള്‍ പുറത്ത് കൊണ്ടുവന്നു. 2005ല്‍ ജെറെമി ഹണ്ട് കൂടി ചേര്‍ന്നെഴുതിയ പുസ്തകത്തില്‍ എന്‍എച്ച്എസിനെ ഇല്ലാതാക്കണമെന്ന കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വകാര്യ പൊതു എന്ന വേര്‍തിരിവ് ഇല്ലാതാക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് ഇതില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ഇപ്പോള്‍ ആരോഗ്യ സെക്രട്ടറിയായ ഹണ്ട് സ്വീകരിക്കുന്ന നിലപാടുകള്‍ എന്‍എച്ചഎസിന് ഏതു വിധത്തിലാണ് വിപരീതമായി ബാധിക്കുന്നത് എന്നു ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം കൂടുതല്‍ വ്യക്തമാകും. ആരോഗ്യമേഖലയെ ഡി നാഷണലൈസ് ചെയ്യണമെന്നാണ് ഡേവിഡ് കാമറൂണിന്റെ ആരോഗ്യ ഉപദേശകന്‍ നിക്ക് സെഡാന്‍ പറഞ്ഞത്. സിസിജികള്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ലയിപ്പിക്കണമെന്ന നിര്‍ദേശവും ഉണ്ട്.
ആരോഗ്യ ബജറ്റ് സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്‍എച്ച്എസിനുളള വിഹിതം പതിനഞ്ച് മുതല്‍ ഇരുപത് ബില്യന്‍ പൗണ്ട് വരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതിനിയും ഉയരാം. ഇനി നമ്മുടെ ആരോഗ്യ മേഖല ഒരു ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പുകളാക്കി ഇന്‍ഷ്വറന്‍സ് പൂളുകളാക്കാം. സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങളെ ഓരോരുത്തരില്‍ നിന്നും അടര്‍ത്തി മാറ്റിക്കൊണ്ടിരിക്കുന്നു. എന്‍എച്ച്എസിനെ തല്ലിയുടച്ച് വിറ്റ് കൂടേ എന്നൊരു ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. എന്‍എച്ച്എസിനെ രക്ഷിക്കണമെങ്കില്‍ ഇനി ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ.
കള്ളും കുടിച്ച് റോഡില്‍ കിടന്ന് അലമ്പുണ്ടാക്കിയ പ്രതിയ്ക്ക് ബിജു പൗലോസ് പൊലീസ് അഥവാ ആക്ഷന്‍ ഹീറോ ബിജുവെന്ന് നമ്മള്‍ വിളിക്കുന്ന എസ് ഐ നല്‍കിയത് നല്‍കിയത് ചൊറിയണം ചികിത്സ. സാധാരണക്കാരന്റെ ഈ പൊലീസുകാരന്‍ അവര്‍ക്കിഷ്ടപ്പെടുന്ന ശിക്ഷ തന്നെയാണ് പ്രതിക്ക് കൊടുത്തതെങ്കിലും അയാള്‍ക്കുള്ളിലെ കലാകാരനെ കാണാതെ പോയില്ല. ചൊറിയണത്തിന്റെ ഇഫക്ട് മാറാനായിട്ടാണോയെന്നറിയില്ല പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി കസേരയിലിരുത്തിച്ച് മേശ മേല്‍ കൊട്ടി പാടിച്ച് ആക്ഷന്‍ ഹീറോ ബിജു വീണ്ടും ഹീറോയായി.
തനി നാടന്‍ ശബ്ദത്തില്‍ മേശമേലിരുന്ന് ആ കുടിയനായ പ്രതി കൊട്ടിപ്പാടിയ പാട്ട് കേരളമേറെ ഇഷ്ടപ്പെടുന്നു. മുത്തേ പൊന്നേ കരയല്ലേ…എന്ന പാട്ടിന്റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. കുടിയന്‍മാര്‍ പാടുന്ന രംഗത്തോടെയുള്ള പാട്ടുകള്‍ മലയാളി ഏറെ ഇഷ്ടപ്പെടുന്നു. ഈ പാട്ടും അതിലൊന്നാകും. വാദ്യോകരണങ്ങളൊന്നും പാട്ടില്‍ ഉപയോഗിച്ചിട്ടില്ല. എഴുതിയതും പാടിയതും ഈണമിട്ടതും അഭിനയിച്ചതും ഒരാള്‍ തന്നെ സുരേഷ് തമ്പാനൂര്‍.
ബിജു പൗലോസിനെ നോക്കി ഒട്ടും പേടിയില്ലാതെ പാടുന്ന വിഡിയോ ഏറെ രസകരം. പൊലീസ് സ്റ്റേഷന്റെ ഗൗരവം വെടിഞ്ഞ് എല്ലാവരും പാട്ട് കേട്ടാസ്വദിക്കുന്നു. കാക്കിക്കുള്ളില്‍ നിന്നിറങ്ങി ഓരോ പൊലീസുകാരനും സാധാരണക്കാരന്റെ വേഷമണിയുന്നു. ഒട്ടും പേടിയില്ലാതെ പാടുന്ന പ്രതി ആക്ഷന്‍ ഹീറോ ബിജുവിനിട്ടൊരു കണ്ണിറുക്ക് കൊടുക്കാനും മറക്കുന്നില്ല. എബ്രിഡ് ഷൈനാണ് ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്തത്. നിവിന്‍ പോളിയും അനു ഇമ്മാനുവലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പാട്ടിന്‍റെ വീഡിയോ കാണാം
കരിങ്കുന്നം സിക്‌സ് എന്ന സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് മഞ്ജുവാര്യര്‍ ജിമ്മിജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തിയത്. ബുധനാഴ്ച സായാഹ്നശോഭയില്‍ വെള്ളയമ്പലം ജിമ്മിജോര്‍ജ് സ്റ്റേഡിയം. വോളിബോള്‍ കോര്‍ട്ടിലേക്ക് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെത്തി. നിറയെ ചിരിയും കായികതാരമാകാന്‍ പോകുന്നതിന്റെ ആത്മവിശ്വാസവും മുഖത്ത്.
ചിത്രീകരണം തുടങ്ങാന്‍ പോകുന്ന കരിങ്കുന്നം സിക്‌സ് എന്ന സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് മഞ്ജുവാര്യര്‍ ജിമ്മിജോര്‍ജ് സ്റ്റേഡിയത്തിലെത്തിയത്.
താരം കോര്‍ട്ടിലിറങ്ങിയതോടെ പരിശീലകനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും കളിയുടെ സ്പിരിറ്റിലായി. സെര്‍വ് ചെയ്ത ബോള്‍ അണ്ടര്‍ഹാന്‍ഡിലൂടെ ലിഫ്റ്റ് ചെയ്യാന്‍ നിമിഷനേരത്തിനുള്ളില്‍ മഞ്ജു പഠിച്ചു. അസെന്റ് ചെയ്തും സ്മാഷ് ചെയ്തും വോളിബോളിന്റെ ആദ്യപാഠങ്ങള്‍.
കളിയുടെ സാങ്കേതികതകള്‍ പെട്ടെന്ന് പഠിച്ചെടുത്തത് പ്രതിഭയുടെ തിളക്കം കൊണ്ടാണെന്ന് പരിശീലകന്റെ അനുമോദനവുമെത്തി.
അരമണിക്കൂറിലേറെ നീണ്ട പരിശീലനത്തിനിടയില്‍ പരിശീലകയുടെ റോളിനെക്കുറിച്ച് സംസാരിക്കാനും മഞ്ജു സമയം കണ്ടെത്തി.
‘കഥ കേട്ടപ്പോള്‍ത്തന്നെ ഇഷ്ടമായി. ആദ്യമായാണ് സ്‌പോര്‍ട്‌സ് വിഷയമായ സിനിമയില്‍ അഭിനയിക്കുന്നത്. ഫുട്‌ബോളും ക്രിക്കറ്റുമൊക്കെ ടി.വി.യില്‍ കാണാറുണ്ട്. കോര്‍ട്ടിലിറങ്ങുന്നത് പക്ഷേ ഇതാദ്യം’…
സിനിമയില്‍ വോളിബോള്‍ പരിശീലകയുടെ റോളാണ് മഞ്ജുവിന്. പരിശീലകയുടെ റോള്‍ അഭിനയിക്കും മുന്‍പ് വോളിബോളിന്റെ കളിനിയമങ്ങള്‍ മനസ്സിലാക്കാനായിരുന്നു പരിശീലനം.
സ്‌പോര്‍ട്‌സ് മുഖ്യവിഷയമാക്കിയ പണംവാരി ചിത്രങ്ങള്‍ ബോളിവുഡിലുണ്ട്. ലഗാന്‍, ചക്‌ദേ ഇന്ത്യ എന്നിവ ഉദാഹരണം. ചക്‌ദേ ഇന്ത്യയില്‍ ഷാരൂഖ് ഖാന്‍ ഹോക്കി ടീമിനെ പരിശീലിപ്പിച്ച് കപ്പ് നേടിയെടുക്കുന്നുണ്ട്. ഇവിടെ മഞ്ജു പരിശീലിപ്പിക്കുന്നത് ജയില്‍പ്പുള്ളികളെയാണ്.
ദീപുകരുണാകരനാണ് സംവിധായകന്‍. മഞ്ജുവാര്യര്‍ക്ക് വോളിബോളില്‍ പരിശീലനം നല്‍കിയത് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന എസ്.ടി.ഹരിലാലാണ്.
ന്യൂഡല്‍ഹി: വിസ്മയംപോലെ പ്രകൃതി മടക്കിത്തന്ന ആ ജീവനുവേണ്ടിയുള്ള രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളും കണ്ണീരോടെ യാത്രമൊഴിക്ക് വഴിമാറി. ആറുദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടി യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞുപാളിക്കടിയിലും മൂന്നുദിവസം ഡല്‍ഹി സൈനിക ആശുപത്രിയിലെ വെന്റിലേറ്ററിലും ജീവനുവേണ്ടി പോരാടിയ ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് രാജ്യം കണ്ണീരോടെ വിട നല്‍കി. വ്യാഴാഴ്ച രാവിലെ 11.45നായിരുന്നു ധീരജവാന്റെ മരണം. അദ്ദേഹത്തിന്റെ കരളും വൃക്കയുമടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
ന്യുമോണിയബാധ രൂക്ഷമാവുകയും തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താതാവുകയും ചെയ്തതോടെ മരണം സംഭവിക്കുകയായിരുന്നു. സൈനിക ആശുപത്രിയില്‍ നിന്നും ഡല്‍ഹി ബ്രാര്‍ സ്‌ക്വയറിലെ സൈനിക കേന്ദ്രത്തിലെത്തിച്ച മൃതദേഹത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കരസേനമേധാവി ദല്‍ബീര്‍ സിങ് സുഹാഗും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഹനുമന്തപ്പയുടെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ജന്മനാടായ കര്‍ണാടകയില്‍ എത്തിക്കും.
2002 ഒക്ടോബര്‍ 25 ന് സൈന്യത്തില്‍ ചേര്‍ന്ന ഹനുമന്തപ്പ കശ്മീരിലെയും ബോഡാ തീവ്രവാദ ഭീഷണിയുള്ള അസമിലേയും സംഘര്‍ഷ മേഖലകളിലാണ് ഏറിയപങ്കും സേവനം അനുഷ്ഠിച്ചിരുന്നത്. ഈ മാസം മൂന്നിനാണ് ഹനുമന്തപ്പയും കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് സുധീഷ് ബിയും ഉള്‍പ്പെടുന്ന 19–ാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റിലെ പത്ത് സൈനികര്‍ മഞ്ഞിലിടിച്ചിലില്‍പ്പെട്ടത്.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങി മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമാണ് കിലുക്കം. മോഹന്‍ലാലും രേവതിയും നായികാനായകന്‍മാരായ ചിത്രം 365 ദിവസങ്ങളോളം തീയറ്ററില്‍ നിറഞ്ഞോടിയിരുന്നു. പ്രധാനമായും 4 കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു കിലുക്കത്തിന്റെ കഥാഗതി. മോഹന്‍ലാലിന്റെ ജോജി, ജഗതിയുടെ നിശ്ചല്‍, രേവതി, തിലകന്‍. എന്നാല്‍ ചിത്രത്തില്‍ അവരെ കൂടാതെ നിരവധി കഥാപാത്രങ്ങള്‍ വന്നു പോകുന്നുണ്ട്. ഇന്നസെന്റ്, മുരളി, ഗണേഷ് കുമാര്‍ അങ്ങനെ നിരവധി പേര്‍. പൂജപ്പുര രവി എന്ന നടന്‍ പോലും ഒരു സീനില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ രണ്ടേ രണ്ട് അപ്രധാന രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാളുണ്ട്. ജഗദീഷ്. ഡയലോഗ് പോലുമില്ലാതെയാണ് ജഗദീഷ് എന്ന അന്നത്തെ പ്രമുഖ നടന്‍ ആ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. തിക്കുറുശി അവതരിപ്പിക്കുന്ന ചായക്കടക്കാരന്റെ സീനിലും, ഊട്ടിപ്പട്ടണം എന്ന പാട്ടിന്റെ ഒരു രംഗത്തിലും.
എന്നാല്‍ ജഗദീഷിന് സിനിമയില്‍ 15 ഓളം സീനുകള്‍ ഉണ്ടായിരുന്നതായി ജഗദീഷ് തന്നെ വെളിപ്പെടുത്തി. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷന്‍ സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാല്‍ ഇതൊന്നും സിനിമ റിലീസ് ആയപ്പോള്‍ വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോള്‍ 5 മണിക്കൂറില്‍ അധികമുണ്ട്. അതിനാല്‍ അപ്രധാനമായ രംഗങ്ങള്‍ എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാല്‍ ജഗദീഷിന്റെ രംഗങ്ങള്‍ മിക്കതും ഒഴിവാക്കും. ഒന്നും തോന്നരുത് എന്ന്. കേട്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവര്‍ത്തിയില്ലാതെ സഹിക്കുകയായിരുന്നു.
സിനിമ റിലീസ് ആയി സൂപ്പര്‍ ഹിറ്റായി ചരിത്രമായി മാറിയപ്പോള്‍ നഷ്ടബോധം തോന്നിയിരുന്നതായും ജഗദീഷ് പറഞ്ഞു. അങ്ങനെയാണ് മുഴുനീള വേഷം ചെയ്ത ജഗദീഷ് ചിത്രത്തില്‍ നിന്ന് പുറത്തായത്. ചാനല്‍ പരിപാടിക്കിടെയാണ് ജഗദീഷ് ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. നന്ദുവിനും സമാനമായ അനുഭവമാണ് ചിത്രത്തില്‍ നിന്നും ഉണ്ടായത്. അപ്രധാന കഥാപാത്രമായതിനാല്‍ ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് നന്ദുവിനെയും ഒഴിവാക്കുകയായിരുന്നുവെന്ന് നന്ദുവും ഒരു ചാനല്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ പണക്കൊഴുപ്പിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ടോളിവുഡ്. ഒടുവില്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം ബാഹുബലി ഈ വസ്തുതയെ സാധൂകരിക്കുന്നു. എന്നാല്‍ വെറും ഒരു ഗാന രംഗത്തിന് മാത്രം 2.25 കോടി ചിലവഴിച്ചുകൊണ്ട് തെലുങ്കില്‍ മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. സ്പീഡിനൊടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ തമന്നയും ബെല്ലംകൊണ്ട ശ്രീനിവാസയുമാണ് ചുവട് വയ്ക്കുന്നത്.
തമന്ന ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് ഐറ്റം നമ്പര്‍ കാണിക്കുവാനല്ലെന്നും സ്ത്രീകള്‍ക്ക് ഗാനരംഗം ഏറെ ഇഷ്ടമാകുമെന്നും സംവിധായകന്‍ ഭീമനേനി ശ്രീനിവാസ റാവു പറഞ്ഞു. സൊണാരിക ബദോരിയ ആണ് ഈ തെലുങ്ക് മസാല ചിത്രത്തിലെ നായിക. തമിഴ് ചിത്രം സുന്ദര പാണ്ഡ്യന്റെ റീമേക്കാണ് ഈ ചിത്രം. നേരത്തെ അല്ലടു സീനു എന്ന ചിത്രത്തിലെ ലബ്ബര്‍ ബൊമ്മ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് പുതിയ ഗാനത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.